സംസ്ഥാനത്ത് തദ്ദേശതിരഞ്ഞെടുപ്പില്‍ കനത്ത പോളിംഗ്;പോളിംഗ് ശതമാനം 55 കടന്നു

keralanews heavy polling in localbody election in the state polling percentage croses 55

തിരുവനന്തപുരം:സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പിന്റെ ആദ്യഘട്ടമായ ഇന്ന് അഞ്ചു ജില്ലകളിൽ പോളിങ് പുരോഗമിക്കുന്നു.വോട്ടെടുപ്പ് തുടങ്ങി ഏഴര മണിക്കൂര്‍ പിന്നിടുമ്പോൾ  പോളിംഗ് ശതമാനം 55 കടന്നു. അഞ്ച് ജില്ലകളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണ് ഭൂരിപക്ഷം ബൂത്തുകളിലും ദൃശ്യമായത്. ചിലയിടങ്ങളില്‍ യന്ത്രത്തകരാര്‍ മൂലം വോട്ടിംഗ് തടസപ്പെട്ടു.സമീപകാല തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍ റെക്കോഡ് പോളിംഗാണ് തെക്കന്‍ ജില്ലകളില്‍ രേഖപ്പെടുത്തുന്നത്. നഗരസഭകളിലും മുന്‍സിപ്പാലിറ്റികളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണ്. ഏറ്റവും കൂടുതല്‍ പോളിംഗ് ശതമാനം ആലപ്പുഴയിലാണ്. രാവിലെ പോളിംഗ് അല്‍പ്പം മന്ദഗതിയിലായിരുന്നെങ്കിലും ഇടുക്കിയാണ് പോളിംഗ് ശതമാനത്തില്‍ രണ്ടാം സ്ഥാനത്ത്. ഏറ്റവും കുറവ് തിരുവനന്തപുരത്താണ്. വോട്ടെടുപ്പിനിടെ രണ്ട് വോട്ടര്‍മാര്‍ കുഴഞ്ഞു വീണ് മരിച്ചു. പത്തനംതിട്ട നാറണമൂഴി പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ വോട്ട് ചെയ്യാനെത്തിയ പുതുപ്പറമ്പിൽ മത്തായി, ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പളളി പഞ്ചായത്തില്‍ മഹാദേവികാട് സ്വദേശിയായ ബാലന്‍ എന്നിവരാണ് മരിച്ചത്.

മാസ്‌കും സാനിറ്റൈസറും പോളിംഗ് ബൂത്തുകളില്‍ വോട്ടര്‍മാര്‍ ഉപയോഗിച്ചെങ്കിലും സാമൂഹിക അകലം പലയിടത്തും പാലിക്കാനായില്ല.അഞ്ച് ജില്ലകളിലായി 24,584 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 88,26,620 വോട്ടർമാർ ആദ്യ ഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്തും. 318 ഗ്രാമപഞ്ചായത്തുകളിലും 50 ബ്ലോക്ക് പഞ്ചായത്തുകളിലും 2 കോര്‍പറേഷനുകളിലും 20 മുനിസിപ്പാലിറ്റികളിലും അഞ്ച് ജില്ലാ പഞ്ചായത്തുകളിലുമാണ് ഇന്ന് വോട്ടെടുപ്പ്. ഇന്നലെ മുതല്‍ കോവിഡ് സ്ഥിരീകരിച്ചവര്‍ ഇന്ന് ആറ് മണിക്ക് ശേഷം പോളിങ് ബൂത്തില്‍ നേരിട്ടെത്തി വോട്ട് രേഖപ്പെടുത്തണം. പോളിങ് നടക്കുന്ന 11225 ബൂത്തുകളും അണുവിമുക്തമാക്കി. പോളിങിന്‍റെ ചുമതലയുള്ള 56122 ഉദ്യോഗസ്ഥരും ബൂത്തുകളുടെ ചുമതല ഏറ്റെടുത്തു. 16968 പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷക്കായി നിയോഗിച്ചിട്ടുള്ളത്. അഞ്ച് ജില്ലകളിലെ 1722 പ്രശ്നബാധിത ബൂത്തുകളിലും പ്രത്യേകം പട്രോളിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കെ എം ഷാജി എംഎല്‍എയുടെ പ്ലസ് ടു കോഴക്കേസില്‍ മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റിനെ വിജിലന്‍സ് ചോദ്യം ചെയ്തു

keralanews vigilance questioned the muslim league kannur district president in the plus two bribery case of km shaji mla

കണ്ണൂർ:കെ എം ഷാജി എംഎല്‍എയുടെ പ്ലസ് ടു കോഴക്കേസില്‍ മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റിനെ വിജിലന്‍സ് ചോദ്യം ചെയ്തു.ജില്ലാ പ്രസിഡന്റ് പി കുഞ്ഞി മുഹമ്മദിനെ സിറ്റി അഞ്ചുകണ്ടിയിലെ വീട്ടില്‍ വച്ചാണ് ചോദ്യം ചെയ്തത്.കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്‌പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. ഈ വിഷയത്തില്‍ മുസ്‌ലീംലീഗ് നടത്തിയ പാര്‍ട്ടി അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങളും വിജിലന്‍സ് ചോദിച്ചറിഞ്ഞു. അഴീക്കോട് ഹൈസ്‌കൂളിന് മുന്‍ യുഡിഎഫ് ഭരണകാലത്ത് പ്ലസ്ടു കോഴ്സ് അനുവദിച്ചതിന്റെ പേരില്‍ കെ എം ഷാജി സ്‌കൂള്‍ മാനേജ്മെന്റില്‍ നിന്ന് 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. അനധികൃത സ്വത്തു സമ്പാദനത്തിനും വിജിലന്‍സ് ഷാജിക്കെതിരെ കേസ് എടുത്തിട്ടുണ്ട്. സമാന കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണവും നേരിടുകയാണ്. ഈ വിഷയത്തില്‍ വിജിലന്‍സ് നേരെത്ത എഫ്‌ഐആര്‍ സമർപ്പിച്ചിരുന്നു. കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്‌പി മധുസൂദനനാണ് അന്വേഷണച്ചുമതല. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരാതിയില്‍ പ്രാഥമിക പരിശോധന നടത്തിയത്.ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലുണ്ടായ അഭിപ്രായം, അതോടൊപ്പം കൊടുമണ്‍ പത്മനാഭന്റെ മൊഴി, മുന്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനായിരുന്ന നൗഷാദ് പൂതപ്പാറയുടെ പരാതി എന്നിവയും പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിലവില്‍ ഷാജി മാത്രമാണ് കേസിലെ പ്രതി.

കര്‍ഷക സമരത്തിനിടെ കടുത്ത നടപടികളുമായി കേന്ദ്രം;ഇടത് നേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്തു

keralanews center with strict action during farmers strike left leaders arrested

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കര്‍ഷക സമരത്തിനിടെ കടുത്ത നടപടികളുമായി കേന്ദ്രം.ഇടത് നേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്തു.കെ.കെ. രാഗേഷ് എം.പിയും അഖിലേന്ത്യാ കിസാന്‍ സഭാ ജോ.സെക്രട്ടറി കൃഷ്ണ പ്രസാദും ബിലാസ്പുരില്‍ വെച്ച്‌ അറസ്റ്റിലായി.ഇന്ന് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളില്‍ കര്‍ഷകരുടെ പ്രതിഷേധ മാര്‍ച്ചുകള്‍ നടക്കുന്നുണ്ട്. മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയ ഇടതുനേതാക്കളെയാണ് ബിലാസ്പൂരിലടക്കം അറസ്റ്റ് ചെയ്തത്.രാജസ്ഥാനിലെ സിപിഎം നേതാവ് അമ്രറാം, മറിയം ധാവ്‌ലെ എന്നിവരും അറസ്റ്റിലായിരിക്കുകയാണ്. സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ അരുണ്‍ മേത്ത ഗുജറാത്തില്‍ വെച്ച്‌ അറസ്റ്റിലായി. യു.പിയില്‍ സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലിയെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ സുഭാഷിണി അലിയുടെ വീടിന് മുന്‍പില്‍ പോലീസ് കാവലേര്‍പ്പെടുത്തിയിരിക്കുന്നത്. സുഭാഷിണി അലി സമരവേദിയിലെത്തുന്നത് തടയാനാണ് പൊലീസ് ശ്രമമെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു.നേരത്തെ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെ വീട്ടുതടങ്കലിലാക്കുകയും സമരത്തില്‍ പങ്കെടുക്കാന്‍ ഇറങ്ങിയ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു പൊലീസ്.തന്നെ പോലീസ് കസ്റ്റഡിയിലെടുത്തതായി ചന്ദ്രശേഖര്‍ ആസാദ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. പോലീസിനൊപ്പം ഇരിക്കുന്ന ചിത്രങ്ങളും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യ വീണ്ടും അടിയന്തരാവസ്ഥ കാലഘട്ടത്തിലേക്ക് പോയിരിക്കുന്നു എന്നാണ് ആസാദിന്റെ ട്വീറ്റ്. ഇന്ന് നമ്മുടെ അന്ന ദാതാക്കളായ കര്‍ഷകര്‍ക്ക് നമ്മളെ ആവശ്യമുണ്ട്. എന്നാല്‍ യോഗി സര്‍ക്കാരിന്റെ പോലീസ് തന്നെ രാവിലെ മുതല്‍ക്കേ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ് എന്നാണ് ആസാദ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

ആന്ധ്രാപ്രദേശിനെ ഭീതിയിലാഴ്ത്തിയ അജ്ഞാത രോഗത്തിനു പിന്നില്‍ കീടനാശിനിയിലെ രാസവസ്തുവെന്ന് പ്രാഥമിക നിഗമനം;കൊതുകു നശീകരണിയെയും സംശയം

keralanews primary conclusion that pesticide chemical was behind the unknown disease in andrapradesh suspected mosquito repellent also

ഹൈദരാബാദ്: ആന്ധ്രാപ്രദേശിനെ ഭീതിയിലാഴ്ത്തിയ അജ്ഞാത രോഗത്തിനു പിന്നില്‍ കീടനാശിയിലെ രാസവസ്തുവെന്ന് സൂചന. ഇക്കാര്യം പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്ന് മെഡിക്കല്‍, ശാസ്ത്ര വിദഗ്ധര്‍ പറഞ്ഞു.കീടനാശിനിയിലും മറ്റുമുള്ള ഓര്‍ഗാനോക്ലോറിന്‍ ഘടകമാണോ ആളുകള്‍ കുഴഞ്ഞുവീഴുന്ന രോഗത്തിനു പിന്നിലെന്നാണ് സംശയിക്കുന്നത്. കാര്‍ഷിക രംഗത്ത് ഉപയോഗിക്കുന്ന കീടനാശിനികളിലും കൊതുകു നശീകരണികളിലും ഇവ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. എളൂരുവില്‍ കണ്ട അജ്ഞാ തോഗത്തിനു പിന്നില്‍ ഇതാണെന്നു സംശയിക്കുന്നതായി വിദഗ്ധരെ ഉദ്ധരിച്ച്‌ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.രോഗകാരണം കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി പ്രദേശത്തുനിന്നുള്ള വെള്ളത്തിന്റെയും പാലിന്റെയും സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഘനലോഹത്തിന്റെ അംശം ഇവയില്‍ ഉണ്ടോയെന്നാണ് പരിശോധിക്കുന്നത്.അതിനിടെ, അജ്ഞാത രോഗം ബാധിച്ച്‌ ചികിത്സ തേടിയവരുടെ എണ്ണം 450 കടന്നു. രോഗലക്ഷണങ്ങള്‍ കാണിച്ച 45 കാരന്‍ വിജയവാഡയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.ആന്ധ്രാപ്രദേശിലെ എലുരുവിലാണ് കുട്ടികള്‍ അടക്കം നിരവധിപ്പേര്‍ക്ക് ഒരേസമയം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കുഴഞ്ഞുവീണ ആളുകളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അപസ്മാരം, തലവേദന, ഛര്‍ദി എന്നി ലക്ഷണങ്ങളാണ് രോഗികള്‍ പ്രകടിപ്പിച്ചത്. ഞായറാഴ്ച മുതലാണ് ജനങ്ങള്‍ ചികിത്സ തേടി ആശുപത്രിയില്‍ എത്തിയത്.

പ്രിസൈഡിംഗ് ഓഫീസറുടെ മാസ്കില്‍ പാർട്ടി ചിഹ്നം; ഡ്യൂട്ടിയില്‍ നിന്ന് മാറ്റി;അന്വേഷണത്തിന് ഉത്തരവ്

keralanews party emblem on presiding officers mask removed from duty order for inquiry

കൊല്ലം:പാർട്ടി ചിഹ്നം പതിപ്പിച്ച മാസ്ക് ധരിച്ചെത്തിയ വനിതാ പ്രിസൈഡിംഗ് ഓഫീസറെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റി.കൊല്ലം മുഖത്തല ബ്ലോക്കിലെ കൊറ്റങ്കര ജില്ലാ പഞ്ചായത്ത് പരിധിയിലെ ജോണ്‍സ് കശുവണ്ടി ഫാക്ടറിയിലെ ഒന്നാം നമ്പർ ബൂത്തിലാണ് സംഭവം.ഉദ്യോഗസ്ഥ അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നം പതിപ്പിച്ച മാസ്ക് ധരിച്ച്‌ ബൂത്തിലെത്തി.ഇതിനെതിരെ ബി ജെ പി, യു ഡി എഫ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. തുടര്‍ന്ന് ഇവര്‍ രേഖാമൂലമുളള പരാതി ജില്ലാ കളക്ടര്‍ക്ക് കൈമാറുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടറാണ് ഉദ്യോഗസ്ഥയെ തിരഞ്ഞെടുപ്പ് ചുമതലകളില്‍ നിന്ന് മാറ്റിനിറുത്തിയത്. പകരം ചുമതല മറ്റൊരു ഉദ്യോഗസ്ഥന് കൈമാറുകയും ചെയ്തു. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ ജില്ലാകളക്ടര്‍ ഉത്തരവിട്ടു.പാര്‍ട്ടി ചിഹ്നങ്ങള്‍ ഒരു കാരണവശാലും ബൂത്തിലോ സമീപത്തോ അനുവദിക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. സംഭവം നിയമപരമായി നേരിടുമെന്ന് കൊല്ലം ഡി സി സി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു.

ട്രയല്‍ റൂമില്‍ സ്ത്രീകൾ വസ്ത്രം മാറുന്നത് മൊബൈലില്‍ പകർത്തി; കോട്ടയത്തെ പ്രമുഖ വസ്ത്രവ്യാപാരശാലയിലെ ജീവനക്കാരന്‍ അറസ്റ്റില്‍

keralanews women changing clothes in the trial room recorded in mobile phone employee of leading clothing store in kottayam arrested

കോട്ടയം: ട്രയല്‍ റൂമില്‍ സ്ത്രീകള്‍ വസ്ത്രം മാറുന്നത് മൊബൈലില്‍ പകര്‍ത്തിയ വസ്ത്രശാല ജീവനക്കാരന്‍ അറസ്റ്റില്‍. കോട്ടയത്തെ പ്രമുഖ വസ്ത്രശാലയായ ശീമാട്ടിയിലെ ജീവനക്കാരനായ നിധിന്‍ ആണ് അറസ്റ്റിലായിരിക്കുന്നത്. കാരാപ്പുഴ സ്വദേശിയാണിയാള്‍. ഷോപ്പിംഗിനെത്തിയ ഒരു അഭിഭാഷകയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ കുടുങ്ങിയത്. കഴിഞ്ഞ ദിവസം മകനുമൊത്ത് ശീമാട്ടിയിലെത്തിയ അഭിഭാഷകയായ ആരതിയാണ് നിതിനെ കയ്യോടെ പിടിച്ചത്. ട്രയല്‍ റൂമിലെത്തിയ ഇവര്‍ വസ്ത്രം മാറുന്നതിനിടെ മുകള്‍ഭാഗത്തായി ഒരു മൊബൈലും കയ്യുടെ കുറച്ച്‌ ഭാഗങ്ങളും കണ്ടു. സംശയം തോന്നി ട്രയല്‍ റൂമില്‍ നിന്നിറങ്ങിയ ആരതി, മൊബൈല്‍ കണ്ട തൊട്ടടുത്ത മുറിയിലെ വാതില്‍ തുറക്കാന്‍ ശ്രമിച്ചു എന്നാല്‍ അത് അകത്ത് നിന്ന് ലോക്ക് ചെയ്ത നിലയിലായിരുന്നു.മനപ്പൂര്‍വം ദൃശ്യങ്ങള്‍ പകര്‍ത്താന്‍ തന്നെ ആരോ അകത്തുകയറിയതാണെന്ന് ഇതോടെ മനസിലായി. കതകില്‍ തട്ടിയിട്ട് അകത്തുള്ള ആരായാലും പുറത്തോട്ട് വരാന്‍ പറഞ്ഞു. ആദ്യം വന്നില്ല. പിന്നീട് ബഹളം വച്ചപ്പോള്‍ ഇറങ്ങി വന്നു. ശീമാട്ടിയിലെ തന്നെ സെയില്‍സ്മാനാണ് അതെന്ന് അപ്പോഴാണ് മനസിലായത്. താന്‍ അവിടെ ചെന്നപ്പോള്‍ മുതല്‍ തന്നെ അസിസ്റ്റ് ചെയ്തിരുന്ന ആളായിരുന്നു അതെന്നും ആരതി പറയുന്നു.ചോദ്യം ചെയ്തപ്പോള്‍ പല ന്യായങ്ങളും നിരത്തി. ബഹളമായതോടെ മറ്റ് സ്റ്റാഫുകള്‍ കൂടി. അവരോട് കാര്യങ്ങള്‍ വിശദീകരിച്ച ശേഷം അയാളോട് ഫോണ്‍ ചോദിച്ചു. രംഗം വഷളായതോടെ യുവാവ് തെറ്റുപറ്റിയെന്ന് പറഞ്ഞെന്നും അഭിഭാഷക പറയുന്നു. ഇവര്‍ തന്നെ നല്‍കിയ പരാതി അനുസരിച്ചാണ് പൊലീസ് നിധിനെ അറസ്റ്റ് ചെയ്തത്. ടെക്സ്റ്റൈല്‍ അധികൃതര്‍ ആദ്യം പൊലീസിനെ വിവരം അറിയിക്കാന്‍ മടിച്ചുവെന്നും ആരതി ആരോപിക്കുന്നുണ്ട്. ഇയാളുടെ ഫോണില്‍ നിന്നും വേറെ ദൃശ്യങ്ങള്‍ പൊലീസ് കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. പ്രതി സ്ഥിരമായി ഇത്തരം ദൃശ്യങ്ങള്‍ പകര്‍ത്താറുണ്ടോയെന്ന് അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

സ്വർണ്ണക്കടത്ത് കേസ്; പ്രതികളായ സ്വപ്നയുടേയും സരിതിന്റെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

keralanews gold smuggling case custody period of swapna and sarith ends today

തിരുവനന്തപുരം :സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയുടേയും സരിതിന്റെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കഴിഞ്ഞ എട്ടു ദിവസമായി ഇരുവരും കസ്റ്റംസിന് കസ്റ്റഡിയിലായിരുന്നു.ഇതിനിടയില്‍ പ്രതികള്‍ വിദേശത്തേക്കുള്ള ഡോളര്‍ കടത്ത് കേസില്‍ മാപ്പ് സാക്ഷികളാക്കുകയും ചെയ്തു.കേസില്‍ ഉള്‍പ്പെട്ട കൂടുതല്‍ വമ്പന്മാരെ കുറിച്ച്‌ പ്രതികള്‍ സൂചന നല്‍കിയതായാണ് വിവരം. സ്വര്‍ണ കള്ളക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ എം ശിവശങ്കറിന്റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും.മൂന്നു പ്രതികളെയും രാവിലെ 11 മണിയോടെ വിഡിയോ കോണ്‍ഫറന്‍സിലൂടെയും നേരിട്ടും എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയില്‍ ഹാജരാക്കും.

കര്‍ഷക സമരം പതിമൂന്നാം ദിവസത്തിലേക്ക്;ഇന്ന് ഭാരത ബന്ദ്;കേരളത്തെ ഒഴിവാക്കി

keralanews farmers strike on 13th day bharath bandh today kerala excluded

ന്യൂഡൽഹി: കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത്ബന്ത് ഇന്ന്.രാജ്യവ്യാപകമായി റോഡുകളും ടോള്‍ പ്ലാസകളും ഉപരോധിക്കും. പൊതുഗതാഗതം, ചരക്കു നീക്കം, ബാങ്കിംഗ് തുടങ്ങിയ മേഖലകളെ ബന്ദ് ബാധിക്കും. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കേരളത്തെ ബന്ദിൽ ഇന്നും ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, ക്രമസമാധാനം ഉറപ്പുവരുത്താനും പൊതുമുതല്‍ സംരക്ഷിക്കാനും കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. കോണ്‍ഗ്രസും സി.പി.എമ്മും അടക്കം 25 രാഷ്ട്രീയകക്ഷികള്‍ പിന്തുണ പ്രഖ്യാപിച്ച ബന്ദിൽ ബി.ജെ.പി സഖ്യകക്ഷികളായ അസം ഗണപരിഷത്, രാജസ്ഥാനിലെ ആര്‍.എല്‍.പി എന്നിവയും പങ്കെടുക്കുന്നുണ്ട്.പത്തോളം പ്രതിപക്ഷ ട്രേഡ് യൂണിയനുകളും വിവിധ വിദ്യാര്‍ത്ഥി സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സംഘപരിവാര്‍ സംഘടനയായ ഭാരതീയ കിസാന്‍ സംഘ് പങ്കെടുക്കില്ല. കോണ്‍ഫെഡറേഷന്‍ ഒഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സും പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കി. പ്രശ്നപരിഹാരത്തിനായി കേന്ദ്രസര്‍ക്കാര്‍ നാളെ കര്‍ഷക നേതാക്കളുമായി ആറാം വട്ട ചര്‍ച്ച നടത്തും. അതിനു മുന്‍പ് പ്രശ്‌നപരിഹാരത്തിനുള്ള നിര്‍ദ്ദേശം രേഖാമൂലം കര്‍ഷക സംഘടനകള്‍ക്ക് കൈമാറും.നിയമത്തില്‍ ചില ഭേദഗതികള്‍ വരുത്താമെന്ന് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പിന്‍വലിക്കുകയാണ് വേണ്ടതെന്ന കടുംപിടുത്തത്തിലാണ് കര്‍ഷകര്‍. താങ്ങുവില എടുത്ത് കളയുന്ന നയങ്ങളാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്;ആദ്യഘട്ട വോട്ടിങ് ഇന്ന്;ആദ്യ മണിക്കൂറുകളില്‍ കനത്ത പോളിങ്​

keralanews local body election first phase voting today heavy polling in first hours

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ അഞ്ച് ജില്ലകളില്‍ വോട്ടെടുപ്പ് തുടങ്ങി. പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട ക്യൂവാണ് കാണപ്പെടുന്നത്.തിരുവനന്തപുരം 10.41 ശതമാനം, കൊല്ലം 11.39 ശതമാനം, ആലപ്പുഴ 11.62 ശതമാനം, പത്തനംതിട്ട 11.96 ശതമാനം, ഇടുക്കി 11.29 ശതമാനം എന്നിങ്ങനെയാണ് ജില്ലകളിലെ ആദ്യ ഒന്നര മണിക്കൂറിനുള്ളിലെ പോളിങ് ശതമാനം.  രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പു നടക്കുക. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 395 തദ്ദേശസ്ഥാപനങ്ങളിലെ 6,911 വാര്‍ഡുകളിലേക്കാണ് വോട്ടെടുപ്പു നടക്കുന്നത്. ആകെ 88,26,620 വോട്ടര്‍മാരാണ് ഈ അഞ്ചു ജില്ലകളിലുള്ളത്. ഇതില്‍ 42,530 പേര്‍ കന്നിവോട്ടര്‍മാരാണ്. 11,225 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 56,122 ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്.കോവിഡിന്‍റെ പശ്ചാത്തലത്തില്‍ പോളിംഗ് ബൂത്തില്‍ പ്രവേശിക്കുന്പോഴും പുറത്തു പോകുമ്പോഴും സാനിറ്റൈസര്‍ നല്‍കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. തപാല്‍ വോട്ടിന് അവസരം ലഭിക്കാത്ത കോവിഡ് രോഗികള്‍ക്കും ക്വാറന്റൈനിൽ കഴിയുന്നവര്‍ക്കും വോട്ടിംഗിന്‍റെ അവസാനമണിക്കൂറില്‍ വോട്ട് ചെയ്യാം.രണ്ടാം ഘട്ട വോട്ടെടുപ്പു നടക്കുന്ന കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ ചൊവ്വാഴ്ച പരസ്യപ്രചാരണം അവസാനിക്കും. വ്യാഴാഴ്ചയാണ് ഇവിടെ വോട്ടെടുപ്പ്.

സ്വർണ്ണക്കടത്ത് കേസിൽ എം ശിവശങ്കറിനെതിരെ കൂടുതല്‍ തെളിവുകള്‍ നിരത്തി കസ്റ്റംസ്

keralanews customs produces more evidences against sivasankar in gold smuggling case

കൊച്ചി; സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട്  എം ശിവശങ്കറിനെതിരെ കൂടുതല്‍ തെളിവുകള്‍ നിരത്തി കസ്റ്റംസ്.എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയില്‍ മുദ്രവച്ച കവറിലാണ് തെളിവുകള്‍ നല്‍കിയത്. ശിവശങ്കറിനെ സംബന്ധിക്കുന്ന കൂടുതല്‍ തെളിവുകള്‍ ഉണ്ടെന്ന് നേരത്തെ കസ്റ്റംസ് കോടതിയില്‍ അറിയിച്ചിരുന്നു.ഇത് മുദ്രവച്ച കവറില്‍ നല്‍കാന്‍ കോടതിയാണ് നിര്‍ദേശിച്ചത്. ശിവശങ്കറിന്റെ ഒരു ഫോണ്‍ കൂടി കണ്ടെത്താനുണ്ട്. അന്വേഷണം നിര്‍ണ്ണായക ഘട്ടത്തില്‍ എത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ ശിവശങ്കറിന് ജാമ്യം അനുവദിക്കരുതെന്നാണ് കസ്റ്റംസ് നിലപാട്. നേരത്തെ കണ്ടെടുത്ത ഫോണില്‍നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി കസ്റ്റംസ് അറിയിച്ചിരുന്നു. ഈ വിവരങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കാനുള്ള സാധ്യതയാണുള്ളത്. ഡോളര്‍ കടത്തു കേസില്‍ കൗണ്‍സില്‍ ഉദ്യോഗസ്ഥര്‍ക്ക് പുറമേ മറ്റു വിദേശികളും ഉള്‍പ്പെട്ടിട്ടുള്ളതിനാൽ വിദേശത്തേക്ക് അന്വേഷണം വ്യാപിപ്പിക്കണമെന്നും കസ്റ്റംസ് പറയുന്നു.വലിയ രീതിയിലുള്ള ആസൂത്രണം ഇക്കാര്യത്തില്‍ നടന്നിട്ടുണ്ട്. ഉന്നതര്‍ ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളതായും വിവരം ലഭിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ട് നേരത്തെ കസ്റ്റംസ് കോടതിയില്‍ നല്‍കിയിരുന്നു.