സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെതിരെ ഗുരുതര അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

keralanews ramesh chennithala with serious allegations against speaker p sriramakrishnan

തിരുവനന്തപുരം: സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെതിരെ ഗുരുതര സാമ്പത്തിക ക്രമക്കേട് ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭ നവീകരണത്തിന്റെയും ആഘോഷത്തിന്റെയും പേരില്‍ സ്പീക്കര്‍ നാലര വര്‍ഷം കൊണ്ട് പൊടിച്ചത് 100 കോടിയിലേറെ രൂപയാണ്. സ്പീക്കറുടെ ധൂര്‍ത്തും അഴിമതിയും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്ത് നല്‍കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സംശയത്തിന്റെ നിഴല്‍ പോലും സ്പീക്കറുടെ മേല്‍ വീഴുന്നത് ജനാധിപത്യത്തെ കളങ്കപ്പെടുത്തും. എന്നാല്‍ അടുത്ത കാലത്ത് നമ്മുടെ സ്പീക്കറെ സംബന്ധിച്ച്‌ മോശപ്പട്ട വാര്‍ത്തകളാണ് പുറത്തുവരുന്നത്.സത്യം പുറത്തുവരേണ്ടത് അനിവാര്യമാണ്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണത്തില്‍ സ്പീക്കറോ മുഖ്യമന്ത്രിയോ സത്യം പറയുമെന്നാണ് കരുതിയത്. ഉന്നതര്‍ ആരാണെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്ന ആവശ്യവും നടന്നിട്ടില്ല. മാധ്യമങ്ങളെ കാണാന്‍ സ്പീക്കര്‍ക്ക് കഴിയാതിരുന്നത് അദ്ദേഹത്തിന്റെ കുറ്റബോധം മൂലമാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. സ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട് നട്ടംതിരിയുമ്പോൾ നിര്‍ലജ്ജം അഴിമതി നടത്തുന്ന നടപടിയാണ് നിയമസഭയില്‍ നടന്നിരിക്കുന്നത്. സ്പീക്കര്‍ക്കെതിരെ നിരവധി ആരോപണങ്ങളും കണക്കുകള്‍ നിരത്തി പ്രതിപക്ഷ നേതാവ് പുറത്തുവിട്ടു.

ലോക കേരള സഭ സമ്മേളനത്തിനായി നിയമസഭയിലെ ശങ്കരനായരായണന്‍ തമ്പി ഹാള്‍ പൊളിച്ചു പണിയുന്നതിന് 1.48 കോടി രുപ 2018ല്‍ ചെലവാക്കി. ഊരാളുങ്കില്‍ ലേബര്‍ സൊസൈറ്റിയെ ആണ് ഈ ജോലി ഏല്പിച്ചത്. ടെന്‍ഡര്‍ ക്ഷണിച്ചിരുന്നില്ല. രണ്ടുു ദിവസത്തേക്കാണ് സഭ ചേര്‍ന്നത്. 2020ല്‍ ലോക കേരള സഭ ചേര്‍ന്നപ്പോള്‍ 16.65 കോടി രൂപ ചെലവഴിച്ച്‌ നവീകരിക്കാന്‍ നടപടി സ്വീകരിച്ചു. ആദ്യ ലോക കേരള സഭയുടെ ഭാഗമായി വിദേശത്തുനിന്ന് കൊണ്ടുവന്ന ശരറാന്തല്‍വിളക്ക് ഉള്‍പ്പെടെ പൊളിച്ചുമാറ്റി. സീറ്റിംഗ് അറേഞ്ചുമെന്റും പൊളിച്ചു. താന്‍ ഇക്കാര്യത്തില്‍ പരാതി ഉന്നയിച്ചപ്പോള്‍ എസ്റ്റിമേറ്റിന്റെ പകുതി തുകയെ ചെലവായുള്ളു എന്നാണ് സ്പീക്കര്‍ പറഞ്ഞത്. എന്നാല്‍ ഇതുവരെ 12 കോടി രൂപയുടെ ബില്ല് ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്‍കിക്കഴിഞ്ഞു. നിയമസഭയെ കടലാസ് രഹിതമാക്കാന്‍ 51.31 കോടി രൂപ ചെലവാക്കി. ടെന്‍ഡര്‍ ഇല്ലാത്ത ഈ പദ്ധതി നടപ്പാക്കാന്‍ ഏല്പിച്ചത് ഊരാളുങ്കല്‍ സൊസൈറ്റിയെ ആണ്. മൊബിലൈസേഷന്‍ അഡ്വാന്‍സ് ആയി 13.51 കോടി രൂപ നല്‍കി. പാലാരിവട്ടം കേസില്‍ ഇബ്രാഹിം കുഞ്ഞിനെതിരെ ഉന്നയിക്കുന്ന അതേ ആരോപണമാണ് സ്പീക്കര്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. ഇത്രയും തുക ചെലവഴിച്ചിട്ടും നിയമസഭയ്‌ക്കോ അംഗങ്ങള്‍ക്കോ യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ല. വലിയ അഴിമതിയാണ് നടന്നിരിക്കുന്നത്.

ഫെസ്റ്റിവല്‍ ഓഫ് ഡമോക്രസി എന്ന പരിപാടി അഴിമതിയുടെ ഉത്സവമായിരുന്നു. ആറു പരിപാടിക്ക് പദ്ധതിയിട്ടിരുന്നെങ്കിലും കോവിഡ് കാരണം രണ്ടെണ്ണമേ നടത്തിയുള്ളൂ. ഇതിനു മാത്രം രണ്ടേകാല്‍ കോടി രൂപയാണ് ചെലവഴിച്ചത്. ഈ പരിപാടിക്ക് ഭക്ഷണ ചെലവുമാത്രം 68 ലക്ഷം രൂപ. യാത്രാ ചിലവ് 42 ലക്ഷം രൂപ. മറ്റു ചിലവുകള്‍ 1.21 കോടി രൂപ, പരസ്യം 31 ലക്ഷം രൂപ എന്നിങ്ങനെയാണ് ചെലവഴിച്ചത്. ഈ പരിപാടിക്കായി അഞ്ചു പേര്‍ക്ക് കരാര്‍ നിയമനം നല്‍കി. പരിപാടി അവസാനിച്ചിട്ട് രണ്ട് വര്‍ഷമായിട്ടും ഈ ജീവനക്കാര്‍ ഇപ്പോഴും പ്രതിമാസം 30000 രൂപ ശമ്പളം വാങ്ങുന്നുണ്ട്. 21.61 ലക്ഷം രൂപയാണ് ഈ ഇനത്തില്‍ ചെലവാക്കിയത്. നിയമസഭ ടിവിയാണ് അടുത്ത അഴിമതി. നിയമസഭ സമാജികരുടെ ഫ്‌ളാറ്റില്‍ ഏറെ മുറികള്‍ ഉണ്ടായിട്ടും കണ്‍സള്‍ട്ടന്റിന് താമസിക്കാന്‍ വഴുതക്കാട് സ്വകാര്യ ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്തു. ഇതിന് പ്രതിമാസം 25,000 രൂപ വാടക. ഒരു ലക്ഷം രൂപ ഡെപ്പോസിറ്റ്. ഫ്‌ളാറ്റിലേക്ക് പാത്രങ്ങളും കപ്പുകളും വാങ്ങിയ ചെലവും നിയമസഭയുടെ പേരിലാണ്. ഇ.എം.എസ് സ്മൃതി.- 87 ലക്ഷം രൂപ. വിവാദമുണ്ടായപ്പോൾ പദ്ധതി നിര്‍ത്തിവച്ചു.ഗസ്റ്റ്ഹൗസ്- നിയമസഭ സമുച്ചയത്തില്‍ ആവശ്യത്തിലേറെ മുറികളും സൗകര്യങ്ങളും ഉണ്ടായിരിക്കേ പ്രത്യേകം ഗസ്റ്റ്ഹൗസ് നിര്‍മ്മിക്കുന്നു. അതിന്റെ ചെലവ് വ്യക്തമല്ല. നിയമസഭയിലെ ചെലവ് സഭയില്‍ ചര്‍ച്ച ചെയ്യാറില്ല. അതിന്റെ മറവിലാണ് ഈ ധൂര്‍ത്ത്.പുതിയ നിയമസഭ മന്ദിരം പണിതതിന്റെ ചെലവ് 76 കോടിയാണ്. എന്നാല്‍ നാല് വര്‍ഷത്തിനകം 100 കോടി രൂപയോളം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും മുടക്കി. ഇതുവരെ ഒരു കണക്കും വച്ചിട്ടില്ല. പണം ചെലവഴിക്കുന്നതില്‍ പ്രത്യേക സൗകര്യം ഉപയോഗിച്ച്‌ വലിയ അഴിമതിയാണ് നടത്തുന്നത്. സ്പീക്കറുടെ അഴിമതിയില്‍ അന്വേഷണം വേണം. സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്ത് നല്‍കുമെന്നും ചെന്നിത്തല അറിയിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ട പോളിങ് തുടങ്ങി;അഞ്ച് ജില്ലകള്‍ വിധിയെഴുതുന്നു

keralanews second phase votting in five districts started

എറണാകുളം:തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ട പോളിങ് തുടങ്ങി. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിലാണ് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ് ആണ് രേഖപ്പെടുത്തിയത്.രാവിലെ ഏഴുമണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് പോളിങ്.അഞ്ച് ജില്ലകളിലെ 451 തദ്ദേശ സ്ഥാപനങ്ങളിലെ 8116 വാര്‍ഡുകളിലാണ് രണ്ടാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 98,56,943 വോട്ടർമാരാണുള്ളത്. 350 ഗ്രാമപഞ്ചായത്തുകളിലും 58 ബ്ലോക്ക് പഞ്ചായത്തുകളിലും 2 കോര്‍പറേഷനുകളിലും 36 മുനിസിപ്പാലിറ്റികളിലും അഞ്ച് ജില്ലാപഞ്ചായത്തുകളിലുമാണ് വോട്ടെടുപ്പ്.473 പ്രശ്നബാധിത ബൂത്തുകളിൽ വെബ് കാസ്റ്റിങ് ഏർപ്പെടുത്തി. കോവിഡിന്‍റെ പശ്ചാത്തലത്തിൽ വോട്ടെടുപ്പിനായി തയ്യാറാക്കിയ 12643 പോളിങ് ബൂത്തുകളും അണുവിമുക്തമാക്കി. ഇന്നലെ വൈകീട്ട് മൂന്ന് മണി മുതൽ ഇന്ന് വോട്ടെടുപ്പ് അവസാനിക്കുന്നത് വരെ കോവിഡ് പോസിറ്റീവ് ആയവർക്കും ക്വാറന്‍റൈനിൽ പോയവർക്കും ആരോഗ്യ വകുപ്പിന്‍റെ സാക്ഷ്യപത്രം ഹാജരാക്കി പോളിങ് സ്‌റ്റേഷനിൽ നേരിട്ടെത്തി വോട്ട് ചെയ്യാം.സ്ഥാനാർഥിയുടെ മരണത്തെ തുടർന്ന് എറണാകുളം കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ 37ആം വാർഡ്, തൃശൂർ കോർപ്പറേഷനിലെ 47ആം ഡിവിഷൻ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ്.

പോളിങ് ശതമാനം (രാവിലെ 8.30 വരെ)

ജില്ല                             പോളിങ് ശതമാനം

കോട്ടയം                             8.78 %

എറണാകുളം                   8.22 %

തൃശൂര്‍                                8.25 %

പാലക്കാട്                          7.99 %

വയനാട്                             8.62 %

ആകെ                                8.29 %

ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജയ്ക്ക് വീണ്ടും അന്താരാഷ്ട്ര അംഗീകാരം;ലോകത്തെ സ്വാധീനിച്ച 12 വനിതകളുടെ പട്ടികയില്‍ ശൈലജ ടീച്ചറും

keralanews international recognition for health minister k k shyalaja teacher included in the list of 12 women who have influenced the world

തിരുവനന്തപുരം:ലോകത്തെ സ്വാധീനിച്ച 12 വനിതകളുടെ പട്ടികയില്‍ കേരളാ ആരോഗ്യമന്ത്രി കെ കെ ശൈലജയും. ലോകോത്തര മാഗസിനായ ഫിനാന്‍ഷ്യല്‍ ടൈംസാണ് 12 വനിതകളെ തെരഞ്ഞെടുത്തത്. എല്ലാ വര്‍ഷവും ഡിസംബറില്‍ മാഗസിന്‍ ആഗോളാടിസ്ഥാനത്തില്‍ പുറത്തിറക്കുന്ന പട്ടികയിലാണ് ഈ വര്‍ഷം കെ കെ ശൈലജയും ഇടം നേടിയത്.നൂറുകണക്കിന് നോമിനേഷനുകളില്‍ നിന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസ് 12 പേരെ തെരഞ്ഞെടുത്തത്. ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍, ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍, യുഎസ് നിയുക്ത വൈസ് പ്രസിഡന്റ് കമലാ ഹാരിസ് എന്നിവരാണ് പട്ടികയിലെ മറ്റ് പ്രമുഖര്‍. നേരത്തെ വോഗ് ഇന്ത്യയുടെ വുമണ്‍ ഓഫ് ദ ഇയറായും ശൈലജ ടീച്ചറെ തെരഞ്ഞെടുത്തിരുന്നു. പ്രതിസന്ധി ഘട്ടങ്ങളെ നേരിടുന്നതില്‍ ലോകത്തെ വനിതാ നേതാക്കളുടെ മികവിനെക്കുറിച്ചായിരുന്നു വോഗ് മാസിനിലെ ഫീച്ചര്‍. നിപ്പ, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ മുന്നില്‍ നിന്ന് നയിച്ച വനിതാ നേതാവെന്ന നിലയിലാണ് വോഗ് ഇന്ത്യ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജയെ അടയാളപ്പെടുത്തിയിരുന്നത്.പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ പ്രോസ്‌പെക്‌ട് മാഗസിനും കെകെ ശൈലജയെ ആദരിച്ചിരുന്നു. ലോകത്തെ മികച്ച കാഴ്ചപ്പാടുള്ള അൻപത് വ്യക്തികളുടെ പട്ടികയില്‍ ആരോഗ്യമന്ത്രി കെകെ ശൈലജ ഒന്നാമതെത്തിയിരുന്നു.

കണ്ണൂരില്‍ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ സ്ഥാനാര്‍ഥി കാമുകനൊപ്പം ഒളിച്ചോടിയതായി പരാതി

keralanews bjp candidate ran away with boyfriend in kannur

കണ്ണൂര്‍: കണ്ണൂരില്‍ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ സ്ഥാനാര്‍ഥി കാമുകനൊപ്പം ഒളിച്ചോടി. മാലൂര്‍ പഞ്ചായത്തിലെ ബിജെപി സ്ഥാനാര്‍ഥിയായ ഭര്‍തൃമതിയാണ് കാസര്‍കോട് ബേഡഡുക്ക സ്വദേശിയായ കാമുകനൊപ്പം പോയത്.പ്രചാരണ തിരക്കുകള്‍ക്കിടയിലാണ് ഭര്‍ത്താവും കുട്ടിയുമുളള സ്ഥാനാര്‍ഥി പേരാവൂര്‍ സ്‌റ്റേഷന്‍ പരിധിയിലുളള സ്വന്തം വീട്ടിലേക്ക് വന്നത്. ചില രേഖകള്‍ എടുക്കാനായി വീട്ടില്‍ പോകുന്നുവെന്നാണ് ഭര്‍ത്താവിനോടും പ്രവര്‍ത്തകരോടും സ്ഥാനാര്‍ഥി പറഞ്ഞത്.എന്നാല്‍ വീട്ടില്‍ പോയ സ്ഥാനാര്‍ഥി പിന്നെ തിരിച്ചെത്തിയില്ല. ഒടുവില്‍ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് സ്ഥാനാര്‍ഥി കാമുകനൊപ്പം മുങ്ങിയ വിവരം അറിഞ്ഞത്.സംഭവത്തില്‍ യുവതിയുടെ പിതാവിന്റെ പരാതിയില്‍ പേരാവൂര്‍ പൊലീസ്‌ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിവാഹത്തിന് മുൻപ് തന്നെ സ്ഥാനാര്‍ഥി ഇയാളുമായി പ്രണയത്തിലായിരുന്നു. ഗള്‍ഫിലായിരുന്ന കാമുകന്‍ കഴിഞ്ഞ ദിവസം നാട്ടിലെത്തിയ ശേഷം ഇരുവരും വീണ്ടും അടുത്തു. തുടര്‍ന്ന് ഒളിച്ചോടാന്‍ തീരുമാനിച്ചെന്നാണ് വ്യക്തമാവുന്നത്.

വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് ഉറച്ച്‌ കേന്ദ്രം;കേന്ദ്ര സര്‍ക്കാരുമായി ഇന്ന് നടക്കുന്ന ആറാംവട്ട ചര്‍ച്ചയില്‍ നിന്ന് കര്‍ഷക സംഘടനകള്‍ പിന്മാറി

keralanews center not ready to withdraw controversial agriculture laws farmers withdraw withdraw from sixth round of talks with central government today

ന്യൂഡൽഹി:കേന്ദ്ര സര്‍ക്കാരുമായി ഇന്ന് നടക്കുന്ന ആറാംവട്ട ചര്‍ച്ചയില്‍ നിന്ന് കര്‍ഷക സംഘടനകള്‍ പിമാറി. കര്‍ഷക സംഘടനകളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടു. നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും ഭേദഗതികള്‍ എഴുതി നല്‍കാമെന്നുമാണ് ആഭ്യന്തര മന്ത്രി അമിത് ഷാ കര്‍ഷക സംഘടന നേതാക്കളുമായുള്ള ചര്‍ച്ചയില്‍ അറിയിച്ചത്. ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചൊവ്വാഴ്ച വൈകീട്ട് 15-ഓളം കര്‍ഷക സംഘടനാ നേതാക്കളാണ് ചര്‍ച്ച നടത്തിയത്. കാര്‍ഷിക നിയമങ്ങളിലെ ന്യായീകരണങ്ങള്‍ കേന്ദ്രം ആവര്‍ത്തിച്ചതിനാല്‍ വിഷയത്തില്‍ ഇനി ചര്‍ച്ചയ്ക്കില്ലെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍ അറിയിച്ചു. ഇതോടെ ബുധനാഴ്ചത്തെ ചര്‍ച്ചയില്‍ നിന്ന് കര്‍ഷക സംഘടനകള്‍ പിന്മാറി. ഇന്ന് സംഘടനകള്‍ യോഗം ചേരും. ചൊവ്വാഴ്ച അമിത് ഷായുടെ വസതിയിലാണ് ആദ്യം ചര്‍ച്ച നിശ്ചയിച്ചിരുന്നത്. എന്നാല്‍ പിന്നീട് വേദി മാറ്റി. കൃഷിമന്ത്രാലയത്തിനു കീഴിലെ പുസ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കാണ് ചര്‍ച്ചയുടെ വേദി മാറ്റിയത്. കാര്‍ഷിക നിയമം പിന്‍വലിച്ചുള്ള ഒത്തുതീര്‍പ്പ് ആലോചിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. അഞ്ച് ഉറപ്പുകള്‍ എഴുതി നല്‍കാമെന്ന് അമിത് ഷാ വ്യക്തമാക്കി. കഴിഞ്ഞ ചര്‍ച്ചയിലും ഇതേ നിലപാടാണ് കേന്ദ്രം സ്വീകരിച്ചതെന്ന് പറഞ്ഞ കര്‍ഷകര്‍ നിയമം പിന്‍വലിക്കുമോ ഇല്ലേയെന്ന് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടു. ഇത് നടക്കാതെ വന്നതോടെയാണ് ഇന്നത്തെ ചര്‍ച്ചയില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം.തുടര്‍ നീക്കം ചര്‍ച്ച ചെയ്യാന്‍ കര്‍ഷക സംഘടനകള്‍ 12 മണിക്ക് യോഗം ചേരും. ഇന്ന് ചേരുന്ന കേന്ദ്രമന്ത്രിസഭാ യോഗവും വിഷയം ചര്‍ച്ച ചെയ്യും. അതേസമയം, കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയുമായി പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ഇന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദര്‍ശിക്കും. വൈകിട്ട് അഞ്ചിനാണ് പ്രതിപക്ഷ പാര്‍ട്ടി പ്രതിനിധികള്‍ക്ക് കൂടിക്കാഴ്ചയ്ക്ക് അവസരം. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഡിഎംകെ നേതാവ് ടിആര്‍ ബാലു, എന്‍സിപി നേതാവ് ശരദ്പവാര്‍ തുടങ്ങിയവര്‍ പ്രതിനിധി സംഘത്തിലുണ്ടാകും. 11 പാര്‍ട്ടികളാണ് കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയത്. എന്നാല്‍ കോവിഡ് സാഹചര്യം കണക്കിലെടുത്ത് അഞ്ചുപേര്‍ക്കാണ് അനുമതി നല്‍കിയത്.

‘പോളിസി ഓണ്‍ സ്‌കൂള്‍ ബാഗ് 2020’;സ്‌കൂള്‍ ബാഗുകളുടെ ഭാരം നിജപ്പെടുത്തിയുള്ള നയം പ്രഖ്യാപിച്ച്‌ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ്

keralanews policy on school bag 2020 central department of education has announced a policy to adjust the weight of school bags

ന്യൂഡൽഹി:സ്കൂൾ ബാഗുകളുടെ ഭാരം നിജപ്പെടുത്തിയുള്ള ‘പോളിസി ഓണ്‍ സ്‌കൂള്‍ ബാഗ് 2020’ നയം പ്രഖ്യാപിച്ച്‌ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ്.ബാഗുകളുടെ പരമാവധി ഭാരം അഞ്ച് കിലോ ആയി നിജപ്പെടുത്തി. കുട്ടികളുടെ ഭാരത്തിന്റെ പത്തിലൊന്ന് മാത്രമേ പുസ്തകവും ഭക്ഷണവും അടങ്ങിയ ബാഗിന് ഉണ്ടാകാവൂ.രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളുടെ ബാഗിന്റെ ഭാരം 2.2 കിലോ ആയിരിക്കണം. ഒന്ന് മുതല്‍ അഞ്ച് വരെ ക്ലാസുകളില്‍ ബാഗിന്റെ പരമാവധി ഭാരമായി നിശ്ചയിച്ചത് 2.5 കിലോയാണ്. ആറ്- ഏഴ് ക്ലാസുകളില്‍ സ്‌കൂള്‍ ബാഗിന്റെ പരമാവധി ഭാരം 4 കിലോ ആക്കിയിട്ടുണ്ട്. എട്ട് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെ സ്‌കൂള്‍ ബാഗിന് 4.5 കിലോ വരെ ഭാരം ആകാവൂ. 10 മുതല്‍ 12 വരെ ക്ലാസുകളില്‍ സ്‌കൂള്‍ ബാഗിന്റെ പരമാവധി ഭാരം അഞ്ച് കിലോ ആക്കിയിട്ടുണ്ട്.

നിയമം പാലിക്കാനുള്ള ബാദ്ധ്യത സ്‌കൂള്‍ അധികൃതര്‍ക്കാണ്. രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഗൃഹപാഠം ഒഴിവാക്കാനും കര്‍ശന നിയമം വരും. എല്ലാ ക്ലാസുകളിലും ഗൃഹപാഠം പരമാവധി ഒഴിവാക്കാന്‍ നിര്‍ദേശമുണ്ട്. 10-12 ക്ലാസുകാര്‍ക്ക് രണ്ട് മണിക്കൂറിനുള്ളില്‍ ചെയ്യാവുന്ന ഹോം വര്‍ക്കേ നല്‍കാവൂ. 3-6 ക്ലാസുകള്‍ക്ക് ആഴ്ചയില്‍ രണ്ട് മണിക്കൂര്‍ ഹോം വര്‍ക്കേ നല്‍കാവൂ. 6-8 വരെയുള്ള ക്ലാസുകളില്‍ ദിവസേന ഒരു മണിക്കൂര്‍ വീതമുള്ള ഹോം വര്‍ക്കും. കൂടാതെ സ്കൂളുകളില്‍ ലോക്കര്‍ സ്ഥാപിക്കാനും ഡിജിറ്റല്‍ ഭാരമളക്കല്‍ ഉപകരണം സ്ഥാപിക്കാനും നയത്തില്‍ ഉദ്ദേശിക്കുന്നു. കൂടാതെ ട്രോളി ബാഗ് ഒഴിവാക്കാനും നിര്‍ദേശമുണ്ട്.

സ്വ​പ്ന സു​രേ​ഷി​നു ജയിലിൽ വധഭീ​ഷ​ണി;ജ​യി​ല്‍ ഡി​ഐ​ജി അ​ന്വേ​ഷി​ക്കു​മെ​ന്ന് ഋ​ഷി​രാ​ജ് സിം​ഗ്

keralanews death threat to swapna suresh in jail d i g will investigate

കൊച്ചി: നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതി സ്വപ്ന സുരേഷിന് ജയിലില്‍ ഭീഷണിയെന്ന ആരോപണം അന്വേഷിക്കാന്‍ ജയില്‍വകുപ്പ്. ദക്ഷിണമേഖലാ ജയില്‍ ഡിഐജിയാണ് അന്വേഷണം നടത്തുക. അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിനു കൈമാറുമെന്നും ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് അറിയിച്ചു.ആരോപണം അടിസ്ഥാനരഹിതമാണെന്നും അന്വേഷണ ഏജന്‍സികള്‍ക്കു തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാമെന്നുമാണ് ജയില്‍വകുപ്പിന്‍റെ നിലപാട്. സ്വപ്നയ്ക്ക് നിലവില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ടെന്നു കോടതിയെ അറിയിക്കാനും ജയില്‍വകുപ്പ് തീരുമാനിച്ചതായാണു സൂചന. സ്വപ്ന സുരേഷിനു ജയിലില്‍ സുരക്ഷയൊരുക്കാന്‍ കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. അട്ടക്കുളങ്ങര വനിതാ ജയിലില്‍ തന്‍റെ ജീവനു ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി സ്വപ്ന എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണു കോടതി നടപടി. നവംബര്‍ 25 വരെ ജുഡീഷല്‍ കസ്റ്റഡിയില്‍ അട്ടക്കുളങ്ങര വനിതാ ജയിലില്‍ കഴിഞ്ഞിരുന്ന തന്നെ ജയില്‍ ഉദ്യോഗസ്ഥരോ പോലീസുകാരോ എന്നു സംശയിക്കുന്ന ചിലര്‍ വന്നു കണ്ടു. കേസില്‍ ഉള്‍പ്പെട്ടതായി സംശയിക്കുന്ന ഉന്നതരുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്നും കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണവുമായി സഹകരിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു. എന്തെങ്കിലും വിവരങ്ങള്‍ പുറത്തുവിട്ടാല്‍ തന്‍റെ കുടുംബത്തെയും ജയിലിനകത്തു വച്ച്‌ തന്നെയും ഇല്ലാതാക്കാന്‍ കഴിവുള്ളവരാണു തങ്ങളെന്ന് അവര്‍ ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന അപേക്ഷയില്‍ പറഞ്ഞിരുന്നു.നവംബര്‍ 25 ന് കസ്റ്റംസിെന്‍റ കസ്റ്റഡിയില്‍ വിടുന്നതിനുമുൻപ് പലതവണയും കസ്റ്റഡിയില്‍ വിട്ട 25 ആം തീയതിയും ഇക്കാര്യം പറഞ്ഞ് അവര്‍ പലതവണ ഭീഷണിപ്പെടുത്തി. മജിസ്ട്രേറ്റ് കോടതി പലപ്പോഴായി തെന്‍റ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍,തെന്‍റ വെളിപ്പെടുത്തലുകള്‍ ചാനലുകളിലൂടെയും പത്രങ്ങളിലൂടെയും പുറത്തുവന്നുകഴിഞ്ഞുവെന്നും സ്വപ്ന പറയുന്നു.. കേസില്‍ താല്‍പര്യമുള്ള ഉന്നത വ്യക്തികളുടെ ഇടപെടല്‍ മൂലം ജയിലിനകത്തുവെച്ച്‌ തന്നെ അപായപ്പെടുത്തിയേക്കാം. ഈ സാഹചര്യത്തില്‍ മതിയായ സുരക്ഷ ഏര്‍പ്പെടുത്താന്‍ ഡി.ജി.പിക്കും അട്ടക്കുളങ്ങര ജയില്‍ സൂപ്രണ്ടിനും നിര്‍ദേശം നല്‍കണമെന്നും സ്വപ്ന ആവശ്യപ്പെട്ടിരുന്നു.

തദ്ദേശ തിരഞ്ഞെടുപ്പ്;രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ; വിധിയെഴുതുന്നത് അഞ്ച് ജില്ലകൾ

keralanews local body election second phase votting in five districts tomorrow

എറണാകുളം:തദ്ദേശതെരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ട പോളിംഗ് നാളെ നടക്കും. എറണാകുളം, കോട്ടയം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ 451 തദ്ദേശ സ്ഥാപനങ്ങളിലെ 8116 വാര്‍ഡുകളിലാണ് രണ്ടാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. അഞ്ചു ജില്ലകളിലായി ആകെ 98,56,943 വോട്ടുമാറാനുള്ളത്. 98 ട്രാൻസ്ജെന്‍റേഴ്സും 265 പ്രവാസി ഭാരതീയരും വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. 350 ഗ്രാമപഞ്ചായത്തുകളിലും 58 ബ്ലോക്ക് പഞ്ചായത്തുകളിലും 2 കോര്‍പ്പറേഷനുകളിലും 36 മുനിസിപ്പാലിറ്റികളിലും, അഞ്ച് ജില്ലാപഞ്ചായത്തുകളിലുമാണ് വോട്ടെടുപ്പ്. 12,643 പോളിംഗ് ബൂത്തുകളാണുള്ളത്.രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പോളിങ്.473 പ്രശ്നബാധിത ബൂത്തുകളിൽ വെബ് കാസ്റ്റിങ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. 5 ജില്ലകളിലായി 63000 ത്തോളം ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്. കോവിഡ് പോസിറ്റീവ് ആയവർക്കും ക്വാറന്‍റൈനിൽ പോയവർക്കും ഇന്ന് വൈകീട്ട് മൂന്ന് മണി മുതൽ നാളെ വോട്ടെടുപ്പ് അവസാനിക്കുന്നത് വരെ ആരോഗ്യ വകുപ്പിന്‍റെ സാക്ഷ്യപത്രം ഹാജരാക്കി പോളിംഗ് സ്‌റ്റേഷനിൽ നേരിട്ടെത്തി വോട്ട് ചെയ്യാം. സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് എറണാകുളം കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ 37 ആം വാർഡ്, തൃശൂർ കോർപ്പറേഷനിലെ 47 ആം ഡിവിഷൻ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റി വെച്ചിരിക്കുകയാണ്. പോളിംങ് ബൂത്തുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പോളിംങ് സാമഗ്രികളുടെ വിതരണം അ‍ഞ്ച് ജില്ലകളിലും ഇന്ന് രാവിലെ ആരംഭിക്കും.

സംസ്ഥാനത്ത് ഇന്ന് 5032 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;4735 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

keralanews 5032 covid cases confirmed in the state today 4735 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 5032 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.കോട്ടയം 695, മലപ്പുറം 694, തൃശൂര്‍ 625, എറണാകുളം 528, കോഴിക്കോട് 451, പാലക്കാട് 328, കൊല്ലം 317, വയനാട് 284, തിരുവനന്തപുരം 272, ആലപ്പുഴ 241, പത്തനംതിട്ട 238, കണ്ണൂര്‍ 207, കാസര്‍കോട് 79, ഇടുക്കി 73 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 60,521 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4380 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 517 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോട്ടയം 694, മലപ്പുറം 653, തൃശൂര്‍ 592, എറണാകുളം 415, കോഴിക്കോട് 412, പാലക്കാട് 160, കൊല്ലം 315, വയനാട് 269, തിരുവനന്തപുരം 169, ആലപ്പുഴ 226, പത്തനംതിട്ട 171, കണ്ണൂര്‍ 178, കാസര്‍ഗോഡ് 77, ഇടുക്കി 49 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.37 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തൃശൂര്‍, കണ്ണൂര്‍ 7 വീതം, തിരുവനന്തപുരം 6, എറണാകുളം, വയനാട് 5 വീതം, കോഴിക്കോട് 3, പത്തനംതിട്ട, പാലക്കാട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 4735 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 350, കൊല്ലം 269, പത്തനംതിട്ട 159, ആലപ്പുഴ 361, കോട്ടയം 460, ഇടുക്കി 72, എറണാകുളം 403, തൃശൂര്‍ 700, പാലക്കാട് 383, മലപ്പുറം 719, കോഴിക്കോട് 421, വയനാട് 125, കണ്ണൂര്‍ 158, കാസര്‍ഗോഡ് 155 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 31 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ടാണുള്ളത്. 8 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 441 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

കൊല്ലത്ത് പോളിങ് ബൂത്തിലെത്തിയ വയോധിക കൈയില്‍ ഒഴിച്ചു നല്‍കിയ സാനിറ്റൈസര്‍ കുടിച്ചു

keralanews elderly woman reached in the polling station drink sanitizer

കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി പോളിങ് ബൂത്തിലെത്തിയ വയോധിക കൈയില്‍ ഒഴിച്ചു നല്‍കിയ സാനിറ്റൈസര്‍ കുടിച്ചു.കരുനാഗപ്പള്ളി നഗരസഭയിലെ രണ്ടാം ഡിവിഷനിലെ ആലപ്പാട് എല്‍.പി സ്‌കൂളിലെ ബൂത്തില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. പോളിങ് ബൂത്തിലേക്ക് കയറുന്നതിന് മുന്‍പ് അണുവിമുക്തമാക്കാനായി കൈയില്‍ ഒഴിച്ചുനല്‍കിയ സാനിറ്റൈസര്‍ ഇവര്‍ കുടിക്കുകയായിരുന്നു.ഇത് ശ്രദ്ധയില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ ആരോഗ്യപ്രവര്‍ത്തകരെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ സംഘം ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സാനിറ്റൈസര്‍ ആണെന്ന് വൃദ്ധയ്ക്ക് ധാരണയുണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.