ഇന്തോനേഷ്യയില്‍ 59 യാത്രക്കാരുമായി പറന്നു പൊങ്ങിയ വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായി

keralanews plane with 59 passengers on board disappeared from radar in Indonesia

ജക്കാര്‍ത്ത :ഇന്തോനേഷ്യയിലെ ജക്കാര്‍ത്തില്‍ നിന്നും പറന്നു പൊങ്ങിയ വിമാനം കാണാതായി. ശ്രീവിജയ എയര്‍ലൈന്‍സിന്റെ എസ്ജെ182 എന്ന വിമാനാണ് കാണാതായത്. ടേക്ക് ഓഫ് ചെയ്ത് അല്‍പ നേരത്തിന് ശേഷമാണ് വിമാനം കാണാതാകുന്നത്. ശനിയാഴ്ച 59 യാത്രക്കാരുമായിപശ്ചിമ കാളമണ്ടം പ്രവിശ്യയിലെ പോണ്ടിയാനാക്കിലേക്ക് പറന്നുയര്‍ന്ന വിമാനമാണ് നിമിഷങ്ങള്‍ക്കകം അപ്രത്യക്ഷമായത്.50തോളം യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. സൊകാര്‍ണോ ഹട്ടാ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട വിമാനത്തിലെ യാത്രക്കാര്‍ക്കൊപ്പം ആറ് കുട്ടികളുമുണ്ട്. 27 വര്‍ഷം പഴക്കമുള്ള ബോയിങ് 737-500 വിമാനമാണ് കാണാതായത്. വിമാനം 3000 മീറ്റര്‍ ഉയരത്തില്‍ നിന്ന് താഴേക്ക വന്ന് റഡാറില്‍ നിന്ന് അപ്രത്യക്ഷമായെന്ന് ഇന്തോനേഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനം കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായി ഇന്‍ഡൊനീഷ്യ ഗതാഗത മന്ത്രി അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനുള്ള ഒരുക്കങ്ങളും ആരംഭിച്ചിട്ടുണ്ട്.

രാജ്യത്ത് കൊവിഡ് വാക്‌സിന്‍ ഉപയോഗം ഈ മാസം 16 മുതല്‍ ആരംഭിക്കും

keralanews use of covid vaccine in the country will start from the 16th of this month

ന്യൂഡൽഹി:രാജ്യത്ത് കൊവിഡ് വാക്‌സിന്‍ ഉപയോഗം ഈ മാസം 16 മുതല്‍ ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ആദ്യഘട്ടത്തില്‍ മൂന്ന് കോടി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ നല്‍കും.അന്‍പത് വയസിന് മുകളിലുള്ളവര്‍ക്കും ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന അന്‍പത് വയസിന് താഴെയുള്ളവര്‍ക്കും രണ്ടാം ഘട്ടത്തില്‍ വാക്‌സിന്‍ വിതരണം ചെയ്യും. ഇത്തരത്തില്‍ എകദേശം 27 കോടിയോളം പേര്‍ക്കാണ് വാക്‌സിന്‍ നല്‍കുകയെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.പൂനയില്‍ നിന്ന് വാക്‌സിന്‍ എയര്‍ലിഫ്റ്റ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. നാളെ തന്നെ വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളില്‍ എത്തും. ഇതിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. പതിനാറാം തീയതി മുതല്‍ വാക്‌സിന്‍ ഉപയോഗിച്ച്‌ തുടങ്ങാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. ആദ്യഘട്ടത്തില്‍ 30 കോടി പേര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. ഇതില്‍ മൂന്ന് കോടി പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.ഇന്നലെ നടന്ന ട്രയല്‍ റണ്ണിന്റെ വിശദാംശങ്ങള്‍ യോഗം വിലയിരുത്തി. ട്രയല്‍ റണ്‍ വിജയകരമാണെന്ന അഭിപ്രായമാണ് യോഗത്തില്‍ ഉയര്‍ന്നത്.

ഐക്യരാഷ്ട്ര സഭയില്‍ ചരിത്രനേട്ടവുമായി രാജ്യം;ഭീകര വിരുദ്ധ സമിതികളുടെ അധ്യക്ഷ സ്ഥാനം ഇന്ത്യക്ക്

keralanews india with historic achievement in united nations chairs anti terrorism committees

ന്യൂയോർക്: ഐക്യരാഷ്ട്ര സഭയില്‍ ചരിത്രനേട്ടവുമായി ഇന്ത്യ.ഭീകര വിരുദ്ധ സമിതികളുടെ അധ്യക്ഷ സ്ഥാനം ഇനി ഇന്ത്യക്ക്.ഭീകര വിരുദ്ധ സമിതി, താലിബാനും ലിബിയയ്ക്കും എതിരായ ഉപരോധ കാര്യങ്ങളില്‍ തീരുമാനം എടുക്കുന്ന സമിതികള്‍ എന്നിവയുടെ അധ്യക്ഷ സ്ഥാനങ്ങളാണ് ലഭിച്ചതെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്. തിരുമൂര്‍ത്തി അറിയിച്ചു. യുഎന്‍ രക്ഷാസമിതിയിലെ, ഭീകരതയ്ക്ക് എതിരായ മൂന്നു നിര്‍ണായക സമിതികളുടെ അധ്യക്ഷ സ്ഥാനം ഇന്ത്യക്ക് ലഭിച്ചു.അഫ്ഗാനിസ്ഥാനിലെ താലിബാന്റെ ഭീകരത തടയാനുള്ള സമിതിയാണ് ഒന്ന്. 1988ലെ ഉപരോധ സമിതിയെന്നും ഇത് അറിയപ്പെടുന്നു. അഫ്ഗാനിസ്ഥാനില്‍ സമാധാനവും വികസനവും സുരക്ഷയും കൊണ്ടുവരാന്‍ നിരന്തരം ശ്രമിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നതാണ് ഈ സമിതിയുടെ അധ്യക്ഷ സ്ഥാനം നല്‍കാന്‍ കാരണമായത്.ആഗോള ഭീകരതയ്ക്ക് എതിരായ സമിതിയാണ് ഒന്ന്. ലിബിയയിലെ ഭീകരത ചെറുക്കാനുള്ള സമിതിയാണ് മറ്റൊന്ന്. ഭീകരതയ്ക്ക് എതിരായ സമിതിയുടെ അധ്യക്ഷന്‍ ടി.എസ്. തിരുമൂര്‍ത്തി തന്നെയാകും. ജനുവരി ഒന്നു മുതല്‍ രണ്ടു വര്‍ഷത്തേക്കാണ് രക്ഷാസമിതി അംഗത്വം ഇന്ത്യക്ക് ലഭിച്ചിട്ടുള്ളത്. രണ്ടു വര്‍ഷം ഈ സമിതികളുടെ അധ്യക്ഷ പദവികളും ഇന്ത്യ വഹിക്കും. കാലാകാലങ്ങളായി ഭീകരതക്കെതിരേ, പ്രത്യേകിച്ച്‌ പാക്കിസ്ഥാനില്‍നിന്ന് അതിര്‍ത്തി കടന്നുള്ള ആഗോള ഭീകരതക്കെതിരേ ഇന്ത്യയുടെ അതിശക്തമായ പോരാട്ടം കണക്കിലെടുത്താണിത്. അതേസമയം രക്ഷാസമിതി അംഗത്വ കാലം മുഴുവനും ആഗോള ഭീകരതയ്ക്ക് എതിരേ പോരാടുമെന്ന് ഇന്ത്യ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ഭീകരത മനുഷ്യത്വത്തിന്റെ ശത്രുവാണെന്നും രക്ഷാസമിതിയില്‍ അതിനെതിരേ ശബ്ദമുയര്‍ത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.

സാമൂഹ്യക്ഷേമപെന്‍ഷന്‍;മസ്റ്ററിംഗ് നടത്തണമെന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ അടിസ്ഥാനരഹിതം

keralanews social welfare pension messages circulating on social media about mustering are baseless

കൊല്ലം: വാര്‍ധക്യകാല പെന്‍ഷന്‍, വിധവ-അവിവാഹിത പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, കര്‍ഷക തൊഴിലാളി പെന്‍ഷന്‍ തുടങ്ങി സാമൂഹ്യക്ഷേമ പെന്‍ഷന്‍ വാങ്ങിക്കുന്നവര്‍ മസ്റ്ററിംഗ് നടത്തണമെന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്ന് അക്ഷയ സംസ്ഥാന പ്രോജക്‌ട് ഡയറക്ടര്‍ അറിയിച്ചു. ജനുവരി ഒന്നു മുതല്‍ മാര്‍ച്ച്‌ 20 വരെ അക്ഷയ കേന്ദ്രങ്ങളില്‍ പോയി മസ്റ്ററിംഗ് നടത്തണമെന്ന രീതിയില്‍ ഒരു നിര്‍ദ്ദേശം ഔദ്യോഗികമായി നല്‍കിയിട്ടില്ല, മാത്രമല്ല മസ്റ്ററിംഗ് പ്രവര്‍ത്തനങ്ങള്‍ മാസങ്ങള്‍ക്കു മുൻപേ  പൂര്‍ത്തിയായതാണെന്നും സമൂഹമാധ്യമങ്ങളിലൂടെ അടിസ്ഥാനരഹിതമായ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചു.കോവിഡിന്റെ അതിതീവ്ര വ്യാപനം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ അനിയന്ത്രിതമായ ആള്‍ക്കൂട്ടം അക്ഷയ കേന്ദ്രത്തില്‍ അനുവദിക്കാനാവില്ല. സംസ്ഥാന സര്‍ക്കാരും ആരോഗ്യവകുപ്പും നിര്‍ദ്ദേശിച്ചിരിക്കുന്ന കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറാവണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ഫോസ്റ്റര്‍ കെയറിലൂടെ ദത്തെടുത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറുപതുകാരന്‍ അറസ്റ്റില്‍

keralanews sixty year old arrested for raping adopted girl through foster care

കണ്ണൂര്‍: കൂത്തുപറമ്പിൽ ദത്തെടുത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറുപതുകാരന്‍ അറസ്റ്റില്‍. കണ്ടംകുന്ന് ചമ്മനാപ്പറമ്പിൽ സി.ജി.ശശികുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 2017ല്‍ നടന്ന പീഡന സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.ഫോസ്റ്റര്‍ കെയര്‍ പദ്ധതി വഴി താത്ക്കാലികമായ സംരക്ഷണത്തിനാണ് ഇയാള്‍ പെണ്‍കുട്ടിയെ ദത്തെടുത്തത്. താത്കാലിക പരിരക്ഷയുടെ കാലാവധി പൂര്‍ത്തിയാക്കിയപ്പോള്‍ പെണ്‍കുട്ടി അനാഥാലയത്തിലേക്ക് മടങ്ങുകയും ചെയ്തു.കഴിഞ്ഞ ദിവസം കൗണ്‍സിലിങ്ങിനിടെ പെണ്‍കുട്ടിയുടെ സഹോദരിയാണ് പീഡന വിവരം പുറത്തു പറഞ്ഞത്. പീഡന സമയത്ത് പെണ്‍കുട്ടിക്ക് 15 വയസ് മാത്രം ആയിരുന്നതിനാല്‍ പോക്സോ നിയമപ്രകാരമാണ് കേസ്. പ്രതി വീണ്ടും പെണ്‍കുട്ടിയെ ദത്തെടുക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷെ അതിന് കുട്ടി വിസമ്മതിക്കുകയായിരുന്നു.പെണ്‍കുട്ടിയുടെ സഹോദരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കൂത്തുപറമ്പ് പൊലീസ് രഹസ്യമായി അന്വേഷണം ആരംഭിച്ചു. അതിന് ശേഷമാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ ഒന്നിലധികം തവണ വിവാഹങ്ങള്‍ കഴിച്ചിട്ടുള്ളതായും പൊലീസ് പറയുന്നു.

കാത്തിരിപ്പിനൊടുവിൽ വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ മുഖ്യമന്ത്രി ഉൽഘാടനം ചെയ്തു

keralanews chief minister inaugurated the vytilla and kundannur flyovers

കൊച്ചി:ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ മുഖ്യമന്ത്രി ഉൽഘാടനം ചെയ്തു.വീഡിയോ കോണ്‍ഫ്രന്‍സിങ്ങിലൂടെയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നടത്തുന്നത്.വെറ്റില മേല്‍പ്പാലം രാവിലെ 9 മണിക്കും, കുണ്ടന്നൂര്‍ മേല്‍പ്പാലം രാവിലെ 11 മണിക്കുമാണ് ഉദ്ഘാടനം ചെയ്യുക. പാലങ്ങള്‍ തുറന്നു നല്‍കുന്നതിലൂടെ കൊച്ചി നഗരത്തിലെ ഗതാഗത കുരുക്കിന് വലിയ പരിഹാരമാകും. ദേശീയപാതയുടെ ഭാഗമായി വരുന്ന മേല്‍പ്പാലങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി ധനസഹായത്തോടെ ഏറ്റെടുത്ത് നിര്‍മ്മിച്ചവയാണ്.717 മീറ്റര്‍ ദൂരത്തില്‍ 86.34 കോടി രൂപ ചെലവിലാണ് വൈറ്റില മേല്‍പ്പാലം പൂര്‍ത്തിയായത്. സംസ്ഥാനത്ത് ഏറ്റവും തിരക്കേറിയ ജംഗ്ഷനിലൊന്നായാണ് വൈറ്റിലയെ കണക്കാക്കുന്നത്. അതേസമയം എന്‍എച്ച്‌ 66, എന്‍എച്ച്‌ 966ബി, എന്‍എച്ച്‌ 85 എന്നിവ സംഗമിക്കുന്ന ഇടമാണ് കുണ്ടന്നൂര്‍. 701 മീറ്റര്‍ ദൈര്‍ഘ്യത്തില്‍ 82.74 കോടി രൂപ ചെലവിട്ടാണ് പാലം പൂര്‍ത്തീകരിച്ചത്.നേരത്തെ ഉദ്ഘാടനത്തിന് മുൻപ് തന്നെ വി ഫോര്‍ കൊച്ചി എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ പാലം തുറന്നുകൊടുത്തത് വിവാദമായിരുന്നു. നിര്‍മാണം പൂര്‍ത്തിയായിട്ടും പാലം ഉദ്ഘാടനം നടത്തുന്നില്ല എന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്.മുടങ്ങി കിടന്ന ഒരു പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. വി ഫോര്‍ കൊച്ചിക്കാരെയും അതിനെ പിന്തുണച്ച ജസ്റ്റിസ് കമാല്‍ പാഷയെയും പരോക്ഷമായി കുറ്റപ്പെടുത്തി കൊണ്ടാണ് മുഖ്യമന്ത്രി സംസാരിച്ചത്. ചിലര്‍ കുത്തിതിരിപ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും, പ്രതിസന്ധി ഘട്ടങ്ങളില്‍ ഇക്കൂട്ടരെ കണ്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അരാജകത്വത്തിന് കുട പിടിക്കണോയെന്ന് അവര്‍ തീരുമാനിക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

മഹാരാഷ്ട്ര ജനറല്‍ ആശുപത്രി എസ്‌എന്‍സിയുവില്‍ തീപിടിത്തം;10 നവജാത ശിശുക്കള്‍ വെന്ത് മരിച്ചു

keralanews fire broke out in maharashtra general hospital s n c u 10 newborn babies died

മുംബൈ : മഹാരാഷ്ട്ര ഭണ്ഡാര ജില്ലയില്‍ സര്‍ക്കാര്‍ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ 10 നവജാത ശിശുക്കള്‍ മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെയാണ് ആശുപത്രിയിലെ സിക്ക് ന്യൂബോണ്‍ കെയര്‍ യൂണിറ്റില്‍(എസ്‌എന്‍സിയു) തീപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.ഏഴ് കുട്ടികളെ രക്ഷപ്പെടുത്തിയതായും പത്ത് കുട്ടികള്‍ മരിച്ചതായും സിവില്‍ സര്‍ജന്‍ പ്രമോദ് ഖണ്ഡാതെയെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സി റിപ്പോർട്ട് ചെയ്തു. ഒന്ന് മുതല്‍ മൂന്ന് മാസം വരെ പ്രായമുള്ള കുട്ടികളാണ് എസ്‌എന്‍സിയുവിലുണ്ടായിരുന്നത്. അപകടത്തെ തുടർന്ന് തീവ്രപരിചരണവിഭാഗം, ഡയാലിലിസ് വിഭാഗം, ലേബര്‍ വാര്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് രോഗികളെ മറ്റു വാര്‍ഡുകളിലേക്ക് മാറ്റി. മഹാരാഷ്ട്ര ജനറല്‍ ആശുപത്രിയിലുണ്ടായ സംഭവം അത്യധികം ദുഃഖം ഉളവാക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. മരിച്ച കുട്ടികളുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നു. പരിക്കേറ്റവര്‍ എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടേയെന്നും പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.നിര്‍ഭാഗ്യകരമായ സംഭവമാണെന്നും അപകടത്തില്‍ മരിച്ച കുട്ടികളുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നതായും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു.അപകടം അതിദാരുണമായ സംഭവമാണെന്നും  കുട്ടികളുടെ കുടുംബത്തിന് ആവശ്യമായ സഹായം സംസ്ഥാന സർക്കാർ ചെയ്യണമെന്നും രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ അറിയിച്ചു.

പാലാരിവട്ടം പാലം അഴിമതിക്കേസ്; മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനു ജാമ്യം

keralanews palarivattom bridge scam case bail for v k ibrahim kunju

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനു ജാമ്യം. മോശം ആരോഗ്യസ്ഥിതി പരിഗണിച്ച്‌ കര്‍ശന ഉപാധികളോടെയാണ് വെളളിയാഴ്ച(08/01/21) ഹൈക്കോടതി ജാമ്യം അനുവദിച്ചത്. നിലവില്‍ വികെ ഇബ്രാഹിം കുഞ്ഞ് കൊച്ചി ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ടു ലക്ഷം രൂപ ബോണ്ടായി കെട്ടി വെക്കണം, പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണം, എറണാകുളം ജില്ല വിട്ടു പോകരുത്, അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കണം തുടങ്ങിയ ഉപാധികളോടാണ് ജാമ്യം.നേരത്തെ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ബെഞ്ച് ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. വിജിലന്‍സ് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതോടെയാണ് ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. അതേസമയം കേസില്‍ ആവശ്യമെങ്കില്‍ ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് വിജിലന്‍സ് വ്യക്തമാക്കിയിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസ്;പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചു

keralanews actress assault case new prosecutor appointed

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചു. സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.വി എന്‍ അനില്‍ കുമാറാണ് ഈ കേസിലേക്കായി വിചാരണക്കോടതിയില്‍ ഹാജരായത്.നേരത്തെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്ന അഡ്വ.എ സുരേശന്‍ രാജിവെച്ചതിനെത്തുടര്‍ന്നാണ് വിചാരണക്കോടതിയുടെ നിർദേശ പ്രകാരം പുതിയ പ്രോസിക്യൂട്ടര്‍ ചുമതല ഏറ്റെടുത്തത്. കേസ് ഈ മാസം 11ന് പരിഗണിക്കും.വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നും കോടതി മാറ്റണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സര്‍ക്കാരും പ്രോസിക്യൂഷനും നടിയും സുപ്രീംകോടതിയെ സമീപിച്ചിരുന്നുവെങ്കിലും കോടതി ഈ ഹര്‍ജി തള്ളുകയായിരുന്നു.

കർഷക സമരം 44 ആം ദിവസത്തിലേക്ക്;കര്‍ഷകരും കേന്ദ്ര സര്‍ക്കാരും തമ്മില്‍ ഇന്ന് നിര്‍ണ്ണായക ചര്‍ച്ച

keralanews farmers strike enters its 44th day crucial discussion between farmers and central government today

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള കര്‍ഷകരുടെ സമരം നാല്‍പത്തിനാലാം ദിവസത്തിലേക്ക്. കേന്ദ്രസര്‍ക്കാരും കര്‍ഷകരുമായുള്ള എട്ടാംവട്ട ചര്‍ച്ച ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഡല്‍ഹി വിഗ്യാന്‍ ഭവനില്‍ നടക്കും. ചര്‍ച്ച പരാജയപ്പെട്ടാല്‍ പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് രേഖാമൂലമുള്ള ഉറപ്പു ലഭിച്ചില്ലെങ്കില്‍, രാജ്യതലസ്ഥാനം ഇതുവരെ കാണാത്ത വിധമുള്ള പ്രക്ഷോഭമുണ്ടാകുമെന്നാണു കര്‍ഷകരുടെ മുന്നറിയിപ്പ്. ഇത് കേന്ദ്ര സര്‍ക്കാരിനെ വെട്ടിലാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ചര്‍ച്ചയില്‍ സര്‍ക്കാര്‍ എടുക്കുന്ന നിലപാട് നിര്‍ണ്ണായകമാണ്.നിയമങ്ങള്‍ പിന്‍വലിക്കാനാകില്ലെന്നും മറ്റ് നിര്‍ദേശങ്ങള്‍ പരിഗണിക്കാമെന്നും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍ ആവര്‍ത്തിച്ചു പറയുന്നു. സുപ്രിംകോടതി അടുത്ത തിങ്കളാഴ്ച കര്‍ഷക സമരം സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഇന്നത്തെ ചര്‍ച്ച നിര്‍ണായകമാണ്. പ്രക്ഷോഭത്തിന്റെ ഭാഗമായി ഡല്‍ഹി അതിര്‍ത്തി മേഖലകളായ സിംഘു, തിക്രി, ഗസ്സിപ്പുര്‍ എന്നിവിടങ്ങളിലും രാജസ്ഥാന്‍ ഹരിയാന അതിര്‍ത്തിയിലെ ഷാജഹാന്‍പുരിലും ഹരിയാനയിലെ പല്‍വലിലും ഇന്നലെ കർഷകർ ട്രാക്ടര്‍ റാലി നടത്തിയിരുന്നു. ദേശീയ പതാകകളുമായി അണിനിരന്ന മൂവായിരത്തോളം ട്രാക്ടറുകളില്‍ ചിലത് ഓടിച്ചതു വനിതകളാണ്. വിമുക്ത ഭടന്മാരും തൊഴിലാളികളും ഒപ്പം ചേര്‍ന്നു. 43 ദിവസം പിന്നിട്ട കര്‍ഷക പ്രക്ഷോഭത്തിലെ ഏറ്റവും വലിയ ശക്തിപ്രകടനം പൊലീസ് തടഞ്ഞില്ല.കേരളത്തില്‍ നിന്നുള്‍പ്പെടെ പരമാവധി കര്‍ഷകരെ വരുംദിവസങ്ങളില്‍ ഡല്‍ഹി അതിര്‍ത്തികളിലെത്തിക്കും. ലക്ഷക്കണക്കിനു കര്‍ഷകര്‍ 25നു ഡല്‍ഹിയിലേക്കു കടക്കും.