മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിബിഐ റെയ്ഡ്. വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണ് സിബിഐ പരിശോധന. ഇന്ന് രാവിലെയാണ് സിബിഐയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്മാര് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്.പുലര്‍ച്ചെ എത്തിയ മൂന്നംഗ സംഘമാണ് പരിശോധന നടത്തുന്നത്. സ്വര്‍ണക്കടത്തിന് കസ്റ്റംസ് ഉദ്യോഗസ്ഥന്മാര് ഒത്താശചെയ്യുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സിബിഐയുടെ മിന്നല്‍ പരിശോധന.കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് അടുത്തിടെ കോടികളുടെ സ്വര്‍ണമാണ് പിടികൂടിയത്.വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് സ്വര്‍ണ്ണം കടത്തുന്നതെന്ന ആരോപണമുണ്ടായിരുന്നു. തിങ്കളാഴ്ച മാത്രം രണ്ടരക്കിലോ സ്വര്‍ണ്ണം കരിപ്പൂരില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു സിബിഐയുടെ നീക്കം. ഷാര്‍ജയില്‍ നിന്നുള്ള വിമാനം കരിപ്പൂരില്‍ എത്തിയതിന് തൊട്ടുപിന്നാലെയാണ് സിബിഐ ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ എത്തിയത്. കസ്റ്റംസിന്റെ പരിശോധന കഴിഞ്ഞ് പുറത്തെത്തുന്ന യാത്രക്കാരെയും സിബിഐ പരിശോധിക്കുന്നുണ്ട്. പരിശോധന ഇപ്പോഴും തുടരുകയാണ്.
രാജ്യത്ത് കോവിഡ് വാക്സീന് വിതരണത്തിന് തുടക്കമായി;ആദ്യ ലോഡ് വാക്സിൻ പൂനെയിൽ നിന്നും പുറപ്പെട്ടു
മുംബൈ:രാജ്യത്ത് കൊവിഡ് വാക്സിന് വിതരണത്തിന് തുടക്കമായി. ആദ്യ ലോഡുമായി പൂനെയില്‍ നിന്ന് ട്രക്കുകള്‍ പുറപ്പെട്ടു. പ്രത്യേക പൂജകള്‍ക്ക് ശേഷമാണ് ട്രക്കുകള്‍ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്. കനത്ത സുരക്ഷയിലാണ് ട്രക്കുകള്‍ പുറപ്പെട്ടത്. താപനില ക്രമീകരിച്ച ട്രക്കുകളിലാണ് വാക്സിനുകള്‍ എത്തിക്കുന്നത്.വാക്സിനേഷന് ശനിയാഴ്ച മുതല്‍ തുടങ്ങും. കൊവിഡ് വാക്സിന് എത്തുന്ന ആദ്യ ബാച്ചില്‍ കേരളം ഇല്ല. ഇന്നലെ സര്‍ക്കാര്‍ കൊവിഷീല്‍ഡിനായി പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കിയതോടെയാണ് വാക്സിന് വിതരണം വൈകുന്നതിന് കാരണമായ എല്ലാ തടസങ്ങളും നീങ്ങിയത്. പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും വ്യോമമാര്‍ഗം കര്‍ണാല്‍, കൊല്‍ക്കത്ത, ഹൈദരാബാദ്, ചെന്നൈ, ഹബുകളിലേക്കാണ് വാക്സിന് എത്തിക്കുന്നത്. പിന്നീട് അവിടെനിന്ന് സംസ്ഥാനങ്ങളിലെ 37 വിതരണ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകും.ആരോഗ്യ പ്രവര്‍ത്തകര്‍, ശുചീകരണ തൊഴിലാളികള്‍, പൊലീസുകാര്‍, സൈനികര്‍ തുടങ്ങി മുന്‍ഗണനാ പട്ടികയില്‍ ഉള്ള മൂന്നു കോടി പേര്‍ക്കാണ് വാക്സിന് ആദ്യം ലഭിക്കുക. മുന്‍ഗണനാ പട്ടികയില്‍ ഉള്ളവരുടെ ചിലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്നും പ്രധാനമന്ത്രി ഇന്നലെ മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. 50 വയസിന് മുകളിലുള്ളവരും 50 വയസിന് താഴെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവരും അടങ്ങിയ 27 കോടി പേര്‍ക്കാണ് രണ്ടാം ഘട്ടത്തിലാണ് വാക്സിന് നല്‍കുക. വാക്സിന് വിതരണത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാന മുഖ്യമന്ത്രിമാരുമായി ഇന്ന് കൂടിക്കാഴ്ച നടത്തും.
സംസ്ഥാനത്ത് ഇന്ന് 3110 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു;3922 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 3110 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 443, കോഴിക്കോട് 414, മലപ്പുറം 388, കോട്ടയം 321, കൊല്ലം 236, തിരുവനന്തപുരം 222, ആലപ്പുഴ 186, പാലക്കാട് 176, തൃശൂര്‍ 168, കണ്ണൂര്‍ 160, ഇടുക്കി 141, പത്തനംതിട്ട 131, വയനാട് 76, കാസര്‍ഗോഡ് 48 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന 54 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകൾ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ 6 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 45 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2730 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 295 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 402, കോഴിക്കോട് 397, മലപ്പുറം 377, കോട്ടയം 293, കൊല്ലം 230, തിരുവനന്തപുരം 150, ആലപ്പുഴ 178, പാലക്കാട് 60, തൃശൂര്‍ 162, കണ്ണൂര്‍ 137, ഇടുക്കി 133, പത്തനംതിട്ട 105, വയനാട് 69, കാസര്‍ഗോഡ് 37 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.40 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 8, എറണാകുളം 7, പാലക്കാട് 6, കോഴിക്കോട് 5, കണ്ണൂര്‍ 4, കൊല്ലം, പത്തനംതിട്ട, വയനാട്, കാസര്‍ഗോഡ് 2 വീതം, കോട്ടയം, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3922 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.തിരുവനന്തപുരം 212, കൊല്ലം 299, പത്തനംതിട്ട 281, ആലപ്പുഴ 441, കോട്ടയം 193, ഇടുക്കി 46, എറണാകുളം 485, തൃശൂര്‍ 563, പാലക്കാട് 201, മലപ്പുറം 457, കോഴിക്കോട് 404, വയനാട് 34, കണ്ണൂര്‍ 277, കാസര്‍ഗോഡ് 79 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇന്ന് ഒരു പുതിയ ഹോട്ട് സ്പോട്ടാണുള്ളത്.ഇന്ന് 2 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി.
സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കും;വിനോദ നികുതി ഒഴിവാക്കി;വൈദ്യുത ചാര്‍ജിലും ഇളവ്
തിരുവനന്തപുരം:ചലച്ചിത്ര മേഖലക്ക് ഇളവ് പ്രഖ്യാപിച്ച് സർക്കാർ. സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കും. തിയറ്ററുകള്‍ പൂട്ടിക്കിടന്ന കാലത്തെ നികുതിയാണ് ഒഴിവാക്കുക. തീയേറ്ററുകള്‍ അടഞ്ഞുകിടന്ന പത്തുമാസത്തെ വൈദ്യുതി ഫിക്സഡ് ചാര്‍ജ്ജ് 50 ശതമാനമാക്കി കുറയ്ക്കും. ബാക്കി ഗഡുക്കളായി അടയ്ക്കാന്‍ അനുവദിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.2020 മാര്‍ച്ച് 31നുള്ളില്‍ തീയേറ്ററുകള്‍ തദ്ദേശസ്ഥാപനങ്ങളില്‍ ഒടുക്കേണ്ട വസ്തുനികുതി മാസഗഡുക്കളായി അടക്കാം. പ്രൊഷണല്‍ നികുതിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കില്ല. തദ്ദേശസ്വയംഭരണം, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്, ഫിലിംസ് ഡിവിഷന്, ബില്‍ഡിംഗ് ഫിറ്റ്നസ്, ആരോഗ്യം, ഫയര്‍ഫോഴ്സ് എന്നിവയുമായി ബന്ധപ്പെട്ട വിവിധ ലൈസന്‍സുകളുടെ കാലാവധി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിക്കാനും തീരുമാനിച്ചു.വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് ഭാരവാഹികള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്, കെ.എസ്.ഇ.ബി ചെയര്മാന് എന്‍.എസ്. പിള്ള തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിലാണ് അന്തിമ തീരുമാനം.സംസ്ഥാനത്ത് തീയേറ്ററുകള്‍ ജനുവരി അഞ്ച് മുതല്‍ തുറക്കാനായിരുന്നു സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയത്. അനുമതി ലഭിച്ചിരുന്നെങ്കിലും ഇളവുകള്‍ ലഭിക്കാതെ തുറക്കാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു തിയറ്റര്‍ ഉടമകള്‍.എന്ന് തിയറ്ററുകള്‍ തുറക്കുമെന്ന് ഇന്ന് ചേരുന്ന തിയറ്റര്‍ ഉടമകളുടെ യോഗത്തില്‍ തീരുമാനിക്കും.
കൊവിഡ് വാക്സിനേഷന്;സംസ്ഥാനത്ത് 133 കേന്ദ്രങ്ങൾ;എറണാകുളം ജില്ലയില്‍ 12 കേന്ദ്രങ്ങള്‍; തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങള്‍;മറ്റു ജില്ലകളിൽ 9 കേന്ദ്രങ്ങള്‍ വീതം
തിരുവനന്തപുരം: കൊവിഡ് വാക്സിനേഷന് നല്‍കുന്നതിനുള്ള തിയതി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ 133 കേന്ദ്രങ്ങളുടെ പട്ടിക അതിവേഗത്തില്‍ തയ്യാറാക്കി ആരോഗ്യവകുപ്പ്. എറണാകുളം ജില്ലയില്‍ 12 കേന്ദ്രങ്ങളാണുള്ളത്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങള്‍ വീതം ഉണ്ടാകും. ബാക്കി ജില്ലകളില്‍ 9 കേന്ദ്രങ്ങള്‍ വീതമാണ് ഉണ്ടാകുക.സര്‍ക്കാര്‍ മേഖലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള വിവിധ ആശുപത്രികളേയും ആയുഷ് മേഖലയേയും സ്വകാര്യ ആശുപത്രികളേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.133 കേന്ദ്രങ്ങളിലും വാക്സിനേഷനായി വിപുലമായ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. എല്ലാ കേന്ദ്രങ്ങളിലും വെബ്കാസ്റ്റിംഗ് ഏര്‍പ്പെടുത്തും.ഇതുകൂടാതെ എറണാകുളം ജില്ലാ ആശുപത്രി, പാറശാല താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ ലോഞ്ചിംഗ് ദിനത്തില്‍ ടുവേ കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളും ഏര്‍പ്പെടുത്തും. എല്ലാ കേന്ദ്രങ്ങളും എത്രയും വേഗം സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗത്തിലാണ് ഈമാസം 16 മുതൽ വാക്സിനേഷൻ ആരംഭിയ്ക്കാൻ തീരുമാനിച്ചത്.ആദ്യഘട്ടത്തിൽ പടിയായി മൂന്നുകോടി പേർക്കാണ് വാക്സിൻ നൽകുക. ആരോഗ്യ പ്രവർത്തകർ ഉൾപ്പടെ കൊവിഡ് പ്രതിരോധത്തിന്റെ മുൻനിരയിൽ പ്രവർത്തിക്കുന്നവരെയാണ് ഈ മുന്നുകോടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 30 കോടി പേർക്കാണ് ആദ്യഘട്ടത്തിൽ വാക്സിനേഷൻ നടത്തുന്നത്. അൻപത് വയസിന് മുകളിൽ പ്രായമുള്ളവർ, 50 വയസിൽ താഴെ പ്രായമുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ തുടങ്ങി മുൻഗണന ക്രമത്തിൽ 27 കോടിയോളം പേർക്ക് ആദ്യഘട്ടത്തിന്റെ രണ്ടാം പടിയായി വാക്സിൻ നൽകും.
വാളയാര്‍ കേസ് സിബിഐ അന്വേഷിക്കും; പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു
തിരുവനന്തപുരം:വാളയാര്‍ കേസ് സിബിഐ അന്വേഷിക്കും.മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു.മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയത്. ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് ഉടന്‍തന്നെ കേസ് സിബിഐക്ക് കൈമാറുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാനം കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് കേസ് ഏറ്റെടുക്കണമെന്നുള്ള നിര്‍ദേശം സമര്‍പ്പിക്കും. പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും ദൂരൂഹ സാഹചര്യത്തില്‍ മരിക്കുകയും ചെയ്ത കേസില്‍ പാലക്കാട് പോക്സോ കോടതി പ്രതികളെ വെറുതെ വിട്ടിരുന്നു. പിന്നീട് ഈ വിധി ഹൈക്കോടതി റദ്ദാക്കുകയും പുനര്‍വിചാരണ നടത്താന്‍ ഉത്തരവിടുകയും ചെയ്തിരുന്നു.കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ മാതാവ് കഴിഞ്ഞദിവസം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. കേരള പോലീസ് അന്വേഷിച്ചാല്‍ സത്യം പുറത്തുവരില്ലെന്നും കേസില്‍ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അവസരം ഒരുക്കിയ പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും മാതാവ് ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലുള്ള സിബിഐ അന്വേഷണമാണ് പെണ്‍കുട്ടികളുടെ അമ്മ ആവശ്യപ്പെട്ടത്. കേസ് അട്ടിമറിച്ച പോലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പുറത്താക്കണം. ഡിവൈഎസ്പി സോജന്, എസ്ഐ ചാക്കോ എന്നിവരുടെ ഇടപെടലാണ് കേസ് അട്ടിമറിച്ചത്. ഇവര്‍ക്കെതിരെ നടപടിയെടുത്താലേ സര്‍ക്കാരില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ടാകൂ എന്നും അമ്മ പറഞ്ഞിരുന്നു.2017ലാണ് വാളയാളിലെ സഹോദരിമാര്‍ ആഴ്ചകളുടെ വ്യത്യാസത്തില്‍ ആത്മഹത്യ ചെയ്തത്. ഇരുവരും ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായി എന്ന് തെളിഞ്ഞിരുന്നു.
ജോലിയില്‍ നിന്ന് പിരിച്ചുവിട്ട സ്കൂള്‍ ബസ് ഡ്രൈവര്‍ ഓട്ടോയില്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു
തിരുവനന്തപുരം: സ്വകാര്യ സ്കൂള്‍ ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം മരതൂര്‍ സ്വദേശി ശ്രീകുമാറാണ് മരിച്ചത്.സ്കൂളിന് സമീപം ഓട്ടോറിക്ഷയിലിരുന്ന് തീകൊളുത്തിയാണ് ആത്മഹത്യ ചെയ്തത്. കരിയകം ചെമ്പക സ്കൂളിലെ ജീവനക്കാരനായിരുന്നു ശ്രീകുമാര്‍. കോവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് ആറു മാസം മുൻപ് ശ്രീകുമാറിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.ഇതിന്റെ മനോവിഷമവും സാമ്പത്തിക പ്രയാസങ്ങളുമാണ് ശ്രീകുമാറിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന.
ലോക നിലവാരമുളള ടെന്നീസ് കോര്‍ട്ട് ഇനി കണ്ണൂരിലും
കണ്ണൂർ:ലോക നിലവാരമുളള ടെന്നീസ് കോര്‍ട്ട് ഇനി കണ്ണൂരിലും.പ്ലെക്സി കൂഷ്യന്‍ കോര്‍ട്ടായി ലോക നിലവാരത്തിലേക്ക് ഉയര്‍ത്തിയ കോര്പ്പറേഷന് ഓഫീസിന് സമീപത്തെ ടെന്നീസ് കോര്‍ട്ട് ഇന്നലെ കോര്പ്പറേഷന് മേയര്‍ ടി.ഒ. മോഹനന് നാടിന് സമര്‍പ്പിച്ചു. കണ്ണൂര്‍ ടെന്നീസ് അസോസിയേഷന് 20 ലക്ഷം രൂപ ചിലവിട്ടാണ് കോര്‍ട്ടിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ഇക്കഴിഞ്ഞ ഡിസംബറിലാണ് നവീകരണം ആരംഭിച്ചത്. ചാണകമെഴുകിയ കോര്‍ട്ടില്‍ നിന്ന് ക്ലേ കോര്‍ട്ടിലേക്കും മണല്‍ കോര്‍ട്ടിലേക്കും തുടര്‍ന്ന് ഇന്ന് കാണുന്ന പ്ലെക്സി കൂഷ്യന്‍ കോര്‍ട്ടലേക്കുമുള്ള ഉയര്‍ച്ചയ്ക്ക് പിന്നില്‍ നിരവധി ടെന്നീസ് ആരാധകരുടെ പരിശ്രമമുണ്ട്. 1978ലാണ് തിരുവനന്തപുരം ടെന്നീസ് സ്റ്റേഡിയത്തിന്റെ മാതൃകയില്‍ കണ്ണൂരിലെ ടെന്നീസ് പ്രേമികളുടെ പരിശ്രമത്തിലൂടെ ഇന്നത്തെ ടെന്നീസ് കോര്‍ട്ടിന് തുടക്കമിട്ടത്. കോര്‍ട്ടിന്റെ ആധുനികവത്കരണം 2003ല്‍ ആണ് ആരംഭിച്ചത്. ആസ്സാല്‍ട്ടിന്‍ കോര്‍ട്ടിനെ 2007-ല്‍ ഐക്സി കുഷ്യന് കോര്‍ട്ട് സിന്തറ്റിക്ക് ആയി രൂപപ്പെടുത്തുകയുണ്ടായി. മലബാറിലെ ആദ്യത്തെയും കേരളത്തിലെ രണ്ടാമത്തെയും ലോക നിലവാരത്തിലുള്ള സിന്തറ്റിക്ക് ഐക്സ് കുഷ്യന് കോര്‍ട്ട് ആയിരുന്നു ഇത്. ഈ കാലഘട്ടങ്ങളില്‍ സംസ്ഥാന തലത്തിലും സൗത്ത് ഇന്ത്യ തലത്തിലും ഉള്ള വിവിധ ടൂര്‍ണമെന്റുകള്‍ക്കൊപ്പം നിരവധി ഓള് കേരള വെറ്ററന്‍സ് ടൂര്‍ണമെന്റും ഇവിടെ അരങ്ങേറി. കേരളത്തിലെ തന്നെ ഏറ്റവും മികച്ച ടെന്നീസ് കോര്‍ട്ടുകളില്‍ ഒന്നാണ് കണ്ണൂരിലെ ഈ കോര്‍ട്ട്.
തിയറ്ററുകള്‍ തുറക്കല്‍; സിനിമാ സംഘടനാ പ്രതിനിധികളുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും
തിരുവനന്തപുരം: സിനിമാ സംഘടന പ്രതിനിധികള്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. ചലച്ചിത്ര മേഖലക്കായി ആവശ്യപ്പെട്ട ഇളവുകളെ കുറിച്ച് ചർച്ചചെയ്യാനാണിത് .ഇളവ് ലഭിച്ചില്ലെങ്കില്‍ തിയറ്റര്‍ തുറക്കില്ലെന്നാണ് നിലപാട്. തിരുവനന്തപുരത്ത് വച്ചാണ് ചര്‍ച്ച.കൊവിഡാനന്തരം ചിത്രീകരിച്ച സിനിമകള്‍ക്ക് സബ്സിഡി അനുവദിക്കണം, സിനിമ മേഖലയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണം തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ. വിനോദ നികുതിയും വൈദ്യുതി ഫിക്സഡ് ചാര്‍ജും ഒഴിവാക്കണമെന്നും ആവശ്യമുണ്ട്. നേരത്തെ നടന്ന ചര്‍ച്ചകളില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തെ തുടര്‍ന്നാണ് ഇവ മുഖ്യമന്ത്രി മാറ്റിവച്ചത്. വിജയിയുടെ തമിഴ് സിനിമയായ മാസ്റ്റര്‍ പ്രദര്‍ശിപ്പിക്കില്ലെന്നാണ് നിലവില്‍ തിയറ്റര്‍ ഉടമകളുടെ നിലപാട്.അതേസമയം നിര്‍മാതാക്കളുടെ യോഗം കൊച്ചിയില്‍ വിളിച്ചു. നിര്‍മാണം പൂര്‍ത്തിയായതും ചിത്രീകരിച്ചതുമായ സിനിമകളുടെ നിര്‍മാതാക്കളുടെ നിലപാട് അറിയാനാണ് യോഗം. തിയറ്ററുകള്‍ക്ക് സിനിമ നല്കാന് താത്പര്യമുള്ളവരും ഇവര്‍ക്കിടയിലുണ്ട്. പൊതു അഭിപ്രായം രൂപീകരിക്കുന്നതിനായാണ് യോഗം ചേരുന്നത്.
കോവിഡ് വാക്സിന് വിതരണം; പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ഇന്ന് ചർച്ച നടത്തും
ന്യൂ ഡല്‍ഹി: കൊവിഡ് വാക്സിന് വിതരണത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുമായി ഇന്ന് ചർച്ച നടത്തും.വൈകിട്ട് 4 മണിയ്ക്കാണ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തുന്നത്. വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ചര്‍ച്ച നടത്തുന്നത്.ചര്‍ച്ചയില്‍ സംസ്ഥാനങ്ങളിലെ വാക്സിനേഷന് സംബന്ധിച്ച തയ്യാറെടുപ്പുകള്‍ പ്രധാനമന്ത്രി വിലയിരുത്തും. തുടര്‍ന്ന് പ്രധാനമന്ത്രി വാക്സിനേഷന് സംബന്ധിച്ച കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ വിശദീകരിയ്ക്കും.വാക്സിന് ഉപയോഗം തുടങ്ങാനിരിക്കെ സംസ്ഥാനങ്ങളുടെ ആശങ്കകളും അവ്യക്തതകളും പരിഹരിയ്ക്കാനാണ് യോഗം ചേരുന്നത്.അതേസമയം, വാക്സിനേഷന് മുന്നോടിയായി ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബെ ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ ഏറെ ഉള്ളതും രോഗബാധ രൂക്ഷവുമായ കേരളത്തിനും മഹാരാഷ്ട്രയ്ക്കും കൂടുതല്‍ വാക്സിന് ലഭിക്കുമെന്നാണ് സൂചന.അതേസമയം കേരളത്തിലെ കൊവിഡ് വ്യാപനം പഠിക്കാനെത്തിയ കേന്ദ്രസംഘം ഇന്ന് ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 11 മണിക്ക് നടക്കുന്ന കൂടിക്കാഴ്ചയില്‍ ആരോഗ്യ സെക്രട്ടറിയും പങ്കെടുക്കും.കൊവിഡ് വ്യാപനം വര്‍ധിക്കാനുള്ള സാഹചര്യം, ചികിത്സ തുടരേണ്ട രീതി തുടങ്ങിയ കാര്യങ്ങളില്‍ കൂടിക്കാഴ്ചയില്‍ തീരുമാനമാകും.