ഡല്‍ഹി അക്രമം;പരിക്കേറ്റത് 86 പോലീസുകാര്‍ക്ക്,15 പേര്‍ക്കെതിരേ കേസ്

keralanews delhi conflict 86 police officers injured case charged against 15

ന്യൂഡല്‍ഹി:കാർഷിക ബില്ലിനെതിരെ നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി റിപ്പബ്ലിക്ക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍റാലിയുമായി ബന്ധപ്പെട്ട് നടന്ന അക്രമത്തില്‍ 86 പോലീസുകാര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ ഡല്‍ഹി പോലീസ് 15 കേസുകൾ രെജിസ്റ്റർ ചെയ്തിട്ടുണ്ട്. എട്ട് ബസുകളും 17 സ്വകാര്യ വാഹനങ്ങള്‍ക്കും കേടുപാടു പറ്റി. മുകര്‍ബാ ചൗക്ക്, ഗാസിപുര്‍, ഐടിഓ, സീമാപുരി, നാംഗ്‌ളോയി ടി പോയിന്റ്, ടിക്രി ബോര്‍ഡര്‍, റെഡ്‌ഫോര്‍ട്ട് എന്നിവിടങ്ങളിലെല്ലാം അക്രമം നടന്നു. ഗാസിപൂര്‍, ടിക്രി, സിംഗു അതിര്‍ത്തി എന്നിവിടങ്ങളില്‍ കര്‍ഷകര്‍ ബാരിക്കേഡുകള്‍ തകര്‍ത്തു.പല തവണ കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തിയ ഡല്‍ഹി പോലീസ് സമാധാനപരമായ റാലി എന്ന ഉറപ്പിന്മേലായിരുന്നു സംയുക്ത കിസാന്‍ മോര്‍ച്ചയ്ക്ക് റാലി നടത്താന്‍ അനുമതി നല്‍കിയത്. എന്നാല്‍ റാലി തുടങ്ങിയ രാവിലെ എട്ടു മണിയോടെ തന്നെ സംഘര്‍ഷങ്ങളും തുടങ്ങുകയായിരുന്നു. 8.30 യോടെ 6000 – 7000 ട്രാക്ടറുകള്‍ സിംഗു അതിര്‍ത്തിയില്‍ നിന്നും സെന്‍ട്രല്‍ ഡല്‍ഹിയിലേക്ക് പോകാന്‍ തുടങ്ങി. വാളും കൃപാണും ഉള്‍പ്പെടെ ആയുധധാരികളായ വിഭാഗമായിരുന്നു കര്‍ഷകരെ നയിച്ചത്.ഇവര്‍ മുകര്‍ബ ചൗക്കിനും ട്രാന്‍സ്‌പോര്‍ട്ട് നഗറിനും ഇടയിലും വെച്ചിരുന്ന ബാരിക്കേഡുകള്‍ ഒന്നൊന്നായി തകര്‍ക്കുകയും പോലീസിനെ ആക്രമിക്കുകയും ചെയ്തതായും പോലീസ് പറയുന്നു. ഗാസിപൂരില്‍ നിന്നും സിംഗു അതിര്‍ത്തിയില്‍ നിന്നും വന്ന കര്‍ഷകരുടെ ഒരു വലിയ കൂട്ടം പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഇരിക്കുന്നിടത്തേക്കും ഓടിക്കയറി.ഇവരെ തടയാന്‍ ശ്രമിച്ചതാണ് അക്രമത്തിന് കാരണമായി മാറിയതെന്നും പോലീസ് പറയുന്നു. വൈകുന്നേരത്തോടെയാണ് കര്‍ഷകര്‍ ട്രാക്ടര്‍ റാലി അവസാനിപ്പിച്ചത്. പോലീസ് നിര്‍ദേശം അവഗണിച്ചും അക്രമം നടത്തല്‍, കലാപം, പൊതുമുതല്‍ നശിപ്പിക്കല്‍, നിയമപാലകരെ ഡ്യൂട്ടി തടസ്സപ്പെടുത്തി ക്രൂരമായി മര്‍ദ്ദിക്കല്‍ തുടങ്ങിയ കേസുകളും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.നിലവില്‍ കര്‍ഷക സമരക്കാര്‍ സമര ഭൂമിയിലേക്ക് തന്നെ മടങ്ങിയിട്ടുണ്ട്. സംഘര്‍ഷത്തിനിടെ ഒരു കര്‍ഷകര്‍ മരിച്ചിരുന്നു. പോലീസ് വെടിയേറ്റാണ് മരിച്ചതെന്ന കര്‍ഷകര്‍ ആരോപിച്ചു. എന്നാല്‍ ട്രാക്ടര്‍ മറിഞ്ഞാണ് മരിച്ചതെന്ന് പോലീസ് പറയുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസ് പുറത്തുവിട്ടു.

തിരുവനന്തപുരം കല്ലമ്പലത്ത് കാറും മീന്‍ ലോറിയും കൂട്ടിയിടിച്ച്‌ അഞ്ചുപേർ മരിച്ചു

keralanews five persons killed car collided with fish lorry at kallambalam thiruvananthapuram

തിരുവനന്തപുരം:കല്ലമ്പലം തോട്ടയ്ക്കാട് കാറും മീന്‍ ലോറിയും കൂട്ടിയിടിച്ച്‌ അഞ്ചുപേർ മരിച്ചു.കാർ യാത്രക്കാരായ കൊല്ലം ചിറക്കര സ്വദേശികളായ വിഷ്ണു, രാജീവ്, അരുണ്‍, സുധീഷ് എന്നിവരാണ് മരിച്ചത്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തെ തുടര്‍ന്ന് കാര്‍ കത്തി നശിച്ചു. സംഭവത്തില്‍ മീന്‍ ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.ചൊവ്വാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്ന കാറും കൊല്ലത്തേക്ക് പോകുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. മരിച്ച രണ്ടുപേരുടെ മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലും രണ്ടു പേരുടേത് വലിയ കുന്ന് ആശുപത്രിയിലും ഒരാളുടെത് പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണുള്ളത്. അപകടം നടന്ന ഉടനെ പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും സ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. രണ്ട് പേര്‍ അപകട സ്ഥലത്തുവെച്ചും മറ്റ് മൂന്നുപേര്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്.

സംസ്ഥാനത്ത് ഇന്ന് 6293 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;5290 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

keralanews 6293 covid cases confirmed today in kerala 5290 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 6293 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.എറണാകുളം 866, കോട്ടയം 638, കൊല്ലം 597, തൃശൂര്‍ 579, പത്തനംതിട്ട 552, തിരുവനന്തപുരം 525, മലപ്പുറം 511, ആലപ്പുഴ 481, കോഴിക്കോട് 466, കണ്ണൂര്‍ 305, പാലക്കാട് 259, വയനാട് 245, ഇടുക്കി 184, കാസര്‍ഗോഡ് 85 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു.കഴിഞ്ഞ 24 മണിക്കൂറിനിടെ 60,315 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.43 ആണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5741 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 426 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 836, കോട്ടയം 589, കൊല്ലം 592, തൃശൂര്‍ 565, പത്തനംതിട്ട 506, തിരുവനന്തപുരം 389, മലപ്പുറം 486, ആലപ്പുഴ 471, കോഴിക്കോട് 449, കണ്ണൂര്‍ 233, പാലക്കാട് 135, വയനാട് 232, ഇടുക്കി 179, കാസര്‍ഗോഡ് 79 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.48 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 16, എറണാകുളം 7, കോഴിക്കോട് 6, വയനാട് 5, തൃശൂര്‍ 4, തിരുവനന്തപുരം, കോട്ടയം 3 വീതം, പത്തനംതിട്ട 2, കൊല്ലം, ഇടുക്കി 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 5290 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 372, കൊല്ലം 333, പത്തനംതിട്ട 806, ആലപ്പുഴ 226, കോട്ടയം 564, ഇടുക്കി 154, എറണാകുളം 881, തൃശൂര്‍ 485, പാലക്കാട് 185, മലപ്പുറം 261, കോഴിക്കോട് 475, വയനാട് 264, കണ്ണൂര്‍ 139, കാസര്‍ഗോഡ് 145 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 10 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 402 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

എട്ടുവർഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്ക് പ്രത്യേക നികുതി ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രം

keralanews center plans to impose a special tax on vehicles older than eight years

ന്യൂഡൽഹി:എട്ടുവർഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്ക് പ്രത്യേക നികുതി ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രം.വായുമലിനീകരണവുമായി ബന്ധപ്പെട്ടാണ് പഴയവാഹനങ്ങൾക്ക് ‘ഗ്രീന്‍ ടാക്‌സ്’ ഏര്‍പ്പെടുത്താന്‍ കേന്ദ്രം ഒരുങ്ങുന്നത്. നിര്‍ദ്ദേശത്തിന് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അംഗീകാരം നല്‍കിയിട്ടുണ്ട്. കാലപ്പഴക്കം ചെന്ന, വായുമലിനീകരണത്തിനു കാരണമാകുന്ന വാഹനങ്ങള്‍ മാറ്റി പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ ആളുകളെ പ്രേരിപ്പിക്കുക എന്നതാണ് പ്രത്യേക ടാക്‌സിന്റെ ലക്ഷ്യം.നിര്‍ദ്ദേശം സംസ്ഥാനങ്ങള്‍ക്ക് അയച്ചിട്ടുണ്ട്. സംസ്ഥാനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ചാവും വ്യവസ്ഥ സംബന്ധിച്ച്‌ വിജ്ഞാപനം പുറത്തിറക്കുക. 15 വര്‍ഷത്തിലധികം പഴക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ പിന്‍വലിച്ച്‌ നശിപ്പിക്കും. അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ ഇത് നടപ്പായിത്തുടങ്ങും.റോഡ് ടാക്‌സിന്റെ 10 മുതല്‍ 25 ശതമാനം വരെ തുകയാവും ഗ്രീന്‍ ടാക്‌സ് ആയി ഈടാക്കുക. ഫിറ്റ്‌നസ് പുതുക്കുന്ന സമയത്ത് വാഹനം 8 വര്‍ഷത്തിലധികം പഴക്കമുള്ളതാണെന്ന് കണ്ടെത്തിയാല്‍ നികുതി ഈടാക്കും. ഉയര്‍ന്ന വായുമലിനീകരണമുള്ള സ്ഥലങ്ങളില്‍ റീ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് റോഡ് ടാക്‌സിന്റെ 50 ശതമാനം വരെ നികുതിയും ഈടാക്കിയേക്കും.ഉപയോഗിക്കുന്ന ഇന്ധനവും വാഹനവും പരിഗണിച്ച്‌ നികുതി വ്യത്യാസപ്പെടുകയോ ഒഴിവാക്കുകയോ ചെയ്യും. എല്‍പിജി, എതനോള്‍ തുടങ്ങിയ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങളും ഇലക്‌ട്രിക്, ഹൈബ്രിഡ് വാഹനങ്ങളും നികുതിയില്‍ നിന്ന് ഒഴിവായേക്കും. കൃഷിക്ക് ഉപയോഗിക്കുന്ന വാഹനങ്ങളെയും നികുതിയില്‍ നിന്ന് ഒഴിവാക്കും. സ്വകാര്യ വാഹനങ്ങള്‍ക്ക് പതിനഞ്ച് വര്‍ഷം കഴിഞ്ഞ് മാത്രമേ ഗ്രീന്‍ ടാക്‌സ് ചുമത്തുകയുള്ളൂ.

സംഘർഷം;ഡല്‍ഹിയില്‍ പലയിടങ്ങളിലും ഇന്‍റര്‍നെറ്റ് വിച്ഛേദിച്ചു;മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു

keralanews clash internet cut off in several parts of delhi metro stations closed

ന്യൂഡല്‍ഹി: കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ റാലി അക്രമാസക്തമായതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ കടുത്ത നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി പോലീസ്. ഡല്‍ഹി നഗരം ഒന്നടങ്കം കര്‍ഷകര്‍ വളഞ്ഞതോടെ വിവിധ ഭാഗങ്ങളില്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ താത്കാലികമായി വിച്ഛേദിച്ചിരിക്കുന്നത്. സമര കേന്ദ്രങ്ങളായിട്ടുള്ള ഡല്‍ഹിയുടെ വിവിധ അതിര്‍ത്തികളിലും ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിട്ടുണ്ട്.ഡല്‍ഹി മെട്രോയുടെ വിവിധ സ്‌റ്റേഷനുകളും അടച്ചു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഗ്രേ ലൈനിലെ എല്ലാ സ്റ്റേഷനുകളുടേയും പ്രവേശന കവാടങ്ങള്‍ അടച്ചിട്ടതായി ഡല്‍ഹി മെട്രോ അറിയിച്ചു. സെന്‍ട്രല്‍, വടക്കന്‍ ഡല്‍ഹിയിലെ പത്തോളം സ്‌റ്റേഷനുകള്‍ അടച്ചിട്ടുണ്ട്. സെന്‍ട്രല്‍ ഡല്‍ഹിയിലേക്കുള്ള വിവിധ റോഡുകളും നേരത്തെ പൊലിസ് അടച്ചുപൂട്ടിയിരുന്നു.

റിപബ്ലിക് ദിനത്തിലെ കര്‍ഷക റാലിക്കിടെ വലിയ രീതിയില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു. ചെങ്കോട്ട പിടിച്ചെടുത്ത കര്‍ഷകര്‍ അവിടെ കൊടി ഉയര്‍ത്തി. ഡല്‍ഹി ഐ.ടി.ഒയില്‍ സംഘര്‍ഷത്തിനിടെ ഒരു കര്‍ഷകന്‍ മരിച്ചു. പൊലീസിന്‍റെ വെടിവെപ്പിനിടെയാണ് കര്‍ഷകന്‍ മരിച്ചതെന്ന് കര്‍ഷകര്‍ പറഞ്ഞു. എന്നാല്‍ വെടിവെച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.ഡല്‍ഹിയിലെ നിരവധി സ്ഥലങ്ങളില്‍ പൊലീസ് സേനയും പ്രതിഷേധിച്ച കര്‍ഷകരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായതിനാല്‍ നിയമം കൈയിലെടുക്കരുതെന്നും സമാധാനം നിലനിര്‍ത്തണമെന്നും ഡല്‍ഹി പോലീസ് കര്‍ഷകരോട് അഭ്യര്‍ത്ഥിച്ചു. ട്രാക്ടര്‍ റാലി പരേഡിനായി മുന്‍കൂട്ടി തീരുമാനിച്ച റൂട്ടുകളിലേക്ക് തിരിച്ചുപോകാനും പോലീസ് കര്‍ഷകരോട് ആവശ്യപ്പെട്ടു.

കർഷക റാലിയിൽ സംഘർഷം;ഡല്‍ഹിയില്‍ ഒരു കര്‍ഷകന്‍ മരിച്ചു;വെടിയേറ്റ് മരിച്ചെന്ന് കര്‍ഷകര്‍

keralanews one farmer died in farmers rally in delhi

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡില്‍ ഡല്‍ഹി ഐടിഒയില്‍ കര്‍ഷകരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു കര്‍ഷകന്‍ മരിച്ചു. പോലീസ് വെടിവെപ്പിനേത്തുടര്‍ന്നാണ് കര്‍ഷകന്‍ മരിച്ചതെന്ന് കര്‍ഷകര്‍ ആരോപിച്ചു.എന്നാല്‍ ഇക്കാര്യത്തില്‍ പോലീസിന്റെ ഭാഗത്തുനിന്ന് സ്ഥിരീകരണം ഉണ്ടായിട്ടില്ല.ഐടിഒയില്‍ കേന്ദ്ര സേനയും നിലയുറപ്പിച്ചിട്ടുണ്ട്. മരിച്ച കര്‍ഷകന്റെ മൃതദേഹം സംഭവ സ്ഥലത്ത് നിന്ന് പോലീസ് കൊണ്ടുപോയെന്ന് കര്‍ഷകര്‍ പറയുന്നു. അതെ സമയം കര്‍ഷകന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച ദേശീയ മാധ്യമപ്രവര്‍ത്തകരെ കര്‍ഷകര്‍ തടഞ്ഞു. കേന്ദ്ര സര്‍ക്കാരിനെ അനുകൂലിക്കുന്നു എന്നാരോപിച്ചാണ് കര്‍ഷകര്‍ മാധ്യമങ്ങളെ തടഞ്ഞത്.ട്രാക്ടര്‍ റാലിക്കിടെ പലയിടത്തും സംഘര്‍ഷമുണ്ടായി. പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. വിവിധ സ്ഥലങ്ങളില്‍ ലാത്തിച്ചാര്‍ജും നടന്നു. മൂന്നു വഴികളാണ് മാര്‍ച്ച്‌ നടത്താനായി ഡല്‍ഹി പൊലീസ് കര്‍ഷകര്‍ക്ക് അനുവദിച്ചിരുന്നത്. എന്നാല്‍ ആറിടങ്ങളില്‍ നിന്ന് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പ്രവേശിച്ചതാണ് സംഘര്‍ഷത്തിന് കാരണം. കര്‍ഷക സമരത്തില്‍ പങ്കെടുക്കാത്തവരും ട്രാക്ടര്‍ റാലിക്ക് എത്തിയിട്ടുണ്ടെന്നാണ് സൂചന.സിംഘുവില്‍ നിന്ന് ഗാസിപൂര്‍ വഴി യാത്രതിരിച്ച സംഘമാണ് ആദ്യം ഡല്‍ഹിയിലെത്തിയത്. പ്രഗതി മൈതാനിലാണ് ഇവര്‍ എത്തിയത്. റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് ശേഷം വൈകുന്നേരം അഞ്ചുമണിവരെയാണ് റാലി നടത്താന്‍ ഡല്‍ഹി പൊലീസ് സമയം അനുവദിച്ചിരിക്കുന്നത്. നേരത്തെ, ഗാസിപ്പൂരില്‍ പൊലീസും കര്‍ഷകരും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. റിങ് റോഡില്‍ക്കൂടി കടന്നുപോകാന്‍ ശ്രമിച്ച കര്‍ഷകരെ പൊലീസ് തടഞ്ഞതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

കര്‍ഷക മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം;ചെങ്കോട്ടയ്ക്ക് മുകളിൽ കൊടിയുയർത്തി കർഷകർ

keralanews clash in farmers march farmers hoist flags over red fort

ന്യൂഡൽഹി:കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന ട്രാക്‌ടര്‍ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. ചെങ്കോട്ടയ്ക്ക് മുകളില്‍ കയറി കൊടിയുയര്‍ത്തി കര്‍ഷകര്‍ പ്രതിഷേധമറിയിച്ചു.അതേസമയം, ഡല്‍ഹി നഗര ഹൃദയത്തിലേക്ക് കടന്നത് തങ്ങളുടെ കൂട്ടത്തിലുള്ളവരല്ലെന്ന് സംയുക്ത സമരസമിതി പറഞ്ഞു. വിലക്ക് ലംഘിച്ച്‌ നഗരത്തിലേക്ക് കടന്നത് ബി കെ യു ഉഗ്രഹാന്‍, കിസാന്‍ മസ്ദൂര്‍ സംഘ് എന്നിവരാണ് എന്ന് സംയുക്ത സമരസമിതി പ്രസ്താവനയില്‍ വ്യക്തമാക്കി. ഡല്‍ഹി പൊലീസ് അനുവദിച്ച്‌ നല്‍കിയ മൂന്നു റൂട്ടുകള്‍ അംഗീകരിക്കാത്ത ഇവര്‍ രാവിലെ എട്ടുമണിയോടെ ട്രാക്ടറുകളുമായി പുറപ്പെടുകയായിരുന്നു എന്ന് സംയുക്ത സമര സമിതി നേതാക്കള്‍ വ്യക്തമാക്കി. പ്രതിഷേധക്കാര്‍ ഇന്ത്യാ ഗേറ്റ് ലക്ഷ്യമാക്കി നീങ്ങുകയാണ്. ആയിരക്കണക്കിന് കര്‍ഷകരാണ് ചെങ്കോട്ടയിലെത്തിയത്.വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വത്തിലുള്ള കര്‍ഷകരുടെ ട്രാക്ടര്‍ മാർച്ചിന് നേരെ പോലീസ് ലാത്തിചാര്‍ജ് നടത്തി. പൊലീസുകാര്‍ക്ക് നേരെ വാഹനം ഓടിച്ച്‌ കയറ്റിയതോടെയാണ് പൊലീസും തിരിച്ച്‌ തല്ലാനൊരുങ്ങിയത്. നൂറുകണക്കിന് ട്രാക്ടറുകളിലായാണ് കര്‍ഷകര്‍ മാര്‍ച്ച്‌ നടത്തുന്നത്.സിംഘു ത്രിക്രി അതിര്‍ത്തികളിലൂടെയാണ് കര്‍ഷകര്‍ നഗരത്തിലേക്ക് പ്രവേശിച്ചത്. പലതരത്തിലുള്ള ആയുധങ്ങളും വാഹനത്തിലുണ്ട്. കര്‍ഷകരുടെ പണിയായുധങ്ങളായ കലപ്പ, വടിവാള്‍, അരിവാള്‍, തൂമ്പ തുടങ്ങിയ കാര്‍ഷിക ആയുധങ്ങളാണ് ട്രാക്ടറുകളില്‍ ഉള്ളത്. ഒരു പരേഡ് എന്ന രീതിയില്‍ തന്നെയാണ് കര്‍ഷകര്‍ ട്രാക്ടര്‍ റാലി നടത്തുന്നത്. മാര്‍ച്ച്‌ തടയാനായി പോലീസ് സിംഘു അതിര്‍ത്തിയില്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ തകര്‍ത്താണ് കര്‍ഷകര്‍ ഡല്‍ഹിയില്‍ പ്രവേശിച്ചത്.ഇതോടെ റോഡില്‍ കുത്തിയിരുന്ന് പൊലീസ് പ്രതിരോധം തീര്‍ക്കാന്‍ ശ്രമിച്ചു. കര്‍ഷകരും പൊലീസും തമ്മില്‍ കല്ലേറുണ്ടായി. സെന്‍ട്രല്‍ ഡല്‍ഹിയില്‍ പൊലീസിനെ ആക്രമിക്കുകയും പൊലീസ് വാഹനം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെ കര്‍ഷകരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. മിക്കയിടങ്ങളിലും ചെറിയരീതിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്.സെന്‍ട്രല്‍ ഡല്‍ഹിയിലെ ഐടിഒക്ക് നേരെ ആക്രമണമുണ്ടായി. നിരവധി ബസ്സുകള്‍ പ്രതിഷേധത്തിനിടെ തകര്‍ക്കപ്പെട്ടു. പൊലീസ് കര്‍ഷകരുടെ ട്രാക്ടറുകളുടെ കാറ്റഴിച്ചു വിടുകയും ചെയ്തു.റാലിയില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലേക്ക് കര്‍ഷകരുടെ പ്രവാഹമാണ്. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സിംഘു, തിക്രി, ഗാസിപൂര്‍ അതിര്‍ത്തികളില്‍ കര്‍ഷക സംഘടനകളും പൊലീസും മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ചു.

കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന മാര്‍ച്ച്‌ പൊലീസ് തടഞ്ഞു;കര്‍ഷകര്‍ക്ക് നേരെ കണ്ണീര്‍വാതകം പ്രയോഗിച്ചു

keralanews police block farmers march against agriculture bills use tear gas against farmers

ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന മാര്‍ച്ച്‌ പൊലീസ് തടഞ്ഞു. പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. റിപ്പബ്ലിക് ദിന പരേഡിന് ശേഷം റാലി നടത്താണ് അധികൃതര്‍ അനുമതി നല്‍കിയതെങ്കിലും, നിശ്ചയിച്ച സമയത്തിലും നേരത്തെയാണ് കര്‍ഷകര്‍ മാര്‍ച്ച്‌ ആരംഭിച്ചത്.ഗാസിപ്പൂരില്‍ ഭാരതീയ കിസാര്‍ യൂണിയന്റെ നേതൃത്വത്തിലുള്ള കര്‍ഷകര്‍ക്ക് നേരെയാണ് കണ്ണീര്‍ വാതകം പ്രയോഗിച്ചത്. കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച്‌ തുടങ്ങിയപ്പോഴായിരുന്നു കണ്ണീര്‍വാതകം പ്രയോഗിച്ചത്.ആദ്യം പിന്തിരിഞ്ഞ് ഓടിയെങ്കിലും കര്‍ഷകര്‍ സംഘടിച്ചെത്തി ഡല്‍ഹിയിലേക്കുള്ള മാര്‍ച്ച്‌ വീണ്ടും ആരംഭിച്ചു.നേരത്തെ നിശ്ചയിച്ചിരുന്ന പാതയില്‍ നിന്നു വ്യതിചലിച്ചായിരുന്നു കര്‍ഷകരുടെ മാര്‍ച്ച്‌. ട്രാക്ടറുകളിലെത്തിയ കര്‍ഷകര്‍ ബാരിക്കേഡുകള്‍ മറികടക്കുകയായിരുന്നു. കര്‍ഷകര്‍ വാഹനം തടഞ്ഞതോടെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയായിരുന്നു.

ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ മകളുടെ ചിത്രത്തില്‍ അശ്ലീല കമന്റ്;പേരാമ്പ്ര സ്വദേശി അജ്‌നാസിനെതിരെ കേസെടുത്ത് പോലീസ്

keralanews bad comment on bjp state president k surendrans daughters picture police filed case against perambra native ajnas

കോഴിക്കോട്: ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ മകളുടെ ചിത്രത്തില്‍ അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത് അധിക്ഷേപിച്ച സംഭവത്തില്‍ പേരാമ്പ്ര സ്വദേശി അജ്നാസിനെതിരെ പോലീസ് കേസെടുത്തു. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് വി.കെ.സജീവന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.സ്ത്രീകളെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന ഇത്തരം സമൂഹവിരുദ്ധര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.ബാലിക ദിനത്തില്‍ എന്റെ മകള്‍ എന്റെ അഭിമാനം എന്ന കുറിപ്പോടെയാണ് കെ.സുരേന്ദ്രന്‍ മകളുമൊത്തുള്ള ചിത്രം ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്. ഇതിന് താഴെയാണ് അജ്നാസ് എന്നയാള്‍ പ്രവാസി മകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള കമന്റിട്ടത്. സുരേന്ദ്രന്റെ മകളെ അധിക്ഷേപിച്ചതിനും പോലീസ് കേസെടുക്കാന്‍ വൈകുന്നതിനുമെതിരേ ബി.ജെ.പി. നേതാക്കള്‍ രംഗത്തെത്തിയിരുന്നു.കെ. സുരേന്ദ്രന്റെ മകളെ അവഹേളിച്ചതിന് പുറമെ അജ്നാസ് തുടര്‍ച്ചയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വികൃതമാക്കുകയും ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളിലൂടെയുള്ള ഇത്തരം പ്രവര്‍ത്തികള്‍ തുടര്‍ന്നതോടെയാണ് യുവമോര്‍ച്ച പ്രതിഷേധവുമായി രംഗത്തെത്തിയത്. അജ്നാസിന്റ വീട്ടില്‍ പ്രതിഷേധം തുടര്‍ന്നതോടെ സംഭവത്തില്‍ മാപ്പ് പറഞ്ഞ് അജ്നാസിന്റെ പിതാവ് രംഗത്തെത്തി.തന്റെ മകന്‍ ആരെയെങ്കിലും മോശമായി ചിത്രീകരിച്ചിട്ടുണ്ടെങ്കില്‍ പരസ്യമായി മാപ്പ് പറയുന്നെന്ന് അദേഹം പറഞ്ഞു. ഇതിനിടെ തന്റെ അക്കൗണ്ടിലൂടെയല്ല പോസ്റ്റുകള്‍ വന്നതെന്നും ഫെയ്ക്ക് ഐഡിയാണിതെന്നും അജ്നാ സ് പ്രതികരിച്ചു. എന്നാല്‍ ഇയാള്‍ സ്ഥിരമായി ഉപയോഗിക്കുന്ന അക്കൗണ്ടാണെന്ന് വ്യക്തമായിട്ടുണ്ട്. ഇപ്പോള്‍ ഫേസ്ബുക്ക് ഐഡി ഡിലീറ്റ് ചെയ്ത നിലയിലാണ്.

കർഷകസമരം;പൊലീസ് ബാരിക്കേഡ് മറികടന്ന് സിംഗുവില്‍ നിന്ന് ട്രാക്ടര്‍ റാലി ഡല്‍ഹിയിലേക്ക് പ്രവേശിച്ചു

keralanews farmers strike tractor rally crossed the police barricade and entered delhi from singhu

ന്യൂഡൽഹി:പൊലീസ് ബാരിക്കേഡ് മറികടന്ന് സിംഗുവില്‍ നിന്ന് കര്‍ഷകരുടെ ട്രാക്ടര്‍ റാലി ഡല്‍ഹിയിലേക്ക് പ്രവേശിച്ചതായി റിപ്പോര്‍ട്ട്. സിംഗുവില്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകളാണ് കര്‍ഷകര്‍ നീക്കിയത്. കൂടാതെ ഡല്‍ഹി – ഹരിയാന അതിര്‍ത്തിയായ തിക്രിയിലും കര്‍ഷകര്‍ ബാരിക്കേഡുകള്‍ മറികടന്ന് ഡല്‍ഹിയിലേക്ക് പ്രവേശിച്ചു. കര്‍ഷകരെ പിന്തിരിപ്പിക്കാനുള്ള പൊലീസ് ശ്രമം പരാജയപ്പെട്ടുവെന്നാണ് വിവരം.ഒരേസമയം ഡല്‍ഹിയിലും ഹരിയാനയിലുമായി ആറ് മേഖലകളിലാണ് ട്രാക്ടറുകള്‍ റാലി നടത്തുക. അയ്യായിരം ട്രാക്ടറുകള്‍ക്കാണ് റാലിയില്‍ പൊലീസ് അനുമതി എന്നാല്‍ ഒരു ലക്ഷം ട്രാക്ടറുകള്‍ പങ്കെടുക്കുമെന്നാണ് കര്‍ഷകസംഘടനകളുടെ പ്രഖ്യാപനം.ഒരു ലക്ഷം ട്രാക്ടറുകളിലായി സ്ത്രീകള്‍ അടക്കം 4 ലക്ഷത്തില്‍ അധികം കര്‍ഷകര്‍ പങ്കെടുക്കും. സിങ്കു, തിക്രി, ഗാസിപുര്‍ എന്നിവടങ്ങളില്‍ നിന്നാണ് പരേഡ് ആരംഭിക്കുക. നിലവില്‍ നല്‍കിയിരിക്കുന്ന റൂട്ട് മാപ്പ് അനുസരിച്ച്‌ റാലി തീരാന്‍ 48 മണിക്കൂര്‍ വേണ്ടി വരുമെന്നാണ് വിലയിരുത്തല്‍.പുറത്ത് നിന്ന് ആളുകള്‍ നുഴഞ്ഞു കയറിയെന്ന സംശയമുള്ളതിനാല്‍ കടുത്ത നിയന്ത്രണത്തിലായിരിക്കും റാലി നടക്കുക. ഡല്‍ഹി പിടിച്ചടക്കുകയല്ല, കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ രാജ്യത്തെ ജനങ്ങളുടെ പിന്തുണ ആര്‍ജ്ജിക്കുകയാണ് ട്രാക്ടര്‍ പരേഡിന്റെ ലക്ഷ്യമെന്ന് കര്‍ഷകര്‍ പറഞ്ഞു.