കൊവിഡ് വ്യാപനം വര്‍ദ്ധിക്കാന്‍ കാരണം തദ്ദേശ തിരഞ്ഞെടുപ്പ്;പുറത്തുവിടുന്ന കണക്കുകൾ കൃത്യമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ

keralanews covid spread increase is due to local body election figures released were accurate said k k shylaja

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന് കേരളത്തെ കുറ്റപ്പെടുത്തുന്നത് കാര്യങ്ങള്‍ വിശകലനം ചെയ്യാതെയാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. തദ്ദേശ തിരഞ്ഞെടുപ്പ് രോഗവ്യാപനത്തിന് കാരണമായി. രോഗനിയന്ത്രണത്തിന് സംസ്ഥാനത്ത് പൊലീസ് നടപടി ശക്തമാക്കുമെന്ന് മന്ത്രി അറിയിച്ചു. രോഗപരിശോധന കേരളത്തില്‍ കുറവല്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു.അതേസമയം രാജ്യത്തെ 70 ശതമാനം കൊവിഡ് കേസുകളും കേരളത്തിലും മഹാരാഷ്‌ട്രയിലുമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,556 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. ഇതുവരെ രാജ്യത്ത് ജനിതകമാ‌റ്റം സംഭവിച്ച 153 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 123 മരണങ്ങളുണ്ടായി. ഇതില്‍ 20 എണ്ണം കേരളത്തിലാണ്.ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങള്‍ 1,53,847 ആയി ഉയര്‍ന്നിരിക്കുകയാണ്.രാജ്യത്താകെ കൊവിഡ് കുറയുന്നുണ്ടെങ്കിലും കേരളത്തില്‍ വ്യാപനം വര്‍ദ്ധിക്കുകയാണ്. ഒരാഴ്‌ചയ്‌ക്കിടെ 1,05,533 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 41,918ഉം കേരളത്തിലാണ്. ആകെ രോഗികളില്‍ 39.7 ശതമാനവും കേരളത്തിലാണ്. രാജ്യത്ത് ഒരാഴ്‌ച‌യ്‌ക്കിടെ 18568 രോഗികളുടെ എണ്ണം കുറഞ്ഞപ്പോള്‍ കേരളത്തില്‍ 2463 പേര്‍ വര്‍ദ്ധിച്ചു

കര്‍ഷകസംഘടനകളുടെ പാർലമെന്റ് മാർച്ച് മാറ്റിവച്ചു

keralanews parliament march of farmers organizations adjourned

ന്യൂഡൽഹി:ഫെബ്രുവരി ഒന്നിന് കർഷകർ നടത്താൻ തീരുമാനിച്ചിരുന്ന പാർലമെന്റിലേക്കുള്ള കാൽനട മാർച്ച് മാറ്റിവച്ചു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.എന്നാൽ സമരം ശക്തമായി തുടരുമെന്നും രക്തസാക്ഷി ദിനമായ ശനിയാഴ്ച്ച രാജ്യവ്യാപകമായി റാലികളും ജനസഭയും ഉപവാസ സമരവും നടത്തുമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു. കര്‍ഷകരുടെ സംയുക്ത യോഗത്തിലാണ് തീരുമാനം.അതേസമയം റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നടപടികള്‍ കടുപ്പിക്കാനൊരുങ്ങുകയാണ് ഡല്‍ഹി പൊലീസ്. സംയുക്ത കിസാന്‍ മോര്‍ച്ച അംഗവും പഞ്ചാബില്‍ നിന്നുള്ള കര്‍ഷക സംഘടനയായ ക്രാന്തികാരി കിസാന്‍ മോര്‍ച്ച നേതാവുമായ ദര്‍ശന്‍ പാല്‍ സിംഗിനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി.മൂന്നു ദിവസത്തിനകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കി. കുറ്റക്കാര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം കൂടി ചുമത്താനാണ് പൊലീസ് ആലോചന. ട്രാക്ടര്‍ റാലിക്ക് മുന്നോടിയായി കര്‍ഷക നേതാക്കള്‍ നടത്തിയ പ്രകോപനപ്രസംഗങ്ങളാണ് സംഘര്‍ഷത്തിന് കാരണമെന്നാണ് ഡല്‍ഹി പൊലീസിന്റെ പ്രധാന ആരോപണം. മേധാ പട്കര്‍ ഉള്‍പ്പെടെ 37 കര്‍ഷക നേതാക്കള്‍ക്കെതിരെയാണ് പൊലീസ് നിലവില്‍ കേസെടുത്തിരിക്കുന്നത്.പ്രത്യേക സംഘത്തെ നിയോഗിച്ച്‌ പൊലീസ് അന്വേഷണം വിപുലീകരിച്ചു. ഇന്ന് കൂടുതല്‍ പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യും.അതിനിടയില്‍ ഗാസിപൂരിലെ സമരകേന്ദ്രത്തില്‍ നിന്നും രണ്ടു ദിവസത്തിനകം ഒഴിഞ്ഞുപോകാന്‍ ജില്ലാ ഭരണകൂടം സമരക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാത്രിയിലുള്ള വൈദ്യൂതിയും വിച്ഛേദിച്ചു. എന്നാല്‍ എന്തെല്ലാം പ്രതിസന്ധികള്‍ വന്നാലും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് സംയുക്ത സമര സമിതി. ചോദ്യം ചെയ്യാന്‍ ഹാജരാകുന്ന നേതാക്കളെ അടുത്ത നടപടിയായി അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് വിവരം.

മലപ്പുറത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റുമരിച്ചു

keralanews youth league activist stabbed to death in malappuram

മലപ്പുറം: മലപ്പുറത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റുമരിച്ചു.പാണ്ടിക്കാട് സ്വദേശി മുഹമ്മദ് സമീര്‍ (26) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഘര്‍ഷം നടന്നത്. കുത്തേറ്റ മുഹമ്മദ് സമീറിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ മരിച്ചു.തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രദേത്ത് യു.ഡി.എഫ്- സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു. മുതിര്‍ന്ന നേതാക്കളും പൊലീസും ഇടപെട്ട് പ്രശ്‌നം പരിഹരിച്ചിരുന്നു.എന്നാല്‍ ഇന്നലെ രാത്രിയില്‍ അങ്ങാടിയില്‍ വീണ്ടും അടിപിടി ഉണ്ടാവുകയും ഉമ്മര്‍ എന്ന ലീഗ് പ്രവര്‍ത്തകന് ഗുരുതര പരിക്ക് ഏല്‍ക്കുകയും ചെയ്തു. ഇത് കണ്ട് തൊട്ടടുത്ത കടയിലുണ്ടായിരുന്ന മുഹമ്മദ് സമീര്‍ ഓടിയെത്തി പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെ സി.പി.എം പ്രവര്‍ത്തകര്‍ കുത്തുകയായിരുന്നെന്ന് യു.ഡി.എഫ് ആരോപിക്കുന്നു. സി.പി.എം ആസൂത്രിതമായി നടപ്പിലാക്കിയ കൊലപാതകം ആണെന്നും അവര്‍ പറയുന്നു. പരിക്കേറ്റ ഉമ്മറിന്റെ ബന്ധുവാണ് മരിച്ച മുഹമ്മദ് സമീര്‍.അതേസമയം രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് സി.പി.എം പറയുന്നു. സംഘര്‍ഷത്തില്‍ പങ്കെടുത്തവരെല്ലാം രണ്ട് കുടുംബങ്ങളില്‍ പെട്ടവരാണെന്നും അവര്‍ പറയുന്നു. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.നിസാം, അബ്ദുള്‍ മജീദ്, മൊയീന്‍ എന്നിവരാണ്  കസ്റ്റഡിയിലായത്. രാഷ്ട്രീയ സംഭവങ്ങളുടെ തുടര്‍ച്ചയാണെന്നും പൊലീസ് പറഞ്ഞു.

കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു; സംസ്ഥാനത്ത് നിയന്ത്രണം കർശനമാക്കും

keralanews number of covid patients increasing control will be tightened in the state

തിരുവനന്തപുരം:കോവിഡ് രോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. സംസ്ഥാനത്തെ ഒൻപത് ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണ്. കോവിഡ് പരിശോധനകളുടെ എണ്ണം പ്രതിദിനം ഒരുലക്ഷമായി വര്‍ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. പരിശോധനകളുടെ എണ്ണം ഒരു ലക്ഷമാക്കുമ്പോൾ 75 ശതമാനവും ആര്‍ടിപിസിആര്‍ ആയിരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.നിയന്ത്രണങ്ങളില്‍ അയവുവന്നതും പൊതുവെയുള്ള ജാഗ്രത കുറഞ്ഞതുമാണ് രോഗവ്യാപനത്തിന് കാരണമെന്നാണ് കോവിഡ് അവലോകന യോഗത്തിന്റെ വിലയിരുത്തല്‍.നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകുമെന്നാണ് സര്‍ക്കാരിന്റെ മുന്നറിയിപ്പ്. പൊതുപരിപാടികള്‍ സംഘടിപ്പിക്കുമ്പോൾ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിന് സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ക്കൊപ്പം പൊലീസിനെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമായിരിക്കും.ഫെബ്രുവരി പകുതിയോടെ രോഗവ്യാപനം കാര്യമായി കുറയ്ക്കാനാണ് സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. വിവാഹ ചടങ്ങുകളിലും മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. ഒരു കാരണവശാലും നൂറിലധികം പേര്‍ ഒത്തുകൂടാന്‍ പാടില്ല. 56 ശതമാനം പേര്‍ക്കും രോഗം പകരുന്നത് വീടുകള്‍ക്കുള്ളില്‍ നിന്നാണെന്നാണ് പഠനം. അഞ്ചുശതമാനം പേര്‍ക്ക് വിദ്യാലയങ്ങളില്‍ നിന്ന് രോഗം പകരുന്നുണ്ട്.ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകൾ, കശുവണ്ടി ഫാക്ടറി പോലെ തൊഴിലാളികള്‍ ഒന്നിച്ചിരുന്ന് ജോലി ചെയ്യുന്ന കേന്ദ്രങ്ങള്‍, വയോജന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ എല്ലാവരേയും കൊവിഡ് പരിശോധനക്ക് വിധേയരാക്കും. നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കുന്നുണ്ടെങ്കിലും തൊഴിലെടുക്കുന്നതിനും ജീവിതോപാധിയുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങള്‍ക്കും തടസമുണ്ടാകരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് 5659 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 5006 പേര്‍ക്ക് രോഗമുക്തി

keralanews 5659 covid cases confirmed in the state today 5006 cured

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5659 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 879, കോഴിക്കോട് 758, കോട്ടയം 517, കൊല്ലം 483, മലപ്പുറം 404, പത്തനംതിട്ട 397, ആലപ്പുഴ 360, കണ്ണൂര്‍ 357, തിരുവനന്തപുരം 353, തൃശൂര്‍ 336, ഇടുക്കി 305, വയനാട് 241, പാലക്കാട് 185, കാസര്‍ഗോഡ് 84 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 51,130 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.07 ആണ്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 20 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3663 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 77 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5146 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 393 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 832, കോഴിക്കോട് 734, കോട്ടയം 460, കൊല്ലം 475, മലപ്പുറം 392, പത്തനംതിട്ട 350, ആലപ്പുഴ 355, കണ്ണൂര്‍ 270, തിരുവനന്തപുരം 250, തൃശൂര്‍ 327, ഇടുക്കി 293, വയനാട് 232, പാലക്കാട് 99, കാസര്‍ഗോഡ് 77 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.43 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 23, എറണാകുളം 6, കോഴിക്കോട് 4, കൊല്ലം 3, തിരുവനന്തപുരം, വയനാട് 2 വീതം, പത്തനംതിട്ട, പാലക്കാട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 5006 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 354, കൊല്ലം 195, പത്തനംതിട്ട 705, ആലപ്പുഴ 299, കോട്ടയം 288, ഇടുക്കി 377, എറണാകുളം 739, തൃശൂര്‍ 428, പാലക്കാട് 175, മലപ്പുറം 530, കോഴിക്കോട് 594, വയനാട് 69, കണ്ണൂര്‍ 206, കാസര്‍ഗോഡ് 47 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഇന്ന് ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 406 ഹോട്ട് സ്പോട്ടുകളാണുള്ളത്.

വി.കെ. ശശികല ജയിൽ മോചിതയായി

keralanews v k shashikala released from jail

ബെംഗളൂരു:അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയിലിൽ കഴിയുകയായിരുന്ന വി.കെ. ശശികല ജയിൽ മോചിതയായി.ബംഗലൂരുവിലെ പരപന അഗ്രഹാര ജയിലിൽ നാല് വർഷം ജയില്‍ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷമാണ് ശശികല മോചിതയാകുന്നത്. എന്നാൽ കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് ബെംഗളൂരുവിലെ ആശുപത്രിയില്‍ കഴിയുന്ന ശശികല, ചെന്നൈയിലേക്ക് മടങ്ങിയെത്താന്‍ ദിവസങ്ങള്‍ കഴിയും. ബംഗളൂരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ ആശുപത്രിയില്‍ എത്തി രേഖകളില്‍ ഒപ്പുകള്‍ വാങ്ങി. സുപ്രിംകോടതി വിധിപ്രകാരമുള്ള 10 കോടി രൂപ പിഴ കെട്ടിവെച്ച ശേഷമാണ് ജയില്‍മോചന നടപടികളിലേക്ക് കടന്നത്. കൊവിഡ് വാര്‍ഡില്‍ ശശികലയ്ക്ക് നല്‍കി വന്നിരുന്ന പൊലീസ് കാവല്‍ പിന്‍വലിച്ചു. ശശികലയുടെ വസ്ത്രങ്ങള്‍ അടക്കമുള്ളവ ബന്ധുക്കള്‍ക്ക് കൈമാറി. ജനുവരി 20നാണ് ശശികലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ആർ.ടി-പി.സി.ആർ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. മക്കൾ മുന്നേറ്റ കഴകം ജനറൽ സെക്രട്ടറി ടി.ടി.വി ദിനകരൻ ബംഗളൂരുവിലെത്തിയിട്ടുണ്ട്. ശശികലയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും മറ്റ് ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലെന്നും ദിനകരൻ പറഞ്ഞു. എ.ഐ.ഡി.എം.കെ നേതാവും മുൻ മുഖ്യമന്ത്രിയുമായ ജയലളിതയുടെ വലംകെെയായി അറിയപ്പെട്ടിരുന്ന ശശികല തമിഴ്നാട് രാഷ്ട്രീയത്തിലെ പ്രബല വ്യക്തിത്വങ്ങളിൽ ഒന്നായാണ് അറിയപ്പെട്ടിരുന്നത്. ജയലളിതയുടെ മരണത്തിന് ശേഷം മുഖ്യമന്ത്രിയായി അധികാരത്തിലേറാനുള്ള ശശികലയുടെ തന്ത്രങ്ങൾ പക്ഷേ പരാജയപ്പെടുകയാണുണ്ടായത്. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ 2017ൽ ശശികല അറസ്റ്റ് ചെയ്യപ്പെട്ടു. മറ്റ് രണ്ട് ബന്ധുക്കളോടൊപ്പമാണ് ശശികല തടവിൽ പോയത്.

തമിഴ്‌നാട്ടിൽ ജുവലറി ഉടമയുടെ ഭാര്യയെയും മകനെയും കൊന്ന് 17 കിലോ സ്വര്‍ണംകവര്‍ന്നു

keralanews 17 kg gold stolen after killing the wife and son of jewelery owner in tamilnadu

മയിലാട്ടുതുറൈ:തമിഴ്‌നാട്ടിലെ മയിലാട്ടുതുറൈയിൽ ജുവലറി ഉടമയുടെ ഭാര്യയെയും മകനെയും കൊലപ്പെടുത്തി 17 കിലോ സ്വര്‍ണം കവർന്നു.വീട്ടില്‍ അതിക്രമിച്ച് കടന്ന നാലംഗ സംഘമാണ് അക്രമം നടത്തിയത്. ജുവലറി ഉടമ ഉള്‍പ്പടെ രണ്ടുപേര്‍ക്ക് അക്രമത്തിൽ ഗുരുതര പരിക്കേ‌റ്റു. മയിലാട്ടുതുറൈയിലെ സിര്‍ക്കഴിയില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം.സിര്‍ക്കഴി സ്വദേശിനി ഡി.ആശ (45), മകന്‍ ഡി.അഖില്‍(28) എന്നിവരാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേ‌റ്റ ജുവലറി ഉടമ ധനരാജ് (51), അഖിലിന്റെ ഭാര്യ നിഖില(23) എന്നിവരെ സിര്‍ക്കഴി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആയുധങ്ങളുമായി പുലര്‍ച്ചെ 6 മണിയ്‌ക്ക് ധനരാജിന്റെ വീട്ടിലേക്ക് ഇരച്ചുകയറിയ സംഘം കൊലയും കവര്‍ച്ചയും നടത്തി.വിവരമറിഞ്ഞ് സ്ഥലത്ത് ഉടനെത്തിയ പൊലീസ് സംഘം കവര്‍ച്ചയ്‌ക്ക് പിന്നിലുള‌ള ഉത്തരേന്ത്യന്‍ സംഘത്തിലെ ഒരാളെ വെടിവച്ച്‌ കൊന്നു. രണ്ടുപേരെ അറസ്‌റ്റ് ചെയ്‌തു. ഒരാള്‍ക്കായുള‌ള അന്വേഷണം നടക്കുകയാണ്. നഷ്‌ടപ്പെട്ട മുഴുവന്‍ സ്വര്‍ണവും പൊലീസ് കണ്ടെത്തി.രാജസ്ഥാന്‍ സ്വദേശികളായ മണിബാല്‍, ആര്‍.മനീഷ്(23), രമേശ് പ്രകാശ്(20) എന്നിവരെയാണ് കണ്ടെത്തിയത്. ഇവരില്‍ മണിബാല്‍ കൊല്ലപ്പെട്ടു. കര്‍ണാറാം എന്ന നാലാമന് വേണ്ടി തിരച്ചില്‍ നടക്കുകയാണ്. കൊലയാളികളില്‍ നിന്ന് രണ്ട് തോക്കുകളും പൊലീസ് കണ്ടെത്തി.

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ മകൾക്കെതിരെ ഫെയ്‌സ്ബുക്കിൽ മോശം കമന്റിട്ടത് താനല്ലെന്ന് ആരോപണവിധേയനായ അജ്‌നാസ്

keralanews ajanas who was accused for allegedly posted bad comment against k surendrans daughter said that the comment was posted from fake account

കോഴിക്കോട്: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ മകൾക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ മോശം കമന്റിട്ടത് താനല്ലെന്ന് ആരോപണവിധേയനായ അജ്‌നാസ്. തന്റെ പേരില്‍ വ്യാജ ഐഡിയുണ്ടാക്കി വ്യക്തിവൈരാഗ്യമുള്ള ആരോ ചെയ്തതാണിത്. നേരത്തെ, അക്കൗണ്ട് ഹാക്ക് ചെയ്യാന്‍ ശ്രമമുണ്ടായിരുന്നുവെന്നും അത് തടഞ്ഞിരുന്നെങ്കിലും, പിന്നീട് എന്റെ പേരും ചിത്രവും ഉപയോഗിച്ച്‌ വ്യാജ ഐഡയുണ്ടാക്കിയെന്നും അതിലൂടെയാണ് മോശം കമന്റിട്ടതെന്നും അജ്‌നാസ് പറഞ്ഞു.ജനുവരി 13ന് അബുദാബിയില്‍ നിന്നും കിരണ്‍ ദാസ് എന്നു പേരുള്ളയാള്‍ അക്കൗണ്ട് തുറക്കാന്‍ ശ്രമിച്ചതായി അറിയിച്ച്‌ ഫെയ്‌സ്ബുക്കില്‍ നിന്ന് മെയില്‍ വന്നിരുന്നു. അപ്പോള്‍ തന്നെ പാസ്‌വേഡ് മാറ്റി. അക്കൗണ്ട് ഹാക്ക് ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടു. അതുകൊണ്ട് തന്റെ പേരും ചിത്രവും ഉപയോഗിച്ച്‌ അജ്‌നാസ് അജ്‌നാസ് എന്ന പേരില്‍ വ്യാജ അക്കൗണ്ട് സൃഷ്ടിച്ചു. ഈ അക്കൗണ്ടില്‍ നിന്നാണ് ബി.ജെ.പി നേതാവിന്റെ മകള്‍ക്കെതിരെ കമന്റ് ചെയ്തിരിക്കുന്നതെന്നും ഖത്തറില്‍ ജോലി ചെയ്യുന്ന, ടിക് ടോക് താരം കൂടിയായ അജ്നാസ് പറഞ്ഞു.എന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ നിന്ന് അങ്ങനെയൊരു കമന്റ് പോയെങ്കില്‍, നിങ്ങളത് തെളിയിച്ചു തരികയാണെങ്കില്‍ നിങ്ങള്‍ പറയുന്ന ഏത് ശിക്ഷയും ഏത് നിയമനടപടിയും സ്വീകരിക്കാന്‍ ഞാന്‍ തയ്യാറാണ്.എന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് നെയിം അജ്‌നാസ് ആശാസ് അജ്‌നാസ് എന്നാണ്. ഈ കമന്റ് വന്നത് അജ്‌നാസ് അജ്‌നാസ് എന്ന അക്കൗണ്ടില്‍ നിന്നും. സാധാരണ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ക്ക് മനസിലാകും ഇതൊരു ഫേക്ക് ഐഡിയാണെന്നത്.കൂടുതല്‍ അന്വേഷിച്ചാല്‍ ഈ അക്കൗണ്ട് ഓപ്പണ്‍ ആക്കിയിരിക്കുന്നത് കിരണ്‍ ദാസ് എന്നയാളാണെന്ന് മനസിലാകും. അയാളില്‍ നിന്നാണ് കമന്റ് വന്നതും.നാട്ടിലാണെങ്കിലും ഖത്തറിലാണെങ്കിലും തനിക്കെതിരെ വളരെ മോശമായാണ് വാര്‍ത്തകള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.ഒരു പാര്‍ട്ടിയോടും ആഭിമുഖ്യമുള്ളയാളല്ല. നേതാക്കന്‍മാരുടെ അക്കൗണ്ടുകളിലോ പേജുകളിലോ പോയി തെറിക്കമന്റ് ഇടാറില്ല. ആള്‍മാറാട്ടം നടത്തി തന്റെ പേരില്‍ കമന്റിട്ടതിനെതിരെ നിയമപരമായി നീങ്ങും. ഖത്തറിലെ സൈബര്‍ സെല്‍, ഇന്ത്യന്‍ എംബസി, നാട്ടിലെ സൈബര്‍ സെല്‍, പൊലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ പരാതി നല്‍കുമെന്നും അജ്‌നാസ് ഫെയ്‌സ്ബുക്കിലിട്ട വീഡിയോയില്‍ പറഞ്ഞു.കെ.സുരേന്ദ്രൻ മകള്‍ക്കൊപ്പം ഇരിക്കുന്ന ചിത്രത്തിനു താഴെയാണ് മോശം കമന്റ് വന്നത്. ഇത് നീക്കം ചെയ്യുകയും നിയമനടപടിക്കായി കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഖത്തര്‍ എംബസിയെ സമീപിക്കുകയും ചെയ്തിരുന്നു.പിന്നാലെ അജ്‌നാസിന്റെ വീട്ടിലേക്ക് ബി.ജെ.പി പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ നടത്തിയിരുന്നു. അദ്ദേഹത്തിന്റെ പിതാവിന് താക്കീത് നല്‍കിയാണ് ബിജെപി പ്രവര്‍ത്തകര്‍ മടങ്ങിയത്.ഖത്തര്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ ഫെയ്‌സ്ബുക്ക് പേജിലും അജ്‌നാസിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ കമന്റ് പ്രവാഹങ്ങള്‍ നടത്തുന്നുണ്ട്.

നടി ആക്രമിക്കപ്പെട്ട കേസ്;മാപ്പുസാക്ഷി വിപിന്‍ ലാലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു

keralanews actress attack case high court granted bail for vipinlal

കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ മാപ്പുസാക്ഷിയായി മാറിയ പത്താം പ്രതി വിപിന്‍ലാലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഈ മാസം 29ന് വിചാരണാ കോടതിയില്‍ ഹാജരായി ജാമ്യം നേടാം. നേരത്തെ മാപ്പുസാക്ഷിയായി പ്രഖ്യാപിച്ചതിന് പിന്നാലെ വിപിന്‍ലാലിനെ വിയ്യൂര്‍ ജയിലധികൃതര്‍ പുറത്തുവിട്ടിരുന്നു.ഇതിനെതിരെ ദിലീപ് വിചാരണാ കോടതിയെ സമീപിക്കുകയായിരുന്നു. ജാമ്യം ലഭിക്കും മുൻപ് വിട്ടയച്ച നടപടി ചട്ടവിരുദ്ധം എന്നായിരുന്നു കൊച്ചിയിലെ വിചാരണക്കോടതിയുടെ കണ്ടെത്തല്‍. തുടര്‍ന്ന് വിപിന്‍ലാലിനെ അറസ്റ്റ് ചെയ്യാന്‍ വാറന്‍റും പുറപ്പെടുവിച്ചു. ഇത് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.ഇക്കഴിഞ്ഞ 21 നാണ് വിചാരണക്കോടതി വിപിന്‍ലാലിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. വിയ്യൂര്‍ ജയിലില്‍ കഴിയവേ ജാമ്യം ലഭിക്കാതെ ജയില്‍ മോചിതനായതിനെ തുടര്‍ന്ന് ഇയാളെ ഹാജരാക്കുവാന്‍ അന്വേഷണ സംഘത്തോട് നേരത്തെ കോടതി നിര്‍ദ്ദേശിച്ചിരുന്നു.എന്നാൽ വിപിന്‍ ലാലിനെ കണ്ടെത്താനായില്ലെന്ന് പ്രോസിക്യൂഷന്‍ അറിയിക്കുകയും വിചാരണക്കോടതി വാറന്റ് പുറപ്പെടുവിക്കുകയുമായിരുന്നു.

ഡൽഹിയിൽ പ്രക്ഷോഭത്തിനിടെ കര്‍ഷകന്‍ മരിച്ചത് ട്രാക്ടര്‍ മറിഞ്ഞെന്ന് പോലീസ്;ദൃശ്യങ്ങള്‍ പുറത്തുവിട്ടു

keralanews farmer killed during protest in delhi when tractor overturned said police visuals released

ന്യൂഡല്‍ഹി:ഡൽഹിയിൽ കര്‍ഷക പ്രക്ഷോഭത്തിനിടെ കര്‍ഷകന്‍ മരിച്ചത് ട്രാക്ടര്‍ മറിഞ്ഞെന്ന് ഡല്‍ഹി പോലീസ്. ഇതിന് തെളിവായി അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസ് പുറത്തുവിട്ടു.ബാരിക്കേഡുകള്‍ വെച്ച്‌ പോലീസ് തീര്‍ത്ത മാര്‍ഗതടസം ഇടിച്ച്‌ തകര്‍ത്ത് അമിത വേഗത്തിലെത്തിയ ട്രാക്ടര്‍ മറിയുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഉത്തരാഖണ്ഡ് സ്വദേശി നവനീത് സിംഗ് ആണ് മരിച്ചത്. പോലീസിന്റെ വെടിയേറ്റാണ് നവനീത് മരിച്ചതെന്ന് കര്‍ഷകര്‍ ആരോപിച്ചിരുന്നു.കര്‍ഷകനെ പോലിസ് വെടിവച്ച്‌ കൊല്ലുകയായിരുന്നുവെന്നാണ് കര്‍ഷക നേതാക്കള്‍ ആരോപിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് പോലിസ് സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ട്രാക്ടര്‍ ബാരിക്കേഡില്‍ ഇടിച്ച്‌ മറിഞ്ഞാണ് അപകടം എന്നാണ് ഈ ദൃശ്യങ്ങള്‍ ചൂണ്ടിക്കാട്ടി പോലിസ് വാദിക്കുന്നത്. എന്നാല്‍ പോലിസിന്റെ വെടിയേറ്റതോടെ നവ്ദീപ് ഓടിച്ച ട്രാക്ടറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ബാരിക്കേഡില്‍ ഇടിച്ചു മറിയുകയുമായിരുന്നുവെന്നാണ്  കര്‍ഷകര്‍ വാദിക്കുന്നത്. നവ്ദീപിന്റെ മൃതദേഹവുമായി സമരക്കാര്‍ മണിക്കൂറുകളോളം റോഡ് ഉപരോധിച്ചു.പിന്നീട് മൃതദേഹം സമര കേന്ദ്രത്തിലേക്ക് മാറ്റി.