കണ്ണൂർ:ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് തലശ്ശേരിയില്‍ ഹോട്ടല്‍ ഉള്‍പ്പെടെ നാലു സ്ഥാപനങ്ങള്‍ അടപ്പിച്ചു. ഫുഡ് സേഫ്റ്റി വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയിലാണ് തലശ്ശേരി പുതിയ ബസ് സ്റ്റാന്റിലെയും സമീപ പ്രദേശങ്ങളിലെയും ഹോട്ടല്‍, കൂള്‍ ബാറുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിൽ ഉപയോഗിക്കുന്ന വെള്ളത്തിൽ ബാക്റ്റീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്.നഗരത്തിലെയും പരിസരങ്ങളിലെയും ചായക്കടകളിലും കൂള്‍ബാറുകളിലും ചില ഹോട്ടലുകളിലും പുറത്തുനിന്ന് കൊണ്ടുവരുന്ന വെള്ളമാണ് ഭക്ഷണം പാകംചെയ്യാനും മറ്റും ഉപയോഗിക്കുന്നത്.കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇരിട്ടി പയഞ്ചേരി മുക്കിലെ ഒൻപത് വയസ്സുകാരിക്ക് കഴിഞ്ഞ ദിവസം ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പരിശോധന വ്യാപകമാക്കാന്‍ ഫുഡ് സേഫ്റ്റി വിഭാഗം തീരുമാനിച്ചത്. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കാനാണു തീരുമാനം. പരിശോധനയ്ക്കു ഫുഡ് സേഫ്റ്റി അസി. കമ്മീഷണര്‍ വി കെ പ്രദീപ് കുമാര്‍, ഫുഡ് സേഫ്റ്റി നോഡല്‍ ഓഫിസര്‍ കെ വിനോദ് കുമാര്‍, ഉദ്യോഗസ്ഥരായ കെ വി സുരേഷ് കുമാര്‍, കെ സുമേഷ് ബാബു നേതൃത്വം നല്കി.
സംസ്ഥാനത്ത് വീണ്ടും വാഹന പരിശോധന കര്‍ശനമാക്കി
തിരുവനന്തപുരം:സംസ്ഥാനത്ത് വീണ്ടും വാഹന പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പും പോലീസും.റോഡ് സുരക്ഷാചരണ മാസത്തില്‍ പ്രത്യേക നിരീക്ഷണം നടത്താനുള്ള കേരള റോഡ് സുരക്ഷ അതോറിറ്റിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പരിശോധന ശക്തമാക്കിയത്. ഫെബ്രുവരി ആറുവരെ ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് പരിശോധനകള്‍ക്കാണ് പ്രാധാന്യം നല്‍കുക. പത്തുമുതല്‍ 13 വരെ അതിവേഗത്തില്‍ പോകുന്ന വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കും. വിദ്യാലയ പരിധിയില്‍ പ്രത്യേക ശ്രദ്ധ നല്‍കും.ഏഴ് മുതല്‍ 17 വരെ മദ്യപിച്ച് വാഹനമോടിക്കല്‍, ഡ്രൈവിംഗ് വേളയില്‍ ഫോണ്‍ ഉപയോഗിക്കല്‍, അനധികൃത പാര്‍ക്കിംഗ്, സീബ്രാ ലൈന്‍ ക്രോസിംഗില്‍ കാല്‍നടയാത്രക്കാര്‍ക്ക് പരിഗണന നല്‍കാതിരിക്കുക, സിഗ്നലുകള്‍ പാലിക്കാതിരിക്കുക തുടങ്ങിയ നിയമ ലംഘനങ്ങള്‍ക്കെതിരെ പരിശോധന വര്‍ധിപ്പിക്കും.അമിതവേഗം, മദ്യപിച്ച് വാഹനം ഓടിക്കല്‍ എന്നിവയ്ക്ക് പിടിക്കപ്പെടുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്ഷന് ഉള്‍പ്പെടെയുള്ള നടപടികളുണ്ടാകും. ഇവര്‍ക്ക് റോഡ് സുരക്ഷയെക്കുറച്ചുള്ള ഒരു ദിവത്തെ ക്ലാസ് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
കര്‍ഷകസമരം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാൻ തയ്യാറാണെന്ന് കേന്ദ്രസർക്കാർ
ന്യൂഡൽഹി:കര്‍ഷകസമരം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാനൊരുങ്ങി കേന്ദ്രം.രാജ്യസഭയിലായിരിക്കും കര്‍ഷകസമരത്തെ സംബന്ധിച്ച ചര്‍ച്ച നടക്കുക. ഇത് 15 മണിക്കൂര്‍ നീണ്ടു നില്ക്കും. ഇതിനായി ചോദ്യോത്തരവേള രണ്ട് ദിവസത്തേക്ക് റദ്ദാക്കി.16 പ്രതിപക്ഷ പാര്‍ട്ടികള്‍ കര്‍ഷകസമരത്തില്‍ ചര്‍ച്ച വേണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാറിന് മുൻപാകെ ഉന്നയിച്ചിരുന്നു. അഞ്ച് മണിക്കൂര്‍ ചര്‍ച്ച വേണമെന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ 15 മണിക്കൂര്‍ ചര്‍ച്ചക്ക് അനുവദിക്കുകയായിരുന്നു.സര്‍ക്കാര്‍ അനുവദിക്കുകയാണെങ്കില്‍ കര്‍ഷകസമരം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാമെന്ന് പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. തുടര്‍ന്ന് പാര്‍ലമെന്റ്കാര്യ വകുപ്പ് മന്ത്രി പ്രഹ്ലാദ് ജോഷി ചര്‍ച്ചക്ക് തയാറാണെന്ന് അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് 5716 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 5747 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5716 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 755, കോട്ടയം 621, കൊല്ലം 587, തൃശൂര്‍ 565, പത്തനംതിട്ട 524, കോഴിക്കോട് 501, മലപ്പുറം 454, തിരുവനന്തപുരം 383, കണ്ണൂര്‍ 340, ആലപ്പുഴ 313, പാലക്കാട് 251, വയനാട് 218, ഇടുക്കി 121, കാസര്‍ഗോഡ് 83 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 52,940 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.80 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3776 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 96 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5161 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 403 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 718, കോട്ടയം 567, കൊല്ലം 577, തൃശൂര്‍ 553, പത്തനംതിട്ട 464, കോഴിക്കോട് 485, മലപ്പുറം 437, തിരുവനന്തപുരം 290, കണ്ണൂര്‍ 248, ആലപ്പുഴ 310, പാലക്കാട് 120, വയനാട് 205, ഇടുക്കി 111, കാസര്‍ഗോഡ് 76 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.56 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 16, എറണാകുളം 9, പത്തനംതിട്ട, വയനാട് 5 വീതം, കോഴിക്കോട് 4, തിരുവനന്തപുരം, ഇടുക്കി, പാലക്കാട് 3 വീതം, കൊല്ലം, തൃശൂര്‍, കാസര്‍ഗോഡ് 2 വീതം, കോട്ടയം, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5747 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 326, കൊല്ലം 321, പത്തനംതിട്ട 787, ആലപ്പുഴ 249, കോട്ടയം 496, ഇടുക്കി 70, എറണാകുളം 667, തൃശൂര്‍ 437, പാലക്കാട് 350, മലപ്പുറം 520, കോഴിക്കോട് 750, വയനാട് 545, കണ്ണൂര്‍ 193, കാസര്‍ഗോഡ് 36 എന്നിങ്ങനേയാണ് പരിശോധനാ ഫലം നെഗറ്റീവായത്. ഇന്ന് 65 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 85 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. ആകെ 356 ഹോട്ട് സ്പോട്ടുകളാണുള്ളത്.
കൊവിഡ് വ്യാപനം;സംസ്ഥാനത്ത് പത്തുവയസില്‍ താഴെയുള്ള കുട്ടികളെ പൊതു സ്ഥലത്ത് കൊണ്ട് വന്നാല്‍ 2000 രൂപ പിഴ
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നടപടികള്‍ കടുപ്പിച്ച് സര്‍ക്കാര്‍. പൊതുസ്ഥലങ്ങളില്‍ കുട്ടികളെ കൊണ്ടുവന്നാല്‍ 2000 രൂപ പിഴ ചുമത്താന്‍ തീരുമാനമായി. ഷോപ്പിംഗ് മാളുകളും ബീച്ചുകളും ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിൽ ഇനിമുതല്‍ കുട്ടികളെ കൊണ്ട് വന്നാല്‍ രക്ഷിതാക്കള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.ഇതിനായി പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.എന്നാല്‍ ആശുപത്രി ആവശ്യങ്ങളുമായി ബന്ധപ്പെട്ടാണ് എത്തുന്നതെങ്കില്‍ തടസങ്ങളുണ്ടാവില്ല. പോലീസിന് പുറമേ ആരോഗ്യവകുപ്പ് അധികൃതരും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
കൊവിഡ് വാക്സിന് സൗജന്യമായി നല്‍കുമെന്ന് കേരളം അറിയിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി
ന്യൂഡല്‍ഹി: കൊവിഡ് വാക്സിന് സൗജന്യമായി നല്‍കുമെന്ന് കേരളം ഉള്‍പ്പടെ ഒരു സംസ്ഥാനവും അറിയിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബെ. ആദ്യഘട്ടത്തില്‍ വാക്സിന് രാജ്യം മുഴുവനും കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി നല്‍കുമെന്ന് അശ്വിനി കുമാര്‍ വ്യക്തമാക്കി. രാജ്യസഭയില്‍ കെ. സോമപ്രസാദിന്റെ ചോദ്യത്തിന് നല്കിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.കേരളത്തില്‍ എല്ലാവര്ക്കും വാക്സിന് സൗജന്യമായി നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കേരളത്തിലെ ജനങ്ങള്‍ക്ക് നല്കുന്ന കൊവിഡ് വാക്സിന് സൗജന്യമായിട്ടായിരിക്കുമെന്നും, ആരില്‍ നിന്നും പണം ഈടാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്.വാക്സിന് എത്രകണ്ട് ലഭ്യമാകും എന്നത് ചിന്തിക്കേണ്ടതാണ്. പക്ഷേ നല്കുന്ന വാക്സിനെല്ലാം സൗജന്യമായാണ് ജനങ്ങള്‍ക്ക് ലഭിക്കുക എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
ദേശീയ പണിമുടക്കില്‍ ജോലിക്കെത്താത്തവര്‍ക്ക് ശമ്പളം നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി: ദേശീയ പണിമുടക്കില്‍ ജോലിക്കെത്താത്തവര്‍ക്ക് ശമ്പളം നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.ആലപ്പുഴ കളര്‍കോട് സ്വദേശിയും മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ ജി.ബാലഗോപാല്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷന് ബഞ്ചിന്റെ ഉത്തരവ്. 2019 ജനുവരി 8,9 ദിവസങ്ങളിലായിരുന്നു കേന്ദ്രനയങ്ങള്‍ക്കെതിരെ പണിമുടക്ക് നടന്നത്.സമരദിനങ്ങള്‍ ശമ്പള അവധിയാക്കിയാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. സമരത്തില്‍ പങ്കെടുത്ത ജീവനക്കര്‍ക്ക് ശമ്പളം അനുവദിച്ചുകൊണ്ടുള്ള ഈ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഉത്തരവ് രണ്ടു മാസത്തിനകം നടപ്പാക്കണം. സര്‍ക്കാര്‍ ജീവനക്കാരുടേയും അദ്ധ്യാപകരുടേയും ഹാജര്‍ രജിസ്റ്റര്‍ പരിശോധിച്ച് നടപടിയെടുക്കാനും ശമ്പളം നല്‍കിയിട്ടുണ്ടങ്കില്‍ തിരിച്ചുപിടിക്കാനും കോടതി നിര്‍ദ്ദേശിച്ചു. സ്വീകരിച്ച നടപടി കോടതിയെ അറിയിക്കണം. ഹര്‍ജി രണ്ടു മാസം കഴിഞ്ഞ് പരിഗണിക്കും.
കൊറോണ വ്യാപനം രൂക്ഷം;കേന്ദ്രസംഘം വീണ്ടും കേരളത്തിലെത്തുന്നു
തിരുവനന്തപുരം:സംസ്ഥാനത്ത് കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പ്രത്യേക കേന്ദ്ര സംഘം വീണ്ടും കേരളത്തിലെത്തുന്നു.ആരോഗ്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് കേരളത്തിലേക്കുള്ള സംഘത്തിന് നേതൃത്വം നല്‍കുന്നത്. കേരളത്തിന് പുറമെ മഹാരാഷ്ട്രയിലേക്കും ഇവരെ അയക്കും.കേരളത്തിലെ ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തലാണ് സംഘത്തിന്റെ ചുമതലയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഡല്‍ഹി ലേഡി ഹാര്‍ഡിങ് മെഡിക്കല്‍ കോളേജിലേയും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ തിരുവനന്തപുരത്തെ റീജിയണല്‍ ഓഫീസിലെ വിദഗ്ധരും അടങ്ങുന്നതാണ് സംഘം.രാജ്യത്തെ കൊറോണ പ്രതിദിന കേസുകളില്‍ പകുതിയും കേരളത്തിലും മഹാരാഷ്ട്രയിലുമാണ്. ആകെ കേസുകളില്‍ മൂന്നാമതും നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ ഒന്നാമതുമാണ് കേരളം. തൊട്ടുപിന്നാലെ മഹാരാഷ്ട്രയുമുണ്ട്. കേരളത്തിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആദ്യ ഘട്ടത്തിലുണ്ടായിരുന്ന ശ്രദ്ധ ഇപ്പോള്‍ കാണിക്കുന്നില്ലെന്ന ആരോപണവും ശക്തമാണ്.രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുള്ള ജില്ലയില്‍ എറണാകുളം ഒന്നാം സ്ഥാനത്താണ്. കേരളത്തിലെ പ്രതിദിന രോഗബാധിതരുടെ എണ്ണത്തിലും തുടര്‍ച്ചയായ ദിവസങ്ങളില്‍ എറണാകുളം ഒന്നാം സ്ഥാനത്താണ്. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് രാജ്യത്തെ കൊറോണ ചികിത്സയിലുള്ള രോഗികളില്‍ 70 ശതമാനവുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
മലപ്പുറം വളാഞ്ചേരിയില്‍ ചരക്ക് ലോറി മറിഞ്ഞ് ഡ്രൈവറും സഹായിയും മരിച്ചു
മലപ്പുറം: വളാഞ്ചേരി വട്ടപ്പാറ വളവില്‍ ഇരുമ്പ് കമ്പി കയറ്റിവന്ന ലോറി മറിഞ്ഞ് ഡ്രൈവറും ക്ളീനറും മരിച്ചു.ലോറി ഡ്രൈവര്‍ തമിഴ്നാട് മധുകര സ്വദേശി ശബരി എന്ന മുത്തു കുമാര്‍, ക്ലീനര്‍ മലമ്പുഴ സ്വദേശി അയ്യപ്പന് എന്നിവരാണ് മരിച്ചത്. നിയന്ത്രണംവിട്ട് മറിഞ്ഞ ലോറിയുടെയും ഇരുമ്പ് കമ്പികളുടെയും അടിയില്‍ കുടുങ്ങിയ നിലയിലായിരുന്നു ഇരുവരും.ബംഗലൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് ഇരുമ്പ് കമ്പി കയറ്റിവന്ന ലോറിയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിയോടെ അപകടത്തില്‍പെട്ടത്. അപകട മേഖലയായ ഇവിടെ കഴിഞ്ഞയാഴ്ചയും ചരക്കുലോറി അപകടത്തില്‍പെട്ട് ഡ്രൈവര്‍ മരിച്ചിരുന്നു.
ഡ്രൈവിങ് ലൈസന്‍സിനും വാഹനരജിസ്ട്രേഷനും ആധാര്‍ നിർബന്ധിത രേഖയാക്കി കേന്ദ്രസർക്കാർ
തിരുവനന്തപുരം:ഓണ്‍ലൈന്‍ സേവനങ്ങള്‍ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി ഡ്രൈവിങ് ലൈസന്‍സിനും വാഹനരജിസ്ട്രേഷനും ആധാര്‍ നിര്‍ബന്ധിത തിരിച്ചറിയല്‍ രേഖയാക്കുന്നു. കേന്ദ്രസര്‍ക്കാരാണ് ആധാര്‍ കാര്‍ഡ് നിര്‍ബന്ധിത രേഖയാക്കി നിയമം ഭേദഗതി ചെയ്തത്. ബിനാമികളുടെ പേരുകളില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതും വ്യാജരേഖകള്‍ ഉപയോഗിച്ച് ഡ്രൈവിങ് ലൈസന്‍സ് നേടുന്നതും തടയുന്നതിനാണിത്. ഭേദഗതി നടപ്പാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ഉപരിതലഗതാഗതമന്ത്രാലയം സംസ്ഥാന സര്‍ക്കാരുകളുടെയും പൊതുജനങ്ങളുടെയും അഭിപ്രായം തേടി.സുരക്ഷാവീഴ്ചകള്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയമാണ് മോട്ടോര്‍ വാഹനവകുപ്പിലും ആധാര്‍ നിര്‍ബന്ധമാക്കാന്‍ നിര്‍ദേശിച്ചത്. ലേണേഴ്സ് ലൈസന്‍സ്, ലൈസന്‍സ് പുതുക്കല്‍, ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിങ് ലൈസന്‍സ്, അഡ്രസ് മാറ്റം എന്നിവയ്ക്കും ഇന്റര്‍നാഷണല്‍ ഡ്രൈവിങ് പെര്‍മിറ്റിനുമാണ് ആദ്യഘട്ടത്തില്‍ ആധാര്‍ നിര്‍ബന്ധമാക്കുക. ഇതിനൊപ്പം പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷന്, ഉടമസ്ഥാവകാശ കൈമാറ്റം, അഡ്രസ് മാറ്റം, എതിര്‍പ്പില്ലാരേഖ എന്നിവയ്ക്കും ആധാര്‍ വേണ്ടിവരും.ഫോട്ടോപതിച്ച അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡുകളുടെ പകര്‍പ്പുകളാണ് ഇപ്പോള്‍ അപേക്ഷകള്‍ക്കൊപ്പം സമര്‍പ്പിക്കേണ്ടത്. ഈ മാസം അവസാനത്തോടെ വിജ്ഞാപനം ഇറങ്ങിയേക്കും.