മംഗളൂരു:ജൂനിയർ വിദ്യാർത്ഥികളെ റാഗ് ചെയ്ത സംഭവത്തിൽ മംഗളൂരുവില്‍ 11 മലയാളി വിദ്യാര്‍ഥികള്‍ അറസ്റ്റില്‍.ഉള്ളാൾ കനച്ചൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ അഞ്ച് മലയാളി വിദ്യാര്‍ഥികളാണ് റാഗിംങിന് ഇരയായത്. ഫിസിയോതെറാപ്പി, നഴ്സിംഗ് വിദ്യാർത്ഥികളാണ് അറസ്റ്റിലായത്.വടകര പാലയാട് പടിഞ്ഞാറെക്കരയിലെ മുഹമ്മദ് ഷമ്മാസ് (19), കോട്ടയം അയര്‍ക്കുന്നത്തെ റോബിന്‍ ബിജു (20), വൈക്കം എടയാറിലെ ആല്‍വിന്‍ ജോയ് (19), മഞ്ചേരി പയ്യനാട്ടെ ജാബിന്‍ മഹ്റൂഫ് (21), കോട്ടയം ഗാന്ധിനഗറിലെ ജെറോണ്‍ സിറില്‍ (19), പത്തനംതിട്ട മങ്കാരത്തെ മുഹമ്മദ് സുറാജ് (19), കാസര്‍കോട് കടുമേനിയിലെ ജാഫിന്‍ റോയിച്ചന്‍ (19), വടകര ചിമ്മത്തൂരിലെ ആസിന്‍ ബാബു (19), മലപ്പുറം തിരൂരങ്ങാടി മമ്ബറത്തെ അബ്ദുള്‍ ബാസിത് (19), കാഞ്ഞങ്ങാട് ആനന്ദാശ്രമം ഇരിയയിലെ അബ്ദുള്‍ അനസ് മുഹമ്മദ് (21), ഏറ്റുമാനൂര്‍ കനകരിയിലെ കെ.എസ്. അക്ഷയ് (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ കുറെ ദിവസങ്ങളായി തുടര്‍ച്ചയായി റാഗ് ചെയ്തതിന് പിന്നാലെ ഇരയാക്കപ്പെട്ട കുട്ടികള്‍ കോളജ് അധികൃതര്‍ക്ക് പരാതി നല്‍കുകയായിരുന്നു. താടിയും മീശയും വടിപ്പിക്കുകയും, തീപ്പെട്ടിക്കൊള്ളിക്കൊണ്ട് മുറി അളപ്പിക്കുകയും എണ്ണിപ്പിക്കുകയും ചെയ്താണ് ഇവര്‍ റാഗ് ചെയ്തത്. കുട്ടികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോളജ് അധികൃതര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.ഗുരുതരമായ വകുപ്പുകളാണ് പ്രതികള്‍ എതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. കര്‍ണാടകയില്‍ റാഗിങിനെ എതിരെ പുതുതായി കൊണ്ടുവന്ന നിയമപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.ഇന്ത്യന്‍ പീനല്‍ കോഡിലെ 323, 506 വകുപ്പുകള്‍ നടപ്പാക്കുന്നതിനു പുറമേ കര്‍ണാടക വിദ്യാഭ്യാസ നിയമത്തിലെ സെക്ഷന്‍ 116 പ്രകാരവും പൊലീസ് കേസെടുത്തു.ഇന്നലെയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
തൊഴില്‍ തട്ടിപ്പിന്റെ മുഖ്യ ആസൂത്രക സരിത;പണം കൈമാറിയത് സരിതയുടെ അക്കൗണ്ടിലേക്കെന്നും കൂട്ടുപ്രതി രതീഷ്
കോഴിക്കോട്: തൊഴില്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായര്‍ക്കെതിരെ ആരോപണവുമായി കൂട്ടുപ്രതി രതീഷ്. തൊഴില്‍ തട്ടിപ്പില്‍ മുഖ്യ ആസൂത്രക സരിതയാണെന്നാണ് രതീഷിന്റെ ആരോപണം. ഹൈക്കോടതിയിലെ ജാമ്യാപേക്ഷയിലാണ് രതീഷ് ആരോപണം ഉന്നിയിച്ചിരിക്കുന്നത്. പരാതിക്കാരനായ അരുണിന് സരിതയാണ് മൂന്ന് ലക്ഷം രൂപ തിരികെ നല്‍കിയതെന്നും ജാമ്യാപേക്ഷയില്‍ രതീഷ് പറയുന്നു.പണം കൈമാറിയത് സരിതയുടെ അക്കൗണ്ടിലേക്കാണ്. വ്യാജനിയമന ഉത്തരവുകള്‍ നല്‍കിയതു സരിതയാണെന്നും രതീഷിന്‍റെ ജാമ്യാപേക്ഷയില്‍ പറയുന്നു. സിപിഐയുടെ പഞ്ചായത്ത് അംഗമാണ് രതീഷ്. സരിത മൂന്നുലക്ഷം രൂപ തിരികെ നല്‍കിയതിന്റെ രേഖയായി ചെക്കും ഹാജരാക്കി.ബവ്കോയിലും കെടിഡിസിയിലും ജോലി വാഗ്ദാനം ചെയ്തു നെയ്യാറ്റിന്‍കര സ്വദേശികളായ 2 പേരില്‍ നിന്നായി 16.5 ലക്ഷത്തോളം രൂപ തട്ടിയെന്നാണു സരിതയ്ക്കെതിരായ കേസ്. സരിതയുടെ അക്കൗണ്ടിലേക്കു പണം ഇട്ടു നല്‍കിയതിന്റെയും മറ്റും തെളിവുകളും ശബ്ദരേഖയും പരാതിക്കാരന്‍ കൈമാറിയിരുന്നു.ആരോഗ്യ കേരളം പദ്ധതിയില്‍ 4 പേരെ പിന്‍വാതില്‍ വഴി നിയമിച്ചെന്ന ശബ്ദരേഖയും ഉന്നത ഉദ്യോഗസ്ഥര്‍ക്കടക്കം പരാതിക്കാര്‍ നല്‍കിയിരുന്നു. കേസന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്നാരോപിച്ചു നെയ്യാറ്റിന്‍കര സിഐ ആയിരുന്ന ശ്രീകുമാറിനു റേഞ്ച് ഡിഐജി സഞ്ജയ് കുമാര്‍ ഗുരുദീന്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു ശ്രീകുമാറിനെ കഴിഞ്ഞയാഴ്ച വെച്ചൂച്ചിറയിലേക്കു മാറ്റി. പകരം ചുമതലയേറ്റ സിഐയോട് അന്വേഷണം വേഗത്തിലാക്കാനും നിര്‍ദേശിച്ചു.
സംസ്ഥാനത്ത് ഇന്ന് 5281 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;5692 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 5281 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പത്തനംതിട്ട 694, എറണാകുളം 632, കോഴിക്കോട് 614, കൊല്ലം 579, മലപ്പുറം 413, കോട്ടയം 383, തൃശൂര്‍ 375, ആലപ്പുഴ 342, തിരുവനന്തപുരം 293, കണ്ണൂര്‍ 251, പാലക്കാട് 227, ഇടുക്കി 196, വയനാട് 180, കാസര്‍ഗോഡ് 102 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 71,656 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.37 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3936 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 106 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4783 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 360 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. പത്തനംതിട്ട 645, എറണാകുളം 575, കോഴിക്കോട് 596, കൊല്ലം 570, മലപ്പുറം 384, കോട്ടയം 348, തൃശൂര്‍ 372, ആലപ്പുഴ 335, തിരുവനന്തപുരം 196, കണ്ണൂര്‍ 198, പാലക്കാട് 125, ഇടുക്കി 183, വയനാട് 165, കാസര്‍ഗോഡ് 91 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.32 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 9, എറണാകുളം 5, കൊല്ലം, പത്തനംതിട്ട, കോഴിക്കോട് 3 വീതം, മലപ്പുറം, വയനാട്, കാസര്‍ഗോഡ് 2 വീതം, തിരുവനന്തപുരം, കോട്ടയം തൃശൂര്‍ 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5692 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 400, കൊല്ലം 306, പത്തനംതിട്ട 452, ആലപ്പുഴ 423, കോട്ടയം 502, ഇടുക്കി 481, എറണാകുളം 669, തൃശൂര്‍ 373, പാലക്കാട് 142, മലപ്പുറം 589, കോഴിക്കോട് 666, വയനാട് 308, കണ്ണൂര്‍ 332, കാസര്‍ഗോഡ് 49 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.ഇന്ന് 3 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 7 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 455 ഹോട്ട് സ്പോട്ടുകളാണുള്ളത്.യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 81 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 70 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
സോളാര്‍ തട്ടിപ്പ്;സരിതയുടെയും ബിജു രാധാകൃഷ്ണന്‍റേയും ജാമ്യം റദ്ദാക്കി
കോഴിക്കോട്: സോളാര്‍ തട്ടിപ്പുകേസില്‍ സരിത എസ്. നായരുടേയും ബിജു രാധാകൃഷ്ണന്‍റേയും ജാമ്യം റദ്ദാക്കി. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കേസ് വിധി പറയുന്ന 25ന് രണ്ടുപേരെയും ഹാജരാക്കണമെന്നാണ് കോടതി നിര്‍ദേശം.സ്വമേധയാ ഹാജരായില്ലെങ്കില്‍ ഇരുവരെയും അറസ്റ്റ് ചെയ്ത് ഹാജരാക്കാനും കോടതി നിര്‍ദേശം നല്‍കി.സരിതയേയും ബിജു രാധാകൃഷ്ണനേയും കൂടാതെ ഇവരുടെ ഡ്രൈവര്‍ മണിലാലിന്‍റെ ജാമ്യവും റദ്ദാക്കി. 2013ലെ കേസില്‍ ഇന്നു വിധി പറയേണ്ടതായിരുന്നു. എന്നാല്‍ ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിസരിതയും ബിജു രാധാകൃഷ്ണനും കോടതിയില്‍ ഹാജരായിരുന്നില്ല.കീമോതെറാപ്പി നടക്കുന്നതിനാല്‍ ഹാജരാകാന്‍ കഴിഞ്ഞില്ലെന്ന് സരിതയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ബിജു രാധാകൃഷ്ണന്‍ ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞ് വിശ്രമത്തിലാണെന്നും അഭിഭാഷകന്‍ അറിയിച്ചു.എന്നാൽ സരിതയുടെ അഭിഭാഷകന്‍ ഹാജരാക്കിയ രേഖകളില്‍ കീമോതെറാപ്പി ചെയ്യുന്ന വിവരം വ്യക്തമാക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. തുടര്‍ന്ന് സരിത, ബിജു രാധാകൃഷ്ണന്‍, മൂന്നാംപ്രതി മണിമോന്‍ എന്നിവരുടെ ജാമ്യം കോടതി റദ്ദാക്കുകയായിരുന്നു. കേസില്‍ ബിജു രാധാകൃഷ്ണന്‍ ഒന്നാം പ്രതിയും സരിത എസ്. നായര്‍ രണ്ടാം പ്രതിയുമാണ്. ഇവര്‍ക്കുവേണ്ടി വ്യാജ രേഖകള്‍ തയാറാക്കിയതിനാണ് കൊടുങ്ങല്ലൂര്‍ സ്വദേശി മണിലാലിനെ മൂന്നാം പ്രതിയാക്കിയത്. കോഴിക്കോട് സ്വദേശിയായ അബ്ദുല്‍ മജീദിന്റെ ഓഫിസിലും വീട്ടിലും സോളര്‍ പാനല്‍ സ്ഥാപിക്കാമെന്നു പറഞ്ഞു 42.7 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്.
ദൗലി ഗംഗയില്‍ ജലനിരപ്പ് ഉയരുന്നു;ഉത്തരാഖണ്ഡില്‍ തപോവന്‍ ടണലിലെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചു
ഡെറാഡൂണ്‍:ദൗലി ഗംഗയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടർന്ന് ഉത്തരാഖണ്ഡില്‍ തപോവനിലെ ടണലില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമം താല്‍ക്കാലികമായി നിര്‍ത്തി വച്ചു. ടണലില്‍ മെഷീനുകള്‍ ഉപയോഗിച്ച് ഡ്രില്ലിങ് നടത്തിക്കൊണ്ടിരുന്ന രക്ഷാപ്രവര്‍ത്തകര്‍ വെള്ളം ഉയര്‍ന്നതോടെ പിന്മാറി. മലമുകളില്‍ ഉരുള്‍പൊട്ടിയതായി സൂചനകള്‍ വന്നതോടായാണ് തപോവന്‍ തുരങ്കം, റേനി ഗ്രാമം എന്നിവിടങ്ങളിലെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചത്. മുപ്പത്തഞ്ചോളം പേർ ടണലില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.ഋഷി ഗംഗ നദിയിലെ ജലനിരപ്പ് ഉയരുന്നതിനെ തുടര്‍ന്ന് സമീപ പ്രദേശങ്ങളിലുള്ളവരെ ഒഴിപ്പിക്കാനും ശ്രമം ആരംഭിച്ചു. പ്രദേശത്ത് കാലാവസ്ഥ പ്രതികൂലമാകുകയും നദിയിലെ ജലനിരപ്പ് ഉയരുകയും ചെയ്തതോടെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരോട് പിന്മാറാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. സൈറന്‍ മുഴക്കി ഗ്രാമവാസികളെ സൈന്യം ഒഴിപ്പിക്കുകയാണ്.ചമോലി ജില്ലയില്‍ ഞായറാഴ്ച രാവിലെയുണ്ടായ ദുരന്തത്തില്‍ 200ല്‍ അധികം പേരെയാണ് കാണാതായത്. പ്രദേശത്തെ ഒരു വൈദ്യുത നിലയവും അഞ്ച് പാലങ്ങളും ഒഴുകിപോയിരുന്നു. മറ്റൊരു വൈദ്യുതനിലയം ഭാഗികമായി തകര്‍ന്നു. 32 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. 45 കിലോമീറ്ററില്‍ അധികം പ്രദേശത്ത് നാശനഷ്ടമുണ്ടായി.തപോവനില്‍ നിര്‍മ്മാണത്തിലിരുന്ന തുരങ്കത്തില്‍ ഏകദേശം 30ഓളം തൊഴിലാളികള്‍ കുടുങ്ങികിടക്കുന്നതായാണ് വിവരം. മൂന്നുദിവസമായി ഇവിടെ രക്ഷപ്രവര്‍ത്തനം തുടരുകയാണ്.
എം ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി ഇ ഡി സുപ്രീം കോടതിയിൽ
ന്യൂഡൽഹി:സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് ഡറക്ടറേറ്റ് സുപ്രിം കോടതിയെ സമീപിച്ചു.ഇഡിയുടെ കൊച്ചി സോണല്‍ ഓഫീസിലെ അസിസ്റ്റന്‍റ് ഡയറക്ടര്‍ ആണ് ശിവശങ്കറിന്‍റെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.ശിവശങ്കറിന് ജാമ്യം നല്‍കിയത് അന്വേഷണത്തെ ബാധിക്കുന്നുണ്ടെന്നും അന്വേഷണം നിര്‍ണായകഘട്ടത്തിലായതിനാല്‍ ജാമ്യം റദ്ദാക്കണമെന്നുമാണ് ഇഡിയുടെ ആവശ്യം.ഇതുവരെയുള്ള അന്വേഷണത്തില്‍ ശിവശങ്കറിന് എതിരെ ശക്തമായ തെളിവുകളുണ്ട്. ശിവശങ്കര്‍ ജാമ്യത്തില്‍ കഴിയുന്നത് ഈ കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ കാരണമാകുമെന്നും ഹർജിയിൽ പറയുന്നു.
എണ്ണച്ചോര്‍ച്ച അറിയിക്കാന്‍ വൈകി; ടൈറ്റാനിയത്തിന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ നോട്ടിസ്
തിരുവനന്തപുരം: എണ്ണച്ചോര്‍ച്ച അറിയിക്കാന്‍ വൈകിയതിന് ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിന് മലിനീകരണ നിയന്ത്രണബോര്‍ഡിന്റ നോട്ടിസ്. ചോര്‍ച്ചയുണ്ടായി മണിക്കൂറുകള്‍ കഴിഞ്ഞ് പ്രദേശവാസികള്‍ പറഞ്ഞാണ് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം അറിയുന്നത്. ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പും ചോര്‍ച്ചയില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു.എന്നാല്‍ ബുധനാഴ്ച പുലര്‍ച്ചെ ഒരു മണി മുതലാണ് ചോര്‍ച്ച തുടങ്ങിയതെന്ന് മല്‍സ്യത്തൊഴിലാളികള്‍ പറയുന്നു. രണ്ടായാലും ഇക്കാര്യം മലീനീകരണ നിയന്ത്രണബോര്‍ഡിനെ സമയത്ത് അറിയിക്കുന്നതില്‍ കമ്പനിക്ക് വീഴ്ചയുണ്ടായി. രാവിലെ ഒന്‍പതരയോടെ പ്രദേശവാസികള്‍ പറഞ്ഞാണ് ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ വിവരം അറിയുന്നത്.മാലിന്യം പൂര്‍ണമായും നീക്കുന്നതുവരെ കമ്പനി പ്രവര്‍ത്തിപ്പിക്കരുതെന്ന് ബോര്‍ഡ് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റ അടിസ്ഥാനത്തില്‍ ഫാക്ടറിയുടെ പ്രവര്‍ത്തനം തല്‍ക്കാലം നിര്‍ത്തിവച്ചിരിക്കുകയാണ്. അതേസമയം കടലിനുള്ളില്‍ എണ്ണ പടര്‍ന്നിട്ടുണ്ടോയെന്ന് പരിശോധിച്ച് വരുകയാണെന്നും രണ്ട് ദിവസം കൂടി നിരീക്ഷണം തുടരുമെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് കളക്ടര്‍ക്ക് നൽകിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
സംസ്ഥാനത്ത് രണ്ടാംഘട്ട കോവിഡ് വാക്സിനേഷന് തുടക്കമായി
തിരുവനന്തപുരം:സംസ്ഥാനത്ത് രണ്ടാംഘട്ട കോവിഡ് വാക്സിനേഷന് തുടക്കമായി. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെത്തി ഡി.ജി.പി ലോക്നാഥ് ബെഹ്റയാണ് രണ്ടാംഘട്ടത്തില്‍ ആദ്യം വാക്സിന്‍ സ്വീകരിച്ചത്. തിരുവനന്തപുരം കലക്ടര്‍ നവജോത് ഖോസയും വാക്സിന്‍ സ്വീകരിച്ചു.പൊലീസ്, മറ്റ് സേനാവിഭാഗങ്ങള്‍, മുനിസിപ്പാലിറ്റി ജീവനക്കാര്‍, റവന്യൂ, പഞ്ചായത്ത് ജീവനക്കാര്‍ എന്നീ വിഭാഗങ്ങളിലെ മുന്നണി പോരാളികളെയാണ് രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.സംസ്ഥാനത്ത് ഇതുവരെ 3,30,775 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്‌സിന്‍ സ്വീകരിച്ചത്. ആദ്യഘട്ടത്തില്‍ വാക്സിന്‍ സ്വീകരിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഫെബ്രുവരി 15 മുതല്‍ അടുത്ത ഡോസ് വാക്സിനും നല്‍കിത്തുടങ്ങും.മാര്‍ച്ചില്‍ മൂന്നാം ഘട്ട വാക്സിനേഷന്‍ ആരംഭിക്കുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ അറിയിപ്പ്.
ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്ടറിയിലെ ഗ്ലാസ് ഫര്‍ണസ് പൈപ്പ് തകര്‍ന്നു ഫര്‍ണസ് ഓയില്‍ കടലിലേക്ക് ഒഴുകി;സ്ഥിതി നിയന്ത്രണവിധേയമെന്ന് കളക്ടർ
തിരുവനന്തപുരം:ടൈറ്റാനിയം ഫാക്ടറിയിലെ ഗ്ലാസ് ഫര്‍ണസ് പൈപ്പ് പൊട്ടി ഫര്‍ണസ് ഓയില്‍ ഓട വഴി കടലിലേക്കൊഴുകി. വേളി മുതല്‍ പുതുക്കുറുച്ചി വരെ കടലില്‍ വ്യാപിച്ചതായാണ് റിപ്പോര്‍ട്ട്. ഓയിൽ കടലിലും തീരത്തും ചേർന്നതിന് പിന്നാലെ പൊതുജനങ്ങൾക്ക് ബീച്ചിലേക്ക് പ്രവേശിക്കുന്നതിന് ജില്ലാ ഭരണകൂടം വിലക്ക് ഏർപ്പെടുത്തി.ചോർച്ച അടച്ചതായി കമ്പനി അധികൃതർ അറിയിച്ചു. എണ്ണ പടർന്ന മണൽ യുദ്ധകാലാടിസ്ഥാനത്തിൽ നീക്കും. ഇതിനായുള്ള നടപടികൾ തുടങ്ങി. കടലിലേക്ക് എത്രമാത്രം എണ്ണ പടർന്നെന്നറിയാൻ കോസ്റ്റ്ഗാർഡ് നിരീക്ഷണം നടത്തും. ഇന്ന് പുലർച്ചെയോടെയാണ് ചോർച്ച കണ്ടെത്തിയത്. മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. ഫർണസ് ഓയിൽ 2 കിലോമീറ്റർ വരെ കടലിൽ വ്യാപിച്ചു. ഗ്ലാസ് പൗഡർ നിർമാണത്തിനു ഉപയോഗിക്കുന്ന പൊടി തയാറാക്കുന്നതിന് ഇന്ധനമായാണ് ഓയിൽ ഉപയോഗിക്കുന്നത്.സംഭവത്തില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.പൊതുജനങ്ങള്‍ ഭയക്കേണ്ട സാഹചര്യമില്ലെന്നും, മുന്‍കരുതലിന്റെ ഭാഗമായി രണ്ടു ദിവസത്തേക്ക് വേളി, വെട്ടുകാട്, ശംഖുമുഖം തീരങ്ങളില്‍ വിനോദസഞ്ചാരവും, ഇവിടങ്ങളില്‍നിന്നു മത്സ്യബന്ധനത്തിനു കടലില്‍ പോകുന്നതും നിരോധിച്ചതായും ജില്ലാ കളക്ടര്‍ അറിയിച്ചു. കളക്ടറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം എണ്ണച്ചോര്‍ച്ചയുണ്ടായ മേഖലകള്‍ സന്ദര്‍ശിച്ചു.വാതകച്ചോര്‍ച്ചയുടെ ഉത്ഭവസ്ഥാനം അതിവേഗം കണ്ടെത്തി അടയ്ക്കാന്‍ കഴിഞ്ഞതിനാല്‍ വളരെ വലിയ തോതില്‍ കടലിലേക്ക് എണ്ണ വ്യാപിക്കുന്നതു തടയാന്‍ കഴിഞ്ഞതായി കളക്ടര്‍ പറഞ്ഞു.വേലിയേറ്റ സമയമല്ലാത്തതിനാല്‍ വലിയ തോതില്‍ കടലില്‍ പരന്നിട്ടില്ലെന്നാണു കോസ്റ്റ് ഗാര്‍ഡ് നൽകുന്ന പ്രാഥമിക റിപ്പോര്‍ട്ട്.എന്നാല്‍, തീരക്കടലില്‍ എണ്ണ വ്യാപിച്ചിട്ടുണ്ട്. ഇതിനു പുറമേ തീരത്തെ മണ്ണിലും ഇതു കലര്‍ന്നിട്ടുണ്ട്. തിരമാലകള്‍ക്കൊപ്പം എണ്ണ സമീപ പ്രദേശങ്ങളിലെ മണ്ണിലേക്കു കലരുന്നതിനാലാണിത്. എണ്ണകലര്‍ന്ന മേല്‍മണ്ണ് പ്രദേശത്തുനിന്ന് ഉടന്‍ നീക്കംചെയ്യുമെന്നു കളക്ടര്‍ പറഞ്ഞു.ഈ മണല്‍ കമ്പനിയുടെതന്നെ സ്ഥലത്തേക്ക് ജെസിബി ഉപയോഗിച്ചു നീക്കംചെയ്ത് ഓയില്‍ ന്യൂട്രിലൈസര്‍ ഉപയോഗിച്ച് എണ്ണ നിര്‍വീര്യമാക്കും. അതിവേഗത്തില്‍ ഇതു പൂര്‍ത്തിയാക്കാന്‍ കമ്പനിക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനസാന്ദ്രത കൂടിയ മേഖലകളില്‍ ആദ്യമെന്ന നിലയ്ക്കാകും മണ്ണു നീക്കംചെയ്യുക. തീരക്കടലില്‍ വ്യാപിച്ചിരിക്കുന്ന ഓയില്‍ നീക്കം ചെയ്യുന്നതു സംബന്ധിച്ചു മലിനീകരണ നിയന്ത്രണ ബോര്‍ഡ് വിദഗ്ധരുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും കളക്ടര്‍ പറഞ്ഞു.
ഫെബ്രുവരി 26ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ്
ന്യൂഡല്‍ഹി: ചരക്ക് സേവന നികുതിക്കെതിരേ വ്യാപാരികളുടെ ദേശീയ സംഘടനയായ കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) ഫെബ്രുവരി 26ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. നാഗ്പൂരില്‍ നടന്ന രാജ്യത്തുടനീളമുള്ള വ്യാപാര നേതാക്കളുടെ സമ്മേളനത്തിലാണ് തീരുമാനം.ബന്ദിന്‍റെ ഭാഗമായി റോഡ് ഉപരോധിക്കുമെന്ന് സിഎഐടി പ്രസ്താവനയില്‍ അറിയിച്ചു. ഓള്‍ ഇന്ത്യ ട്രാന്‍സ്‌പോര്‍ട്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു.ജിഎസ്ടി കൗണ്‍സില്‍ സ്വന്തം അജന്‍ഡയുമായി മുന്നോട്ടുപോകുകയാണന്നും വ്യാപാരികളുടെ സഹകരണം തേടുന്നതില്‍ കൗണ്‍സില്‍ ഒരു വിധത്തിലുള്ള താല്‍പര്യവും കാണിക്കുന്നില്ലെന്നും വ്യാപാരി സംഘടന കുറ്റപ്പെടുത്തി. ഒരു രാജ്യം ഒരു നികുതി എന്ന പേരില്‍ ആരംഭിച്ച ചരക്കുസേവനനികുതിയില്‍ നിരവധി അപാകതകള്‍ ഉണ്ട്. നികുതി ഘടന ലളിതവത്കരിക്കുന്നതിന് കൗണ്‍സില്‍ ഒരു വിധത്തിലുള്ള നടപടികളും സ്വീകരിക്കുന്നില്ലെന്നും സംഘടന പ്രസ്താവനയില്‍ വ്യക്തമാക്കി. കൗണ്‍സിലിന്റെ വ്യാപാരി വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ചാണ് ബന്ദ് നടത്താന്‍ തീരുമാനിച്ചതെന്നും സംഘടന അറിയിച്ചു.