തിരുവനന്തപുരം: പിഎസ്‌സി നിയമന വിവാദത്തില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പൊലീസ് കെട്ടിയ ബാരിക്കേഡ് ഭേദിക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ഉണ്ടായത്. പ്രവര്‍ത്തകരില്‍ ചിലര്‍ പോലീസിനു നേരെ കല്ലേറ് നടത്തി. സെക്രട്ടറിയേറ്റിന് ഉള്ളിലേക്കും ചെരിപ്പുകളും കമ്പുകളും പ്രവര്‍ത്തകര്‍ എറിഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തീവിശിയ പൊലീസ് കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിച്ചു.ബാരിക്കേട് ലംഘിക്കാനുള്ള ശ്രമം പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നുമുണ്ടായതിനെ തുടര്‍ന്നാണ് പൊലീസ് ജല പീരങ്കി പ്രയോഗിച്ചത്. നാല് തവണയാണ് ജല പീരങ്കി പ്രയോഗിച്ചത്.കണ്ണീര്‍ വാതകത്തെ തുടര്‍ന്ന് ചിതറിയോടിയ പ്രവര്‍ത്തകര്‍ വീണ്ടും സംഘടിച്ച് മുദ്രാവാക്യം വിളിക്കുകയും പൊലീസ് നടപടിയില്‍ പ്രതിഷേധിക്കുകയും ചെയ്തു. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി വിഷ്ണുവടക്കം നാല് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.അതേസമയം നിയമന വിവാദത്തില്‍ ഇന്നും യുവജനസംഘടനകളുടെ പ്രതിഷേധമുണ്ടായി. കോഴിക്കോട്,തൃശൂര്‍ പി.എസ്.സി ഓഫീസുകളിലേക്ക് കെ.എസ്.യു പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. കോഴിക്കോട് പി.എസ്.സി ഓഫീസ് പ്രവര്‍ത്തകര്‍ പൂട്ടിയിട്ടു. ഒരു മണിക്കൂറോളം ഉദ്യോഗസ്ഥര്‍ ഓഫീസിനുള്ളില്‍ കുടുങ്ങി കിടന്നു. തൃശൂര്‍ പി.എസ്.സി ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചു. രണ്ടിടത്തും പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.കൊടുങ്ങല്ലൂര്‍ മിനി സിവില്‍ സ്റ്റേഷനിലേക്ക് യുവ മോര്‍ച്ച പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
കെ.എസ്.ആര്‍.ടി.സിയില്‍ ഒരു വിഭാഗം ജീവനക്കാര്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പണിമുടക്കുന്നു
തിരുവനന്തപുരം:കെ.എസ്.ആര്‍.ടി.സിയില്‍ ഒരു വിഭാഗം ജീവനക്കാര്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പണിമുടക്കുന്നു.ശമ്പള പരിഷ്ക്കരണത്തിന്‍റെ പേരില്‍ സര്‍ക്കാര്‍ തങ്ങളെ കബളിപ്പിക്കുകയാണെന്നാണ് ഇവരുടെ ആരോപണം. കെ.എസ്.ആര്‍.ടി.സി എം.ഡിയും യൂണിയനുകളുമായി നടന്ന ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് പണിമുടക്ക്. ടി.ഡി.എഫ്, ബി.എം.എഫ് എന്നീ യൂണിയനുകളാണ് നാളെ സൂചന പണിമുടക്ക് നടത്തുക.
രണ്ടില ചിഹ്നം ആവശ്യപ്പെട്ട് പി.ജെ ജോസഫ് നല്‍കിയ ഹരജി ഹൈക്കോടതി തള്ളി
കൊച്ചി:രണ്ടില ചിഹ്നം ആവശ്യപ്പെട്ട് പി.ജെ ജോസഫ് നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ചുകൊണ്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തിനെതിരെയാണ് പി.ജെ ജോസഫ് ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ പിജെ ജോസഫിന്‍റെ ഹരജി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. ഇതിനെതിരെ ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിലാണ് അപ്പീല്‍ സമര്‍പ്പിച്ചിരുന്നത്. ഈ അപ്പീലാണ് ഇപ്പോള്‍ തള്ളിയിരിക്കുന്നത്.തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്ന് കോടതി പറഞ്ഞു. കേരള കോണ്‍ഗ്രസ് എം എന്ന പാര്‍ട്ടിയും രണ്ടില ചിഹ്നവും ജോസ് കെ. മാണിക്ക് അവകാശപ്പെട്ടതാണ് എന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം കോടതി അംഗീകരിച്ചു.തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് സിംഗിള്‍ ബെഞ്ച് ജോസ് കെ. മാണിക്ക് അനുകൂലമായി ഉത്തരവിട്ടത്. ഇതിനെ തുടര്‍ന്ന് തദ്ദേശ തിരഞ്ഞെടുപ്പില്‍ ജോസ് കെ. മാണി വിഭാഗം രണ്ടില ചിഹ്നത്തിലാണ് മത്സരിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഇപ്പോള്‍ ജോസ് കെ. മാണിക്ക് അനുകൂലമായ ഡിവിഷന്‍ ബെഞ്ച് വിധിയും ഉണ്ടായിരിക്കുന്നത്.ചിഹ്നം ഉപയോഗിക്കുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഡിവിഷന്‍ ബെഞ്ച് നേരത്തേ അംഗീകരിച്ചിരുന്നില്ല. യുഡിഎഫ് ബന്ധം ഉപേക്ഷിച്ച് എല്‍ഡിഎഫില്‍ എത്തിയ ജോസ് കെ മാണി വിഭാഗത്തിന് അവകാശപ്പെട്ടതാണ് രണ്ടില ചിഹ്നം എന്നായിരുന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നത്. ഈ നിലപാട് തന്നെയാണ് ഹൈക്കോടതിയും ഇപ്പോള്‍ സ്വീകരിച്ചത്.സംസ്ഥാന സമിതി അംഗങ്ങളുടെ എണ്ണം ശരിയായി പരിശോധിക്കാതെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രണ്ടില ചിഹ്നം അനുവദിച്ചതെന്ന് കാണിച്ചാണ് പി.ജെ ജോസഫ് അപ്പീല്‍ നല്‍കിയിരുന്നത്.
ഇരുപത്തിയഞ്ചാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് നാളെ തലശേരിയില്‍ തിരി തെളിയും
കണ്ണൂർ: സംസ്ഥാന ചലച്ചിത്ര അക്കാഡമി സംസ്ഥാനത്തെ നാല് മേഖലകളിലായി സംഘടിപ്പിക്കുന്ന ഇരുപത്തിയഞ്ചാമത് ഐ.എഫ്.എഫ്. കെയുടെ തലശേരി പതിപ്പിന് നാളെ തിരിതെളിയും. തലശേരി ലിബര്‍ട്ടി ലിറ്റില്‍ പാരഡൈസില്‍ വൈകിട്ട് ആറിന് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് അക്കാഡമി ചെയര്‍മാന്‍ കമല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 27 വരെയാണ് മേള. കഥാകൃത്ത് ടി. പത്മനാഭന്‍ മുഖ്യാതിഥിയാകും. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, എ.എന്‍. ഷംസീര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. നോവലിസ്റ്റ് എം. മുകുന്ദന്‍, ചലച്ചിത്ര സംവിധായകരായ ടി.വി. ചന്ദ്രന്‍, കെ.പി. കുമാരന്‍ എന്നിവര്‍ ഓണ്‍ലൈനില്‍ ആശംസ നേരും.ആറ് തിയേറ്ററുകളില്‍ അഞ്ചു ദിവസങ്ങളിലായി 80 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഉദ്ഘാടന ചിത്രമായി ജാസ്മില സബാനിക് സംവിധാനം ചെയ്ത ബോസ്‌നിയന്‍ ചിത്രമായ ക്വാ വാഡിസ് ഐഡ പ്രദര്‍ശിപ്പിക്കും.മത്സര വിഭാഗത്തില്‍ ആദ്യം ബഹ്‌മെന്‍ തവോസി സംവിധാനം ചെയ്ത ‘ദി നെയിംസ് ഒഫ് ദി ഫ്ലവേഴ്‌സാ”ണ് പ്രദര്‍ശിപ്പിക്കുക. ആഫ്രിക്കന്‍ സംവിധായകനായ ലെമോഹെങ് ജെറെമിയ മൊസെസെയുടെ ‘ദിസ് ഈസ് നോട്ട് എ ബറിയല്‍”, ഇറ്റ്‌സ് എ റെസ്രക്ഷന്‍, റഷ്യന്‍ ചിത്രമായ ഇന്‍ ബിറ്റ്‌വീന്‍ ഡൈയിംഗ്, ഇറാനിയന്‍ ചിത്രം മുഹമ്മദ് റസോള്‍ഫിന്റെ ദെയ്ര്‍ ഈസ് നോ ഈവിള്‍ എന്നീ മത്സരചിത്രങ്ങളും പ്രദര്‍ശനത്തിനുണ്ട്.ലോക സിനിമാ വിഭാഗത്തില്‍ യെല്ലോ ക്യാറ്റ്, സമ്മര്‍ ഒഫ് 85 എന്നിവയും പ്രദര്‍ശിപ്പിക്കും. ഫിലിപ്പ് ലാക്കേറ്റ് സംവിധാനം ചെയ്ത നൈറ്റ് ഒഫ് ദി കിംഗ്സ്, ഷൂജന്‍ വീയുടെ സ്‌ട്രൈഡിങ് ഇന്റു ദി വിന്‍ഡ്, നീഡില്‍ പാര്‍ക്ക് ബേബി, ഫെബ്രുവരി, മാളു, ഇസ്രയേല്‍ ചിത്രം ലൈല ഇന്‍ ഹൈഫ എന്നിവയും പ്രേക്ഷകര്‍ക്ക് ആസ്വദിക്കാനാവും. വാര്‍ത്താസമ്മേളത്തില്‍ വി.കെ. ജോസഫ്, പ്രദീപ് ചൊക്ളി എന്നിവരും സംബന്ധിച്ചു.
മന്ത്രി കടകംപള്ളിയുടെ പ്രതികരണം ഞെട്ടിച്ചു; സർക്കാരിൽ നിന്നും അനുകൂല സമീപനം ഉണ്ടായില്ലെങ്കില്‍ വൈകീട്ട് മുതല്‍ നിരാഹാര സമരം ആരംഭിക്കുമെന്നും ഉദ്യോഗാര്‍ഥികള്‍
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുമ്ബില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി ചര്‍ച്ച നടത്തി. രാവിലെ മന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച നടന്നത്. ചീഫ് സെക്രട്ടറി തലത്തില്‍ യോഗം വിളിക്കുന്നുണ്ടെന്നും ഓരോ വകുപ്പിലെ സെക്രട്ടറിമാരുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി അറിയിച്ചതായി ഉദ്യോഗാര്‍ഥികള്‍ മാധ്യമങ്ങളോട് പറഞ്ഞു.മന്ത്രിയുടെ ഭാഗത്ത് നിന്ന് അനുകൂല സമീപനമല്ല ഉണ്ടായതെന്നും അദ്ദേഹത്തിന്‍റെ പ്രതികരണം ഞെട്ടിച്ചെന്നും ലയ ജയേഷ് ചര്‍ച്ചക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.മന്ത്രിയുടെ പേര് പറയാതെയായിരുന്നു ഉദ്യോഗാര്‍ത്ഥികളുടെ വിമര്‍ശനം.കാര്യങ്ങള്‍ ധരിപ്പിക്കുന്നതിനിടയില്‍ റാങ്ക് പട്ടികയില്‍ എത്രാമതാണെന്ന് തന്നോട് ചോദിച്ചെന്നും റാങ്ക് പട്ടിക പത്ത് വര്‍ഷത്തേക്ക് നീട്ടുകയാണെങ്കില്‍ പോലും താങ്കള്‍ക്ക് ജോലി ലഭിക്കില്ലെന്നും മന്ത്രി പറഞ്ഞതായും ലയ ജയേഷ് വ്യക്തമാക്കി. പിന്നെ എന്തിനാണ് സമരവുമായി മുന്നോട്ടു പോകുന്നതെന്ന് തന്നോട് മന്ത്രി ചോദിച്ചതായും ലയ മാധ്യമങ്ങളോട് വിവരിച്ചു. 28 ദിവസമായി ഉദ്യോഗാര്‍ഥികള്‍ നടത്തുന്ന സമരത്തിന്റെ സത്യാവസ്ഥയെ കുറിച്ച് ആര്‍ക്കും മനസ്സിലായിട്ടില്ലെന്നാണ് മന്ത്രിയുടെ പ്രതികരണത്തില്‍ നിന്ന് മനസ്സിലാകുന്നതെന്നും ലയ പറഞ്ഞു. സമരം സംസ്ഥാന സര്‍ക്കാറിനെ കരിവാരിത്തേക്കാനാണെന്ന അര്‍ഥത്തിലാണ് മന്ത്രി പ്രതികരിച്ചത്. എന്നാല്‍, സമരം സര്‍ക്കാറിനെതിരെ അല്ലെന്നും അനുകൂല സമീപനം ഉണ്ടായില്ലെങ്കില്‍ വൈകീട്ട് മുതല്‍ നിരാഹാര സമരം ആരംഭിക്കുമെന്നും ഉദ്യോഗാര്‍ഥികള്‍ വ്യക്തമാക്കി.
അണ്‍ലോക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് കര്‍ണാടക;സംസ്ഥാന പാതയടക്കമുള്ള അതിര്‍ത്തി റോഡുകൾ അടച്ചു
കാസർകോഡ്: അണ്‍ലോക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് കര്‍ണാടക.കേരളത്തിലെ കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി സംസ്ഥാന പാതയടക്കമുള്ള അതിര്‍ത്തി റോഡുകൾ അടച്ചു.ദേശീയ പാതയിലെ തലപ്പാടി ഉള്‍പ്പെടെയുള്ള നാല് ഇടങ്ങളില്‍ അതിര്‍ത്തി കടക്കുന്നവര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. കേന്ദ്രത്തിന്റെ അണ്‍ലോക്ക് ചട്ടങ്ങളുടെ ലംഘനമാണ് കര്‍ണാടക നടത്തുന്നതെന്നാണ് പരക്കെയുള്ള ആരോപണം.കോവിഡ് നിയന്ത്രണങ്ങള്‍ ബുധനാഴ്ച മുതല്‍ ശക്തമാക്കുമെന്ന് കര്‍ണാടക നേരത്തെ പ്രഖ്യാപിച്ചിരുന്നു.കൊവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റുണ്ടെങ്കില്‍ മാത്രമേ കേരളത്തില്‍ നിന്നുള്ളവരെ കര്‍ണാടകയിലേക്ക് പ്രവേശിപ്പിക്കൂവെന്നാണ് അധികൃതര്‍ പറയുന്നത്. കേരളത്തില്‍ കൊവിഡ് വാര്‍ധിച്ച സാഹചര്യത്തിലാണ് നിയന്ത്രണം എന്നും ഇവര്‍ പറയുന്നു. എന്നാല്‍ സംസ്ഥാന പാതകളും മറ്റും അടക്കുന്ന തരത്തില്‍ ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തരുതെന്ന് കേന്ദ്രം പുറപ്പെടുവിച്ച അണ്‍ലോക്ക് മാര്‍ഗനിര്‍ദേശത്തിലുണ്ട്. എന്നാല്‍ ഇതെല്ലാം അവഗണിച്ചാണ് കര്‍ണാടകയുടെ സമീപനം.വയനാട് ബാവലി ചെക്ക്പോസ്റ്റില്‍ കേരള വാഹനങ്ങള്‍ തടഞ്ഞത് വാക്കുതര്‍ക്കത്തിനും ഗതാഗതകുരുക്കിനും കാരണമായി.ദക്ഷിണ കന്നടയോട് ചേര്‍ന്നുള്ള അതിര്‍ത്തികളിലെ 17 പാതകളിലും നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്.ഇതില്‍ പതിമൂന്നിടത്തും പാത അടച്ചിട്ടുണ്ട്. തലപ്പാടി ഉള്‍പ്പെടെയുള്ള നാല് പാതകളില്‍ കര്‍ശന നിയന്ത്രണമാണ് കൊണ്ടുവന്നിട്ടുള്ളത്. നീക്കത്തിനെതിരെ കര്‍ണാടക ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കാനുള്ള നീക്കത്തിലാണ് അതിര്‍ത്തി മേഖലയിലെ ജനങ്ങള്‍.
കണ്ണൂര്‍ കല്യാശ്ശേരിയില്‍ രണ്ട് എ.ടി.എമ്മുകള്‍ തകര്‍ത്ത് 20 ലക്ഷത്തോളം രൂപ കവര്‍ന്നു
കണ്ണൂര്‍:കല്യാശ്ശേരിയില്‍ രണ്ട് എ.ടി.എമ്മുകള്‍ തകര്‍ത്ത് മോഷ്ട്ടാക്കൾ 20 ലക്ഷത്തോളം രൂപ കവര്‍ന്നു.മാങ്ങാട്ട് ബസാറില്‍ ദേശീയപാതയോരത്തെ ഇന്ത്യ വണ്ണിന്റെ എ.ടി.എം തകര്‍ത്ത് 1,75, 500 രൂപയും കല്യാശ്ശേരിയിലെ എസ്.ബി.ഐ എ.ടി.എം തകര്‍ത്ത് 18 ലക്ഷത്തോളം രൂപയും കവര്‍ന്നതായാണ് പ്രാഥമിക നിഗമനം.റൂമിന്റെ ഷട്ടര്‍ താഴ്ത്തി ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് ഇരു എ.ടി.എമ്മുകളും തകര്‍ത്തത്. കല്യാശ്ശേരി എസ്.ബി.ഐ എ.ടി.എമ്മില്‍ രണ്ടു ദിവസം മുൻപ് പണം നിറച്ചിരുന്നതായും നിലവില്‍ 18 ലക്ഷത്തോളം രൂപയുള്ളതായും പണം നിക്ഷേപിച്ച ഏജന്‍സി അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച പുലര്‍ച്ചയാണ് കവര്‍ച്ചകള്‍ നടന്നതെന്ന് കരുതുന്നു.മാങ്ങാട് ഇന്ത്യ വണ്‍ എ.ടി.എം തകര്‍ത്തതായി ഞായറാഴ്ച രാവിലെ തന്നെ ശ്രദ്ധയില്‍പെട്ടിരുന്നു. എന്നാല്‍, കല്യാശ്ശേരി എസ്.ബി.ഐ എ.ടി.എമ്മിന്റെ ഷട്ടര്‍ താഴ്ത്തിയ നിലയിലായതിനാല്‍ വൈകീട്ടുവരെ കവര്‍ച്ചയെപ്പറ്റി ആരും അറിഞ്ഞില്ല. എ.ടി.എമ്മില്‍ പണം നിക്ഷേപിക്കുന്ന ഏജന്‍സി എത്തിയപ്പോഴാണ് മാങ്ങാട്ടെ എ ടി എമ്മിൽ കവർച്ച നടന്നതായി ശ്രദ്ധയില്‍പെട്ടത്.കവര്‍ച്ചസംഘം മാങ്ങാട് തെരു കള്ളുഷാപ്പിനു സമീപത്തെ ആള്‍ത്താമസമുള്ള മുറിയില്‍ കയറി കവര്‍ച്ചക്കു ശ്രമിച്ചെങ്കിലും ഉറക്കമുണര്‍ന്ന താമസക്കാര്‍ ബഹളംവെച്ചതോടെ ഇവര്‍ രക്ഷപ്പെടുകയായിരുന്നു. താമസക്കാര്‍ കണ്ണപുരം പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വിശദമായ അന്വേഷണം നടത്തി. തുടര്‍ന്ന് കവര്‍ച്ചസംഘം എത്തിയതായി കരുതുന്ന ബൈക്ക് പൊലീസ് കണ്ടെടുത്തു. സംഘത്തില്‍ മൂന്നുപേര്‍ ഉണ്ടായിരുന്നതായി മുറിയിലെ താമസക്കാര്‍ പറഞ്ഞു. കണ്ണൂരില്‍നിന്ന് ഫോറന്‍സിക് വിഭാഗവും ഡോഗ് സ്ക്വാഡും എത്തി പരിശോധന നടത്തി. എസ്.ബി.ഐ എ.ടി.എം തകര്‍ത്തത് അറിഞ്ഞത് ഞായറാഴ്ച വൈകീട്ടായതിനാല്‍ അന്വേഷണം തിങ്കളാഴ്ച രാവിലെ നടക്കുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കണ്ണൂരില്‍ നിന്ന് എസ്.പി അടക്കമുള്ളവര്‍ സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി.
ഈ മാസം 27 ന് തീരദേശ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് മത്സ്യത്തൊഴിലാളി സംഘടനകൾ
തിരുവനന്തപുരം: വിദേശ ട്രോളറുകള്‍ക്ക് ആഴക്കടല്‍ മത്സ്യബന്ധനത്തിന് കരാര്‍ നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ഈ മാസം 27 ന് തീരദേശ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് മത്സ്യത്തൊഴിലാളി സംഘടനകൾ.ഹര്‍ത്താല്‍ ദിനത്തല്‍ ഹാര്‍ബറുകള്‍ പ്രവര്‍ത്തിക്കില്ലെന്നും സമിതി അറിയിച്ചു. തിങ്കളാഴ്ച കൊച്ചി കെഎസ്‌ഐഎന്‍സി ആസ്ഥാനം ഉപരോധിക്കും. വൈകിട്ട് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുെട കൊല്ലത്തെ വസതിയിലേക്ക് മാര്‍ച്ച് നടത്തുമെന്നും മത്സ്യമേഖല സംരക്ഷണ സമിതി വ്യക്തമാക്കി.അതേസമയം അമേരിക്കന്‍ കമ്ബനിയായ ഇഎംസിസിയുടെ പ്രതിനിധികളുമായി താന്‍ ചര്‍ച്ച നടത്തിയിരുന്നെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇഎംസിസി സംഘത്തെ തിരുവനന്തപുരത്ത് വെച്ച് കണ്ടിരുന്നു. എന്താണ് സംസാരിച്ചതെന്ന് ഓര്‍ക്കുന്നില്ല. ന്യൂയോര്‍ക്കില്‍ വെച്ച് ആരെയും കണ്ടിട്ടുമില്ല, ചര്‍ച്ച നടത്തിയിട്ടുമില്ല എന്നാണ് ഇന്നലെ പറഞ്ഞതെന്നും മന്ത്രി പറയുകയുണ്ടായി.
സംസ്ഥാനത്ത് ഇന്ന് 4650 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു;5841 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 4650 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് 602, എറണാകുളം 564, മലപ്പുറം 529, തൃശൂര്‍ 503, കൊല്ലം 444, ആലപ്പുഴ 382, തിരുവനന്തപുരം 328, പത്തനംതിട്ട 317, കോട്ടയം 267, പാലക്കാട് 193, കണ്ണൂര്‍ 176, വയനാട് 143, കാസര്‍ഗോഡ് 124, ഇടുക്കി 78 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 65,968 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.05 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 13 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4074 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4253 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 295 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 590, എറണാകുളം 532, മലപ്പുറം 513, തൃശൂര്‍ 489, കൊല്ലം 438, ആലപ്പുഴ 378, തിരുവനന്തപുരം 208, പത്തനംതിട്ട 288, കോട്ടയം 252, പാലക്കാട് 111, കണ്ണൂര്‍ 137, വയനാട് 135, കാസര്‍ഗോഡ് 107, ഇടുക്കി 75 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 26 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍, കാസര്‍ഗോഡ് 4 വീതം, തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍ 3 വീതം, പത്തനംതിട്ട, കോഴിക്കോട് 2 വീതം, ഇടുക്കി, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5841 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 459, കൊല്ലം 780, പത്തനംതിട്ട 550, ആലപ്പുഴ 361, കോട്ടയം 539, ഇടുക്കി 263, എറണാകുളം 658, തൃശൂര്‍ 404, പാലക്കാട് 164, മലപ്പുറം 596, കോഴിക്കോട് 659, വയനാട് 151, കണ്ണൂര്‍ 217, കാസര്‍ഗോഡ് 40 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.ഇന്ന് പുതിയ 3 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 8 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 366 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധന; പ്രതിരോധ നടപടികള്‍ ശക്തമാക്കാന്‍ കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളോട് കേന്ദ്രം
ന്യൂഡൽഹി:പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കാന്‍ കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളോട് കേന്ദ്രം.കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഗഢ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കാണ് കേന്ദ്രം നിര്‍ദേശം നല്‍കിയിരിക്കുന്നത്. രാജ്യത്തെ 87ശതമാനം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആറു സംസ്ഥാനങ്ങളില്‍ നിന്നാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും മഹാരാഷ്ട്രയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6112 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ലോക്കല്‍ ട്രെയിനുകള്‍ ഓടിതുടങ്ങിയതും പ്രതിരോധ നടപടികള്‍ നടപ്പാക്കുന്നതിലെ പോരായ്മകളുമാണ് മഹാരാഷ്ട്രയില്‍ രോഗം വര്‍ധിക്കാന്‍ കാരണമായതെന്നാണ് ആരോഗ്യമന്ത്രാലയം വിലയിരുത്തുന്നത്.പഞ്ചാബാണ് കോവിഡ് കേസുകള്‍ ഉയരുന്ന മറ്റൊരു സംസ്ഥാനം. മഹാരാഷ്ട്രയിലേത് പോലെ കഴിഞ്ഞ ഒരാഴ്ചയായി കോവിഡ് കേസുകള്‍ പഞ്ചാബിലും വര്‍ധിക്കുന്നുണ്ട്. കേരളത്തിലും മഹാരാഷ്‌ട്രയിലുമാണ് രാജ്യത്തെ 75.87 ശതമാനം കൊവിഡ് രോഗികളും. 18 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും 24 മണിക്കൂറിനിടെ ഒരു കൊവിഡ് മരണം പോലും റിപ്പോര്‍ട്ട് ചെയ്‌തില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. തെലങ്കാന, ഹരിയാന, ജാര്‍ഖണ്ഡ്, ഹിമാചല്‍ പ്രദേശ്,ത്രിപുര,ആസാം,മണിപ്പൂര്‍,മേഘാലയ, ലഡാക്ക്, ജമ്മു കാശ്‌മീര്‍, ആന്റമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ലക്ഷദ്വീപ്, ദാദ്ര നാഗര്‍ ഹവേലി, ദാമന്‍ ആന്റ് ദിയു, ചണ്ഡീഗഡ് എന്നിവിടങ്ങളാണിവ.