തിരുവനന്തപുരം:സംസ്ഥാനത്ത് പകല്‍ സമയത്ത് താപനില കൂടുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി ദുരന്ത നിവാരണ അതോറിറ്റി രംഗത്ത്. സൂര്യാഘാതം, സൂര്യതാപം, നിര്‍ജലീകരണം എന്നിവയ്ക്കെതിരെ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.പകല്‍ 11 മുതല്‍ 3 മണി വരെ നേരിട്ട് വെയില് കൊള്ളുന്നത് ഒഴിവാക്കണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റി നിർദേശം. കുട്ടികള്‍, പ്രായമായവര്‍ , ഗര്‍ഭിണികള്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. തൊഴില്‍ സമയം ക്രമീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ദിനാന്തരീക്ഷ താപനില ഇന്നലെ കോട്ടയത്താണ് രേഖപ്പെടുത്തിയത്.
ശബരിമല, സിഎഎ കേസുകള്‍ പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം
തിരുവനന്തപുരം : ശബരിമല, പൗരത്വ പ്രതിഷേധ(സിഎഎ) കേസുകള്‍ പിന്‍വലിക്കാന്‍ സംസ്ഥാന മന്ത്രിസഭായോഗത്തില്‍ തീരുമാനം. ഗുരുതര ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കാനാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്.നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ തീരുമാനം.മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ബുധനാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന് മന്ത്രിസഭാ യോഗത്തിലാണ് സര്‍ക്കാര്‍ നിര്‍ണായക തീരുമാനമെടുത്തത്. നേരത്തെ ശബരിമല യുവതീ പ്രവേശന വിധി വന്ന സമയത്ത് നടന്ന പ്രതിഷേധ, പ്രക്ഷോഭങ്ങള്‍ക്കെതിരെ സ്ത്രീകള്‍ക്കെതിരെയടക്കം നിരവധി കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ ക്രമിനല്‍ സ്വഭാവം ഇല്ലാത്ത കേസുകള്‍ പിന്‍വലിക്കാനാണ് തീരുമാനം.നേരത്തെ ശബരിമല സമരവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കണമെന്ന് എന്‍.എസ്.എസ് അടക്കമുള്ള സംഘടനകളും കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെട്ടിരുന്നു.ഈയിടെ തമിഴ്നാട് സര്‍ക്കാര്‍ സിഎഎ പ്രതിഷേധക്കാര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ വന്‍ പ്രതിഷേധമാണ് കേരളത്തിലുണ്ടായിരുന്നത്.പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളത്തിൽ സമരം ചെയ്തതിന് 529 കേസുകൾ ആണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ മാത്രം സമരം ചെയ്തവർക്കെതിരെയാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. മുസ്ലിം മത സംഘടനകൾക്കെതിരെയാണ് ബഹുഭൂരിപക്ഷം കേസുകളുമെടുത്തിരിക്കുന്നത്. ശബരിമലയിലെ യുവതീ പ്രവേശവുമായി ബന്ധപ്പെട്ട 2018ലെ സുപ്രിം കോടതി വിധിക്ക് പിന്നാലെയുണ്ടായ പ്രതിഷേധങ്ങളിൽ അമ്പതിനായിരത്തോളം പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. കേസുകൾ പിൻവലിക്കണമെന്ന് നായർ സർവീസ് സൊസൈറ്റി അടക്കമുള്ള നിരവധി സാമൂഹിക സംഘടനകൾ പലതവണ ആവശ്യപ്പെട്ടിരുന്നു.അതേസമയം സര്‍ക്കാരിന്റെ വൈകിവന്ന വിവേകമാണിതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഗത്യന്തരമില്ലാതെയുള്ള തീരുമാനമാണിതെന്ന് മുസ്ലിം ലീഗും അഭിപ്രായപ്പെട്ടു. അധികാരത്തില്‍വന്നാല്‍ ശബരിമല പ്രക്ഷോഭ കേസുള്‍ പിന്‍വലിക്കുമെന്ന് നേരത്തെ യുഡിഎഫ് വ്യക്തമാക്കിയിരുന്നു.ശബരിമല കേസുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം സ്വഗതാര്‍ഹമാണെന്ന് ബിജെപി പ്രതികരിച്ചു.
ഇരിട്ടി ടൗണിനടുത്ത് നിന്നും നാടന്‍ ബോംബുകള്‍ കണ്ടെത്തി
ഇരിട്ടി:ഇരിട്ടി ടൗണിനു സമീപത്തു നിന്നും നാടന്‍ ബോംബുകള്‍ കണ്ടെത്തി. പയഞ്ചേരിമുക്കിലെ സ്വകാര്യ ഐ.ടി.സിക്ക് സമീപത്തുള്ള ആളൊഴിഞ്ഞ പറമ്പിൽ നിന്നുമാണ് പ്ലാസ്റ്റിക് ബക്കറ്റില്‍ സൂക്ഷിച്ച നിലയില്‍ ആറ് നാടന്‍ ബോംബുകള്‍ കണ്ടെത്തിയത്.പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ബോംബുകള്‍ കണ്ടെത്തിയത്. കണ്ണൂര്‍ ബോംബ് സ്ക്വാഡ് എസ്.ഐ ടി.വി. ശശിധരന്റെ നേതൃത്വത്തില്‍ പി.എന്‍. അജിത് കുമാര്‍, സി. ധനീഷ്, ശ്രീകാന്ത്, ഇരിട്ടി എസ്.ഐ മജീദ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ബോംബുകള്‍ നിര്‍വീര്യമാക്കി.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
കേരളം അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുള്ളവര്‍ക്ക് ഡല്‍ഹിയിലേക്ക് പ്രവേശിക്കാന്‍ ആര്‍ടിപിസിആര്‍ ഫലം നിര്‍ബന്ധം
ന്യൂഡല്‍ഹി: മഹാരാഷ്ട്ര ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹിയിലും കേരളത്തില്‍ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തി. കേരളം ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. 26 മുതല്‍ മാര്‍ച്ച് 15 വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വിമാനം, ട്രെയിന്‍ എന്നീ ഗതാഗത മാര്‍ഗങ്ങള്‍ വഴി രാജ്യതലസ്ഥാനത്ത് എത്തുന്ന ഈ അഞ്ചു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. റോഡുവഴി വരുന്നവര്‍ക്ക് നിയന്ത്രണം ഇല്ല. കേരളത്തിന് പുറമേ മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് നിയന്ത്രണം. ഈ സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിയന്ത്രണം ഏര്‍പ്പെടുത്തിയത്.നേരത്തെ കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് കര്‍ണാടകത്തിലേക്കും ഉത്തരാഖണ്ഡിലേക്കും മണിപ്പൂരിലേക്കും മഹാരാഷ്ട്രയിലേക്കും എത്തുന്നവര്‍ക്ക് അതത് സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
നാദാപുരത്ത് കഴിഞ്ഞ ദിവസം വീടിനുള്ളിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ ഗൃഹനാഥനും മകനും മരിച്ചു;ഭാര്യയും മറ്റൊരു മകനും ഗുരുതരാവസ്ഥയില്‍
കോഴിക്കോട്: നാദാപുരത്തിനടുത്ത ചെക്യാട് കായലോട്ട് വീട്ടിനുള്ളില്‍ തീപ്പൊള്ളലേറ്റ നിലയില്‍ കണ്ട നാലംഗ കുടുംബത്തിലെ അച്ഛന് പിന്നാലെ മകനും മരിച്ചു. ഭാര്യയും മറ്റൊരു മകനും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.ഇന്നലെ പുലര്‍ച്ചെയോടെയാണ് ചെക്യാട് കായലോട്ട് രാജു (48), ഭാര്യ റീന (40), മക്കളായ സ്റ്റാലിഷ് (17), സ്റ്റഫിന് (14) എന്നിവരെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ വീട്ടിനുള്ളില്‍ കണ്ടെത്തിയത്.കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇന്നലെ ഉച്ചയോടെ രാജു മരിച്ചിരുന്നു. ഇന്ന് രാവിലെ മൂത്ത മകനും മരിച്ചു. മറ്റുള്ളവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.വീട്ടിലെ ബെഡ്റൂമിലാണ് നാലുപേരെയും തീപ്പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. കൂട്ടനിലിവിളി കേട്ട് എത്തിയ അയല്‍വാസികള്‍, തീയാളുന്ന നിലയിലാണ് വീട്ടുകാരെ കണ്ടത്. പാനൂരില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. കുടുംബവഴക്കാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇരിട്ടി പാലത്തിന് സമാന്തരമായി പുതിയ പാലം യാഥാര്‍ഥ്യമാവുന്നു
ഇരിട്ടി: 1933ല്‍ ബ്രിട്ടീഷുകാര്‍ നിർമിച്ച 88 വര്‍ഷത്തെ പഴക്കമുള്ള ഇരിട്ടി പാലത്തിന് സമാന്തരമായി പുതിയ പാലം യാഥാര്‍ഥ്യമാവുന്നു. തലശ്ശേരി -വളവുപാറ റോഡ് പ്രവൃത്തിയോടനുബന്ധിച്ചു ആറു പാലങ്ങളാണ് പുതുതായി നിര്‍മിക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഇരിട്ടി പാലം പ്രവൃത്തി മൂന്നുവര്‍ഷം മുൻപാണ് ആരംഭിച്ചത്. ഈ കാലയളവില്‍ നിരവധി പ്രതിസന്ധികള്‍ തരണം ചെയ്താണ് പാലം നിര്‍മാണം പൂര്‍ത്തീകരിച്ചത്.നിലവിലുള്ള പാലത്തിന് സമാന്തരമായാണ് 144 മീറ്റര്‍ നീളത്തിലും 12 മീറ്റര്‍ വീതിയിലുമായി മൂന്നു സ്പാനുകളില്‍ പുതിയ പാലം നിര്‍മിച്ചത്. പാലം നിര്‍മാണത്തിനിടെ പുഴയിലുണ്ടായ വെള്ളപ്പൊക്കത്തിന്റെ കുത്തൊഴുക്കില്‍ ടെസ്റ്റിങ് പൈല് ഒഴുകിപ്പോയിരുന്നു. ഇത് വലിയ ആശങ്കയും വിവാദവും സൃഷ്ടിച്ചു. തുടര്‍ന്നുവന്ന കാലവര്‍ഷവും നിര്‍മാണ പ്രവൃത്തിയെ തടസ്സപ്പെടുത്തി. ഇതേത്തുടര്‍ന്ന് രാജ്യത്തെ നാല് പ്രമുഖ പാലം നിര്‍മാണ വിദഗ്ധര്‍ സ്ഥലം സന്ദര്‍ശിക്കുകയും പൈലുകളുടെ എണ്ണവും ആഴവും വര്‍ധിപ്പിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. തുടര്‍ന്ന് പണി ആരംഭിച്ചെങ്കിലും കോവിഡ് ലോക്ഡൗണ്‍ പാലം പ്രവൃത്തി വീണ്ടും നീണ്ടുപോകാന്‍ ഇടയാക്കി. നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ പ്രവൃത്തി ദ്രുതഗതിയില്‍ പൂര്‍ത്തീകരിക്കുകയായിരുന്നു.നിലവിലുള്ള പാലത്തിലൂടെ രണ്ട് വാഹനങ്ങള്‍ ബുദ്ധിമുട്ടിയാണ് ഒരേസമയം പോവുന്നത്. പാലത്തിലൂടെയുള്ള കാല്‍നട പോലും ദുസ്സഹമായിരുന്നു. ഉയരം കൂടിയ വാഹനങ്ങള്‍ കടന്നുപോകുമ്പോൾ പാലത്തില്‍ കുരുങ്ങിയുള്ള ഗതാഗതക്കുരുക്കും പതിവാണ്. ടാറിങ് പണി പൂര്‍ത്തിയാക്കി പുതിയ പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതോടെ വര്‍ഷങ്ങളായി ഇരിട്ടി ടൗണ്‍ അനുഭവിക്കുന്ന ഗതാഗതക്കുരുക്കിനും പരിഹാരമാകും.
കോവിഡ് വ്യാപനം;കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി നാല് സംസ്ഥാനങ്ങൾ
തിരുവനന്തപുരം:കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണമേർപ്പെടുത്തി നാല് സംസ്ഥാനങ്ങൾ.കർണാടക, ഉത്തരാഖണ്ഡ്, മണിപ്പൂർ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.ആര്.ടി.പി.സി.ആര്. പരിശോധനാഫലം നെഗറ്റീവായവരെ മാത്രമേ മംഗളൂരുവിലേക്ക് കടത്തിവിടൂ എന്ന് ദക്ഷിണകന്നഡ അധികൃതര്‍ അറിയിച്ചു. ഒരിക്കല്‍മാത്രം യാത്രചെയ്യുന്നവര്‍ 72 മണിക്കൂറിനകം പരിശോധന നടത്തിയ റിപ്പോര്‍ട്ടാണ് ഹാജരാക്കേണ്ടത്. നിത്യേന യാത്രചെയ്യുന്നവര്‍ 15 ദിവസത്തിലൊരിക്കല്‍ പരിശോധന നടത്തിയ റിപ്പോര്‍ട്ടും മംഗളൂരുവിലെ എവിടേക്കാണ് പോകുന്നതെന്നു തെളിയിക്കുന്ന രേഖയും കൈയില്‍ കരുതണം. ആംബുലന്‍സില്‍ രോഗികളുമായി വരുന്നവര്‍ ആശുപത്രിയിലെത്തിയാല്‍ ഉടന്‍ രോഗിയെയും കൂടെ വന്നവരെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കണം.കേരളം, ഗോവ, ഗുജറാത്ത്, രാജസ്ഥാന്,ദില്ലി എന്നിവിടങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് മഹാരാഷ്ട്രയില്‍ പോകണമെങ്കില്‍ ആര്.ടി.പി.സി.ആര്. നെഗറ്റീവ് റിപ്പോര്‍ട്ട് വേണം. മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ക്ക് കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ടുണ്ടെങ്കിലേ കര്‍ണാടകത്തിലും മണിപ്പുരിലും പ്രവേശിക്കാനാവൂ. ഒഡിഷയില്‍ പുറത്തുനിന്നെത്തുന്ന 55 വയസ്സിന് മുകളിലുള്ള എല്ലാവരും എത്തിയാലുടന്‍ കോവിഡ് പരിശോധന നടത്തണമെന്നാണ് നിര്‍ദേശം.
സംസ്ഥാനത്ത് ഇന്ന് 4034 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;4823 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 4034 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 484, പത്തനംതിട്ട 430, കൊല്ലം 408, കോട്ടയം 389, തൃശൂര്‍ 386, കോഴിക്കോട് 357, മലപ്പുറം 355, ആലപ്പുഴ 275, തിരുവനന്തപുരം 255, കണ്ണൂര്‍ 206, പാലക്കാട് 147, കാസര്‍ഗോഡ് 140, വയനാട് 131, ഇടുക്കി 71 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 69,604 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.80 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4119 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 81 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3674 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 258 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 454, പത്തനംതിട്ട 392, കൊല്ലം 407, കോട്ടയം 353, തൃശൂര്‍ 376, കോഴിക്കോട് 345, മലപ്പുറം 333, ആലപ്പുഴ 270, തിരുവനന്തപുരം 190, കണ്ണൂര്‍ 153, പാലക്കാട് 82, കാസര്‍ഗോഡ് 128, വയനാട് 126, ഇടുക്കി 65 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4823 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 367, കൊല്ലം 342, പത്തനംതിട്ട 581, ആലപ്പുഴ 381, കോട്ടയം 377, ഇടുക്കി 327, എറണാകുളം 746, തൃശൂര്‍ 351, പാലക്കാട് 124, മലപ്പുറം 272, കോഴിക്കോട് 521, വയനാട് 168, കണ്ണൂര്‍ 190, കാസര്‍ഗോഡ് 76 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.ഇന്ന് 3 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 2 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 433 ഹോട്ട് സ്പോട്ടുകളാണുള്ളത്.
പയ്യന്നൂരില്‍ വാടക കെട്ടിടത്തില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ കമിതാക്കള്‍ മരിച്ചു
കണ്ണൂർ:പയ്യന്നൂരില്‍ വാടക കെട്ടിടത്തില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ കമിതാക്കള്‍ മരിച്ചു.ചിറ്റാരിക്കല്‍ എളേരിയാട്ടിലെ ശിവപ്രസാദ് ( 28 ), ഏഴിലോട് പുറച്ചേരിയിലെ ആര്യ ( 21) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ 19-നാണ് പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ വാടക കെട്ടിടത്തില്‍ ഇരുവരെയും പൊള്ളലേറ്റനിലയില്‍ കണ്ടെത്തിയത്.19-ാം തീയതി പരീക്ഷ കഴിഞ്ഞിറങ്ങിയ ആര്യയെ ശിവപ്രസാദ് കാറിലെത്തി വാടക കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ടു വരികയായിരുന്നു.തുടര്‍ന്ന് ഇരുവരും തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ രണ്ടു പേരെയും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെ ആര്യയും ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ശിവപ്രസാദും മരിച്ചു.പ്രണയത്തിലായിരുന്ന ഇരുവരും വീട്ടുകാര്‍ എതിര്‍പ്പറിയിച്ചതോടെയാണ് ആത്മഹത്യക്ക് മുതിര്‍ന്നത്. ആര്യയുടെ വിവാഹനിശ്ചയം നടക്കാനിരിക്കെയായിരുന്നു സംഭവം.
മാദ്ധ്യമ പ്രവര്‍ത്തകയെ അപമാനിച്ച സംഭവം;എൻ പ്രശാന്ത് ഐ എ എസ് നെതിരെ നടപടിയെടുക്കണമെന്ന് പത്രപ്രവര്‍ത്തക യൂണിയന്
തിരുവനന്തപുരം: മാദ്ധ്യമ പ്രവര്‍ത്തകയെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിക്കുകയും അശ്ലീലചുവയോടെ പ്രതികരിക്കുകയും ചെയ്ത ഐ എ എസ് ഉദ്യോഗസ്ഥന് പ്രശാന്തിനെതിരെ മാതൃകാപരമായ ശിക്ഷാനടപടി സ്വീകരിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന് ആവശ്യപ്പെട്ടു.ആഴക്കടല്‍ മത്സ്യ ബന്ധന പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണം തേടിയ ലേഖികയ്ക്ക് അശ്ലീലച്ചുവയുള്ള ഇമോജികളിലൂടെ തരംതാഴ്ന്ന മറുപടി നല്‍കുകയും സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ആക്ഷേപിക്കുകയും ചെയ്ത പ്രശാന്തിന്റെ നടപടി പ്രതിഷേധാര്‍ഹമാണ്. താല്പര്യമില്ലെങ്കില് പ്രതികരിക്കാതിരാക്കാം. എന്നാല്‍, അശ്ലീല ചുവയുള്ള ചിത്രങ്ങള്‍ നല്കി അപമാനിക്കാന്‍ ശ്രമിച്ചത് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്റെ മാന്യതക്ക് നിരക്കുന്ന നടപടിയല്ല. പ്രശാന്തിന്റെ ഭാര്യ ലക്ഷ്മി പ്രശാന്തും മാദ്ധ്യമ പ്രവര്‍ത്തകരെ ഒന്നാകെ അപമാനിക്കുന്ന പ്രതികരണമാണ് നടത്തിയിരിക്കുന്നത്.വിവാദ സംഭവങ്ങളില്‍ ആ വിഷയവുമായി ബന്ധപ്പെട്ട അധികൃതരില്‍നിന്നു പ്രതികരണം തേടുന്നത് കേരളത്തില്‍ മാത്രമല്ല ലോകമെമ്പാടുമുള്ള മാധ്യമങ്ങള്‍ സ്വീകരിക്കുന്ന രീതിയാണ്.ഫോണില്‍ വിളിച്ചു കിട്ടാതിരുന്നപ്പോള്‍ ഇപ്പോള്‍ സംസാരിക്കാന്‍ സൗകര്യമുണ്ടാവുമോ എന്നാരാഞ്ഞ് അയച്ച വളരെ മാന്യമായ സന്ദേശത്തിനാണ് ഐ.എ.എസ് ഉദ്യോഗസ്ഥന് അശ്ലീലച്ചുവയുള്ള ഇമോജികളിലൂടെ പ്രതികരിച്ചത്. ഇത് വനിതകള്‍ക്കെതിരെ എന്നല്ല, മുഴുവന്‍ മാധ്യമസമൂഹത്തോടും പൗരസമൂഹത്തോടുമുള്ള വെല്ലുവിളിയും അധിക്ഷേപവുമാണെന്ന് യൂണിയന് സംസ്ഥാന പ്രസിഡന്റ് കെ.പി റജിയും ജനറല്‍ സെക്രട്ടറി ഇ.എസ് സുഭാഷും മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയ്ക്കും നല്കിയ നിവേദനത്തില്‍ പറഞ്ഞു.അതേസമയം ചാറ്റ് വിവാദമായതോടെ പ്രശാന്തിന്റെ രക്ഷയ്ക്കായി ഭാര്യ രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. മാധ്യമ പ്രവര്‍ത്തകയോട് സംസാരിച്ചത് താനാണെന്നും പ്രശാന്തിനെ മാധ്യമങ്ങളോട് പ്രതികരിക്കുന്നതില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം ആയിരുന്നുവെന്നാണ് ഭാര്യ മറുപടി നല്‍കിയിരിക്കുന്നത്.