തിരുവനന്തപുരം:ദേശീയ സംഘടനകള്‍ നാളെ നടത്താനിരിക്കുന്ന ഭാരത് ബന്ദ് കേരളത്തെ ബാധിച്ചേക്കില്ല.കടകള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.കേരളത്തിലെ മറ്റു വ്യാപാര സംഘടനകള്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. വ്യാപാരികളുടെ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ആള്‍ ഇന്ത്യാ ട്രേഡേഴ്സ് ആണ് ഭാരത ബന്ദിന് ആഹ്വാനം ചെയ്തത്. ചരക്കുസേവന നികുതിയിലെ സങ്കീര്‍ണതകള്‍ പരിഹരിച്ച് ലഭിതമാക്കുക, ഇ വേ ബില്‍ അപാകതകള്‍ പരിഹരിക്കുക, അടിക്കടിയുളള ഇന്ധനവില വര്‍ധന ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുളളത്. രാവിലെ ആറ് മുതല്‍ വൈകിട്ട് എട്ട് മണി വരെയാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.റോഡുകള്‍ ഉപരോധിച്ചുള്ള സമരപരിപാടികളായിരിക്കും നാളെയുണ്ടാകുകയെന്ന് സമരത്തില്‍ ഏര്‍പ്പെട്ട സംഘടനകള്‍ അറിയിച്ചു. രാജ്യത്തെ 40,000 വ്യാപാരി സംഘടനകള്‍ സമരത്തിന്റെ ഭാഗമാകും.
നടിയെ ആക്രമിച്ച കേസ്;ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി കോടതി തള്ളി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹരജി കോടതി തള്ളി. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതിന് ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. കേസിലെ നിര്‍ണായക സാക്ഷികളെ ഭീഷണിപ്പെടുത്തി മൊഴിമാറ്റാന്‍ ദിലീപ് ശ്രമിച്ചതായി പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു. നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയാണ് നടന്‍ ദിലീപ്. കേസില്‍ ചൊവ്വാഴ്ച വിധി പറയാന്‍ തീരുമാനിച്ചിരുന്നെങ്കിലും കോടതി ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്നേക്ക് മാറ്റിവെക്കുകയായിരുന്നു.കേസിലെ പ്രധാന സാക്ഷിയെ അഭിഭാഷകന്‍ വഴി ദിലീപ് സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു പ്രോസിക്യൂഷന്‍റെ പ്രധാന ആരോപണം. ഇത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നും ജാമ്യം റദ്ദാക്കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ പ്രോസിക്യൂഷന്‍റെ വാദം വിചാരണ കോടതി തള്ളുകയായിരുന്നു.കേസിലെ എട്ടാം പ്രതിയായ ദിലീപ് പ്രധാന സാക്ഷികളായ വിപിന്‍ ലാല്‍, ജിന്‍സന്‍ എന്നിവരെ ഭീഷണിപ്പെടുത്തി മൊഴി അനുകൂലമാക്കാന്‍ ശ്രമിച്ചെന്നും വ്യവസ്ഥകള്‍ ലംഘിച്ചതിനാല്‍ ജാമ്യം റദ്ദാക്കണം എന്നുമായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യം. എന്നാല്‍ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ മൊഴിമാറ്റിക്കാന്‍ ശ്രമമുണ്ടായെന്ന് പറയുന്ന സാക്ഷികള്‍ ഒക്ടോബറില്‍ മാത്രമാണ് പരാതിപ്പെട്ടതെന്നും ഇത് സംശയാസ്പദമാണെന്നുമാണ് ദിലീപ് കോടതിയില്‍ വാദിച്ചത്.പരാതി ക്രൈംബ്രാഞ്ച് അന്വേഷിച്ചിട്ടും തെളിവ് കണ്ടെത്താന്‍ ആയിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ ഹര്‍ജി തള്ളണമെന്നും ദിലീപിനായി രാമന്‍പിള്ള വാദിച്ചു. ഇത് കൂടി പരിഗണിച്ചാണ് കോടതി ഉത്തരവ്. മാപ്പുസാക്ഷിയായ വിപിന്‍ലാലിനെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കെ.ബി. ഗണേഷ്കുമാര്‍ എം.എൽ.എയുടെ ഓഫിസ് സെക്രട്ടറി പ്രദീപ്കുമാര്‍ കോട്ടത്തലയെ അറസ്റ്റ് ചെയ്തിരുന്നു.
കര്‍ഷകപ്രക്ഷോഭം;സമരം അവസാനിപ്പിക്കാന്‍ കര്‍ഷകരെ ചർച്ചയ്ക്ക് ക്ഷണിച്ച് കൃഷിമന്ത്രി
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള കര്‍ഷക സമരം അവസാനിപ്പിക്കാന്‍ കർഷകരുമായി വീണ്ടും ചര്‍ച്ചയ്ക്ക് ഒരുങ്ങി കേന്ദ്രം.കര്‍ഷകരുമായി ചര്‍ച്ചക്ക് എപ്പോള്‍ വേണമെങ്കിലും തയ്യാറാണെന്നും, കേന്ദ്രം കര്‍ഷകരുടെ ക്ഷേമത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ വ്യക്തമാക്കി. എന്നാല്‍ മന്ത്രിയുടെ നിര്‍ദേശത്തോട് കര്‍ഷകസംഘടനകള്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല.കാര്‍ഷിക നിയമങ്ങള്‍ ഒന്നരവര്‍ഷം മരവിപ്പിക്കാമെന്ന വ്യവസ്ഥ അംഗീകരിക്കണം. ഇക്കാലയളവില്‍ നിയമങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഒരുമിച്ചിരുന്ന് പരിഹരിക്കാമെന്നും മന്ത്രി അറിയിച്ചു.
ആഴക്കടല്‍ മത്സ്യബന്ധന കരാര്‍;മേഴ്സിക്കുട്ടിയമ്മയുടെ രാജി ആവശ്യപ്പെട്ട് ചെന്നിത്തല ഇന്ന് സത്യാഗ്രഹം നടത്തും
തിരുവനന്തപുരം:വിവാദമായ ആഴക്കടല്‍ മത്സ്യബന്ധന കരാറില്‍ ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് പൂന്തുറയില്‍ സത്യഗ്രഹം നടത്തും. ഇ.എം.സി.സിയുമായുള്ള ധാരണാപത്രത്തിൽ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യവും ചെന്നിത്തല മുന്നോട്ട് വെച്ചിട്ടുണ്ട്. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന സത്യഗ്രഹം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. സത്യഗ്രഹത്തിന്റെ സമാപനം എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി താരീഖ് അൻവറും ഉദ്ഘാടനം ചെയ്യും.ഇ.എം.സി.സിയുമായുള്ള രണ്ടാമത്തെ ധാരണപത്രവും റദ്ദാക്കിയതോടെ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ ഒരുങ്ങുകയാണ് പ്രതിപക്ഷം. തങ്ങളുന്നയിച്ച ആരോപണങ്ങള്‍ ശരിയായത് കൊണ്ടാണ് ധാരണാപത്രങ്ങള്‍ റദ്ദാക്കിയതെന്നാണ് പ്രതിപക്ഷ നിലപാട്. അതേസമയം സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായ കാര്യങ്ങള്‍ ബോധ്യപ്പെട്ടതോടെയാണ് ധാരണപത്രം റദ്ദാക്കിയതെന്നാണ് ഇടത് മുന്നണിയുടെ വിശദീകരണം.
പാചകവാതക വില വീണ്ടും വർധിപ്പിച്ചു;സിലിണ്ടറിന് 25 രൂപ കൂട്ടി
കൊച്ചി: പാചക വാതക വില വീണ്ടും കൂട്ടി. ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന് 25 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. പുതിയ നിരക്ക് നിലവില്‍ വന്നു. കൊച്ചിയില്‍ ഒരു സിലിണ്ടറിന് 801 രൂപയാണ് വില. പാചക വാതകത്തിന് ഡിസംബറിന് ശേഷമുണ്ടാകുന്ന മൂന്നാമത്തെ വർധനവാണിത്.ഡിസംബർ ഒന്നിനും ഡിസംബർ 16നും 50 രൂപവീതം കൂട്ടി. ഫെബ്രുവരി 14ന് 50 രൂപയുമാണ് വർധിപ്പിച്ചത്. അതേസമയം വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വില കുറച്ചു. സിലിണ്ടറിന് അഞ്ച് രൂപയാണ് കുറച്ചത്.
ആലപ്പുഴ വയലാറിൽ ആർ എസ് എസ് പ്രവർത്തകൻ കൊല്ലപ്പെട്ടു;ആറ് എസ്ഡിപിഐ പ്രവർത്തകർ പിടിയിൽ
ആലപ്പുഴ:വയലാറില്‍ ആര്‍.എസ്.എസ്-എസ്.ഡി.പി.ഐ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.ആര്‍.എസ്.എസ് പ്രവര്‍ത്തകനായ നന്ദു കൃഷ്ണയാണ്(22) കൊല്ലപ്പെട്ടത്. സംഘര്‍ഷത്തില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ഇന്നലെ രാത്രി എട്ട് മണിയോടെ നാഗംകുളങ്ങര കവലയിലാണ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്.ഉച്ചക്ക് എസ്.ഡി.പി.ഐ പ്രചരണ ജാഥക്കിടെ പ്രസംഗത്തിലെ പരാമര്‍ശങ്ങളുടെ പേരില്‍ ഇരുവിഭാഗവും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ പേരില്‍ വൈകിട്ട് എസ്.ഡി.പി.ഐയും ആര്‍.എസ്.എസും പ്രതിഷേധ പ്രകടനവും നടത്തി. സ്ഥലത്ത് ചേര്‍ത്തല പൊലീസ് കാവല്‍ ഉണ്ടായിരുന്നു. പ്രകടനങ്ങള്‍ക്കു ശേഷം പിരിഞ്ഞു പോയ പ്രവര്‍ത്തകര്‍ തമ്മില്‍ വീണ്ടും സംഘര്‍ഷമുണ്ടാകുകയായിരുന്നു. പൊലിസ് നോക്കി നില്‍ക്കെയാണ് സംഘര്‍ഷവും ആക്രമണവും. ഇരുവിഭാഗവും തമ്മില്‍ കല്ലേറും കൂട്ടത്തല്ലുമുണ്ടായി. സംഘര്‍ഷത്തിനിടെയാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്. സംഘര്‍ഷത്തില്‍ പരിക്കേറ്റ മറ്റുള്ളവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കും മൂന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് വയലാറില്‍ പൊലിസിനെ വിന്യസിച്ചിരിക്കുകയാണ്. സംഭവത്തിൽ പ്രതിഷേധിച്ച് ആലപ്പുഴയില്‍ ഇന്ന് ആര്‍.എസ്.എസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍ നടത്തുകയെന്ന് ബി.ജെ.പി ആലപ്പുഴ ജില്ല പ്രസിഡന്റ് എം.വി. ഗോപകുമാര്‍ അറിയിച്ചു.അതേസമയം കൊലപാതകവുമായി ബന്ധപ്പെട്ട് ആറ് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയിലായി.റിയാസ്, നിഷാദ്, അനസ്, അബ്ദുല്‍ ഖാദര്‍, അന്‍സില്‍, സുനീര്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് കസ്റ്റഡിയിലായതെന്നാണ് റിപ്പോര്‍ട്ട്. കണ്ടാല്‍ അറിയാവുന്ന 16 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലിസ് അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് 4106 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 5885 പേർക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 4106 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പത്തനംതിട്ട 512, കോഴിക്കോട് 483, എറണാകുളം 473, കൊല്ലം 447, കോട്ടയം 354, തൃശൂര്‍ 341, മലപ്പുറം 329, തിരുവനന്തപുരം 263, ആലപ്പുഴ 246, കണ്ണൂര്‍ 199, കാസര്‍ഗോഡ് 126, വയനാട് 121, പാലക്കാട് 109, ഇടുക്കി 103 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.യു.കെ.യില്‍ നിന്നും വന്ന 3 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 91 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 76 പേരുടെ പരിശോധനാഫലം നെഗറ്റീവായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,568 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.82 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 107 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3714 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 262 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. പത്തനംതിട്ട 469, കോഴിക്കോട് 465, എറണാകുളം 446, കൊല്ലം 439, കോട്ടയം 333, തൃശൂര്‍ 334, മലപ്പുറം 313, തിരുവനന്തപുരം 179, ആലപ്പുഴ 239, കണ്ണൂര്‍ 141, കാസര്‍ഗോഡ് 112, വയനാട് 109, പാലക്കാട് 40, ഇടുക്കി 95 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.23 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 8, എറണാകുളം 4, തിരുവനന്തപുരം, പത്തനംതിട്ട, വയനാട് 2 വീതം, കൊല്ലം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5885 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 350, കൊല്ലം 902, പത്തനംതിട്ട 692, ആലപ്പുഴ 374, കോട്ടയം 449, ഇടുക്കി 294, എറണാകുളം 600, തൃശൂര്‍ 362, പാലക്കാട് 343, മലപ്പുറം 351, കോഴിക്കോട് 742, വയനാട് 86, കണ്ണൂര്‍ 181, കാസര്‍ഗോഡ് 159 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. 5 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 369 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
കാസർകോട് വിഷം കലര്‍ന്ന ഐസ്‌ക്രീം കഴിച്ച് രണ്ടുപേര്‍ മരിച്ചു;യുവതി അറസ്റ്റിൽ
കാസര്‍കോട് : വിഷം കലര്‍ന്ന ഐസ്‌ക്രീം കഴിച്ച് രണ്ടുപേര്‍ മരിച്ചു.സംഭവവുമായി ബന്ധപ്പെട്ടു കാഞ്ഞങ്ങാട് സ്വദേശിനി വര്‍ഷ എന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് പോലീസ് കേസെടുത്തത്. വര്‍ഷയുടെ മകന്‍ അദ്വൈത് (5) സഹോദരി ദൃശ്യ (19) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ 11-ാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായിരിക്കുന്നത്. ആത്മഹത്യ ചെയ്യാനായി വര്‍ഷ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി. ഇതു കഴിച്ച ശേഷം അസ്വസ്ഥത തോന്നി മുറിയില്‍പ്പോയ വര്‍ഷ ഉറങ്ങിപ്പോയി.ഈ സമയത്ത് അഞ്ച് വയസ്സുള്ള മകന്‍ അദ്വൈത്, രണ്ട് വയസ്സുള്ള സഹോദരന്‍, വര്‍ഷയുടെ സഹോദരി ദൃശ്യ എന്നിവര്‍ മേശപ്പുറത്ത് വെച്ച ഐസ്ക്രീം എടുത്ത് കഴിക്കുകയായിരുന്നു.ഇതിനു പിന്നാലെ ഇവര്‍ ഹോട്ടലില്‍ നിന്നു വാങ്ങിയ ബിരിയാണിയും കഴിച്ചു. രാത്രിയോടെ അദ്വൈത് ഛര്‍ദിക്കാന്‍ തുടങ്ങി. എലിവിഷം കഴിച്ച് പ്രശ്നമൊന്നും തോന്നാത്തതിനാൽ വർഷ ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ല. കുട്ടി ഛര്‍ദ്ദിച്ചത് ബിരിയാണി കഴിച്ചിട്ടാണെന്ന് വീട്ടുകാരും വിചാരിച്ചു. ഛര്‍ദ്ദി രൂക്ഷമായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച അദ്വൈത് പുലര്‍ച്ചെയോടെ മരണപ്പെടുകയായിരുന്നു. അന്ന് വൈകിട്ടോടെ രണ്ടു വയസുകാരിയായ മകള്‍ക്കും പിന്നാലെ ദൃശ്യക്കും ഛര്‍ദില്‍ തുടങ്ങി. വര്‍ഷയും അവശനിലയിലായി. തുടര്‍ന്ന് എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു ഉണ്ടായത്. വര്‍ഷയും ഇളയ മകളും സുഖം പ്രാപിച്ചെങ്കിലും ദൃശ്യയുടെ അവസ്ഥ ഗുരുതരമായി തുടര്‍ന്നു.പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രിയോടെ ദൃശ്യയും മരണത്തിനു കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ വര്‍ഷയെ ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ യുവതിയെ റിമാന്‍ഡ് ചെയ്തു.
60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്‍ മാര്‍ച്ച് 1 മുതല്‍
തിരുവനന്തപുരം:60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്‍ മാര്‍ച്ച് 1 മുതല്‍ നൽകി തുടങ്ങും.മറ്റു രോഗങ്ങളുള്ള 45 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കും അന്നുമുതൽ വാക്‌സിന്‍ ലഭിക്കും.രാജ്യത്താകെ 10000 സര്‍ക്കാര്‍ കേന്ദ്രങ്ങളിലും 20000 സ്വകാര്യ കേന്ദ്രങ്ങളിലുമാണ് വാക്‌സിന്‍ ലഭ്യമാക്കുക.സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ സൗജന്യമായി വാക്‌സിന്‍ നല്‍കും. സ്വകാര്യ കേന്ദ്രങ്ങളില്‍ പണം നല്‍കി കുത്തിവെപ്പ് എടുക്കാം. സ്വകാര്യ കേന്ദ്രങ്ങളിലെ നിരക്ക് എത്രയായിരിക്കുമെന്ന് ഉടന്‍ തീരുമാനിക്കുമെന്ന് മന്ത്രി പ്രകാശ് ജാവ്ദേകര്‍ അറിയിച്ചു. 27 കോടി പേര്‍ക്ക് ഈ ഘട്ടത്തില്‍ വാക്സിന്‍ നല്‍കാന്‍ കഴിയുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.നിലവില്‍ രാജ്യത്ത് ഒന്നേകാല്‍ കോടി ജനങ്ങളാണ് വാക്സിന്‍ സ്വീകരിച്ചത്. ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ മുൻനിര പോരാളികൾക്കാണ് ഇപ്പോൾ കോവിഡ് വാക്‌സിൻ നല്കി വരുന്നത്.
പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ അഞ്ചിരട്ടിയിലധികം ഉദ്യോഗാര്‍ത്ഥികളെ ഉള്‍പ്പെടുത്തുന്നത് നിര്‍ത്താനുള്ള നടപടികളുമായി സര്‍ക്കാര്‍;പ്രത്യേക കമ്മീഷനെ നിയമിച്ച് റിപ്പോര്‍ട്ട് തേടി
തിരുവനന്തപുരം : പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ അഞ്ചിരട്ടിയിൽ കൂടുതൽ ഉദ്യോഗാര്‍ത്ഥികളെ ഉള്‍പ്പെടുത്തുന്നത് നിര്‍ത്താനുള്ള നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. സെക്രട്ടറിയേറ്റില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായുള്ള സമരത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി. ഇതുസംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജസ്റ്റിസ് കെ.കെ. ദിനേശന്‍ അധ്യക്ഷനായ കമ്മിഷനേയും നിയോഗിച്ചിട്ടുണ്ട്.മെയിന്‍, സപ്ലിമെന്ററി ലിസ്റ്റില്‍ ഉദ്യോഗാര്‍ത്ഥികളെ കൂടുതലായി ഉള്‍പ്പെടുത്തുന്നതിന്റെ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിന് വേണ്ടിയാണ് നടപടികള്‍ ആരംഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് അടിയന്തിരമായി റിപ്പോര്‍ട്ട് നല്‍കാനും കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പി എസ് സി ചെയര്‍മാന്‍ എം കെ സക്കീറാണ് തീരുമാനങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. സ്‌ക്രീനിംഗ് പരീക്ഷകള്‍ ഉദ്യോഗാര്‍ത്ഥികള്‍ കാലങ്ങളായി ആവശ്യപ്പെടുന്നതാണ്. അപേക്ഷിക്കുന്ന കാറ്റഗറിയിലേയ്ക്ക് മാത്രമായിരിക്കും സ്‌ക്രീനിംഗ് ടെസ്റ്റുകള്‍ നടത്തുക. അപേക്ഷ നല്‍കുന്നവരില്‍ പലരും പരീക്ഷ എഴുതുന്നില്ലെന്നും ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി. 1958ലെ കേരള സ്റ്റേറ്റ് സബോഡിനേറ്റ് സര്‍വീസ് ചട്ടങ്ങളില്‍ നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 14ഇ എന്ന ഉപചട്ടം ഉള്‍പ്പെടുത്തിയിരുന്നു. ഈ ചട്ടപ്രകാരം പിഎസ്സി റാങ്ക് ലിസ്റ്റിന്റെ സപ്ലിമെന്ററി ലിസ്റ്റില്‍ ഓരോ സംവരണ സമുദായത്തിനും അനുവദിച്ചിട്ടുള്ള സംവരണ ക്വാട്ട ഉറപ്പാക്കാനാണ് ക്വാട്ടയുടെ അഞ്ചു മടങ്ങില്‍ കുറയാത്ത ഉദ്യോഗാര്‍ഥികളെ ഉള്‍പ്പെടുത്തി തുടങ്ങിയത്.ഉദ്യോഗാര്‍ഥികളുടെ അഞ്ചിരട്ടി അധികംപേരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് പിന്നീട് റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിനല്‍കാനുള്ള ആവശ്യങ്ങള്‍ക്കും കോടതി വ്യവഹാരങ്ങള്‍ക്കും ഉദ്യോഗാര്‍ത്ഥികളില്‍നിന്നുള്ള പരാതികള്‍ക്കും ഇടയാക്കിയിരുന്നു. തുടര്‍ന്ന് ഇക്കാര്യങ്ങളും അനുബന്ധ വിഷയങ്ങളും പഠിച്ച് റിപ്പോര്‍ട്ട് സമര്‍പിക്കാന്‍ 2019 ഡിസംബറില്‍ കമ്മിഷനെ ചുമതലപ്പെടുത്തി. പിന്നീട് കമ്മിഷനെ നിയോഗിച്ചെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ അനുവദിക്കാത്തതിനാല്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നില്ല.