തിരുവനന്തപുരം:ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ സംയുക്ത സമരസമിതിയുടെ വാഹന പണിമുടക്ക്.ബി എം എസ് ഒഴികെ എല്ലാ ട്രേഡ് യൂണിയനുകളും പണിമുടക്കിൽ പങ്കെടുക്കും.ചൊവ്വാഴ്ച രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് പണിമുടക്ക്. ഓട്ടോറിക്ഷ, ടാക്‌സി, ചെറുകിട വാഹനങ്ങള്‍, ചരക്കുകടത്തു വാഹനങ്ങള്‍, സ്വകാര്യ ബസ്, കെ.എസ്.ആര്‍.ടി.സി. ബസ് തുടങ്ങിയവ നിരത്തിലിറങ്ങില്ല. പാല്‍, പത്രം,. ആംബുലന്‍സ്, പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാഹനങ്ങള്‍, വിവാഹം തുടങ്ങിയവയെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.അതേസമയം, പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച നടക്കാനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല, കാലടി സംസ്‌കൃത സര്‍വകലാശാല എന്നിവ നടത്താന്‍ തീരുമാനിച്ചിരുന്ന പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും. എസ്‌എസ്‌എല്‍സി, പ്ലസ് ടു മോഡല്‍ പരീക്ഷകള്‍ നടക്കുകയാണ്. ഇതും മാറ്റിവെക്കുമെന്നാണ് വിവരം. ഇക്കാര്യത്തില്‍ ഉടന്‍ സര്‍ക്കാര്‍ തീരുമാനമെടുക്കും.
പാചകവാതക വില വീണ്ടും വര്‍ദ്ധിപ്പിച്ചു;5 ദിവസത്തിനിടെ കൂടിയത് 50 രൂപ
തിരുവനന്തപുരം:പാചകവാതക വില വീണ്ടും വര്‍ദ്ധിപ്പിച്ചു.ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25 രൂപ കൂടി 826 രൂപയും വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 100 രൂപ കൂടി 1618 രൂപയുമായി.നാല് ദിവസം മുന്‍പാണ് പാചകവാതക വില ഒടുവില്‍ വര്‍ധിച്ചത്. അന്ന് ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25 രൂപയാണ് കൂട്ടിയത്. ഫെബ്രുവരിയില്‍ മൂന്ന് തവണ പാചകവാതകത്തിന്‍റെ വില വര്‍ധിപ്പിച്ചിരുന്നു. എണ്ണയ്ക്കും പ്രകൃതി വാതകത്തിനും രാജ്യാന്തര തലത്തിലുണ്ടായ വില വർധനയാണ് വിലക്കയറ്റത്തിന് ആധാരമായി എണ്ണക്കമ്പനികള്‍ പറയുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു
ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്രമോദി കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു.ഡല്‍ഹി എയിംസില്‍ നിന്നാണ് മോദി വാക്‌സിന്റെ ആദ്യ ഡോസ് എടുത്തത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിനാണ് മോദി സ്വീകരിച്ചതെന്ന് വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐയുടെ ട്വീറ്റില്‍ പറയുന്നു.പുതുച്ചേരിയില്‍ നിന്നുള്ള സിസ്റ്റര്‍ പി. നിവേദയാണ് മോദിക്ക് പ്രതിരോധ കുത്തിവയ്പ് എടുത്തത്. അര്‍ഹരായ എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണമെന്ന് വാക്‌സിനെടുത്തതിന് പിന്നാലെ മോദി പറഞ്ഞു.രാജ്യത്ത് രണ്ടാംഘട്ട കോവിഡ് വാക്സിന്‍ കുത്തിവെയ്പ്പ് ആരംഭിക്കുന്നതിന്റെ ഭാഗമായാണ് മോദി വാക്സിന്‍ സ്വീകരിച്ചത്.അതേസമയം കോവിഡ് വാക്സിനേഷന്‍ രണ്ടാം ഘട്ടം ഇന്ന് മുതല്‍ ആരംഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്കാണ് രണ്ടാംഘട്ടത്തില്‍ വാക്സിന്‍ നല്‍കുന്നത്. 60 വയസിന് മുകളിലുള്ളവര്‍ക്കും 45 വയസിന് മുകളിലുള്ള മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ക്കുമാണ് വാക്സിന്‍ നല്‍കുന്നത്.
രണ്ടാംഘട്ട കോവിഡ് വാക്സിനേഷന്‍ ഇന്ന് മുതൽ;വാക്‌സിൻ നൽകുക 60 വയസ്സിന് മുകളിലുള്ളവർക്ക്
ന്യൂഡൽഹി: രണ്ടാംഘട്ട കോവിഡ് വാക്സിനേഷന്‍ ഇന്ന് മുതൽ.60 വയസിന് മുകളിലുള്ളവര്‍ക്കും 45 വയസിന് മുകളിലുള്ള മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ക്കുമാണ് രണ്ടാംഘട്ടത്തില്‍ വാക്സിന്‍ നല്‍കുന്നത്.കോവിന്‍ പോര്‍ട്ടല്‍ വഴിയും ആരോഗ്യ സേതു ആപ്പ് വഴിയും രജിസ്റ്റർ ചെയ്യാം.പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഫോട്ടോ ഐഡി കാര്‍ഡിലെ വിവരങ്ങള്‍ നല്‍കണം. രജിസ്ട്രേഷന്‍ സമയത്ത് കോവിഡ് വാക്സിനേഷന്‍ സെന്‍ററുകളുടെ പട്ടികയും ഒഴിഞ്ഞ സ്ലോട്ടുകള്‍ ലഭ്യമാകുന്ന തീയതിയും കാണും. അതനുസരിച്ച് സ്ലോട്ടുകള്‍ അടിസ്ഥാനമാക്കി ബുക്ക് ചെയ്യാം. ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് നാല് ഗുണഭോക്താക്കളുടെ രജിസ്ട്രേഷന്‍ നടത്താം. ഓരോ ഗുണഭോക്താവിന്‍റേയും ഐഡി കാര്‍ഡ് നമ്പര്‍ വ്യത്യസ്തമായിരിക്കണം. ആദ്യ ഡോസ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ രണ്ടാം ഡോസിനുള്ള തീയതിയും ലഭിക്കും.വാക്സിനെടുക്കാനായി പോകുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതണം. 10,000 സർക്കാർ കേന്ദ്രങ്ങളിലും 20,000 സ്വകാര്യ കേന്ദ്രങ്ങളിലുമായാണ് വാക്സിനേഷന്‍ നടക്കുക. സർക്കാർ ആശുപത്രികളിൽ വാക്‌സിൻ സൗജന്യമായി നൽകും. സ്വകാര്യ ആശുപത്രികൾ ഒരു ഡോസ് വാക്‌സിന് 250 രൂപ ഈടാക്കും.
സംസ്ഥാനത്ത് ഇന്ന് 3792 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;4650 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 3792 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 519, തൃശൂര്‍ 416, എറണാകുളം 415, കൊല്ലം 411, മലപ്പുറം 388, ആലപ്പുഴ 308, പത്തനംതിട്ട 270, തിരുവനന്തപുരം 240, കോട്ടയം 236, കണ്ണൂര്‍ 173, കാസര്‍ഗോഡ് 148, പാലക്കാട് 115, വയനാട് 82, ഇടുക്കി 71 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 73,710 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.14 ആണ്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 18 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4182 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 112 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3418 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 236 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 497, തൃശൂര്‍ 404, എറണാകുളം 390, കൊല്ലം 402, മലപ്പുറം 365, ആലപ്പുഴ 304, പത്തനംതിട്ട 240, തിരുവനന്തപുരം 175, കോട്ടയം 223, കണ്ണൂര്‍ 105, കാസര്‍ഗോഡ് 119, പാലക്കാട് 52, വയനാട് 79, ഇടുക്കി 63 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.26 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 7, തിരുവനന്തപുരം, കോഴിക്കോട് 4 വീതം, കൊല്ലം, എറണാകുളം 2 വീതം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4650 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 394, കൊല്ലം 279, പത്തനംതിട്ട 468, ആലപ്പുഴ 578, കോട്ടയം 411, ഇടുക്കി 266, എറണാകുളം 516, തൃശൂര്‍ 385, പാലക്കാട് 160, മലപ്പുറം 368, കോഴിക്കോട് 326, വയനാട് 96, കണ്ണൂര്‍ 303, കാസര്‍ഗോഡ് 100 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇന്ന് 3 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 4 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 369 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
ഇന്ധനവില വര്‍ദ്ധന; മാർച്ച് രണ്ടിന് സ്വകാര്യബസുകള്‍ പണിമുടക്കും
കൊച്ചി:ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് മാർച്ച് 2 ചൊവ്വാഴ്ച്ച സ്വകാര്യബസുകള്‍ പണിമുടക്കും. സംസ്ഥാന വ്യാപകമായാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ബസ്സുടമകളുടെ വിവിധ സംഘടനകള്‍ ഓണ്‍ലൈന്‍ വഴി യോഗം ചേര്‍ന്നതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. നിരന്തരമായുള്ള വിലവര്‍ദ്ധനവ് തങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
വാളയാർ കേസ്;നീതി വൈകുന്നതിനെതിരെ തല മുണ്ഡനം ചെയ്ത് പെൺകുട്ടികളുടെ മാതാവിന്റെ പ്രതിഷേധം
പാലക്കാട്: വാളയാര്‍ കേസ് അട്ടിമറിച്ച പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് തല മുണ്ഡനം ചെയ്ത് പെണ്‍കുട്ടികളുടെ അമ്മയുടെ പ്രതിഷേധം.കേസ് അന്വേഷണത്തില്‍ വീഴ്‌ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ടാണ് പ്രതിഷേധം. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുൻപ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായില്ലെങ്കില്‍ തല മുണ്ഡനം ചെയ്യുമെന്ന് പെണ്‍കുട്ടികളുടെ അമ്മ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പെണ്‍കുട്ടികളുടെ അമ്മയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡിഎച്ച്‌ആര്‍എം നേതാവ് സലീന പ്രക്കാനം, സാമൂഹിക പ്രവര്‍ത്തക ബിന്ദു കമലന്‍, എന്നിവരും തല മുണ്ഡനം ചെയ്തു. എംപി രമ്യാ ഹരിദാസ്, മഹിളാ കോണ്‍ഗ്രസ് നേതാവ് ലതിക സുഭാഷ് എന്നിവര്‍ സമരപ്പന്തലിലെത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഇളയ പെണ്‍കുട്ടി മരിച്ച് നാല് വര്‍ഷം തികയുന്ന മാര്‍ച്ച് നാലാം തീയതി എറണാകുളത്ത് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നൂറു പേര്‍ തലമുണ്ഡനം ചെയ്യും. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണം. തന്റെ മക്കളെ കുറിച്ച് മോശമായി സംസാരിച്ച സോജനെ സര്‍വീസില്‍ നിന്ന് പുറത്താക്കണം. സംസ്ഥാനത്തുടനീളം സര്‍ക്കാര്‍ അവഗണനയ്‌ക്കെതിരെ പ്രചാരണ പരിപാടികള്‍ നടത്തുമെന്നും പെണ്‍കുട്ടികളുടെ അമ്മ അറിയിച്ചു.
രോഗികള്‍ക്ക് ന്യുമോണിയയും ശ്വാസകോശത്തില്‍ വെളുത്ത പാടുകളും;കോറോണയുടെ പുതിയ ലക്ഷണങ്ങൾ ഇങ്ങനെ
മുംബൈ:കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്നതോടെ പുതിയ രോഗലക്ഷണങ്ങളെക്കുറിച്ച് വിവരം നല്‍കി ഡോക്ടര്‍മാര്‍. കോവിഡ് രോഗികളില്‍ കൂടുതല്‍ പേരും ന്യുമോണിയയുമായാണ് ആശുപത്രിയില്‍ എത്തുന്നത്. ഇവരുടെ എക്‌സ്-റേകള്‍ പരിശോധിക്കുമ്പോൾ ശ്വാസകോശത്തില്‍ വെളുത്ത പാടുകള്‍ കാണുന്നതായാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ശ്വാസകോശത്തിലെ വെളുത്ത പാടുകളുടെ പ്രധാന കാരണം ചികിത്സയുടെ കാലതാമസമാണെന്നും ഇവര്‍ പറയുന്നു. വൈറസുകളില്‍ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുകയാണെന്നും രോഗികളുടെ റിപ്പോര്‍ട്ടുകളിലെ പുതിയ ലക്ഷണങ്ങളുടെ കാരണമിതാണെന്നുമാണ് മറ്റ് ചിലരുടെ അഭിപ്രായമെന്നും ഫ്രീപ്രസ് ജേര്‍ണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.മഹാമാരി ഏറ്റവും കൂടുതല്‍ ബാധിക്കപ്പെടുന്ന അവയവം ശ്വാസകോശമാണ്. കൊറോണ വൈറസ് ശ്വാസകോശ തകരാറിനും പിന്നീട് ചില കേസുകളില്‍ മാത്രം മരണത്തിനും കാരണമാകുന്നതായും ചില റിപ്പോര്‍ട്ടുകളുണ്ട്.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൊവിഡ് -19 രോഗികളുടെ എക്‌സ്-റേകളില്‍ അസാധാരണതകള്‍ കണ്ടെത്തിയതായി കോഹിനൂര്‍ ആശുപത്രിയിലെ ചെസ്റ്റ് ഫിസീഷ്യന്‍ ഡോ. രാജരതന്‍ സദവര്‍ട്ടെ പറഞ്ഞു. കൊറോണയുടെ ലക്ഷണങ്ങള്‍ കാണിക്കുന്ന രോഗികള്‍ കൂടുതല്‍ സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ ഉടന്‍ ഡോക്ടറെ സമീപിക്കണമെന്നും അദ്ദേഹം അറിയിച്ചു.സുരക്ഷിതമായി തുടരാന്‍ ആളുകള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഡോക്ടര്‍ പറയുന്നു. നേരത്തേ രോഗനിര്‍ണയം നടത്തിയില്ലെങ്കില്‍ ശ്വാസകോശത്തിന് സാരമായ കേടുപാടുകള്‍ സംഭവിക്കുമെന്നും രോഗികളെ രക്ഷിക്കുക എന്നത് ഡോക്ടര്‍മാര്‍ക്ക് വെല്ലുവിളിയായി തീരുമെന്നും അദ്ദേഹം പറഞ്ഞു.രോഗികളുടെ റിപ്പോര്‍ട്ടുകളില്‍ അസാധാരണത്വം കാണുന്നുണ്ടെന്നും നേരത്തെ കൊറോണ രോഗികള്‍ക്ക് 6 മുതല്‍ 7 ദിവസത്തിനുള്ളില്‍ ന്യുമോണിയ വരാമെങ്കില്‍ ഇപ്പോള്‍ രണ്ട് ദിവസത്തിനുള്ളില്‍ ന്യുമോണിയ പിടിപെടുന്നതായി പകര്‍ച്ചവ്യാധി വിദഗ്ധനും കൊവിഡ് -19 ടാസ്‌ക് ഫോഴ്സ് അംഗവുമായ ഡോ. ഓം ശ്രീവാസ്തവ പറഞ്ഞു. ന്യുമോണിയ ബാധിക്കുന്ന പ്രായം കുറഞ്ഞ രോഗികളുടെ എണ്ണത്തില്‍ മഹാമാരിയുടെ ആദ്യ ഘട്ടത്തേക്കാള്‍ വര്‍ധനവുണ്ടായതായി നാനാവതി സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ റേഡിയോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. നമിഷ് കാമത്ത് പറയുന്നു.
മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്;യുവതി സ്വര്‍ണക്കടത്ത് കേസിലെ പ്രധാനകണ്ണിയെന്നും പോലീസ്
കൊച്ചി:മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മലബാര്‍, കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മൂന്ന് സംഘങ്ങളില്‍ പെട്ടവരാണ് യുവതിയെ തട്ടിക്കൊണ്ട് പോയത്.ബിന്ദു നേരത്തെയും സ്വര്‍ണം കടത്തിയിട്ടുണ്ടെന്നും, സ്വര്‍ണക്കടത്ത് സംഘത്തിലെ കണ്ണിയാണെന്നും പൊലീസ് പറയുന്നു. ഒന്നരക്കിലോയിലധികം സ്വര്‍ണമാണ് യുവതി കടത്തിയത്. മാലിയില്‍ സ്വര്‍ണം ഉപേക്ഷിച്ചു എന്ന വാദം കളവാണെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.തിരുവല്ല കുരിശുകവല ശങ്കരമംഗലത്ത് ബിനോ വര്‍ഗീസ് (39), പരുമല തിക്കപ്പുഴ മലയില്‍ തെക്കതില്‍ ശിവപ്രസാദ് (37), പരുമല കോട്ടയ്‌ക്കമാലി സുബീര്‍ (36), എറണാകുളം പരവൂര്‍ മന്നം കാഞ്ഞിരപ്പറമ്ബില്‍ അന്‍ഷാദ് (30), മലപ്പുറം പൊന്നാനി ആനപ്പടി പാലയ്‌ക്കല്‍ അബ്‌ദുല്‍ ഫഹദ് (35) എന്നിവരാണ് അറസ്‌റ്റിലായത്.ഇവരെ സഹായിച്ച മാന്നാര്‍ സ്വദേശി പീറ്ററിനെ നേരത്തേ അറസ്‌റ്റ് ചെയ്‌തിരുന്നു.ഒന്നരക്കിലോ സ്വര്‍ണം ദുബായില്‍ നിന്ന് കൊണ്ടു വന്നതായി യുവതി പൊലീസിന് മൊഴി നല്‍കി. കഴിഞ്ഞ 19ന് ദുബായില്‍ നിന്ന് മടങ്ങി എത്തുമ്പോൾ കൈയില്‍ ഒന്നരക്കിലോ സ്വര്‍ണം ഉണ്ടായിരുന്നതായി ബിന്ദു പൊലീസിനോട് സമ്മതിച്ചു. ഭയം മൂലം സ്വര്‍ണം എയര്‍പോട്ടില്‍ ഉപേക്ഷിച്ചെന്ന് ആയിരുന്നു മൊഴി. എന്നാല്‍, സ്വര്‍ണം ലഭിക്കാതെ ആയതോടെ സംഘാംഗങ്ങള്‍ ബിന്ദുവിനെ തേടി 19ന് തന്നെ മാന്നാറില്‍ എത്തി. ഇതായിരുന്നു തട്ടിക്കൊണ്ട് പോകലിനിടയാക്കിയ കാരണമെന്നാണ് പൊലീസ് പറയുന്നത്.വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്‌റ്റ് ഉണ്ടാകുമെന്ന് അന്വേഷണ ഉദ്യോഗസ്‌ഥനായ ഡിവൈ.എസ്.പി: ആര്‍. ജോസ് പറഞ്ഞു. ജില്ലാ പോലീസ് മേധാവി ജി. ജയദേവിന്റെ നേതൃത്വത്തില്‍ 24 അംഗ സംഘം മൂന്നായി തിരിഞ്ഞാണ് അന്വേഷിക്കുന്നത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്‌റ്റംസും അന്വേഷണം നടത്തുന്നുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റും വിവരങ്ങള്‍ ശേഖരിച്ചു.
സംസ്ഥാനത്ത് ഇന്ന് തീരദേശ ഹര്‍ത്താല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് തീരദേശ ഹര്‍ത്താല്‍.യുഡിഎഫ് അനുകൂല മത്സ്യത്തൊഴിലാളി സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. തീരദേശത്തെ ഫിഷ്‌ലാന്‍ഡിങ് സെന്ററുകളും ഹാര്‍ബറുകളും അടച്ചിടും.ബോട്ടുകള്‍ കടലില്‍ ഇറക്കില്ല.പ്രധാന തീരദേശ മേഖലകളെ ഹര്‍ത്താല്‍ ബാധിച്ചിട്ടുണ്ട്.ബോട്ട് ഉടമകളുടെ സംഘടനയും ഹര്‍ത്താലുമായി സഹകരിക്കും. നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്ന മൂന്ന് സംഘടനകള്‍ ഹര്‍ത്താലില്‍ നിന്ന് പിന്‍മാറിയിട്ടുണ്ട്. ആഴക്കടല്‍ മത്സ്യബന്ധനത്തിനായുള്ള കരാറുകളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയെങ്കിലും ഇക്കാര്യത്തില്‍ പരിപൂര്‍ണ വ്യക്തത വന്നിട്ടില്ലെന്നാണ് സംഘടനകളുടെ നിലപാട്.ധാരണാപത്ര വിവാദത്തിന് പിന്നാലെ രൂപീകരിച്ച മത്സ്യത്തൊഴിലാളി സംഘടനകളുടെ കൂട്ടായ്മയായ മത്സ്യമേഖല സംരക്ഷണ സമിതിയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. പിന്നാലെ അമേരിക്കന്‍ കമ്പനിയായ ഇ.എം.സി.സിയുമായുള്ള കാരാറുകള്‍ സര്‍ക്കാര്‍ റദ്ദാക്കിയതോടെ കൂട്ടായ്മയുമായി സഹകരിച്ചിരുന്ന മറ്റു സംഘടനകള്‍ സമരം അവസാനിപ്പിച്ചിരുന്നു.അതേസമയം ഹര്‍ത്താലിനോട് ആഭിമുഖ്യം പ്രകടിപ്പിച്ചുകൊണ്ട് കോവളം എം.എല്‍.എ എം വിന്‍സന്റ് നിരാഹാര സമരം ആരംഭിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ സ്വയമേധയാ ആണ് ഹര്‍ത്താലില്‍ പങ്കെടുക്കുന്നതെന്ന് എം.വിന്‍സന്റ് എം.എല്‍.എ വ്യക്തമാക്കി.ഓഖിയോട് അനുബന്ധിച്ച് പ്രഖ്യാപിച്ച സഹായങ്ങള്‍ ഇപ്പോഴും കിട്ടാന്‍ ബാക്കിയുണ്ടെന്നും എം.വിന്‍സന്റ് ആരോപിച്ചു.