കണ്ണൂര്‍: കെ.എസ്.ഇ.ബിയും അദാനിയുമായി കരാറുണ്ടാക്കിയെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം വാസ്തവവിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തീര്‍ത്തും വസ്തുത വിരുദ്ധമായ കാര്യങ്ങളാണ് രമേശ് ചെന്നിത്തല പറയുന്നത് ശരിയല്ല. സോളാര്‍ എനര്‍ജി കോര്‍പറേഷന്‍ എന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനവുമായാണ് കെ.എസ്.ഇ.ബി കരാര്‍ ഒപ്പിട്ടത്. അവര്‍ എവിടെ നിന്ന് വൈദ്യുതി വാങ്ങുന്നു എന്ന് കെ.എസ്.ഇ.ബിക്ക് നോക്കേണ്ടതില്ല. പച്ചക്കള്ളമാണ് പ്രതിപക്ഷ നേതാവ് പറഞ്ഞു കൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.വൈദ്യുതി മേഖലയെ സ്വകാര്യവൽക്കരിച്ചത് കോൺഗ്രസാണ്. കെഎസ്ഇബി, അദാനിയുമായി കരാറുണ്ടാക്കിയതുമായി ബന്ധപ്പെട്ട് എന്തെങ്കിലും രേഖകൾ ഉണ്ടെങ്കിൽ, ഉണ്ട് എന്ന് പറയാതെ പ്രതിപക്ഷ നേതാവ് പുറത്ത് വിടട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. അദാനിയുമായി വൈദ്യുതി വാങ്ങാൻ കരാറുണ്ടാക്കിയത് മുഖ്യമന്ത്രി നേരിട്ടെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആരോപണം.കരാറിലൂടെ രാഷ്ട്രീയവും സാമ്പത്തികവുമായ ആനുകൂല്യം സർക്കാരിന് ലഭിച്ചിട്ടുണ്ട്. മോദിക്കും പിണറായിക്കും ഇടയിലെ പാലമാണ് അദാനിയെന്നും അധിക വൈദ്യുതി ഉണ്ടായിട്ടും പുറത്ത് നിന്ന് വൈദ്യുതി വാങ്ങുന്നതെന്തിനാണെന്നും ചെന്നിത്തല ചോദിച്ചിരുന്നു. കരാറുണ്ടാക്കാൻ കെഎസ്ഇബി ഡയറക്ടർ ബോർഡ് യോഗത്തിൽ തീരുമാനം എടുത്തിട്ടുണ്ടെന്നും വിശദ വിവരങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്നും ചെന്നിത്തല പറഞ്ഞിരുന്നു.
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം; ആറ് സംസ്ഥാനങ്ങളിൽ ഭാഗിക നിയന്ത്രണം ഏർപ്പെടുത്തി
ന്യൂഡൽഹി:കോവിഡ് വ്യാപനം രൂക്ഷമായതോടെ രാജ്യത്ത് വീണ്ടും നിയന്ത്രണങ്ങൾ കർശനമാക്കുന്നു.കോവിഡ് പ്രതിദിന കേസുകൾ കഴിഞ്ഞ സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയിരിക്കുകയാണ് ഇപ്പോള്‍. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. രാജ്യവ്യാപക ലോക്ഡൗൺ ഉണ്ടാകില്ലെന്നും നിയന്ത്രണം സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്നും കേന്ദ്രം വ്യക്തമാക്കി. മഹാരാഷ്ട്രയും കർണാടകയും ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളിൽ ഭാഗിക നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.കേരളമടക്കം 11 സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ, പോലീസ് മേധാവികൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു. മഹാരാഷ്ട്രയിൽ സ്ഥിതി ആശങ്കജനകമെന്ന് യോഗം വിലയിരുത്തി. നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്നു ഉറപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.ജനിതക മാറ്റം വന്ന വൈറസ് വ്യാപനമാണ് പ്രശ്നം ഗുരുതരമാക്കിയതെന്ന് എയിംസ് ഡയറക്ടർ രൻദീപ് ഗുലേറിയ പറഞ്ഞു. ജാഗ്രത കൈവിട്ടാൽ വലിയ അപകടത്തിലേക്ക് കാര്യങ്ങൾ പോകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. കോവിഡ് വ്യാപനം നിലനില്‍ക്കുകയാണെങ്കില്‍ മഹാരാഷ്ട്രയില്‍ ലോക്ഡൌണ്‍ പ്രഖ്യാപിക്കുന്നത് തള്ളാനാവില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ജനങ്ങളെ കഴിഞ്ഞ ദിവസം അറിയിച്ചിട്ടുണ്ട്.രാജ്യത്ത് ഏപ്രില്‍ പകുതിയോടെ കോവിഡ് കേസുകള്‍ പാരമ്യത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മെയ് മാസം അവസാനത്തോടെ കേസുകള്‍ കുത്തനെ താഴുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സംസ്ഥാനത്ത് ഇന്ന് 2508 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു;2287 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 2508 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 385, എറണാകുളം 278, കണ്ണൂർ 272, മലപ്പുറം 224, തിരുവനന്തപുരം 212, കാസർഗോഡ് 184, കോട്ടയം 184, തൃശ്ശൂർ 182, കൊല്ലം 158, പത്തനംതിട്ട 111, പാലക്കാട് 103, ആലപ്പുഴ 75, ഇടുക്കി 71,വയനാട് 69 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 51783 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.84 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4646 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 132 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2168 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 198 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 359, എറണാകുളം 250, കണ്ണൂർ 215, മലപ്പുറം 213, തിരുവനന്തപുരം 146, കാസർഗോഡ് 169, കോട്ടയം 163, തൃശ്ശൂർ 175, കൊല്ലം 150, പത്തനംതിട്ട 90, പാലക്കാട് 41, ആലപ്പുഴ 74, ഇടുക്കി 63, വയനാട് 60 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.10 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.കണ്ണൂർ 4, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2287 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 141, കൊല്ലം 201, പത്തനംതിട്ട 116, ആലപ്പുഴ 141, കോട്ടയം 190, ഇടുക്കി 48, എറണാകുളം 393, തൃശൂർ 184, പാലക്കാട് 57, മലപ്പുറം 160, കോഴിക്കോട് 178, വയനാട് 44, കണ്ണൂർ 275, കാസർഗോഡ് 159 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇന്ന് ഒരു പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവിൽ ആകെ 363 ഹോട്ട് സ്പോട്ടുകളാണുള്ളത്.
കണ്ണൂര്‍ താഴെചൊവ്വയില്‍ നിന്നും ഉഗ്രസ്‌ഫോടക വസ്തുക്കള്‍ പിടികൂടി
കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിനടുത്തെ താഴെചൊവ്വയില്‍ ഉഗ്രസ്‌ഫോടക ശക്തിയുള്ള സ്ഫോടകവസ്തുക്കൾ പിടികൂടി. രഹസ്യവിവരം ലഭിച്ചതനുസരിച്ച് കണ്ണൂര്‍ ടൗണ്‍ പൊലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ സി.ജി ഷൈജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് റെയ്ഡ് നടത്തിയത്. താഴെചൊവ്വ സ്വദേശി സാന്ത്വനംവീട്ടില്‍ ബിജു (45) വിന്റെ വീടിനു സമീപത്തുനിന്നാണ് ഉല്‍സവങ്ങള്‍ക്കും മറ്റും വെടിക്കെട്ടുകള്‍ക്ക് ഉപയോഗിക്കുന്ന ഉഗ്ര സ്‌ഫോടകശേഷിയുള്ള 20 ഗുണ്ടു പടക്കങ്ങൾ പിടികൂടിയത്.പ്രതി സ്‌ഫോടക വസ്തുക്കള്‍ അനധികൃത വില്‍പ്പനക്കായി കൊണ്ടു വച്ചതാണെന്ന് പൊലീസ് പറഞ്ഞു. റെയ്ഡിനെത്തിയ പൊലീസിനെ കണ്ട പ്രതി സംഭവ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു. എസ് ഐ സീതാറാം, എ എസ് ഐ റഷീദ്, ബാബു, എസ് സി പി ഓ ബിനീഷ്, സി പി ഓ സജീഷ്, ഗഫൂര്‍, തുടങ്ങിയവരും റെയിഡില്‍ പങ്കെടുത്തു. കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ സ്‌ഫോടകവസ്തു നിരോധന പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പൊലിസ് അറിയിച്ചു.
ഇരട്ട വോട്ട്;രമേശ് ചെന്നിത്തലയ്‌ക്കെതിരെ പരാതിയുമായി കണ്ണൂരിൽ നിന്നുള്ള ഇരട്ട സഹോദരങ്ങളും രംഗത്ത്
കണ്ണൂർ:രമേശ് ചെന്നിത്തലക്കെതിരെ പരാതിയുമായി കണ്ണൂരിലെ ഇരട്ടകളും രംഗത്ത്.കണ്ണൂര്‍ കുറ്റിയാട്ടൂരിലെ ജിതിനും ജിഷ്ണുവും കയരളത്തെ സ്‌നേഹയും ശ്രേയയും ആണ് ചെന്നിത്തലക്കെതിരെ പരാതി നല്‍കിയത്. വ്യാജ വോട്ടറെന്ന പേരില്‍ അപമാനിച്ചതിന് ചെന്നിത്തലക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.ഇരട്ട വോട്ട് ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ പാലക്കാട് ഒറ്റപ്പാലം തോട്ടക്കര സ്വദേശി അരുണും പോലീസിനും തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കിയിരുന്നു. അരുണിന്റെയും ഇരട്ട സഹോദരന്റെയും വോട്ട് കള്ളവോട്ട് ചെയ്യാനായുണ്ടാക്കിയ ഇരട്ട വോട്ടാണെന്ന തരത്തില്‍ വെബ്‌സൈറ്റ് വഴിയും സമൂഹ മാധ്യമം വഴിയും വസ്തുതാ വിരുദ്ധമായി പ്രചരിപ്പിച്ചുവെന്ന് കാണിച്ചാണ് പരാതി നല്‍കിയത്.ഒറ്റപ്പാലം നിയമസഭാ മണ്ഡലത്തിലെ തോട്ടക്കരയിലെ 135-ാം നമ്പർ പോളിംഗ് ബൂത്തില്‍ 642-ാം നമ്പർ വോട്ടറാണ് അരുണ്‍. അരുണിന്റെ ഇരട്ട സഹോദരന്‍ വരുണ്‍ ഇതേ പോളിംഗ് ബൂത്തിലെ 641-ാം നമ്പർ വോട്ടറാണ്. കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല വെബ് സൈറ്റ് വഴി പുറത്തു വിട്ട പട്ടികയില്‍ അരുണിന്റെയും വരുണിന്റെയും പേരുകള്‍ ഇരട്ട വോട്ടാണെന്ന രീതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
റോബർട്ട് വാദ്രയ്ക്ക് കോവിഡ്;പ്രിയങ്ക ഗാന്ധി നിരീക്ഷണത്തില്‍, നേമത്തെ പ്രചാരണം റദ്ദാക്കി
തിരുവനന്തപുരം:ര്‍ത്താവ് റോബര്‍ട്ട് വദ്രയ്ക്കു കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി നാളെ നേമത്ത് നടത്താനിരുന്ന റോഡ് ഷോ റദ്ദാക്കി. ഏതാനും ദിവസം ഐസൊലേഷനില്‍ ആയിരിക്കുമെന്ന് പ്രിയങ്ക അറിയിച്ചു. കോവിഡ് ബാധിച്ചയാളുമായി സമ്പർക്കത്തിൽ ആയതിനാല്‍ ഏതാനും ദിവസം ഐസൊലേഷനില്‍ കഴിയാന്‍ ഡോക്ടര്‍മാര്‍ ഉപദേശിച്ചതായി പ്രിയങ്ക അറിയിച്ചു. കോവിഡ് പരിശോധനാ ഫലം നെഗറ്റിവ് ആണ്. എന്നാല്‍ ഐസലേഷനില്‍ കഴിയണമെന്നാണ് ഡോക്ടര്‍മാരുടെ ഉപദേശം. ഇതനുസരിച്ച് പ്രചാരണപരിപാടികള്‍ റദ്ദാക്കുകയാണെന്നും അസൗകര്യത്തില്‍ ഖേദിക്കുന്നതായും പ്രിയങ്ക അറിയിച്ചു.കഴിഞ്ഞ ദിവസം കേരളത്തില്‍ എത്തിയ പ്രിയങ്കയ്ക്ക് നേമത്തെ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാനായിരുന്നില്ല. യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്‍ ഇക്കാര്യത്തില്‍ നേതൃത്വത്തെ അതൃപ്തി അറിയിച്ചിരുന്നു. ബിജെപിയുമായി കോണ്‍ഗ്രസ് നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലത്തില്‍ പ്രിയങ്ക പ്രചാരണത്തിന് എത്താത്തത് ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് ഇടയാക്കുമെന്നായിരുന്നു ആക്ഷേപം. പിന്നീട് മുരളീധരന്‍ നേരിട്ട് അഭ്യര്‍ഥിച്ചതു പ്രകാരമാണ് പ്രിയങ്ക നാളെ നേമത്ത് എത്താമെന്ന് അറിയിച്ചത്.ഇന്ന് അസമിലും നാളെ തമിഴ്‌നാട്ടിലും മറ്റന്നാൾ കേരളത്തിലുമാണ് പ്രിയങ്കയുടെ റാലി നിശ്ചയിച്ചിരുന്നത്.
പോസ്റ്റല്‍ ബാലറ്റ്; കണ്ണൂർ ജില്ലയിൽ 93.9% പേര്‍ വോട്ട് ചെയ്തു
കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗിന് എത്തിച്ചേരാന്‍ സാധിക്കാത്ത അവശ്യ സര്‍വ്വീസ് മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കായി ഏര്‍പ്പെടുത്തിയ പോസ്റ്റല്‍ ബാലറ്റ് സൗകര്യം ഉപയോഗപ്പെടുത്തി ജില്ലയില്‍ 93.9% പേര്‍ വോട്ട് രേഖപ്പെടുത്തി.പോസ്റ്റല്‍ ബാലറ്റിനായി വരണാധികാരികള്‍ക്ക് ഫോറം 12ഡിയില്‍ അപേക്ഷ സമര്‍പ്പിച്ച 3896 പേരില്‍ 3657 പേരാണ് കഴിഞ്ഞ നാലു ദിവസങ്ങളിലായി വോട്ട് ചെയ്തത്. മണ്ഡലം കേന്ദ്രങ്ങളില്‍ പ്രത്യേകമായി ഒരുക്കിയ പോസ്റ്റല്‍ വോട്ടിംഗ് കേന്ദ്രങ്ങളിലെത്തിയാണ് തപാല്‍വോട്ടിന് അപേക്ഷ നല്‍കിയവര്‍ പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തിയത്. 12ഡി ഫോറത്തില്‍ പോസ്റ്റല്‍ വോട്ടിനായി അപേക്ഷ നല്‍കി വോട്ട് ചെയ്യാതിരുന്ന 239 പേര്‍ക്ക് ഇനി ബൂത്തിലെത്തി വോട്ട് ചെയ്യാനാവില്ല.ആരോഗ്യം, പൊലീസ്, ഫയര്‍ ഫോഴ്‌സ്, എക്‌സൈസ്, ജയില്‍, മില്‍മ, വൈദ്യുതി, വാട്ടര്‍ അതോറിറ്റി, കെഎസ്‌ആര്‍ടിസി, ട്രഷറി, ഫോറസ്റ്റ്, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളായ ആകാശവാണി, ദൂരദര്‍ശന്‍, ബിഎസ്‌എന്‍എല്‍, റെയില്‍വേ, പോസ്റ്റല്‍- ടെലിഗ്രാഫ്, ഏവിയേഷന്‍, ആംബുലന്‍സ്, തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട മാധ്യമ പ്രവര്‍ത്തകര്‍, ഷിപ്പിംഗ് എന്നീ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കാണ് ഇത്തവണ പോസ്റ്റല്‍ ബാലറ്റ് സൗകര്യം ലഭ്യമാക്കിയത്.
അദാനിയില്‍ നിന്ന് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ കരാറുണ്ടാക്കി കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തി;സര്‍ക്കാരിനെതിരെ പുതിയ ആരോപണവുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം: സര്‍ക്കാരിനെതിരെ പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്.അദാനി ഗ്രൂപ്പിൽ നിന്നും കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ കരാറുണ്ടാക്കുകയും, ഇതുവഴി കോടികളുടെ അഴിമതി നടത്തുകയും ചെയ്‌തെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം.അദാനിക്ക് 1000 കോടിയോളം രൂപ അധികലാഭം ഉണ്ടാക്കുന്ന 8850 കോടി രൂപയുടെ 25വര്‍ഷത്തേക്കുള്ള കരാറിലാണ് സംസ്ഥാന വൈദ്യുതി ബോര്‍ഡ് ഏര്‍പ്പെടുന്നത്. അഞ്ച് ശതമാനം വൈദ്യുതി പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസുകളില്‍ നിന്നും വാങ്ങണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തിന്‍റെ മറവിലാണ് വൈദ്യുതികൊള്ള നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.കാറ്റില്‍നിന്നുള്ള വൈദ്യുതിക്ക് ഒരു യൂണിറ്റിന് രണ്ട് രൂപ മാത്രമായിരിക്കെ അദാനിയില്‍നിന്നും സംസ്ഥാനം യൂണിറ്റിന് 2.82 രൂപയ്ക്കാണ് വാങ്ങുന്നത്. ഇതിലൂടെ 1000 കോടി രൂപയുടെ അധിക ലാഭമാണ് അദാനിക്ക് ലഭിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. ജലവൈദ്യുത പദ്ധതികളിൽ നിന്ന് കുറഞ്ഞ നിരക്കിൽ വൈദ്യുതി വാങ്ങാമെന്നിരിക്കേ എന്തിനാണ് അദാനിയിൽ നിന്ന് കൂടിയ നിരക്കിൽ വൈദ്യുതി വാങ്ങുന്നതെന്ന് ചെന്നിത്തല ചോദിച്ചു. കാറ്റിൽ നിന്നുള്ള വൈദ്യുതിയുടെ പ്രധാന ഉത്പാദകർ അദാനിയാണ്. അതുകൊണ്ടു തന്നെ കാറ്റിൽ നിന്നുള്ള വൈദ്യുതി വാങ്ങാനുള്ള തീരുമാനം കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തമ്മിലുള്ള ഒത്തുകളിയാണെന്നും ചെന്നിത്തല ആരോപിച്ചു. സിപിഎം ബിജെപി ഒത്താശയോടെയുള്ള ഈ കരാര്‍ റദ്ദാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
മയ്യിൽ പാമ്പുരുത്തിയിൽ മുസ്‍ലിം ലീഗ്-സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷം
കണ്ണൂർ: മയ്യിൽ പാമ്പുരുത്തിയിൽ മുസ്‍ലിം ലീഗ്-സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷം.തളിപറമ്പ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി എം.വി. ഗോവിന്ദന്‍റെ പ്രചാരണ പരിപാടി നടന്നതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്.സംഘർഷത്തിൽ അഞ്ച് സി.പി.എം പ്രവർത്തകർക്കും മൂന്ന് ലീഗ് പ്രവർത്തകർക്കും പരിക്കേറ്റു.പ്രചാരണ ബോർഡുകൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മണ്ണാര്‍ക്കാട് ഗ്യാസ് ടാങ്കര്‍ ലോറി ചരക്കുലോറിയുമായി കൂട്ടിയിടിച്ച് തീപിടിച്ചു; ഡ്രൈവര്‍ മരിച്ചു
പാലക്കാട്: മണ്ണാര്‍ക്കാട് തച്ചമ്പാറയിൽ ഗ്യാസ് ടാങ്കര്‍ ലോറി ചരക്ക് ലോറിയുമായി കൂട്ടിയിടിച്ച് തീപിടിച്ച് ഒരാള്‍ മരിച്ചു. ചരക്ക് ലോറി ഡ്രൈവറാണ് മരണപ്പെട്ടത്. വെളളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം.മംഗലാപുരത്ത് നിന്നും വരികയായിരുന്ന ടാങ്കര്‍ ലോറിയാണ് ചരക്കുലോറിയുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ചരക്ക് ലോറിയുടെ ഡീസല്‍ ടാങ്ക് പൊട്ടി തീപടരുകയായിരുന്നു. ചരക്കുലോറി പൂര്‍ണമായും കത്തിനശിച്ചു. 18 ടണ്‍ പാചകവാതകം ടാങ്കറില്‍ ഉണ്ടായിരുന്നു.ഗ്യാസ് ടാങ്കര്‍ ലോറിയില്‍ തീപിടിക്കാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ടാങ്കറിലെ ഗ്യാസ് ചോരാതിരിക്കാന്‍ നടപടി സ്വീകരിച്ചതായും അഗ്‌നിശമന സേന അറിയിച്ചു. പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.പാലക്കാട് നിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കോങ്ങാട് വഴി കറങ്ങി പോകേണ്ടതാണെന്നും എന്നും പൊലീസ് അറിയിച്ചു.