കോവിഡ് കേസുകൾ വർധിക്കുന്നു; കേരളത്തില്‍ അടുത്ത മൂന്നാഴ്ച നിര്‍ണായകമെന്ന് ആരോഗ്യ വകുപ്പ്

keralanews covid cases increases next three weeks will be crucial in kerala

തിരുവനന്തപുരം:കോവിഡ് കേസുകൾ നിരന്തരം വർധിക്കുന്ന സാഹചര്യത്തിൽ കേരളത്തില്‍ അടുത്ത മൂന്നാഴ്ച നിര്‍ണായകമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ് നൽകി.സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ക്രമേണ ഉയര്‍ന്ന് വരികയാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബഹുഭൂരിപക്ഷം ജനങ്ങളും പങ്കാളിയായിട്ടുണ്ട്. അതിനാല്‍ സംസ്ഥാനത്ത് വരുന്ന മൂന്നാഴ്ച അതീവ നിര്‍ണായകമാണെന്നും ഈ സാഹചര്യം മുന്നില്‍ കണ്ട് എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും ‘ബാക് ടു ബേസിക്‌സ്’ ക്യാംപെയ്ന്‍ ശക്തിപ്പെടുത്തണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.സ്വയംരക്ഷ നേടുന്നതിന് കോവിഡ് പ്രതിരോധത്തില്‍ ആദ്യം പഠിച്ച പാഠങ്ങള്‍ വീണ്ടുമോര്‍ക്കണം.സോപ്പും മാസ്‌കും സാമൂഹിക അകലവും മറക്കരുത്. വായും മൂക്കും മൂടത്തക്കവിധം മാസ്‌ക് ധരിക്കേണ്ടതാണ്. പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. ഇടയ്ക്കിടയ്ക്ക് കൈകള്‍ സാനിറ്റൈസര്‍ കൊണ്ടോ സോപ്പുപയോഗിച്ചോ വൃത്തിയാക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.ജാഗ്രതക്കൊപ്പം പ്രതിദിന കോവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കാനും ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നിന്നും ഒ​രു കോ​ടി​യി​ല​ധി​കം രൂ​പയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി

keralanews gold worth one crore rupees seized from kannur airport

മട്ടന്നൂർ:ഒരു കോടിയിലധികം രൂപ വിലമതിക്കുന്ന സ്വര്‍ണവുമായി മൂന്നുപേർ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ പിടിയിലായി.സ്വര്‍ണക്കടത്ത് വ്യാപകമാകുന്ന സാഹചര്യത്തില്‍ വിമാനത്താവളത്തിൽ കസ്റ്റംസ് പരിശോധന ഊര്‍ജിതമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് മൂന്ന് കിലോയോളം സ്വർണ്ണവുമായി ശ്രീകണ്ഠപുരം, കാസര്‍കോട് സ്വദേശികള്‍ പിടിയിലായത്. ഷാര്‍ജയില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ കാസര്‍കോട് ബേക്കല്‍ സ്വദേശി മുഹമ്മദ് അഷറഫ്, ഷാര്‍ജയില്‍ നിന്ന് ഗോ എയര്‍ വിമാനത്തിലെത്തിയ ശ്രീകണ്ഠപുരം കോട്ടൂര്‍ സ്വദേശി രജീഷ്, കാസര്‍കോട് സ്വദേശി അബ്ദുല്ല കുഞ്ഞ് മുഹമ്മദ് എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. മുഹമ്മദ് അഷറഫില്‍ നിന്ന് 920ഗ്രാമും രജീഷ്, അബ്ദുല്ല കുഞ്ഞ് മുഹമ്മദ് എന്നിവരില്‍ നിന്ന് ഓരോ കിലോയോളം സ്വര്‍ണമാണ് പിടികൂടിയത്. ഇവരെ കസ്റ്റംസ് ചോദ്യം ചെയ്തുവരുകയാണ്.അസി. കമീഷണര്‍ മധുസൂദനഭട്ട്, സൂപ്രണ്ടുമാരായ പി.സി.ചാക്കോ, നന്ദകുമാര്‍, ഇന്‍സ്‌പെക്ടര്‍മാരായ ദിലീപ് കൗശല്‍, ജോയ് സെബാസ്റ്റ്യന്‍, മനോജ് യാദവ്, യദുകൃഷ്ണ എന്നിവരുടെ നേതൃത്വത്തിലാണ് കസ്റ്റംസ് പരിശോധന നടത്തിയത്.

ലീഗ് പ്രവർത്തകന്റെ കൊലപാതകം;കണ്ണൂരിലെ സമാധാന യോഗം യു.ഡി.എഫ് ബഹിഷ്‌കരിച്ചു

keralanews murder of league worker udf boycotts peace meeting in kannur

കണ്ണൂർ:പാനൂരിൽ ലീഗ് പ്രവർത്തകന്റെ കൊലപാതകത്തെ തുടർന്നുണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ പോലീസ് വിളിച്ചു ചേർത്ത സമാധാന യോഗം യു.ഡി.എഫ് ബഹിഷ്‌കരിച്ചു. പൊലിസ് നടപടി ഏകപക്ഷീയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് യോഗം ബഹിഷ്‌കരിച്ചത്. യോഗത്തിനെത്തിയത് കൊലപാതകികളുടെ നേതാക്കളാണെന്നും യു.ഡി.എഫ് ആരോപിച്ചു. അവരുമായി ചര്‍ച്ചയ്ക്കില്ലെന്നും കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി പറഞ്ഞു. മന്‍സൂറിന്റെ കൊലപാതകം നടന്നിട്ട് 40 മണിക്കൂര്‍ കഴിഞ്ഞിട്ടും, കൊലപാതകികളെ കണ്ടെത്താനോ, അവര്‍ക്ക് വേണ്ടി ആയുധസംഭരണം നടത്തിയ ഡിവൈഎഫ്‌ഐ നേതാവിനെ പിടികൂടാനോ പൊലീസിന് കഴിഞ്ഞിട്ടില്ലെന്ന് സതീശന്‍ പാച്ചേനി വ്യക്തമാക്കി. ഷുഹൈബ് വധത്തില്‍ തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്ന പൊലീസ് സംവിധാനം അതേ വഴിക്കാണ് മന്‍സൂറിന്റെ കൊലപാതകക്കേസിലും മുന്നോട്ടുപോകുന്നത്. അങ്ങനെയെങ്കില്‍ അതിശക്തമായ പ്രക്ഷോഭം യുഡിഎഫ് സംഘടിപ്പിക്കുമെന്ന് സതീശന്‍ പാച്ചേനി പറഞ്ഞു.കുറ്റകൃത്യത്തില്‍ പങ്കെടുത്ത എല്ലാവരുടെയും പേര് വെട്ടേറ്റ് ചികില്‍സയില്‍ കഴിയുന്ന മുഹസിന്‍ പൊലീസിനെ അറിയിച്ചിരുന്നു. ഇതില്‍ ഒറ്റയാളെ പോലും തിരയാനോ, പിടികൂടാനോ പൊലീസ് തയ്യാറായിട്ടില്ല. ഏകപക്ഷീയമായ നിലപാട് സ്വീകരിക്കുന്ന പൊലീസിനോടും ജില്ലാ ഭരണകൂടത്തോടും സഹകരിക്കാന്‍ താല്‍പ്പര്യമില്ലാത്തതിനാലാണ് യോഗം ബഹിഷ്‌കരിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു.

നാദാപുരത്ത് യുഡിഎഫ് ബൂത്ത് ഏജന്‍റിന്‍റെ സൂപ്പർമാർക്കറ്റ് തീയിട്ട് നശിപ്പിച്ചു

keralanews udf booth agents supermarket set on fire in nadapuram

കോഴിക്കോട്:നാദാപുരത്ത് യുഡിഎഫ് ബൂത്ത് ഏജന്‍റിന്‍റെ സൂപ്പർമാർക്കറ്റ് തീയിട്ട് നശിപ്പിച്ചു.ലീഗ് പ്രവർത്തകനായ ഇരിങ്ങണ്ണൂർ സ്വദേശി അബൂബക്കറിന്റെ സൂപ്പർ മാർക്കറ്റിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന് ലീഗ് ആരോപിച്ചു. പുലര്‍ച്ചെയായിരുന്നു ആക്രമണം. യുഡിഎഫ് സ്ഥാനാര്‍ഥി പ്രവീണ്‍ കുമാറിന്‍റെ ബൂത്ത് ഏജന്‍റായിരുന്നു അബൂബക്കര്‍. സ്ഥലത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘര്‍ഷമൊന്നും ഉണ്ടായിട്ടില്ല. ഈ ബൂത്തില്‍ സാധാരണ കള്ളവോട്ട് നടക്കാറുണ്ടായിരുന്നുവെന്നും ഇത്തവണ ബൂത്ത് ഏജന്‍റ് മുഴുവന്‍ സമയവും ഉണ്ടായിരുന്നതിനാല്‍ കള്ളവോട്ട് സാധിച്ചില്ല, ഇതിലുള്ള പ്രതികാരമായാണ് ബൂത്ത് ഏജന്‍റിന്‍റെ സൂപ്പര്‍ മാര്‍ക്കറ്റ് ആക്രമിച്ചതെന്നാണ് ലീഗ് പ്രവർത്തകരുടെ ആരോപണം.എന്നാല്‍ തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ അക്രമം നടത്തി ആ കുറ്റം സിപിഎമ്മിന് മേല്‍ ചുമത്തുകയാണെന്നാണ് സിപിഎം പ്രവർത്തകർ പറയുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സിപിഎം – യുഡിഎഫ് സംഘര്‍ഷം നടക്കുന്ന സ്ഥലമാണിത്. ഇത്തവണ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. കള്ള ആരോപണം സിപിഎമ്മിനെതിരെ ഉന്നയിക്കുന്നതിന് പിന്നില്‍ മറ്റ് ലക്ഷ്യങ്ങളാണെന്നാണ് സിപിഎം പറയുന്നത്.

പാനൂർ കൊലപാതകം;പെരിങ്ങത്തൂരിൽ സിപിഎം ഓഫീസുകൾക്ക് തീയിട്ടു

keralanews panur murder cpm offices set on fire in peringathur

കണ്ണൂർ:പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകന്റെ കൊലപാതകത്തെ തുടർന്ന് വ്യാപക ആക്രമണം. ഇന്നലെ രാത്രി പാനൂര്‍ മേഖലയില്‍ സി.പി.എം ഓഫിസുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. കൊല്ലപ്പെട്ട ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ മൃതദേഹം പെരിങ്ങത്തൂരില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം സംസ്‌ക്കാരത്തിനായി പൊല്ലൂക്കരയിലേക്ക് കൊണ്ടുപോയതിന് പിന്നാലെയാണ് ആക്രമണമുണ്ടാകുന്നത്.സി.പി.എം പെരിങ്ങളം ലോക്കല്‍ കമ്മിറ്റി ഓഫിസ്, കൊച്ചിയങ്ങാടി ബ്രാഞ്ച് കമ്മിറ്റി ഓഫിസ്, കടവത്തൂരിലെ ബ്രാഞ്ച് കമ്മിറ്റി ഓഫിസ് എന്നിവ ആക്രമിക്കപ്പെട്ടു. പ്രദേശത്തെ ബസ് ഷെല്‍ട്ടറും ആക്രമിച്ചു. നിരവധി വീടുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. ബാവാച്ചി റോഡിലുള്ള പെരിങ്ങത്തൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസിന്റെ വാതില്‍ തകര്‍ത്ത് അകത്തു കടന്നാണ് ഫര്‍ണിച്ചറും രേഖകളും കൂട്ടിയിട്ട് കത്തിച്ചത്. ഓഫീസ് പൂര്‍ണമായും കത്തിനശിച്ചു.സിപിഐ എം പെരിങ്ങത്തൂര്‍ ബ്രാഞ്ച് ഓഫീസും ആച്ചുമുക്ക് ബ്രാഞ്ച് ഓഫീസും തീയിട്ട് നശിപ്പിച്ച ലീഗുകാര്‍ പെരിങ്ങത്തൂര്‍ ടൗണിലെ ചായക്കടയും ദിനേശന്റെ കടയുമടക്കം നിരവധി സ്ഥാപനങ്ങള്‍ ആക്രമിച്ചു.അക്രമ സംഭവങ്ങളില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.മന്‍സൂറിന്റെ വിലാപയാത്രയില്‍ പങ്കെടുത്ത പത്ത് ലീഗ് പ്രവര്‍ത്തകരെയാണ് കസ്റ്റഡിയില്‍ എടുത്തത്. കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്ത് വരുന്നതായി ചൊക്ലി പൊലീസ് അറിയിച്ചു.

പാനൂർ കൊലപാതകം;അക്രമി സംഘം ലക്ഷ്യമിട്ടത് മന്‍സൂറിന്റെ സഹോദരനെയെന്ന് പ്രതിയുടെ മൊഴി

keralanews panoor murder the gunda gang targeted brother of mansoor

കണ്ണൂര്‍: പാനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അക്രമി സംഘം ലക്ഷ്യമിട്ടത് മന്‍സൂറിന്റെ സഹോദരന്‍ മുഹ്സിനെയെന്ന് കസ്റ്റഡിയിലുള്ള സി പി എം പ്രവര്‍ത്തകൻ ഷിനോസ് മൊഴി നല്‍കി. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയല്ല അക്രമം നടത്തിയതെന്നും ഷിനോസ് പറഞ്ഞു.അപ്രതീക്ഷിതമായാണ് മുഹ്സിന്റെ സഹോദരന്‍ മന്‍സൂര്‍ സംഭവ സ്ഥലത്തേക്ക് എത്തിയത്. ബോംബ് എറിഞ്ഞ് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു അക്രമി സംഘത്തിന്റെ ലക്ഷ്യം. കസ്റ്റഡിയിലുള്ള ഷിനോസിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. സംഘത്തിലുണ്ടായിരുന്ന പത്തോളം പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.അതേസമയം കൊല്ലപ്പെട്ട ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കാല്‍മുട്ടില്‍ മാത്രമാണ് ആഴത്തിലുള്ള മുറിവുള്ളതെന്നാണ് പ്രാഥമിക പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നത്. കൊല്ലപ്പെട്ടത് ബോംബേറിലാണ്. ബോംബേറില്‍ മന്‍സൂറിന്റെ കാല്‍മുട്ട് തകര്‍ന്നു. ശരീരത്തില്‍ ആഴത്തിലുള്ള മറ്റ് മുറിവുകളില്ല. രക്തം വാര്‍ന്നുപോയതാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.കാലിന് വെട്ടേറ്റ മന്‍സൂറിനെ ആദ്യം തലശ്ശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മന്‍സൂറിന്റെ കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയ പകപോക്കലാണെന്നാണ് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ഇളങ്കോയുടെ പ്രതികരണം. പത്തിലധികം പേരടങ്ങിയ സംഘമാണ് കൊലനടത്തിയതെന്നും ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരാളെ ഇതിനോടകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷിച്ച്‌ വരുകയാണെന്നും കമ്മീഷണര്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് ഇന്ന് മുതൽ കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു;മാസ്കും സാമൂഹിക അകലവും ഉറപ്പാക്കാൻ പൊലീസ് പരിശോധന ശക്തമാക്കും

keralanews covid restrictions tightens in the state from today police check to ensure mask and social distancing

തിരുവനന്തപുരം:കോവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് മുതൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നു.പൊതുസ്ഥലങ്ങളിൽ മാസ്കും സാമൂഹിക അകലവും ഉറപ്പാക്കാൻ പൊലീസ് പരിശോധന ശക്തമാക്കും.സംസ്ഥാനത്ത് ഒരാഴ്ചയോളമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തിന് മുകളിലാണ്. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഒരിടത്തും കോവിഡ് മാനദണ്ഡം പാലിക്കാത്തതാണ് കേസുകൾ ഉയരാൻ പ്രധാന കാരണം. വിഷുവും പരീക്ഷകൾ ആരംഭിച്ചതും കാരണം വരും ദിവസളിൽ രോഗികളുടെ എണ്ണം വർധിക്കാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് നിയന്ത്രണം കർശനമാക്കുന്നത്.ഇന്ന് ആരംഭിക്കുന്ന എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷാ കേന്ദ്രങ്ങളിൽ കോവിഡ് ജാഗ്രത കർശനമായി പാലിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. മാസ്ക്, സാമൂഹിക അകലം തുടങ്ങിയ നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ പൊലീസ് പരിശോധന ശക്തമാക്കും. നിര്‍ദേശം നടപ്പാക്കുന്നതിനുള്ള നോഡല്‍ ഓഫീസറായി ക്രമസമാധാന വിഭാഗം എഡിജിപി വിജയ് എസ് സാഖറെയെ നിയോഗിച്ചു. നടപടിയെടുക്കാൻ സെക്ടറൽ മസിട്രേറ്റുമാരെയും നിയമിക്കും. ഇതര സംസ്ഥാനത്ത് നിന്ന് വരുന്നവർ ഒരാഴ്ച്ച ക്വാറന്‍റൈന്‍ കർശനമായി പാലിക്കണം. കൂടുതൽ സാമ്പിളുകൾ പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്.തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഏർപ്പെട്ടവർ ആർ.ടി.പി.സി.ആർ പരിശോധന നടത്തണമെന്നും നിർദേശമുണ്ട്. വാക്സിനേഷൻ ഊർജിതമാക്കാനും നിർദേശം നൽകിയിട്ടുണ്ട്.

സംഘർഷം;കാസര്‍കോട്ട് യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റിന് വെട്ടേറ്റു

keralanews conflict yuvamorcha worker injured in kasarkod

കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ യുവമോര്‍ച്ച പ്രവർ ത്തകന് വെട്ടേറ്റു.യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് ശ്രീജിത്ത് പറക്കളായിക്കാണു വെട്ടേറ്റത്.ശ്രീജിത്തിനെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിന് പിന്നില്‍ സിപിഎം ആണെന്ന് ബി.ജെ.പി. ആരോപിച്ചു.ശ്രീജിത്തിന്റെ ഇരു കാലുകളും വെട്ടേറ്റ് തൂങ്ങിയ നിലയിലാണ്. അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും എന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ രാത്രിയോടെ അമ്പലത്തറ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വച്ചായിരുന്നു സംഘര്‍ഷം ഉണ്ടായത്. ഇതിനെ തുടര്‍ന്നാണ് ശ്രീജിത്തിന് നേരെ ആക്രമണമുണ്ടായത്. അമ്പലത്തറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നിരവധി അക്രമസംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കണ്ണൂര്‍ പാനൂരില്‍ സിപിഎം പ്രവര്‍ത്തകരുടെ അക്രമത്തില്‍ പരിക്കേറ്റ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മരിച്ചു. യൂത്ത് ലീഗ് പ്രവര്‍ത്തകനായ മന്‍സൂര്‍ (21) ആണ് മരിച്ചത്.

എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നാളെ തുടങ്ങും;ഇത്തവണ പരീക്ഷയെഴുതുന്നത് ഒൻപത് ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍

keralanews sslc plus two exams starts tomorrow nine lakh students appearing for exams this time

തിരുവനന്തപുരം:എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നാളെ തുടങ്ങും.ഒൻപത് ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷയെഴുതുന്നത്. എസ്‌എസ്‌എല്‍സി പരീക്ഷ ഏപ്രില്‍ 8 മുതല്‍ 12വരെ ഉച്ചക്ക് ശേഷവും 15 മുതല്‍ രാവിലെയുമാണ് നടക്കുക. ഉച്ചക്കുശേഷം 1.40 മുതലും വെള്ളിയാഴ്ച 2.40 മുതലുമാണ് പരീക്ഷ. 15 മുതല്‍ രാവിലെ 9.40 മുതലുമാണ് പരീക്ഷ. 29ന് പരീക്ഷ അവസാനിക്കും.ഹയര്‍സെക്കന്‍ഡറി, വിഎച്ച്‌എസ്.ഇ പരീക്ഷകള്‍ 9.40ന് ആരംഭിക്കുക. ഹയര്‍സെക്കന്‍ഡറി പരീക്ഷ 26നും വിഎച്ച്‌എസ്‌ഇ ഒൻപതിന് തുടങ്ങി 26നും അവസാനിക്കും. 4,22,226 പേരാണ് 2947 കേന്ദ്രങ്ങളിലായി ഇത്തവണ എസ്‌എസ്‌എല്‍സി പരീക്ഷയെഴുതുന്നത്.2004 കേന്ദ്രങ്ങളിലായി 4,46,471 പേര്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷയെഴുതും.27000ത്തോളം വിദ്യാര്‍ത്ഥികളാണ് വിഎച്ച്‌എസ്‌ഇ പരീക്ഷയെഴുതുന്നത്.

കണ്ണൂർ പാനൂരിൽ മുസ്ലീംലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

keralanews muslim league worker killed in kannur panoor

കണ്ണൂർ: പാനൂരിൽ മുസ്ലീംലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു.പുല്ലൂക്കര പാറാല്‍ മന്‍സൂര്‍(22) ആണ് കൊല്ലപ്പെട്ടത്. സഹോദരന്‍ മുഹ്‌സിന് പരിക്കേറ്റു.സംഭവവുമായി ബന്ധപ്പെട്ട് സി.പി.എം പ്രവര്‍ത്തകന്‍ ഷിനോസിനെ പൊലീസ് അറസ്റ്റു ചെയ്തു. കൊല്ലപ്പെട്ട മന്‍സൂറിന്‍റെ അയല്‍വാസിയാണ് പിടിയിലായ ഷിനോസ്.തെരെഞ്ഞെടുപ്പ് ദിവസമായ ഇന്നലെ രാവിലെ മുതല്‍ പ്രദേശത്ത് ചെറിയ രീതിയിലുളള സംഘര്‍ഷം ആരംഭിച്ചിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ സംഘര്‍ഷം രൂക്ഷമായി. 149-150 എന്നീ രണ്ടുബൂത്തുകള്‍ക്കിടയിലായിരുന്നു പ്രശ്‌നം. 149-ാം നമ്പർ ബൂത്തിലേക്ക് ഓപ്പണ്‍ വോട്ട് ചെയ്യുന്നതിനായി വോട്ടര്‍മാരെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം.രാത്രി ഏഴരയോടെ വീണ്ടും സംഘര്‍ഷമുണ്ടാവുകയായിരുന്നു. രാത്രിയോടെ ഒളിച്ചിരുന്ന ഒരുസംഘം ആളുകള്‍ മന്‍സൂര്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്ന സമയം നോക്കി ബോംബ് എറിയുകയും തുടര്‍ന്ന് വെട്ടി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ മന്‍സൂറിനേയും സഹോദരനേയും ആദ്യം തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട്ടുളള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രാത്രി ഒരു മണിയോടെ മരണം സംഭവിക്കുകയായിരുന്നു. അക്രമി സംഘത്തെ തടയാന്‍ ശ്രമിച്ച മുഹ്‌സിന്റെ മാതാവിനും അയല്‍പക്കത്തുള്ള സ്ത്രീക്കും പരിക്കുണ്ട്.മന്‍സൂറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍ ഇന്ന് യു.ഡി.എഫ്. ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.