തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനൊരുങ്ങി കേരളം.നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ചീഫ് സെക്രട്ടറി ഇന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾ സംബന്ധിച്ച വിലയിരുത്തൽ നടത്താൻ ആരോഗ്യവകുപ്പിനും നിർദ്ദേശം നൽകി.പോലീസിന്റെ ഭാഗത്തു നിന്നും കൂടുതൽ നടപടികൾ ഇല്ലാത്ത പക്ഷം കാര്യങ്ങൾ കൈവിട്ടു പോകുമെന്നാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. നിരത്തുകളിൽ പോലീസിന്റെ പരിശോധന ഉണ്ടെങ്കിലും കാര്യക്ഷമമല്ല. മറ്റാരെക്കാളും രോഗം നിയന്ത്രിക്കാൻ പോലീസിന്റെ ശക്തമായ ഇടപെടൽ ഉണ്ടാകണമെന്നാണ് ആരോഗ്യ വകുപ്പിന്റെ ആവശ്യം. ഇത് പരിഗണിച്ചാണ് ഇന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ചീഫ് സെക്രട്ടറി വിളിച്ചിരിക്കുന്നത്.കോറോണ നിയന്ത്രണങ്ങളുടെ ഭാഗമായി നിലവിൽ അയ്യായിരത്തോളം പോലീസുകാരെയാണ് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലെ നിരത്തുകളിൽ മാത്രം വിന്യസിച്ചിരിക്കുന്നത്. പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൂടുതൽ പൊലീസിനെ വിന്യസിക്കുന്ന പക്ഷം ദൈനംദിന പ്രവർത്തനങ്ങൾ അവതാളത്തിലാകും എന്നാണ് പോലീസിന്റെ പരാതി. അതേസമയം ഏതൊക്കെ മേഖലകളിൽ ഏതെല്ലാം വിധത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്ന് എന്ന് പഠിച്ചു റിപ്പോർട്ട് നൽകാൻ ആരോഗ്യവകുപ്പിനെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്. കോറോണയുടെ രണ്ടാം വരവ് മുൻപത്തെക്കാളും ആഘാതം വർധിപ്പിക്കുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. അതിനാൽ തന്നെ നിലവിലെ നിയന്ത്രണങ്ങൾ രോഗപ്രതിരോധത്തിന് പര്യാപ്തമല്ലെന്നാണ് കണക്ക് കൂട്ടൽ.അതിനാൽ തന്നെ വരും ദിവസങ്ങളിൽ വിവിധ മേഖലകളിൽ നിയന്ത്രണം ശക്തമാകാനാണ് സാധ്യത.
ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യാത്തവർക്ക് കേരളത്തിലേക്ക് പ്രവേശനമില്ല;അതിർത്തിയിൽ നാളെ മുതൽ പരിശോധന
തിരുവനന്തപുരം:കൊറോണ രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സംസ്ഥാനാന്തര യാത്രകളിൽ നിയന്ത്രണങ്ങൾ കർശനമാക്കി കേരളവും.വാളയാർ അതിർത്തിയി വഴി കേരളത്തിലേയ്ക്ക് കടക്കണമെങ്കിൽ ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പും പോലീസും അറിയിച്ചു. നാളെ മുതൽ പരിശോധന കർശനമാക്കും. അതിർത്തിയിലെത്തി മടങ്ങിപോകേണ്ട അവസ്ഥ വരാതിരിക്കാൻ രജിസ്റ്റർ ചെയ്ത ശേഷം കടത്തിവിടുമെന്നും ജില്ലാ കളക്ടർമാർ അറിയിച്ചിട്ടുണ്ട്.രാജ്യത്തിന് പുറത്ത് നിന്ന് വരുന്നവർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്കും കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയുള്ള ഉത്തരവിറക്കിയതിന് പിന്നാലെയാണ് ജാഗ്രതാ പോർട്ടൽ നിർദ്ദേശവും വന്നിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർ ആർ.ടി.പി.സി.ആർ പരിശോധന പൂർത്തിയാക്കണം. 48 മണിക്കൂർ മുമ്പോ എത്തിയ ഉടനേയോ പരിശോധന നടത്തണം. ഫലം വരുന്നതുവരെ ക്വാറന്റൈനിൽ തന്നെ കഴിയണം. വാക്സിനെടുത്തവർക്കും പുതിയ നിർദ്ദേശം ബാധകമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
തിരുവനന്തപുരം ശ്രീചിത്രയില്‍ രോഗികള്‍ക്കും ജീവനക്കാര്‍ക്കും കോവിഡ്; ഹൃദയ ശസ്ത്രക്രിയകൾ നിലച്ചു
തിരുവനന്തപുരം:തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ രോഗികള്‍ക്കും ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.ഇതേ തുടർന്ന് ഇവിടെ ഹൃദയ ശസ്ത്രക്രിയകൾ നിലച്ചു. ശസ്ത്രക്രിയകൾക്ക് പ്രവേശിപ്പിച്ച ഏഴ് രോഗികൾക്ക് കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.ഇത് കൂടാതെ ആശുപത്രിയിലെ രണ്ട് ജീവനക്കാര്‍ക്കും രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ഹൃദയ ശസ്ത്രക്രിയ വിഭാഗം അടച്ചു. ന്യൂറോ സര്‍ജറി വിഭാഗത്തില്‍ അടിയന്തര ശസ്ത്രക്രിയകള്‍ മാത്രം നടത്താനാണ് തീരുമാനം.
കാസർകോട് സോളാർ പാർക്കിൽ വൻ തീപിടിത്തം
കാസര്‍കോട്: കാസര്‍കോട് സോളാര്‍ പാര്‍ക്കില്‍ വന്‍ തീപിടിത്തം. ഉച്ചയോടെയാണ് തീപിടിച്ചത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.വെള്ളൂടയിലെ പ്ലാന്റിലാണ് ഉച്ചയ്ക്ക് രണ്ടരയോടെ തീപിടിത്തം ഉണ്ടായത്. ഉച്ചയ്ക്ക് ഇവിടേയ്ക്ക് അലൂമിനിയം പവര്‍ കേബിളുകള്‍ എത്തിച്ചിരുന്നു. ഇതിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അഗ്നിശമന സേനയുടെ മൂന്ന് യൂണിറ്റുകള്‍ എത്തിയാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇതുവരെ തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ല. അരക്കോടി രൂപയുടെ നാശനഷ്ടമാണ് പാര്‍ക്കില്‍ ഉണ്ടായതെന്നാണ് കണക്കാക്കുന്നത്.
ഞെട്ടിച്ച് കൊവിഡ്;സംസ്ഥാനത്ത് ഇന്ന് 18,257 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു;4565 പേര്‍ക്ക് രോഗമുക്തി;25 മരണം
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 18,257 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 2835, കോഴിക്കോട് 2560, തൃശൂര്‍ 1780, കോട്ടയം 1703, മലപ്പുറം 1677, കണ്ണൂര്‍ 1451, പാലക്കാട് 1077, തിരുവനന്തപുരം 990, കൊല്ലം 802, ആലപ്പുഴ 800, ഇടുക്കി 682, പത്തനംതിട്ട 673, കാസര്‍ഗോഡ് 622, വയനാട് 605 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വെള്ളി, ശനി ദിവസങ്ങളിലായി ആകെ 3,00,971 സാമ്പിളുകളാണ് ശേഖരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,08,898 സാമ്പിളുകൾ പരിശോധിച്ചു. ബാക്കിയുള്ള സാമ്പിളുകളുടെ പരിശോധനാ ഫലം അടുത്ത ദിവസങ്ങളില്‍ വരുന്നതാണ്.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.77 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 25 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4929 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 269 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 16,762 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1159 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 2741, കോഴിക്കോട് 2512, തൃശൂര്‍ 1747, കോട്ടയം 1530, മലപ്പുറം 1597, കണ്ണൂര്‍ 1273, പാലക്കാട് 512, തിരുവനന്തപുരം 782, കൊല്ലം 796, ആലപ്പുഴ 793, ഇടുക്കി 656, പത്തനംതിട്ട 630, കാസര്‍ഗോഡ് 602, വയനാട് 591 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കോട്ടയം 25, കണ്ണൂര്‍ 14, വയനാട്, കാസര്‍ഗോഡ് 6 വീതം, എറണാകുളം, തൃശൂര്‍ 3 വീതം, തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പാലക്കാട് 2 വീതം, പത്തനംതിട്ട, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4565 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 651, കൊല്ലം 256, പത്തനംതിട്ട 165, ആലപ്പുഴ 387, കോട്ടയം 316, ഇടുക്കി 70, എറണാകുളം 355, തൃശൂര്‍ 428, പാലക്കാട് 172, മലപ്പുറം 247, കോഴിക്കോട് 564, വയനാട് 86, കണ്ണൂര്‍ 714, കാസര്‍ഗോഡ് 154 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 93,686 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,40,486 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.ഇന്ന് 10 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 2 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 460 ഹോട്ട് സ്പോട്ടുകളാണുള്ളത്.
കോവിഡ് വ്യാപനം;കണ്ണൂരില്‍ സുരക്ഷാ നിയന്ത്രണ പരിശോധനകള്‍ കര്‍ശനമാക്കി
കണ്ണൂർ:കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കണ്ണൂരില്‍ സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കി.നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീ ഇളങ്കോ ആര് IPS ന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ടൌണിലെ മാളുകള്‍, മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ നേരിട്ടുള്ള പരിശോധന നടത്തി. അടുത്ത ദിവസം മുതല്‍ കണ്ണൂര്‍ സിറ്റി പോലീസ് പരിധികളില്‍ കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്നും ജില്ലയിലെ കോവിഡ് വ്യാപനത്തിനെതിരെ ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് വിപുലമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുമെന്നും പോലീസ് പട്രോളിങ്ങ് സംവിധാനങ്ങളും വാഹന പരിശോധനയും നടത്തുമെന്നും കമ്മീഷണര്‍ അറിയിച്ചു.വ്യാപാരസ്ഥാപനങ്ങളില്‍ സാനിറ്റെസര്‍ സാമൂഹിക അകലം എന്നിവ ഉറപ്പുവരുത്തുന്നതിനായി പോലീസിനെ ഒരുക്കിയിട്ടുണ്ട്. പൊതുപരിപാടികള്‍, ആഘോഷങ്ങള്‍, വാഹനങ്ങള്‍, മാളുകള്‍ , ഓഡിറ്റോറിയങ്ങള്‍ തുടങ്ങിയവ പോലീസ്സിന്റെ കര്‍ശന നിരീക്ഷണത്തിലായിരിക്കും.അടച്ചിട്ട മുറികളില്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ പരമാവധി 100 പേര്‍ക്ക് മാത്രമേ ഒത്തുകൂടാന്‍ അനുവാദമുള്ളൂ. മീറ്റിംഗുകള്‍ / പ്രോഗ്രാമുകള്‍, പൊതു പരിപാടികളില്‍ പരമാവധി 200 പേര് മാത്രം പങ്കെടുക്കുക. (വിവാഹങ്ങള്‍, ശവസംസ്കാരങ്ങള്‍, ഉത്സവങ്ങള്‍, കായികം, കല, സാംസ്കാരിക പരിപാടികള്‍ തുടങ്ങിയവ).രണ്ടു മണിക്കൂറില്‍ കൂടുതല്‍ പരിപാടികള്‍ സംഘടിപ്പിക്കരുത്. എല്ലാ പരിപാടികളിലും കഴിയുന്നിടത്തോളം പാര്‍സല്‍ ഭക്ഷണം നല്‍കുക . ഷോപ്പുകള്‍/മാളുകള്‍/കച്ചവട സ്ഥാപനങ്ങള്‍ എന്നിവ എല്ലാ ദിവസവും രാത്രി 9 മണിയോടെ അടയ്ക്കുകയും പരമാവധി ഓണ്‍ലൈന്‍ വിതരണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.തിരക്ക് ഫലപ്രദമായി നിയന്ത്രിക്കുന്നതിനു മീറ്റിംഗുകള്‍ ഓണ്‍ലൈനില്‍ നടത്തണം. സിനിമാശാലകള്‍ / തീയറ്ററുകള്‍, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവിടങ്ങളിലും നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം.ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ടേക്ക്-എവേകളും ഹോം ഡെലിവറിയും പ്രോത്സാഹിപ്പിക്കുക. മതനേതാക്കളും ജില്ലാ അധികാരികളും സമൂഹിക ഒത്തുചേരലുകള്‍ ഒഴിവാക്കാന്‍ പ്രേരിപ്പിക്കുക. പൊതുഗതാഗതത്തിനായി ഉദ്ദേശിച്ചിട്ടുള്ള ബസുകള്‍ നില്ക്കുന്ന യാത്രക്കാരെ അനുവദിക്കരുത്. ബസുകള്‍ ഇരിപ്പിട ശേഷിക്ക് അപ്പുറത്തുള്ള യാത്രക്കാരെ എടുക്കരുത്.സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും പോലീസിന്റെയും കോവിഡ് -19 നെതിരെയുള്ള പ്രതിരോധ/നിയന്ത്രണ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് സിറ്റി പോലീസ് അറിയിച്ചു.
നമ്പി നാരായണനെതിരെ വ്യാജമൊഴി നല്കാന് തന്നെ നിര്‍ബന്ധിച്ചത് രമണ്‍ ശ്രീവാസ്തവ ഉള്‍പ്പടെയുള്ളവര്‍;ഐഎസ്ആര്‍ഒ ചാരക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഫൗസിയ ഹസ്സന്
കൊച്ചി:ഐഎസ്ആര്‍ഒ ചാരക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി കേസിൽ പ്രതിയായിരുന്ന ഫൗസിയ ഹസ്സന്.രമണ്‍ ശ്രീവാസ്തവ ഉള്‍പ്പടെയുള്ളവരാണ് നമ്പി നാരായണനെതിരെ വ്യാജമൊഴി നല്കാന് തന്നെ നിര്‍ബന്ധിച്ചതെന്ന് ഫൗസിയ പറഞ്ഞു.നമ്പി നാരായണനും ശശികുമാറിനുമെതിരെ മൊഴി വേണമെന്നാണ് പറഞ്ഞത്.വിസമ്മതിച്ചപ്പോള്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നും മകളെ തന്റെ മുന്നിലിട്ട് ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഫൗസിയ വെളിപ്പെടുത്തുന്നു.അന്ന് മംഗലാപുരത്ത് പഠിക്കുകയായിരുന്നു തന്റെ മകള്‍.ഗതികെട്ടാണ് ക്യാമറയ്ക്ക് മുന്നില്‍ വ്യാജമൊഴി നല്‍കിയത്. എല്ലാവരും ചേര്‍ന്ന് തന്നെ ചാരവനിതയാക്കി, ഫൗസിയ പറയുന്നു. ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചന അന്വേഷിച്ച ഡി കെ ജയിന് സമിതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച ശേഷം ഇതാദ്യമായാണ് ഫൗസിയ മാധ്യമത്തോട് പ്രതികരിക്കുന്നത്.തനിക്ക് നമ്പി നാരായണന്റെ പേര് പോലും അറിയില്ലായിരുന്നുവെന്നാണ് ഫൗസിയ പറയുന്നത്, തന്റെ കുറ്റസമ്മതമൊഴി വീഡിയോയില്‍ പകര്‍ത്തിയിരുന്നു. ആ സമയത്ത് തനിക്ക് നമ്പി നാരായണന്റെ പേര് പോലും അറിയില്ലായിരുന്നു. അപ്പോള്‍ ക്യാമറയ്ക്ക് പിന്നില്‍ നിന്ന് നമ്പി നാരായണന്റെ പേര് എഴുതിക്കാണിച്ചു. അത് നോക്കിയാണ് താന്‍ ആ പേര് വായിച്ചത്. അപ്പോഴൊക്കെ അത് നിരീക്ഷിച്ചുകൊണ്ട് രമണ്‍ ശ്രീവാസ്തവ അവിടെ ഉണ്ടായിരുന്നു. നമ്പി നാരായണനെ ആദ്യം കാണുന്നത് ചോദ്യം ചെയ്യുന്ന മുറിയില്‍ വച്ചാണെന്നും ഫൗസിയ വെളിപ്പെടുത്തുന്നു.നമ്പി നാരായണന് ലഭിച്ചത് പോലെയുള്ള നഷ്ടപരിഹാരം തനിക്കും വേണമെന്ന് ഫൗസിയ ആവശ്യപ്പെടുന്നു. മര്‍ദ്ദനമേറ്റതിനെത്തുടര്‍ന്നുള്ള കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ തനിക്കുണ്ട്. സിബിഐ ചാരക്കേസിലെ ഗൂഢാലോചന അന്വേഷിക്കുമ്പോൾ ആവശ്യപ്പെട്ടാല്‍ സഹകരിക്കുമെന്നും ഫൗസിയ പറഞ്ഞു.മാലി സ്വദേശിനിയായ ഫൗസിയ ഇപ്പോള്‍ ശ്രീലങ്കയിലെ കൊളംബോയിലാണ് താമസിക്കുന്നത്. കേസില്‍ ഫൗസിയയുടെ വെളിപ്പെടുത്തല്‍ നിര്‍ണായകമാകും.
കൊറോണ വ്യാപനം ; ഐസിഎസ്സി ബോർഡ് പരീക്ഷകൾ മാറ്റിവെച്ചു
ന്യൂഡൽഹി:കൊറോണ വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ഐസിഎസ്ഇ ബോർഡ് പരീക്ഷകൾ മാറ്റിവെച്ചു. പത്താം ക്ലാസ് (ഐസിഎസ്ഇ) പ്ലസ് ടു(ഐഎസ്സി) എന്നീ ക്ലാസുകളിലെ പരീക്ഷകളാണ് മാറ്റിവെച്ചത്. ഐസിഎസ്ഇ പരീക്ഷകളുടെ ചുമതലയുള്ള കൗൺസിൽ ഫോർ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കേറ്റ് എക്സാമിനേഷൻ (സിഐഎസ്സിഇ) ആണ് ഇക്കാര്യം അറിയിച്ചത്.പരീക്ഷ നടത്തുന്ന തീയതി ജൂൺ ആദ്യവാരം പ്രഖ്യാപിക്കുമെന്നും സിഐഎസ്സിഇ വ്യക്തമാക്കി. കൊറോണ വ്യാപനം വിശകലനം ചെയ്ത ശേഷമാകും തീരുമാനമെടുക്കുക. മേയ് നാല് മുതൽ ജൂൺ ഏഴ് വരെയായിരുന്നു ഐസിഎസ്ഇ പരീക്ഷകൾ തീരുമാനിച്ചിരുന്നത്. ഏപ്രിൽ എട്ട് മുതൽ ജൂൺ 18 വരെയായിരുന്നു ഐഎസ്സി പരീക്ഷകൾ.
പ്രശസ്ത തമിഴ് സിനിമാ താരം വിവേക് അന്തരിച്ചു;അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്
ചെന്നൈ: പ്രശസ്ത തമിഴ് സിനിമാ താരം വിവേക്(59) അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 4.35നായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ സിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.വിവേക് വ്യാഴാഴ്ച ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തി കോവിഡ് വാക്സിന് സ്വീകരിച്ചിരുന്നു.എന്നാല്‍ വിവേകിന് ഹൃദയാഘാതമുണ്ടായതും കോവിഡ് വാക്സിനേഷനും തമ്മില്‍ ബന്ധമില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. നൂറ്റിയന്‍പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ച ഇദ്ദേഹം മൂന്ന് തവണ തമിഴ്നാട് സര്‍ക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്കാരം നേടിയിട്ടുണ്ട്. 2009-ല്‍ രാജ്യം പത്മശ്രീ നല്കി ആദരിച്ചു. വിവേകിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് ഇന്നലെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇടത് ആര്‍ട്ടെറിയില്‍ രക്തം കട്ടപിടിച്ചതാണ് ഹൃദയാഘാതമുണ്ടാകാന്‍ കാരണമെന്ന് ഡോക്ടര്‍മാര്‍ പ്രതികരിച്ചു . തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുത്തനെ കുറയുന്ന വെന്‍ട്രിക്കുലര്‍ ഫിബ്രിലേഷന്‍ കൂടി സംഭവിച്ചതോടെ ആരോഗ്യ നില മോശമാവുകയായിരുന്നു.
24 മണിക്കൂറിനിടെ 2,34,692 പേർക്ക് രോഗബാധ; രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു
ന്യൂഡൽഹി:24 മണിക്കൂറിനിടെ രാജ്യത്ത് 2,34,692 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,45,26,609 ആയി. മരണസംഖ്യ 1,75,649 ആയി ഉയര്‍ന്നു.ഇന്നലെ മാത്രം 1,341 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 16,79,740 പേര് ചികിത്സയില്‍ കഴിയുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,354 പേര് രോഗമുക്തരായി. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 1,26,71,220 ആയി.രാജ്യത്ത് ഇതുവരെ 11,99,37,641 പേര്‍ക്ക് കോവിഡ് വാക്സിന് നല്‍കിയതായും കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു.