തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ബാങ്കുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം. ബുധനാഴ്ച മുതൽ ബാങ്കുകളുടെ പ്രവർത്തന സമയം രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണിവരെയാക്കി ചുരുക്കി. ഈ മാസം 30 വരെയാണ് പ്രവർത്തന സമയം ചുരുക്കിയിരിക്കുന്നത്. രോഗവ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ പ്രവൃത്തി സമയം മാറ്റണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് യൂണിയനുകൾ രംഗത്ത് വന്നിരുന്നു. ഇക്കാര്യം ഉന്നയിച്ച് യൂണിയനുകളുടെ സംയുക്ത സമിതി മുഖ്യമന്ത്രിയ്ക്ക് കത്ത് നൽകിയിരുന്നു. ഇതേ തുടർന്നാണ് നടപടി.നിലവിലെ സാഹചര്യം കണക്കിലെടുത്ത് പ്രവൃത്തി ദിവസങ്ങൾ ആഴ്ചയിൽ 5 ദിവസമാക്കണമെന്നും അത്യാവശ്യം ശാഖകൾ മാത്രം തുറക്കാൻ അനുമതി നൽകണമെന്നുമായിരുന്നു കത്തിലെ ആവശ്യം.
സംസ്ഥാനത്ത് രാത്രികാല കർഫ്യൂ നിലവിൽ വന്നു; പോലീസ് പരിശോധന കർശനമാക്കി
തിരുവനന്തപുരം:കൊറോണ വ്യാപനം രൂക്ഷമായതിനെ തുടർന്ന് സംസ്ഥാനത്ത് ഏർപ്പെടുത്തിയ രാത്രികാല കർഫ്യൂ നിലവിൽ വന്നു. രാത്രി ഒൻപത് മണി മുതൽ പുലർച്ചെ 5 മണി വരെയാണ് കർഫ്യൂ.പോലീസ് കർശന പരിശോധന നടത്തുന്നുണ്ട്.ആൾക്കൂട്ടങ്ങളും അനാവശ്യ യാത്രകളും അനുവദിക്കേണ്ടെന്നാണ് തീരുമാനം.പൊതുഗതാഗതത്തെയും ചരക്ക് ഗതാഗതത്തെയും രാത്രികാല കർഫ്യൂവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജനങ്ങൾ പുറത്തിറങ്ങുന്നതും, കൂട്ടം കൂടുന്നതും ഒഴിവാക്കുകയാണ് രാത്രികാല നിയന്ത്രണത്തിന്റെ ലക്ഷ്യമെന്നും ജനങ്ങൾ ഇതിനോട് സഹകരിക്കണമെന്നും പോലീസ് വ്യക്തമാക്കി. എല്ലാ ജില്ലകളിലും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നത്. പട്രോളിംഗും വർദ്ധിപ്പിച്ചിട്ടുണ്ട്. കൊറോണ മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരേ കടുത്ത നടപടി സ്വീകരിക്കാനാണ് നിർദ്ദേശം.
കോഴിക്കോട് റെയിൽവെ പാളത്തിൽ വിള്ളൽ; ഒഴിവായത് വൻ അപകടം
കോഴിക്കോട്:കടലുണ്ടിക്കും മണ്ണൂര്‍ റെയില്‍വെ ഗേറ്റിനും ഇടയില്‍ റെയില്‍ പാളത്തില്‍ വിള്ളല്‍ കണ്ടെത്തി.രാവിലെ ഏഴ് മണിയോടെ നാട്ടുകാരാണ് പാളത്തിലെ വിള്ളല്‍ കണ്ടത്. വിവരമറിയിട്ടതിനെ തുടര്‍ന്ന് പൊലീസും റെയില്‍വേ എഞ്ചിനിയര്‍മാരും സ്ഥലത്തെത്തി പരിശോധന നടത്തി. വന്‍ അപകടമാണ് ഒഴിവായതെന്ന് പൊലീസ് അറിയിച്ചു.സംഭവത്തെ തുടർന്ന് തടസപ്പെട്ട കോഴിക്കോട് വഴിയുള്ള ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. റെയില്‍ പാളത്തിലുണ്ടായ വിള്ളല്‍ പരിഹരിച്ചതിനെ തുടര്‍ന്നാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
കൊറോണ വ്യാപനം;സംസ്ഥാനത്ത് ഇന്നും നാളെയുമായി വീണ്ടും കൂട്ട പരിശോധന
തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്നും നാളെയുമായി വീണ്ടും കൂട്ട പരിശോധന നടത്താൻ തീരുമാനം.രണ്ട് ദിവസങ്ങളിലായി 3 ലക്ഷം പരിശോധനകൾ നടത്താനാണ് ലക്ഷ്യമിടുന്നത്.കഴിഞ്ഞ വെള്ളി ശനി ദിവസങ്ങളിലായി 3 ലക്ഷത്തിൽ അധികം സാമ്പിളുകളാണ് ശേഖരിച്ചത്. പരിശോധനകളുടെ എണ്ണം വർധിപ്പിച്ചതിലൂടെ രോഗവ്യാപന തോത് എത്രത്തോളം ഉണ്ടെന്ന് മനസിലാക്കാൻ സാധിച്ചു. ഇന്നും നാളെയുമായി 3 ലക്ഷം സാമ്പിളുകൾ കൂടി പരിശോധിക്കാൻ ആണ് തീരുമാനം. പൊതു ജനങ്ങളുമായി ഏറ്റവും അടുത്തു ഇട പഴകുന്നവരിൽ നിന്നുമാകും സാമ്പിളുകൾ ശേഖരിക്കുക. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന് നിൽക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ താമസിക്കുന്ന മുഴുവൻ ആളുകളെയും പരിശോധനകൾക്ക് വിധേയരാക്കും. ഇത്തരം പ്രദേശങ്ങളിലുള്ള വീടുകളിലെ എല്ലാവരേയും പരിശോധിക്കാനാണ് തീരുമാനം. ജില്ലാ ശരാശരിയെക്കാൾ ഇരട്ടിയിലധികം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള പഞ്ചായത്തുകളിലാകും പരിശോധന നടത്തുക.അതേസമയം സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിതീവ്രമാകാന്‍ സാധ്യതയുണ്ടെന്നാണു വിലയിരുത്തൽ.ഓരോ ദിവസത്തെയും രോഗബാധിതരുടെ എണ്ണം വര്‍ദ്ധിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിദിന കേസുകള്‍ 40000 മുതല്‍ അരലക്ഷം വരെ ഉയരാന്‍ സാധ്യതയെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ദിവസം ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് വിലയിരുത്തല്‍.ഇന്നലെ റെക്കോർഡ് വർധനവാണ് കേരളത്തിലെ പ്രതിദിന രോഗ ബാധിതരിൽ രേഖപ്പെടുത്തിയത്. 19577 പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. 17.45 ശതമാനം ടി പി ആറും രേഖപ്പെടുത്തി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3 ശതമാനത്തിലേക്ക് എത്തിക്കുന്നത് ലക്ഷ്യം വച്ചുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആണ് സംസ്ഥാനം നേതൃത്വം നൽകുന്നത്.
സംസ്ഥാനത്ത് ഇന്ന് 19,577 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 3880 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19,577 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 3212, കോഴിക്കോട് 2341, മലപ്പുറം 1945, തൃശൂർ 1868, കോട്ടയം 1510, തിരുവനന്തപുരം 1490, കണ്ണൂർ 1360, ആലപ്പുഴ 1347, പാലക്കാട് 1109, കാസർഗോഡ് 861, കൊല്ലം 848, ഇടുക്കി 637, വയനാട് 590, പത്തനംതിട്ട 459 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വെള്ളി, ശനി ദിവസങ്ങളിലായി ആകെ 3,00,971 സാമ്പിളുകൾ ശേഖരിച്ചിരുന്നു.ഇതുള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,221 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.45 ആണ്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 4978 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 397 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 17,839 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1275 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 3083, കോഴിക്കോട് 2279, മലപ്പുറം 1818, തൃശൂര്‍ 1833, കോട്ടയം 1427, തിരുവനന്തപുരം 1203, കണ്ണൂര്‍ 1162, ആലപ്പുഴ 1337, പാലക്കാട് 424, കാസര്‍ഗോഡ് 815, കൊല്ലം 840, ഇടുക്കി 620, വയനാട് 575, പത്തനംതിട്ട 423 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 66 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തൃശൂര്‍, കണ്ണൂര്‍ 14 വീതം, കാസര്‍ഗോഡ് 8, തിരുവനന്തപുരം, വയനാട് 6 വീതം, പാലക്കാട് 5, കോട്ടയം, എറണാകുളം 4 വീതം, കൊല്ലം 3, പത്തനംതിട്ട, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3880 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 379, കൊല്ലം 67, പത്തനംതിട്ട 158, ആലപ്പുഴ 215, കോട്ടയം 330, ഇടുക്കി 97, എറണാകുളം 458, തൃശൂര്‍ 521, പാലക്കാട് 175, മലപ്പുറം 159, കോഴിക്കോട് 715, വയനാട് 133, കണ്ണൂര്‍ 300, കാസര്‍ഗോഡ് 173 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 1,18,673 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം രൂക്ഷം; തിരുവനന്തപുരം ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ മെഗാവാക്സിന്‍ ക്യാമ്പ് നിർത്തി
തിരുവനന്തപുരം:സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം രൂക്ഷം. തിരുവനന്തപുരം ജില്ലയിലെ ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ മാസ് വാക്സിനേഷന്‍ ക്യാമ്പ് നിര്‍ത്തിവച്ചു.ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇവിടെ വാക്സിനേഷന്‍ ഉണ്ടായിരിക്കില്ല. കോഴിക്കോട്ടും പല ക്യാമ്പുകളും പ്രവര്‍ത്തിച്ചില്ല. മറ്റു ജില്ലകളിലും വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം അവതാളത്തിലായിരിക്കുകയാണ്. സംസ്ഥാനത്ത് ഏറ്റവുമധികം വാക്സിനേഷന്‍ നടന്ന ജില്ലകളിലൊന്നായ തിരുവനന്തപുരത്ത് വാക്സിന്‍ ക്ഷാമം വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. 158 ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചിരുന്ന ജില്ലയില്‍ 30 ക്യാമ്പുകളില്‍ മാത്രമാണ് വാക്സിനേഷന്‍ നടക്കുന്നത്. പ്രായമേറിയ ആളുകള്‍ ഉള്‍പ്പെടെ നിരവധി പേരാണ് വാക്സിനേഷന്‍ ക്യാമ്പുകളിലെത്തി മടങ്ങുന്നത്. തെക്കന്‍ കേരളത്തിലെ മറ്റ് ജില്ലകളിലും വാക്സിന്‍ ക്ഷാമം രൂക്ഷമാണ്. കൊല്ലത്ത് ഉണ്ടായിരുന്ന സ്റ്റോക്ക് പൂർണമായും തീർന്നു. ക്യാമ്പുകളുടെ കാര്യത്തിലും അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. പത്തനംതിട്ടയിലെ മിക്ക ക്യാമ്പുകളിലും വാക്സിനേഷന്‍ നിര്‍ത്തിവച്ചു. കൂടുതല്‍ വാക്സിന്‍ എപ്പോഴെത്തും എന്നതിലും വ്യക്തതയില്ല. കോട്ടയത്ത് വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ആരോഗ്യപ്രവര്‍ത്തകരും സര്‍ക്കാര്‍ ജീവനക്കാരും വാക്സിന്‍ സ്വീകരിക്കാനെത്തിയതോടെയാണ് തിരക്ക് വര്‍ധിച്ചത്. കോഴിക്കോട് ആകെ 40000 ഡോസ് വാക്സിനാണ് സ്റ്റോക്ക് ഉള്ളത്. എല്ലാ കേന്ദ്രങ്ങളിലേക്കും നല്‍കാന്‍ ഇത് തികയാത്തതിനാല്‍ പല കേന്ദ്രങ്ങളിലും വാക്സിനേഷന്‍ നിർത്തിവച്ചു. എറണാകുളത്തും വാക്സിന്‍ സ്റ്റോക്കുകള്‍ കുറവാണ്. ജില്ലയിലെ പല പ്രധാന മെഗാ വാക്സിനേഷൻ ക്യാംപുകള്‍ പ്രവര്‍ത്തനം നിർത്തി. തൃശ്ശൂരും വാക്സിന്‍ ക്ഷാമം നില നില്‍ക്കുകയാണ്. 16000ത്തോളം വാക്സിനുകളാണ് ജില്ലയില്‍ ബാക്കിയുള്ളത്. ഇന്ന് വാക്സിനെത്തിയില്ലെങ്കില്‍ നാളെ ക്യാമ്പുകളുടെ പ്രവര്‍ത്തനം അവതാളത്തിലാകും. പാലക്കാട് 20000 കോവാക്സിനാണ് സ്റ്റോക്കുള്ളത്.
തൃശൂർ പൂരം നിയന്ത്രണങ്ങളോടെ നടത്താന്‍ തീരുമാനം
തൃശ്ശൂര്‍: ഇത്തവണത്തെ തൃശൂർ പൂരം നിയന്ത്രണങ്ങളോടെ നടത്താന്‍ തീരുമാനമായി. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പുതിയ തീരുമാനങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്.സ്വരാജ് റൗണ്ട് പൂര്‍ണമായും പോലീസ് നിരീക്ഷണത്തിലായിരിക്കും. തൃശ്ശൂര്‍ റൗണ്ടിലേക്കുളള എല്ലാ റോഡുകളും അടച്ച ശേഷം പാസ് ഉള്ളവരെ മാത്രമേ കടത്തിവിടുകയുള്ളൂ. ആര്‍ടി പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്സീന്‍ സര്‍ട്ടിഫിക്കറ്റോ ഉളളവര്‍ക്കോ മാത്രമാണ് പ്രവേശനത്തിന് അനുമതിയുള്ളത്. സംഘാടകര്‍, മേളക്കാര്‍, ആനക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കുള്ള കൊവിഡ് പരിശോധന ഇന്ന് നടക്കും. സുരക്ഷയ്ക്കായി 2,000 പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്. പൂരവിളംബരത്തിന് 50 പേര്‍ മാത്രമാകും പങ്കെടുക്കുക.വെടിക്കെട്ട് കാണാനും പൊതുജനങ്ങള്‍ക്ക് അനുമതി നല്‍കേണ്ടെന്നാണ് തീരുമാനം. വെടിക്കെട്ട് നടത്താനും ആനകളെ നിരീക്ഷിക്കാനും പ്രത്യേക സംഘത്തെ നിയോഗിക്കാനും തീരുമാനം ആയിട്ടുണ്ട്. വെടിക്കെട്ടിന്‍റെ സജ്ജീകരണങ്ങള്‍ പരിശോധിക്കാനായി പെസോ ഉദ്യോഗസ്ഥര്‍ നാളെ തൃശ്ശൂരെത്തി പരിശോധന നടത്തും.സാമ്പിൾ വെടിക്കെട്ട് പ്രതീകാത്മകമായി ഓരോ അമിട്ട് മാത്രം പൊട്ടിച്ചു കൊണ്ട് അവസാനിപ്പിക്കുമെന്നും കോവിഡ് വ്യാപനം രൂക്ഷമായത് പരിഗണിച്ച് 23-ാം തിയതി തിരുവമ്പാടി ദേവസ്വം ഒരാനപ്പുറത്ത് അവരുടെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.പാറമേക്കാവ് ഇത്തവണ ആഘോഷങ്ങളില്‍ പിറകോട്ട് പോവില്ലെന്നാണ് തീരുമാനമെടുത്തിട്ടുള്ളത്. 15 ആനപ്പുറത്ത് പൂരം എഴുന്നള്ളിപ്പ് ആഘോഷമായിത്തന്നെ നടത്തും. കുടമാറ്റം പ്രതീകാത്മകമായി മാത്രമാണ് നടത്തുക.പൂരത്തിന്റെ ഭാഗമായുള്ള ഘടകപൂരങ്ങളും ഇത്തവണ ഒരാനപ്പുറത്ത് മാത്രമായിട്ടാകും നടത്തുകയെന്ന് രാവിലെ ജില്ലാ കളക്ടറുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായിരുന്നു. ആഘോഷങ്ങളെല്ലാം ഒഴിവാക്കിയാണ് ഇത്തവണ ഘടകപൂരങ്ങളും നടത്തുന്നത്. എട്ട് ഘടകപൂരങ്ങളും ഓരോ ആനകളുമായി മാത്രമാകും പൂരത്തിനെത്തുക. ഓരോ ഘടകപൂരങ്ങള്‍ക്കുമൊപ്പം 50 പേരെ മാത്രമേ അനുവദിക്കൂ. അങ്ങനെ എട്ട് പൂരങ്ങളുടെയും ഭാഗമായി നാനൂറ് പേര്‍ മാത്രമേ പരമാവധി പൂരപ്പറമ്പിലെത്തൂ. ഘടകപൂരങ്ങള്‍ക്കൊപ്പം എത്തുന്നവര്‍ക്ക് കൊവിഡ് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാണ്.
കണ്ണൂർ പഴയങ്ങാടിയിൽ നിയന്ത്രണം വിട്ട ലോറി കെട്ടിടത്തില്‍ ഇടിച്ചു കയറി ഡ്രൈവര്‍ മരിച്ചു
കണ്ണൂർ: പഴയങ്ങാടിയിൽ നിയന്ത്രണം വിട്ട ലോറി കെട്ടിടത്തില്‍ ഇടിച്ചു കയറി ഡ്രൈവര്‍ മരിച്ചു.കെ എസ് ടി പി-എരിപുരം റോഡ് സര്‍ക്കിളിനു സമീപം നാഷനല്‍ പെര്‍മിറ്റ് ലോറി നിയന്ത്രണം വിട്ട് റോഡരികിലെ പഴയ കെട്ടിടത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു.ലോറി ഡ്രൈവര്‍ തിരുപ്പൂര്‍ സ്വദേശി മുത്തു (25) സംഭവസ്ഥലത്തു തന്നെ മരിച്ചു.പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം. മംഗലാപുരത്തുനിന്ന് തിരുച്ചിറപ്പള്ളിയിലേക്ക് കരി കൊണ്ടുപോകുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.ലോറിയില്‍ ഡ്രൈവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.കണ്ണൂരില്‍നിന്നുള്ള അഗ്നിശമന സേന, പഴയങ്ങാടി പൊലീസ്, ഏഴോം പഞ്ചായത്ത് അധികൃതര്‍ എന്നിവര്‍ സ്ഥലത്തെത്തി രാത്രിയില്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ റോഡില്‍ നിന്നു മാറ്റി.
കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 1 കോടി രൂപയുടെ സ്വർണം പിടികൂടി
മട്ടന്നൂർ:കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 1 കോടി രൂപയുടെ സ്വർണം പിടികൂടി. ബാലുശേരി സ്വദേശി മുനീർ, വടകര സ്വദേശി ഫിറോസ്, കാസർഗോഡ് സ്വദേശി അബ്ദുള്ള എന്നിവരിൽ നിന്നുമാണ് കസ്റ്റംസ് സ്വർണം പിടിച്ചെടുത്തത്.2432 ഗ്രാം സ്വർണമാണ് ഇവരുടെ പക്കൽ നിന്നും പിടികൂടിയതെന്ന് കസ്റ്റംസ് അറിയിച്ചു. സ്വർണത്തിന് വിപണിയിൽ ഒരു കോടി 18 ലക്ഷം രൂപ വിലവരും. കസ്റ്റഡിയിലായ മൂന്ന് പേരെയും അധികൃതർ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.കഴിഞ്ഞ ഏതാനും മാസങ്ങളായി വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണ്ണക്കടത്ത് വർധിച്ചു വരികയാണ്.കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരിയിൽ നിന്നും രണ്ട് തവണകളായി കോടികൾ വിലമതിക്കുന്ന സ്വർണ്ണമാണ് പിടികൂടിയത്.
പത്താംക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ വാട്‌സ്‌ആപ് ഗ്രൂപ്പില്‍; ഹെഡ്മാസ്റ്ററെ സസ്‌പെൻഡ് ചെയ്തു
പത്തനംതിട്ട:കഴിഞ്ഞ ദിവസം നടന്ന പത്താംക്ലാസ്സ് കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ പരീക്ഷ തുടങ്ങി അരമണിക്കൂറിനുള്ളില്‍ വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ ഇട്ടതിന് ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍. മുട്ടത്തുകോണം എസ്‌എന്‍ഡിപി എച്ച്‌എസ്‌എസിലെ ഹെഡ്മാസ്റ്റര്‍ എസ്. സന്തോഷിനെയാണ് സസ്‌പെൻഡ് ചെയ്തത്. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ ഹെഡ്മാസ്റ്റര്‍മാരുടെ ഗ്രൂപ്പിലേക്കാണ് ചോദ്യപേപ്പര്‍ പോസ്റ്റുചെയ്തത്. പ്രാഥമികാന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഇദ്ദേഹത്തെ ഇന്നലെ വൈകുന്നേരം പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സര്‍വീസില്‍ നിന്നു സസ്പെന്‍ഡ് ചെയ്തു.ഡിഇഒ അടക്കമുള്ള ഉദ്യോഗസ്ഥരും എസ്‌എസ്‌എല്‍സി പരീക്ഷാ നടത്തിപ്പ് ചുമതലയുള്ള അധ്യാപകരും അടക്കം 126 പേരടങ്ങുന്ന ഗ്രൂപ്പില്‍ ചോദ്യപേപ്പര്‍ ഇന്നലെ രാവിലെ പത്തരയോടെയാണ് എത്തിയത്. പരീക്ഷ ആരംഭിച്ചെങ്കിലും ഇതു പൂര്‍ത്തിയാക്കി നിശ്ചിതസമയം കഴിഞ്ഞ് കുട്ടികള്‍ പുറത്തിറങ്ങുമ്പോൾ മാത്രമേ സാധാരണ നിലയില്‍ ചോദ്യം പുറത്താകുകയുള്ളൂ. എന്നാല്‍ ഔദ്യോഗിക ഗ്രൂപ്പിലൂടെ കുട്ടികള്‍ പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ ചോദ്യപേപ്പര്‍ പുറത്തുവന്നു. ഇത്‌സംബന്ധിച്ച് അപ്പോള്‍ത്തന്നെ അന്വേഷണവും ആരംഭിച്ചു.ഔദ്യോഗിക ചുമതലയുള്ള പ്രഥമാധ്യാപകന്‍ ഇത്തരത്തില്‍ ചോദ്യപേപ്പര്‍ പുറത്തേക്കു നല്‍കുന്നത് എസ്‌എസ്‌എല്‍സി പരീക്ഷയുടെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്ന വിഷയമാണെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍. ഡിഡിഇയില്‍ നിന്ന് ഇതു സംബന്ധിച്ച വിശദീകരണം പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി തേടിയിരുന്നു. തുടര്‍ന്നാണ് ഹെഡ്മാസറ്ററെ സസ്പെന്‍ഡ് ചെയ്തത്. തുടര്‍ അന്വേഷണം വിദ്യാഭ്യാസ വകുപ്പ് നേരിട്ടു നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.