18 വയസിനുമുകളിലുളളവര്‍ക്ക് വാക്‌സിനേഷൻ; ശനിയാഴ്ച മുതല്‍ രജിസ്റ്റർ ചെയ്യാം

keralanews vaccination for those above 18 years registration starts from saturday

ന്യൂഡൽഹി:18 വയസിനു മുകളിലുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്‍ കുത്തിവെയ്പ് എടുക്കാനുള്ള ഓണ്‍ലൈന്‍ രജിസ്ട്രഷന്‍ ശനിയാഴ്ച മുതല്‍ തുടങ്ങുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.കോവിന്‍ ആപ്പ് മുഖേനയാണ് രജിസ്‌ട്രേഷന്‍ നടത്തേണ്ടത്.മുന്‍ഗണനാ വിഭാഗങ്ങള്‍ രജിസ്റ്റര്‍ ചെയ്ത അതേ പ്രക്രിയയാണ് ഈ പ്രായത്തിലുള്ളവരും പാലിക്കേണ്ടതെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കോവാക്‌സിന്‍, കോവിഷീല്‍ഡ് എന്നിവയ്ക്കുപുറമെ റഷ്യന്‍ വാക്‌സിനായ സ്പുട്‌നിക്ക് വിയും ചില വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലുണ്ടാവും.വാക്‌സിനേഷന് സ്വകാര്യകേന്ദ്രങ്ങളേര്‍പ്പെടുത്തും. തീയതിയും സമയവും ബുക്ക് ചെയ്യാന്‍ കോവിന്‍ പ്‌ളാറ്റ്‌ഫോമില്‍ വാക്‌സിന്‍ ടൈംടേബിള്‍ പ്രസിദ്ധീകരിക്കാന്‍ സ്വകാര്യ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മെയ് ഒന്നു മുതല്‍ 18 വയസിന് മുകളിലുള്ള എല്ലാ പൗരന്മാര്‍ക്കും വാക്സിനേഷന്‍ ആരംഭിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. നിലവില്‍ 45 വയസിനു മുകളില്‍ മാത്രം പ്രായമുള്ളവര്‍ക്കാണ് കോവിഡ് വാക്സിനേഷന്‍ പരിമിതപ്പെടുത്തിയിരിക്കുന്നത്.

വാക്സിന്‍ സ്വീകരിക്കാന്‍ ചെയ്യേണ്ടത്:

1. CoWIN – cowin.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ കയറി നിങ്ങളുടെ പത്തക്ക മൊബൈല്‍ നമ്പറോ ആധാര്‍ നമ്പറോ നൽകി രജിസ്റ്റര്‍ ചെയ്യുക.

2. മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒടിപി നല്‍കുക.

3. രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് സൗകര്യമുള്ള ദിവസവും സമയവും നിശ്ചയിക്കാം.

4. നിങ്ങള്‍ നല്‍കിയ ദിവസം കോവിഡ് വാക്സിന്‍ സ്വീകരിക്കാവുന്നതാണ്.

ഇതിന് ശേഷം നിങ്ങള്‍ക്ക് ഒരു റഫറന്‍സ് ഐഡി ലഭിക്കും. ഇതുവഴി നിങ്ങളുടെ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നേടാം.

കോവിഡ് പ്രതിസന്ധി;സർവീസ് നിർത്താൻ ഒരുങ്ങി സ്വകാര്യ ബസ്സുകൾ

keralanews covid crisis private buses to stop service

കണ്ണൂർ: കോവിഡ് പ്രതിസന്ധിയിൽ വീണ്ടും ദുരിതത്തിലായി സ്വകാര്യ ബസ് ജീവനക്കാർ. കോവിഡ് വ്യാപനം മൂലം യാത്രക്കാരുടെ കുറവും നിലവിലെ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ പാലിക്കുന്നില്ലെന്ന കാരണത്താൽ വൻ തുക പിഴ അടയ്‌ക്കേണ്ടി വരുന്നതുമാണ് സർവീസ് നിർത്തിവെയ്ക്കാൻ കാരണമാകുന്നതെന്ന് ബസ് തൊഴിലാളി സംഘടനയായ ഓൾ കേരള പ്രൈവറ്റ് ബസ് മെംബേർസ് സംഘടനാ പ്രസിഡണ്ട് സി പി മണിലാൽ പറഞ്ഞു.ലോക്ക് ഡൗണിനു ശേഷം 9000 ബസ്സുകളാണ് ഇപ്പോൾ സർവീസ് നടത്തുന്നത്.സർവീസ് നിലയ്ക്കാതിരിക്കാൻ ജീവനക്കാർ ശമ്പളം കുറച്ചാണ് ഇപ്പോൾ ജോലി ചെയ്യുന്നത്.ലോക്ക് ഡൗണിനു ശേഷം താൽക്കാലികമായി വർധിപ്പിച്ച മിനിമം ചാർജ് 12 രൂപയിലേക്ക് മാറ്റണമെന്നാണ് ജീവനക്കാരുടെ പ്രധാന ആവശ്യം.നിയന്ത്രണം നിലനിൽക്കുന്നിടത്തോളം റോഡ് ടാക്സ് പൂർണ്ണമായും ഒഴിവാക്കുക, ഡീസൽ സബ്‌സിഡി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എ കെ പി ബി എം ചീഫ് സെക്രെട്ടറിക്ക് നിവേദനം നൽകി.

സംസ്ഥാനത്ത് 20,000 കടന്ന് കോവിഡ് കേസുകൾ;ഇന്നലെ രോഗം സ്ഥിരീകരിച്ചത് 22,414 പേര്‍ക്ക്;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.41 ശതമാനം

keralanews 22414 covid cases confirmed in the state yesterday

തിരുവനന്തപുരം:സംസ്ഥാനത്ത് 20000 കടന്ന് കോവിഡ് കേസുകൾ.ഇന്നലെ 22,414 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.41 ആണ്. എറണാകുളം 3980, കോഴിക്കോട് 2645, തൃശൂര്‍ 2293, കോട്ടയം 2140, തിരുവനന്തപുരം 1881, മലപ്പുറം 1874, കണ്ണൂര്‍ 1554, ആലപ്പുഴ 1172, പാലക്കാട് 1120, കൊല്ലം 943, പത്തനംതിട്ട 821, ഇടുക്കി 768, കാസര്‍ഗോഡ് 685, വയനാട് 538 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്.രോഗം സ്ഥിരീകരിച്ചവരില്‍ 206 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,771 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1332 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.എറണാകുളം 3958, കോഴിക്കോട് 2590, തൃശൂര്‍ 2262, കോട്ടയം 1978, തിരുവനന്തപുരം 1524, മലപ്പുറം 1804, കണ്ണൂര്‍ 1363, ആലപ്പുഴ 1155, പാലക്കാട് 505, കൊല്ലം 933, പത്തനംതിട്ട 783, ഇടുക്കി 736, കാസര്‍ഗോഡ് 651, വയനാട് 529 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,763 സാമ്പിളുകളാണ് പരിശോധിച്ചത്.105 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കോട്ടയം 36, കണ്ണൂർ 21, തിരുവനന്തപുരം 10, കാസർഗോഡ് 9, തൃശൂർ 8, പാലക്കാട് 6, കൊല്ലം 3, പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് 2 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5431 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 552, കൊല്ലം 450, പത്തനംതിട്ട 449, ആലപ്പുഴ 487, കോട്ടയം 379, ഇടുക്കി 142, എറണാകുളം 700, തൃശൂർ 452, പാലക്കാട് 208, മലപ്പുറം 165, കോഴിക്കോട് 788, വയനാട് 89, കണ്ണൂർ 439, കാസർഗോഡ് 131 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകനും മാധ്യമപ്രവര്‍ത്തകനുമായ ആശിഷ് യെച്ചൂരി കോവിഡ് ബാധിച്ച്‌ മരിച്ചു

keralanews ashish yechury son of cpm general secretary sitaram yechury dies of covid infection

ന്യൂഡൽഹി:സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകനും മാധ്യമപ്രവര്‍ത്തകനുമായ ആശിഷ് യെച്ചൂരി(35) കോവിഡ് ബാധിച്ച്‌ മരിച്ചു. ഇന്ന് പുലര്‍ച്ചെ അ‍ഞ്ചരയോടെയായിരുന്നു മരണം. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.രണ്ടാഴ്ച മുൻപാണ് ആശിഷിന് രോഗം സ്ഥിരീകരിച്ചത്. ടൈംസ് ഓഫ് ഇന്ത്യ, ന്യൂസ് 18 എന്നീ മാധ്യമ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.സീതാറാം യെച്ചൂരി ട്വിറ്ററിലൂടെയാണ് ഈ വിവരം അറിയിച്ചത്. ആശിഷിനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. നിലവില്‍ യെച്ചൂരി ക്വാറന്റൈനിലാണ്.ആശിഷിന്റെ മരണത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി.

സംസ്ഥാനത്ത് കൊറോണ വാക്‌സിനേഷൻ ഇന്ന് മുതൽ മുൻകൂട്ടി ഓണ്‍ലൈന്‍ രജിസ്റ്റർ ചെയ്തവർക്ക് മാത്രം

keralanews corona vaccination for those who have registered online in advance from today in the state

തിരുവനന്തപുരം:സംസ്ഥാനത്ത് കൊറോണ വാക്‌സിനേഷൻ ഇന്ന് മുതൽ മുൻകൂട്ടി ഓണ്‍ലൈന്‍ രജിസ്റ്റർ ചെയ്തവർക്ക് മാത്രം.വാക്സിനേഷൻ സെന്ററുകളിൽ കൊറോണ പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ പുതിയ മാർഗനിർദേശത്തിൽ പറയുന്നു.സ്പോട്ട് രജിസ്‌ട്രേഷന്‍ താത്കാലികമായി നിർത്തി വെച്ചിട്ടുണ്ട്.  വിതരണ കേന്ദ്രത്തിലേക്ക് വാക്‌സിന്‍ എത്തിക്കുന്നതിലെ പാളിച്ചയും കൃത്യമായ ക്രമീകരണങ്ങൾ ആരോഗ്യ വകുപ്പ് ഏർപ്പെടുത്താത്തതും വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതേ തുടർന്നാണ് ആരോഗ്യവകുപ്പ് വാക്സിനേഷൻ സംബന്ധിച്ച് പുതിയ മാർഗനിർദേശം പുറത്തിറക്കിയത്.വാക്‌സിന്‍ ലഭ്യത സംബന്ധിച്ച് പൊതുജനങ്ങളെ അറിയിക്കണമെന്നും മാർഗ നിർദേശത്തിൽ പറയുന്നു.45 വയസിന് മുകളിലുള്ളവർക്ക് വാക്‌സിന്‍ സമയബന്ധിതമായി നല്‍കണമെന്നും ആരോഗ്യ വകുപ്പ് നിർദേശം നൽകി.

കൊറോണ വ്യാപനം;സംസ്ഥാനത്ത് ക്വാറന്റൈൻ, ഐസൊലേഷൻ മാർഗനിർദ്ദേശങ്ങൾ പുതുക്കി

keralanews corona spread quarantine isolation guidelines rivised in the state

തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ക്വാറന്റൈൻ, ഐസൊലേഷൻ മാർഗനിർദ്ദേശങ്ങൾ പുതുക്കി ആരോഗ്യ വകുപ്പ് .കൊറോണ സ്ഥിരീകരിച്ചവർ ഡിസ്ചാർജ് ചെയ്തതിന് ശേഷം 7 ദിവസം വരെ അനാവശ്യ യാത്രകളും സാമൂഹിക ഇടപെടലുകളും ഒഴിവാക്കണം.രോഗ ലക്ഷണങ്ങൾ എന്തെങ്കിലും കണ്ടാൽ ദിശ 1056 ലോ തൊട്ടടുത്തുള്ള ആരോഗ്യ പ്രവർത്തകരെയോ ബന്ധപ്പെടണം.ലക്ഷണങ്ങൾ ഒന്നുമില്ലെങ്കിൽ എട്ടാം ദിവസം ആർ.ടി.പി.സി.ആർ പരിശോധന നടത്താം. ഫലം നെഗറ്റീവ് ആണെങ്കിലും തുടർന്ന് 7 ദിവസം കൂടി ക്വാറന്റൈൻ തുടരേണ്ടതാണ്. പ്രാഥമിക സമ്പർക്കം വഴി രോഗസാധ്യത കൂടുതലുള്ളവർ വീട്ടിലോ സ്ഥാപനത്തിലോ 14 ദിവസം റൂം ക്വാറന്റൈൻ പാലിക്കണം.ബിസിനസ് ആവശ്യങ്ങൾക്കായി കേരളത്തിൽ എത്തുന്നവർ ഉൾപ്പെടെയുള്ള അന്തർ സംസ്ഥാന യാത്രക്കാർ നിർബന്ധമായും ഇ ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. 48 മണിക്കൂറിനുള്ളിലുള്ള ആർ.ടി.പി.സി.ആർ നെഗറ്റീവ് പരിശോധനാഫലം ഹാജരാക്കണം. ആർ.ടി.പി.സി.ആർ പരിശോധന നടത്തിയിട്ടില്ലാത്തവർ കേരളത്തിൽ എത്തിയാലുടൻ പരിശോധന നടത്തുകയും ഫലം ലഭിക്കുന്നതുവരെ റൂം ക്വാറന്റൈനിൽ തുടരുകയും ചെയ്യണം.ആർ.ടി.പി.സി.ആർ പരിശോധന നടത്തുന്നില്ലെങ്കിൽ 14 ദിവസം റൂം ക്വാറന്റൈനിൽ കഴിയണം. ലക്ഷണങ്ങൾ എന്തെങ്കിലും കണ്ടാൽ ദിശ 1056 ലോ തൊട്ടടുത്തുള്ള ആരോഗ്യ പ്രവർത്തകരെയോ ബന്ധപ്പെടുകയും ആർ.ടി.പി.സി.ആർ. പരിശോധന നടത്തുകയും വേണമെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു.

കോവിഡ് വാക്സിന്‍ വിതരണത്തിൽ പുതിയ നിര്‍ദ്ദേശവുമായി കേന്ദ്രസര്‍ക്കാര്‍;സ്വകാര്യ ആശുപത്രികള്‍ക്ക് വാക്സിന്‍ ഇനി കേന്ദ്രം നേരിട്ട് നല്‍കില്ല

keralanews central govt with new directive in the distribution of covid vaccine center will not give vaccine directly to private hospitals

ന്യൂഡല്‍ഹി: സ്വകാര്യ ആശുപത്രികള്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കി വന്നിരുന്ന നടപടിയില്‍ പുതിയ നിർദേശവുമായി കേന്ദ്രസര്‍ക്കാര്‍. സ്വകാര്യ ആശുപത്രികള്‍ക്ക് കൊവിഡ് വാക്സിന്‍ ഇനി കേന്ദ്രം നേരിട്ട് നല്‍കില്ല. മെയ് ഒന്നുമുതല്‍ സ്വകാര്യ ആശുപത്രികള്‍ക്ക് കമ്പനികളിൽ നിന്ന് നേരിട്ട് വാക്സിന്‍ വാങ്ങാം.ഇതുവരെ സര്‍ക്കാര്‍ നല്‍കുന്ന വാക്സിന് 250 രൂപയാണ് സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നത്.കൊറോണ വാക്സിനായ കൊവിഷീല്‍ഡ് സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും നൽകുമ്പോൾ ഈടാക്കുന്ന വില സിറം ഇന്‍സ്റ്റിറ്റൂട്ട് പ്രഖ്യാപിച്ചു. സംസ്ഥാനങ്ങള്‍ക്ക് 400 രൂപയ്ക്കും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയ്ക്കുമാണ് ഒരു ഡോസ് വില്‍ക്കുക. കേന്ദ്രസര്‍ക്കാരിന് 150 രൂപയ്ക്കാണ് നല്‍കുന്നത്. മെയ് ഒന്ന് മുതല്‍ പുതിയ വാക്സിനേഷന്‍ ആരംഭിക്കാനിരിക്കെയാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വില പ്രഖ്യാപിച്ചത്.വിദേശ വാക്സിനുകളുടെ ഒരു ഡോസിന് 750 രൂപ മുതല്‍ 1500 വരെ വരുന്നു എന്നാണ് സിറം പറയുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പുതിയ വാക്സിന്‍ നയം അനുസരിച്ച്‌ കേന്ദ്രത്തിന് 50 ശതമാനം വാക്സിന്‍ അനുവദിക്കും. ബാക്കി 50 ശതമാനമാണ് സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും നല്‍കുക.അതേസമയം കേന്ദ്രസര്‍ക്കാരിന്റെ പുതിയ വാക്സിന്‍ നയത്തിനെതിരെ പ്രതിഷേധം ശക്തമായി.പിഎം കെയര്‍ ഫണ്ട് ഉപയോഗിച്ചു സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വാക്സിന്‍ ലഭ്യമാക്കണമെന്നും ഉയര്‍ന്ന തുക നല്‍കി സംസ്ഥാനങ്ങള്‍ വാക്സിന്‍ വാങ്ങുന്നത് അംഗീകരിക്കാന്‍ ആകില്ലെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.രാഹുല്‍ ഗന്ധി,പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളും ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തി.വാക്സിന്‍ നയം വാക്സിന്‍ വിവേചനമെന്നാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.

നാസിക്കിലെ സാക്കിർ ഹുസൈൻ ആശുപത്രിയിൽ ഓക്‌സിജൻ ചോർച്ച; 22 രോഗികൾ മരിച്ചു

keralanews 22 patients died when oxygen leaked in sakir hussian hospital nasik

മുംബൈ: മഹാരാഷ്ട്രയിൽ ടാങ്കറിൽ നിന്നും ഓക്‌സിജൻ ചോർന്ന് 22 രോഗികൾ മരിച്ചു. നാസിക്കിലെ ഡോ. സക്കിർ ഹുസൈൻ ആശുപത്രിയിൽ ഉച്ചയോടെയാണ് സംഭവം. ഓക്‌സിജനുമായി എത്തിയ സ്വകാര്യ കമ്പനിയുടെ ടാങ്കറാണ് ചോർന്നത്. ഏകദേശം അര മണിക്കൂറോളം വാതക ചോർച്ച തുടർന്നു. വെന്റിലേറ്ററിൽ ചികിത്സയിലിരുന്ന രോഗികളാണ് മരിച്ചത്.വെന്റിലേറ്ററുകളുടെ പ്രവർത്തനം നിലച്ചതാണ് മരണകാരണമെന്ന് നാസിക് മുനിസിപ്പൽ കമ്മീഷണർ പറഞ്ഞു. 171 രോഗികളാണ് സംഭവ സമയത്ത് ആശുപത്രിയിൽ ഉണ്ടായിരുന്നത്. വാതക ചോർച്ച നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. സംഭവത്തിൽ മഹാരാഷ്ട്ര സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. ടാങ്കറിൽ നിന്നും വാതകം ചോർന്നത് എങ്ങിനെയെന്ന് പരിശോധിക്കുമെന്ന് കമ്പനി അധികൃതരും അറിയിച്ചു ആശുപത്രിയിൽ രോഗികളെ മാറ്റി പാർപ്പിക്കുന്നതടക്കമുള്ള രക്ഷാ പ്രവർത്തനങ്ങൾ തുടരുകയാണ്.സംഭവത്തിൽ മഹാരാഷ്ട്ര സർക്കാർ വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് മന്ത്രി രാജേന്ദ്ര ഷിങ്നെ പറഞ്ഞു. ഓക്സിജൻ ക്ഷാമം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്ത സംസ്ഥാനമാണ് മഹാരാഷ്ട്ര. സംസ്ഥാനത്തിന് കൂടുതൽ ഓക്സിജൻ എത്തിക്കണമെന്ന് മഹാരാഷ്ട്ര സർക്കാർ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

24, 25 തീയതികളിൽ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണം; അവശ്യ സര്‍വ്വീസുകള്‍ക്ക് മാത്രം അനുമതി

keralanews strict control in the state on the 24th and 25th permission for essential services only

തിരുവനന്തപുരം:വാരാന്ത്യത്തില്‍ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. കൊവിഡ് വ്യാപനത്തെ സംബന്ധിച്ച്‌ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. 24, 25 തീയതികളിലാണ് നിയന്ത്രണം. ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാൻ വകുപ്പ് മേധാവികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.അവശ്യ സര്‍വ്വീസുകള്‍ മാത്രമെ അനുവദിക്കൂ. ജനങ്ങള്‍ക്ക് പ്രയാസമില്ലാതെ വാക്‌സിന്‍ വിതരണം നടത്തണമെന്നും ഉന്നതതലയോഗത്തില്‍ തീരുമാനമായി.ഓണ്‍ലൈനായാണ് യോഗം ചേര്‍ന്നത്. വര്‍ക്ക് ഫ്രം ഹോമിന് സ്വകാര്യ സ്ഥാപനങ്ങള്‍ പ്രാധാന്യം നല്‍കണമെന്നും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഒരു ദിവസം 50% പേര്‍ മാത്രം ഹാജരായാല്‍ മതിയെന്നും യോഗത്തില്‍ തീരുമാനമായി.വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമേ നടത്താവു. ബീച്ച്‌, പാര്‍ക്ക് എന്നിവിടങ്ങളില്‍ നിയന്ത്രണം കടുപ്പിക്കാനും തീരുമാനമായി. പ്രതിരോധ പ്രവർത്തനങ്ങൾക്കായി സ്വകാര്യ ആശുപത്രി ഉടമകളുടെയും രാഷ്ട്രീയ പാർട്ടി നേതാക്കളുടെയും യോഗം വിളിക്കും. വരുന്ന രണ്ടാഴ്ചയും ശനി, ഞായർ ദിവസങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും യോഗത്തിൽ ധാരണയായി.

രോഗവ്യാപനം രൂക്ഷം;പ്രത്യേക യോഗം വിളിച്ച് മുഖ്യമന്ത്രി

keralanews covid spread is severe chief minister calls special meeting

തിരുവനന്തപുരം : കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തുന്നതിനായി പ്രത്യേക യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബുധനാഴ്ച രാവിലെ 11 മണിക്കാണ് യോഗം. വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. സംസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക് രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന നിലയിലാണ്. ഈ സാഹചര്യത്തിലാണ് യോഗം വിളിച്ചത്. കഴിഞ്ഞ ദിവസം 19,577 പേർക്കാണ് സംസ്ഥാനത്ത് പുതുതായി കൊറോണ സ്ഥിരീകരിച്ചത്.മിക്ക ജില്ലകളിലും ആയിരത്തിലധികമാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം. സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്.രോഗവ്യാപന തോത് കുറയ്ക്കുന്നതിനായി സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്. അതിർത്തികളിൽ കേരളവും പരിശോധന ആരംഭിച്ചു. രാത്രികാല നിരോധനാജ്ഞയുൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.