കണ്ണൂര്‍: മന്‍സൂര്‍ വധക്കേസിലെ പ്രതിയുടെ വീടിന് തീയിട്ടു. കേസിലെ പത്താംപ്രതി പി.പി.ജാബിറിന്റെ വീടിനാണ് തീയിട്ടത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. വീടിന്റെ ഒരു ഭാഗം കത്തി നശിച്ചു.സിപിഎം വള്ളുവകണ്ടി ബ്രാഞ്ച് സെക്രട്ടറിയും ലോക്കല്‍ കമ്മിറ്റി അംഗവുമാണ് പി.പി.ജാബിര്‍. വീടിന്റെ പുറക് വശത്താണ് തീയിട്ടത്. പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന നാനോ കാറും സ്‌കൂട്ടറും കത്തി നശിച്ചിട്ടുണ്ട്.വീടിന് പിന്നിലെ ഷെഡ്ഡിൽ തീ പടരുന്നത് കണ്ട് വീട്ടുകാർ ഇവിടെ നിന്ന് ഇറങ്ങിയോടി. തുടർന്ന് ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു.പോലീസും ഫയര്‍ഫോഴ്‌സും എത്തിയാണ് തീയണച്ചത്. രാഷ്ട്രീയ വൈരാഗ്യമാണ് ഇതിനു പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം കേസിൽ ഒരാൾ കൂടി പിടിയിലായി.സിപിഎം പ്രവർത്തകനായ കടവത്തൂർ സ്വദേശി പ്രശോഭാണ് പിടിയിലായത്. ഇയാളാണ് ബോംബ് നിർമ്മിച്ച് നൽകിയതെന്ന് പോലീസ് പറഞ്ഞു.പ്രശോഭിന്‍റെ വീട്ടിൽ നിന്നും ആയുധങ്ങൾ കണ്ടെടുത്തു. വോട്ടെടുപ്പ് ദിനത്തിലെ ആക്രമണത്തിൽ ബോംബേറിലാണ് മൻസൂർ കൊല്ലപ്പെട്ടത്.വാഹനങ്ങൾ അഗ്നിക്ക് ഇരയാക്കിയത് ലീഗ് പ്രവർത്തകരാണെന്ന് സിപിഎം ആരോപിക്കുന്നു. ആക്രമണത്തിന് പിന്നിൽ ലീഗ് പ്രവർത്തകരാണെന്നും വീട്ടിലുള്ളവരെ കൊലപ്പെടുത്താന്‍ ലക്ഷ്യം വച്ചാണ് തീയിട്ടതെന്നും എം വി ജയരാജൻ പറഞ്ഞു.കേസിൽ പ്രതിയായ ജാബിർ ഇപ്പോഴും ഒളിവിലാണ്. സിപിഎമ്മിന്‍റെ പെരിങ്ങളം ലോക്കൽ കമ്മിറ്റി അംഗമാണ് ജാബിർ.ജാബിറിനെ ഇപ്പോഴും പിടികൂടാത്തതിൽ സ്ഥലത്ത് ലീഗ് പ്രതിഷേധം നടത്തിയിരുന്നു. ഇതിനിടെയാണ് അർദ്ധരാത്രി അക്രമണമുണ്ടാകുന്നത്.
സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനോടും ഭാരത് ബയോടെകിനോടും കോവിഡ് വാക്‌സിന്റെ വില കുറയ്ക്കണമെന്ന ആവശ്യവുമായി കേന്ദ്രം
ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങള്‍ക്ക് നല്‍കുന്ന വിലയെക്കാള്‍ കൂടിയ നിരക്കില്‍ ഇന്ത്യയില്‍ വില്‍പന നടത്താനുള്ള വാക്സിന്‍ കമ്പനികളുടെ തീരുമാനത്തിനെതിരെ കടുത്ത വിമര്‍ശനമുയര്‍ന്ന സാഹചര്യത്തില്‍ ഇടപെട്ട് കേന്ദ്രം.വാക്സിന് വില കുറക്കാന്‍ ഉല്‍പാദകരായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക് എന്നിവയ്ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി.കേന്ദ്രം നിര്‍ദേശം നല്‍കിയ സാഹചര്യത്തില്‍ ഇരു കമ്പനികളും പുതിയ വില ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന.സെറം ഇന്‍സ്റ്റിറ്റ്യുട്ട് ഉല്‍പാദിപ്പിക്കുന്ന കോവിഷീല്‍ഡിന് സംസ്ഥാന സര്‍ക്കാറുകള്‍ക്ക് 400 രൂപയും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയുമാണ് ഒരു വാക്സിന് വിലയിട്ടിരുന്നത്. ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് വാക്സിനായ കൊവാക്സിന് യഥാക്രമം 600ഉം 1,200ഉം ആണ് വില. ഇരു കമ്പനികളും കേന്ദ്ര സര്‍ക്കാറിന് 150 രൂപക്കാണ് വാക്സിന്‍ നല്‍കുക.ലോകത്തെ ഏറ്റവും വലിയ വാക്സിന്‍ നിര്‍മാതാക്കളാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്.കേന്ദ്ര സര്‍ക്കാര്‍ പുതുക്കിയ വാക്സിന്‍ നിയമപ്രകാരം മേയ് ഒന്നിനു ശേഷം മരുന്നുകമ്പനികള്‍ പകുതി വാക്സിനുകള്‍ കേന്ദ്ര സര്‍ക്കാറിന് നല്‍കണം. അവശേഷിച്ച 50 ശതമാനം സംസ്ഥാന സര്‍ക്കാറുകള്‍ക്കോ സ്വകാര്യ വിപണിയിലോ വില്‍ക്കാം.ഇതോടെ വില കുത്തനെ കൂട്ടി വില്‍ക്കാന്‍ കളമൊരുക്കിയാണ് പുതിയ വാക്സിന്‍ നയം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചതെന്ന് ആക്ഷേപമുയർന്നു.കേന്ദ്രത്തിന് നല്‍കുന്ന വിലക്ക് എന്തുകൊണ്ട് സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നല്‍കുന്നില്ലെന്ന ചോദ്യവും ഉയർന്നു.മരുന്ന് വില്‍പനവഴി കൊള്ളലാഭം ഉണ്ടാക്കാനുള്ള സമയമല്ലിതെന്നും കേന്ദ്രത്തിന് നല്‍കുന്ന 150 രൂപക്ക് സംസ്ഥാനങ്ങള്‍ക്കും നല്‍കണമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അഭിപ്രായപ്പെട്ടു. കടുത്ത വിവേചനപരമായ തീരുമാനം വഴി വാക്സിന്‍ നിര്‍മാതാക്കള്‍ക്ക് 1.11 ലക്ഷം കോടി കൊള്ളലാഭമുണ്ടാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ അവസരമൊരുക്കിയതെന്ന് കോൺഗ്രസ്സും കുറ്റപ്പെടുത്തി.ആദ്യം നല്‍കിയ വില പിന്നീട് പുതുക്കിയ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് രണ്ടു വിലയെയും ന്യായീകരിച്ചിരുന്നു. ആദ്യം സര്‍ക്കാര്‍ സഹായത്തോടെ ആയതിനാലാണ് ആ വിലക്ക് നല്‍കിയതെന്നും കൂടുതല്‍ ഉല്‍പാദനത്തിന് കൂടുതല്‍ നിഷേപം ആവശ്യമായതിനാലാണ് വില കൂട്ടിയതെന്നുമായിരുന്നു വിശദീകരണം.
കോവിഡ് വ്യാപനം;കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സ്ഥിതി ഗുരുതരം
കണ്ണൂർ: കോവിഡ് വ്യാപനം രൂക്ഷമായ കണ്ണൂർ സെൻട്രൽ ജയിലിൽ സ്ഥിതി ഗുരുതരമാകുന്നു. കഴിഞ്ഞ ദിവസം 19 പേർക്കാണ് ഇവിടെ രോഗബാധ സ്ഥിരീകരിച്ചത്.ഇതോടെ മൂന്ന് ദിവസത്തിനുള്ളില്‍ തടവുകാര്‍ക്കും ജയില്‍ ജീവനക്കാര്‍ക്കുമായി 174 പേര്‍ക്കാണ് രോഗം പോസിറ്റിവായത്. പരോള്‍ കഴിഞ്ഞ് ജയിലിലെത്തിയ രണ്ടുപേര്‍ക്കാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ജയിലിനുള്ളില്‍ നടത്തിയ ആര്‍.ടി.പി.സി.ആര്‍ പരിശോധനയിലാണ് കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 200 പേരുടെ പരിശോധന ഫലം ഇന്ന് വരും.നിലവില്‍ രോഗം ബാധിച്ചവരെ പ്രത്യേക ബ്ലോക്കില്‍ ഡോര്‍മിറ്ററി സംവിധാനം ഒരുക്കിയാണ് പാര്‍പ്പിച്ചിരിക്കുന്നത്. നിരീക്ഷണത്തിലുള്ളവര്‍ക്കും ഇതേ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ഇനിയും പോസിറ്റിവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ജയിലിലെ സൗകര്യം തികയാതെ വരുമോയെന്ന ആശങ്കയിലാണ് അധികൃതര്‍.രണ്ട് ഡോക്ടര്‍മാരുടെ മുഴുവന്‍ സമയ സേവനം ജയിലിലുണ്ട്. രോഗികളുടെ എണ്ണം കൂടുകയാണെങ്കില്‍ കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം ആവശ്യപ്പെടേണ്ടിവരും.കേന്ദ്രത്തിലുള്ള മറ്റുരോഗികളുടെയും തടവുകാരുടെയും സുരക്ഷയെ ബാധിക്കുന്ന കാര്യമായതുകൊണ്ടുതന്നെ രോഗബാധിതരായ തടവുകാരെ കോവിഡ് ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റുകയെന്നത് പ്രായോഗിക കാര്യമല്ല. അതിനാലാണ് ജയിലിനുള്ളില്‍തന്നെ ചികിത്സ സൗകര്യമൊരുക്കി രോഗികളെ പാര്‍പ്പിക്കുന്നത്. തടവുകാര്‍ക്കിടയില്‍ രോഗം കൂടുന്ന സാഹചര്യത്തില്‍ ജയിലിനുള്ളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജയില്‍ ഡി.ജി.പി തിങ്കളാഴ്ച ഉത്തരവിറക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്ന് 21890 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.71 ശതമാനം
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 21,890 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3251, എറണാകുളം 2515, മലപ്പുറം 2455, തൃശൂർ 2416, തിരുവനന്തപുരം 2272, കണ്ണൂർ 1618, പാലക്കാട് 1342, കോട്ടയം 1275, ആലപ്പുഴ 1183, കാസർകോട് 1086, ഇടുക്കി 779, കൊല്ലം 741, വയനാട് 500, പത്തനംതിട്ട 457 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 96,378 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.71 ആണ്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5138 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 230 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,088 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1502 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 3176, എറണാകുളം 2470, മലപ്പുറം 2344, തൃശൂർ 2392, തിരുവനന്തപുരം 1934, കണ്ണൂർ 1425, പാലക്കാട് 565, കോട്ടയം 1184, ആലപ്പുഴ 1180, കാസർകോട് 1034, ഇടുക്കി 751, കൊല്ലം 730, വയനാട് 483, പത്തനംതിട്ട 420 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.70 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 17, കാസർകോട് 12, വയനാട് 9, തിരുവനന്തപുരം, തൃശൂർ, പാലക്കാട് 6 വീതം, കൊല്ലം, എറണാകുളം, കോഴിക്കോട് 3 വീതം, പത്തനംതിട്ട 2, കോട്ടയം, ഇടുക്കി, മലപ്പുറം 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7943 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 806, കൊല്ലം 295, പത്തനംതിട്ട 414, ആലപ്പുഴ 688, കോട്ടയം 286, ഇടുക്കി 350, എറണാകുളം 801, തൃശൂർ 861, പാലക്കാട് 320, മലപ്പുറം 825, കോഴിക്കോട് 1074, വയനാട് 117, കണ്ണൂർ 683, കാസർകോട് 423 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. നിലവിൽ ആകെ 550 ഹോട്ട് സ്പോട്ടുകളാണുള്ളത്.
ബത്തേരിയിലെ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നു രണ്ട് വിദ്യാർത്ഥികൾ മരിച്ചു
വയനാട്: വയനാട് സുൽത്താൻ ബത്തേരിയിൽ സഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വിദ്യാർത്ഥികളിൽ രണ്ട് പേർ മരിച്ചു. മുരളി (16), അജ്മല്‍ (14) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഫെബിന്‍ ഫിറോസ് ചികിത്സയിലാണ്.ബത്തേരി കുപ്പാടി കാരക്കണ്ടിക്ക് സമീപം ആളൊഴിഞ്ഞ വീട്ടിൽ ഏപ്രിൽ 22നായിരുന്നു സംഭവം. ഉച്ചയ്ക്ക് ഒരു മണിയോടെ മണ്ണാർക്കാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ആളൊഴിഞ്ഞ ഷെഡ്ഡിനുള്ളിലാണ് സ്‌ഫോടനമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ബത്തേരി പോലീസ് അന്വേഷണം നടത്തി വരികയാണ്.
ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണം;14 ദിവസത്തെ കർഫ്യു പ്രഖ്യാപിച്ച് കർണാടക സർക്കാർ; പൊതുഗതാഗതം അനുവദിക്കില്ല
ബംഗളൂരു: കോവിഡ് വ്യാപനം കൂടുന്ന പശ്‌ചാത്തലത്തിൽ രണ്ടാഴ്ചത്തേക്ക് ലോക്ക് ഡൗണിന് സമാനമായ കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പയാണ് തീരുമാനം അറിയിച്ചത്. കോവിഡ് കേസുകള്‍ ഉയര്‍ന്നു നില്‍ക്കുന്ന പത്തു സംസ്ഥാനങ്ങളിലൊന്ന് കര്‍ണാടകയാണ്. ഞായറാഴ്ച മാത്രം 34,804 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ബംഗളൂരുവില്‍ മാത്രം 20,733 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഞായറാഴ്ച മാത്രം കോവിഡ് ബാധിച്ച് 143 പേരാണ് മരിച്ചത്. വാരാന്ത്യങ്ങളില്‍ കണ്ടിട്ടുള്ളതുപോലെ കര്‍ഫ്യൂ നിലവിലുണ്ടാകുമെന്നും പൊതുഗതാഗതം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.നാളെ രാത്രി ഒന്‍പതു മുതല്‍ മെയ് ഒന്‍പതു വരെയായിരിക്കും നിയന്ത്രണങ്ങള്‍.14 ദിവസത്തേക്ക് തുടരുന്ന നിയന്ത്രണങ്ങള്‍ക്കിടെ, രാവിലെ ആറു മുതല്‍ പത്തുവരെ ആവശ്യ വസ്തുക്കള്‍ വാങ്ങാന്‍ ഇളവുണ്ടാകും. വസ്ത്ര, നിര്‍മാണ, കാര്‍ഷികമേഖലകള്‍ ഒഴികെയുള്ള ഉത്പാദന മേഖലകള്‍ തുറന്നുപ്രവര്‍ത്തിക്കും. നിലവിലുള്ള പോലെ ഹോട്ടലുകളില്‍ പാര്‍സല്‍ അനുവദിക്കും. യാത്ര ചെയ്യുന്നതിനോ അന്തര്‍ സംസ്ഥാന യാത്രക്കോ തടസമില്ലെങ്കിലും കര്‍ശന പരിശോധനയുണ്ടാകും. ബംഗളൂരുവില്‍ എത്തുന്നവരെ ഉള്‍പ്പെടെ പരിശോധിക്കും. മെട്രോ ട്രെയിന്‍, ട്രെയിന്‍ സര്‍വീസുകള്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. കര്‍ഫ്യൂ സംബന്ധിച്ച വിശദമായ ഉത്തരവ് വൈകാതെ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് രോഗബാധ എറ്റവും രൂക്ഷമായ ബെംഗളൂരുവിലായിരിക്കും ഏറ്റവും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക. ഫലത്തില്‍ കര്‍ഫ്യൂ ആണെന്ന് പറയുന്നുണ്ടെങ്കിലും കര്‍ശന നിയന്ത്രണം ലോക്ഡൗണിന് സമാനമാണ്. ബംഗളൂരുവിലും മറ്റു രോഗ വ്യാപനം കൂടിയ സ്ഥലങ്ങളിലും ആശുപത്രികളില്‍ കിടക്കകള്‍ ഒഴിവില്ലാത്തതും ഓക്സിജന്റെ ക്ഷാമവും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് നിര്‍ണായകമായി. 14 ദിവസത്തേക്ക് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് കോവിഡ് സാങ്കേതിക ഉപദേശക സമിതി കഴിഞ്ഞ ദിവസം സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തിരുന്നു. തുടര്‍ന്നാണ് തിങ്കളാഴ്ചത്തെ മന്ത്രിസഭ യോഗത്തില്‍ ചര്‍ച്ച ചെയ്ത് 14 ദിവസത്തേക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ അന്തിമ തീരുമാനമെടുത്തത്. സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സീന്‍ സൗജന്യമായി നല്‍കാനും ക്യാബിനറ്റ് യോഗത്തില്‍ തീരുമാനമായി.
സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ഡൗൺ ഇല്ല;ശനി, ഞായർ ദിവസങ്ങളിലെ നിയന്ത്രണം തുടരും
തിരുവനന്തപുരം:കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ഡൗൺ ഏർപ്പെടുത്തേണ്ടതില്ലെന്ന് സർവ്വകക്ഷി യോഗത്തിൽ ധാരണ. രോഗവ്യാപനം രൂക്ഷമായ ഇടങ്ങളിൽ നിയന്ത്രണം കടുപ്പിക്കാനും മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത യോഗത്തിൽ ധാരണയായി. അതേസമയം രോഗവ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച ശനി, ഞായര്‍ ദിവസങ്ങളിലെ മിനി ലോക്ക് ഡൗണ്‍ തുടരാന്‍ യോഗം നിര്‍ദേശിച്ചു. വാരാന്ത്യങ്ങളില്‍ നിയന്ത്രണങ്ങള്‍ തുടരുന്നത് ഗുണം ചെയ്യുമെന്ന് യോഗം അഭിപ്രായപ്പെട്ടു.രോഗ വ്യാപനം കൂടുതൽ ഉള്ളിടത്ത് കടുത്ത നിയന്ത്രണ ഏർപ്പെടുത്തും. ബാറും ബിററേജസ് ഔട്ട്‌ലെറ്റുകളും തുറന്ന് പ്രവർത്തിക്കും. കണ്ടെയ്ൻമെന്റ് സോണുകളിൽ നിയന്ത്രണം കടുപ്പിക്കും. ഇക്കാര്യത്തിൽ ജില്ലാ ഭരണകൂടത്തിന് സ്വതന്ത്രമായി തീരുമാനമെടുക്കാം. കടകൾ 7.30ന് തന്നെ അടയ്ക്കണമെന്നും സംസ്ഥാനത്തെ സ്ഥിതി ആശങ്കാജനകമാണെന്നും യോഗം വിലയിരുത്തി. വോട്ടെണ്ണൽ ദിവസം ആഹ്‌ളാദ പ്രകടനങ്ങളും കൂട്ടം ചേരലും ഒഴിവാക്കാൻ അതത് രാഷ്ട്രീയ പാർട്ടികൾ സ്വമേധയാ നിർദ്ദേശിക്കണമെന്ന തീരുമാനവും യോഗത്തിലുണ്ടായി. നിലവിൽ ഉളള നിയന്ത്രണങ്ങൾ അതേപടി തുടരുകയും കുറച്ചുദിവസങ്ങൾ നിരീക്ഷിച്ച ശേഷം രോഗവ്യാപനം വീണ്ടും ഉയരുകയാണെങ്കിൽ അപ്പോൾ കൂടുതൽ കർശനമായ നിയന്ത്രണങ്ങളിലേക്ക് പോകാമെന്നുമാണ് സർവകക്ഷിയോഗത്തിൽ തീരുമാനമായത്. രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ചത്. സമ്പൂർണ്ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുക എന്ന നിര്‍ദേശത്തെ യോഗത്തില്‍ ആരും പിന്തുണച്ചില്ലെന്നാണ് സൂചന. ജനങ്ങളുടെ ജീവനോപാധി ഇല്ലാതാക്കി മുന്നോട്ടുപോവാനാവില്ലെന്ന അഭിപ്രായത്തിനാണ് മേല്‍ക്കൈ ലഭിച്ചത്.
സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ ഡിസ്ചാര്‍ജ് മാനദണ്ഡത്തില്‍ മാറ്റം
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൊവിഡ് രോഗികളുടെ ഡിസ്ചാര്‍ജ് മാനദണ്ഡത്തില്‍ മാറ്റം. ഗുരുതര അസുഖമില്ലാത്ത രോഗികള്‍ക്ക് ഡിസ്ചാര്‍ജിന് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട.72 മണിക്കൂര്‍ ലക്ഷണം കാണിച്ചില്ലെങ്കില്‍ ഇവരെ വീട്ടിലെ നിരീക്ഷണത്തിലേക്ക് മാറ്റാമെന്ന് പുതിയ മാനദണ്ഡത്തില്‍ പറയുന്നു. ഗുരുതര രോഗികള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് പുതിയ ഡിസ്ചാര്‍ജ് മാര്‍ഗരേഖ.നേരിയ ലക്ഷണം ഉള്ളവരെ ലക്ഷണം ഭേദമായി മൂന്ന് ദിവസത്തിന് ശേഷം ഡിസ്ചാര്‍ജ് ചെയ്യാം. നിലവില്‍ ആന്റിജന്‍ പരിശോധന നടത്തി നെഗറ്റീവായാല്‍ മാത്രമാണ് ഡിസ്ചാര്‍ജ്. ഗുരുതരമായവര്‍ക്ക് പതിനാലാം ദിവസം പരിശോധന നടത്തും. ടെസ്റ്റ് ചെയ്യാതെ ഡിസ്ചാര്‍ജ് ആയവര്‍ മൊത്തം 17 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം. ഗുരുതരമല്ലാത്ത രോഗികളെ പ്രാഥമിക ചികിത്സ കേന്ദ്രത്തിലേക്കോ വീട്ടിലേക്കോ മാറ്റാം. നിരീക്ഷണത്തില്‍ തുടരുന്ന കാലയളവില്‍ എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകളുണ്ടോ എന്ന് രോഗികള്‍ സ്വയം പരിശോധിക്കണമെന്നും പുതിയ മാനദണ്ഡത്തില്‍ പറയുന്നു.കിടക്കകള്‍ നിറയാതിരിക്കാന്‍ വേണ്ടിയുള്ള ഈ തീരുമാനം എത്രയും വേഗം നടപ്പിലാക്കും.അതേസമയം, സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 28,469 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 4468, കോഴിക്കോട് 3998, മലപ്പുറം 3123, തൃശൂര്‍ 2871, കോട്ടയം 2666, തിരുവനന്തപുരം 2020, കണ്ണൂര്‍ 1843, പാലക്കാട് 1820, ആലപ്പുഴ 1302, കൊല്ലം 1209, പത്തനംതിട്ട 871, ഇടുക്കി 848, കാസര്‍ഗോഡ് 771, വയനാട് 659 എന്നിങ്ങനേയാണ് ജില്ല തിരിച്ചുള്ള കണക്ക്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കൂട്ട പരിശോധനകളുടെ ഭാഗമായി 2,90,262 സാമ്പിളുകളാണ് ഇത് വരെ ശേഖരിച്ചത്. ഇതടക്കം കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,773 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.46 ആണ്.
പശ്ചിമബംഗാളിൽ ഏഴാം ഘട്ട വോട്ടെടുപ്പ് ഇന്ന്
കൊൽക്കത്ത: പശ്ചിമബംഗാളിൽ ഏഴാം ഘട്ട വോട്ടെടുപ്പ് ഇന്ന്. 34 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്.മുൻഘട്ടങ്ങളിൽ വോട്ടെടുപ്പിനിടെ വ്യാപക അക്രമം അരങ്ങേറിയതിനാൽ അതീവ ജാഗ്രതയിലാണ് തെരഞ്ഞെടുപ്പ് കേന്ദ്രങ്ങൾ. 796 കമ്പനി കേന്ദ്ര സേനയെ ആണ് ഇവിടങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ചിട്ടുള്ളത്.കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ റോഡ് ഷോയ്ക്കും റാലികൾക്കും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.268 സ്ഥാനാര്‍ഥികളാണ് ഈ ഘട്ടത്തില്‍ മത്സരരംഗത്തുള്ളത്. ഇതില്‍ 37 പേര്‍ വനിതകളാണ്. 86 ലക്ഷം ജനങ്ങള്‍ വേട്ടെടുപ്പില്‍ പങ്കാളികളാകും. സ്ഥാനാർത്ഥികൾ മരിച്ച സംസേർഗഞ്ച്, ജംഗിപൂർ എന്നിവിടങ്ങളിൽ വോട്ടെടുപ്പ് മെയ് 16ലേക്ക് മാറ്റിയിട്ടുണ്ട്.സംസ്ഥാനത്ത് അടുത്ത ഘട്ട വോട്ടെടുപ്പ് ഏപ്രിൽ 29നാണ് നടക്കുന്നത്. ഇതോടെ ബംഗാളിലെ തെരഞ്ഞെടുപ്പ് അവസാനിക്കും. മെയ് രണ്ടിനാണ് വോട്ടെണ്ണൽ. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യത്തെ കൊറോണ രോഗികളുടെ എണ്ണം തുടർച്ചയായ അഞ്ചാം ദിവസവും മൂന്ന് ലക്ഷത്തിന് മുകളിൽ;24 മണിക്കൂറിനിടെ 2812 മരണം
ന്യൂഡൽഹി: രാജ്യത്തെ കൊറോണ രോഗികളുടെ എണ്ണം തുടർച്ചയായ അഞ്ചാം ദിവസവും മൂന്ന് ലക്ഷത്തിന് മുകളിൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,52,991 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,73,13,163 ആയി. രാജ്യത്ത് രോഗമുക്തി നിരക്കിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. 1,43,04,382 പേർ ഇതുവരെ രോഗമുക്തി നേടി. കഴിഞ്ഞ ദിവസം 2,19,272 പേർ രോഗം ഭേദമായി ആശുപത്രിവിട്ടു. നിലവിൽ 28,13,658 പേരാണ് രാജ്യത്തെ വിവിധയിടങ്ങളിൽ ചികിത്സയിൽ കഴിയുന്നത്.രാജ്യത്ത് കഴിഞ്ഞ ദിവസം കൊറോണയെ തുടർന്ന് 2812 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കൊറോണ മരണം 1,95,123 ആയി. രോഗികളുടെ എണ്ണം ഉയര്‍ന്നതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങളും താളം തെറ്റിയിരിക്കുകയാണ്.ഓക്‌സിജന്‍ ക്ഷാമവും ഐ.സി.യു കിടക്കകളുടെ അഭാവവും മരണനിരക്ക് ഉയര്‍ത്തുന്നതായാണ് കണക്കുകള്‍. മഹാരാഷ്ട്ര, ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് സ്ഥിതി അതീവ ഗുരുതരം.കോവിഡ് കേസുകള്‍ക്ക് മുന്നിട്ട് നില്‍ക്കുന്ന മഹാരാഷ്ട്രയില്‍ 66191 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഉത്തര്‍പ്രദേശ് 35,311, കര്‍ണാടക 34,804, കേരളം 28,269, ഡല്‍ഹി 22,933 എന്നിങ്ങനെയാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങള്‍.