തിരുവനന്തപുരം:പോപ്പുലർ ഫ്രണ്ട് ആഹ്വനം ചെയ്ത ഹർത്താലിന്റെ പേരിൽ സംസ്ഥാനത്ത് വ്യാപക അക്രമം.പലയിടത്തും വാഹനങ്ങൾക്ക് നേരെ വ്യാപകമായ കല്ലേറ് ഉണ്ടായി. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിൽ കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറ് ഉണ്ടായി.കൊച്ചിയിൽ ആലുവ കമ്പനിപ്പടി ഗ്യാരേജ് ബസ് സ്റ്റോപ്പിന് മുന്നിൽ പോപ്പുലർ ഫ്രണ്ടുകാർ കെഎസ്ആർടിസി ബസ് കല്ലെറിഞ്ഞ് തകർത്തു. ചേർത്തലയ്‌ക്ക് പോവുകയായിരുന്ന ബസാണ് തകർത്തത്. പന്തളത്ത് കെഎസ്ആർടിസി ബസിന് നേരെ കല്ലേറ് നടന്നത്. കല്ലേറിൽ ബസിന്റെ ഫ്രണ്ട് ഗ്ലാസ് തകർന്നു. ഡ്രൈവറുടെ കണ്ണിനും സാരമായി പരിക്കേറ്റിട്ടുണ്ട്.കൊല്ലം അയത്തിലിൽ കെഎസ്ആർടിസി ബസിന് നേരെ കല്ലേറ് ഉണ്ടായി. കുളത്തുപ്പുഴയിലേക്ക് പോയ കെഎസ്ആർടിസി ലിമിറ്റഡ് സ്റ്റോപ്പ് ബസിന് നേരെയാണ് കല്ലേറുണ്ടായത്. കോഴിക്കോട് സിവിൽ സ്റ്റേഷന് സമീപം ബസിന് നേരെ കല്ലേറ് കല്ലേറ് ഉണ്ടായി. ചില്ല് തകർന്ന ബസ് ഡ്രൈവറുടെ കണ്ണിന് പരിക്കേറ്റു. തിരുവനന്തപുരം അട്ടക്കുളങ്ങരയിലും കെഎസ്ആർടിസി ബസ് തകർത്തു. ബസിന്റെ പിറകിലെ ചില്ല് തകർന്നു.കോഴിക്കോട് നാലിടത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറ് ഉണ്ടായി. സിവിൽ സ്റ്റേഷന് സമീപത്തും, ചെറുവണ്ണൂരിലും, നടക്കാവിലും കെഎസ്ആർ്ടിസി ബസ് സ്റ്റാൻഡിന് സമീപത്തു വച്ചുമാണ് കല്ലേറുണ്ടായത്. അതേസമയം ക്രമസമാധാനം ഉറപ്പാക്കാൻ കർശന നടപടിക്ക് ഡിജിപി നിർദ്ദേശം നൽകിയിട്ടുണ്ട്. കടകൾ അടപ്പിക്കുന്നവരെ കേസെടുത്ത് അറസ്റ്റ് ചെയ്യാനാണ് നിർദ്ദേശം. സമരക്കാർ പൊതു സ്ഥലങ്ങളിൽ കൂട്ടം കൂടരുതെന്നും നിർദ്ദേശമുണ്ട്. കരുതൽ തടങ്കലിനും നിർദ്ദേശം നൽകി.
എകെജി സെന്റർ ആക്രമണം; യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ
തിരുവനന്തപുരം: എ കെ ജി സെന്റർ അക്രമണ കേസിലെ പ്രതി അറസ്റ്റിൽ.മൺവിള സ്വദേശിയായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ജിതിനെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.ജിതിൻ കുറ്റം സമ്മതിച്ചെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.രാവിലെ ഒമ്പത് മണിക്ക് ക്രൈംബ്രാഞ്ച് ഓഫീസിൽ തുടങ്ങിയ ചോദ്യം ചെയ്യലിനൊടുവിൽ പതിനൊന്നരയോടു കൂടിയായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം ഐ.പി.സി. 436 സെക്ഷൻ 3 എ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇയാൾ എവിടെ നിന്നാണ് ആക്രമണത്തിന് ഉപയോഗിച്ച സ്ഫോടക വസ്തു വാങ്ങിയത് എന്ന് ഇപ്പോഴും ക്രൈംബ്രാഞ്ചിന് മുമ്പാകെ വെളിപ്പെടുത്തിയിട്ടില്ല. കാറും ടീ ഷർട്ടുമാണ് ഇയാൾക്കെതിരെ തെളിവായി ലഭിച്ചിരുന്നത്. അക്രമിയുടെ ദൃശ്യങ്ങളിൽ കണ്ട ടീ ഷർട്ടും ഷൂസും ജിതിന്റേതാണന്ന ക്രൈം ബ്രാഞ്ച് സ്ഥിരീകരിച്ചു. ആക്രമണ സമയത്തുള്ള സിസിടിവി ദൃശ്യങ്ങളിൽ കണ്ട കെഎസ്ഇബി ബോർഡ് വെച്ച കാറും ഇയാളുടേതാണെന്ന് കണ്ടെത്തി.ജൂൺ 30ന് രാത്രി സ്‌കൂട്ടറിലെത്തിയ അജ്ഞാതൻ എ.കെ.ജി സെന്ററിന്റെ ഗേറ്റിലേക്ക് സ്‌ഫോടകവസ്തു വലിച്ചെറിഞ്ഞ ശേഷം രക്ഷപ്പെടുകയായിരുന്നു. ജൂൺ മുപ്പതിനാണ് തിരുവനന്തപുരത്തെ സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവം നടക്കുന്നത്. കേസന്വേഷണം പ്രത്യേക അന്വേഷണ സംഘത്തിൽ നിന്നും ക്രൈം ബ്രാഞ്ച് ഏറ്റെടുത്തിരുന്നു.സ്ഫോടക വസ്തു എറിയാനായി വന്ന ചുവന്ന ഡിയോ സ്കൂട്ടർ സുഹൃത്തിന്റേതാണ് എന്ന് ഇയാൾ ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചിട്ടുണ്ട്. വൈകിട്ട് നാല് മണിയോടു കൂടി ജിതിനെ കോടതിയിൽ ഹാജരാക്കുന്നതിനായി കൊണ്ടുപോകുമെന്നാണ് വിവരം.അതേസമയം എകെജി സെന്റർ ആക്രമണത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ അറസ്റ്റ് നാടകമാണെന്ന് വിടി ബൽറാം. രാഹുൽ ഗാന്ധിയുടെ യാത്രയ്ക്ക് ലഭിക്കുന്ന സ്വീകാര്യത കണ്ട സാഹചര്യത്തിൽ അവഹേളിക്കാനാണ് നീക്കം. തെളിവ് ഉണ്ടെങ്കിൽ കൊണ്ടുവരട്ടേയെന്നും അറസ്റ്റ് അംഗീകരിക്കുന്നില്ലെന്നും ബൽറാം പറഞ്ഞു.
എൻഐഎ റെയ്ഡ്;സംസ്ഥാനത്ത് 25 പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി
കൊച്ചി :പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിലെ എൻഐഎ റെയ്ഡിന് പിന്നാലെ സംസ്ഥാനത്ത് നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി.25 പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 14 പേരെ ഡൽഹിയിലെ എൻഐഎ ഓഫീസിലേക്ക് കൊണ്ടുപോകാനാണ് തീരുമാനം. ബാക്കിയുള്ളവരെ കോടതിയിൽ ഹാജരാക്കും. അറസ്റ്റ് ചെയ്തവരുടെ വൈദ്യപരിശോധനയും നടത്തും. ഒഎംഎ സലാം, അബ്ദുറഹ്മാൻ, പി കോയ, അനീസ് അഹമ്മദ്, അഫ്‌സർ പാഷ, അബ്ദുൽ വാഹിദ്, ജസീർ, ഷഫീർ, അബൂബക്കർ, മുഹമ്മദ് ബഷീർ, ദേശീയ സെക്രട്ടറി നസറുദ്ദീൻ എളമരം, അസിഫ് മിർസ, മുഹമ്മദലി ജിന്ന, മുഹമ്മദ് ഷാഹിദ് എന്നിവരെയാണ് ഡൽഹിയിലേക്ക് കൊണ്ടുപോവുക. കരമന അഷ്‌റഫ് മൗലവി, സാദിഖ് അഹമ്മദ്, ഷിയാസ്, അൻസാരി, മുജീബ്, നജ്മുദ്ദീൻ, സൈനുദ്ദീൻ, ഉസ്മാൻ, യഹിയ തങ്ങൾ, മുഹമ്മദലി, സുലൈമാൻ എന്നിവരെയാണ് കോടതിയിൽ ഹാജരാക്കുക.പ്രതികളെ കൊച്ചിയിലെ എൻഐഎ ഓഫീസിൽ എത്തിച്ചിട്ടുണ്ട്. പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് കേന്ദ്രസേനയേയും പോലീസിനേയും ഓഫീസിന് മുന്നിൽ വിന്യസിച്ചിട്ടുണ്ട്.ഇന്നലെ അർദ്ധ രാത്രി മുതൽ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി കേന്ദ്ര സേനയുടെ സഹായത്തോടെ എൻഐഎ റെയ്ഡ് നടത്തുകയായിരുന്നു. പിന്നാലെ നിരവധി നേതാക്കളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ഡൽഹിയിലും കേരളത്തിലുമായി രജിസ്റ്റർ ചെയ്ത കേസുകളിലാണ് നടപടി.കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശ്ശൂര്‍,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ജില്ലകളില്‍ റെയ്ഡ് നടന്നു.കേരളത്തിന് പുറമെ തമിഴ്‌നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ്, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവയടക്കം 10 സംസ്ഥാനങ്ങളില്‍ എന്‍ഐഎയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) റെയ്ഡ് നടത്തി. തീവ്രവാദത്തിന് സാമ്പത്തിക സഹായം, തീവ്രവാദ ക്യാമ്പുകള്‍ സംഘടിപ്പിക്കല്‍, തീവ്രവാദ സംഘടനകളിലേക്ക് ആളെച്ചേര്‍ക്കല്‍ എന്നീ ആരോപണങ്ങള്‍ നേരിടുന്നവരെ ലക്ഷ്യമാക്കി ആയിരുന്നു റെയ്‌ഡെന്നാണ് പുറത്തുവരുന്ന വിവരം. പോപ്പുലര്‍ ഫ്രണ്ടിന്റെ ദേശീയ, സംസ്ഥാന, ജില്ലാ നേതാക്കളുടെ വീടുകളും ഓഫീസുകളുമാണ് റെയ്ഡ് ചെയ്തത്.
ദേശീയ, സംസ്ഥാന നേതാക്കളുടെ അറസ്റ്റ്; സംസ്ഥാനത്ത് നാളെ പോപ്പുലർ ഫ്രണ്ട് ഹർത്താലിന് ആഹ്വാനം ചെയ്തു
തിരുവനന്തപുരം:ദേശീയ, സംസ്ഥാന നേതാക്കളെ എൻഐഎ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് നാളെ സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം ചെയ്തു.രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ.ദേശീയ, സംസ്ഥാന നേതാക്കളെ എന്‍.ഐ.എ. അറസ്റ്റ് ചെയ്തത് അന്യായമായിട്ടാണെന്നും ഇത് ഭരണകൂട ഭീകരതയാണെന്നുമാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ആരോപണം.ഹർത്താലിനെ വിജയിപ്പിക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തുവരണമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ വാർത്താക്കുറിപ്പിൽ അറിയിച്ചു. കേരളത്തില്‍ ഉള്‍പ്പെടെ രാജ്യമെമ്പാടുമുള്ള പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലാണ് എന്‍ഐഎ റെയ്ഡ്. കേരളത്തിനു പുറമേ തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഡല്‍ഹി തുടങ്ങി 13 സംസ്ഥാനങ്ങളിലായി നൂറോളം ഇടങ്ങളിലാണ് ഇഡി സഹകരണത്തോടെ റെയ്ഡ് നടത്തിയത്. ദേശീയ, സംസ്ഥാന നേതാക്കള്‍ അടക്കം 106 പേരെ കസ്റ്റഡിയില്‍ എടുത്തു. കേരളത്തിൽ തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, മലപ്പുറം, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിലായി നേതാക്കൾ അടക്കമുള്ള 22 പേരെ എൻഐഎ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിൽ എട്ട് നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി, ഇവരെ കോടതിയിൽ ഹാജരാക്കിയതിനു ശേഷം ഡൽഹിയിലേക്ക് കൊണ്ടു പോയി.
സാങ്കേതിക തകരാർ; പറമ്പിക്കുളം അണക്കെട്ടിന്റെ ഷട്ടറുകൾ തനിയെ തുറന്നു; പാലക്കാടും തൃശ്ശൂരും ജാഗ്രതാ നിർദ്ദേശം
പാലക്കാട്:സാങ്കേതികത്തകരാറിനെത്തുടര്‍ന്ന് പറമ്പിക്കുളം ഡാമിന്റെ ഒരു ഷട്ടര്‍ തനിയെ തുറന്നു. ബുധനാഴ്ച പുലര്‍ച്ചെയാണ് രണ്ട് ജില്ലകളെ ആശങ്കയിലാഴ്‌ത്തി പറമ്പിക്കുളം അണക്കെട്ടിന്റെ ഷട്ടറുകൾ തനിയെ തുറന്നത്. ഇതേ തുടർന്ന് പെരിങ്ങൽക്കുത്ത് അണക്കെട്ടിലും, ചാലക്കുടിപ്പുഴയിലും ജലനിരപ്പ് ഉയർന്നു.ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഡാമിന്റെ മൂന്ന് ഷട്ടറുകളും 10 സെന്റീമീറ്റര്‍വീതം തുറന്ന് വെള്ളം ഒഴുക്കിക്കളയുന്നുണ്ടായിരുന്നു. അതിനിടയ്ക്കാണ് നടുവിലത്തെ ഷട്ടര്‍ തനിയെ തുറന്നുപോയത്. 25 അടി നീളമുള്ള ഷട്ടറാണ് പൂര്‍ണമായും പൊങ്ങിയത്. സാധാരണ 10 സെന്റീമീറ്റര്‍മാത്രം തുറക്കാറുള്ള ഷട്ടറാണ് ഇത്രയും ഉയരത്തില്‍ പൊന്തിപ്പോയത്.അധിക ജലം പുറത്തേക്ക് ഒഴുകിയതോടെ നിരവധി പേരെ മാറ്റിപ്പാർപ്പിച്ചു.പറമ്പിക്കുളം ആദിവാസി കോളനികളിലെയും, തീര മേഖലകളിൽ താമസിക്കുന്നവരെയുമാണ് അടിയന്തിരമായി മാറ്റിപ്പാർപ്പിച്ചത്. നിലവിൽ 15,000 മുതൽ 20,000 വരെ ക്യുസെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നത്. സാങ്കേതിക തകരാറുകൾ പരിഹരിച്ച് ഷട്ടർ താഴ്‌ത്താൻ മൂന്ന് ദിവസമെങ്കിലും സമയം വേണ്ടിവരുമെന്നാണ് അധികൃതർ പറയുന്നത്.അപ്രതീക്ഷിതയെത്തുന്ന വെള്ളം ആദ്യം പെരിങ്ങല്‍ക്കുത്ത് ഡാമിലും തുടര്‍ന്ന് ചാലക്കുടിപ്പുഴയിലേക്കുമെത്തും. നിശ്ചിത അളവില്‍ക്കൂടുതല്‍ വെള്ളമെത്തുന്നത് ഡാമിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണ്. ചാലക്കുടിപ്പുഴയില്‍ വന്‍തോതില്‍ വെള്ളമുയര്‍ന്നാല്‍ അപകടങ്ങള്‍ക്ക് കാരണമാകും. സാങ്കേതികപ്പിഴവ് പരിഹരിക്കാനായില്ലെങ്കില്‍ പറമ്പിക്കുളം ഡാമിലെ വെള്ളം മുഴുവന്‍ ഒഴുകിത്തീരും. തമിഴ്‌നാട് അടക്കമുള്ള പ്രദേശങ്ങളിലേക്ക് വെള്ളം പറമ്പിക്കുളത്തുനിന്നാണ് നല്‍കുന്നത്.കാലപ്പഴക്കം മൂലം ഷട്ടറിന്റെ നിയന്ത്രണസംവിധാനങ്ങള്‍ക്ക് കേടുപാടുകളുണ്ടെന്നും പരിഹരിക്കാനുള്ള ശ്രമം നടക്കുന്നതായും അധികൃതര്‍ അറിയിച്ചു.
മകളുടെ മുന്നിലിട്ട് പിതാവിനെ മർദിച്ച സംഭവം; നാല് KSRTC ജീവനക്കാർക്ക് സസ്‌പെൻഷൻ
തിരുവനന്തപുരം:കാട്ടാക്കടയിൽ മകളുടെ മുന്നിലിട്ട് പിതാവിനെ മർദിച്ച സംഭവത്തിൽ നാല് KSRTC ജീവനക്കാർക്ക് സസ്‌പെൻഷൻ.സംഭവത്തിൽ ഉത്തരവാദികളായ 4 കെഎസ്ആർടിസി ജീവനക്കാരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തതായി മന്ത്രി ആന്റണി രാജു അറിയിച്ചു. കെഎസ്ആർടിസി ആര്യനാട് യൂണിറ്റിലെ സ്റ്റേഷൻ മാസ്റ്റർ എ. മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാർഡ് എസ്. ആർ. സുരേഷ് കുമാർ, കണ്ടക്ടർ എൻ. അനിൽകുമാർ, അസിസ്റ്റന്റ് സി.പി.മിലൻ ഡോറിച്ച് എന്നിവരെയണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്തത്. കാട്ടാക്കട കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ കൺസഷൻ എടുക്കുന്നതിനെ സംബന്ധിച്ചുണ്ടായ തർക്കത്തെ തുടർന്നാണ് മകളുടെ മുൻപിൽ വെച്ച് പിതാവിനെ ജീവനക്കാർ മർദിച്ചത്. ജീവനക്കാർക്കെതിരെ 45 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി കർശന നടപടി സ്വീകരിക്കുവാൻ ഗതാഗതമന്ത്രി ആന്റണി രാജു കെഎസ്ആർടിസി സിഎംഡി ക്ക് നിർദ്ദേശം നൽകി. സംഭവത്തിൽ അഞ്ച് പേരെ പ്രതി ചേർത്ത് കാട്ടാക്കട പൊലീസ് കേസെടുത്തിരുന്നു. IPC 143,147,149 തുടങ്ങിയ വകുപ്പുകൾ ചുമത്തി അന്യായമായി തടഞ്ഞു വെച്ച് മർദ്ദിക്കൽ, സംഘം ചേരൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. കോളേജ് വിദ്യാർത്ഥിനിയായ മകളുടെ കണ്‍സഷന് അപേക്ഷ നല്‍കാനായാണ് ആമച്ചല്‍ സ്വദേശിയായ പ്രേമൻ ഡിപ്പോയിൽ എത്തിയത്. കണ്‍സഷന്‍ അനുവദിക്കാന്‍ മകളുടെ ഡിഗ്രി കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് അടക്കം ഹാജരാക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ മൂന്നുമാസമായി താന്‍ കണ്‍സഷനായി നടക്കുകയാണെന്നും എത്രയും വേഗം അനുവദിക്കണമെന്നും ജീവനക്കാരുടെ ഇത്തരം സമീപനമാണ് കെഎസ്ആര്‍ടിസി നഷ്ടത്തിലാകാന്‍ കാരണമെന്നും പ്രേമന്‍ പറഞ്ഞു. ഇതാണ് ജീവനക്കാരെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് ഒരു ജീവനക്കാരന്‍ പ്രേമനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും പിന്നാലെ മറ്റു ജീവനക്കാരെത്തി മകളുടെ മുന്നിലിട്ട് പ്രേമനെ മര്‍ദിക്കുകയുമായിരുന്നു.
വീട്ടിൽ ജപ്തി നോട്ടീസ് പതിപ്പിച്ചതിനു പിന്നാലെ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കുടുംബം
കൊല്ലം :വീട്ടിൽ ജപ്തി നോട്ടീസ് പതിപ്പിച്ചതിൽ മനംനൊന്ത് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കുടുംബം.കൊല്ലം ശൂരനാട് സൗത്ത് അജി ഭവനത്തിൽ അഭിരാമിയെ (18)യാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കേരള ബാങ്ക് ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്യുകയായിരുന്നു. ശ്രീ അയ്യപ്പ കോളേജ് ഇരമല്ലിക്കര രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് അഭിരാമി.ഇന്നലെ വൈകീട്ടോടെയാണ് സംഭവം. വീട്ടിൽ ജപ്തി നോട്ടീസ് കണ്ട കോളേജ് വിദ്യാർത്ഥിയായ അഭിരാമി മുറിയിൽ കയറി വാതിൽ അടച്ചിരിക്കുകയായിരുന്നു. തുടർന്ന് ഏറെ നേരം വിളിച്ചിട്ടും മുറി തുറക്കാതായതോടെ അയൽവാസികളെത്തി കതക് ചവിട്ടി പൊളിച്ച് അകത്ത് കയറി. അപ്പോഴാണ് പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.സംഭവത്തിൽ ബാങ്കിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. കേരള ബാങ്കിന്റെ പാതാരം ശാഖയിലേക്ക് വിവിധ സംഘടനകൾ ഇന്ന് മാർച്ച് നടത്തി. അഭിരാമിയുടെ പോസ്റ്റ് മോർട്ടവും ഇന്ന് നടക്കും.നാല് വർഷം മുൻപാണ് വീട് പണിക്കായി അഭിരാമിയുടെ അച്ഛൻ കേരള ബാങ്കിൽ നിന്ന് പതിനൊന്നര ലക്ഷം രൂപ ലോൺ എടുത്തത്. കൊറോണ കാലത്ത് അച്ഛന്റെ ജോലി പോയതോടെ തിരിച്ചടവ് മുടങ്ങി. കഴിഞ്ഞ മാർച്ചിൽ ഒന്നര ലക്ഷം രൂപ അടച്ചിരുന്നു എന്നാണ് കുടുംബം പറയുന്നത്. എന്നാൽ ബാക്കി തുക ഉടൻ അടയ്‌ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബാങ്ക് നോട്ടീസ് നൽകി. തുടർന്നാണ് ഇന്നലെ ഉച്ചയോടെ വീട്ടിലെത്തി നോട്ടീസ് പതിപ്പിച്ചത്.
മകൾക്ക് കൺസെഷൻ ആവശ്യപ്പെട്ട് എത്തിയ അച്ഛനെ മർദ്ദിച്ച സംഭവം;കെഎസ്ആർടിസി ജീവനക്കാർക്കെതിരെ കേസ്
തിരുവനന്തപുരം : വിദ്യാർഥിനിയുടെ കൺസഷൻ സംബന്ധിച്ചുള്ള വാക്ക് തർക്കത്തിൽ തിരുവനന്തപുരം കാട്ടാക്കടയിൽ അച്ഛന് മർദനമേറ്റ സംഭവത്തിൽ കെഎസ്ആർടിസി ജീവനക്കാർക്കെതിരെ കേസ്.കാട്ടാക്കട ഡിപ്പോയിലെ അഞ്ചിലധികം പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്.മർദ്ദനമേറ്റേ പ്രേമന്റെ പരാതിയിലാണ് കാട്ടാക്കട പോലീസ് കേസെടുത്തത്.ആശുപത്രിയിൽ കഴിയുന്ന പ്രേമന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ ഗതാഗത മന്ത്രി ആന്റണി രാജു കെഎസ്ആർടിസിയോട് വിശദീകരണം തേടിയിട്ടുണ്ട്. റിപ്പോർട്ട് ലഭിക്കുന്ന മുറയ്‌ക്ക് കർശന നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.കൂടാതെ സംഭവത്തിൽ സംസ്ഥാന ഹൈക്കോടതിയും റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇന്ന് തന്നെ റിപ്പോർട്ട് നൽകണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. വിഷയം നാളെ കഴിഞ്ഞ് പരിഗണിക്കും.ആമച്ചൽ സ്വദേശി പ്രേമനെയാണ് കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ വെച്ച് ജീവനക്കാർ തല്ലിയത്. മകളുടെ കൺസെഷൻ പുതുക്കാനായാണ് ഇയാൾ കാട്ടാക്കട ഡിപ്പോയിലെത്തിയത്. പഴയ കാർഡും ഫോട്ടോയും നൽകി. എന്നാൽ കൺസെഷൻ അനുവദിക്കണമെങ്കിൽ കോഴ്‌സ് സർട്ടിഫിക്കറ്റ് നൽകണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു.മൂന്ന് മാസം മുൻപാണ് കോഴ്‌സ് സർട്ടിഫിക്കറ്റ് നൽകിയത്. മൂന്നു വർഷത്തെ ഡിഗ്രി കോഴ്‌സിന് പഠിക്കുന്നയാളോട് ഇടയ്‌ക്ക് സർട്ടിഫിക്കറ്റ് ചോദിക്കുന്നത് ബുദ്ധിമുട്ടാണെന്ന് പിതാവ് പറഞ്ഞു. ഇതാണ് ഇവിടുത്തെ നിയമം എന്നായിരുന്നു ജീവനക്കാരുടെ മറുപടി.പരീക്ഷ നടക്കുന്നതിനാൽ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ സമയം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും കൺസെഷൻ നൽകാൻ ജീവനക്കാർ തയ്യാറായില്ല. ഇത്തരം പെരുമാറ്റങ്ങളാണ് കെഎസ്ആർടിസിയുടെ പ്രതിസന്ധിയ്‌ക്ക് കാരണമെന്ന് പ്രേമൻ പറഞ്ഞതാണ് ജീവനക്കാരെ പ്രകോപിപ്പിച്ചത്. പിന്നാലെ സിഐടിയു പ്രവർത്തകർ മകളുടെ മുന്നിലിട്ട് മർദ്ദിക്കുകയായിരുന്നു. വാക്കേറ്റത്തിനിടെയിൽ പിതാവിനെ പിടിച്ച് മാറ്റാൻ എത്തിയ രണ്ട് മക്കളെയും ജീവനക്കാർ പിടിച്ച് ഉന്തുകയും വലിച്ചഴിക്കുകയും ചെയ്തു. അച്ഛനെ പിടിച്ച് മാറ്റാൻ ശ്രമിച്ച തന്നെയും കെഎസ്ആർടിസി ജീവനക്കാർ പിടിച്ച് തള്ളിയെന്ന് പ്രേമന്റെ മകൾ രേഷ്മ പറഞ്ഞു. ആ സംഭവത്തെ തുടർന്ന് തനിക്ക് പരീക്ഷ നന്നായി എഴുതാൻ സാധിച്ചില്ല. ഒരു പെൺകുട്ടിയെന്ന പരിഗണന പോലും കെഎസ്ആർടിസി ജീവനക്കാർ നൽകിയില്ല. പോലീസ് സ്റ്റേഷനിൽ സ്വയമെത്തിയാണ് പരാതി നൽകിയെന്നും രേഷ്മ പറഞ്ഞു.
കണ്ണൂരിൽ വീണ്ടും പശുവിന് പേയിളകി; ദയാവധത്തിനിരയാക്കി
കണ്ണൂർ: കണ്ണൂരിൽ വീണ്ടും പശുവിന് പേയിളകി.അഴീക്കൽ ഭാഗത്താണ് പേയിളകിയ പശു വിരണ്ടോടി പരിഭ്രാന്തി പരത്തിയത്. അഴിച്ചുവിട്ട് വളർത്തുന്ന പശുവാണിത്. ഇതിന്റെ ആക്രമണത്തിൽ നാലുപേർക്ക് പരിക്കേറ്റിരുന്നു.അക്രമവാസന കാണിച്ചിരുന്ന പശുവിനെ പിന്നീട് ദയാവധത്തിനിരയാക്കി.രാത്രിയിൽ പശുവിരണ്ടോടി കൂടുതൽ ആളുകൾക്ക് പരിക്കേൽക്കാതിരിക്കാനാണ് ദയാവധം നടത്തിയത്. പശുവിന്റെ ശരീരത്ത് പലയിടത്തും മുറിവുകളുണ്ട്. പേപ്പട്ടി കടിച്ചതിന് സമാനമാണ് മുറിവുകളെന്ന് ഡോക്ടർമാർ വ്യക്തമാക്കി.കഴിഞ്ഞ ദിവസം ചാലയിലും ചിറ്റാരിപറമ്പും പേയിളകിയ പശുവിനെ ദയാവധത്തിന് ഇരയാക്കിയിരുന്നു. തുടർച്ചയായി പട്ടികൾക്കും പശുക്കൾക്കും പേയിളകുന്നത് ജനങ്ങളെ പരിഭ്രാന്തിയിലാഴ്‌ത്തുന്നുണ്ട്. മൂന്നാമത്തെ പശുവിനാണ് പശുവിനാണ് കണ്ണൂർ ജില്ലയിൽ അജ്ഞാതകാരണങ്ങൾ കൊണ്ടു പേയിളകുന്നത്.
തൃശൂർ പാലപ്പിള്ളിയിൽ പേ വിഷബാധയേറ്റ പശുവിനെ വെടിവെച്ച് കൊന്നു
തൃശൂർ: പാലപ്പിള്ളി എച്ചിപ്പാറയിൽ നിരീക്ഷണത്തിലിരിക്കെ പേയിളകിയ പശുവിനെ വെടിവെച്ചുകൊന്നു. എച്ചിപ്പാറ ചക്കുങ്ങൽ ഖാദറിന്റെ പശുവിനെയാണ് വെടിവെച്ചു കൊന്നത്. പേവിഷബാധയേറ്റെന്ന സംശയത്തെ തുടർന്ന് പശു നിരീക്ഷണത്തിലായിരുന്നു.വ്യാഴാഴ്ച രാവിലെ പേയിളകിയതിൻ്റെ ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് പോലീസ്, വെറ്റിനറി, വനം വകുപ്പ് അധികൃതരുടെ സാന്നിധ്യത്തിൽ പശുവിനെ വെടിവെച്ച് കൊല്ലാൻ തീരുമാനിക്കുകയായിരുന്നു. വെറ്റിനറി ഡോക്ടർ പശുവിന് പേവിഷബാധയേറ്റതായി സർട്ടിഫിക്കറ്റ് നൽകി. വെടിവെക്കാൻ ലൈസൻസുള്ള വടക്കൊട്ടായി സ്വദേശി ആന്റണിയാണ് പശുവിനെ വെടിവെച്ച് കൊന്നത്. വരന്തരപ്പിള്ളി എസ്.ഐ. എ.വി. ലാലു, വെറ്റിനറി സർജൻ ഡോ. റോഷ്മ, ചിമ്മിനി റേഞ്ച് ഓഫീസർ അജയകുമാർ എന്നിവരുടെ സാന്നിധ്യത്തിലാണ് പശുവിനെ വെടിവെച്ചത്. കഴിഞ്ഞ മാസം നടാമ്പാടം ആദിവാസി കോളനിനിവാസി മനയ്ക്കൽ പാറു പേവിഷബാധയേറ്റ് മരിച്ചിരുന്നു. ഇവർക്ക് നായുടെ കടിയേറ്റ സമയത്ത് പ്രദേശത്ത് വ്യാപകമായി വളർത്തുമൃഗങ്ങൾക്കും തോട്ടത്തിൽ മേയുന്ന പശുക്കൾക്കും പേവിഷബാധയേറ്റതായി സംശയിച്ചിരുന്നു.പ്രദേശത്ത് കടിയേറ്റ വളർത്തു നായകളെ അനിമൽ സ്ക്വാഡിൻ്റെ നേതൃത്വത്തിൽ നിരീക്ഷിച്ചുവരികയാണ്. നിരീക്ഷണത്തിലായിരുന്ന വനം വകുപ്പ് ജീവനക്കാരൻ്റെ വീട്ടിലെ വളർത്തുനായ് രണ്ടാഴ്ച മുമ്പ് ചത്തിരുന്നു. ഈ സമയമത്രയും ഖാദറിൻ്റെ പശു നിരീക്ഷണത്തിലായിരുന്നു. തോട്ടങ്ങളിൽ മേഞ്ഞു നടക്കുന്ന പശുവായതിനാൽ കെട്ടിയിട്ട് നിരീക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. വെടിവെച്ച് കൊന്ന പശുവിനെ വെറ്റിനറി വകുപ്പിൻ്റെ നിർദേശപ്രകാരം തന്നെ കുഴിച്ചിട്ടു.ചിമ്മിനി, എച്ചാപ്പാറ പ്രദേശങ്ങളിലും നടാമ്പാടം കോളനിയിലും ആരോഗ്യവകുപ്പിൻ്റെ നേതൃത്വത്തിൽ വാക്സിൻ നൽകിയിട്ടുണ്ട്. മേഖലയിലെ വളർത്തുമൃഗങ്ങൾക്കും പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടുണ്ട്.