കണ്ണൂർ: ഇരിട്ടി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്നും ലാപ്ടോപ്പുകള് മോഷ്ടിച്ച പ്രതികള്‍ പിടിയിലായി.കോഴിക്കോട് മാറാട് പാലക്കല്‍ ഹൗസില്‍ ടി.ദീപു (31), തലശേരി ടെമ്പിൾ ഗേറ്റ് സ്വദേശി കുന്നുംപുറത്ത് ഹൗസില്‍ കെ.എസ് മനോജ് (54) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.സ്കൂളിലെ കമ്പ്യൂട്ടർ ലാബില്‍ നിന്ന് 29 ലാപ്ടോപ്പുകള് ആണ് ഇവര്‍ മോഷ്ടിച്ചത്. ഇവയില്‍ 24 ലാപ്ടോപ്പുകളും ചാര്‍ജറുകളും കണ്ണൂര്‍ ചക്കരക്കല്ലിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് കണ്ടെടുത്തു. പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പോലീസിന് ലഭിച്ചത്.കഴിഞ്ഞ എട്ടാം തീയതിയാണ് എട്ട് ലക്ഷം രൂപയോളം വിലവരുന്ന ലാപ്ടോപ്പുകള് മോഷണം പോയത്. ഹൈസ്കൂള്‍ ഇ ബ്ലോക്കിലെ ലാബിന്റെ പൂട്ട് തകര്‍ത്താണ് പ്രതികള്‍ അകത്തുകടന്നത്. രണ്ടു പ്രതിക്കളും ഒട്ടനവധി കവര്‍ച്ചാ കേസുകളിലെ പ്രതികളാണ്. ദീപു കഴിഞ്ഞ കൊല്ലവും ഇതേ സ്കൂളില്‍ നിന്ന് രണ്ട് ലാപ്ടോപ്പുകള് മോഷ്ടിച്ചതിന് പിടിയിലായിരുന്നു. ആറളം ഫാമിലെ ഭാര്യ വീട്ടില്‍ താമസിച്ച് മോഷണം നടത്തുകയാണ് ഇയാളുടെ രീതി എന്ന് അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്.ഇരിട്ടി ഡിവൈ.എസ്.പി പ്രിന്‍സ് അബ്രഹാം, സി.ഐ എം.പി രാജേഷ്, എസ്.ഐമാരായ അബ്ബാസ് അലി, മനോജ്, അഖില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
തമിഴ്നാടും കര്‍ണാടകയുമടക്കം അഞ്ചിടങ്ങളിൽ കൂടി ഇന്നുമുതല്‍ ലോക്ക്ഡൗണ്‍ നടപ്പിലാക്കുന്നു
ചെന്നൈ:തമിഴ്നാടും കര്‍ണാടകയുമടക്കം അഞ്ചിടങ്ങളിൽ കൂടി ഇന്നുമുതല്‍ ലോക്ക്ഡൗണ്‍ നടപ്പിലാക്കുന്നു.ഇതോടെ രാജ്യത്തെ 16 സംസ്ഥാനങ്ങള്‍ പൂര്‍ണമായും നിശ്ചലമായിരിക്കുകയാണ്. രാജസ്ഥാന്, പുതുച്ചേരി, മിസോറാം എന്നിവിടങ്ങളിലാണ് ഇന്നുമുതല്‍ ലോക്ക്ഡൗണ്‍ തുടങ്ങുന്നത്. ഡല്‍ഹിയും ഉത്തര്‍പ്രദേശും ലോക്ക്ഡൗണും രാത്രി കര്‍ഫ്യുവും മെയ് 17 വരെ നീട്ടിയിട്ടുണ്ട്. തമിഴ്നാട്, രാജസ്ഥാന്, പുതുച്ചേരി എന്നിവിടങ്ങളിൽ രണ്ടാഴ്ചത്തേക്കാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.കര്‍ണാടകയില്‍ മെയ് 24 വരെ കര്‍ശന ലോക്ക്ഡൗണ്‍ ആണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ശനിയാഴ്ച മുതല്‍ കേരളവും ഒൻപത് ദിവസത്തേക്ക് സമ്പൂർണ്ണ ലോക്ക്ഡൗണ്‍ തുടങ്ങിയിരുന്നു.വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മിസോറാം ഇന്നുമുതല്‍ ഏഴ് ദിവസം ലോക്ക്ഡൗണിലാണ്. സിക്കിമില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങല്‍ മെയ് 16 വരെ തുടരും. ഡല്‍ഹിയില്‍ ഏപ്രില്‍ 19ന് ആരംഭിച്ച ലോക്ക്ഡൗണാണ് ഇന്നലെ ഈ മാസം 17 വരെ നീട്ടിയതായി അധികൃതര്‍ അറിയിച്ചത്. ബിഹാറില്‍ മെയ് നാലിന് തുടങ്ങിയ അടച്ചിടല്‍ മെയ് 15 വരെ തുടരും. ഒഡീഷ മെയ് അഞ്ച് മുതല്‍ 19 വരെ 14 ദിവസം സമ്പൂർണ്ണ അടച്ചിടലിലാണ്. ജാര്‍ഖണ്ഡും ഏപ്രില്‍ 22ന് ആരംഭിച്ച ലോക്ക്ഡൗണ്‍ ഈ മാസം 13 വരെയായി നീട്ടിയിരുന്നു. ഛത്തീസ്ഗഡ്, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലും ലോക്ക്ഡൗണ്‍, രാത്രി കര്‍ഫ്യൂ തുടങ്ങിയ നിയന്ത്രണങ്ങളുണ്ട്.
ലോക്ക്ഡൗണ്‍; സംസ്ഥാനത്ത് ഇന്നു മുതല്‍ നിയന്ത്രണങ്ങളും പരിശോധനകളും ശക്തിപ്പെടുത്തുമെന്ന് ലോക്നാഥ് ബെഹ്റ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും പരിശോധനകളും ശക്തിപ്പെടുത്തുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. വളരെ അത്യാവശ്യഘട്ടങ്ങളിൽ യാത്ര ചെയ്യുന്നതിന് മാത്രമേ പോലീസിന്റെ ഓൺലൈൻ ഇ പാസിന് അപേക്ഷിക്കാവൂ. സത്യവാങ്മൂലം ദുരൂപയോഗം ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇ പാസിന് ഞായറാഴ്ച 1.75 ലക്ഷം ആളുകൾ അപേക്ഷിച്ചു. ഞായറാഴ്ച വൈകിട്ട് ഏഴു വരെയുള്ള കണക്കനുസരിച്ച് 1,75,125 പേരാണ് പോലീസിന്റെ ഇ പാസിനായി അപേക്ഷിച്ചത്. ഇതില്‍ 15,761 പേര്‍ക്ക് യാത്രാനുമതി നല്കി. 81,797 പേര്‍ക്ക് അനുമതി നിഷേധിച്ചു. 77,567 അപേക്ഷകള്‍ പരിഗണനയിലാണ്. അപേക്ഷകള്‍ തീര്‍പ്പാക്കാനായി 24 മണിക്കൂറും സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് ലോക്നാഥ് ബെഹ്റ അറിയിച്ചു.അവശ്യവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സാധുതയുള്ള തിരിച്ചറിയല്‍ കാര്‍ഡ് ഉള്ള പക്ഷം വേറെ പാസിന്റെ ആവശ്യമില്ല. വീട്ടുജോലിക്കാര്‍, ഹോം നേഴ്സ് എന്നിവര്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ക്ക് വേണ്ടി തൊഴിലുടമയ്ക്ക് പാസിന് അപേക്ഷിക്കാം. മരുന്ന്, ഭക്ഷ്യവസ്തുക്കള്‍ വാങ്ങല്‍ മുതലായ വളരെ അത്യാവശ്യ കാര്യങ്ങള്‍ക്ക് സത്യവാങ്മൂലം മതിയാകും. അവശ്യവിഭാഗത്തില്‍പ്പെട്ട സര്‍ക്കാര്‍ ജീവനക്കാര്‍ യാത്ര ചെയ്യുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതണം.
കേരളം വില കൊടുത്തുവാങ്ങുന്ന കൊവിഷീല്‍ഡ് വാക്സിന്റെ ആദ്യ ബാച്ച് ഇന്നെത്തും; എറണാകുളത്തെത്തുന്നത് മൂന്നര ലക്ഷം ഡോസ് വാക്സിന്
തിരുവനന്തപുരം:കേരളം വില കൊടുത്തുവാങ്ങുന്ന കൊവിഷീല്‍ഡ് വാക്സിന്റെ ആദ്യ ബാച്ച് ഇന്നെത്തും.മൂന്നര ലക്ഷം ഡോസ് വാക്സിനാണ് എറണാകുളത്തെത്തുന്നത്.ഒരുകോടി ഡോസ് വാക്സിന് വില കൊടുത്ത് വാങ്ങാനായിരുന്നു സംസ്ഥാനം തീരുമാനിച്ചിരുന്നത്. സംസ്ഥാനം പണം കൊടുത്ത് വാങ്ങുന്ന വാക്സിന് വരും ദിവസങ്ങളില്‍ കൂടുതല്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.75 ലക്ഷം കൊവിഷീല്‍ഡ് വാക്സിനും 25 ലക്ഷം കൊവാക്സിനുമാണ് കേരളം വിലകൊടുത്ത് വാങ്ങുന്നത്. വാക്സിന് എറണാകുളത്ത് നിന്ന് മറ്റ് ജില്ലകളിലേക്ക് വിതരണത്തിന് എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.18- 45 പ്രായമുളളവരില്‍ ഗുരുതര രോഗം ഉള്ളവര്‍ക്കും പൊതുജനങ്ങളുമായി കൂടുതല്‍ ഇടപഴകുന്ന വിഭാഗങ്ങള്‍ക്കുമാണ് ഈ വാക്സിന് നല്കുന്നതില് മുന്‍ഗണന.ഇതോടൊപ്പം ബസ് ജീവനക്കാര്‍, കടകളില്‍ ജോലി ചെയ്യുന്നവര്‍, മാധ്യമപ്രവര്‍ത്തകര്‍ അടക്കം സമൂഹവുമായി അടുത്തിടപഴകുന്ന വിഭാഗങ്ങള്‍ക്കും ആദ്യ ഘട്ടത്തില്‍ വാക്സിന് വിതരണം ചെയ്യാന്‍ ആലോചിക്കുന്നുണ്ട്. ഇന്ന് ഉച്ച 12 മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് വാക്സിന് വഹിച്ചുള്ള വിമാനം എത്തുക. തുടര്‍ന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വാഹനത്തില്‍ മഞ്ഞുമ്മലിലെ കെ.എം.സി.എല്‍ വെയര്‍ഹൗസിലേക്ക് മാറ്റും. പിന്നീട് മറ്റ് ജില്ലകളിലേക്കും നല്‍കും.അതേസമയം, കേരളം ഉള്‍പ്പെടെ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ വാക്സിന് അനുവദിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കേരളത്തിന് 1.84 ലക്ഷം ഡോസ് വാക്സിന് കൂടി അനുവദിക്കും.
സംസ്ഥാനത്ത് ഇന്ന് 35,801 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.88 ശതമാനം;29,318 പേർക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 35,801 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 4767, തിരുവനന്തപുരം 4240, മലപ്പുറം 3850, കോഴിക്കോട് 3805, തൃശൂര്‍ 3753, പാലക്കാട് 2881, കൊല്ലം 2390, കോട്ടയം 2324, കണ്ണൂര്‍ 2297, ആലപ്പുഴ 2088, ഇടുക്കി 1046, പത്തനംതിട്ട 939, കാസര്‍ഗോഡ് 766, വയനാട് 655 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,980 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.88 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 68 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5814 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 316 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 32,627 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2743 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 4668, തിരുവനന്തപുരം 3781, മലപ്പുറം 3534, കോഴിക്കോട് 3728, തൃശൂര്‍ 3730, പാലക്കാട് 1180, കൊല്ലം 2377, കോട്ടയം 2080, കണ്ണൂര്‍ 2103, ആലപ്പുഴ 2085, ഇടുക്കി 981, പത്തനംതിട്ട 903, കാസര്‍ഗോഡ് 740, വയനാട് 637 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.115 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 36, കോഴിക്കോട് 13, തൃശൂര്‍ 12, പത്തനംതിട്ട, എറണാകുളം 10 വീതം, വയനാട്, കാസര്‍ഗോഡ് 7 വീതം, തിരുവനന്തപുരം, പാലക്കാട് 5 വീതം, കൊല്ലം 4, കോട്ടയം, ഇടുക്കി 3 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 29,318 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 2632, കൊല്ലം 2687, പത്തനംതിട്ട 933, ആലപ്പുഴ 2147, കോട്ടയം 1447, ഇടുക്കി 109, എറണാകുളം 3393, തൃശൂര്‍ 1929, പാലക്കാട് 3334, മലപ്പുറം 3621, കോഴിക്കോട് 4341, വയനാട് 187, കണ്ണൂര്‍ 1562, കാസര്‍ഗോഡ് 996 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 4,23,514 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. ഇന്ന് 10 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 2 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 796 ഹോട്ട് സ്പോട്ടുകളാണുള്ളത്.
സംസ്ഥാനത്ത് സ്ഥിതി രൂക്ഷം;ഇന്ന് 41971 പേർക്ക് കൊറോണ സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.25 ശതമാനം; 27,456 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 41,971 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 5492, തിരുവനന്തപുരം 4560, മലപ്പുറം 4558, തൃശൂർ 4230, കോഴിക്കോട് 3981, പാലക്കാട് 3216, കണ്ണൂർ 3090, കൊല്ലം 2838, ആലപ്പുഴ 2433, കോട്ടയം 2395, കാസർഗോഡ് 1749, വയനാട് 1196, പത്തനംതിട്ട 1180, ഇടുക്കി 1053 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,48,546 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.25 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 387 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 38,662 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2795 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 5305, തിരുവനന്തപുരം 4271, മലപ്പുറം 4360, തൃശൂർ 4204, കോഴിക്കോട് 3864, പാലക്കാട് 1363, കണ്ണൂർ 2794, കൊല്ലം 2827, ആലപ്പുഴ 2423, കോട്ടയം 2244, കാസർഗോഡ് 1706, വയനാട് 1145, പത്തനംതിട്ട 1137, ഇടുക്കി 1019 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.127 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 40, കാസർഗോഡ് 18, എറണാകുളം 17, തൃശൂർ, വയനാട് 9 വീതം, തിരുവനന്തപുരം, പത്തനംതിട്ട 8 വീതം, കൊല്ലം 6, പാലക്കാട് 5, കോഴിക്കോട് 3, ഇടുക്കി 2, കോട്ടയം മലപ്പുറം 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 27,456 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 2403, കൊല്ലം 1412, പത്തനംതിട്ട 478, ആലപ്പുഴ 772, കോട്ടയം 1404, ഇടുക്കി 316, എറണാകുളം 4052, തൃശൂർ 1686, പാലക്കാട് 3487, മലപ്പുറം 3388, കോഴിക്കോട് 4991, വയനാട് 591, കണ്ണൂർ 1856, കാസർഗോഡ് 620 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവിൽ ആകെ 788 ഹോട്ട് സ്പോട്ടുകളാണുള്ളത്.
കേരളത്തിന് 1.84 ലക്ഷം ഡോസ് വാക്സിൻ അനുവദിച്ച് കേന്ദ്രം; മൂന്ന് ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് എത്തും
ന്യൂഡൽഹി:കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കേരളത്തിന് അധിക ഡോസ് വാക്സിന് അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി 53.25 ലക്ഷം ഡോസ് കേന്ദ്ര സര്‍ക്കാര്‍ വിതരണം ചെയ്യുന്നുണ്ട്. ഇതില്‍ കേരളത്തിന് മാത്രം 1.84 ലക്ഷം വാക്സിന് നല്‍കുമെന്നാണ് അറിയിച്ചിട്ടുള്ളത്. മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ ഇത് വിതരണം ചെയ്യും. കഴിഞ്ഞാഴ്ച നാലേമുക്കാല്‍ ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്സിന് കേരളത്തിന് നല്‍കിയിരുന്നു.നാല് ലക്ഷം ഡോസ് കൊവിഷീല്‍ഡും 75000 ഡോസ് കൊവാക്സിനുമാണ് കഴിഞ്ഞാഴ്ച സംസ്ഥാനത്തിന് ലഭിച്ചത്. ഇതിന് പിന്നാലെയാണ് വീണ്ടും 1.84 ലക്ഷം ഡോസ് കൂടി നല്‍കിയിരിക്കുന്നത്.കേരളത്തില്‍ വാക്സിന് ക്ഷാമം ഉണ്ടാകില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയേയും അറിയിച്ചിരുന്നു. ഇതുവരെ 17.49 കോടി വാക്സിനുകളാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.
പോലീസ് പാസിന് ഓൺലൈൻ സംവിധാനം ശനിയാഴ്ച നിലവിൽ വരും;എങ്ങനെ അപേക്ഷിക്കാം? ആര്‍ക്കൊക്കെ ലഭിക്കും?
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ സമയത്ത് അവശ്യസർവ്വീസ് വിഭാഗത്തിൽപ്പെട്ടവർക്ക് യാത്ര ചെയ്യാന്‍ പൊലിസ് പാസ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഈ പാസ് ഇന്നു വൈകിട്ട് മുതല്‍ ലഭ്യമായിത്തുടങ്ങും. കേരള പൊലിസിന്റെ www.keralapolice.gov.in എന്ന വെബ്സൈറ്റ് മുഖേനയാണ് ഇതിനായി അപേക്ഷിക്കേണ്ടത്.പേര്, സ്ഥലം, യാത്രയുടെ ഉദ്ദേശം എന്നിവ പാസിനായി അപേക്ഷിക്കുമ്പോൾ രേഖപ്പെടുത്തണം. ഇത് പരിശോധിച്ച് സ്പെഷ്യല്‍ ബ്രാഞ്ചാണ് യാത്രാനുമതി നല്‍കുക.അനുമതി ലഭിക്കുന്ന മുറയ്ക്ക് അപേക്ഷകന്റെ മൊബൈല്‍ ഫോണിലേക്ക് ഒ.ടി.പി. വരികയും അനുമതി പത്രം ഫോണില്‍ ലഭ്യമാവുകയും ചെയ്യും. ഇതുപയോഗിച്ച് മാത്രമായിരിക്കും യാത്ര ചെയ്യാന്‍ സാധിക്കുക.മരണം, ആശുപത്രി ആവശ്യം, അടുത്ത ബന്ധുവിന്റെ വിവാഹം തുടങ്ങിയ അത്യാവശ്യങ്ങള്‍ക്കാണ് പാസ് അനുവദിക്കുക. ദിവസ വേതനക്കാര്‍, വീട്ടുജോലിക്കാര്‍ എന്നിവര്‍ക്കും അപേക്ഷിക്കാം. ഇവര്‍ നേരിട്ടോ, തൊഴിലുടമ വഴിയോ ആണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ആശുപത്രി ജീവനക്കാന്, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി അവശ്യ സേവന വിഭാഗങ്ങള്‍ക്ക് പാസില്ലാതെയും യാത്ര ചെയ്യാം. അവരുടെ സ്ഥാപനം നല്കുന്ന തിരിച്ചറിയില്‍ കാര്‍ഡ് കരുതണം.ഓണ്‍ലൈന്‍ സംവിധാനം ലഭ്യമാകുന്നതുവരെ സത്യപ്രസ്താവനയോ തിരിച്ചറിയല്‍ കാര്‍ഡുകളോ ഉപയോഗിച്ച് ആളുകള്‍ക്ക് യാത്ര ചെയ്യാം. അടിയന്തരമായി പാസ് ആവശ്യമുള്ളവര്‍ക്ക് സ്റ്റേഷന് ഹൗസ് ഓഫീസര്‍മാരെ നേരിട്ട് സമീപിച്ച് പാസിന് അപേക്ഷ നല്‍കാവുന്നതാണ്. ഇരുവശത്തേയ്ക്കും യാത്ര ചെയ്യുന്നതിനുള്ള പാസ് യാത്ര തുടങ്ങുന്ന സ്ഥലത്തുള്ള സ്റ്റേഷന് ഹൗസ് ഓഫീസര്‍ തന്നെ നല്‍കും.
സംസ്ഥാനത്ത് അടുത്തയാഴ്ച മുതല്‍ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ചെയ്യും
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്തയാഴ്ച മുതല്‍ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്.കിറ്റിലേക്കുള്ള ഉത്പന്നങ്ങള്‍ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായും അദ്ദേഹം പറഞ്ഞു.ലോക്ക്ഡൗണ്‍ കാലത്ത് യാതൊരു ക്ഷാമവും വിലക്കയറ്റവും ഉണ്ടാകില്ല. കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും തടയും. കഴിഞ്ഞ തവണ ലോക്ക്ഡൗണ്‍ കാലത്ത് സാധനങ്ങളെത്തിക്കാന്‍ ഏറെ പ്രശ്നങ്ങളും തടസങ്ങളുമുണ്ടായിരുന്നു. കപ്പലിലടക്കം ഭക്ഷ്യസാധനങ്ങള്‍ കൊണ്ടുവന്നാണ് വിതരണം നടത്തിയത്. ഇത്തവണ ചരക്ക് വാഹനങ്ങളെ തടയില്ലെന്നാണ് തീരുമാനം. അത് സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ജില്ലാഭരണകൂടത്തിന്റെ നിർദേശമനുസരിച്ച് റേഷന്‍ കാര്‍ഡില്ലാത്ത അതിഥി തൊഴിലാളികള്‍ക്കുള്ള ഭക്ഷ്യകിറ്റ് വിതരണം ചെയ്യും. അടച്ച് പൂട്ടലാണെന്നതിനാല്‍ തിരക്ക് കൂട്ടി സാധനങ്ങള്‍ വാങ്ങിക്കൂട്ടേണ്ട ആവശ്യമില്ല. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചെത്തി സാധനങ്ങള്‍ വാങ്ങാമെന്നും മന്ത്രി വ്യക്തമാക്കി.
ഇരിട്ടി ഹയർ സെക്കൻഡറി സ്കൂളിൽ കവർച്ച; 29 ലാപ്ടോപ്പുകൾ മോഷണം പോയി
കണ്ണൂർ: ഇരിട്ടി ഹയർ സെക്കൻഡറി സ്കൂളിൽ കവർച്ച.കമ്പ്യൂട്ടർ ലാബിൽ സൂക്ഷിച്ചിരുന്ന 29 ലാപ്ടോപ്പുകൾ മോഷണം പോയി.ഐടി പരീക്ഷ നത്തുന്നതിനായാണ് ഇത്രയും ലാപ്ടോപ്പുകൾ റൂമിൽ സജ്ജീകരിച്ചത്.ലാബിലുണ്ടായിരുന്ന മുഴുവൻ ലാപ്ടോപ്പുകളും മോഷ്ടാക്കൾ കവർന്നു. സ്കൂളിന്റെ പിറക് വശത്തുള്ള ഗ്രിൽസ് തകർത്ത് സ്കൂളിനുള്ളിൽ പ്രവേശിച്ച മോഷ്ടാക്കൾ തൊട്ടടുത്ത കംപ്യൂട്ടർ ലാബിന്റെ മുറിയുടെ ഗ്രില്ലിന്റേയും വാതിലിന്റേയും പൂട്ട് തകർത്താണ് ഉള്ളിൽ കയറിയത്. വാക്സിനേഷൻ സെന്ററായി നഗരസഭ സ്കൂൾ ഏറ്റെടുത്തിരുന്നു. ഇതേ തുടർന്ന് ഓഫീസ് പ്രവർത്തനം അനിശ്ചിത കാലത്തേയ്ക്ക് നിർത്തി വെച്ചിരിക്കുകയായിരുന്നു. ഇന്നലെ സ്കൂൾ ജീവനക്കാർ സ്കൂളിലെ പ്രധാന മുറികൾ പരിശോധിക്കവെയാണ് ലാപ്ടോപ്പുകൾ നഷ്ടമായത് തിരിച്ചറിഞ്ഞത്. പൊതുവിദ്യാഭ്യാസ വകുപ്പ് പല ഘട്ടങ്ങളായി നൽകിയ 25000 രൂപ മുതൽ 28000 രൂപ വരെ വിലമതിയ്ക്കുന്ന ലാപ്ടോപ്പുകളാണ് മോഷണം പോയത്. ഇതെല്ലാം കൂടി എട്ട് ലക്ഷത്തോളം രൂപ വിലവരും. കണ്ണൂരിൽ നിന്ന് ഡോഗ് സ്ക്വാഡും ഫൊറെൻസിക് വിദഗ്ധരും സ്കൂളിലെത്തി പരിശോധന നടത്തും. കഴിഞ്ഞ ലോക്ഡൗൺ സമയത്തും സ്കൂളിൽ മോഷണം നടന്നിരുന്നു. അന്ന് രണ്ട് കംപ്യൂട്ടറും രണ്ട് ലാപ്ടോപ്പും യുപിഎസുമാണ് മോഷണം പോയത്.