തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിതീവ്രമായ സാഹചര്യത്തില്‍ പുതിയ സര്‍കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടത്തുന്നതില്‍ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കൽ അസോസിയേഷന്.സത്യപ്രതിജ്ഞാ ചടങ്ങുകള്‍ വെര്‍ച്ചുവല്‍ പ്ലാറ്റ്ഫോമിലേക്ക് മാറ്റണമെന്നും ഇത്തരം ഒരു നടപടിയിലൂടെ പ്രതിരോധത്തിന്റെ വലിയൊരു സന്ദേശം ജനങ്ങളിലേക്ക് എത്തുമെന്നും ഐഎംഎ പുറത്തിറക്കിയ വാര്‍ത്തക്കുറുപ്പില്‍ വ്യക്തമാക്കുന്നു.തിരഞ്ഞെടുപ്പ് കാലത്ത് മതിയായ സുരക്ഷ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താതിരുന്നത് ഇപ്പോഴത്തെ കൊറോണ വ്യാപനത്തിന്റെ കാരണങ്ങളിലൊന്നാണ്. പുതിയ സര്‍ക്കാര്‍ ആള്‍ക്കൂട്ടം ഇല്ലാതെ വെര്‍ച്വല്‍ ആയി സത്യപ്രതിജ്ഞ നടത്തണമെന്നും അവര്‍ ആവശ്യപ്പെടുന്നു.കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ലോക് ഡൗണ്‍ നീട്ടിയ സര്‍കാര്‍ നടപടിയെ സംഘടന അഭിനന്ദിച്ചു. ലോക് ഡൗണിന്റെ ഫലപ്രതമായ വിന്ന്യാസവും, വാക്സിനേഷനുമാണ് രോഗവ്യാപനം തടയാനുള്ള മാര്‍ഗങ്ങള്‍ എന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നുണ്ട്. ഈ മാസം 20 നാണ് പിണറായി വിജയന് സര്‍കാരിന്റെ സത്യപ്രതിജ്ഞ നിശ്ചയിച്ചിരിക്കുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയം ചടങ്ങിന് വേദിയാകും. കോവിഡ് പ്രോട്ടോക്കോളുകള്‍ നിലനില്‍ക്കുന്നതിനാല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല. ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട 800 പേര്‍ക്കാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പ്രവേശനം അനുവദിച്ചിട്ടുള്ളത്. പുതിയ നിയമസഭയിലെയും പഴയ നിയമസഭയിലെയും അംഗങ്ങള്‍, സ്ഥാനം ഒഴിയുന്ന മന്ത്രിമാര്‍, പുതിയ മന്ത്രിമാരുടെ കുടുംബാംഗങ്ങള്‍, രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക, ചലച്ചിത്ര രംഗങ്ങളിലെ പ്രമുഖര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി 750 പേരെയാണു ചടങ്ങിലേക്ക് ഔദ്യോഗികമായി ക്ഷണിക്കുക.
ദേശീയ ഡെങ്കിപ്പനി വിരുദ്ധ ദിനാചരണം; സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ
തിരുവനന്തപുരം:ദേശീയ ഡെങ്കിപ്പനി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ ആചരിക്കാൻ മുഖ്യമന്ത്രിയുടെ അഭ്യർത്ഥന. സംസ്ഥാനത്ത് ഇപ്പോഴുള്ള മഴ ഡെങ്കിപ്പനി പടര്‍ത്താന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലും ഇനി വരുന്ന കാലവര്‍ഷവും കൂടി കണക്കിലെടുത്ത് വിടും പരിസരവും പൊതുയിടങ്ങളും ശുചീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നിട്ടിറങ്ങേണ്ടതാണ്. ഇതിനായാണ് നാളെ ഡ്രൈ ഡേ ആചരിക്കുന്നത്. ‘ഡെങ്കിപ്പനി പ്രതിരോധം വീട്ടില്‍ നിന്നാരംഭം’ എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. പൊതുജനങ്ങളില്‍ രോഗത്തെ കുറിച്ചും രോഗ നിയന്ത്രണ മാര്‍ഗങ്ങളെ കുറിച്ചും അവബോധം സൃഷ്ടിക്കുകയും രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ ജനപങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യുക, അതുവഴി രോഗാതുരത പരമാവധി കുറച്ചു കൊണ്ടുവരുന്നതിനും മരണം പൂര്‍ണമായി ഇല്ലാതാകുകയും ചെയ്യുക എന്നതാണ് ദിനാചരണത്തിന്റെ മുഖ്യമായ ലക്ഷ്യം.
ഈഡിസ് കൊതുകുകള്‍ വഴി പകരുന്ന ഒരു വൈറസ് രോഗമാണ് ഡെങ്കിപ്പനി. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് ഇത്തരം കൊതുകുകള്‍ മുട്ടയിട്ട് വളരുന്നത്.കൊതുകുവഴി മാത്രമേ ഡെങ്കിപ്പനി ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുകയുള്ളൂ. പകല്‍ നേരങ്ങളില്‍ കടിക്കുന്ന ഈഡിസ് കൊതുകുകളാണ് രോഗമുണ്ടാക്കുന്നത്. രോഗവാഹകരായ കൊതുക് കടിച്ച ഏകദേശം 3 മുതല്‍ 5 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം.ആകസ്മികമായി ഉണ്ടാവുന്ന കടുത്ത പനി, തലവേദന, കണ്ണിനുപുറകില്‍ വേദന, പേശികളിലും, സന്ധികളിലും വേദന, അഞ്ചാംപനിപോലെ നെഞ്ചിലും മുഖത്തും തടിപ്പുകള്‍, എന്നിവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍.ഇതിനു പുറമെ തുടര്‍ച്ചയായ വയറുവേദന, മൂക്ക്, വായ, മോണ, എന്നിവയില്‍ കൂടിയുള്ള രക്ത സ്രാവം, രക്തത്തോടുകൂടിയോ അല്ലാതെയോയുള്ള ഛര്‍ദി, അസ്വസ്ഥതയും ഉറക്കമില്ലായ്മയും, അമിതമായ ദാഹം, നാഡിമിടിപ്പ് കുറയല്‍ എന്നിവ ഗുരുതരമായ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളാണ്.പനിയും മുകളില്‍ പറഞ്ഞ രോഗലക്ഷണങ്ങളും കണ്ടാല്‍ രോഗി സമ്പൂർണ്ണ വിശ്രമം എടുക്കേണ്ടതാണ്. വീടുകളില്‍ ലഭ്യമായ പാനീയങ്ങള്‍, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന് വെള്ളം എന്നിവ ധാരാളമായി കുടിക്കണം. ഇതോടൊപ്പം ആരോഗ്യ പ്രവര്‍ത്തകരുമായോ ഇ-സഞ്ജീവനിയുമായോ ബന്ധപ്പെടേണ്ടതാണ്.
കണ്ണൂരില്‍ കനത്ത മഴയിൽ വ്യാപക നാശനഷ്ടം; ആറ് വീടുകള്‍ ഭാഗികമായി തകര്‍ന്നു
കണ്ണൂർ:കണ്ണൂരില്‍ കനത്ത മഴയിൽ വ്യാപക നാശനഷ്ടം. ആറ് വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഒന്‍പത് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. കനത്ത മഴയെ തുടര്‍ന്ന് താലൂക്കുകളില്‍ കണ്ട്രോള് റൂമുകള്‍ തുറന്നു. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മലയോര മേഖലയില്‍ കനത്ത ജാഗ്രതാ നിർദേശവും നല്‍കിയിട്ടുണ്ട്.അതേസമയം ടൗട്ടെ ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ കാസര്‍ഗോഡ്, കോഴിക്കോട്, വയനാട് ജില്ലകളില്‍ ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലമുള്ള അതിശക്തമായ കാറ്റും അതിശക്തമായ മഴയും കടല്‍ക്ഷോഭവും വരും മണിക്കൂറുകളിലും തുടരും.അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളില്‍ 40 കി.മി.വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് രാവിലെ 10 ന് പുറപ്പെടുവിച്ച ദിനാന്തരീക്ഷാവസ്ഥ റിപ്പോര്‍ട്ടില്‍ അറിയിച്ചു.
‘അതിജീവനത്തിന്റെ രാജകുമാരൻ’ നന്ദു മഹാദേവ വിടവാങ്ങി
തിരുവനന്തപുരം:അര്‍ബുദവുമായുള്ള പോരാട്ടത്തിനിടയിലും നിരവധി പേര്‍ക്ക് പ്രചോദനമേകിയ ധീര പോരാളി നന്ദു മഹാദേവ(27) വിടവാങ്ങി.കോഴിക്കോട് എംവിആര്‍ ആശുപത്രിയില്‍ ചിത്സയിലിരിക്കെ പുലർച്ചെ 3.30 മണിക്കായിരുന്നു അന്ത്യം. ക്യാന്‍സര്‍ ബാധിതര്‍ക്ക് ആശ്വാസം പകരുന്ന സമൂഹമാദ്ധ്യമ കൂട്ടായ്മകൊണ്ടാണ് നന്ദു ഏറെ ശ്രദ്ധേയനായത്. അര്‍ബുദം ബാധിച്ചശേഷമാണ് താന്‍ ജീവിക്കാന്‍ തുടങ്ങിയതെന്ന നന്ദുവിന്റെ വാക്കുകള്‍ കേരളത്തിലെ സമൂഹമാദ്ധ്യമലോകം ഏറ്റെടുക്കുകയായിരുന്നു.തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയായ നന്ദു ‘അതിജീവനം’ കൂട്ടായ്മയുടെ മുഖ്യസംഘാടകനായിരുന്നു. സമൂഹ മാധ്യമങ്ങളിലെ അതിജീവന സന്ദേശങ്ങളിലൂടെ നിരവധിപേര്‍ക്ക് പ്രത്യാശയും ആത്മവിശ്വാസവും പകര്‍ന്നുനല്‍കിയ നന്ദു ജീവിതത്തിന്റെ ഓരോ ഘട്ടവും സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ജീവിതത്തിന്റെ ഒരു ഘട്ടത്തിലും തോറ്റുപോകരുതെന്ന് പറഞ്ഞ് മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കുന്നയാളായിരുന്നു നന്ദു. അര്‍ബുദത്തോട് പടപൊരുതി നിരാശരായി തളര്‍ന്നുവീഴുന്ന നിരവധി പേർക്ക് നിറചിരിയോടെ നന്ദുനല്‍കിയിരുന്ന ആത്മവിശ്വാസം വളരെ വലുതായിരുന്നുവെന്നും ചികിത്സിക്കുന്ന സമയത്ത് അത്തരം ആത്മവിശ്വാസം മരുന്നിനേക്കാള്‍ ഫലം ചെയ്തിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. കാലുമായിബന്ധപ്പെട്ട് ആദ്യം തിരിച്ചറിഞ്ഞ അര്‍ബുദബാധയെ തുടര്‍ന്ന് ഇടതുകാല് മുറിച്ചുമാറ്റിയെങ്കിലും അര്‍ബുദം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേയ്ക്ക് ബാധിക്കുകയായിരുന്നു. രണ്ടുമാസം ആയുസ്സ് പറഞ്ഞിടത്തുനിന്ന് രണ്ടു വര്‍ഷം പോരാടിയാണ് നന്ദു മരണത്തിന് കീഴടങ്ങിയത്.
ഇന്ത്യയിലെ കോവിഡ് സാഹചര്യം ആശങ്കാജനകം; വരും ദിവസങ്ങളില്‍ മരണനിരക്കിൽ വന്‍ വര്‍ധനവ് ഉണ്ടാകും; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ഡല്‍ഹി: ഇന്ത്യയിലെ കോവിഡ് വ്യാപന സാഹചര്യം അതീവ ഗുരുതരമാണെന്നും മരണനിരക്കില്‍ വരും ദിവസങ്ങളില്‍ വന്‍ വര്‍ധനവ് ഉണ്ടാകുമെന്നും ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. സംസ്ഥാനങ്ങളിലെ പ്രതിദിന കണക്കുകളും ആശുപത്രികളിലെ അവസ്ഥകളും മരണനിരക്കുകളും എല്ലാം പരിശോധിക്കുമ്പോൾ ഇന്ത്യയിലെ സ്ഥിതി ആശങ്കാജനകമാകുകയാണെന്നാണ് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അധനോം ഗബ്രയേസസ് പറയുന്നത്. ആദ്യ വര്‍ഷത്തെ മഹാമാരിക്കാലത്തേക്കാള്‍ രൂക്ഷമായിരിക്കും രണ്ടാം തരംഗത്തിലേതെന്നും അദ്ദേഹം സൂചിപ്പിച്ചു.ഇത് ഇന്ത്യയില്‍ മാത്രമായി പരിമതിപ്പെടുന്നില്ല. നേപ്പാള്‍, ശ്രീലങ്ക, വിയറ്റ്നാം, കംബോഡിയ, തായ്ലാന്ഡ്, ഈജിപ്ത് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പുതിയ കോവിഡ് കേസുകളും മരണങ്ങളും വര്‍ധിക്കുകയാണ്. ആഫ്രിക്കയിലെ ചില രാജ്യങ്ങളിലും രോഗവ്യാപനം രൂക്ഷമാണ്. ഈ രാജ്യങ്ങള്‍ക്ക് സാധ്യമായ എല്ലാ സഹായങ്ങളും ലോകാരോഗ്യ സംഘടന നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യവര്‍ഷത്തേക്കാള്‍ കൂടുതല്‍ മാരകമായ കോവിഡ് രണ്ടാം മഹാമാരിയെയാണ് ലോകം നേരിടുന്നത്. വാക്സിന് വിതരണം ഇപ്പോഴും വെല്ലുവിളിയായി തുടരുകയാണ്. ആളുകളുടെ ജീവന് രക്ഷിച്ച് കോവിഡിനെ മറികടക്കാന്‍ പൊതുജനാരോഗ്യ നടപടികള്‍ക്കൊപ്പം വാക്സിനേഷന് മാത്രമാണ് ഒരേയൊരു വഴിയെന്നും ടെഡ്രോസ് അഥനോം പറഞ്ഞു.
പച്ചക്കറി ലോറിയില്‍ വന്‍ മദ്യക്കടത്ത്;18 പെട്ടി മദ്യവുമായി നാദാപുരം സ്വദേശി എക്സൈസ് പിടിയില്‍
കണ്ണൂർ:കര്‍ണാടകത്തില്‍ നിന്നും പച്ചക്കറി ലോറിയിൽ കടത്താൻ ശ്രമിച്ച 18 പെട്ടി മദ്യം എക്സൈസ് സംഘം പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവർ നാദാപുരം കല്ലാച്ചി സ്വദേശി സി. സി. രതീഷ് (39) നെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.മദ്യം കടത്താന്‍ ഉപയോഗിച്ച മിനിലോറിയും കസ്റ്റഡിയിലെടുത്തു. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് കൂട്ടുപുഴ എക്സൈസ് സംഘം അതിര്‍ത്തിയില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് മദ്യം പിടികൂടിയത്.വെള്ളിയാഴിച്ച രാവിലെ ഒന്‍പതു മണിയോടെയാണ് കര്‍ണാടകത്തില്‍ നിന്നും മാക്കൂട്ടം ചുരം വഴി പച്ചക്കറി യുമായി എത്തിയ മിനിലോറിയിൽ കിളിയന്തറയിലുള്ള കൂട്ടുപുഴ എക്സൈസ് സംഘം പരിശോധന നടത്തിയത്. പച്ചക്കറികള്‍ക്കിടയില്‍ ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു മദ്യം. 18 കാര്‍ഡ്ബോര്‍ഡ് പെട്ടികളിലായി 1296 പാക്കറ്റ് മദ്യമാണ് കണ്ടെടുത്തത്.ലോക്ക് ഡൗണിന്റെ ഭാഗമായി കേരളത്തില്‍ മദ്യശാലകള്‍ അടഞ്ഞു കിടക്കുന്ന പശ്ചാത്തലത്തില്‍ കര്‍ണ്ണാടകത്തില്‍ നിന്നും കടത്തിക്കൊണ്ടുവരുന്ന മദ്യം വലിയ വിലക്കാണ് ഇവിടങ്ങളില്‍ വിറ്റഴിക്കുന്നത്. അവശ്യവസ്തുക്കള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്ക് ലോക്ക്ഡൗണില്‍ ഇളവ് വരുത്തിയതും ഇവര്‍ക്ക് ഇത്തരം വാഹനങ്ങളെ കള്ളക്കടത്തിനായി ഉപയോഗിക്കാന്‍ സഹായകമാകുന്നു. പച്ചക്കറി ഉള്‍പ്പെടെയുള്ള നിരവധി ചരക്ക് വാഹനങ്ങളാണ് ദിനം പ്രതി കർണാടകത്തിൽ നിന്നും കേരളത്തിലേക്ക് എത്തിച്ചേരുന്നത്. പിടികൂടിയ മദ്യത്തിന് ഒരു ലക്ഷത്തോളം രൂപ വിലമതിക്കും. 24 മണിക്കൂറും ചെക്ക് പോസ്റ്റില്‍ പരിശോധന നടന്നു വരുന്നതായും വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും കൂട്ടുപുഴ എക്സൈസ് ഇന്‍സ്പെക്ടര്‍ കെ .എ. അനീഷ് പറഞ്ഞു. പ്രിവന്റീവ് ഓഫീസര്‍മാരായ പി. സി. ഷാജി, കെ .സി. ഷിജു, സി. പി. ഷനില്‍കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ടി. വി. ശ്രീകാന്ത്, എം.കെ. വിവേക്, പി.ജി. അഖില്‍, ഒ. റെനീഷ്, സി.വി. റിജിന്‍ തുടങ്ങിയവരും പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നു.
കണ്ണൂരിൽ വീട് വാടകയ്ക്ക് എടുത്ത് കഞ്ചാവ് വിൽപ്പന;യുവാവ് അറസ്റ്റിൽ
കണ്ണൂർ : കണ്ണൂരിൽ വീട് വാടകക്ക് എടുത്ത് മയക്കു മരുന്ന് വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ. പെരിങ്ങാടി സ്വദേശി ഹിറ മൻസിലിൽ എൻ കെ അശ്മീർ (29) എന്നയാളാണ് പിടിയിലായത്. 8കിലോയോളം കഞ്ചാവാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ടീമും, കണ്ണൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ ഷാഡോ ടീമും, എക്സൈസ് കമ്മീഷറുടെ ഉത്തര മേഖലാ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. സംസ്ഥാനത്ത് പുറത്ത് നിന്ന് കഞ്ചാവും മറ്റ് മയക്കു മരുന്നുകളും കടത്തിക്കൊണ്ടുവന്ന് ജില്ലയിൽ എത്തിച്ച് വിൽപ്പന ചെയ്യുകയായിരുന്നു പ്രതി.
ടൗട്ടെ ചുഴലിക്കാറ്റ് രൂപംകൊണ്ടു;ഇന്ന് 200 കിലോമീറ്റര്‍ വേഗതയാര്‍ജ്ജിക്കും; അഞ്ചു ജില്ലകളില്‍ റെഡ് അലര്‍ട്ട്
തിരുവനന്തുപുരം: തെക്കുകിഴക്കന്‍ അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ശക്തിപ്രാപിച്ച് ടൗട്ടെ ചുഴലിക്കാറ്റായി മാറി. ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറില്‍ കൂടുതല്‍ ശക്തിപ്രാപിച്ച് ശക്തമായ ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റായി രൂപം കൊണ്ടിരിക്കുന്ന ന്യൂനമര്‍ദ്ദം 200 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിക്കുമെന്നാണ് അമേരിക്കന്‍ ഉപഗ്രഹ റിപ്പോര്‍ട്ട്. കേരളത്തിനൊപ്പം ഗോവ, മഹാരാഷ്ട്ര, ലക്ഷദ്വീപ് പ്രദേശങ്ങളിലും കനത്ത ജാഗ്രതയാണ് പാലിക്കേണ്ടതെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ വകുപ്പറിയിച്ചു. നിലവില്‍ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ല. എന്നാല്‍ ന്യൂനമര്‍ദത്തിന്റെ സഞ്ചാരപഥം കേരള തീരത്തോട് വളരെ അടുത്ത് നില്ക്കുന്നതിനാല് കേരളത്തില്‍ മേയ് 15 മുതല്‍ 16 വരെയുള്ള ദിവസങ്ങളില്‍ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കടലാക്രമണം, ശക്തമായ ഇടിമിന്നല്‍ തുടങ്ങിയ അപകട സാധ്യതകളെ സംബന്ധിച്ചും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ കേരളതീരത്ത് മത്സ്യബന്ധനത്തിന് നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനം അതീവ ജാഗ്രതയിലാണ്. തീരപ്രദേശങ്ങളിലെല്ലാം വെള്ളം കയറിക്കൊണ്ടിരിക്കുന്നതിനാല്‍ നിരവധിപേരെ മാറ്റിപാര്‍പ്പിക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. കൊച്ചിയുടെ പടിഞ്ഞാറന്‍ തീരം, ചുഴലിക്കാറ്റ് ബാധിക്കാനിടയുണ്ടെന്ന് കരുതുന്ന കണ്ണൂര്‍, കാസര്‍ഗോഡ് തീരമേഖലയിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. ദുരന്തനിവാരണ സേനയ്ക്കൊപ്പം കരസേനയുടെ അഞ്ച് സംഘത്തെ വടക്കന്‍ ജില്ലകളിലേയ്ക്ക് വിന്യസിക്കാന്‍ തീരുമാനിച്ചതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. വ്യോമസേനയും രക്ഷാപ്രവര്‍ത്ത നമടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കൊച്ചികേന്ദ്രീകരിച്ച് സജ്ജമാണ്.
ന്യൂനമർദം ശക്തിപ്രാപിക്കുന്നു;സംസ്ഥാനത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത; തീരദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം
തിരുവനന്തപുരം: ന്യൂനമര്‍ദം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നാളെ രാത്രി 11:30 വരെ തീരദേശത്ത് ഉയര്‍ന്ന തിരമാലയ്ക്കും (2.8 മുതല്‍ 3.8 മീറ്റര്‍ വരെ ഉയരത്തില്‍) കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. ഈ സാഹചര്യത്തില്‍ മല്‍സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പുലര്‍ത്തണം. കേരള തീരത്ത് നിന്നുള്ള മല്‍സ്യബന്ധനം ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പൂര്‍ണമായും നിരോധിച്ചിരിക്കുകയാണ്. യാതൊരു കാരണവശാലും കടലില്‍ പോകാന്‍ പാടുള്ളതല്ല. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവർ അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. മല്‍സ്യബന്ധന യാനങ്ങള്‍ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
കണ്ണൂരില്‍ നാളെ റെഡ് അലര്‍ട്ട്; കോവിഡ് വാക്സിനേഷന് ഉണ്ടാവില്ല; രജിസ്റ്റര്‍ ചെയ്തവര്‍ക്ക് തിങ്കളാഴ്ച വാക്സിന് നല്‍മെന്നും ജില്ലാ ഭരണകൂടം
കണ്ണൂര്‍: കനത്തമഴയെ തുടര്‍ന്ന് നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച കണ്ണൂര്‍ ജില്ലയില്‍ നാളെ കോവിഡ് വാക്സിനേഷന് ഉണ്ടാവില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. വാക്സിനായി നാളെ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് തിങ്കളാഴ്ച നല്‍കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി വടക്കന്‍ കേരളത്തില്‍ നാളെ അതിശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം. ഇതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം ജില്ലകളില്‍ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് നാളെ നടക്കേണ്ട വാക്സിനേഷന് തിങ്കളാഴ്ചത്തേയ്ക്ക് മാറ്റിയത്.