കേരളത്തിലേക്കുള്ള രണ്ടാമത്തെ ഓക്‌സിജൻ ട്രെയിൻ കൊച്ചിയിലെത്തി

keralanews second oxygen train to kerala reached kochi

കൊച്ചി: കേരളത്തിലേക്കുള്ള രണ്ടാമത്തെ ഓക്‌സിജൻ ട്രെയിൻ കൊച്ചിയിലെത്തി. പുലർച്ചെ രണ്ട് മണിയോടെയാണ് ഒഡിഷ റൂര്‍ക്കേലയില്‍ നിന്ന് 128.66 മെട്രിക് ടണ്‍ ഓക്സിജനുമായി ഓക്സിജന്‍ എക്സ്പ്രസ് എത്തിയത്. കൊച്ചി വല്ലാര്‍പാടം കണ്ടെയിനര്‍ ടെര്‍മിനലില്‍ എത്തിച്ച ഓക്സിജന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്യും. ഏഴ് കണ്ടെയിനറുകളിലാണ് ഓക്സിജന്‍ എത്തിച്ചത്.118 മെട്രിക് ടൺ ഓക്‌സിജനുമായി കഴിഞ്ഞ ഞായറാഴ്ചാണ് ആദ്യ ട്രെയിൻ കൊച്ചിയിലെത്തിയത്. ഏപ്രിൽ 24 മുതലാണ് രാജ്യത്ത് ഓക്‌സിജനുമായി തീവണ്ടികൾ ഓടിത്തുടങ്ങിയത്. ഓക്‌സിജനുമായി വരുന്ന ട്രെയിനുകൾ തടസ്സമില്ലാതെ ഓടാൻ വേണ്ട ക്രമീകരണങ്ങൾ റെയിൽവേ ഏർപ്പെടുത്തിയിട്ടുണ്ട്. ആവശ്യമനുസരിച്ച്‌ കണ്‍ട്രോള്‍ റൂമില്‍ നിന്നും വിവരങ്ങള്‍ ലഭിക്കുന്നത് അനുസരിച്ചാണ് കണ്ടെയിനര്‍ ടെര്‍മിനലില്‍ നിന്ന് ഓക്സിജന്‍ നല്‍കുക.വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത പ്രത്യേക കണ്ടെയ്‌നർ ടാങ്കറുകളിലാണു ഓക്സിജൻ നിറച്ച് കൊണ്ടുവന്നത്. വാഗണിൽ ഉറപ്പിക്കുന്ന ഇത്തരം ടാങ്കറുകൾ കടന്നു പോകാൻ കേരളത്തിലെ ചില റെയിൽവേ മേൽപ്പാലങ്ങളുടെ അടിയിലെ ഉയരക്കുറവ് തടസമായില്ല.

ബ്ലാക്ക് ഫംഗസ് ബാധിച്ചവരില്‍ 70 ശതമാനവും പുരുഷന്‍മാര്‍;രോഗബാധ കൂടുതലും പ്രമേഹരോഗികളിൽ

keralanews about 70percentage of people with black fungus are men most of them are diabetics

ന്യൂഡൽഹി:രാജ്യത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ചവരില്‍ 70 ശതമാനവും പുരുഷന്‍മാരെന്ന് കണ്ടെത്തല്‍. ഇന്ത്യയിലെ നാല് ഡോക്ടര്‍മാര്‍ ചേര്‍ന്ന് ബ്ലാക്ക് ഫംഗസ് ബാധിച്ച 101 പേരില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. രോഗം കൂടുതലും കണ്ടെത്തിയത് പ്രമേഹ രോഗികളിലാണ്.പരിശോധന നടത്തിയ 101 പേരില്‍ 83 പേരും പ്രമേഹരോഗികളായിരുന്നു.ഇന്ത്യ, അമേരിക്ക, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രോഗികളെയാണ് പഠനവിധേയമാക്കിയത്.76 പേര്‍ സ്റ്റിറോയിഡ് മരുന്ന് കഴിച്ചിരുന്നു. 89 പേരില്‍ മൂക്കിലും സൈനസിലും ആണ് ഫംഗല്‍ ബാധ കണ്ടത്. ഇന്ത്യ, അമേരിക്ക, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രോഗികളെയാണ് പഠനവിധേയമാക്കിയത്. ഫംഗസ് ബാധയുടെ പശ്ചാത്തലത്തില്‍ കേരളം ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രമേഹ രോഗികളുള്ള കേരളത്തില്‍ ബ്ലാക്ക് ഫംഗസിനെ സൂക്ഷിക്കണമെന്നും കോവിഡ‍് വന്ന് രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണമെന്നും നേത്രരോഗ വിദഗ്ധന്‍ പറഞ്ഞു.ഫംഗസിനെത്തുടര്‍ന്ന് ഉത്തരാഖണ്ഡ് ഋഷികേശ് എയിംസില്‍ പ്രവേശിപ്പിച്ച 50 രോഗികളില്‍ 10 പേരുടെ കാഴ്ച ശക്തി പൂര്‍ണമായും നഷ്ടപ്പെട്ടതായും ഡോ. അതുല്‍ പറഞ്ഞു.കണ്ണ് വേദനയും കണ്ണിൽ നിന്ന് വെള്ളം വരുന്നതുമായ ലക്ഷണങ്ങൾ ഉള്ളവർ ഉടൻ ചികിൽസിക്കണമെന്ന് ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നു. ചികിത്സ വൈകിയാൽ കണ്ണ് ചലിക്കാതെ ആവുകയും കാഴ്ച പെട്ടെന്ന് ഇല്ലാതാവുകാണ് ചെയ്യുക. മൂക്ക് ചീറ്റുമ്പോൾ കറുത്ത നിറത്തിലുള്ളത് വരുന്നു എങ്കിൽ അതും ബ്ലാക്ക് ഫംഗസിൻറെ ലക്ഷണമാണെന്നാണ് വിദഗ്ധർ പറയുന്നത്. കൊറോണ ബാധിച്ച് പ്രതിരോധ ശേഷി ഇല്ലാതാകുന്നതോടെയാണ് ബ്ലാക്ക് ഫംഗസ് പിടികൂടുന്നതെന്നും വിദഗ്ധർ പറയുന്നത്.

സംസ്ഥാനത്ത് ഇത്തവണ കാലവർഷം നേരത്തെ; ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത

keralanews early monsoon this time in the state chance to form low pressure in bengal sea today

തിരുവനന്തപുരം : സംസ്ഥാനത്ത് ഇക്കുറി കാലവർഷം നേരത്തെ എത്തിച്ചേരും. ഈ മാസം 31 ന് തന്നെ സംസ്ഥാനത്ത് കാലവർഷം ആരംഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. കാലവർഷം ആന്തമാനിൽ എത്തിച്ചേർന്നതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.അടുത്ത 48 മണിക്കൂറിനുള്ളിൽ കാലവർഷം തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾകടലിലേക്കും ആന്തമാൻ നിക്കോബാർ ദ്വീപുകളിലേക്കും എത്തിച്ചേരാൻ സാധ്യതയുണ്ട്. ചക്രവാതചുഴി സമുദ്ര നിരപ്പിൽ നിന്ന് 3.1 കി.മീ – 5.8 കി.മീ ഉയരത്തിൽ തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ വ്യാപിച്ചുകിടക്കുകയാണ്. ഇതിൻ സ്വാധീനത്താൽ ഇന്ന് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടും. ഈ ന്യൂനമർദ്ദം വടക്കു പടിഞ്ഞാറ് സഞ്ചരിച്ചു ശക്തിപ്രാപിച്ചു തിങ്കളാഴ്ചയോട് കൂടി യാസ് ചുഴലിക്കാറ്റായി മാറാനും തുടർന്ന് വടക്കു പടിഞ്ഞാറ് സഞ്ചരിച്ച് തീവ്രതയേറി ഒഡിഷ – വെസ്റ്റ് ബംഗാൾ തീരത്തു ബുധനാഴ് രാവിലെ എത്താൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.മെയ് 21 മുതല്‍ തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും തെക്കന്‍ ആന്‍ഡമാന്‍ കടലിലും മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല. നിലവില്‍ ഈ പ്രദേശങ്ങളില്‍ ആഴക്കടല്‍ മല്‍സ്യ ബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മല്‍സ്യ തൊഴിലാളികള്‍ മെയ് 23 ഓടുകൂടെ തീരത്തെത്തുവാന്‍ നിര്‍ദേശം നല്‍കേണ്ടതാണ്.ന്യൂനമര്‍ദത്തിന്റെ പ്രതീക്ഷിക്കുന്ന സഞ്ചാര പഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ല.കേരളത്തില്‍ മെയ് 25 വരെ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഇന്ന് രൂപപ്പെടുന്ന പുതിയ ന്യൂനമര്‍ദം കേരളത്തിലേക്ക് കാലവര്‍ഷം വേഗത്തില്‍ എത്തുന്നതിന് അനുകൂലമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

സംസ്ഥാനത്ത് ലോക്ഡൗണ്‍‍ മേയ് 30വരെ നീട്ടി; മൂന്ന് ജില്ലകളിലെ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഒഴിവാക്കി; മലപ്പുറത്ത് ട്രിപ്പിൾ ലോക്ഡൗണ്‍ തുടരും

keralanews lockdown extended to may 30 in the state triple lockdown in three districts withdrawn

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍‍ മേയ് 30വരെ നീട്ടി.മലപ്പുറം ഒഴികെയുള്ള ജില്ലകളിലെ ട്രിപ്പിള്‍ ലോക്ഡൗണും ഒഴിവാക്കിയിട്ടുണ്ട്. എറണാകുളം, തൃശൂര്‍, തിരുവനന്തപുരം ജില്ലകളിലെ ട്രിപ്പിള്‍ ലോക്ഡൗണാണ് നാളെ മുതല്‍ ഒഴിവാക്കുന്നത്. മലപ്പുറത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലാണ്. അതിനാല്‍, ജില്ലയില്‍ കൂടുതല്‍ ശക്തമായ നിലപാട് സ്വീകരിക്കേണ്ടിവരുമെന്ന് പിണറായി പറഞ്ഞു.പോലീസിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം. അതിനായി ഐജി മലപ്പുറത്ത് ക്യാമ്പ് ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ്, ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, പോസ്റ്റല്‍ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, വനിതാ ശിശുക്ഷേമ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് എന്നിവിടങ്ങളിലെ ഫീല്‍ഡ് ജീവനക്കാരെ വാക്സിനേഷനുള്ള മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തും. തുറമുഖ ജീവനക്കാരെയും ഇതില്‍ പെടുത്തും.വിദേശത്ത് ജോലിക്കായോ പഠനത്തിനായോ പോകുന്നവര്‍ക്ക് വാക്സിനേഷന്‍ നിര്‍ബന്ധമാണെങ്കില്‍ അത് നല്‍കാന്‍ സംവിധാനമുണ്ടാക്കും. വിദേശത്ത് പോകുന്നവര്‍ക്ക് ആവശ്യമെങ്കില്‍ പാസ്പോര്‍ട്ട് നമ്പർ സര്‍ട്ടിഫിക്കറ്റില്‍ ചേര്‍ത്തുനല്‍കും.ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കാവശ്യമായ മരുന്നിന്‍റെ ലഭ്യത ഉറപ്പാക്കും. അതുസംബന്ധിച്ച്‌ ബോധവല്‍ക്കരണവും സംഘടിപ്പിക്കും.മെഡിസിന്‍ ആന്‍റ് അലൈഡ് സയന്‍സസിലെ ശാസ്ത്രജ്ഞര്‍ കോവിഡ് ചികിത്സക്കുള്ള ഒരു മരുന്ന് വികസിപ്പിച്ചെടുത്തിട്ടുണ്ട്.  ഇതിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറലിന്റെ അനുമതി ലഭിച്ചിട്ടുണ്ട്.അമിതമായി ഗുരുരമല്ലാത്ത കോവിഡ് രോഗികളുടെ ഓക്സിന്‍ ആശ്രയത്വം കുറക്കാന്‍ മരുന്ന് സഹായിക്കും. ഈ മരുന്നിന്‍റെ 50,000 ഡോസിനായി കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ഓര്‍ഡര്‍ നല്‍കി കഴിഞ്ഞിട്ടുണ്ട്. ജൂണില്‍ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.

വാക്സിനുകള്‍ ഉല്‍പാദിപ്പിക്കാനുള്ള സംവിധാനം ഇവിടെ സംഘടിപ്പിക്കാന്‍ വാക്സിന്‍ ഉല്‍പാദക മേഖലയിലെ വിദഗ്ദരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തി വരികയാണ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് വൈറോളജി കാമ്ബസ്സില്‍ വാക്സിന്‍ കമ്ബനികളുടെ ശാഖകള്‍ ആരംഭിക്കാന്‍ കഴിയുമോ എന്നാണ് പരിശോധിക്കുന്നത്. ഈ മേഖലയിലെ വിദഗ്ദര്‍ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സില്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് വൈറോളജി ശാസ്ത്രജ്ഞര്‍ എന്നിവരെ പങ്കെടുപ്പിച്ച്‌ വെബിനാര്‍ നടത്തി ഇതില്‍ ധാരണയിലെത്തും.എല്ലാ ആദിവാസി കോളനികളിലും അവശ്യസാധാനങ്ങളും മറ്റും കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. അടുത്ത അധ്യയനവര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ വാഹനങ്ങളില്‍ കൊണ്ടുപോകുന്നത് അവശ്യ സര്‍വീസാക്കും. പാഠപുസ്തക വിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.കൃഷിക്കാര്‍ക്ക് വിത്തിറക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കും. പ്രത്യേക ഇളവ് നല്‍കും. വിത്തിറക്കാനും കൃഷി പണിക്കും പോകുന്നവര്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് കയ്യില്‍ സൂക്ഷിക്കണം.

കേസുകളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും വരും ദിവസങ്ങളില്‍ കേരളത്തില്‍ മരണസംഖ്യ ഉയര്‍ന്നേക്കാമെന്നാണ് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. മെയ് 12ന് ആയിരുന്നു രണ്ടാമത്തെ തരംഗത്തില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.ആ തരത്തില്‍ ആ ദിവസങ്ങളിലുണ്ടായ രോഗബാധ മൂര്‍ച്ഛിക്കുകയും തല്‍ഫലമായ മരണങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നത് ഇപ്പോഴാണ്. അതിനാലാണ് രോഗവ്യാപനം കുറഞ്ഞിട്ടും മരണസംഖ്യ ആദ്യത്തേക്കാളും ഉയര്‍ന്നിരിക്കുന്നത്.ഇന്ന് രേഖപ്പെടുത്തുന്ന മരണങ്ങളില്‍ ഭൂരിഭാഗത്തിനും കാരണമായ രോഗബാധയുണ്ടായിരിക്കുന്നത് 2 മുതല്‍ 6 ആഴ്ച വരെ മുന്‍പായിരിക്കാം. അത്രയും ദിവസങ്ങള്‍ മുന്‍പ് രോഗബാധിതരായവരില്‍ പലര്‍ക്കും രോഗം ശക്തമാവുകയും ഓക്സിജനും വെന്‍റിലേറ്ററുകളുമൊക്കെ കൂടുതലായി ആവശ്യം വരികയും ചെയ്യുക ഈ ദിവസങ്ങളിലായിരിക്കും.അതിനാല്‍ എല്ലാ ആശുപത്രികളിലും ആവശ്യത്തിന് വെന്‍റിലേറ്ററുകള്‍, ഓക്സിജന്‍ ലഭ്യത, ഐസിയു കിടക്കകള്‍ എന്നിവയെല്ലാം ഉണ്ടെന്ന് ഓരോ ജില്ലാ കലക്ടര്‍മാരുടേയും നേതൃത്വത്തില്‍ അടിയന്തരമായി ഉറപ്പിക്കേണ്ടതാണ് എന്ന് നിര്‍ദേശിച്ചിട്ടുണ്ട്.നിര്‍ണായകമായ മൂന്നാഴ്ചകളാണ് നമുക്ക് മുന്‍പിലുള്ളത് എന്നു എല്ലാവരും ഓര്‍മിക്കണം.കാലവര്‍ഷം കടന്നുവരാന്‍ പോവുകയാണ്. ഡെങ്കിപ്പനി മൂന്നോ നാലോ വര്‍ഷങ്ങള്‍ കൂടുമ്ബോള്‍ ശക്തമാകുന്ന സ്വഭാവമുള്ള പകര്‍ച്ചവ്യാധിയാണ്. ഇതിനു മുന്‍പ് കേരളത്തില്‍ ഡെങ്കിപ്പനി വ്യാപകമായ തോതില്‍ ബാധിച്ചത് 2017ല്‍ ആണ്. അതിനാല്‍ ഈ വര്‍ഷം ആ രോഗം വീണ്ടും ശക്തമാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട്, തുടര്‍ന്നുള്ള എല്ലാ ഞായറാഴ്ചകളും ഡ്രൈഡേ ആയിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 29,673 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.22 ശതമാനം;41,032 പേർക്ക് രോഗമുക്തി

keralanews 29673 covid cases confirmed in the state today 41032 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 29,673 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരം 4151, മലപ്പുറം 3499, എറണാകുളം 3102, പാലക്കാട് 3040, കൊല്ലം 2745, തൃശൂർ 2481, കോഴിക്കോട് 2382, ആലപ്പുഴ 2072, കോട്ടയം 1760, കണ്ണൂർ 1410, ഇടുക്കി 1111, പത്തനംതിട്ട 878, കാസർഗോഡ് 650, വയനാട് 392 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,33,558 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.22 ആണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 215 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 27,353 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1976 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 3836, മലപ്പുറം 3363, എറണാകുളം 2984, പാലക്കാട് 1746, കൊല്ലം 2736, തൃശൂർ 2468, കോഴിക്കോട് 2341, ആലപ്പുഴ 2057, കോട്ടയം 1600, കണ്ണൂർ 1293, ഇടുക്കി 1068, പത്തനംതിട്ട 863, കാസർഗോഡ് 636, വയനാട് 362 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 129 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. പാലക്കാട് 30, കണ്ണൂർ 28, വയനാട് 13, എറണാകുളം 11, തിരുവനന്തപുരം 10, തൃശൂർ 8, കാസർഗോഡ് 7, കൊല്ലം, കോട്ടയം 6 വീതം, കോഴിക്കോട് 4, പത്തനംതിട്ട, ഇടുക്കി 3 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 41,032 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 4584, കൊല്ലം 5524, പത്തനംതിട്ട 1660, ആലപ്പുഴ 2104, കോട്ടയം 1486, ഇടുക്കി 1500, എറണാകുളം 3118, തൃശൂർ 6814, പാലക്കാട് 3055, മലപ്പുറം 4613, കോഴിക്കോട് 2450, വയനാട് 560, കണ്ണൂർ 2649, കാസർഗോഡ് 915 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇന്ന് 7 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവിൽ ആകെ 873 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

രാജ്യത്ത് പുതിയ ആശങ്കയായി ബ്ലാക്ക് ഫംഗസ്;13 സംസ്ഥാനങ്ങളിലായി 7250 പേർക്ക് രോഗം സ്ഥിരീകരിച്ചു; 219 മരണം

keralanews black fungus is the new concern in the country 7250 confirmed cases in 13 states 219 deaths

ന്യൂഡൽഹി: കൊറോണയ്ക്ക് പിന്നാലെ രാജ്യത്ത് പുതിയ പ്രതിസന്ധിയായി ബ്ലാക്ക് ബാധയും. ഇന്ത്യയില്‍ 13 സംസ്ഥാനങ്ങളിലായി. 7250 ബ്ലാക് ഫംഗസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 219 പേര്‍ ഈ ഫംഗസ് ബാധിച്ച്‌ മരിച്ചു. ബ്ലാക്ക് ഫംഗസ് രാജ്യത്ത് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 90 മരണങ്ങളും 1500 കേസുകളുമാണ് ഇവിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 61 പേർ മരണത്തിന് കീഴടങ്ങിയ ഗുജറാത്താണ് രണ്ടാമത്. 1163 കേസുകൾ ഇവിടെ റിപ്പോർട്ട് ചെയ്തു. മദ്ധ്യപ്രദേശിൽ 575 കേസുകളും 31 മരണങ്ങളും റിപ്പോർട്ട് ചെയ്തപ്പോൾ ഹരിയാനയിൽ 268 കേസുകളും എട്ടു മരണങ്ങളുമുണ്ടായി.ഡൽഹിയിൽ 203 കേസുകളും ഒരു മരണവും റിപ്പോർട്ട് ചെയ്തു. ഉത്തർ പ്രദേശിൽ എട്ടു പേർ രോഗം ബാധിച്ച് മരിച്ചു. 169 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. ബ്ലാക്ക് ഫംഗസ് കേസുകൾക്കായി ഡൽഹി സർക്കാർ മൂന്ന് സർക്കാർ ആശുപത്രികളിൽ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുള്ളതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കിയിട്ടുണ്ട്.ബീഹാറിൽ 103 കേസുകളും രണ്ടു മരണവും ഛത്തീസ്ഗഡിൽ 101 കേസുകളും ഒരു മരണവും റിപ്പോർട്ട് ചെയ്തു. കർണാടകയിൽ 97 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തെലുങ്കാനയിൽ 90 കേസുകളിലായി 10 മരണവും റിപ്പോർട്ട് ചെയ്തു. കേരളത്തിൽ ഒരു മരണവും 15 കേസുകളുമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.അതേസമയം ബ്ലാക് ഫംഗസിനെ അതീവ ജാഗ്രത വേണ്ട രോഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മ്യൂക്കോമിസൈറ്റ് എന്ന പൂപ്പലുകളാണ് ബ്ലാക് ഫംഗസ് രോഗത്തിന് കാരണം. പ്രതിരോധ ശേഷി കുറഞ്ഞവരെയും പ്രമേഹ രോഗികളെയുമാണ് ഇത് ഏറ്റവും കടുത്ത രീതിയില്‍ ബാധിക്കുക. ഇത് പക്ഷേ പകര്‍ച്ച വ്യാധിയല്ല. ചിലരില്‍ അപൂര്‍വമായി ഗുരുതരമായ അണുബാധയുണ്ടാക്കാം. വായുവില്‍ നിന്നാണ് പൂപ്പല്‍ ശ്വാസകോശത്തില്‍ കടക്കുന്നത്.

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സത്യപ്രതിജ്ഞക്കായി തയ്യാറാക്കിയ പന്തല്‍ പൊളിക്കില്ല; വാക്‌സിനേഷന്‍ കേന്ദ്രമാക്കി മാറ്റാന്‍ തീരുമാനം

keralanews pavilion prepared for swearing in ceremony at central stadium will not be demolished decision to turn it into a vaccination center

തിരുവനന്തപുരം:രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞക്കായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തയ്യാറാക്കിയ പന്തല്‍ വാക്‌സിനേഷന്‍ കേന്ദ്രമാക്കി മാറ്റാന്‍ തീരുമാനം. ഇത് സംബന്ധിച്ച്‌ ഇന്ന് ഉത്തരവ് ഇറക്കും.80,000 ചതുരശ്രയടി വിസ്താരമുള്ള കൂറ്റന്‍ പന്തലാണ് കഴിഞ്ഞ ദിവസം നടന്ന സത്യപ്രതിജ്ഞക്കായി ഒരുക്കിയിരുന്നത്. 5000 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണ് പന്തല്‍. നല്ല വായു സഞ്ചാരം കിട്ടുന്ന സ്ഥലമാണ്. നിലവിലെ സാഹചര്യത്തില്‍ സ്റ്റേഡിയത്തില്‍ തല്‍ക്കാലം കായിക പരിപാടികള്‍ നടക്കാനില്ലാത്തതിനാല്‍ ഈ പന്തല്‍ വാക്‌സിനേഷനായി ഉപയോഗിച്ചാല്‍ തിരക്ക് ഒഴിവാക്കാം.കൊവിഡ്-19 പശ്ചാത്തലത്തില്‍ പന്തല്‍ പൊളിക്കരുതെന്ന് കോണ്‍ഗ്രസ് നേതാവും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന ഡോ.എസ്‌എസ് ലാല്‍ ആവശ്യപ്പെട്ടിരുന്നു. ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വയോധികരടക്കമുള്ളവരുടെ നീണ്ട നിരയാണ് വാക്സിനേഷനായി കാണുന്നത്. ഇവകൂടി പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനം.

രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിലെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വകുപ്പുകള്‍ നിശ്ചയിച്ച്‌ ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങി;കൂടുതൽ വകുപ്പുകൾ മുഖ്യമന്ത്രിക്ക്

keralanews official notification issued appointing portfolios of chief minister and ministers in second ldf government

തിരുവനന്തപുരം: രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിലെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വകുപ്പുകള്‍ നിശ്ചയിച്ച്‌ സര്‍ക്കാരിന്റെ ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങി. സത്യപ്രതിജ്ഞക്ക് ശേഷം ഇന്നലെ രാത്രി വൈകിയാണ് പൊതുഭരണ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചത്.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വകുപ്പുകള്‍

  • പിണറായി വിജയന്‍: പൊതുഭരണം, ആഭ്യന്തരം, വിജിലന്‍സ്, ഐടി, ആസൂത്രണം, മെട്രോ, ശാസ്ത്ര-സാങ്കേതിക-പരിസ്ഥിതി, മലിനീകരണ നിയന്ത്രണം, വിമാനത്താവളങ്ങള്‍, ഫയര്‍ ഫോഴ്സ്, ജയില്‍, സൈനിക ക്ഷേമം, അന്തര്‍ നദീജല, ഇന്‍ലന്റ് നാവിഗേഷന്‍, ന്യൂനപക്ഷ ക്ഷേമം, നോര്‍ക്ക, ഇലക്ഷന്‍ തുടങ്ങിയവയും മറ്റു മന്ത്രിമാര്‍ക്ക് നല്‍കാത്ത വകുപ്പുകളും.
  • കെ.എന്‍.ബാലഗോപാല്‍: ധനകാര്യം, ട്രഷറി, ഓഡിറ്റ്, കെഎഫ്സി, ദേശീയ സമ്ബാദ്യം, വാണിജ്യ നികുതി, കാര്‍ഷികാദായ നികുതി, ലോട്ടറി, ഓഡിറ്റ്, സംസ്ഥാന ഇന്‍ഷുറന്‍സ്, സ്റ്റാംപ് ഡ്യൂട്ടി
  • വീണ ജോര്‍ജ്: ആരോഗ്യം, കുടുംബ ക്ഷേമം, മെഡിക്കല്‍ വിദ്യാഭ്യാസം, മെഡിക്കല്‍ സര്‍വകലാശാല, ആയുഷ്, ഡ്രഗ്സ് കണ്‍ട്രോള്‍, വനിതാ ശിശു ക്ഷേമം.
  • രാജീവ്: നിയമം, വ്യവസായം, വാണിജ്യം, മൈനിങ് ആന്റ് ജിയോളജി, ഹാന്റ്ലൂം ആന്റ് ടെക്സ്റ്റൈല്‍, ഖാദി ആന്റ് വില്ലേജ് ഇന്റസ്ട്രീസ്, കയര്‍, കശുവണ്ടി, പ്ലാന്റേഷന്‍ ഡയറക്ടറേറ്റ്
  • കെ.രാധാകൃഷണന്‍: ദേവസ്വം, പാര്‍ലമെന്ററികാര്യം, പിന്നാക്ക ക്ഷേമം
  • ആര്‍.ബിന്ദു: ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, സര്‍വകലാശാലകള്‍ (കൃഷി, മൃഗസംരക്ഷണം, മെഡിക്കല്‍, ഡിജിറ്റല്‍ സര്‍വകലകള്‍ ഇല്ല) പ്രവേശന പരീക്ഷ, എന്‍സിസി, എഎസ്‌എപി, സാമൂഹികനീതി
  • വി.ശിവന്‍കുട്ടി: പൊതുവിദ്യാഭ്യാസം, തൊഴില്‍, ഫാക്ടറീസ് ആന്റ് ബോയ്‌ലേഴ്സ്, ഇന്റസ്ട്രിയല്‍ ട്രൈബ്യൂണല്‍, സാക്ഷരത, ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസ്, ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍, ലേബര്‍ കോടതികള്‍
  • എം.വി.ഗോവിന്ദന്‍: എക്സൈസ്, തദ്ദേശ സ്വയംഭരണം(പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍), ഗ്രാമ വികസനം, നഗരാസൂത്രണം, കില, ഗ്രാമീണ വികസനം
  • പി.എ.മുഹമ്മദ് റിയാസ്: പൊതുമരാമത്ത്, ടൂറിസം
  • വി.എന്‍. വാസവന്‍: സഹകരണം, രജിസ്ട്രേഷന്‍
  • സജി ചെറിയാന്‍: ഫിഷറീസ്, തുറമുഖ എന്‍ജിനീയറിങ്, ഫിഷറീസ് സര്‍വകലാശാല, സാംസ്കാരികം, ചലച്ചിത്ര അക്കാദമി, ചലച്ചിത്ര വികസന കോര്‍പറേഷന്‍, യുവജനകാര്യം
  • വി.അബ്ദുറഹ്‌മാന്‍: കായികം, വഖഫ്, ഹജ്ജ് തീര്‍ത്ഥാടനം, റയില്‍വെ, പോസ്റ്റ് ആന്‍ഡ് ടെലിഗ്രാഫ്
  • കെ.രാജന്‍: റവന്യു, സര്‍വേ, ലാന്റ് റെക്കോര്‍ഡ്സ്, ഭൂപരിഷ്കരണം, ഭവന നിര്‍മാണം
  • പി.പ്രസാദ്: കൃഷി, മണ്ണ് സംരക്ഷണം, കാര്‍ഷിക സര്‍വകലാശാല, വെയര്‍ ഹൗസിങ് കോര്‍പറേഷന്‍
  • ജി.ആര്‍. അനില്‍: ഭക്ഷ്യ സിവില്‍ സപ്ലൈസ്, ഉപഭോക്തൃകാര്യം, ലീഗല്‍ മെട്രോളജി
  • ജെ.ചിഞ്ചുറാണി: ക്ഷീരവികസനം, മൃഗസംരക്ഷണം, ക്ഷീര സഹകരണ സംഘങ്ങള്‍, മൃശാല, കേരള വെറ്റററിനറി ആന്‍ഡ് ആനമല്‍ സയന്‍സസ് സര്‍വകലാശാല
  • റോഷി അഗസ്റ്റിന്‍: ജലവിതരണ വകുപ്പ്, ജലസേചനം, ഭൂഗ ജല വകുപ്പ്, കമാന്‍ഡ് ഏരിയ ഡവലപ്മെന്റ്
  • കെ.കൃഷ്ണന്‍കുട്ടി: വൈദ്യുതി, അനര്‍ട്ട്
  • എ.കെ.ശശീന്ദ്രന്‍: വനം, വന്യജീവി സംരക്ഷണം
  • ആന്റണി രാജു: റോഡ് ഗതാഗതം, മോട്ടോര്‍ വെഹിക്കിള്‍, ജലഗതാഗതം
  • അഹമ്മദ് ദേവര്‍കോവില്‍: തുറമുഖം, മ്യൂസിയം, പുരാവസ്ഥ വകുപ്പുകള്‍

പഞ്ചാബിൽ പരിശീലന പറക്കലിനിടെ വ്യോമസേന‍യുടെ മിഗ് വിമാനം തകർന്നു വീണ് പൈലറ്റ് മരിച്ചു

keralanews pilot dies after air force mig plane crashes during training sortie in punjab

പഞ്ചാബ്: പഞ്ചാബിൽ പരിശീലന പറക്കലിനിടെ വ്യോമസേന‍യുടെ മിഗ് വിമാനം തകർന്നു വീണ് പൈലറ്റ് മരിച്ചു.മോഗ ജില്ലയിലെ ലാംഗിയാന ഗ്രാമത്തില്‍ ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം സംഭവിച്ചത്. സ്‌ക്വാഡ്രണ്‍ ലീഡര്‍ അഭിനവ് ചൗധരിയാണ് വീരമൃത്യു വരിച്ചത്.പതിവ് പരിശീലന പറക്കലിനിടെയാണ് വിമാനം അപകടത്തില്‍ പെടുന്നത്. സാങ്കേതിക തകരാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.രാജ്യത്ത് ഈ വര്‍ഷം നടക്കുന്ന മൂന്നാമത്തെ മിഗ് 21 വിമാന അപകടമാണിത്. മാര്‍ചില്‍ നടന്ന അപകടത്തില്‍ ഗ്രൂപ് ക്യാപ്റ്റനായിരുന്ന എ ഗുപ്ത കൊല്ലപ്പെട്ടിരുന്നു.  അതിന് മുന്‍പ് ജനുവരിയില്‍ രാജസ്ഥാനിലെ സുറത്ത്ഗഡില്‍ മിഗ് 21 വിമാനം തകര്‍ന്നുവീണിരുന്നെങ്കിലും പൈലറ്റ് രക്ഷപ്പെട്ടിരുന്നു.

മുംബൈ ബാർജ് അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി;25 പേർക്കായുള്ള തെരച്ചിൽ തുടരുന്നു

keralanews number of malayalees died in mumbai barge accident rises to three search for 25 people continues

മുംബൈ: ടൗട്ടേ ചുഴലിക്കാറ്റില്‍ മുംബൈയിലുണ്ടായ ബാര്‍ജ് അപകടത്തില്‍ മരിച്ച ഒരു മലയാളിയെ കൂടി തിരിച്ചറിഞ്ഞു.വയനാട് വടുവഞ്ചാൽ സ്വദേശി സുമേഷാണ് മരിച്ചത്. ബോസ്റ്റഡ് കൺട്രോൾ ആൻഡ് ഇലക്ട്രിക്കൽസിലെ ജീവനക്കാരനായിരുന്നു സുമേഷ്. ഇതോടെ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി.വയനാട് കല്‍പ്പറ്റ സ്വദേശി ജോമിഷ് ജോസഫ്(35), കോട്ടയം ചിറക്കടവ് മൂങ്ങാത്രക്കവല അരിഞ്ചിടത്ത് സസിന്‍ ഇസ്മയില്‍ എന്നിവരാണ് മരിച്ച മറ്റ് മലയാളികള്‍. അപകടത്തിൽപ്പെട്ട 25 പേരെക്കൂടിയാണ് ഇനി കണ്ടെത്താനുള്ളത്. അപകടത്തിൽ ആകെ മരണം 49 ആയി. പലരുടെയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. 188പേരെ ഇതുവരെ നാവികസേന രക്ഷപെടുത്തി.രക്ഷാപ്രവർത്തനം അഞ്ചാം ദിവസവും പുരോഗമിക്കുകയാണ്. ഐഎൻഎസ് കൊൽക്കത്ത, ഐഎൻഎസ് കൊച്ചി തുടങ്ങിയ നാവിക സേനാ കപ്പലുകളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. ചൊവാഴ്ച്ചയാണ് ടൗട്ടേ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ മുംബൈ ഹൈ റിഗിലെ ബാർജുകൾ അപകടത്തിൽപ്പെട്ടത്. അതിനിടെ ചുഴലിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പുണ്ടായിട്ടും അവഗണിച്ചതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തൽ.