വാക്‌സിന്‍ നയത്തില്‍ മാറ്റം വരുത്തി കേന്ദ്രം; ഇനി 18 നും 45 വയസ്സിനും ഇടയിൽ പ്രായത്തിലുള്ളവര്‍ക്ക് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ സ്‌പോട്ട് രജിസ്‌ട്രേഷന് സൗകര്യം

keralanews center changes vaccine policy spot registration facility at vaccination centers for those between 18 and 45 years of age

ന്യൂഡല്‍ഹി:രാജ്യത്ത് വാക്സിന്‍ നയത്തില്‍ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍. ഇനിമുതല്‍ 18 മുതല്‍ 44 വയസുവരെയുള്ളവര്‍ക്ക് വാക്സിനേഷന്‍ കേന്ദ്രത്തിലെത്തി നേരിട്ട് രജിസ്റ്റര്‍ ചെയ്യാം. സര്‍ക്കാര്‍ വാക്സിന്‍ കേന്ദ്രങ്ങളില്‍ മാത്രമേ ഇതിന് സൗകര്യമുണ്ടാകൂ. വാക്സിന്‍ പാഴാക്കുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി.ഇതുവരെ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് വാക്സിന്‍ ലഭിച്ചിരുന്നത്. ബുക്ക് ചെയ്യുമ്പോൾ അനുവദിക്കുന്ന ദിവസം വാക്സിനേഷന്‍ കേന്ദ്രത്തില്‍ എത്തിയാണ് വാക്സിന്‍ സ്വീകരിച്ചത്. പുതുക്കിയ നിര്‍ദേശമനുസരിച്ച്‌ രജിസ്റ്റര്‍ ചെയ്ത് വരാതിരിക്കുന്നവരുടെ വാക്സിന്‍ നേരിട്ടെത്തുന്നവര്‍ക്ക് ലഭിക്കുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ലഭ്യമാകാത്തവരെ കൂടി കണക്കിലെടുത്താണ് നടപടി. പതിനെട്ടിനും നാല്‍പ്പത്തിയഞ്ചിനും മധ്യേ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ വൈകുന്നുവെന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വാക്‌സിന്‍ നയം. സ്വകാര്യ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ നിലവിലുള്ളതുപോലെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ വഴി മാത്രമായിരിക്കും നിലവില്‍ വാക്സിന്‍ വിതരണം.അതാത് സസ്ഥാനങ്ങളിലെ സാഹചര്യം അനുസരിച്ച്‌ സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനിക്കുന്നത് അനുസരിച്ചാവും നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അനുമതിയെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു.

യാസ് ചുഴലിക്കാറ്റ്; കേരളത്തിലേക്ക് ഉള്ളതടക്കം 25 ട്രെയിനുകള്‍ റദ്ദാക്കി റെയില്‍വേ

keralanews yaas hurricane railways cancels 25 trains including to kerala

തിരുവനന്തപുരം: യാസ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലേക്ക് ഉള്ളതടക്കം 25 ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കി.കേരളത്തിലേക്കുള്ള എറണാകുളം – പാറ്റ്‌ന, തിരുവനന്തപുരം – സില്‍ച്ചാര്‍ എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.കര തൊടാനിരിക്കുന്ന യാസ് ചുഴലിക്കാറ്റിന് മുന്നോടിയായി ഒഡീഷ, പശ്ചിമ ബംഗാള്‍, ആന്‍ഡമാന്‍ തീരത്ത് കനത്ത മഴയാണ് അനുഭവപ്പെടുന്നത്. അതേസമയം ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യുനമര്‍ദ്ദം, അതിതീവ്ര ന്യുനമര്‍ദ്ദമായി മാറി. ഇത് ഇന്നോടെ യാസ് ചുഴലിക്കാറ്റാകുമെന്നാണ് മുന്നറിയിപ്പ്. ബുധനാഴ്ചയോടെ വടക്കന്‍ ഒഡീഷ -പശ്ചിമ ബംഗാള്‍ തീരം വഴി യാസ് കര തൊടുമെന്നാണ് വിലയിരുത്തല്‍. യാസ് ചുഴലിക്കാറ്റ് രൂപം കൊണ്ടതോടെ ഒഡീഷ, പശ്ചിമ ബംഗാള്‍, ആന്‍ഡമാന്‍ തീരത്ത് കനത്ത മഴയാണ്.യാസ് ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ലെങ്കിലും കേരളത്തില്‍ ഇന്ന് മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ചുഴലിക്കാറ്റിന്റെ സാന്നിധ്യം മൂലം കേരളത്തിലെ മധ്യ-തെക്കന്‍ ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കണ്ണൂർ ജില്ലയില്‍ വീണ്ടും ഡെങ്കിപ്പനി; ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍

keralanews dengue outbreak in kannur district again authorities issued alert

കണ്ണൂര്‍: ജില്ലയില്‍ ആറളം, ചെമ്പിലോട്, പയ്യാവൂര്‍, ചെറുപുഴ, അഞ്ചരക്കണ്ടി തുടങ്ങിയ സ്ഥലങ്ങളില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും രോഗപകര്‍ച്ച തടയാനുള്ള പ്രതിരോധ നടപടികള്‍ കൈക്കൊള്ളണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ നാരായണ നായ്ക് അറിയിച്ചു.കാലാവസ്ഥ വ്യതിയാനം, അലക്ഷ്യമായി മാലിന്യം വലിച്ചെറിയാൻ, ഇടയ്ക്കിടെ ഉണ്ടാവുന്ന മഴ, കൊതുകിന്റെ പ്രജനന കേന്ദ്രങ്ങളിലുണ്ടായിട്ടുള്ള വലിയ വര്‍ധനവ്, വര്‍ധിച്ചുവരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, വര്‍ധിച്ചു വരുന്ന മാലിന്യ പ്രശ്‌നങ്ങള്‍, മാലിന്യ സംസ്‌കരണത്തിന് ശാസ്ത്രീയമായ സംവിധാനമില്ലായ്മ, തോട്ടങ്ങളിലെ കൊതുകു പ്രജനന സാധ്യതകള്‍ ഒഴിവാക്കുന്നതിനുള്ള പരിമിതികള്‍ തുടങ്ങിയവയാണ് രോഗ വ്യാപനത്തിനുള്ള പ്രധാന കാരണങ്ങള്‍.പെട്ടെന്നുള്ള പനി, കഠിനമായ തലവേദന, കണ്ണുകള്‍ക്കു പിറകില്‍ വേദന, സന്ധികളിലും പേശികളിലും വേദന, അഞ്ചാംപനി പോലെ നെഞ്ചിലും മുഖത്തും തടിപ്പ് എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. പകല്‍ നേരങ്ങളില്‍ കടിക്കുന്ന ഈഡിസ് കൊതുകകളാണ് ഈ രോഗം പരത്തുന്നത്.ഈഡിസ് കൊതുകുകള്‍ സാധാരണയായി മുട്ടയിട്ടു വളരുന്ന സ്ഥലങ്ങളായ ചിരട്ട, ടയര്‍, കുപ്പി, ഉപയോഗശൂന്യമായ പാത്രങ്ങള്‍, വെള്ളം കെട്ടി നില്‍ക്കാനിടയുള്ള മറ്റു സാധനങ്ങള്‍ തുടങ്ങിയവ ശരിയായ രീതിയില്‍ സംസ്‌ക്കരിക്കുകയോ വെള്ളം വീഴാത്ത സ്ഥലങ്ങളില്‍ സൂക്ഷിക്കുകയോ ചെയ്യണം.വീടിനു ചുറ്റും കാണുന്ന പാഴ്‌ച്ചെടികള്‍, ചപ്പുചവറുകള്‍ എന്നിവ നീക്കം ചെയ്യുക.കുളങ്ങള്‍, ടാങ്കുകള്‍, താല്‍ക്കാലിക ജലാശയങ്ങള്‍ മുതലായവയില്‍ കൂത്താടിഭോജി മത്സ്യങ്ങളായ മാനത്തുകണ്ണി, ഗപ്പി, ഗംബൂസിയ തുടങ്ങിയവയെ നിക്ഷേപിക്കുക.ഈഡിസ് കൊതുകിന്റെ കടിയേല്‍ക്കാതിരിക്കാന്‍ പകല്‍ സമയത്ത് ഉറങ്ങുന്നവര്‍ കൊതുകുവല ഉപയോഗിക്കുക. കീടനാശിനിയില്‍ മുക്കിയ കൊതുകുവല ഉപയോഗിക്കുന്നതാണ് ഉത്തമം.കൊതുകിനെ അകറ്റുവാന്‍ കഴിവുള്ള ലേപനങ്ങള്‍ ദേഹത്ത് പുരട്ടുക.ശരീരം നന്നായി മൂടിയിരിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുക. ജനല്‍, വാതില്‍, വെന്റിലേറ്റര്‍ മുതലായവയില്‍ കൊതുക് കടക്കാതെ വല ഘടിപ്പിക്കുകയും ചെയ്യണം.

പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചു; സത്യപ്രതിജ്ഞയെടുത്ത് എംഎല്‍എമാര്‍

keralanews first session of the 15th kerala legislative assembly begins mlas sworn in

തിരുവനന്തപുരം:പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചു. എംഎല്‍എമാരുടെ സത്യപ്രതിജ്ഞയാണ് ഇപ്പോള്‍ സഭയില്‍ നടക്കുന്നത്. ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ. സഭയില്‍ 140 അംഗങ്ങളില്‍ 53 പേര്‍ പുതുമുഖങ്ങളാണ്. വള്ളിക്കുന്ന് മണ്ഡലത്തില്‍ നിന്ന് സഭയിലെത്തിയ അബ്ദുള്‍ ഹമീദ് മാസ്റ്ററാണ് ആദ്യം പ്രതിജ്ഞയെടുത്തത്. പ്രോട്ടേം സ്പീക്കറായ കുന്നമംഗലം എംഎല്‍എ പിടിഎ റഹിമാണ് എംഎല്‍മാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്. കഴിഞ്ഞ നിയമസഭയില്‍ അംഗങ്ങളായിരുന്ന 75 പേര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 12-ാം തവണ തുടര്‍ച്ചയായി സഭയിലെത്തുന്ന ഉമ്മന്‍ചാണ്ടിയാണ് സീനിയര്‍. 53 പേര്‍ പുതുമുഖങ്ങളാണ്. കോവിഡ് ബാധിതരായ യു പ്രതിഭ, കെ ബാബു, എം വിന്‍സെന്‍റ് എന്നിവര്‍ സത്യപ്രതിജ്ഞക്കെത്തില്ല. ഇവരുടെ സത്യപ്രതിജ്ഞ പിന്നീട് നടക്കും. സത്യപ്രതിജ്ഞ കഴിഞ്ഞാല്‍ അംഗങ്ങള്‍ സഭാ രജിസ്ട്രറിൽ ഒപ്പുവെച്ചശേഷം ഇരിപ്പിടങ്ങളിലേക്ക് മടങ്ങണം. സത്യപ്രതിജ്ഞക്ക് ശേഷം സഭ ഇന്ന് പിരിയും.സ്പീക്കറെ തിരഞ്ഞെടുക്കുന്നത് ചൊവ്വാഴ്ചയാണ്. നാമനിര്‍ദേശ പത്രിക ചൊവ്വാഴ്ച ഉച്ചവരെ നല്‍കാം. തൃത്താല എംഎല്‍എ എംബി രാജേഷാണ് എല്‍ഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി. കുണ്ടറ എംഎല്‍എ പിസി വിഷ്ണുനാഥാണ് യുഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി.26, 27 തിയതികളില്‍ സഭ ചേരില്ല. 28ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപനം നടത്തും. തുടര്‍ന്ന് ജൂണ്‍ നാലിന് രണ്ടാം പിണറായി സര്‍ക്കാരിന്റെ ബജറ്റ് അവതരണം ഉണ്ടാകും. ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പുതുക്കിയ ബജറ്റ് അവതരിപ്പിക്കും. 14-ാം തിയതി വരെയാണ് സഭ ചേരുന്നത്.

സംസ്ഥാനത്തെ എസ് എസ് എല്‍ സി ഐടി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഒഴിവാക്കും; മൂല്യനിര്‍ണയം ജൂണ്‍ ആദ്യം

keralanews sslc i t practical exams in the state will be waived evaluation in early june

തിരുവനന്തപുരം : സംസ്ഥാനത്തെ എസ്.എസ്.എല്‍.സി ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എസ്.എസ്.എല്‍.സി മൂല്യനിര്‍ണയം ജൂണ്‍ ഏഴു മുതല്‍ 25 വരെ നടക്കും. പ്ലസ് ടു മൂല്യ നി‌ര്‍ണയം ജൂണ്‍ ഒന്ന് മുതല്‍ 19 വരെ നടക്കും. വി.എച്ച്‌.എസ്.ഇ, ഹയര്‍സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 21 മുതല്‍ ജൂലായ് ഏഴുവരെ നടക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.മൂല്യനിര്‍ണയത്തിന് പോകുന്ന അദ്ധ്യാപകരെ വാക്‌സിനേറ്റ് ചെയ്യും. അത് മൂല്യനിര്‍ണയത്തിന് മുന്‍പ് പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.വിശദാംശങ്ങള്‍ ആരോഗ്യ വകുപ്പ് വിദ്യാഭ്യാസ വകുപ്പുമായി ആലോചിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.പിഎസ്‌സി അഡ്വൈസ് കാത്തിരിക്കുന്നവരുണ്ട്. അത് ഓണ്‍ലൈനായി നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ പിഎസ്സിയുമായി ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 28,514 പേർക്ക് കൊറോണ സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.63; 45,400 പേർക്ക് രോഗമുക്തി

keralanews 28514 covid cases confirmed in the state today 45400 cured

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 28,514 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 3932, തിരുവനന്തപുരം 3300, എറണാകുളം 3219, പാലക്കാട് 3020, കൊല്ലം 2423, തൃശൂർ 2404, ആലപ്പുഴ 2178, കോഴിക്കോട് 1971, കോട്ടയം 1750, കണ്ണൂർ 1252, ഇടുക്കി 987, പത്തനംതിട്ട 877, കാസർഗോഡ് 702, വയനാട് 499 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,028 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.63 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 214 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 26,347 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1830 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3720, തിരുവനന്തപുരം 3110, എറണാകുളം 3109, പാലക്കാട് 1789, കൊല്ലം 2411, തൃശൂർ 2395, ആലപ്പുഴ 2162, കോഴിക്കോട് 1911, കോട്ടയം 1632, കണ്ണൂർ 1133, ഇടുക്കി 972, പത്തനംതിട്ട 841, കാസർഗോഡ് 684, വയനാട് 478 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 123 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 25, പാലക്കാട് 22, കാസർഗോഡ് 17, വയനാട് 10 വീതം, കൊല്ലം, എറണാകുളം 9 വീതം, തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട് 7 വീതം, തൃശൂർ 5, കോട്ടയം 2, ആലപ്പുഴ, ഇടുക്കി, മലപ്പുറം 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 45,400 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 4525, കൊല്ലം 2120, പത്തനംതിട്ട 1616, ആലപ്പുഴ 2619, കോട്ടയം 2290, ഇടുക്കി 1094, എറണാകുളം 8296, തൃശൂർ 7353, പാലക്കാട് 3360, മലപ്പുറം 4555, കോഴിക്കോട് 3928, വയനാട് 487, കണ്ണൂർ 2253, കാസർഗോഡ് 904 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,89,283 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 20,25,319 പേർ ഇതുവരെ രോഗമുക്തി നേടി.ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവിൽ ആകെ 877 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

എസ്ബിഐ നെറ്റ് ബാങ്കിങ് യോനോ ആപ്പ് സേവനങ്ങള്‍ 14 മണിക്കൂര്‍ നേരത്തേക്ക് തടസ്സപ്പെടും

keralanews s b i net banking yono app services will be suspended for 14 hours

മുംബൈ:എസ്ബിഐ ഡിജിറ്റല്‍ സേവനങ്ങള്‍ അടുത്ത 14 മണിക്കൂര്‍ നേരത്തേക്ക് ലഭിക്കില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI). നെഫ്റ്റ് സംവിധാനങ്ങളുടെ സാങ്കേതിക നവീകരണം നടത്തുന്നതിനാലാണ് ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങള്‍ തടസ്സപ്പെടുകയെന്ന് ബാങ്ക് അധിക‍ൃതര്‍ അറിയിച്ചു.ഇന്ന് ബാങ്ക് സമയം അവസാനിച്ചതിന് ശേഷമാണ് എസ്ബിഐ ഡിജിറ്റല്‍ ബാങ്കിങ് (Digital Banking) സേവനങ്ങള്‍ തടസ്സപ്പെടുക.എസ്ബിഐ ഉപഭോക്താക്കള്‍ക്ക് ഞായറാഴ്ച വെളുപ്പിന് 12 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ ഇന്റര്‍നെറ്റ് ബാങ്കിങ്, യോനോ, യോനോ ലൈറ്റ് എന്നിവ ഉപയോഗിക്കാന്‍ സാധിക്കില്ല. ട്വിറ്ററിലൂടെയാണ് എസ്ബിഐ ഇക്കാര്യം അറിയിച്ചത്. അതേസമയം, 2 ലക്ഷം രൂപയ്ക്കു മുകളില്‍ കൈമാറാനുള്ള റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് (ആര്‍ടിജിഎസ്) സംവിധാനം മുടങ്ങില്ല. ആര്‍ടിജിഎസ് അപ്‌ഡേറ്റ് നേരത്തേ പൂര്‍ത്തിയായിരുന്നു. 2 സംവിധാനങ്ങളും എല്ലാ ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നവയാണ്.

മുംബൈ ബാർജ് ദുരന്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം അഞ്ച് ആയി

keralanews number of malayalees killed in the mumbai barge tragedy has risen to five

മുംബൈ: ടൗട്ടെ ചുഴലിക്കാറ്റിൽ മുംബൈയിൽ ബാർജ് അപകടത്തിൽ പെട്ട് മരിച്ച രണ്ട് മലയാളികളെ കൂടി തിരിച്ചറിഞ്ഞു. തൃശൂർ വടക്കാഞ്ചേരി ആര്യംപാടം സ്വദേശി അർജുൻ, ശക്തികുളങ്ങര സ്വദേശി എഡ്വിൻ എന്നിവരാണ് മരിച്ചത്. ബാർജിലെ സേഫ്റ്റി ഓഫീസറായിരുന്നു അർജുൻ. ഇതോടെ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി. ഇന്ന് രാവിലെയാണ് കുടുംബത്തിന് ഇത് സംബന്ധിച്ച് വിവരം ലഭിച്ചത്.നേരത്തെ വയനാട് വടുവഞ്ചാൽ സ്വദേശി സുമേഷ്, വയനാട് ഏച്ചോം മുക്രമൂല പുന്നന്താനത്ത് ജോമിഷ് ജോസഫ് (35), കോട്ടയം പൊൻകുന്നം ചിറക്കടവ് മൂങ്ങത്ര ഇടഭാഗം അരിഞ്ചിടത്ത് എ.എം. ഇസ്മയിലിന്റെ മകൻ സസിൻ ഇസ്മയിൽ (29) എന്നിവരും മരിച്ചതായി വിവരം ലഭിച്ചിരുന്നു. അഞ്ച് മലയാളികൾ ഉൾപ്പെടെ ബാർജ് അപകടത്തിൽ 49 ഓളം പേരാണ് മരിച്ചത്. കാണാതായവരുടെ കൂട്ടത്തിലും മലയാളികൾ ഉണ്ടെന്നുള്ള വിവരങ്ങളാണ് ലഭിക്കുന്നത്. 37 പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്.മുംബൈ തീരപ്രദേശത്തിന് 35 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ അപകടത്തിൽപെട്ടത്.

തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ മേയ് 31 വരെ നീട്ടി

keralanews lockdown extended to may 31 in tamilnadu

ചെന്നൈ:തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ നീട്ടി. ഈ മാസം 31 വരെയാണ് നീട്ടിയത്. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് ലോക്ക്ഡൗണ്‍ നീട്ടുന്നതായി പ്രഖ്യാപിച്ചത്. ഇന്നും നാളെയും രാത്രി ഒൻപത് മണിവരെ കടകള്‍ പ്രവര്‍ത്തിക്കാം. ഈ രണ്ടുദിവസം പൊതുഗതാഗതവും ഉണ്ടായിരിക്കും.സ്വകാര്യ സ്ഥാപനങ്ങളിലെയും ബാങ്കുകളിലെയും ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യണം. എ ടി എമ്മുകളും പെട്രോള്‍ പമ്പുകളും  പ്രവര്‍ത്തിക്കും. കാര്‍ഷിക ആവശ്യങ്ങള്‍ക്കായുള്ള ഗതാഗതം അനുവദിച്ചിട്ടുണ്ട്. പാല്‍, പത്രം പോലുള്ള അവശ്യ സര്‍വീസുകളെയും ലോക്ക്ഡൗണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നേരത്തെ മേയ് 10 മുതല്‍ 24 വരെ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നടപ്പാക്കിയിരുന്നു. കൊവിഡ് വ്യാപനത്തിന് ശമനം വന്നിട്ടില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ലോക്ക്ഡൗണ്‍ നീട്ടിയത്. മൂന്നാഴ്‌ചത്തേക്ക് സമ്പൂർണ്ണ അടച്ചിടല്‍ വേണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു.

വി.ഡി സതീശന്‍ പ്രതിപക്ഷനേതാവ്

keralanews v d satheesan to become leader of opposition in kerala

തിരുവനന്തപുരം:വി.ഡി സതീശനെ പുതിയ പ്രതിപക്ഷനേതാവായി തെരെഞ്ഞെടുത്തു. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് സതീശനെ പ്രതിപക്ഷനേതാവായി തിരഞ്ഞെടുത്തത്.ഇക്കാര്യം ഹൈകമാന്‍ഡ് പ്രതിനിധിയായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സംസ്ഥാനഘടകത്തെ അറിയിച്ചു.ഉച്ചയോടെ ഇതുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.സതീശനെ പ്രതിപക്ഷ നേതാവാക്കാനുള്ള തീരുമാനം ഹൈക്കമാന്റിന്റേതാണെന്നാണ് റിപ്പോർട്ടുകൾ. മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയുടെയും, രമേശ് ചെന്നിത്തലയുടെയും എതിർപ്പിനെ മറികടന്നുകൊണ്ടാണ് ഹൈക്കമാൻഡിന്റെ തീരുമാനം. കോൺഗ്രസ് യുവ നേതാക്കൾ ശക്തമായ സമ്മർദ്ദം ചെലുത്തിയതോടെയാണ് സതീശനെ പ്രതിപക്ഷ നേതാവാക്കാൻ തീരുമാനിച്ചത്.രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവാകാന്‍ ശക്തമായി രംഗത്ത് വന്നെങ്കിലും കേരളത്തില്‍ നിന്നുള്ള എം.പിമാരുടെ പിന്തുണയാണ് സതീശന് തുണയായത്.കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും, കെ.സി വേണു ഗോപാലും സതീശനെ പിന്തുണച്ചു. പാർലമെന്ററി പാർട്ടി യോഗത്തിലും ഭൂരിഭാഗം പേർ സതീശനെയാണ് പിന്തുണച്ചത്. പ്രതിപക്ഷ നേതാവായി വി.ഡി സതീശന്‍ വരണമെന്ന് ഒരു വിഭാഗം ശക്തമായി ഉന്നയിച്ചിരുന്നു. പ്രതിപക്ഷത്ത് മികച്ച പ്രകടനം കാഴ്ച്ച വെച്ച വി.ഡി സതീശന് പാര്‍ട്ടിയില്‍ വലിയ അവഗണന നേരിടുന്നതായി ആരോപിച്ച ഒരു വിഭാഗം, ഗ്രൂപ്പ് കളിയില്‍ വി.ഡി സതീശന് അര്‍ഹമായ സ്ഥാനം ലഭിച്ചില്ലെന്നും പറഞ്ഞു. എം.എൽ.എമാർക്ക് പുറമെ, എം.പിമാരിൽ നിന്നും വി.ഡി സതീശന് പിന്തുണ ലഭിച്ചിരുന്നു. എം.പിമാരില്‍ ഒരാളൊഴികെ എല്ലാവരും സതീശനെ പിന്തുണച്ചു. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ 11 പേരും സതീശനെ പിന്തുണച്ചു.സംഘടനാചുമതലയുള്ള ജനറല്‍ സെക്രടറി കൂടിയായ കെ സി വേണുഗോപാലിന്‍റെ നിലപാടും വി ഡി സതീശന് അനുകൂലമായിരുന്നു. തീരുമാനത്തോട് ലീഗും പരോക്ഷപിന്തുണയറിയിച്ചു. ഇവയുടെ അടിസ്ഥാനത്തിലാണ് അന്തിമതീരുമാനം.എന്നാല്‍ അവസാനനിമിഷവും ചെന്നിത്തലയ്ക്ക് വേണ്ടി മുതിര്‍ന്ന നേതാക്കള്‍ സമ്മര്‍ദം ശക്തമാക്കിയിരുന്നു. ചെന്നിത്തല സംസ്ഥാന നേതൃനിരയില്‍ തന്നെ വേണമെന്നും, ആദര്‍ശവും ആവേശവും കൊണ്ടുമാത്രം പാർട്ടി സംവിധാനങ്ങളെ ചലിപ്പിക്കാനാവില്ലെന്നുമാണ് ചെന്നിത്തലയ്ക്ക് വേണ്ടി വാദിക്കുന്ന ഉമ്മന്‍ചാണ്ടി ഹൈകമാന്‍ഡിനോട് പറഞ്ഞത്.

1964 മെയ് 31ന് എറണാകുളം ജില്ലയിലെ നെട്ടൂരില്‍ വടശ്ശേരി ദാമോദര മേനോന്റെയും വി. വിലാസിനിയമ്മയുടെയും മകനായാണ് വി.ഡി സതീശന്‍ ജനിച്ചത്. കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയത്തിലേക്കെത്തിയത്.1986-87 കാലത്ത് എം.ജി സര്‍വകലാശാല യൂണിയന്‍ ചെയര്‍മാനായിരുന്നു. നിയമ ബിരുദധാരിയാണ്. 2001ല്‍ ഇടത് സ്ഥാനാര്‍ത്ഥിയായിരുന്ന കെ.എം ദിനകരനെ 7,792 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സതീശന്‍ ആദ്യമായി നിയമസഭയിലെത്തിച്ചത്. പിന്നീട് 2006, 2011, 2016, 2021 വര്‍ഷങ്ങളിലും പറവൂരില്‍ നിന്ന് നിയമസഭയിലെത്തി.21,301 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇത്തവണ ജയിച്ചത്.