ന്യൂഡല്‍ഹി: 18 വയസിനു താഴെയുള്ളവരുടെ കൊവിഡ് ചികിത്സയ്ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. കൊവിഡ് ചികിത്സയ്ക്ക് മുതിര്‍ന്നവരില്‍ ഉപയോഗിക്കുന്ന റെംഡെസിവിര്‍ പോലുള്ള സ്റ്റിറോയിഡുകള്‍ കുട്ടികളില്‍ ഒഴിവാക്കണമെന്നും സി ടി സ്കാന്‍ പോലുള്ള രോഗനിര്‍ണയ ഉപാധികള്‍ ആവശ്യഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കണമെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വ്വീസ് ആണ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്.റെംഡെസിവിര്‍ പോലുള്ള സ്റ്റിറോയിഡുകള്‍ കടുത്ത രോഗികളില്‍ വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ മാത്രമേ നല്‍കാവൂ എന്നും സ്റ്റിറോയിഡുകളുടെ കാര്യത്തില്‍ സ്വയം ചികിത്സ നിര്‍ബന്ധമായും ഒഴിവാക്കണമെന്നും പറയുന്നു. റെംഡെസിവിര്‍ അടിയന്തിര ആവശ്യങ്ങളില്‍ മാത്രം ഉപയോഗിക്കേണ്ടവയാണെന്നും 18 വയസില്‍ താഴെയുള്ളവരില്‍ ഈ മരുന്നിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് വ്യക്തമായ പഠനങ്ങള്‍ നടത്തിയിട്ടില്ലെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ സൂചിപ്പിക്കുന്നുണ്ട്.കൊവിഡ് ലക്ഷണങ്ങളൊന്നുമില്ലാത്ത രോഗികളില്‍ പ്രത്യേകിച്ച് ചികിത്സകളൊന്നും തന്നെ നിര്‍ദ്ദേശിക്കുന്നില്ല. മാസ്ക്, സാനിറ്റൈസര്‍, സാമൂഹിക അകലം പാലിക്കുക തുടങ്ങി പൊതുവേയുള്ള കൊവിഡ് പ്രോട്ടോക്കോളുകളും ആരോഗ്യകരമായ ആഹാര രീതികളും ആണ് 18 വയസില്‍ താഴെയുള്ള ലക്ഷണങ്ങള്‍ ഇല്ലാത്ത കൊവിഡ് രോഗികള്‍ക്ക് നിര്‍ദ്ദേശിച്ചിട്ടുള്ളത്.
സംസ്ഥാനത്ത് ഇന്ന് 15,567 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.15;20,019 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 15,567 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 2121, എറണാകുളം 1868, തിരുവനന്തപുരം 1760, കൊല്ലം 1718, പാലക്കാട് 1284, കോഴിക്കോട് 1234, തൃശൂര്‍ 1213, ആലപ്പുഴ 1197, കണ്ണൂര്‍ 692, കോട്ടയം 644, പത്തനംതിട്ട 560, ഇടുക്കി 550, കാസര്‍ഗോഡ് 454, വയനാട് 272 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,09,979 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.15 ആണ്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 124 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 10,281 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 85 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 14,695 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 712 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2070, എറണാകുളം 1830, തിരുവനന്തപുരം 1681, കൊല്ലം 1710, പാലക്കാട് 798, കോഴിക്കോട് 1212, തൃശൂര്‍ 1201, ആലപ്പുഴ 1192, കണ്ണൂര്‍ 616, കോട്ടയം 609, പത്തനംതിട്ട 546, ഇടുക്കി 538, കാസര്‍ഗോഡ് 445, വയനാട് 247 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.75 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 18, തിരുവനന്തപുരം 9, എറണാകുളം, വയനാട് 8 വീതം, തൃശൂര്‍, കാസര്‍ഗോഡ് 7 വീതം, കൊല്ലം 6, പാലക്കാട് 4, പത്തനംതിട്ട 3, കോട്ടയം 2, ഇടുക്കി, മലപ്പുറം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,019 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1273, കൊല്ലം 1473, പത്തനംതിട്ട 771, ആലപ്പുഴ 1521, കോട്ടയം 846, ഇടുക്കി 664, എറണാകുളം 1213, തൃശൂര്‍ 1128, പാലക്കാട് 1655, മലപ്പുറം 4831, കോഴിക്കോട് 1714, വയനാട് 297, കണ്ണൂര്‍ 790, കാസര്‍ഗോഡ് 1843 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ടാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 889 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
സംസ്ഥാനത്ത് നാളെ അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം നിലവിൽ വരും
കൊല്ലം: സംസ്ഥാനത്ത് നാളെ അര്‍ധരാത്രി മുതല്‍ ട്രോളിങ്ങ് നിരോധനം നിലവിൽ വരും. 4200ല്‍ അധികം യന്ത്രവത്കൃത ബോട്ടുകള്‍ ഇനി 52 ദിവസത്തേക്ക് നിശ്ചലമാകും. പ്രധാന ഹാര്‍ബറുകളില്‍ യന്ത്രവല്‍കൃത മത്സ്യബന്ധന യാനങ്ങള്‍ക്ക് കടലിലേക്കുള്ള പ്രവേശനം ചങ്ങല കൊണ്ട് തടയും. ട്രോളിങ് ബോട്ടുകള്‍ക്ക് 52 ദിവസത്തേക്കാണ് മത്സ്യബന്ധനത്തിന് നിരോധനമുള്ളത്. അയല്‍ സംസ്ഥാനത്തെ ബോട്ടുകള്‍ നിരോധനത്തിന് മുന്നേ തീരം വിട്ടു പോകണമെന്നാണ് നിര്‍ദേശം. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഉപരിതല മത്സ്യബന്ധനം നടത്താം. 12 നോട്ടിക്കല്‍ മൈല്‍ പ്രദേശത്താണ് ജൂലൈ 31 വരെയുള്ള നിരോധനം. ലോക്ക്ഡൗണ്‍ ദുരിതത്തിലും ഇന്ധന വിലവര്‍ദ്ധനവിലും ബുദ്ധിമുട്ടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് നിരോധന കാലത്ത് സര്‍ക്കാര്‍ സഹായമാണ് ഏക പ്രതീക്ഷ.അതുകൊണ്ടുതന്നെ സൗജന്യറേഷന്‍ മാത്രം പോരെന്നും ട്രോളിംഗ് നിരോധന കാലത്തേക്ക് പ്രത്യേക പാക്കേജ് വേണമെന്നും മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടു. മത്സ്യങ്ങളുടെ പ്രജനന കാലമായി പരിഗണിക്കുന്നതിനാല്‍ 52 ദിവസത്തേക്ക് ട്രോളിംഗ് നിരോധനം ഒഴിവാക്കാനാവില്ല. അതേസമയം, ഇതില്‍ 15 ദിവസമെങ്കിലും ഒഴിവാക്കി കിട്ടണമെന്നാണ് ബോട്ട് ഉടമകളുടെ ആവശ്യം.കഴിഞ്ഞ സീസണില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇത്തരത്തില്‍ ഇളവ് നല്‍കിയിരുന്നു. ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്ന രണ്ടാം ലോക്ക്ഡൗണ്‍ കാലഘട്ടത്തിലൂടെയാണ് രാജ്യം ഇപ്പോള്‍ കടന്നു പോകുന്നത്. ആദ്യ ലോക്ക് ഡൗണിലും രണ്ടാം ലോക്ക് ഡൗണിലും മത്സ്യബന്ധനത്തിന് ഏറെ നാളത്തെ നിരോധനമാണ് ഏര്‍പ്പെടുത്തിയത്. പിന്നീട് അനുമതി നല്‍കിയതാകട്ടെ കര്‍ശന നിയന്ത്രണങ്ങളോടെയും. ഏറെനാള്‍ ഹാര്‍ബറുകള്‍ അടച്ചിടുകയും ചെയ്തിരുന്നു.സര്‍ക്കാര്‍ സഹായത്തിന് പുറമേ തദ്ദേശസ്ഥാപനങ്ങളുടെയും സന്നദ്ധസംഘടനകളുടെയും സഹായത്തോടെയാണ് ആദ്യഘട്ടം മത്സ്യത്തൊഴിലാളികള്‍ മറികടന്നത്.
സി കെ ജാനുവിന് പത്ത്‌ലക്ഷം രൂപ നൽകിയ സംഭവത്തിൽ കെ സുരേന്ദ്രനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പ്രസീത അഴീക്കോട്
കൊച്ചി: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് കുരുക്കായി പ്രസീതയുടെ കൂടുതല്‍ വെളിപ്പെടുത്തല്‍.എന്‍ഡിഎയില്‍ ചേരാന്‍ സി.കെ ജാനുവിന് പണം നല്‍കിയ സംഭവത്തില്‍ സുരേന്ദ്രനെ വെട്ടിലാക്കി കൊണ്ടാണ് കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ടത്. പണം കൈമാറാന്‍ ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചതെന്ന് പ്രസീത തന്നെയെന്ന് ഫോണ്‍ സംഭാഷണങ്ങളില്‍ വ്യക്തമാണ്.തങ്ങള്‍ക്കിടയില്‍ ഒരു ഇടനിലക്കാരുടെ ആവശ്യമില്ലെന്നായിരുന്നു വാര്‍ത്തകള്‍ പുറത്തുവന്നതുമുതല്‍ സി കെ ജാനുവും കെ സുരേന്ദ്രനും പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ ഇടനിലക്കാരിയായ പ്രവര്‍ത്തിച്ചത് പ്രസീത തന്നെയാണ് എന്ന് സ്ഥിരീകരിക്കുന്ന കൂടുതല്‍ തെളിവുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. സുരേന്ദ്രൻ ആവശ്യപ്പെട്ടിട്ട് ജാനുവും പ്രസീതയും മാർച്ച് ആറിന് വൈകിട്ട് തിരുവനന്തപുരത്ത് എത്തിയിരുന്നു.10 ലക്ഷം സി കെ ജാനുവിന് നല്കും മുൻപ് പലതവണ സുരേന്ദ്രൻ പ്രസീതയെ ഫോണിൽ വിളിച്ചതിന്റെ കോൾ റെക്കോർഡുകൾ പ്രസീത പരസ്യപ്പെടുത്തി. സുരേന്ദ്രന്റെ പി എയുമായി സി കെ ജാനു സംസാരിച്ചു. ഹോട്ടൽ മുറിയുടെ നമ്പർ സികെ ജാനു സുരേന്ദ്രനെ അറിയിക്കുന്നത് ഫോൺ സംഭാഷണത്തിലുണ്ട്. പ്രസീതയുടെ ഫോണിലൂടെയാണ് നീക്കങ്ങൾ നടന്നത്. ഹൊറൈസൺ ഹോട്ടലിലെ 503ആം നമ്പർ മുറിയിലെത്താൻ ആവശ്യപ്പെട്ടു. ഈ മുറിയിൽ വച്ചാണ് 10 ലക്ഷം കൈമാറിയെതെന്ന് പ്രസീത പറഞ്ഞു.അതിന് തൊട്ടുമുൻപുള്ള ദിവസം പ്രസീതയും സുരേന്ദ്രനും തമ്മില്‍ സംസാരിക്കുന്നുണ്ട്. കാര്യങ്ങളെല്ലാം ഓക്കെയല്ലേ എന്ന് ഇരുവരും പരസ്പരം അന്വേഷിക്കുന്നുണ്ട്. ജാനുവിന് ചെറിയ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ഡോക്ടറെ കണ്ടതിന് ശേഷം നേരില്‍ കാണാമെന്നും അപ്പോള്‍ പ്രസീത സുരേന്ദ്രനോട് പറയുന്നുണ്ട്. അതിന് മുൻപ് കാണണമോ എന്നും പ്രസീത ചോദിക്കുന്നുണ്ട്.വേണ്ട, അതിന് ശേഷം കാണുന്നതാണ് നല്ലത്. ബാക്കി കാര്യങ്ങള്‍ അപ്പോള്‍ സംസാരിക്കാമെന്നാണ് സുരേന്ദ്രന്‍ മറുപടി നല്‍കുന്നത്. സുരേന്ദ്രന്‍ തങ്ങള്‍ താമസിച്ച ഹോട്ടലിലെത്തി ജാനുവിനെ കണ്ടെന്നും ആ സമയത്ത് തങ്ങളോട് പുറത്ത് നില്‍ക്കാന്‍ ആവശ്യപ്പെട്ടെന്നും പ്രസീത നേരത്തെ പറഞ്ഞിരുന്നു. മാത്രമല്ല സുരേന്ദ്രന്‍ പോയിക്കഴിഞ്ഞപ്പോള്‍ പണം കിട്ടിയെന്ന് ജാനു പറഞ്ഞെന്നും പ്രസീത വെളിപ്പെടുത്തിയിരുന്നു.
12, 13 തിയതികളില്‍ സമ്പൂർണ്ണ ലോക്ക്ഡൗണ്‍; വെള്ളിയാഴ്ച കൂടുതല്‍ കടകള്‍ തുറക്കാം; സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ജൂണ്‍ 16 വരെ നീട്ടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 12, 13 തിയതികളില്‍ കര്‍ശന നിയന്ത്രണങ്ങളോടെയുള്ള സമ്പൂർണ്ണ ലോക്ക്ഡൗണ്‍ ആയിരിക്കും. വെള്ളിയാഴ്ച കൂടുതല്‍ കടകള്‍ തുറക്കാമെന്നും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനിച്ചു.കോവിഡ് വ്യാപന തോത് പ്രതീക്ഷിച്ച തോതില്‍ കുറയാത്ത സാഹചര്യത്തിലാണ് ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ജൂണ്‍ 16 വരെ നീട്ടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ പറഞ്ഞു. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍, വ്യവസായത്തിനാവശ്യമായ അസംസ്‌കൃത വസ്‌തുക്കള്‍ (പാക്കേജിംഗ് ഉള്‍പ്പെടെ), നിര്‍മ്മാണ സാമഗ്രികള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ തുടങ്ങിയവയ്‌ക്ക് ജൂണ്‍ 16 വരെ പ്രവര്‍ത്തനാനുമതി നല്‍കും. ബാങ്കുകള്‍ നിലവിലുള്ളതുപോലെ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും. സ്‌റ്റേഷനറി, ജ്വല്ലറി, പാദരക്ഷകളുടെ ഷോറൂം, തുണിക്കടകള്‍, ഒപ്‌റ്റിക്കല്‍സ് തുടങ്ങിയ കടകള്‍ക്ക് ജൂണ്‍ 11ന് ഒരു ദിവസം മാത്രം രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെ പ്രവര്‍ത്തനാനുമതി നല്‍കും. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍ തുടങ്ങിയവ ജൂണ്‍ 17 മുതല്‍ 50 ശതമാനം ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തനം ആരംഭിക്കും.സ്വകാര്യ ആശുപത്രികള്‍ക്ക് വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട സഹായം നല്‍കും. അതത് ജില്ലകളിലെ സ്വകാര്യ ആശുപത്രികളെ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഉപയോഗപ്പെടുത്താന്‍ മുഖ്യമന്ത്രി നിദ്ദേശിച്ചു. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം അഭിഭാഷകരെയും അവിടത്തെ മറ്റ് ഉദ്യോഗസ്ഥരെയും വാക്‌സിനേഷന്‍ മുന്‍ഗണനാ വിഭാഗത്തില്‍പ്പെടുത്തും. സ്വകാര്യ ബസ് തൊഴിലാളികള്‍ക്കും മുന്‍ഗണന നല്‍കും. വയോജനങ്ങളുടെ വാക്‌സിനേഷന്‍ കാര്യത്തില്‍ നല്ല പുരോഗതിയുണ്ട്. അവശേഷിക്കുന്നവര്‍ക്ക് കൂടി ഉടന്‍ കൊടുത്തു തീര്‍ക്കും. എല്ലാ പരീക്ഷകളും ജൂണ്‍ 16 ശേഷം മാത്രമേ ആരംഭിക്കൂ എന്ന് മുഖ്യമന്ത്രി പറഞ്ഞു.
വാക്‌സിൻ നയത്തിൽ മാറ്റം വരുത്തി കേന്ദ്രസർക്കാർ;ഈ മാസം 21 മുതൽ രാജ്യത്ത് എല്ലാവർക്കും സൗജന്യ വാക്‌സിൻ
ന്യൂഡൽഹി : രാജ്യത്ത് 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യമായി വാക്‌സിൻ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിന്റെ ഭാഗമായി ഈ മാസം 21 മുതൽ സംസ്ഥാനങ്ങൾക്ക് വാക്‌സിൻ സൗജന്യമായി നൽകും. സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരമാണ് വാക്സിനേഷൻ പ്രക്രിയയുടെ 25 ശതമാനം പ്രവർത്തനങ്ങളുടെ ചുമതല അവർക്ക് നൽകിയത്. എന്നാൽ ഇപ്പോൾ പഴയ സംവിധാനമാണ് മികച്ചതെന്ന അഭിപ്രായമാണ് പല സംസ്ഥാനങ്ങളും പങ്കുവെയ്ക്കുന്നത്. അതുകൊണ്ടാണ് കേന്ദ്രസർക്കാരിന്റെ മേൽനോട്ടത്തിൽ തന്നെ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.വാക്‌സിൻ നിർമ്മാതാക്കളിൽ നിന്നും ആകെ വാക്‌സിന്റെ 75 ശതമാനവും സർക്കാർ വാങ്ങും. ഇതിന് പുറമേ സംസ്ഥാനങ്ങൾക്ക് നൽകിയ വാക്സിനേഷൻ പ്രക്രിയയുടെ 25 ശതമാനം പ്രവർത്തനങ്ങളുടെ ചുമതലയും സർക്കാർ വഹിക്കും. വരുന്ന രണ്ടാഴ്ചയ്ക്കുളളിൽ ഇതുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിക്കും. പുതിയ നിർദ്ദേശ പ്രകാരം സംസ്ഥാന – കേന്ദ്ര സർക്കാരുകൾ ഒന്നിച്ച് പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.സ്വകാര്യ ആശുപത്രികൾക്ക് 150 രൂപവരെ മാത്രമേ വാക്‌സിന് ഈടാക്കാൻ കഴിയുകയുള്ളൂ. വാക്‌സിനേഷന്റെ ഗുണങ്ങളെക്കുറിച്ചുള്ള അവബോധം എല്ലാവരിലേക്കും എത്തിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.നിലവിൽ ഏഴ് കമ്പനികൾ കൂടി വാക്‌സിൻ നിർമിക്കുന്നുണ്ട്. മൂക്കിലൂടെ നൽകുന്ന വാക്‌സിനും വികസിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്ന് പ്രധാനമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ലോക് ഡൗണ്‍ ജൂണ്‍ 16വരെ നീട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക് ഡൗണ്‍ ജൂണ്‍ 16വരെ നീട്ടി.നിലവിലുള്ള നിയന്ത്രണങ്ങളെല്ലാം തുടരും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നുണ്ടെങ്കിലും പ്രതീക്ഷിച്ച നിലയിലേക്ക് മാറാത്ത പശ്ചാത്തലത്തിലാണ് നിയന്ത്രണം തുടരാന്‍ തീരുമാനിച്ചത്. നിലവില്‍ 15 ശതമാനം സംസ്ഥാനത്ത ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇത് പത്തുശതമാനത്തില്‍ താഴെ എത്തിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ.ആഴ്ചയില്‍ ഒരു ദിവസം ഇളവ് നല്‍കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഇതിനെക്കുറിച്ച് ഔദ്യോഗിക വിവരം പുറത്തുവന്നിട്ടില്ല.
സ്ഥാനാര്‍ത്ഥിത്വത്തില്‍നിന്ന് പിന്‍വാങ്ങാന്‍ കോഴ; ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും രണ്ട് പ്രാദേശിക നേതാക്കള്‍ക്കുമെതിരെ കേസെടുക്കാന്‍ കോടതി അനുമതി നല്‍കി
കാസർകോഡ്:സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറാൻ കോഴ നല്‍കിയെന്ന പരാതിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും രണ്ട് പ്രാദേശിക നേതാക്കള്‍ക്കുമെതിരെ കേസെടുക്കാന്‍ കോടതി അനുമതി നല്‍കി.മഞ്ചേശ്വരം ഇടതു സ്ഥാനാര്‍ത്ഥിയായിരുന്ന വി വി രമേശന്റെ പരാതിയിലാണ് കോടതി ഉത്തരവ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 171 ബി ( തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കൈക്കൂലി നല്‍കുക) വകുപ്പ് പ്രകാരം പൊലീസിന് കേസ് എടുക്കാൻ കാസര്‍ഗോഡ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് രണ്ട് മജിസ്‌ട്രേറ്റ് കോടതിയുടെ അനുമതി നല്‍കിയത്. മഞ്ചേശ്വരത്ത് കെ സുന്ദരയുടെ നാമനിര്‍ദേശപത്രിക പിന്‍വലിപ്പിക്കാന്‍ ബിജെപി നേതൃത്വം രണ്ടര ലക്ഷം രൂപ കോഴ നല്‍കിയെന്ന പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് നല്‍കിയ അപേക്ഷ നിയമതടസ്സമുള്ളതിനാല്‍ കോടതി തിരികെ നല്‍കിയിരുന്നു. കോഴ നല്‍കിയെന്ന സുന്ദരയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കെ.സുരേന്ദ്രന്‍ ഉള്‍പ്പടെ ഉള്ളവര്‍ക്ക് എതിരെ ക്രിമിനല്‍ കുറ്റം ചുമത്തുന്നതില്‍ നിയമോപദേശം തേടാനും പൊലീസ് തീരുമാനിച്ചിരുന്നു.ഇതേ തുടര്‍ന്നാണ് കോഴ നല്‍കിയെന്ന പരാതിയില്‍ അഴിമതി തടയല്‍ നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് എതിര്‍ സ്ഥാനാര്‍ത്ഥിയായ വി.വി രമേശന്‍ കോടതിയെ സമീപിച്ചത്.മഞ്ചേശ്വരത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ അപരനായി പത്രിക നല്‍കിയ കെ സുന്ദരയ്ക്ക് പിന്മാറാന്‍ രണ്ടര ലക്ഷം കിട്ടിയെന്ന വെളിപ്പെടുത്തല്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. 15 ലക്ഷം രൂപയാണ് ചോദിച്ചതെന്നും രണ്ടര ലക്ഷം രൂപയും ഒരു സ്മാര്‍ട്ട് ഫോണും നല്‍കിയെന്നുമാണ് സുന്ദര വെളിപ്പെടുത്തിയത്. ജയിച്ചു കഴിഞ്ഞാല്‍ ബാക്കി നോക്കാമെന്ന് സുരേന്ദ്രന്‍ ഉറപ്പ് നല്‍കിയതായും സുന്ദര വെളിപ്പെടുത്തി. പ്രാദേശിക ബിജെപി നേതാക്കളാണ് വീട്ടില്‍ പണം എത്തിച്ചതെന്നും കെ.സുരേന്ദ്രന്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും സുന്ദര പറഞ്ഞു.
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ തുടരണമോ എന്ന കാര്യത്തില്‍ തീരുമാനം ഇന്നുണ്ടായേക്കും; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ താഴെ എത്തിയ ശേഷം ഇളവ് മതിയെന്ന് വിദഗ്ധര്‍
തിരുവനന്തപുരം:സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ തുടരണമോ എന്ന കാര്യത്തില്‍ തീരുമാനം ഇന്നുണ്ടായേക്കും.മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന കൊവിഡ് അവലോകന യോഗത്തിലാകും തീരുമാനമുണ്ടാകുക.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പരിശോധിച്ചായിരിക്കും സര്‍ക്കാര്‍ തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ താഴെ എത്തിയ ശേഷം ഇളവ് നൽകിയാൽ മതിയെന്നാണ് വിദഗ്‌ധാഭിപ്രായം.ഇപ്പോള്‍ നിയന്ത്രണങ്ങള്‍ നീക്കിയാല്‍ രോഗബാധ കൂടുമെന്നാണ് മുന്നറിയിപ്പ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോള്‍ 15ല്‍ താഴെയാണ്. കഴിഞ്ഞ ദിവസം ഇത് 14 ആയിരുന്നു.ജൂണ്‍ ഒൻപത് വരെയാണ് സംസ്ഥാനത്ത് നിലവിൽ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിരിക്കുന്നത്. കോവിഡ് രണ്ടാം തരംഗത്തില്‍ ടി.പി.ആര്‍ 30ല്‍ നിന്ന് 15ലേക്ക് വളരെ വേഗത്തില്‍ താഴ്‌ന്നെങ്കിലും അതിനുശേഷം കാര്യമായ കുറവുണ്ടാവാതിരുന്നതോടെയാണ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയത്.അതേസമയം, ലോക്ക്ഡൗണ്‍ സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുസ്സഹമാക്കിയിരിക്കുകയാണ്. ഈ സാഹചര്യം കൂടി സര്‍ക്കാര്‍ പരിഗണിക്കുമെന്നാണ് പ്രതീക്ഷ. രോഗവ്യാപനം കൂടുതലുള്ള മേഖലകളില്‍ മാത്രം നിയന്ത്രണങ്ങള്‍ തുടര്‍ന്നാല്‍ മതിയെന്ന നിർദേശവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. നേരത്തെ ഉണ്ടായിരുന്ന മിനി ലോക്ക്ഡൗണ്‍ നടപ്പാക്കുകയെന്ന കാര്യവും ആലോചനയിലുള്ളതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതിനാല്‍ ശക്തമായ ലോക്ക്ഡൗണ്‍ ഇനിയും തുടരാന്‍ സാധ്യതയില്ലെന്നും സൂചനയുണ്ട്.
കണ്ണൂരിൽ ആംബുലന്‍സ് നിയന്ത്രണം വിട്ട് ആല്‍മരത്തിലേക്ക് ഇടിച്ച് കയറി മൂന്ന് മരണം
കണ്ണൂര്‍: എളയാവൂരില്‍ ആംബുലന്‍സ് അപകടത്തില്‍ രോഗി ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. രോഗികളുമായി കണ്ണൂരിലേക്ക് പോവുകയായിരുന്ന ആംബുലന്‍സ് നിയന്ത്രണംവിട്ട് ആല്‍മരത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു. പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അപകടം. ആംബുലന്‍സിലുണ്ടായിരുന്ന ഒരാളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ചന്ദനക്കാംപാറ സ്വദേശികളായ ബിജോ (45), സഹോദരി റെജിന (37), ഡ്രൈവര്‍ നിധിന്‍ രാജ് ഒ വി ( 40 ) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ബെന്നിയാണ് ചികിത്സയിലുള്ളത്.പയ്യാവൂര്‍ സ്‌റ്റേഷന്‍ പരിധിയിലെ ചുണ്ടപ്പറമ്പിൽ നിന്ന് രോഗിയുമായി കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് വന്ന ആംബുലന്‍സ് എളയാവൂരിന് അടുത്തുവെച്ച് നിയന്ത്രണംവിട്ട് മരത്തില്‍ ഇടിക്കുകയായിരുന്നു. മരിച്ച ബിജോയ്ക്ക് രക്തത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞതുമൂലം പയ്യാവൂരിലെ മേഴ്സി ആശുപത്രിയില്‍ നിന്നും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.