ഇന്ത്യയുടെ ഇതിഹാസ കായികതാരം മില്‍ഖാ സിങ് അന്തരിച്ചു

keralanews legendary indian athlete milkha singh passes away

ചണ്ഡീഗഡ്: ഇന്ത്യയുടെ ഇതിഹാസ കായികതാരം മില്‍ഖാ സിങ്(91) അന്തരിച്ചു. കോവിഡ് ചികിത്സയില്‍ കഴിയവെയാണ് മരണം.മേയ് 20 നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ശരീരത്തില്‍ ഓക്‌സിജന്റെ അളവ് വീണ്ടും കുറഞ്ഞതാണ് മില്‍ഖാ സിങ്ങിന്റെ ആരോഗ്യനിലയെ വീണ്ടും മോശമാക്കിയത്. തുടര്‍ന്ന് അദ്ദേഹത്തെ ചണ്ഡീഗഡിലെ പിജിഐഎംഇആര്‍ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബുധനാഴ്ച നടന്ന കോവിഡ് പരിശോധനയില്‍ നെഗറ്റീവ് ആയിരുന്നു. എന്നാല്‍ രണ്ട് ദിവസത്തിനുശേഷം പനി കൂടുകയും ഓക്സിജന്‍ ലെവല്‍ കുറയുകയും ചെയ്തു.മില്‍ഖാ സിങ്ങിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യ നിര്‍മല്‍ കൗറിനും കോവിഡ് ബാധിച്ചിരുന്നു. മൊഹാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അവര്‍ ഇക്കഴിഞ്ഞ ഞായറാഴ്ച മരണപ്പെട്ടിരുന്നു.

പറക്കും സിങ് എന്ന പേരിലറിയപ്പെടുന്ന മില്‍ഖ ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും 400 മീറ്ററില്‍ സ്വര്‍ണം നേടിയ ഏക ഇന്ത്യക്കാരനാണ്. 1958, 1962 വര്‍ഷങ്ങളില്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ മില്‍ഖ സിങ് 1956 മെല്‍ബണ്‍ ഒളിമ്ബിക്സിലും 1960 റോം ഒളിമ്ബിക്സിലും 1964 ടോക്യോ ഒളിമ്ബിക്സിലും ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ചു.ഏഷ്യന്‍ ഗെയിംസില്‍ നാല് തവണ സ്വര്‍ണ മെഡല്‍ നേടിയിട്ടുണ്ട്. 1960-ലെ റോം ഒളിമ്ബിക്‌സില്‍ 400 മീറ്ററില്‍ നാലാം സ്ഥാനത്തെത്തി. 0.1 സെക്കന്റ് വ്യത്യാസത്തിലാണ് മെഡല്‍ നഷ്ടമായത്. 1958-ല്‍ കട്ടക്കില്‍ നടന്ന ദേശീയ ഗെയിംസില്‍ 200, 400 മീറ്ററിലും അദ്ദേഹം സ്വര്‍ണ്ണം നേടിയിട്ടുണ്ട്. 1964-ല്‍ കൊല്‍ക്കത്തയില്‍ നടന്ന ദേശീയ ഗെയിംസില്‍ 400 മീറ്ററില്‍ അദ്ദേഹം വെള്ളിയും നേടി. രാജ്യത്തിനായി അദ്ദേഹം നല്‍കിയ സംഭാവനകള്‍ പരിഗണിച്ച്‌ 1959-ല്‍ രാജ്യം അദ്ദേഹത്തിന് പദ്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു.മകള്‍ സോണിയ സന്‍വാല്‍ക്കയ്ക്കൊപ്പം ദി റേസ് ഓഫ് മൈ ലൈഫ് എന്ന ആത്മകഥ എഴുതിയിട്ടുണ്ട്. മില്‍ഖാ സിംഗിന്റെ ജീവിതത്തെ ആസ്പദമാക്കി ഓംപ്രകാശ് മെഹ്റ 2013 ല്‍ ഭാഗ് മില്‍ഖാ ഭാഗ് എന്ന സിനിമ നിര്‍മിച്ചിരുന്നു.

ലിഫ്റ്റ് ചോദിച്ച്‌ ബൈക്കില്‍ കയറിയ വീട്ടമ്മയെ തട്ടികൊണ്ടു പോകാന്‍ ശ്രമം; രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ബൈക്കിൽ നിന്നും വീണ് തലക്ക് പരിക്കേറ്റ യുവതി ആശുപത്രിയില്‍

keralanews attempt to abduct housewife who asked for lift woman injured after falling off bike to escape

കൊല്ലം: ലിഫ്റ്റ് ചോദിച്ചു ബൈക്കില്‍ കയറിയ വീട്ടമ്മയെ തട്ടികൊണ്ടു പോകാന്‍ ശ്രമിച്ചതായി പരാതി.രക്ഷപ്പെടാനായി ബൈക്കില്‍ നിന്ന് ചാടിയിറങ്ങിയ യുവതിയെ തലയിടിച്ച്‌ വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെ കൊല്ലം ജില്ലയിലെ ചിതറ അരിപ്പല്‍ യുപി സ്കൂളിന്സമീപത്തായാണ് സംഭവം നടന്നത്. സ്കൂളില്‍ നിന്ന് മകള്‍ക്കുളള പുസ്തകവും വാങ്ങി വീട്ടിലേക്ക് പോകാനായി റോഡില്‍ വാഹനം കാത്തുനിന്ന ചോഴിയക്കോട് സ്വദേശിനിയായ യുവതിക്ക് ഏറെ നേരം കാത്തു നിന്നിട്ടും വാഹനമൊന്നും ലഭിച്ചില്ല. തുടര്‍ന്ന് ഇതുവഴി വന്ന ബൈക്ക് യാത്രക്കാരനെ കൈ കാണിക്കുകയായിരുന്നു. ബൈക്കില്‍ കയറിയ ഉടനെ ബൈക്ക് ഓച്ചിരുന്നയാള്‍ യുവതിയെയും കൊണ്ട് സമീപമുളള വനത്തിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാണ് പരാതി.തുടര്‍ന്ന് ബൈക്കില്‍ നിന്ന് എടുത്തുചാടിയപ്പോള്‍ റോഡില്‍ തലയിടിച്ചു വീണു പരിക്കേല്‍ക്കുകയായിരുന്നു. കടയ്ക്കല്‍ താലൂക്കാശുപത്രിയിലെ ചികില്‍സയ്ക്ക് ശേഷം യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവത്തില്‍ ചിതറ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വനത്തിനുളളില്‍ പൊലീസ് പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം പ്രതിയെ പിടികൂടാനുളള ശ്രമത്തിലാണ് പൊലീസ്.

പിണറായി – സുധാകരൻ വാക് പോര് കൂടുതൽ രാഷ്ട്രീയ ചർച്ചകളിലേക്ക്

keralanews pinarayi sudhakaran issues to more political discussions

തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി പ്രസിഡന്റ് സുധാകരനും തമ്മിലുള്ള വാക് പോര് കൂടുതൽ രാഷ്ട്രീയ ചർച്ചകളിലേക്ക് നീങ്ങുന്നു.തന്റെ മക്കളെ തട്ടിക്കൊണ്ട് പോകാൻ കെ സുധാകരൻ ശ്രമിച്ചുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്ഥാവന. വിഷയത്തിൽ കെപിസിസി അദ്ധ്യക്ഷൻ ഇന്ന് പ്രതികരിച്ചേക്കും.ഇന്നലെ നടന്ന പതിവ് വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. തന്റെ മക്കളെ തട്ടിക്കൊണ്ട് പോകാൻ സുധാകരൻ പദ്ധതിയിട്ടു. സുധാകരന്റെ വിശ്വസ്തൻ തന്നെയാണ് ഇക്കാര്യം പറഞ്ഞതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൂടാതെ സുധാകരനെതിരേ ഗുരുതര ആരോപണങ്ങളും മുഖ്യമന്ത്രി ഉന്നയിച്ചിരുന്നു.ബ്രണ്ണൻ കോളേജിൽ പരീക്ഷയെഴുതാനെത്തിയപ്പോൾ താൻ പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയെന്ന കെ.സുധാകരന്റെ വെളിപ്പെടുത്തലിനെ തുടർന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മുഖ്യമന്ത്രി നടത്തിയ ആരോപണത്തോട് കെ സുധാകരൻ ഇന്ന് പ്രതികരിച്ചേക്കും. ഈ പ്രതികരണം കൂടുതൽ രാഷ്ട്രീയ ചർച്ചക്ക് വഴിവെക്കുമെന്നതിൽ സംശയമില്ല. ഇന്ന് രാവിലെയോടെയാണ് പതിനൊന്ന് മണിയ്‌ക്ക് വാര്‍ത്താസമ്മേളനം നടത്തുമെന്ന് സുധാകരന്‍ അറിയിച്ചിരിക്കുന്നത്. എറണാകുളം ഡി സി സി ഓഫീസില്‍ വച്ചാണ് വാര്‍ത്താസമ്മേളനം.ബ്രണ്ണൻ കോളേജ് കാലത്തെ രാഷ്ട്രീയ വിഷയങ്ങളുടെ പേരിൽ മുഖ്യമന്ത്രിയും കെപിസിസി അദ്ധ്യക്ഷനും വാക്പോരിലേക്ക് നീങ്ങുമ്പോൾ കണ്ണൂർ രാഷ്ട്രീയം സംസ്ഥാനത്ത് വീണ്ടും ചർച്ചയാകുകയാണ്.

ഒറ്റ-ഇരട്ട നമ്പർ നിർദേശം പ്രായോഗികമല്ല;ബസ് ചാർജ് വർധിപ്പിക്കണമെന്ന് സ്വകാര്യ ബസുടമകള്‍

keralanews single and double number arrangement not practical bus owners demands fare hike

തിരുവനന്തപുരം:ലോക്ഡൗണ്‍ അവസാനിച്ചതിനെ തുടര്‍ന്ന് സര്‍വീസ് നടത്താൻ സർക്കാർ അനുമതി നൽകിയെങ്കിലും ആശങ്കകളുമായി സ്വകാര്യ ബസുടമകള്‍.ഒറ്റ-ഇരട്ട നമ്പർ ക്രമത്തില്‍ സർവീസ് നടത്തുന്നത് അപ്രായോഗികമാണെന്ന് ബസ് ഉടമകള്‍ അറിയിച്ചു. സ്വകാര്യ ബസുകള്‍ നിരത്തിലിറക്കാന്‍ സർക്കാർ പ്രത്യേക പാക്കേജ് നടപ്പാക്കണമെന്നും ഡീസലിന് സബ്‌സിഡി നല്‍കിയില്ലെങ്കില്‍ ബസ് ചാര്‍ജ് കൂട്ടണമെന്നുമാണ് ബസുടമകളുടെ ആവശ്യം.അണ്‍ലോക് പ്രക്രിയയുടെ ഭാഗമായി ഒറ്റ- ഇരട്ട ക്രമത്തിലുളള സ്വകാര്യ ബസ് സെര്‍വീസ് എന്ന ആശയം ആദ്യരണ്ടുദിവസം പിന്നിടുമ്പോൾ തന്നെ തിരിച്ചടിയെന്നാണ് ബസുടമകളടെ വിലയിരുത്തല്‍. ബസ് ജീവനക്കാര്‍ ഉപജീവനം തേടി മറ്റ് തൊഴിലുകള്‍ തേടിപ്പോയതും പ്രയാസം സൃഷ്ടിക്കുന്നു. നഷ്ടം സഹിച്ച്‌ നിയന്ത്രണങ്ങളോടെ സർവീസ് നടത്തുന്നതിലും ഭേദം നിര്‍ത്തിയിടുന്നതാണ് എന്നാണ് ഒരുവിഭാഗം ബസ് ഉടമകള്‍ പറയുന്നത്. സ്വകര്യ ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധി മുഖ്യമന്ത്രി , ധനമന്ത്രി, ഗതാഗത മന്ത്രി എന്നിവരെ കണ്ട് ധരിപ്പിക്കും. വെള്ളിയാഴ്ച ആദ്യദിനം സര്‍വീസ് നടത്തിയതിനെക്കാള്‍ കുറഞ്ഞ ബസുകള്‍ മാത്രമാണ് നിരത്തിലിറങ്ങിയതെന്നും പ്രതിസന്ധി വരുംനാളുകളില്‍ രൂക്ഷമാവുമെന്നും ഉടമകള്‍ പറയുന്നു.

സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ്ണ ലോക്ക്ഡൗണ്‍; അവശ്യ സർവീസുകൾക്ക് മാത്രം അനുമതി

keralanews complete lockdown in the state today and tomorrow permission for essential services only (2)

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ്ണ ലോക്ക്ഡൗണ്‍.അവശ്യ സര്‍വിസുകള്‍ക്ക് മാത്രമാണ് ഇളവുകള്‍ അനുവദിക്കുക. മെഡിക്കൽ സ്റ്റോറുകൾ, പാൽ, പച്ചക്കറി, മത്സ്യം, മാംസം, അവശ്യ-ഭക്ഷണ സാധനങ്ങൾ എന്നിവ വിൽക്കുന്ന കടകൾ രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെ തുറന്ന് പ്രവർത്തിക്കാം. അനാവശ്യ യാത്രകൾ പാടില്ല. അവശ്യസാധനങ്ങൾ വാങ്ങാൻ വീടുകളിൽ നിന്നും ഒരാൾക്ക് പുറത്ത് പോകാം. ഹോട്ടലുകളിൽ ടേക്ക് എവെ അനുവദിക്കില്ല, ഹോം ഡെലിവറി നടത്താം. ചായക്കടകൾ തട്ടുകടകൾ എന്നിവ പ്രവർത്തിക്കാൻ അനുവദിക്കില്ല.പ്രഭാത, സായാഹ്ന സവാരികൾ അനുവദിക്കില്ല. ആശുപത്രി ആവശ്യങ്ങൾക്കും അവശ്യ സർവ്വീസ് വിഭാഗങ്ങൾക്കും സർക്കാർ നിർദ്ദേശിച്ച മറ്റു വിഭാഗത്തിൽ പെട്ടവർക്കും മാത്രമേ യാത്ര ചെയ്യാൻ സാധിക്കൂ. ഇവർ തിരിച്ചറിയൽ കാർഡും മേലധികാരികളുടെ സർട്ടിഫിക്കേറ്റും കരുതണം. പൊതുഗതാഗതം ഉണ്ടാകില്ല. പരീക്ഷാ മൂല്യനിര്‍ണയം ഉള്‍പ്പെടെ അവശ്യ മേഖലകളിലുള്ളവര്‍ക്കായി കെഎസ്‌ആര്‍ടിസി സര്‍വീസ് നടത്തും. ഞായറാഴ്ച ഉച്ചക്ക് ശേഷം കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിക്കും. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും.വിവാഹങ്ങൾക്കും മരണാന്തര ചടങ്ങുകൾക്കും 20 പേരെ മാത്രമേ അനുവദിക്കൂ. പൊതുപരിപാടികളോ ടൂറിസം, റിക്രിയേഷൻ, ഇൻഡോർ പ്രവർത്തനൾ എന്നിവയോ അനുവദിക്കില്ല. ബിവറേജസ് ഔട്ട് ലെറ്റുകൾ, ബാറുകൾ എന്നിവ തുറക്കില്ല.

സംസ്ഥാനത്ത് ഇന്ന് 11,361 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;90 മരണം;12,147 പേർക്ക് രോഗമുക്തി

keralanews 11361 covid cases confirmed in the state today 90 deaths 12147 cured

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11,361 പേർക്ക് കൊറോണ സ്ഥിരീകരിച്ചു.തിരുവനന്തപുരം 1550, കൊല്ലം 1422, എറണാകുളം 1315, മലപ്പുറം 1039, പാലക്കാട് 1020, തൃശൂര്‍ 972, കോഴിക്കോട് 919, ആലപ്പുഴ 895, കോട്ടയം 505, കണ്ണൂര്‍ 429, പത്തനംതിട്ട 405, കാസര്‍ഗോഡ് 373, ഇടുക്കി 311, വയനാട് 206 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 90 മരണങ്ങളും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,11,124 സാമ്പിളുകളാണ് പരിശോധിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 10,667 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 567 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 1387, കൊല്ലം 1412, എറണാകുളം 1277, മലപ്പുറം 1003, പാലക്കാട് 715, തൃശൂര്‍ 967, കോഴിക്കോട് 908, ആലപ്പുഴ 883, കോട്ടയം 484, കണ്ണൂര്‍ 389, പത്തനംതിട്ട 396, കാസര്‍ഗോഡ് 366, ഇടുക്കി 289, വയനാട് 191 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.63 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 14, തിരുവനന്തപുരം 10, കൊല്ലം 8, വയനാട് 7, എറണാകുളം, പാലക്കാട്, കാസര്‍ഗോഡ് 5 വീതം, പത്തനംതിട്ട 3, ആലപ്പുഴ, കോട്ടയം 2 വീതം, തൃശൂര്‍, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12,147 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1581, കൊല്ലം 1318, പത്തനംതിട്ട 259, ആലപ്പുഴ 1183, കോട്ടയം 597, ഇടുക്കി 422, എറണാകുളം 1533, തൃശൂര്‍ 1084, പാലക്കാട് 1505, മലപ്പുറം 1014, കോഴിക്കോട് 671, വയനാട് 166, കണ്ണൂര്‍ 411, കാസര്‍ഗോഡ് 403 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ടി.പി.ആര്‍. 8ന് മുകളിലുള്ള 178, ടി.പി.ആര്‍. 8നും 20നും ഇടയ്ക്കുള്ള 633, ടി.പി.ആര്‍. 20നും 30നും ഇടയ്ക്കുള്ള 208, ടി.പി.ആര്‍. 30ന് മുകളിലുള്ള 16 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ ടി.പി.ആര്‍. അടിസ്ഥാനമാക്കി പരിശോധനയും വര്‍ധിപ്പിക്കുന്നതാണ്.തിരുവനന്തപുരം അതിയന്നൂര്‍, അഴൂര്‍, കഠിനംകുളം, കാരോട്, മണമ്പൂര്‍, മംഗലാപുരം, പനവൂര്‍, പോത്തന്‍കോട്, എറണാകുളം ചിറ്റാറ്റുകര, പാലക്കാട് നാഗലശേരി, നെന്മാറ, വല്ലപ്പുഴ, മലപ്പുറം തിരുനാവായ, വയനാട് ജില്ലയിലെ മൂപ്പൈനാട്, കാസര്‍ഗോഡ് ബേഡഡുക്ക, മധൂര്‍ എന്നീ പ്രദേശങ്ങളാണ് ടി.പി.ആര്‍ 30ല്‍ കൂടുതലുള്ള പ്രദേശങ്ങള്‍.

കണ്ണൂരിൽ ദേശീയപതാകയോട് അനാദരവ്; പോലീസ് അന്വേഷിക്കുന്നു

keralanews disrespect to the national flag in kannur police investigating

കണ്ണൂർ:ജില്ലയിൽ ദേശീയപതാകയോട് അനാദരവ്.കലക്‌ടറേറ്റിന് മുന്നിലെ റോഡരികിലാണ് സംഭവം. ദേശീയപതാക പ്ലാസ്റ്റിക് പൈപ്പില്‍ കെട്ടി റോഡരികിലെ ഓടയ്ക്ക് സമീപത്ത് നിലത്തു സ്ഥാപിച്ച നിലയിലാണ് കണ്ടെത്തിയത്.ടൗണ്‍ പൊലീസ് സ്ഥലത്തെത്തി പതാക എടുത്തു മാറ്റുകയായിരുന്നു.പതാകയുടെ ഉള്ളില്‍ മുഴുവന്‍ ചെളി പുരണ്ട നിലയിലാണുള്ളത്.ഏതെങ്കിലും രീതിയിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായി പ്രവർത്തകർ കണ്ണൂര്‍ കളക്‌ട്രേറ്റിന്‌ മുന്നില്‍ സ്ഥാപിച്ചതായിരിക്കാം എന്നാണ് പോലീസ് സംശയിക്കുന്നത്. എതായാലും സമീപത്തെ കടകളിലെ സിസി ടീവി ക്യാമറകള്‍ പരിശോധക്കുമെന്ന് പോലീസ് പറയുന്നു. അതനുസരിച്ച്‌ ആളെ കണ്ടെത്താന്‍ കഴിയുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

കൊച്ചി – കണ്ണൂര്‍ ചരക്ക് കപ്പല്‍ സര്‍വീസ് ഈ മാസം 21 മുതല്‍;ആദ്യഘട്ടത്തില്‍ ആഴ്ചയില്‍ രണ്ട് സര്‍വീസുമായി ഒരു കപ്പൽ

keralanews kochi kannur cargo ship service from 21st of this month first one ship with two services per week

മട്ടാഞ്ചേരി: കൊച്ചി തുറമുഖത്ത് നിന്ന് ബേപ്പൂര്‍ വഴി കണ്ണൂര്‍ അഴിക്കല്‍ തുറമുഖത്തേക്കുള്ള കണ്ടെയ്‌നര്‍ ചരക്ക് കപ്പല്‍ സര്‍വീസിന് തിങ്കളാഴ്ച തുടക്കം. ആഴ്ചയില്‍ രണ്ട് സര്‍വീസുമായി ഒരു കപ്പലാണ് ആദ്യഘട്ടത്തില്‍ തുടങ്ങുക. മുംബൈയിലെ റൗണ്ട് ദ കോസ്റ്റ് ഷിപ്പിങ് കമ്പനി ഫീഡര്‍ കപ്പലാണ് സര്‍വീസ് നടത്തുക. ദേശീയ ജലപാതയടക്കമുള്ളവ ഇതിനുപയോഗിക്കും. കൊച്ചിയില്‍ നിന്ന് മലബാര്‍ മേഖലയിലേക്ക് ചരക്ക് കപ്പല്‍ സര്‍വീസ് തുടങ്ങുന്നതോടെ കടത്ത് കൂലിയിനത്തില്‍ വന്‍ നേട്ടവും നിരത്തുകളില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും കഴിയും. നിലവില്‍ കൊച്ചിയില്‍ നിന്ന് കോഴിക്കോട് മേഖലയിലേക്ക് റോഡ് മാര്‍ഗം ഒരു കണ്ടെയ്‌നര്‍ നീക്കത്തിന് 22,000-24,000 രൂപ വരെയാണ് കടത്തുകൂലി. കണ്ണൂരിലേക്കിത് 36,000 രൂപ വരെയാകും. ചരക്ക് കപ്പല്‍ വഴിയാണങ്കില്‍ കണ്ടെയ്‌നറൊന്നിന് 16,000 മുതല്‍ 25,000 രൂപ വരെയായി കുറയുമെന്നാണ് ഏജന്റുമാര്‍ പറയുന്നത്. പ്രതിമാസം 4000-4500 കണ്ടെയ്‌നര്‍ വരെ കൊച്ചിയില്‍ നിന്ന് മലബാറിലേയ്ക്ക് നീങ്ങുന്നുണ്ട്. ഇത് കണക്കാക്കിയാല്‍ പ്രതിമാസ കടത്തുക്കൂലി നേട്ടം 35-40 കോടി രൂപ വരെയാകും.ധാന്യങ്ങള്‍, ഭക്ഷ്യ എണ്ണ, സിമന്റ്, ടൈലുകള്‍ തുടങ്ങിയവയാണ് കൂടുതലായി കടത്തുന്നത്. മലബാറില്‍ നിന്ന് പച്ചക്കറികളും, ഊട്ടിയിലെ ഫലങ്ങളുമടക്കമുള്ളവ നീക്കത്തിനും ശ്രമങ്ങള്‍ തുടങ്ങി. കോട്ടയത്ത് നിന്ന് ചരക്ക് കണ്ടെയ്‌നറുകള്‍ ഫീഡര്‍ വഴി കൊച്ചിയിലെത്തിക്കുന്ന സംവിധാനം നിലവിലുണ്ട്. അടുത്തഘട്ടമായി കൊച്ചി – കൊല്ലം – വിഴിഞ്ഞം കണ്ടെയ്‌നര്‍ കപ്പല്‍ സര്‍വീസ് തുടങ്ങാനാണ് നീക്കം. ഇതോടെ കൊച്ചിയില്‍ സമുദ്രോത്പന്ന, കയര്‍, കശുവണ്ടിയടക്കമുള്ള കയറ്റുമതി കണ്ടെയ്‌നറുകളുമെത്തും.

മീന്‍കറി ചോദിച്ചിട്ട് നല്‍കിയില്ല; ഹോട്ടലിലെ ചില്ലുമേശ കൈ കൊണ്ടു തല്ലിത്തകര്‍ത്ത യുവാവ് കൈ ഞരമ്പ് മുറിഞ്ഞ് രക്തം വാര്‍ന്നുമരിച്ചു

keralanews not given fish curry man destroyed glass table in the hotel died after bleeding

പാലക്കാട്: മീന്‍കറി ചോദിച്ചിട്ട് നല്‍കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഹോട്ടലിലെ ചില്ലുമേശ കൈ കൊണ്ടു തല്ലിത്തകര്‍ത്ത യുവാവ് കൈ ഞരമ്പ് മുറിഞ്ഞ് രക്തം വാര്‍ന്നുമരിച്ചു. കല്ലിങ്കല്‍ കളപ്പക്കാട് ശ്രീജിത്ത് (25) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഏഴുമണിയോടെ പാലക്കാട് കൂട്ടുപാതയിലാണ് സംഭവം. നാല് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ശ്രീജിത്ത് ഭക്ഷണം കഴിക്കാനെത്തിയത്. അപ്പോഴേക്കും ഹോട്ടലിലെ ഭക്ഷണം തീര്‍ന്നു തുടങ്ങിയിരുന്നു. പരിചയമുള്ള ഹോട്ടലായതിനാല്‍ ശ്രീജിത്ത് അകത്തുകയറി ബാക്കിയുണ്ടായിരുന്ന മീന്‍കറിയെടുത്തു. എന്നാല്‍ ഇത് ഹോട്ടലിലെ ജീവനക്കാര്‍ക്ക് കഴിക്കാനുള്ളതാണെന്ന് പറഞ്ഞത് തര്‍ക്കത്തിലേക്ക് നയിച്ചു. ഹോട്ടലുടമകള്‍ ശ്രീജിത്തിനെയും സുഹൃത്തക്കളെയും ഹോട്ടലില്‍ നിന്ന് പുറത്താക്കി. ഇതില്‍ പ്രകോപിതനായാണ് ശ്രീജിത്ത് ചില്ലുമേശ തല്ലിത്തകര്‍ത്തത്.ഞരമ്പ് മുറിഞ്ഞ് ചോരവാര്‍ന്നൊഴുകിയ ശ്രീജിത്തിനെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മദ്യപിച്ചാണ് ശ്രീജിത്തും സംഘവും ഹോട്ടലിലെത്തിയതെന്ന് പോലീസ് വ്യക്തമാക്കി.ഹോട്ടലില്‍ അക്രമംകാട്ടിയ യുവാക്കളെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. ഹോട്ടല്‍ അടപ്പിക്കുകയും ചെയ്‌തു.

രാജ്യത്ത് നാലാഴ്ചയ്ക്കുള്ളില്‍ കോവിഡിന്റെ മൂന്നാം തരംഗത്തിന് സാധ്യതയെന്ന് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്; ബാധിക്കുക കൂടുതല്‍ വ്യാപനശേഷിയുള്ള ഡെല്‍റ്റ പ്ലസ്; രോഗം കുട്ടികളെ കൂടുതലായി ബാധിക്കും

keralanews experts warns third wave of covid in the country in four weeks disease more affects children more

ഡല്‍ഹി: കോവിഡ് രണ്ടാം തരംഗം അവസാനിക്കും മുൻപുതന്നെ രാജ്യത്ത് മൂന്നാം തരംഗവും ആരംഭിക്കുമെന്ന സൂചന നല്‍കി വിദഗ്ദര്‍. പരമാവധി നാലാഴ്ചയ്ക്കുള്ളില്‍ മൂന്നാം തരംഗം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മൂന്നാം തരംഗം ചെറുപ്രായക്കാരെ കാര്യമായി ബാധിക്കുമെന്ന മുന്നറിയിപ്പും വിദഗ്ദര്‍ നല്‍കുന്നുണ്ട്.അതുകൊണ്ടുതന്നെ കൂടുതല്‍ മുന്നൊരുക്കങ്ങള്‍ നടത്തണമെന്നാണ് നിര്‍ദേശം. കുട്ടികള്‍ക്ക് വേണ്ടി ഓരോ ആശുപത്രികളിലും ഓക്‌സിജന്‍ സൗകര്യങ്ങളോടു കൂടിയ കൂടുതല്‍ ബെഡ് ഒരുക്കണമെന്നും നിര്‍ദേശമുണ്ട്. കുട്ടികളുടെ വിഭാഗത്തില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കണമെന്നും അത്തരം വിഭാഗങ്ങളില്ലാത്തയിടങ്ങളില്‍ ഒരു ഡോക്ടറെ കണ്ടെത്തി പ്രത്യേക പരിശീലനം നല്‍കണമെന്നും വിദഗ്ദര്‍ പറയുന്നു.അതിനിടെ മഹാരാഷ്ട്രയില്‍ മൂന്നാം തരംഗം ആരംഭിക്കുമെന്ന് കൊവിഡ് 19 ടാസ്‌ക് ഫോഴ്സിന്റെ മുന്നറിയിപ്പ് സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. അടുത്ത രണ്ടോ നാലോ ആഴ്ചക്കുള്ളില്‍ മഹാരാഷ്ട്രയില്‍ മൂന്നാം തരംഗം ആരംഭിക്കാമെന്നാണ് മുന്നറിയിപ്പ്. മൂന്നാം തരംഗം ചെറുപ്രായക്കാരെ കൂടുതല്‍ ബാധിച്ചേക്കാമെന്നും ടാസ്‌ക് ഫോഴ്സ് മുന്നറിയിപ്പ് നല്‍കി.കൂടുതല്‍ വ്യാപനശേഷിയുള്ള ഡെല്‍റ്റ പ്ലസ് വകഭേദമായിരിക്കും മൂന്നാം തരംഗത്തില്‍ ബാധിക്കുക. കൊവിഡ് പ്രോട്ടോക്കോള്‍ ശക്തമായി പാലിക്കണമെന്നും ഇല്ലെങ്കില്‍ കൂടുതല്‍ പ്രതിസന്ധിയുണ്ടാകുമെന്നും ഇവര്‍ സര്‍ക്കാരിനെ അറിയിച്ചു. അതേസമയം മൂന്നാം തരംഗത്തെ നേരിടാന്‍ രാജ്യത്ത് പ്രതിരോധ വിഭാഗം ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്.