കൊല്ലം: ശാസ്താംകോട്ടയ്ക്കടുത്ത് ശാസ്താംനടയില്‍ യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നിലമേല്‍ കൈതാട് സ്വദേശിനി വിസ്മയയെയാണ്(24) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.വിസ്മയയുടെ ശരീരത്തില്‍ ക്രൂരമായി മര്‍ദ്ദനമേറ്റതിന്റെ പാടുകളും മുറിവുകളും ഉണ്ടായിരുന്നു. സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ പരാതി. വിസ്മയയെ ഭര്‍ത്താവ് കിരണ്‍ കുമാര്‍ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിച്ചു.വിസ്മയ സഹോദരന് അയച്ച വാട്‌സ് ആപ്പ് സന്ദേശത്തിലും മർദ്ദന വിവരം പറയുന്നുണ്ട്. സർക്കാർ ഉദ്യോഗസ്ഥനാണ് കിരൺ. മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മരണ വിവരം അറിഞ്ഞ് ബന്ധുക്കൾ എത്തുന്നതിന് മുൻപ് തന്നെ വിസ്മയയുടെ മൃതദേഹം ഭർതൃ വീട്ടുകാർ ആശുപത്രിയിലേക്ക് മാറ്റിയത് ദുരൂഹത കൂട്ടുന്നുവെന്ന് കുടുംബം ആരോപിക്കുന്നു.മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരണുമായി 2020 മാര്‍ച്ചിലായിരുന്നു വിസ്മയയുടെ വിവാഹം. മരണത്തിന് മുൻപ് യുവതിക്ക് ഭര്‍തൃവീട്ടില്‍ നിന്ന് മര്‍ദ്ദനമേറ്റിരുന്നു. മര്‍ദ്ദനമേറ്റ പാടുകളുടെ ചിത്രങ്ങളും വിസ്മയ സഹോദരനും ബന്ധുക്കള്‍ക്കും അയച്ചു നല്‍കിയിരുന്നു.മാത്രമല്ല അതില്‍ മര്‍ദ്ദന വിവരവും പറയുന്നുണ്ട്.കഴിഞ്ഞ ദിവസം സഹോദരന് അയച്ച വാട്‌സ്ആപ്പ് മെസേജിലാണ് ഭർത്താവ് മർദ്ദിച്ചതായി വിസ്മയ വെളിപ്പെടുത്തിയത്. മർദ്ദനമേറ്റതിന്റെ ചിത്രങ്ങളും അയച്ച് നൽകിയിരുന്നു. വിവാഹത്തിന് സ്ത്രീധനമായി നൽകിയ കാർ കൊള്ളില്ലെന്ന് പറഞ്ഞാണ് മർദ്ദിച്ചതെന്ന് വിസ്മയ പറഞ്ഞു. തന്നെയും അച്ഛനേയും അസഭ്യം പറഞ്ഞതായും കാറിന്റെ ചില്ല് തകർത്തതായും സന്ദേശത്തിലുണ്ടായിരുന്നു. ഭർത്താവ് മുഖത്ത് ചവിട്ടിയെന്നും വിസ്മയ വെളിപ്പെടുത്തി.ഞായറാഴ്ച വൈകീട്ട് നാല് മണിയോടെയാണ് ഭർതൃവീട്ടിലെ പീഡനങ്ങൾ വിശദീകരിച്ചുകൊണ്ട് വിസ്മയ സന്ദേശങ്ങൾ അയച്ചത്. തുടർന്ന് മണിക്കൂറുകൾക്കകം യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.വിവാഹത്തിന് ശേഷം ഇരുവരും തമ്മിൽ കുറേയേറെ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. തുടർന്ന് വിസ്മയ വീട്ടിലേയ്ക്ക് വരികയും ചെയ്തു. പിന്നീട് പ്രശ്‌നങ്ങൾ ഒത്തുതീർപ്പാക്കിയ ശേഷം ഭർതൃവീട്ടിലേയ്ക്ക് തിരികെ പോകുകയായിരുന്നു. എന്നാൽ ഇതിന് ശേഷവും സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിൽ നിന്നും മർദ്ദനമേറ്റിരുന്നു എന്നാണ് വാട്‌സ്ആപ്പ് സന്ദേശങ്ങൾ വ്യക്തമാക്കുന്നത്.പന്തളം എന്‍എസ്‌എസ് കോളജിലെ അവസാന വര്‍ഷ ആയുര്‍വേദ ബിരുദ വിദ്യാര്‍ഥിനിയാണ് മരിച്ച വിസ്മയ.
രാമനാട്ടുകര അപകടത്തിൽ ദുരൂഹത; ആറ് പേരെ പോലീസ് ചോദ്യം ചെയ്യുന്നു
കോഴിക്കോട്: രാമനാട്ടുകരയില്‍ ഇന്ന് പുലര്‍ച്ചെ അഞ്ച് യുവാക്കളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ ദുരൂഹത.പോലീസ് ആറ് പേരെ ചോദ്യം ചെയ്യുന്നു. ലോറിയുമായി കൂട്ടിയിടിച്ച് തകര്‍ന്ന കാറിനൊപ്പം മറ്റൊരു കാറിയില്‍ യാത്ര ചെയ്തവരെയാണ് ഫറോക്ക് പോലീസ് സ്‌റ്റേഷനില്‍വെച്ച് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുന്നത്. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശികളായ അപകടത്തില്‍പ്പെട്ടവര്‍ അപകട സ്ഥലത്ത് എത്തിയത് സംബന്ധിച്ചാണ് പോലീസിന് സംശയം.പുലര്‍ച്ചെ 4.45 ഓടെയാണ് രാമനാട്ടുകര വൈദ്യരങ്ങാടിയില്‍ അപകടം നടന്നത്. അപകടത്തില്‍പ്പെട്ടവര്‍ സഞ്ചരിച്ച ബൊലേറോ കാര്‍ സിമെന്റ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാര്‍ അമിത വേഗതയിലായിരുന്നെന്നും തലകീഴായി മറിഞ്ഞ ശേഷമാണ് ലോറിയില്‍ ഇടിച്ചതെന്നും ലോറി ഡ്രൈവര്‍ മൊഴി നല്‍കിയിട്ടുണ്ട്. പാലക്കാട് ചെര്‍പ്പുളശ്ശേരി പട്ടാമ്പി സ്വദേശികളായ മുഹമ്മദ് സാഹിര്‍, നാസര്‍, സുബൈര്‍, അസൈനാര്‍, താഹിര്‍ എന്നിവരാണ് മരിച്ചത്. പാലക്കാട് നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് വന്നവരാണ് അപകടത്തില്‍പ്പെട്ടത്. സുഹൃത്തിനെ സ്വീകരിക്കുന്നതിന് വേണ്ടിയാണ് ഇവര്‍ പാലക്കാട് നിന്നെത്തിയത്.വിമാനത്താവളത്തില്‍ എത്തിയവര്‍ എന്തിനാണ് രാമനാട്ടുകര ഭാഗത്തേക്ക് വന്നതെന്നാണ് പോലീസ് അന്വേഷിക്കുന്നത്. ഒന്നിലധികം വാഹനങ്ങളിലാണ് സംഘം സഞ്ചരിച്ചിരുന്നത്. അപകടത്തില്‍പ്പെട്ട വാഹനം മാത്രമാണ് രാമനാട്ടുകര ഭാഗത്തേക്ക് പോയത്. വിമാനത്താവളത്തില്‍ നിന്ന് ഇവര്‍ വെള്ളം വാങ്ങിക്കുന്നതിനായി പോയതാണെന്നാണ് രണ്ടാമത്തെ വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ പറയുന്നത്. ഇത് പോലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. തങ്ങളുടെ കൂടെയുള്ള വാഹനം അപകടത്തില്‍പ്പെട്ടത് ആരാണ് ഇവരെ വിളിച്ച് പറഞ്ഞതെന്ന് വ്യക്തമല്ല. അതേ സമയം തങ്ങള്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അപകടത്തില്‍പ്പെട്ടവരെ കിട്ടിയല്ലെന്നും തുടര്‍ന്ന് മറ്റൊരു വാഹനത്തില്‍ വന്നവരാണ് അപകടം നടന്ന വിവരം തങ്ങളെ അറിയിച്ചതെന്നുമാണ് കൂടെയുണ്ടായിരുന്ന മുബശ്ശിര്‍ എന്നയാള്‍ പോലീസിനെ അറിയിച്ചത്. അപകടത്തില്‍പ്പെട്ടവരുടെ കൂടെയുള്ളവര്‍ സഞ്ചരിച്ച ഇന്നോവ കാറും ഫറോക്ക് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.മൂന്ന് വണ്ടികളിലായാണ് സംഘം ചെര്‍പ്പുളശ്ശേരിയില്‍ നിന്ന് വന്നതെന്നാണ് പോലീസ് പറയുന്നത്. ഇവരുടെ വാഹനങ്ങള്‍ സഞ്ചരിച്ച വഴികളിലെ സി സി ടി വിയടക്കം പരിശോധിക്കാനാണ് പോലീസ് തീരുമാനം. ലോക്ക്ഡൗണ്‍ സമയത്ത് മൂന്ന് വാഹനങ്ങളിലായി 15 പേര്‍ എന്തിന് കരിപ്പൂരിലെത്തിയെന്നാണ് പോലീസ് പരിശോധിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വാക്‌സിന്‍ നയം ഇന്ന് മുതല്‍;18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യം
ന്യൂഡൽഹി:കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വാക്‌സിന്‍ നയം ഇന്ന് മുതല്‍.ഇന്നുമുതല്‍ 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്‍ സൗജന്യമായി ലഭിക്കും. ഡിസംബര്‍ മാസത്തോടെ സമ്പൂർണ്ണ വാക്‌സിനേഷന്‍ യാഥാര്‍ത്ഥ്യമാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം.75 ശതമാനം വാക്‌സിന്‍ കേന്ദ്രം സംഭരിച്ച് സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി നല്‍കും. 0.25 ശതമാനം വാക്‌സിന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് വാങ്ങാം. രോഗവ്യാപനം, ജനസംഖ്യ, കാര്യക്ഷമമായ വാക്‌സിന്‍ വിതരണം തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനങ്ങള്‍ക്കുള്ള വാക്‌സിന്‍ ക്വാട്ട നിശ്ചയിക്കുക.കൊവിഷീല്‍ഡിന് 780 രൂപയും കൊവാക്‌സിന് 1,410 രൂപയും സ്പുടിനിക് വാക്‌സിന് 1,145 രൂപയുമാണ് സ്വകാര്യ ആശുപത്രികള്‍ക്ക് ഈടാക്കാനാകുക. വാക്‌സിന്‍ തുകയ്ക്ക് പുറമേ സ്വകാര്യ ആശുപത്രികള്‍ക്ക് പരമാവധി 180 രൂപവരെ സര്‍വീസ് ചാര്‍ജ് ഈടാക്കാം.
തിരുവനന്തപുരത്ത് കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം:നന്തൻകോട് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. മനോജ് കുമാർ(45), ഭാര്യ രഞ്ജു (38), മകൾ അമൃത(16) എന്നിവരാണ് മരിച്ചത്. മുണ്ടക്കയം സ്വദേശികളായ ഇവർ നന്തൻകോട് വാടകയ്ക്ക് താമസിക്കുകയാണ്.ചാലയില്‍ സ്വര്‍ണ പണിക്കാരനായ മനോജിന് സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. പ്രാഥമിക സൂചനകള്‍ അനുസരിച്ച് സംഭവം ആത്മഹത്യയാണെന്നാണ് പൊലീസ് സംശയിക്കുന്നത്. മനോജിന് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിഷം ഉള്ളില്‍ ചെന്നാണ് മരണമെന്ന് കണ്ടെത്തിയതോടെ വിവരം അറിയിക്കാന്‍ നാട്ടുകാര്‍ വീട്ടിലെത്തിയപ്പോഴാണ് രഞ്ജുവും അമൃതയും വിഷം ഉള്ളില്‍ ചെന്ന് മരിച്ചനിലയില്‍ കണ്ടത്.മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മ്യൂസിയം പൊലീസ് അന്വേഷണം ആരംഭിച്ചു.
ലോക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് ക്ലാസ്സെടുത്തു; കണ്ണൂരിൽ മദ്രസ അധ്യാപകനെതിരെ കേസ്
കണ്ണൂർ:സമ്പൂർണ്ണ ലോക്ഡൗൺ നിലനിൽക്കുന്ന ഞായറാഴ്ച മാനദണ്ഡങ്ങൾ ലംഘിച്ച് ക്ലാസ്സെടുത്തതിന് മദ്രസ അധ്യാപകനെതിരെ കേസ്.തളിപ്പറമ്പ് കരിമ്പത്തെ ഹിദായത്തുല്‍ ഇസ്‌ലാം മദ്റസയിലെ അധ്യാപകന്‍ എ.പി. ഇബ്രാഹീമിനെതിരെയാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.പത്തോളം കുട്ടികള്‍ക്കാണ് മദ്റസയുടെ ഒന്നാംനിലയിലെ ക്ലാസില്‍ അധ്യാപകന്‍ ലോക്ഡൗണ്‍ നിയന്ത്രങ്ങള്‍ ലംഘിച്ച് ക്ലാസെടുത്തത്.പ്രദേശവാസികളാണ് സംഭവം പോലീസിനെ അറിയിച്ചത്. വിവരമറിഞ്ഞ് തളിപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി പഠനം നിര്‍ത്തിച്ച് കുട്ടികളെ പറഞ്ഞുവിടുകയായിരുന്നു. അധ്യാപകനെതിരെ പകര്‍ച്ചവ്യാധി നിരോധന നിയമപ്രകാരമാണ് കേസെടുത്തത്.
കടയ്ക്കാവൂര്‍ പീഡന കേസില്‍ അമ്മ നിരപരാധിയെന്ന് കണ്ടെത്തൽ; പതിമൂന്നുകാരന്റെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് അന്വേഷണസംഘം
തിരുവനന്തപുരം: കടയ്ക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ച കേസില്‍ അമ്മ നിരപരാധിയാണെന്ന കണ്ടെത്തലുമായി അന്വേഷണസംഘം. കേസിലുള്‍പ്പെട്ട പതിമൂന്നുകാരന്റെ മൊഴി വിശ്വാസയോഗ്യമല്ലെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്.പരാതിപ്പെട്ടത് മുന്‍ ഭര്‍ത്താവാണെന്നും വൈദ്യ പരിശോധനയിലും തെളിവ് കണ്ടെത്താനായില്ല എന്നും പോലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.കേസിന് പിന്നില്‍ കുട്ടിയുടെ പിതാവും രണ്ടാം ഭാര്യയുമാണെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. മകന്റെ ആദ്യമൊഴി, ഭര്‍ത്താവിന്റെ പരാതി എന്നിവയില്‍ കഴിഞ്ഞുള്ള തെളിവുകള്‍ കേസിലില്ലെന്നും പരാതി പൂര്‍ണ്ണമായും വ്യാജമാണെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കേസുമായി ബന്ധപ്പെട്ട പല സാഹചര്യങ്ങൾ കാരണം പോലീസിന് ആദ്യം മുതല്‍ ഈ കേസില്‍ സംശയം ഉണ്ടായിരുന്നു. കുട്ടിയെ വിദഗദ്ധരുടെ നേതൃത്വത്തില്‍ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോള്‍ കുട്ടി നല്‍കിയിരുന്ന ആദ്യ മൊഴി മാറ്റി. കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ കേസിനെ ന്യായീകരിക്കുന്ന തെളിവുകള്‍ ഡോക്ടര്‍മാര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞതുമില്ല.
പതിമൂന്നുകാരനെ മൂന്ന് വര്‍ഷത്തോളം ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന പരാതിയിലാണ് കടയ്ക്കാവൂര്‍ പൊലീസ് കുട്ടിയുടെ അമ്മയെ ഇക്കഴിഞ്ഞ ഡിസംബര്‍ 28ന് അറസ്റ്റ് ചെയ്‌തത്. വ്യക്തിപരമായ വിരോധങ്ങള്‍ തീര്‍ക്കാന്‍ മുന്‍ ഭര്‍ത്താവ് മകനെക്കൊണ്ട് കള്ളമൊഴി നല്‍കിപ്പിച്ചതാണെന്നായിരുന്നു സ്ത്രീയുടെ വാദം. എന്നാല്‍ മകനെ ഉപയോഗിച്ച് കള്ള പരാതി നല്‍കിയിട്ടില്ല. ഒരു കുട്ടിയിലും കാണാന്‍ ആഗ്രഹിക്കാത്ത വൈകൃതങ്ങള്‍ മകനില്‍ കണ്ടെന്നും ഇതിനെ തുടര്‍ന്നാണ് പൊലീസില്‍ വിവരം അറിയിച്ചത് എന്നുമായിരുന്നു സ്ത്രീയുടെ മുന്‍ ഭര്‍ത്താവിന്‍റെ വാദം.അമ്മയ്ക്കെതിരായ പരാതി വ്യാജമാണെന്നായിരുന്നു യുവതിയുടെ ഇളയ മകന്‍റെ നിലപാട്. അതേസമയം, പീഡിപ്പിച്ചെന്ന അനിയന്‍റെ മൊഴിയില്‍ ഉറച്ച് നില്‍ക്കുന്നെന്നായിരുന്നു മൂത്ത സഹോദരന്‍ പറഞ്ഞത്.
കെഎആര്‍ടിസി ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണം;ചർച്ച ഇന്ന്
തിരുവനന്തപുരം: കെഎആര്‍ടിസി ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ ചര്‍ച്ച ഇന്ന്. കെഎസ്ആര്‍ടിസി നവീകരണത്തിന്റെ പാതയിലാണെന്നും, ജീവനക്കാരെ വിശ്വാസത്തിലെടുത്ത് ആധുനികവല്‍കരണം നടപ്പാക്കുന്നതിന്റെ മുന്നോടിയായാണ് ശമ്പള പരിഷ്‌കരണ ചര്‍ച്ചയെന്നും ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. 2010ല്‍ ആണ് ഇതിന് മുമ്പ് കെഎസ്ആര്‍ടിസിയില്‍ ശമ്പള പരിഷ്‌കരണം നടന്നത്. 2015ൽ സേവന-വേതന പരിഷ്‌കരണത്തിനുള്ള ശ്രമം ഉണ്ടായെങ്കിലും നീട്ടിവെയ്ക്കുകയായിരുന്നു. ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയിൽ ഇന്ന് നടക്കുന്ന ചർച്ചയിൽ റഫറണ്ടത്തിലൂടെ അംഗീകാരം നേടിയ ജീവനക്കാരുടെ സംഘടനകളെയെല്ലാം വിളിച്ചിട്ടുണ്ട്. സെക്രട്ടേറിയറ്റിൽ നടക്കുന്ന ചർച്ചയിൽ, ഗതാഗത സെക്രട്ടറിയും കെഎസ്ആർടിസി എംഡിയുമായ ബിജു പ്രഭാകർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ, കേരള സ്‌റ്റേറ്റ് റോഡ് ട്രാൻ പോർട്ട് എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു), ട്രാൻസ്‌പോർട്ട് ഡമോക്രാറ്റിക് ഫെഡറേഷൻ (ടിഡി എഫ്), കെഎസ്.ടി എംപ്ലോയീസ് സംഘ് തുടങ്ങിയ സംഘടനകളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
കോഴിക്കോട് രാമനാട്ടുകരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു യുവാക്കൾ മരിച്ചു
കോഴിക്കോട്: രാമനാട്ടുകരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു യുവാക്കൾ മരിച്ചു.പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശികളായ മുഹമ്മദ് സാഹിര്‍, നാസര്‍, സുബൈര്‍, അസൈനാര്‍, താഹിര്‍ എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ച 4.45 ഓടെയാണ് അപകടമുണ്ടായത്. രാമനാട്ടുകരയ്ക്കടുത്ത് പുളിഞ്ചോട് വെച്ചായിരുന്നു അപകടം. സംഭവ സ്ഥലത്ത് വെച്ച് തന്നെ ബൊലേറോയിലുണ്ടായിരുന്ന അഞ്ചു പേരും മരിച്ചു. നാട്ടുകാരും പോലീസും ഫയര്‍ഫോഴ്സുമെത്തി മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അപകടത്തില്‍ കാറ് പൂര്‍ണ്ണമായും തകര്‍ന്നു.കരിപ്പൂര്‍ വിമാനത്താവളത്തില്‍ പോയി മടങ്ങി വരുമ്പോഴായിരുന്നു അപകടം.സുഹൃത്തിനെ വിമാനത്താവളത്തില്‍ എത്തിക്കാനായി പുറപ്പെട്ടതായിരുന്നു വാഹനം. മൂന്നു മലക്കം മറിഞ്ഞ് ബൊലേറോ ലോറിയില്‍ വന്നിടിക്കുയായിരുന്നെന്നാണ് ലോറിഡ്രൈവര്‍ പറയുന്നത്. ഒറ്റപ്പാലം രജിസ്ട്രേഷനിലുള്ളതാണ് വാഹനം.
സംസ്ഥാനത്ത് ഇന്ന് 12,443 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; മരണം 115;13,145 പേർക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,443 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1777, എറണാകുളം 1557, തൃശൂര്‍ 1422, മലപ്പുറം 1282, കൊല്ലം 1132, പാലക്കാട് 1032, കോഴിക്കോട് 806, ആലപ്പുഴ 796, കോട്ടയം 640, കണ്ണൂര്‍ 527, കാസര്‍ഗോഡ് 493, പത്തനംതിട്ട 433, ഇടുക്കി 324, വയനാട് 222 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,743 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 115 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 11,948 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,639 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 653 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 1624, എറണാകുളം 1512, തൃശൂര്‍ 1404, മലപ്പുറം 1248, കൊല്ലം 1123, പാലക്കാട് 636, കോഴിക്കോട് 795, ആലപ്പുഴ 791, കോട്ടയം 624, കണ്ണൂര്‍ 463, കാസര്‍ഗോഡ് 479, പത്തനംതിട്ട 422, ഇടുക്കി 308, വയനാട് 210 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.73 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 15, തൃശൂര്‍, കാസര്‍ഗോഡ് 10 വീതം, തിരുവനന്തപുരം 8, കൊല്ലം 7, പത്തനംതിട്ട, എറണാകുളം 6 വീതം, പാലക്കാട്, വയനാട് 4 വീതം, കോട്ടയം, ഇടുക്കി, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,145 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1659, കൊല്ലം 1398, പത്തനംതിട്ട 541, ആലപ്പുഴ 1376, കോട്ടയം 552, ഇടുക്കി 533, എറണാകുളം 1010, തൃശൂര്‍ 935, പാലക്കാട് 1236, മലപ്പുറം 1560, കോഴിക്കോട് 1232, വയനാട് 239, കണ്ണൂര്‍ 341, കാസര്‍ഗോഡ് 533 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,06,861 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
ടി.പി.ആര്‍. അടിസ്ഥാനമാക്കിയുള്ള പ്രദേശങ്ങള്‍ കഴിഞ്ഞ ദിവസത്തേത് തന്നെ തുടരുകയാണ്. ടി.പി.ആര്‍. 8ന് താഴെയുള്ള 178, ടി.പി.ആര്‍. 8നും 20നും ഇടയ്ക്കുള്ള 633, ടി.പി.ആര്‍. 20നും 30നും ഇടയ്ക്കുള്ള 208, ടി.പി.ആര്‍. 30ന് മുകളിലുള്ള 16 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ ടി.പി.ആര്‍. അടിസ്ഥാനമാക്കി പരിശോധനയും വര്‍ധിപ്പിക്കുന്നതാണ്.തിരുവനന്തപുരം അതിയന്നൂര്‍, അഴൂര്‍, കഠിനംകുളം, കാരോട്, മണമ്പൂർ, മംഗലാപുരം, പനവൂര്‍, പോത്തന്‍കോട്, എറണാകുളം ചിറ്റാറ്റുകര, പാലക്കാട് നാഗലശേരി, നെന്മാറ, വല്ലപ്പുഴ, മലപ്പുറം തിരുനാവായ, വയനാട് ജില്ലയിലെ മൂപ്പൈനാട്, കാസര്‍ഗോഡ് ബേഡഡുക്ക, മധൂര്‍ എന്നിവയാണ് പ്രദേശങ്ങളാണ് ടി.പി.ആര്‍ 30ല്‍ കൂടുതലുള്ള പ്രദേശങ്ങള്‍.
പിണറായിയെ ചവിട്ടി വീഴ്‌ത്തിയെന്ന് പറഞ്ഞിട്ടില്ല; വാരികയില്‍ തെറ്റായ രീതിയിൽ വാർത്ത പ്രചരിപ്പിച്ചു;കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന മുഖ്യമന്ത്രിയുടെ ആരോപണം കളവ്;വിവാദത്തില്‍ പിണറായിക്ക് മറുപടിയുമായി കെ സുധാകരന്‍
കൊച്ചി: ബ്രണ്ണന്‍ കോളേജ് വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പിണറായി വിജയനെ ബ്രണ്ണന്‍ കോളേജ് പഠന കാലത്ത് മര്‍ദ്ദിച്ചെന്ന കാര്യം അഭിമുഖത്തില്‍ ഉള്‍പ്പെടുത്തില്ലെന്ന ഉറപ്പിന് മുകളില്‍ വ്യക്തിപരമായി പറഞ്ഞതാണെന്ന് സുധാകരന്‍ പ്രതികരിച്ചു. ലേഖകന്‍ ചെയ്ത ചതിയാണിതെന്നും അദ്ദേഹം പറഞ്ഞു.പി ആര്‍ ഏജന്‍സികള്‍ എഴുതി കൊടുക്കുന്നതിന് അപ്പുറത്തേക്കുള്ള യഥാര്‍ഥ പിണറായി ആയിരുന്നു ഇന്നലെ പത്രസമ്മേളനത്തില്‍ കണ്ടത്. മുഖ്യമന്ത്രിയുടേത് പൊളിറ്റിക്കല്‍ ക്രിമിനലിന്റെ ഭാഷയാണ്. ആ നിലവാരത്തിലേക്ക് താഴാന്‍ താനില്ലെന്ന് സുധാകരന്‍ പറഞ്ഞു.മക്കളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടെന്നതടക്കമുള്ള ആരോപണങ്ങള്‍ സുധാകരന്‍ നിഷേധിച്ചു. മുഖ്യമന്ത്രി ഉന്നയിച്ച ആരോപങ്ങളോട് അതേപോലെ മറുപടി പറയാന്‍ കഴിയില്ല. കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ഞാന്‍ പദ്ധതിയിട്ടെന്ന് മുഖ്യമന്ത്രിയെ അറിയിച്ച വ്യക്തിയുടെ പേര് എന്തുകൊണ്ടാണ് വെളിപ്പെടുത്താത്തത്? എന്തുകൊണ്ട് മുഖ്യമന്ത്രി അന്ന് പരാതി നല്‍കിയില്ല? ആരോടും പറഞ്ഞില്ലെന്നാണ് പിണറായി പറഞ്ഞത്. സ്വന്തം ഭാര്യയോട് പോലും പറഞ്ഞിട്ടില്ല പോലും. സ്വന്തം മക്കളുടെ കാര്യം ഭാര്യയോട് പറയില്ലേ? ആരോപണം വിശ്വാസയോഗ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാനും സുധാകരന്‍ വെല്ലുവിളിച്ചു. വിദേശ കറന്‍സി ഇടപാട് എനിക്കല്ല പിണറായി വിജയനാണ്. ഇവിടെ കള്ളക്കടത്ത് നടത്തിയത് മുഖ്യമന്ത്രിയുടെ ഓഫിസാണ്.മാഫിയ ബന്ധം എനിക്ക് ഉണ്ടെങ്കില്‍ അന്വേഷിക്കട്ടെ. അന്വേഷിക്കാന്‍ മുഖ്യമന്ത്രിയുടെ കൈയില്‍ ഭരണമുണ്ടല്ലോ. ആരാണ് മാഫിയയെന്ന് ജസ്റ്റിസ് സുകുമാരന്റെ റിപ്പോര്‍ട്ടിലുണ്ട്. തോക്ക് കൊണ്ട് നടക്കുന്ന പിണറായി ആണോ ഇതുവരെ തോക്ക് ഇല്ലാത്ത ഞാന്‍ ആണോ മാഫിയ എന്ന് ജനം പറയട്ടെ. വെടിയുണ്ട തന്റെ ബാഗിൽ നിന്നല്ല കണ്ടെടുത്തതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ബ്രണ്ണന്‍ കോളേജില്‍ എന്നെ നഗ്‌നനാക്കി നടത്തിയെന്ന മുഖ്യമന്ത്രിയുടെ ആരോപണം തെറ്റാണെന്നും സുധാകരൻ പറഞ്ഞു. ജീവിച്ചിരിക്കുന്ന ആരോടെങ്കിലും അന്വേഷിച്ചാല്‍ അത് മനസിലാകും. പിണറായി ഏതോ സ്വപ്ന ലോകത്താണ്. ആരോപണം തെളിയിച്ചാല്‍ എല്ലാ പണിയും നിര്‍ത്താം. മമ്പറം ദിവാകരന്‍ അടക്കം പാര്‍ട്ടി നേതാക്കള്‍ ഉന്നയിച്ചത് പിണറായി അന്വേഷിക്കട്ടെ. പാര്‍ട്ടിക്ക് അകത്ത് പാര്‍ട്ടി വിരുദ്ധര്‍ ഉണ്ടാകും. പ്രശാന്ത് ബാബു എന്നെ ആക്രമിക്കാന്‍ അവസരം ഉണ്ടാക്കിക്കൊടുത്ത ആളാണ്. അന്ന് മുതല്‍ പാര്‍ട്ടിക്ക് പുറത്താണ്. മമ്പറം ദിവാകരന്‍ പാര്‍ട്ടിക്ക് അകത്തും പുറത്തുമല്ലാതെ നില്‍ക്കുന്ന ആളാണ്. തന്റെ ഭാഗത്ത് പിഴവുണ്ടായെങ്കില്‍ തിരുത്തുമെന്നും സുധാകരന്‍ പറഞ്ഞു.