തിരുവനന്തപുരം : എസ്എസ്എൽസി, പ്ലസ് ടു വിദ്യാർത്ഥികൾക്ക് ഇത്തവണ ഗ്രേസ് മാർക്ക് നൽകേണ്ടതില്ലെന്ന് സർക്കാർ തീരുമാനം . കൊറോണ മൂലം കലാ-കായിക മത്സരങ്ങൾ അടക്കമുള്ള പാഠ്യേതര പ്രവർത്തനങ്ങൾ നടക്കാത്ത സാഹചര്യത്തിലാണിത്.നേരത്തെ ഇതുസംബന്ധിച്ച് എസ് സി ഇ ആർ ടി ശുപാർശ മുന്നോട്ടുവച്ചിരുന്നു. പ്രധാനമായും എസ് സി ഇ ആർ ടി വ്യക്തമാക്കിയിരുന്നത് വിദ്യാർത്ഥിയുടെ മുൻവർഷത്തെ സംസ്ഥാന തല മത്സരങ്ങളിലെ പ്രകടത്തിൻറെ ശരാശരി നോക്കി വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് അനുവദിക്കണമെന്നാണ്. എന്നാൽ ഇക്കാര്യത്തിൽ വിരുദ്ധ നിലപാടാണ് വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചത്.പരീക്ഷകൾ ഉദാരമായി നടത്തിയതിനാൽ ഗ്രേസ് മാർക്ക് നൽകേണ്ടതില്ലെന്ന നിലപാടാണ് സർക്കാരും, വിദ്യാഭ്യാസ വകുപ്പും സ്വീകരിച്ചത്.സ്കൗട്ട്, എൻസിസി, എൻഎസ്എസ് എന്നിവയിൽ അംഗങ്ങളായ വിദ്യാർത്ഥികൾക്കും ഗ്രേസ് മാർക്കില്ല.എസ്എസ്എൽസി പരീക്ഷാ മൂല്യനിർണ്ണയം ഇതിനകം പൂർത്തിയായിക്കഴിഞ്ഞു. ഗ്രേസ് മാർക്ക് ഉൾപ്പെടുത്തേണ്ട ആവശ്യമില്ലാത്തതിനാൽ ഫലം ഉടൻ പ്രസിദ്ധീകരിക്കും.
അനില്‍ കാന്ത് സംസ്ഥാനത്തെ പുതിയ പോലീസ് മേധാവി
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയായി അനില്‍കാന്തിനെ നിശ്ചയിച്ചു.ഡൽഹി സ്വദേശിയാണ്. നിലവില്‍ റോഡ് സുരക്ഷാ കമ്മിഷണറായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. പോലീസ് മേധാവി സ്ഥാനത്തു നിന്ന് ലോക് നാഥ് ബെഹ്‌റ വിരമിച്ചതിനെ തുടര്‍ന്നാണ് പുതിയ നിയമനം. മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.യുപിഎസ് സി നൽകിയ മൂന്ന് പേരുടെ പട്ടികയിൽ ഏറ്റവുമധികം സാധ്യത കൽപ്പിച്ചതും അനിൽ കാന്തിനായിരുന്നു. ബി സന്ധ്യ, സുദേഷ് കുമാർ എന്നിവരെ പരിഗണിച്ചിരുന്നവെങ്കിലും പിന്നീട് ഒഴിവാക്കുകയായിരുന്നു.1988 ബാച്ചിലെ ഐ.പി.എസ് ഓഫീസറായ അനില്‍കാന്ത് നിലവില്‍ റോഡ് സുരക്ഷാ കമ്മീഷണറാണ്. കേരളാകേഡറില്‍ എ.എസ്.പി ആയി വയനാട് സര്‍വ്വീസ് ആരംഭിച്ച അദ്ദേഹം തിരുവനന്തപുരം റൂറല്‍, റെയില്‍വേ എന്നിവിടങ്ങളില്‍ എസ്.പി ആയി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ന്യൂഡല്‍ഹി, ഷില്ലോംങ് എന്നിവിടങ്ങളില്‍ ഇന്‍റലിജന്‍സ് ബ്യൂറോയില്‍ അസിസ്റ്റന്‍റ് ഡയറക്ടര്‍ ആയി. മടങ്ങി എത്തിയ ശേഷം കൊച്ചി സിറ്റി പോലീസ് കമ്മീഷണറായും മലപ്പുറം, എറണാകുളം ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ എസ്.പി ആയും പ്രവര്‍ത്തിച്ചു. സ്പെഷ്യല്‍ ബ്രാഞ്ച്, തിരുവനന്തപുരം റേഞ്ച് എന്നിവിടങ്ങളില്‍ ഡി.ഐ.ജി ആയും സ്പെഷ്യല്‍ ബ്രാഞ്ച്, സ്റ്റേറ്റ് ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ ഐ.ജി ആയും ജോലി നോക്കി.ഇടക്കാലത്ത് അഡീഷണല്‍ എക്സൈസ് കമ്മീഷണര്‍ ആയിരുന്നു. എ.ഡി.ജി.പി ആയി സ്ഥാനക്കയറ്റം ലഭിച്ച ശേഷം കേരള പോലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആന്‍റ് മാനേജിംഗ് ഡയറക്ടര്‍ ആയിരുന്നു. സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ എ.ഡി.ജി.പി ആയും പ്രവര്‍ത്തിച്ചു. ഫയര്‍ഫോഴ്സ് ഡയറക്ടര്‍ ജനറല്‍, ബറ്റാലിയന്‍, പോലീസ് ആസ്ഥാനം, സൗത്ത്സോണ്‍, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ എ.ഡി.ജി.പി ആയും ജോലി നോക്കി. ജയില്‍ മേധാവി, വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്ഷന്‍ ബ്യൂറോ തലവന്‍, ഗതാഗത കമ്മീഷണര്‍ എന്നീ തസ്തികകളും വഹിച്ചിട്ടുണ്ട്. വിശിഷ്ടസേവനത്തിനും സ്തുത്യര്‍ഹസേവനത്തിനുമുളള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ലഭിച്ചിട്ടുണ്ട്. 64 ആമത് ഓള്‍ ഇന്ത്യ പോലീസ് ഗെയിംസ് വിജയകരമായി സംഘടിപ്പിച്ചതിന് കമന്‍റേഷനും 2018 ല്‍ ബാഡ്ജ് ഓഫ് ഓണറും ലഭിച്ചു.
സംസ്ഥാനത്തെ ആദ്യ ഗ്രോതവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയിലേക്ക് ഇടുക്കി എംപിയും യു ടൂബ് വ്‌ളോഗറും ചേര്‍ന്ന് നടത്തിയ യാത്ര വിവാദത്തില്‍
മൂന്നാർ:സംസ്ഥാനത്തെ ആദ്യ ഗ്രോതവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയിലേക്ക് ഇടുക്കി എംപി ഡീൻ കുര്യാക്കോസും യു ടൂബ് വ്‌ളോഗർ സുജിത് ഭക്തനും ചേര്‍ന്ന് നടത്തിയ യാത്ര വിവാദത്തില്‍.കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത യാത്രക്ക് പ്രവേശന അനുമതിയുണ്ടായിരുന്നെങ്കിലും വീഡിയോ ചിത്രീകരിക്കാനോ പ്രദര്‍ശിപ്പിക്കാനോ അനുമതി തേടിയിരുന്നില്ല.തിങ്കളാഴ്ച വൈകിട്ട് സോഷ്യൽ മീഡിയയിൽ എത്തിയ 38.28 മിനിറ്റ് ദൈർഗ്യമുള്ള വീഡിയോ ഇതുവരെ 2.5 ലക്ഷത്തോളം പേരാണ് കണ്ടത്. തങ്ങളുടെ സ്ത്രീകളുടെ അടക്കം ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ കുടി നിവാസികളും പ്രതിഷേധവുമായി രംഗത്തെത്തി. സഹായമെന്ന പേരില്‍ ഉല്ലാസ യാത്ര നടത്തി ഇതിന്റെ പേരില്‍ വരുമാനം ഉണ്ടാക്കാനാണ് ശ്രമം നടന്നതെന്നാണ് പരാതി ഉയരുന്നത്.സംഭവത്തില്‍ പരാതിയെ തുടര്‍ന്ന് മൂന്നാര്‍ പോലീസും വനംവകുപ്പും അന്വേഷണം ആരംഭിച്ചു. ഇടമലക്കുടി ട്രൈബല്‍ സ്‌കൂളിലേക്ക് സ്മാര്‍ട്ട് ക്ലാസിന്റെ ആവശ്യത്തിനായി ടിവിയും അനുബന്ധ ഉപകരണങ്ങളും നല്‍കുവാനും സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്യുവാനുമാണ് സംഘം പോയത്. ഇതിലേക്ക് വേണ്ട ഉപകരണങ്ങള്‍ വാങ്ങി നല്‍കിയതിന്റെ പേരിലാണ് സുജിത്ത് ഇങ്ങോട്ടെക്കെത്തിയത്.എംപി ഉള്‍പ്പെടെ പത്ത് പേര്‍ പ്രവേശിക്കുമെന്ന് മാത്രമാണ് പറഞ്ഞത്. രാജ്യത്ത് കൊവിഡ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യാത്ത രണ്ട് പഞ്ചായത്തുകളിലൊന്നാണ് ഇടുക്കിയിലെ ഇടമലക്കുടി. സെല്‍ഫ് ക്വാറന്റൈനിലുള്ള ഇവിടേക്ക് അത്യാവശ്യ സര്‍വീസ് അല്ലാതെ മറ്റാര്‍ക്കും പ്രവേശനം അനുവദിക്കാറില്ല. ഇവിടുത്തക്കാര്‍ ആവശ്യങ്ങള്‍ക്ക് മാത്രമാണ് പുറത്തെത്തുന്നത്.ഇവിടെ എത്തിയ സംഘം ഇങ്ങോട്ടുള്ള വഴി, സ്‌കൂള്‍, കുട്ടികള്‍, ഭക്ഷണം, പരിസരമെല്ലാം ചിത്രീകരിച്ചിട്ടുണ്ട്. വ്‌ളോഗര്‍ കുട്ടികള്‍ക്ക് ബിസ്‌കറ്റ് നല്‍കുന്നതും ദൃശ്യങ്ങളിലുണ്ട്.മുൻപും അനുമതിയില്ലാത്ത വനഭൂമിയില്‍ ചിത്രീകരണം നടത്തിയതിന് സുജിത്തിനെതിരെ കേസെടുത്തിട്ടുണ്ട്. അതേസമയം ഇടമലക്കുടിയില്‍ യൂട്യൂബറെ അനധികൃതമായി പ്രവേശിപ്പിച്ചെന്ന വിവാദത്തില്‍ പൂര്‍ണ്ണ ഉത്തരവാദിത്വം തനിക്കാണെന്നും, തെറ്റിദ്ധാരണ മൂലമാണ് വിവാദങ്ങളെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു. ഇടമലക്കുടിയില്‍ വിദ്യാഭ്യാസ സഹായം നല്‍കാമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് താന്‍ വിളിച്ചിട്ടാണ് യൂട്യൂബറായ സുജിത്ത് ഭക്തന്‍ എത്തിയത്. ജനപ്രതിനിധിയെന്ന നിലയില്‍ ഒപ്പം ആരെ കൊണ്ടുപോകണമെന്ന് തനിക്ക് തീരുമാനിക്കാം. കൊവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് സംഘം ഇടമലക്കുടിയിലെത്തിയതെന്നും എംപി കൂട്ടിച്ചേര്‍ത്തു.
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്; സജേഷ് ചോദ്യം ചെയ്യലിന് ഹാജരായി
തിരുവനന്തപുരം:കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ചെമ്പിലോട് ഡി വൈ എഫ് ഐ മുന്‍ മേഖല ഭാരവാഹി സി സജേഷ് ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ രാവിലെ 11 മണിയ്‌ക്ക് ഹാജരാകാനാണ് നോട്ടീസ് നല്‍കിയതെങ്കിലും സജേഷ് നേരത്തെയെത്തുകയായിരുന്നു.സജേഷ് കേസില്‍ പിടിയിലായ അര്‍ജുന്‍ ആയങ്കിയുടെ ബിനാമിയാണെന്നാണ് കസ്റ്റംസ് കോടതിയെ അറിയിച്ചിരിക്കുന്നത്.അര്‍ജുന്‍ ഉപയോഗിച്ച കാര്‍ സജേഷിന്‍റെ പേരിലാണ് രജിസ്റ്റര്‍ ചെയ്‌തത്. കസ്റ്റംസിന്‍റെ കസ്റ്റഡിയിലുള്ള അര്‍ജുന്‍ ആയങ്കിയെയും ഇടനിലനിരക്കാന്‍ മുഹമ്മദ് ഷെഫീഖിനെയും ഒപ്പമിരുത്തി സജേഷിനെ ചോദ്യം ചെയ്യും. സ്വര്‍ണകടത്തില്‍ സജേഷിന്‍റെ പങ്കും മറ്റ് സംഘങ്ങളെ കുറിച്ചുള്ള വിവരങ്ങളും തേടും.ഡിവൈഎഫ്ഐ ചെമ്പിലോട്ട് മേഖലാ സെക്രട്ടറിയും, സിപിഎം മൊയ്യാരം ബ്രാഞ്ച് സെക്രട്ടറിയുമാണ് സജേഷ്. കള്ളക്കടത്ത് വിവരം പുറത്തുവന്നതിന് പിന്നാലെ രണ്ട് സംഘടനകളും വാർത്താകുറിപ്പിലൂടെ സജേഷിനെ പുറത്താക്കിയിട്ടുണ്ട്.സഹകരണ ബാങ്ക് അപ്രൈസറായ സജേഷിൻ്റെ സഹായം കള്ളക്കടത്ത് സ്വർണം കൈകാര്യം ചെയ്യുന്നതിലുണ്ടായിട്ടുണ്ടോയെന്നും സംശയമുണ്ട്. സജേഷ് ജോലി ചെയ്യുന്ന കൊയ്യോട് സർവീസ് സഹകരണ ബാങ്കിലുൾപ്പെടെ പരിശോധന നടത്താനൊരുങ്ങുകയാണ് കസ്റ്റംസ്.
‘സ്വർണ്ണമെത്തിച്ചത് അർജ്ജുന് നൽകാൻ,25 തവണ തന്നെ വിളിച്ചു’;മുഹമ്മദ് ഷഫീഖിന്റെ നിര്‍ണായക മൊഴി
കോഴിക്കോട്:വിമാനത്താവളത്തില്‍ പിടികൂടിയ സ്വർണ്ണം അര്‍ജുന്‍ ആയങ്കിക്ക് നല്‍കാന്‍ കൊണ്ടുവന്നതാണ് കസ്റ്റംസ് പിടിയിലായ മുഹമ്മദ് ഷഫീഖിന്റെ നിര്‍ണായക മൊഴി.ദുബായില്‍ നിന്നും സ്വര്‍ണം കൈമാറിയവര്‍ അര്‍ജുന്‍ വരും എന്നാണ് തന്നെ അറിയിച്ചത്. അന്നും തലേന്നും 25 തവണയില്‍ അധികമാണ് തന്നെ അര്‍ജുന്‍ വിളിച്ചത്. വാട്സപ്പിലൂടെയായിരുന്നു കൂടുതല്‍ കോളുകളെന്നും ഷഫീഖ് കസ്റ്റംസിനോട് വ്യക്തമാക്കി.ഇരുവരയും ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്യലിലാണ് ഷഫീഖിൻ്റെ വെളിപ്പെടുത്തൽ. അതേ സമയം ഷഫീഖിൻ്റെ മൊഴി അർജ്ജുൻ നിഷേധിച്ചു.സ്വര്‍ണക്കടത്തില്‍ താന്‍ പങ്കെടുത്തിട്ടില്ലെന്നും കടം നല്‍കിയ പണം വിദേശത്ത് നിന്നെത്തുന്ന ഷെഫീഖില്‍ നിന്ന് തിരികെ വാങ്ങാനാണ് കരിപ്പൂരിലെത്തിയതെന്നുമായിരുന്നു അര്‍ജുന്‍ ആയങ്കി ഇന്നലെ മൊഴി നല്‍കിയത്. ഇത് തള്ളുന്നതാണ് ഷെഫീഖിന്റെ വാക്കുകള്‍.അര്‍ജുന്റെ മൊഴി വിശ്വാസയോഗ്യമല്ലെന്നും സ്വര്‍ണക്കടത്തില്‍ അര്‍ജുന്‍ പങ്കെടുത്തിതിന്റെ തെളിവ് ഉണ്ടെന്നും കസ്റ്റംസും വ്യക്തമാക്കുന്നു. ഫോണ്‍ രേഖകള്‍ അടക്കം ഇത് വ്യക്തമാക്കുന്ന തെളിവാണെന്നും കസ്റ്റംസ് അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് 13,550 പേർക്ക് കൊറോണ സ്ഥിരീകരിച്ചു; 104 മരണം; 10,283 പേർ രോഗമുക്തി നേടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,550 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 1708, കൊല്ലം 1513, തൃശൂർ 1483, എറണാകുളം 1372, പാലക്കാട് 1330, തിരുവനന്തപുരം 1255, കോഴിക്കോട് 1197, ആലപ്പുഴ 772, കണ്ണൂർ 746, കോട്ടയം 579, കാസർഗോഡ് 570, പത്തനംതിട്ട 473, ഇടുക്കി 284, വയനാട് 268 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,225 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11 ആണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 47 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,660 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 753 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1668, കൊല്ലം 1505, തൃശൂർ 1479, എറണാകുളം 1346, പാലക്കാട് 834, തിരുവനന്തപുരം 1128, കോഴിക്കോട് 1179, ആലപ്പുഴ 742, കണ്ണൂർ 672, കോട്ടയം 555, കാസർഗോഡ് 558, പത്തനംതിട്ട 455, ഇടുക്കി 278, വയനാട് 261 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.90 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 30, പാലക്കാട് 12, കാസർഗോഡ് 9, തിരുവനന്തപുരം, കൊല്ലം 7 വീതം, പത്തനംതിട്ട 6, കോട്ടയം, കോഴിക്കോട് 4 വീതം, എറണാകുളം, വയനാട് 3 വീതം, ഇടുക്കി, തൃശൂർ 2 വീതം, ആലപ്പുഴ 1 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10,283 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1341, കൊല്ലം 732, പത്തനംതിട്ട 481, ആലപ്പുഴ 705, കോട്ടയം 447, ഇടുക്കി 310, എറണാകുളം 1062, തൃശൂർ 1162, പാലക്കാട് 1005, മലപ്പുറം 923, കോഴിക്കോട് 913, വയനാട് 193, കണ്ണൂർ 594, കാസർഗോഡ് 415 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 99,174 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. ടി.പി.ആർ. അടിസ്ഥാനമാക്കിയുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങൾ കഴിഞ്ഞ ദിവസത്തേത് തന്നെ തുടരുകയാണ്. ടി.പി.ആർ. 8ന് താഴെയുള്ള 313, ടി.പി.ആർ. 8നും 16നും ഇടയ്ക്കുള്ള 545, ടി.പി.ആർ. 16നും 24നും ഇടയ്ക്കുള്ള 152, ടി.പി.ആർ. 24ന് മുകളിലുള്ള 24 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുമാണുള്ളത്.
സംസ്ഥാനത്ത് കൊറോണ നിയന്ത്രണങ്ങൾ ഒരാഴ്ച്ചത്തേയ്ക്ക് കൂടി നീട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ നിയന്ത്രണങ്ങൾ ഒരാഴ്ച്ചത്തേയ്ക്ക് കൂടി നീട്ടി. ലോക്ഡൗൺ നിയന്ത്രണങ്ങളെ കുറിച്ച് വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ പ്രദേശങ്ങളെ നാലായി തിരിച്ച് ഇളവുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തുന്നത് തുടരും.അതേസമയം കൂടുതൽ പ്രദേശങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താനും യോഗത്തിൽ തീരുമാനിച്ചു. തദ്ദേശ സ്ഥാപനങ്ങളെ തരംതിരിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഇനി ടിപിആർ ആറ് ശതമാനത്തിന് താഴെയുള്ള പ്രദേശങ്ങളിൽ മാത്രമായിരിക്കും പൂർണമായ ഇളവുകൾ ഉണ്ടാവുക. പൂജ്യം മുതൽ ആറ് ശതമാനം വരെ എ കാറ്റഗറിയിലും ആറ് മുതൽ ബി കാറ്റഗറിയിലും ആയിരിക്കും. 12 മുതൽ 18 ശതമാനം വരെ സി കാറ്റഗറിയും 18 മുകളിലേക്ക് ഡി കാറ്റഗറിയും ആയിരിക്കും. ടിപിആർ 18ന് മുകളിലുള്ള പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തും.എ കാറ്റഗറിയില്‍ സാധാരണ പോലെ പ്രവര്‍ത്തനങ്ങള്‍ നടക്കും. ബി കാറ്റഗറിയില്‍ മിനി ലോക്ക് ഡൗണിനു സമാനമായ വിധത്തിലും സിയില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുമായിരിക്കും ഉണ്ടാവുക. ഒരാഴ്ചയാണ് ഈ രീതിയില്‍ നിയന്ത്രണങ്ങള്‍ തുടരുക. ഏതൊക്കെ പ്രദേശങ്ങള്‍ ഏതെല്ലാം കാറ്റഗറിയില്‍ വരുമെന്ന് നാളെ വ്യക്തമാക്കും. അടുത്ത ചൊവ്വാഴ്ച വീണ്ടും യോഗം ചേര്‍ന്ന് നിയന്ത്രണങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുക്കും.
കെഎസ്‌ഇബിക്ക് തിരിച്ചടി;ചാര്‍ജ്ജ് വര്‍ധനവിനായി സമര്‍പ്പിച്ച കണക്ക് റെഗുലേറ്ററി കമ്മീഷന്‍ തള്ളി
തിരുവനന്തപുരം: കെഎസ്‌ഇബി വൈദ്യുതി ചാര്‍ജ്ജ് വര്‍ധനവിനായി സമര്‍പ്പിച്ച കണക്ക് റെഗുലേറ്ററി കമ്മീഷന്‍ തള്ളി. സി എ ജി അംഗീകരിച്ച 2017-18 സാമ്പത്തിക വര്‍ഷത്തെ കണക്കാണ് വൈദ്യുതിബോര്‍ഡ് റെഗുലേറ്ററി കമ്മീഷനില്‍ സമര്‍പ്പിച്ചത്. 1,331 കോടി കെ എസ് ഇ ബി ക്ക് റവന്യൂ കമ്മി ഉണ്ടായെന്നും ഈ തുക ഈടാക്കുന്നതിനായി വൈദ്യുതി ചാര്‍ജില്‍ വര്‍ദ്ധനവ് വരുത്തണമെന്നായിരുന്നു കെഎസ്‌ഇബിയുടെ ആവശ്യം.13,865 കോടി രൂപ ആകെ ചെലവ് വന്ന കണക്കാണ് വൈദ്യുതിബോര്‍ഡ് സമര്‍പ്പിച്ചത്. എന്നാല്‍ ഇതില്‍ ചിലവിനത്തില്‍ സൂചിപ്പിച്ച 1,237 കോടിയാണ് കമ്മീഷന്‍ വെട്ടിക്കുറച്ചത്.മുന്‍കാലങ്ങളിലും കെഎസ്‌ഇബി സമര്‍പ്പിക്കുന്ന കണക്കുകള്‍ അതേപടി റെഗുലേറ്ററി കമ്മീഷന്‍ അംഗീകരിക്കാറില്ല. പക്ഷേ ഇത്ര വലിയ തുക വെട്ടി കുറയ്ക്കുന്നത് സമീപകാലത്ത് ഇത് ആദ്യമാണ്.വന്യൂ ഗ്യാപ്പ് കമ്മീഷന്‍ കണക്കില്‍ വെട്ടി കുറച്ചതോടെ പ്രതീക്ഷിച്ച നിരക്കില്‍ വൈദ്യുതി വര്‍ദ്ധനവ് ഇനി ഉണ്ടാകില്ല.കെഎസ്‌ഇബി സമര്‍പ്പിക്കുന്ന വരുമാനനഷ്ട കണക്കുകളുടെ അടിസ്ഥാനത്തില്‍ ആണ് വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കുക.
കരിപ്പൂർ സ്വർണ്ണക്കടത്ത് കേസ്;അർജ്ജുൻ ആയങ്കിയെ ജൂലൈ ആറ് വരെ കസ്റ്റഡിയിൽ വിട്ടു
കൊച്ചി: കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ അർജ്ജുൻ ആയങ്കിയെ ജൂലൈ ആറ് വരെ കസ്റ്റഡിയിൽ വിട്ടു.കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയുടേതാണ് ഉത്തരവ്. കേസിൽ കൂടുതൽ ചോദ്യം ചെയ്യലിന് പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അന്വേഷണ സംഘം അപേക്ഷ നൽകിയിരുന്നു.അർജ്ജുൻ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കസ്റ്റംസ് പറഞ്ഞു. എന്നാൽ കസ്റ്റംസിന്റെ ആരോപണങ്ങൾ അർജ്ജുൻ നിഷേധിച്ചിരുന്നു.സ്വര്‍ണക്കടത്തിന്റെ മുഖ്യകണ്ണി അര്‍ജുനാണെന്നതിനു ഡിജിറ്റല്‍ തെളിവുണ്ട്. സ്വര്‍ണക്കടത്തിന് എത്തിയതിന് ഡിജിറ്റല്‍ തെളിവുണ്ട്. അര്‍ജുന്‍ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചു. അര്‍ജുന്‍ സഞ്ചരിച്ച കാര്‍ ഇയാളുടെ സ്വന്തമാണ്. എന്നാല്‍, കാര്‍ രജിസ്റ്റര്‍ ചെയ്തത് ബിനാമിയായ സജേഷിന്റെ പേരിലാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിൽ ഇന്നലെയാണ് അർജ്ജുനെ കസ്റ്റംസ് അറസ്റ്റ് ചെയ്യുന്നത്.ഷഫീക്കിന്റെ കയ്യില്‍ സ്വര്‍ണമുണ്ടെന്ന് അര്‍ജുന് അറിയാമായിരുന്നുവെന്നും കോടതിയെ കസ്റ്റംസ് അറിയിച്ചു.അതേസമയം, റമീസിനു ലഭിക്കാനുള്ള പണം ഷഫീക്കില്‍നിന്ന് തിരികെ വാങ്ങാനാണ് വിമാനത്താവളത്തില്‍ എത്തിയതെന്നാണ് അര്‍ജുന്‍ കസ്റ്റംസിന് നല്‍കിയ മൊഴിയെന്നാണു ലഭ്യമായ വിവരം. റമീസിനൊപ്പമാണ് അര്‍ജുന്‍ വിമാനത്താവളത്തില്‍ എത്തിയത്. കാര്‍ ഒളിപ്പിക്കാനുള്ള ശ്രമത്തിനിടയില്‍ മൊബൈല്‍ ഫോണ്‍ വെള്ളത്തില്‍ പോയെന്നും അര്‍ജുന്‍ മൊഴി നല്‍കിയതായാണു വിവരം.കസ്റ്റഡിയിലുള്ള പ്രതി മുഹമ്മദ് ഷെഫീഖിനെ കസ്റ്റംസ് ഓഫീസില്‍ എത്തിച്ചിട്ടുണ്ട്. ഷെഫീഖിനെ അര്‍ജുന് ഒപ്പം ഇരുത്തി ചോദ്യം ചെയ്യും.
വാഹനാപകടത്തില്‍ പരുക്കേറ്റ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സക്കെത്തിയ യുവാവ് ആശുപത്രി അടിച്ചു തകര്‍ത്തു; ആക്രമണത്തില്‍ പൊലീസുകാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും പരിക്ക്
കണ്ണൂര്‍: ബൈക്കപകടത്തിൽ പരിക്കേറ്റതിനെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് അക്രമാസക്തനായി.യുവാവ് കണ്ണൂര്‍ ജില്ലാ ആശുപത്രി അടിച്ചു തകര്‍ക്കുകയും ജീവനക്കാരെയും പൊലിസുകാരെയും മര്‍ദ്ദിക്കുകയും ചെയ്തു. കണ്ണൂര്‍ സിറ്റി എസ്‌ഐ ബാബുജോണ്‍, സീനിയര്‍ സി.പി.ഒ സ്‌നേഹേഷ്, ആശുപത്രി ഡാറ്റ എന്‍ട്രി ഓപറേറ്റര്‍ ആദിഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.സംഭവത്തില്‍ നീര്‍ച്ചാല്‍ സ്വദേശി ജംഷീറിനെതിരെ പൊലീസ് കേസെടുത്തു. തിങ്കളാഴ്ച പുലര്‍ച്ചയോടെ സിറ്റി മരക്കാര്‍കണ്ടിയില്‍ നടന്ന വാഹനാപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്നാണ് ജംഷീറിനെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.പ്രാഥമിക ചികിത്സ ലഭിച്ചശേഷം ഉണര്‍ന്ന ഇയാള്‍ ആശുപത്രി ജീവനക്കാരുടെ നിര്‍ദ്ദേശം വകവെക്കാതെ ഇറങ്ങിപ്പോയി. സുഹൃത്തുക്കള്‍ക്കൊപ്പം തിരിച്ചെത്തിയ ജംഷീര്‍ ആദിഷിനെയും പൊലീസ് ഉദ്യോഗസ്ഥരെയും കൈയേറ്റം ചെയ്യുകയായിരുന്നു. അത്യാഹിത വിഭാഗത്തിലെ കൗണ്ടര്‍, കസേരകള്‍ എന്നിവ അടിച്ചുതകര്‍ക്കുകയും ഉപകരണങ്ങള്‍ എടുത്തെറിയുകയും ചെയ്തു. സംഭവശേഷം ഇയാളെ സുഹൃത്തുക്കള്‍ കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു.പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. വാഹനാപകടത്തില്‍ തലക്കും മറ്റും പരിക്കേറ്റതിനാല്‍ ഇയാള്‍ നിലവില്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.