ബംഗ്ലാദേശിൽ ജ്യൂസ് ഫാക്ടറിക്ക് തീപിടിച്ച്‌ 52 മരണം;നിരവധി പേര്‍ അതീവ ഗുരുതരാവസ്ഥയില്‍

keralanews 52 killed in fire in juice factory in bangladesh many injured

ധാക്ക:ബംഗ്ലാദേശിൽ ജ്യൂസ് ഫാക്ടറിക്ക് തീപിടിച്ച്‌ 52 പേർ വെന്തുമരിച്ചു.നാരായൺഗഞ്ച് ജില്ലയിലെ രൂപ്ഗഞ്ച് മേഖലയിലെ ഷെഹ്‌സാൻ ജ്യൂസ് നിർമ്മാണ ശാലയിലാണ് തീപിടുത്തം നടന്നത്. ആറു നിലകളുള്ള നിർമ്മാണ ശാല പൂർണ്ണമായും അഗ്നിക്കിരയായി. ദുരന്തത്തില്‍ 50 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പലരുടേയും നില അതീവ ഗുരുതരമാണ്.രാസവസ്തുക്കളും പ്ലാസ്റ്റിക് കുപ്പികളും കെട്ടിടത്തിനുള്ളിലുണ്ടായിരുന്നത് തീപിടിത്തം രൂക്ഷമാക്കി. താഴത്തെ നിലയില്‍ നിന്നാണ് തീ പടര്‍ന്നത്. അതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. കെട്ടിടത്തില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച തൊഴിലാളികള്‍ക്കാണ് കൂടുതലും പരിക്കേറ്റിരിക്കുന്നത്.44 പേരെ കാണാനില്ലെന്ന പരാതിയിൽ എല്ലാവരും അഗ്നിബാധയിൽ കൊല്ലപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചു. തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയിട്ടില്ലെന്നാണ് അഗ്നിശമന സേനാ വിഭാഗം അറിയിക്കുന്നത്. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ അഞ്ചംഗ ഉന്നത തല സമിതിയെ ധാക്ക ജില്ലാ ഭരണകൂടം നിയോഗിച്ചു.

നിക്ഷേപ പദ്ധതികളുടെ ചർച്ചയ്ക്കായി കിറ്റെക്‌സ് ഗ്രൂപ്പ് ഇന്ന് ഹൈദരാബാദിലേയ്ക്ക്

keralanews kitex group to visit hyderabad today to discuss investment plans

കൊച്ചി:നിക്ഷേപ പദ്ധതികളുടെ ചർച്ചയ്ക്കായി തെലുങ്കാന സര്‍ക്കാറിന്റെ ഔദ്യോഗിക ക്ഷണം സ്വീകരിച്ച്‌ കിറ്റെക്‌സ് ഗ്രൂപ്പ് ഇന്ന് ഹൈദരാബാദിലേയ്ക്ക് യാത്രതിരിക്കും. കേരളത്തില്‍ ഉപേക്ഷിച്ച 3,500 കോടിയുടെ നിക്ഷേപ പദ്ധതികളുടെ ചര്‍ച്ചക്കായാണ് കിറ്റെക്‌സിന്റെ എം ഡി സാബു എം ജേക്കബിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം തെലുങ്കാനയിലക്ക് പോകുന്നത്. കൂടിക്കാഴ്ച്ചയ്ക്കായി തെലങ്കാന സർക്കാർ അയച്ച സ്വകാര്യ ജെറ്റ് വിമാനത്തിലാണ് യാത്ര. രാവിലെ പത്തരയോടെയാകും സാബു ജേക്കബ് യാത്ര തിരിക്കുക. നിക്ഷേപം നടത്താന്‍ വന്‍ ആനൂകൂല്യങ്ങളാണ് തെലങ്കാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. നേരത്തെ വ്യവസായ മന്ത്രി കെ ടി രാമറാവുവുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും കിറ്റെക്‌സ് എം ഡി ടെലിഫോണില്‍ സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചാണ് തെലങ്കാനയിലേയ്ക്ക് പോകുന്നത് എന്നും കമ്പനി വ്യക്തമാക്കിയിരുന്നു. കിറ്റെക്‌സ് ഗ്രൂപ്പ് എംഡി സാബു ജേക്കബിനൊപ്പം ഡയറക്ടർമാരായ കെഎൽവി നാരായണൻ, ബെന്നി ജോസഫ്, ഓപ്പറേഷൻസിന്റെ വൈസ് പ്രസിഡന്റ് ഹർകിഷൻ സിങ് സോധി, സിഎഫ്ഒ ബോബി മൈക്കിൾ, ജനറൽ മാനേജർ സജി കുര്യൻ തുടങ്ങിയ ആറംഗ സംഘമാണ് കൊച്ചിയിൽ നിന്ന് തിരിക്കുന്നത്.

കബളിപ്പിക്കപ്പെട്ടതറിഞ്ഞ് പൊട്ടിക്കരഞ്ഞ് രേഷ്മ; ഗ്രീഷ്മയുടെ ആണ്‍സുഹൃത്തിനെക്കുറിച്ചുള്ള വിവരം ബന്ധുക്കളോട് പറഞ്ഞത് പകയ്ക്ക് കാരണമായേക്കാം

keralanews reshma realized that she has been deceived telling relatives about greeshmas boyfriend may have caused resentment

കൊല്ലം: കല്ലുവാതുക്കലില്‍ കുഞ്ഞിനെ കരിയിലകൂട്ടത്തില്‍ ഉപേക്ഷിച്ച കേസില്‍ താന്‍ കബളിപ്പിക്കപ്പെട്ടതറിഞ്ഞ് പൊട്ടിക്കരഞ്ഞ് രേഷ്മ.ഇരുവരും ചേര്‍ന്ന് കബളിപ്പിക്കുകയാണെന്ന വിവരം പോലീസ് പറഞ്ഞെങ്കിലും രേഷ്മ ആദ്യം സമ്മതിച്ചില്ല. എന്നാല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിശദീകരിച്ചപ്പോഴാണ് താന്‍ കബളിപ്പിക്കപ്പെട്ടുവെന്ന് രേഷ്മ തിരിച്ചറിഞ്ഞത്.ഇന്നലെ രേഷ്മയെ പോലീസ് ജയിലിലെത്തി ചോദ്യം ചെയ്തിരുന്നു. ഗ്രീഷ്മയുടെ ആണ്‍സുഹൃത്തിനെ കുറിച്ചുള്ള വിവരം ബന്ധുക്കളോട് പറഞ്ഞതില്‍ ഗ്രീഷ്മയ്ക്ക് തന്നോട് പകയുണ്ടാകാമെന്ന് രേഷ്മ പറയുന്നു.അനന്തുവിനെ കാണാനായി വര്‍ക്കലയില്‍ പോയിട്ടുണ്ട്. അന്ന് അനന്തുവിനെ കാണാന്‍ പറ്റിയിട്ടില്ല. അതിന് ശേഷമാവാം തന്നെ കബളിപ്പിച്ചത്. ഗര്‍ഭിണിയാണെന്ന കാര്യം ചാറ്റിങില്‍ സൂചിപ്പിച്ചിട്ടില്ല. അനന്തുവെന്ന ആണ്‍ സുഹൃത്ത് തനിക്കുണ്ടായിരുന്നുവെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു രേഷ്മ.തുടര്‍ന്ന് തെളിവുകള്‍ സഹിതം പൊലീസ് ഇക്കാര്യം വിശദീകരിച്ചപ്പോഴാണ്, ഗ്രീഷ്മയുടെ ആണ്‍സുഹൃത്തിനെ കുറിച്ച്‌ വീട്ടില്‍ പറഞ്ഞതിലുള്ള പകയാകാം കബളിപ്പിക്കലിന് കാരണമെന്ന് രേഷ്മ വ്യക്തമാക്കിയത്. രേഷ്മയുടെ ഭര്‍ത്താവിന്റെ സഹോദരിയുടെ മകളാണ് ഗ്രീഷ്മ. ആര്യ രേഷ്മയുടെ ഭര്‍ത്താവിന്റെ സഹോദരഭാര്യയുമാണ്. പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെ ഇരുവരും ഇത്തിക്കരയാറ്റില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.ജനുവരി 5നാണ് കല്ലുവാതുക്കല്‍ ഊഴായ്‌ക്കോട് ക്ഷേത്രത്തിനു സമീപം റബര്‍ തോട്ടത്തിലെ കരിയിലക്കുഴിയില്‍ പൊക്കിള്‍ക്കൊടി പോലും മുറിക്കാത്ത നിലയില്‍ ആണ്‍കുഞ്ഞിനെ കണ്ടെത്തിയത്. പിന്നാലെ നടന്ന അന്വേഷണത്തില്‍ രേഷ്മ അറസ്റ്റിലായി. അനന്തു എന്ന ഫെയ്‌സുബുക്ക് സുഹൃത്തിനൊപ്പം ജീവിക്കുന്നതിനു വേണ്ടിയാണ് താന്‍ കുഞ്ഞിനെ പ്രസവിച്ചയുടന്‍ ഉപേക്ഷിച്ചതെന്ന് രേഷ്മ മൊഴി നല്‍കി. തുടര്‍ന്ന് അനന്തുവിനായി നടത്തിയ അന്വേഷണത്തിലാണ് അനന്തു എന്ന പേരില്‍ രേഷ്മയുടെ ബന്ധുക്കളായ ആര്യയും ഗ്രീഷ്മ എന്നിവരാണ് ഫെയ്‌സ്ബുക്കിലൂടെ ചാറ്റു ചെയ്തിരുന്നതെന്ന് പൊലീസ് കണ്ടെത്തിയത്.

കൊറോണയ്ക്കിടെ ആശങ്കയായി സിക്ക വൈറസും; തിരുവനന്തപുരത്ത് ഗർഭിണിയ്ക്ക് വൈറസ്ബാധ സ്ഥിരീകരിച്ചു

keralanews zika virus confirmed in kerala pregnant woman in thiruvananthapuram found infected

തിരുവനന്തപുരം:കൊറോണ ഭീഷണിക്കിടെ സംസ്ഥാനത്ത് ആശങ്കയായി സിക്ക വൈറസും. തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള ഗർഭിണിയ്ക്ക് വൈറസ്ബാധ സ്ഥിരീകരിച്ചു. പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് 24 കാരിക്ക് രോഗമുള്ളതായി കണ്ടെത്തിയത്.ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന് കൈമാറിയിട്ടുണ്ട്.സർക്കാർ ഔദ്യോഗിക അറിയിപ്പ് പുറപ്പെടുവിച്ചു.പനി, തലവേദന, ശരീരത്തിലെ ചുവന്ന പാടുകൾ എന്നിവയാണ് സിക്ക വൈറസ് ബാധയുടെ ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങളുമായി കഴിഞ്ഞ മാസം 28നാണ് യുവതി ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. ആശുപത്രിയിൽ നടത്തിയ ആദ്യ പരിശോധനയിൽ ചെറിയ തോതിലുള്ള പോസിറ്റീവ് കാണിച്ചു. തുടർന്ന് വിശദമായ പരിശോധയ്ക്കായി സാമ്പിൾ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കുകയായിരുന്നു.സമാന ലക്ഷണങ്ങളുമായി ചികിത്സ തേടിയ നഗരസഭാ പരിധിയ്ക്കുള്ളിലെ 13 പേർക്ക് സിക്ക വൈറസ് ബാധയുള്ളതായി സംശയമുണ്ട്. ഇവരുടെ പരിശോധനാ ഫലങ്ങൾ ഉടൻ ലഭിക്കും.നിലവിൽ യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പിന്റെ അറിയിപ്പിൽ പറയുന്നു.യുവതിയുടെ പ്രസവം സാധാരണ നിലയിൽ നടന്നു. ഇവർക്ക് കേരളത്തിന് പുറത്തുള്ള യാത്രാ ചരിത്രമൊന്നുമില്ല. പക്ഷെ അവരുടെ വീട് തമിഴ്നാട് അതിർത്തിയിലാണ്. ഒരാഴ്ച മുമ്പ് അവരുടെ അമ്മയ്ക്കും സമാനമായ രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു.പ്രാഥമികമായി സിക്ക വൈറസാണെന്ന് കണ്ടപ്പോൾ തന്നെ ആരോഗ്യ വകുപ്പ് കൃത്യമായ നടപടികൾ സ്വീകരിച്ചു. ജില്ലാ സർവൈലൻസ് ടീം, ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ്, സംസ്ഥാന എന്റമോളജി ടീം എന്നിവർ പാറശാലയിലെ രോഗബാധിത പ്രദേശം സന്ദർശിക്കുകയും നിയന്ത്രണ നടപടികൾ ആരംഭിക്കുകയും ചെയ്തു. ദുരിതബാധിത പ്രദേശത്തു നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും ശേഖരിച്ച ഈഡിസ് കൊതുകിന്റെ സാമ്പിളുകൾ പിസിആർ പരിശോധനയ്ക്കായി അയയ്ക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും. എല്ലാ ജില്ലകൾക്കും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.സംസ്ഥാനത്ത് ആദ്യമായാണ് സിക്ക വൈറസ് സ്ഥിരീകരിക്കുന്നത്. സംസ്ഥാനത്തു നിന്നും പരിശോധനയ്ക്ക് അയച്ച 19 സാമ്പിളുകളിൽ 13ഉം പോസീറ്റീവാണെന്നാണ് സൂചന. തിരുവനന്തപുരത്ത് പനി ബാധിച്ച്‌ ചികിത്സ തേടിയവരില്‍ ഡെങ്കിപ്പനിയുടെയും ചിക്കന്‍ഗുനിയുടെയും ലക്ഷണങ്ങളാണ് ഉണ്ടായിരുന്നത്. പരിശോധനയില്‍ ഇവ രണ്ടുമല്ലെന്ന് തെളിഞ്ഞതോടെയാണ് സാമ്പിളുകൾ പൂനെയിലേക്ക് അയച്ചത്.പ്രാഥമികമായി സിക്ക വൈറസാണെന്ന് കണ്ടപ്പോള്‍ തന്നെ ആരോഗ്യ വകുപ്പ് കൃത്യമായ നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രി മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.

രാജ്യദ്രോഹ കേസില്‍ ഐഷ സുൽത്താനയെ കവരത്തി പോലീസ് ചോദ്യം ചെയ്യുന്നു

keralanews kavaratti police questioning aisha sulthana in sedition case

കൊച്ചി: രാജ്യദ്രോഹ കേസില്‍ ഐഷ സുൽത്താനയെ കവരത്തി പോലീസ് വീണ്ടും ചോദ്യം ചെയ്യുന്നു.കൊച്ചി കാക്കനാട്ടെ ഫ്ലാറ്റില്‍ എത്തിയാണ് ചോദ്യം ചെയ്യൽ.മുന്‍കൂട്ടി അറിയിക്കാതെ, നോടീസ് നല്‍കാതെയാണ് സംഘം കൊച്ചിയിലെത്തിയത്.രാജ്യവിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ മൂന്നാം തവണയാണ് ഐഷയെ പോലീസ് ചോദ്യം ചെയ്യുന്നത്. ആദ്യ തവണ കേന്ദ്രസർക്കാരിനെതിരായ പരാമർശം നടത്താനുണ്ടായ സാഹചര്യങ്ങളെക്കുറിച്ചായിരുന്നു പ്രധാനമായും പോലീസ് ചോദ്യം ചെയ്തത്. രണ്ടാം തവണ സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങളാണ് പോലീസ് ഐഷയോട് ചോദ്യം ചെയ്തത്.രണ്ടാം വട്ട ചോദ്യം ചെയ്യലിന് ശേഷം ഐഷയുടെ മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിൽ നിന്നും നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഇതേ തുടർന്നാണ് ഐഷയെ ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ രണ്ട് വട്ടവും ലക്ഷദ്വീപിലേക്ക് വിളിപ്പിച്ചായിരുന്നു ചോദ്യം ചെയ്യൽ.

കേരളത്തിൽ നിന്നും ബം​ഗളുരുവിലേക്കുള്ള കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകള്‍ ഞാറാഴ്ച മുതല്‍

keralanews ksrtc service from kerala to bengaluru from sunday

തിരുവനന്തപുരം:കേരളത്തില്‍ നിന്നും ബംഗളുരുവിലേക്കുള്ള കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകള്‍ ഞായറാഴ്ച മുതല്‍ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ എന്നിവടങ്ങില്‍ നിന്നുമാണ് ആദ്യഘട്ടത്തില്‍ സര്‍വ്വീസ് നടത്തുക. തിരുവനന്തപുരത്ത് നിന്നുള്ള സര്‍വ്വീസുകള്‍ ഞായര്‍ ( ജൂലൈ 11 ) വൈകുന്നേരം മുതലും, കണ്ണൂര്‍, കോഴിക്കോട് നിന്നുള്ള സര്‍വ്വീസുകള്‍ തിങ്കളാഴ്ച( ജൂലൈ 12) മുതലും ആരംഭിക്കും.അന്തര്‍ സംസ്ഥാന ഗതാഗതത്തിന് തമിഴ്നാട് അനുമതി നല്‍കാത്ത സാഹചര്യത്തില്‍ കോഴിക്കോട്, കണ്ണൂര്‍ വഴിയുള്ള സര്‍വ്വീസുകളാണ് കെ.എസ്.ആര്‍.ടി.സി നടത്തുക. യാത്ര ചെയ്യേണ്ടവര്‍ കര്‍ണ്ണാടക സര്‍ക്കാരിന്റെ കോവിഡ് പ്രോട്ടോകോള്‍ പ്രകാരമുള്ള 72 മണിക്കൂര്‍ മുന്‍പുള്ള ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ, ഒരു ഡോസ് വാക്സിന്‍ എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റോ യാത്രയില്‍ കരുതണം.കൂടുതല്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് അധിക സര്‍വ്വീസുകള്‍ വേണ്ടി വന്നാല്‍ കൂടുതല്‍ സര്‍വ്വീസുകള്‍ നടത്തും. ഈ സര്‍വ്വീസുകള്‍ക്കുള്ള സമയ വിവരവും, ടിക്കറ്റുകളും www.online.keralartc.com എന്ന വെബ് സൈറ്റിലൂടെയും ‘Ente KSRTC’ എന്ന മൊബൈല്‍ ആപ്പിലൂടെയും മുന്‍കൂട്ടി റിസര്‍വ്വ് ചെയ്യാവുന്നതാണ്.

സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഓണത്തിന് സ്‌പെഷ്യല്‍ കിറ്റ് നൽകും

keralanews special kit for all ration card owners in the state for onam

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഓണത്തിന് സ്‌പെഷ്യല്‍ കിറ്റ് നല്‍കാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ജുലൈ മാസത്തെയും ഓഗസ്റ്റിലെയും കിറ്റുകള്‍ ഒരുമിച്ച്‌ ചേര്‍ത്തായിരിക്കും സ്‌പെഷ്യല്‍ കിറ്റ്. 84 ലക്ഷം സ്‌പെഷ്യല്‍ കിറ്റാണ് വിതരണം ചെയ്യുക. റേഷന്‍ വ്യാപാരികള്‍ക്ക് ഏഴരലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷ അനുവദിക്കാനും യോഗത്തില്‍ തീരുമാനമായി.തിരുവനന്തപുരം മൃഗശാലയില്‍ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച ജീവനക്കാരന്‍ ഹര്‍ഷാദിന്റെ കുടുംബത്തിന് 20 ലക്ഷം രൂപ ധനസഹായം അനുവദിച്ചു. ഇതില്‍ 10 ലക്ഷം വീട് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ നല്‍കും. ആശ്രിതക്ക് സര്‍ക്കാര്‍ ജോലി നല്‍കും.18 വയസ്സുവരെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവും സര്‍ക്കാര്‍ വഹിക്കും.ഈ മാസം 21 മുതല്‍ നിയമസഭാ സമ്മേളനം വിളിച്ച്‌ ചേര്‍ക്കാന്‍ ഗവര്‍ണ്ണറോട് ശിപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.അതേ സമയം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പില്‍ സെക്രട്ടറി എം ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നത് മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തില്ല.

അനധികൃത സ്വത്ത് സമ്പാദന കേസ്;കെ എം ഷാജിയെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യുന്നു

keralanews illegal property acquisition case vigilance questions km shaji again

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കെ.എം.ഷാജിയെ തുടര്‍ച്ചയായ രണ്ടാം ദിവസവും വിജിലന്‍സ് ചോദ്യം ചെയ്യുന്നു. ഇന്നലെ ഷാജിയെ മൂന്ന് മണിക്കൂറിലേറെ നേരം വിജിലന്‍സ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.ചോദ്യം ചെയ്യലിനുശേഷം പുറത്തിറങ്ങിയ ഷാജി മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഷാജിയെ നേരത്തേ ചോദ്യം ചെയ്തിരുന്നുവെങ്കിലും മൊഴികളില്‍ വൈരുധ്യം കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇന്നലെ വീണ്ടും വിളിപ്പിച്ചത്. ഷാജിയുടെ വീട് കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പ് അളന്നിരുന്നു. ഇതില്‍ ക്രമക്കേട് കണ്ടെത്തിയതായാണ്‌ വിവരം. കണ്ണൂരിലെ വീട്ടില്‍ നിന്ന്‌ കണ്ടെടുത്ത 47 ലക്ഷത്തില്‍പ്പരം രൂപയുടെ രേഖകള്‍ ഹാജരാക്കിയതിലും പൊരുത്തക്കേടുണ്ടെന്നാണ് അറിയുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനായി പണം പിരിച്ച രസീതിന്‍റെ കൗണ്ടര്‍ ഫോയിലുകളും മിനിറ്റ്‌സിന്‍റെ രേഖകളും ഷാജി തെളിവായി നല്‍കിയിരുന്നു. എന്നാല്‍ ഇത് വ്യാജമായി ഉണ്ടാക്കിയതാണോ എന്നാണ് വിജിലന്‍സ് സംശയിക്കുന്നത്.മണ്ഡലം കമ്മിറ്റിയാണ് തിരഞ്ഞെടുപ്പ് ഫണ്ട് പിരിക്കാന്‍ തീരുമാനിച്ചതെന്നാണ് കെ എം ഷാജി മൊഴി നല്‍കിയിരുന്നത്. തിരഞ്ഞെടുപ്പ് ചെലവിലേക്കായി പിരിച്ചെടുത്ത തുകയാണ് വിജിലന്‍സ് തന്‍റെ വീട്ടില്‍ നിന്ന് കണ്ടെത്തിയതെന്നും പറഞ്ഞിരുന്നു. ഷാജിക്ക് വരവില്‍ക്കവിഞ്ഞ സ്വത്ത് ഉള്ളതായി നേരത്തെ വിജിലന്‍സ് കണ്ടെത്തിയിരുന്നു. നവംബറില്‍ ഷാജിക്കെതിരെ പ്രാഥമിക അന്വേഷണവും നടത്തി. തുടര്‍ന്നാണ് ഷാജിക്കെതിരെ വിജിലന്‍സ് കേസെടുത്തത്.

മുതിർന്ന കോൺഗ്രസ്സ് നേതാവും ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ വീരഭദ്ര സിങ് അന്തരിച്ചു

keralanews senior congress leader and former himachal pradesh chief minister veerabhadra singh has passed away

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ്സ് നേതാവും ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ വീരഭദ്ര സിങ്(87) അന്തരിച്ചു.ആറാം തീയതിയാണ് ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹത്തെ ഇന്ദിരാഗാന്ധി മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ഒൻപത് തവണ എംഎൽഎ ആയിട്ടുള്ള വീരഭദ്ര സിങ് ആറ് തവണ ഹിമാചൽ പ്രദേശിന്റെ മുഖ്യമന്ത്രിയായിരുന്നിട്ടുണ്ട്. നിലവിൽ ആർക്കി നിയോജകമണ്ഡലത്തില്നിന്നുള്ള നിയമസഭാ അംഗമാണ്.രണ്ട് മാസത്തിനിടെ രണ്ട് തവണയാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആരോഗ്യനില മോശമാകുകയായിരുന്നു. ഭാര്യ മുൻ എംപിയായിരുന്ന പ്രതിഭ സിങ് . മകൻ വിദ്രമാദിത്യ ഷിംല റൂറലിലെ എംഎൽഎയാണ്. വീരഭദ്ര സിങ് കേന്ദ്ര മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പട്ടാമ്പി പീഡനക്കേസ്; പിന്നില്‍ വന്‍ മയക്കുമരുന്ന് സംഘമെന്ന് പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍

keralanews pattambi rape case big drug gang behind it said parents of the girl

പാലക്കാട്:പട്ടാമ്പിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിനിരയായ സംഭവത്തിന് പിന്നിൽ വന്‍ മയക്കുമരുന്ന് സംഘമെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍.പെണ്‍കുട്ടിയുടെ ഫോണില്‍ നിന്നും കിട്ടിയ ഇത് വ്യക്തമാക്കുന്ന വിവരങ്ങള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.മുഖ്യമന്ത്രിയ്ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ കാമുകന്‍, അയല്‍വാസികള്‍, പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. ഇരയായ പെണ്‍കുട്ടിയെ കൂടാതെ മറ്റ് നിരവധി പെണ്‍കുട്ടികള്‍ റാക്കറ്റിന്റെ വലയില്‍ ഉണ്ടെന്നും ഈ ദിശയിലേക്ക് കൂടി അന്വേഷണം വേണമെന്നും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആവശ്യപ്പെടുന്നുണ്ട്. വിവാഹവാഗ്‌ദാനം നല്‍കിയാണ്‌ പീഡനത്തിനിരയാക്കിയതെന്നും കഞ്ചാവ്‌, കൊക്കെയ്‌ന്‍, എം.ഡി.എം.എ. തുടങ്ങിയ ലഹരിവസ്‌തുക്കള്‍ക്കു പെണ്‍കുട്ടിയെ അടിമയാക്കിയെന്നും പരാതിയില്‍ പറയുന്നു.സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇവര്‍ പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തുന്നത്. ഇതിന് പിന്നില്‍ വലിയ സംഘമുണ്ടോയെന്ന് സംശയമുണ്ടെന്നും ഇരയായ പെണ്‍കുട്ടി പറഞ്ഞു.ആദ്യം ലഹരിമരുന്ന് നല്‍കിയെങ്കിലും ഉപയോഗിച്ചില്ല. നഗ്‌നചിത്രങ്ങളും വീഡിയോയും കൈയ്യിലുണ്ടെന്ന് പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തി. കോളേജിലെത്തിയുള്‍പ്പെടെ ഭീഷണി തുടര്‍ന്നതോടെ പഠനം നിര്‍ത്തേണ്ടി വന്നു. സമ്മര്‍ദ്ധം താങ്ങാനാവാതെയാണ് മയക്കുമരുന്ന് ഉപയോഗിച്ച്‌ തുടങ്ങിയത്. പിന്നെ പിന്നെ ലഹരി ഉപയോഗം പതിവായി.കാര്യങ്ങള്‍ പുറത്ത് പറഞ്ഞാല്‍ ഉമ്മയെയും എന്നെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് നേരത്തെ ഒന്നും തുറന്നു പറയാതിരുന്നതെന്നും പെൺകുട്ടി പറഞ്ഞു.  ക്രൂരമായ പീഡനവും ഭീഷണിയും മൂലം മാനസികനില തകരാറിലായ പെണ്‍കുട്ടി തൃശൂര്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌.