ആയുര്‍വേദ ആചാര്യന്‍ ഡോ. പി.കെ. വാര്യര്‍ അന്തരിച്ചു;വിട വാങ്ങിയത് രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ച മഹനീയ വ്യക്തിത്വം

keralanews doyen of ayurveda dr p k warrier who was honored by the country with the padma bhushan passed away

കോട്ടക്കല്‍: ആയുര്‍വേദാചാര്യന്‍ പത്മഭൂഷണ്‍ ഡോ. പികെ വാരിയര്‍(100) അന്തരിച്ചു. കോട്ടക്കലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. കോട്ടക്കല്‍ ആര്യ വൈദ്യശാലയുടെ മാത്രമല്ല, ആയുര്‍വേദത്തെ ലോകത്തിന്റെ നെറുകയില്‍ എത്തിക്കുന്നതില്‍ മുഖ്യപങ്കു വഹിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റെത്. ഇക്കഴിഞ്ഞ ജൂണ്‍ എട്ടാം തീയ്യതിയാണ് അദ്ദേഹം നൂറാം പിറന്നാള്‍ ആഘോഷിച്ചത്.രാജ്യത്തെ ഏറ്റവും പ്രശസ്തമായ ആയുര്‍വേദ ചികിത്സാ സ്ഥാപനമായ കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ മേധാവിയായിരുന്നു.ആയുര്‍വേദത്തിന് ശാസ്ത്രീയ മുഖം നല്‍കിയ പ്രതിഭ എന്ന നിലയിലാണ് ചരിത്രം ഡോ.പി.കെ. വാര്യരെ അടയാളപ്പെടുത്തുന്നത്. സ്മൃതി പര്‍വ്വം എന്ന പി.കെ. വാര്യരുടെ ആത്മകഥക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലെമ്പാടും പിന്നീട് രാജ്യത്തിന് പുറത്തേക്കും കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ പ്രവ‍ര്‍ത്തനം വ്യാപിപ്പിച്ചത് ഡോ.പി.കെവാര്യരാണ്. 1999-ല്‍ പത്മശ്രീയും 2009-ല്‍ പത്മഭൂഷണും നല്‍കി രാജ്യം ആ വൈദ്യരത്നത്തെ ആദരിച്ചു. ഡിലിറ്റ് ബിരുദം നല്‍കി കോഴിക്കോട് സ‍ര്‍വ്വകലാശാലയും അദ്ദേഹത്തെ അനുമോദിച്ചു.അന്തരിച്ച കോടി തലപ്പണ ശ്രീധരന്‍ നമ്ബൂതിരിയുടേയും വൈദ്യരത്നം പി.എസ്. വാരിയരുടെ സഹോദരി പാര്‍വതി എന്ന കുഞ്ചി വാരസ്യാരുടെയും മകനായാണ് ജനനം. ഭാര്യ: വിദുഷിയും കവയിത്രിയും സഹൃദയയുമായിരുന്ന കക്കടവത്ത് വാരിയത്ത് മാധവിക്കുട്ടി വാരസ്യാര്‍. മക്കള്‍: ഡോ. കെ.ബാലചന്ദ്രന്‍, സുഭദ്രരാമചന്ദ്രന്‍, പരേതനായ വിജയന്‍ വാര്യര്‍. മരുമക്കള്‍: രാജലക്ഷ്മി, രതി വിജയന്‍.

എം ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ കാലാവധി നീട്ടി

keralanews suspension period of m sivasankar extended

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ കാലാവധി നീട്ടി. ക്രിമിനല്‍ കേസില്‍ പ്രതിയായ സാഹചര്യത്തിലാണ് പുതിയ നടപടി. സിവില്‍ സര്‍വീസ് ചട്ടലംഘനത്തിനാണ് നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നത്. സസ്പെന്‍ഷന്‍ കാലാവധി നീട്ടിയ കാര്യം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചു. സസ്പെന്‍ഷന്‍ കാലാവധി ജൂലൈ 16 ന് അവസാനിക്കാനിരിക്കെയാണ് തീരുമാനം. സ്വര്‍ണക്കടത്തുകേസിലെ പ്രതികളുമായുള്ള അടുപ്പവും സ്വപ്ന സുരേഷിനെ സര്‍ക്കാര്‍ ഓഫിസില്‍ നിയമിച്ചതിനെ സംബന്ധിച്ച്‌ അറിവുണ്ടായിരുന്നതുമാണ് സസ്‌പെന്‍ഷനിലേക്കു നയിച്ചത്. ചീഫ് സെക്രട്ടറി, ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറി എന്നിവരടങ്ങിയ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു 2020 ജൂലൈ 16ന് ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും റജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പ്രതിയാണ് ശിവശങ്കര്‍. ക്രിമിനല്‍ കുറ്റത്തിന് അന്വേഷണമോ വിചാരണയോ നേരിടുന്ന ഐഎഎസ് ഉദ്യോഗസ്ഥനെ സംസ്ഥാന സര്‍ക്കാരിനു സസ്പെന്‍ഡ് ചെയ്യാം എന്നാണ് ചട്ടം. 2023 ജനുവരി മാസംവരെ ശിവശങ്കറിനു സര്‍വീസ് ശേഷിക്കുന്നുണ്ട്.

സ്വർണ്ണക്കടത്ത് കേസിൽ പ്രതികൾ ജയിൽ ചട്ടങ്ങൾ ലംഘിച്ചതായി ജയിൽവകുപ്പ്; ജയിലിനകത്ത് ലഹരി ഉപയോഗമെന്നും റിപ്പോർട്ട്

keralanews jail officials say accused in gold smuggling case violated jail rules drug use also reported inside the jail

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾ ജയിൽ ചട്ടങ്ങൾ ലംഘിച്ചതായി ജയിൽ വകുപ്പിന്റെ റിപ്പോർട്ട്.പ്രതികളായ റമീസും സരിത്തും ജയില്‍ നിയമങ്ങള്‍ പാലിക്കുന്നില്ലെന്നാണ് ജയില്‍ വകുപ്പിന്‍റെ പരാതി.ഈ മാസം അഞ്ചിന് രാത്രി റമീസ് സെല്ലിനുള്ളില്‍ സിഗരറ്റ് വലിച്ചു. സരിത്തും സമീപമുണ്ടായിരുന്നു. സി സി ടി വി ദ്യശ്യങ്ങള്‍ കണ്ട് പരിശോധിക്കാനായി എത്തിയ ഉദ്യോഗസ്ഥരോട് പ്രതികള്‍ തട്ടി കയറിയെന്നും അധികൃതര്‍ പറയുന്നു. കഴിഞ്ഞ അഞ്ചാം തീയതി റമീസ് ലഹരി ഉപയോഗിക്കുന്നുവെന്ന സംശയത്തിൽ സെല്ലിൽ പരിശോധന നടത്തിയിരുന്നു. തുടർന്ന് സെല്ല് കാണുന്ന തരത്തിൽ സിസി ടി.വി ക്യാമറ വച്ചപ്പോഴാണ് സരിത് ക്യാമറയെ മറച്ചുകൊണ്ട് റമീസിന് ലഹരി ഉപയോഗിക്കാൻ സഹായമൊരു ക്കുന്നതായി മനസ്സിലായതെന്നും പോലീസ് പറയുന്നു.പുറത്ത് നിന്നും യഥേഷ്‌ടം ഭക്ഷണം വേണമെന്നാണ് പ്രതികളുടെ ആവശ്യം. സൗന്ദര്യ സംരക്ഷണ വസ്‌തുക്കള്‍ ഉള്‍പ്പടെ റമീസിന് പാഴ്‌സല്‍ എത്തുന്നുണ്ട്. ജയില്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ ഇത് കൈമാറുനില്ല.അതുകൊണ്ട് ഉദ്യോഗസ്ഥരെ പ്രതികള്‍ നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നും അധികൃതര്‍ പറയുന്നു. കസ്റ്റംസ് – എന്‍ ഐ എ കോടതിയില്‍ പൂജപ്പുര ജയില്‍ സൂപ്രണ്ട് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കി. ഈ മാസം എട്ടിനാണ് റിപ്പോര്‍ട്ട് നല്‍കിയതെന്നാണ് വിവരം.ജയിൽ ഉദ്യോഗസ്ഥർക്കെതിരേയും സുരക്ഷാ പ്രശ്‌നത്തിനെതിരേയും സരിത് എൻ.ഐ.എ കോടതിയിൽ പരാതി നൽകിയതിന് പിന്നാലെയാണ് ജയിൽ വകുപ്പ് ഇരുവർക്കുമെതിരെ റിപ്പോർട്ട് സമർപ്പിച്ചത്. ജയിലിൽ തങ്ങൾക്ക് വധഭീഷണിയുണ്ടെന്നും നേതാക്കളുടെ പേര് പറയാൻ ഉദ്യോഗസ്ഥർ സമ്മർദ്ദം നടത്തുന്നതായും സരിത്ത് പരാതി നൽകിയിരുന്നു.അതേസമയം, പ്രതികളെ കേരളത്തിന് പുറത്തെ ജയിലിലേക്ക് മാറ്റാനുളള നീക്കവും നടക്കുന്നുണ്ട്. സരിത്ത് ഉള്‍പ്പടെ കോഫെപോസ ചുമത്തിയ പ്രതികളെയാണ് മാറ്റുന്നത്.

കോവിഡ് വ്യാപനം;സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ്ണ വാരാന്ത്യ ലോക്ക്ഡൗണ്‍

keralanews covid spread complete weekend lockdown today and tomorrow in the state

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ്ണ വാരാന്ത്യ ലോക്ക്ഡൗണ്‍. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് തുറക്കാന്‍ അനുമതി.ഹോട്ടലുകളില്‍ നിന്ന് ഹോം ഡെലിവറിയും അനുവദിക്കും. സ്വകാര്യ ബസ് സര്‍വീസ് ഉണ്ടായിരിക്കില്ല. കെ.എസ്.ആര്‍.ടി.സി പരിമിത സര്‍വീസായിരിക്കും നടത്തുക.കൊവിസ് വ്യാപനം കുറയുന്നുണ്ടെങ്കിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിലാണ് വാരാന്ത്യ ലോക്ക് ഡൗണ്‍ തുടരുന്നത്. ഇന്നും നാളെയും കര്‍ശന പരിശോധന ഉണ്ടായിരിക്കുമെന്നും അറിയിച്ചു .

കോപ്പാ അമേരിക്ക; ബ്രസീൽ- അർജ്ജന്റീന സ്വപ്ന ഫൈനൽ ഇന്ന്

keralanews copa america brazil argentina dream final today

ബ്രസീലിയ:കോപ്പ അമേരിക്ക ഫുട്‌ബോളിലെ സ്വപ്ന ഫൈനല്‍ പോരാട്ടത്തില്‍ ഇന്ന് അര്‍ജന്റീനയും ബ്രസീലും ഏറ്റുമുട്ടും.നെയ്മറുടെ നേതൃത്വത്തിൽ ബ്രസീലും ഉജ്ജ്വല ഫോമിലുള്ള അർജ്ജന്റീനയ്ക്കായി ലയണൽ മെസ്സിയും ഏറ്റുമുട്ടുന്നു എന്നതാണ് ആരാധകരെ ആവേശത്തിലാക്കുന്നത്. ചരിത്രമുറങ്ങുന്ന മാറക്കാനയിലെ പുല്‍മൈതാനിയില്‍ ഞായര്‍ പുലര്‍ച്ചെ 5.30നാണ് മത്സരം. നെയ്മറിനെയും മെസ്സിയേയും നെഞ്ചേറ്റുന്ന ഫുട്‌ബോള്‍ പ്രേമികള്‍ തമ്മിലുള്ള മത്സരവും കൂടിയാവും ഇത്. കിരീടം നിലനിര്‍ത്താന്‍ ബ്രസീല്‍ ഇറങ്ങുമ്പോൾ 1993ന് ശേഷം ആദ്യ കിരീടം നേടുകയാണ് അര്‍ജന്റീനയുടെ ലക്ഷ്യം. കൊളംബിയയെ തോൽപ്പിച്ചാണ് അർജ്ജന്റീന ഫൈനലിലെത്തിയത്. ബ്രസീൽ പെറുവിനെയാണ് സെമിയിൽ തോൽപ്പിച്ചത്. തികഞ്ഞ ആത്മവിശ്വാസത്തിലാണ് തിയാഗോ സില്‍വ നായകനായ ബ്രസീല്‍ ടീം. ഗോളടിച്ചും ഗോളടിപ്പിച്ചും നെയ്മര്‍ പുറത്തെടുക്കുന്നത് ആരാധകരെ ത്രസിപ്പിക്കുന്ന പ്രകടനമാണ്. അതേ സമയം ലയണല്‍ സ്‌കലോണിയെന്ന പരിശീലകന് കീഴില്‍ മികച്ച പോരാട്ട വീര്യമാണ്. അര്‍ജന്റീന ടീം പുറത്തെടുക്കുന്നത്. ലയണല്‍ മെസ്സിയും ലൗട്ടാരോ മാര്‍ട്ടിനെസും പാപ്പു ഗോമസും നിക്കോളാസ് ഗോണ്‍സാലസുമെല്ലാം മിന്നും ഫോമിലാണ്.കഴിഞ്ഞ സീസണിലെ കിരീടം നിലനിര്‍ത്താനാണ് ബ്രസീല്‍ ഇറങ്ങുന്നതെങ്കില്‍ 1993ന് ശേഷം കാത്തിരിക്കുന്ന കിരീടനേട്ടത്തിന് വിരാമമിടാനാണ് അര്‍ജന്റീന ഇറങ്ങുന്നത്. കോപയില്‍ ബ്രസീലിന്റെ 21ാം ഫൈനലാണിത്. അര്‍ജന്റീനയുടേതാവട്ടെ, 29ാം ഫൈനലും. 2016ലാണ് അര്‍ജന്റീന അവസാനമായി ഫൈനലിലെത്തിയത്. അവിടെ ചിലിയോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടാനായിരുന്നു വിധി. കോപായിലെ 10ാം കിരീടത്തിലേക്കാണ് ബ്രസീല്‍ കണ്ണുവയ്ക്കുന്നതെങ്കില്‍ 15 തവണ കിരീടം ചൂടി തലപ്പത്തിരിക്കുന്ന ഉറുഗ്വേയ്‌ക്കൊപ്പം റെക്കോര്‍ഡ് കിരീടനേട്ടം പങ്കിടാനാണ് അര്‍ജന്റീന കളത്തിലിറങ്ങുന്നത്. ഇതുവരെ 14 കിരീടനേട്ടമാണ് അര്‍ജന്റീനയുടെ അക്കൗണ്ടിലുള്ളത്.

ജമ്മു കാശ്മീര്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച എം.ശ്രീജിത്തിന്റെ മൃതദേഹം സംസ്‌കരിച്ചു

keralanews deadbody of jawan sreejith martyred in jammu kashmir cremated

കോഴിക്കോട്: ജമ്മു കാശ്മീരില്‍ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സുബേദാര്‍ എം. ശ്രീജിത്തിന്റെ മൃതദേഹം സംസ്‌കരിച്ചു. രാവിലെ ഏഴ് മണിക്ക് കോഴിക്കോട് കൊയിലാണ്ടിയിലെ വീട്ടുവളപ്പിലാണ് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകള്‍ നടന്നത്. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ കോയമ്പത്തൂരിൽ എത്തിച്ച ഭൗതിക ശരീരം ഇന്നലെ അര്‍ദ്ധരാത്രിയിലാണ് കൊയിലാണ്ടിയില്‍ എത്തിച്ചത്. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ മൃതദേഹം വീട്ടിലെത്തിച്ചു. ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയെത്തിയാണ് മൃതദേഹം ഏറ്റുവാങ്ങിയത്. മന്ത്രി എ.കെ ശശീന്ദ്രന്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിലാണ് നായ്ബ് സുബേദാര്‍ എം ശ്രീജിത് വീരമൃത്യുവരിച്ചത്. നുഴഞ്ഞു കയറാനുള്ള പാക് ഭീകരരുടെ ശ്രമം തടയുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ആക്രമണത്തില്‍ ശ്രീജിത്തും ആന്ധ്രപ്രദേശ് സ്വദേശി എം ജസ്വന്ത് റെഡ്ഡിയും വീരമൃത്യു വരിച്ചു.

സിക്ക വൈറസ്;തിരുവനന്തപുരത്ത് നിന്നും പരിശോധനയ്ക്കയച്ച 17 സാമ്പിളുകളുടെ ഫലം നെഗറ്റീവ്; കൂടുതല്‍ സാമ്പിളുകൾ പരിശോധിക്കും

keralanews zika virus 17 samples sent from thiruvananthapuram tested negative more samples will be tested

തിരുവനന്തപുരം: സിക വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് തിരുവനന്തപുരത്ത് നിന്നും പരിശോധനയ്ക്കയച്ച  17 സാംപിളുകളുടെ ഫലം നെഗറ്റീവ്.പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നുള്ള ഫലമാണ് ലഭിച്ചത്.ഗര്‍ഭാവസ്ഥയില്‍ സിക്ക സ്ഥിരീകരിച്ച യുവതിയുടെ സ്വദേശമായ പാറശാലയില്‍ നിന്നുള്‍പ്പെടെയുളളവരുടെ ഫലമാണ് പുറത്തുവന്നത്. കൂടുതല്‍ സാമ്പിളുകളുടെ ഫലം വരാനുണ്ട്.തിരുവനന്തപുരത്ത് ഇതുവരെ 14 സിക കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. നഗരസഭാ പരിധിയില്‍ ഉള്‍പ്പടെ ഇനിയും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാദ്ധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്.അതിനാല്‍ ഗര്‍ഭിണികള്‍ ആദ്യ നാല് മാസത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തുകയും പരിശോധനയ്ക്ക് വിധേയരാവുകയും ചെയ്യണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്‌ത തിരുവനന്തപുരം നഗരസഭാ പരിധിയില്‍ പരിശോധന കര്‍ശനമാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. നഗരത്തിലെ നൂറ് വാര്‍ഡുകളില്‍ നിന്നായി കൂടുതല്‍ സാമ്പിളുകൾ ശേഖരിച്ച്‌ പരിശോധിക്കാനാണ് തീരുമാനം. തിരുവനന്തപുരം നഗരസഭയ്‌ക്കും ജില്ലാ പഞ്ചായത്തിനും ഇതുസംബന്ധിച്ച്‌ കര്‍ശന നിര്‍ദേശങ്ങളാണ് ആരോഗ്യവകുപ്പ് നല്‍കിയിരിക്കുന്നത്.വൈറസ് പ്രതിരോധത്തിന് കര്‍മ്മപദ്ധതി രൂപീകരിച്ചാണ് ജില്ലാ ഭരണകൂടം മുന്നോട്ട് നീങ്ങുന്നത്. ലാബുകളോട് സിക്ക സംശയമുള്ള കേസുകള്‍ പ്രത്യേകം റിപ്പോര്‍ട്ട് ചെയ്യാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആരോഗ്യകേന്ദ്രങ്ങളില്‍ പനി ക്ലീനിക്കുകള്‍ ഉറപ്പാക്കും.തിരുവനന്തപുരത്തെത്തിയ കേന്ദ്ര ഉന്നതതല സംഘം ഇന്ന് തലസ്ഥാനത്തെ സ്ഥിതി വിലയിരുത്തും. രോഗബാധ റിപ്പോര്‍ട്ട് ചെയ്‌ത നഗരസഭാ പരിധിയിലും പാറശാലയിലും ഉള്‍പ്പടെ സംഘം സന്ദര്‍ശിക്കും. ആരോഗ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്‌ച നടത്തുന്ന സംഘം രോഗപ്രതിരോധം സംബന്ധിച്ച്‌ നിര്‍ദേശങ്ങള്‍ നല്‍കും.

സംസ്ഥാനത്ത് ഇന്ന് 13,563 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.40; 10,454പേര്‍ക്ക് രോഗമുക്തി

keralanews 13563 covid cases confirmed in the state today 10454 cured

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 13,563 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 1962, കോഴിക്കോട് 1494, കൊല്ലം 1380, തൃശൂർ 1344, എറണാകുളം 1291, തിരുവനന്തപുരം 1184, പാലക്കാട് 1049, കണ്ണൂർ 826, ആലപ്പുഴ 706, കോട്ടയം 683, കാസർഗോഡ് 576, പത്തനംതിട്ട 420, വയനാട് 335, ഇടുക്കി 313 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,424 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.4 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 130 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,380 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 52 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,769 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 685 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1933, കോഴിക്കോട് 1464, കൊല്ലം 1373, തൃശൂർ 1335, എറണാകുളം 1261, തിരുവനന്തപുരം 1070, പാലക്കാട് 664, കണ്ണൂർ 737, ആലപ്പുഴ 684, കോട്ടയം 644, കാസർഗോഡ് 567, പത്തനംതിട്ട 407, വയനാട് 325, ഇടുക്കി 305 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.57 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 20, കാസർഗോഡ് 7, പത്തനംതിട്ട 6, തിരുവനന്തപുരം, കൊല്ലം, എറണാകുളം, പാലക്കാട് 4 വീതം, തൃശൂർ 3, വയനാട് 2, കോട്ടയം, മലപ്പുറം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10,454 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 854, കൊല്ലം 769, പത്തനംതിട്ട 277, ആലപ്പുഴ 511, കോട്ടയം 542, ഇടുക്കി 206, എറണാകുളം 1389, തൃശൂർ 1243, പാലക്കാട് 1060, മലപ്പുറം 1038, കോഴിക്കോട് 765, വയനാട് 128, കണ്ണൂർ 816, കാസർഗോഡ് 856 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ടി.പി.ആർ. 5ന് താഴെയുള്ള 86, ടി.പി.ആർ. 5നും 10നും ഇടയ്ക്കുള്ള 382, ടി.പി.ആർ. 10നും 15നും ഇടയ്ക്കുള്ള 370, ടി.പി.ആർ. 15ന് മുകളിലുള്ള 196 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.

കണ്ണൂരിൽ അഗതിമന്ദിരത്തിലുണ്ടായ ഭക്ഷ്യവിഷബാധയില്‍ ഒരാള്‍ മരിച്ചു

keralanews one person died of food poisoning incident at an orphanage in kannur

കണ്ണൂർ: തോട്ടട അവേരയിലെ അഗതിമന്ദിരത്തിലുണ്ടായ ഭക്ഷ്യവിഷബാധയില്‍ ഒരാള്‍ മരിച്ചു. അന്തേവാസിയായ പിതാംബരന്‍(65) ആണ് മരിച്ചത്. തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിനു കീഴിലുള്ള അഗതിമന്ദിരത്തിലാണ് അന്തേവാസികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്. ഉച്ചയോടെയാണ് സംഭവം  റിപ്പോര്‍ട്ട് ചെയ്തത്. വിഷബാധയേറ്റ മറ്റു നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മറ്റൊരാള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്തില്‍നിന്നാണ് വിഷബാധയുണ്ടായതെന്ന കൃത്യമായ നിഗമനത്തിലെത്താന്‍ ആശുപത്രി അധികൃതര്‍ക്ക് സാധിച്ചിട്ടില്ല.ഇതുസംബന്ധിച്ച്‌ അഗതിമന്ദിരം അധികൃതരും വ്യക്തത വരുത്തിയിട്ടില്ല. ആട്ടപ്പൊടിയില്‍നിന്നോ വെള്ളത്തില്‍നിന്നോ ആകാം വിഷബാധയേറ്റതെന്നാണ് സ്ഥാപന അധികൃതര്‍ നല്‍കുന്ന സൂചന. കണ്ണുര്‍സിറ്റി പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.സംഭവത്തില്‍ ദൂരൂഹതയുണ്ടെന്നാണ് പോലീസ് പറയുന്നു. നിരവധി അന്തേവാസികള്‍ താമസിക്കുന്ന അഗതി മന്ദിരത്തിലെ മറ്റാര്‍ക്കും ഭക്ഷ്യവിഷബാധയേറ്റിട്ടില്ല. ഒരു മുറിയില്‍ താമസിച്ച ആളുകള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഭക്ഷണത്തില്‍ മുറിയിലെ ആരെങ്കിലും ഒരാള്‍ വിഷം കലര്‍ത്തിയതാവാമെന്നും പോലീസ് സംശയിക്കുന്നു.

മദ്യശാലകൾക്ക് മുന്നിലുള്ള തിരക്ക് നിയന്ത്രിക്കാൻ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി ബെവ്‌കോ

keralanews bevco has issued guidelines to control congestion in front of beverages

തിരുവനന്തപുരം:മദ്യശാലകൾക്ക് മുന്നിലുള്ള തിരക്ക് നിയന്ത്രിക്കാൻ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി ബെവ്‌കോ.ബിവറേജസിന് മുന്നിൽ ആളുകൾ കൂടി നിൽക്കുന്നതിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബെവ്‌കോ പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്.ഔട്ട്‌ലറ്റുകളിൽ കൗണ്ടറുകളുടെ എണ്ണം കൂട്ടണം. അനൗൺസ്‌മെൻറ് നടത്തുകയും ടോക്കൺ സമ്പ്രദായം നടപ്പാക്കുകയും ചെയ്യണം. ആളുകളെ നിയന്ത്രിക്കാൻ പോലീസിൻറെ സഹായം തേടണമെന്നും ബെവ്‌കോ നിർദ്ദേശത്തിൽ പറയുന്നു. മദ്യം വാങ്ങാനെത്തുന്നവർക്ക് കുടിവെള്ളം അടക്കമുള്ള സൗകര്യം നൽകണം. ആളുകൾ തമ്മിൽ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പു വരുത്താൻ വട്ടം വരച്ച് അതിനകത്ത് മാത്രമേ ആളുകളെ നിർത്താവൂ എന്നും ബെവ്‌കോ അറിയിച്ചു.നിലവിലുള്ള രണ്ട് കൗണ്ടറുകളുടെ സ്ഥാനത്ത് ആറ് കൗണ്ടറുകൾ വേണമെന്നാണ് നിർദേശം. അടിസ്ഥാന സൗകര്യം കുറവുള്ള ഷോപ്പുകൾ മാറ്റണം. 30 ലക്ഷത്തിൽ കൂടുതൽ കച്ചവടം നടക്കുന്ന ഔട്ട്‌ലറ്റുകളിലെ ഫോട്ടോയും വീഡിയോയും അയക്കണമെന്നും ബെവ്‌കോ ആവശ്യപ്പെടുന്നു. മദ്യക്കടകളിൽ ആളുകൾ കൊറോണ മാനദണ്ഡങ്ങൾ പാലിക്കാതെ ക്യൂ നിൽക്കുന്നതിൽ ഹൈക്കോടതി സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. കല്യാണത്തിന് 20 പേരെ മാത്രം അനുവദിക്കുമ്പോൾ മദ്യവിൽപന ശാലകൾക്ക് മുന്നിൽ അഞ്ഞൂറിലധികം പേർ ക്യൂ നിൽക്കുകയാണെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. രാജ്യത്തെ കൊറോണ രോഗികളിൽ മൂന്നിലൊന്നും കേരളത്തിലായിട്ടും മദ്യശാലയ്ക്ക് മുന്നിലെ തിരക്ക് നിയന്ത്രിക്കാൻ ഒരു നടപടികളുമുണ്ടാകുന്നില്ലെന്ന് കോടതി കുറ്റപ്പെടുത്തി. തുടർന്ന് തിരക്ക് നിയന്ത്രിക്കാൻ വേണ്ടി ബാറുകളിൽ വിദേശമദ്യ വിൽപ്പന ആരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു.