തിരുവനന്തപുരം: മിക്‌സ്ചര്‍ തൊണ്ടയില്‍ കുടുങ്ങി ഒന്നാം ക്ലാസുകാരി മരിച്ചു. തിരുവനന്തപുരം കോട്ടന്‍ഹില്‍ സ്കൂൾ വിദ്യാര്‍ഥിനി നിവേദിതയാണ് മരിച്ചത്. ഓട്ടോ തൊഴിലാളിയായ രാജേഷിന്റെ ഏകമകളാണ് നിവേദിത.കുഞ്ഞ് മിക്‌സ്ചര്‍ കഴിച്ചുകൊണ്ടിരിക്കവേ തൊണ്ടയില്‍ കുടുങ്ങി ശ്വാസം മുട്ടുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് കാസര്‍കോട് വണ്ടു തൊണ്ടയില്‍ കുടുങ്ങി ഒരു വയസുകാരന്‍ മരിച്ചത്. നുള്ളിപ്പാടി ചെന്നിക്കരയിലെ എ.സത്യേന്ദ്രന്റെ മകന്‍ എസ്.അന്‍വേദാണ് മരിച്ചത്.വീട്ടിനകത്ത് കളിച്ച് കൊണ്ടിരിക്കെ കഴിഞ്ഞ ദിവസം വൈകുന്നേരം ആറോടെ കുട്ടി കുഴഞ്ഞുവീണ് ബോധരഹിതനാകുകയായിരുന്നു.
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു;5 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തലസ്ഥാനത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ നിന്നും കോയമ്പത്തൂരിലെ ലാബില്‍ പരിശോധനയ്ക്ക് അയച്ച സാമ്പിളിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഈ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ 73 വയസുകാരിയിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് 19 പേര്‍ക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.അതേസമയം എന്‍.ഐ.വി. ആലപ്പുഴയില്‍ അയച്ച 5 സാമ്പിളുകൾ കൂടി നെഗറ്റീവായി.
പാലക്കാട് അമ്പലപ്പാറയിൽ യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ടു;സുഹൃത്തിനെ വിഷം അകത്തുചെന്ന് അവശനിലയില്‍ കണ്ടെത്തി
പാലക്കാട്: തിരുവിഴാംകുന്ന് അമ്പലപ്പാറയിൽ യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ടു.ഇരട്ടവാരി പറമ്പൻ മുഹമ്മദാലിയുടെ മകൻ സജീർ എന്ന പക്രു (24) വാണ് മരിച്ചത്. ഇന്നലെ രാത്രി 10ഓടെയാണ് അമ്പലപ്പാറ ക്ഷേത്രത്തിന് സമീപം പുഴയ്ക്ക് അക്കരെയുള്ള തോട്ടത്തിലെ ഷെഡില്‍ സജീറിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇയാളുടെ സുഹൃത്ത് മഹേഷിനെ വിഷം അകത്തുചെന്ന് അവശനായ നിലയിൽ കണ്ടെത്തി. ഇയാളെ മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.താനാണ് സജീറിനെ കൊലപ്പെടുത്തിയതെന്ന് മഹേഷ് സുഹൃത്തിനെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. ഒപ്പം തന്നെ താന്‍ വിഷം കഴിച്ചിട്ടുണ്ടെന്നും മഹേഷ് പറഞ്ഞതായി സുഹൃത്ത് സാദിഖ് പോലിസിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മഹേഷിനെ അവശനിലയില്‍ കണ്ടെത്തിയത്. ഇരുവരും നിരവധി കേസുകളില്‍ പ്രതികളാണെന്നും അന്വേഷണം തുടങ്ങിയതായും പോലീസ് പറഞ്ഞു.
ലോക്ക്ഡൗണിന്റെ പേരിൽ കടകൾ അടപ്പിക്കുന്നു;കോഴിക്കോട് വ്യാപാരികളും പോലീസും തമ്മിൽ സംഘർഷം
കോഴിക്കോട്:കോഴിക്കോട് വ്യാപാരികളുടെ പ്രതിഷേധം.എല്ലാദിവസവും കടകള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് വ്യാപാരികള്‍ പ്രതിഷേധിക്കുന്നത്.വ്യാപാര വ്യവസായ ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.ലോക്ക്ഡൗണിന്റെ പേരിൽ കടകൾ അടപ്പിക്കുന്നു.കട അടക്കാന്‍ അഞ്ച് മിനിറ്റ് വൈകിയാല്‍ പോലും പിഴ ഈടാക്കുന്നതായും പ്രതിഷേധക്കാർ ആരോപിച്ചു.പ്രകടനവുമായെത്തി കടകള്‍ തുറക്കാനായിരുന്നു വ്യാപാരികളുടെ ശ്രമം. തുടര്‍ന്നുണ്ടായ നേരിയ സംഘര്‍ഷത്തിനിടെ വ്യാപാരി നേതാക്കളും കടയുടമകളുമടക്കം 30 ഓളം പേരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കിയെങ്കിലും വ്യാപാരികളുടെ പ്രതിഷേധം തുടരുകയാണ്. അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ സ്ഥലത്ത് വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്താലും കടകള്‍ തുറക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് വ്യാപാരികള്‍.വരുംദിവസങ്ങളില്‍ പ്രതിഷേധം ശക്തിപ്പെടുത്താനാണ് വ്യാപാരികളുടെ നീക്കം. കഴിഞ്ഞ ദിവസം പ്രതിഷേധ സൂചകമായി വ്യാപാരികള്‍ ഒരുദിവസത്തെ പണിമുടക്ക് നടത്തിയിരുന്നു. സര്‍ക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും വ്യാപാരികള്‍ക്ക് അനുകൂലമായ നടപടിയുണ്ടായില്ല.കൊവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് ടി പി ആര്‍ കൂടുതലുള്ള കോഴിക്കോട് കോര്‍പറേഷന്‍ സി കാറ്റഗറിയിലാണ്. ആഴ്ചയില്‍ ഒരു ദിവസം മാത്രമാണ് കട തുറക്കാന്‍ അനുമതിയുള്ളത്. പെരുന്നാളിന് ഏതാനും ദിവസം മാത്രമിരിക്കെ ആഴ്ചയില്‍ ഒരു ദിവസം മാത്രം തുറക്കുക എന്നത് അംഗീകരിക്കാനാകില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്.ആഴ്ചയില്‍ ഒരു ദിവസം മാത്രം കടകള്‍ തുറന്നാല്‍ ഇത് വലിയ തിരക്കിനിടയാക്കുമെന്നും കൊവിഡ് സാഹചര്യം രൂക്ഷമാക്കുമെന്നും വ്യാപാരികള്‍ പറയുന്നു. എന്നാല്‍ കടകള്‍ തുറന്നാല്‍ ദിവസേന നൂറ്കണക്കിന് പേര്‍ എത്തുന്ന മിഠായിത്തെരുവില്‍ കൊവിഡ് വ്യാപനം രൂക്ഷമാക്കുമെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്. വ്യാപാരികള്‍ പ്രകോപനപരമായ നിലപാട് സ്വീകരിക്കരുതെന്നും ചര്‍ച്ചയിലൂടെ വിഷയം പരിഹരിക്കാമെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. വ്യാപാരികളുമായി ജില്ലാകളക്ടര്‍ ഉടന്‍ സംസാരിക്കുമെന്നും മന്ത്രി അറിയിച്ചു.
പ്രശസ്ത സംഗീത സംവിധായകൻ മുരളി സിതാര അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്ത സംഗീത സംവിധായകൻ മുരളി സിത്താര (65)യെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വട്ടിയൂർക്കാവ് തോപ്പുമുക്ക് അമ്പാടിയിൽ ഇന്നലെ വൈകിട്ട് 3നാണ് മൃതദേഹം കണ്ടത്.ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെ മുരളി മുറിയിൽ കയറി വാതിൽ അടയ്ക്കുകയായിരുന്നു. വൈകിട്ടോടെ മകൻ എത്തി വാതിൽ ചവിട്ടി തുറന്നപ്പോൾ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ നടക്കും.1987ൽ തീക്കാറ്റ് എന്ന ചിത്രത്തിലെ “ഒരുകോടിസ്വപ്നങ്ങളാൽ’ എന്ന ഗാനമാണ് ആദ്യ സിനിമാഗാനം. ആകാശവാണിയിൽ സീനിയർ മ്യൂസിക് കമ്പോസറായിരുന്നു. ലളിതഗാനം, ഉദയഗീതം തുടങ്ങിയവയ്ക്കടക്കം പാട്ടുകളൊരുക്കി. ഒഎൻവിയുടെ ഏഴുതിരികത്തും നാളങ്ങളിൽ, കെ ജയകുമാറിന്റെ കളഭമഴയിൽ ഉയിരുമുടലും തുടങ്ങിയവ ശ്രദ്ധേയമായ ലളിതഗാനങ്ങളാണ്.ശാരദേന്ദു പൂചൊരിഞ്ഞ, സൗരയൂഥത്തിലെ സൗവർണഭൂമിയിൽ, അമ്പിളിപ്പൂവേ നീയുറങ്ങൂ, ഓലപ്പീലിയിൽ ഊഞ്ഞാലാടും തുടങ്ങിയവ മുരളി സിതാരയുടെ സൂപ്പർഹിറ്റ് ഗാനങ്ങളാണ്.അസ്വാഭാവിക മരണത്തിൽ വട്ടിയൂർക്കാവ് പൊലീസ് കേസെടുത്തു. ഭാര്യ: ശോഭനകുമാരി. മക്കൾ : മിഥുൻ (കീബോർഡ് ആർടിസ്റ്റ്), വിപിൻ.
സ്വർണക്കടത്ത് കേസ്; മുഹമ്മദ് ഷാഫിയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും
കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഹമ്മദ് ഷാഫിയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും.ടിപി വധക്കേസ് പ്രതിയാണ് മുഹമ്മദ് ഷാഫി. കസ്റ്റംസ് നോട്ടീസില്ലാതെ കഴിഞ്ഞ വ്യാഴാഴ്ച കൊച്ചി കസ്റ്റംസ് പ്രിവൻ്റീവ് കമ്മീഷണർ ഓഫീസിൽ അഭിഭാഷകനൊപ്പമെത്തിയ ഷാഫിയെ കസ്റ്റംസ് മടക്കിയയച്ചിരുന്നു. ഷാഫിക്കൊപ്പം അർജ്ജുൻ ആയങ്കിയുടെ ഭാര്യ അമല, പ്രതികൾ ഉപയോഗിച്ച മൊബൈൽ സിം കാർഡുകളുടെ ഉടമ സക്കീന എന്നിവരോടും ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.കരിപ്പൂർ സ്വർണക്കടത്തിലെ മുഖ്യകണ്ണി അർജ്ജുൻ ആയങ്കിയെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയിലേക്ക് അന്വേഷണമെത്തിയത്. കഴിഞ്ഞ ബുധനാഴ്ചകൊച്ചി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് ഷാഫിക്ക് നോട്ടീസ് അയച്ചിരുന്നു.എന്നാൽ ശാരീരിക അസ്വാസ്ഥ്യം ചൂണ്ടിക്കാട്ടി അഭിഭാഷകനെത്തി മറ്റൊരു ദിവസം ഹാജരാകാമെന്നറിയിക്കുകയായിരുന്നു. തുടർന്ന് അടുത്ത ദിവസം അഭിഭാഷകനൊപ്പമെത്തിയ മുഹമ്മദ് ഷാഫിയെ ഇന്ന് ഹാജരാകാൻ നിർദ്ദേശിച്ച് കസ്റ്റംസ് തിരിച്ചയച്ചു.
ജയ്പൂരില്‍ വാച്ച് ടവറില്‍ സെല്‍ഫിയെടുക്കുന്നതിനിടെ ഇടിമിന്നലേറ്റ് 11 മരണം
ജയ്പൂര്‍: രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പൂരില്‍ അമേര്‍ കൊട്ടാരത്തിലെ വാച്ച് ടവറില്‍ സെല്‍ഫിയെടുക്കുന്നതിനിടെ ഇടിമിന്നലേറ്റ് മരണപ്പെട്ടവരുടെ എണ്ണം 11 ആയി. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. ഇടിമിന്നലേറ്റപ്പോള്‍ നിരവധിയാളുകള്‍ വാച്ച് ടവറിലുണ്ടായിരുന്നുവെന്നാണ് റിപോര്‍ട്ടുകള്‍. സംഭവം നടക്കുമ്പോൾ 27 പേർ വാച്ച് ടവറിലും കോട്ട മതിലിലുമുണ്ടായിരുന്നതായി റിപോര്‍ട്ടുണ്ട്. കനത്ത മഴയത്ത് നിരവധി പേരാണ് സെല്‍ഫിയെടുക്കാനായി വാച്ച് ടവറില്‍ കയറിയത്. മിന്നലുണ്ടായ ഉടനെ വാച്ച്‌ടവറില്‍ നിന്ന് താഴേക്ക് ചാടിയ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്. താഴേക്ക് ചാടിയ ചിലരെ ഇതുവരെ കണ്ടെത്താനായില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ഇവര്‍ക്കുവേണ്ടി തിരച്ചില്‍ തുടരുകയാണ്.അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപവീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പലയിടങ്ങളിലും ഇന്നലെ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. മഴയോടൊപ്പം ശക്തമായ ഇടിമിന്നലും ഉണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. ഇതു വകവയ്ക്കാതെയാണ് ആളുകള്‍ സെല്‍ഫിയെടുക്കാനായി വാച്ച് ടവറില്‍ കയറിയത്.വാച്ച് ടവര്‍ ദുരന്തത്തിന് പുറമെ ഇടിമിന്നലേറ്റ് രാജസ്ഥാനിലെ പല ഭാഗങ്ങളില്‍നിന്നായി ഒൻപത് മരണങ്ങള്‍ കൂടി റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉത്തര്‍പ്രദേശ് മദ്ധ്യപ്രദേശ് എന്നിവിടങ്ങളിലും ഇടിമിന്നല്‍ നിരവധിപേരുടെ ജീവനെടുത്തു. മൂന്നുസംസ്ഥാനങ്ങളിലായി ആകെ 68 പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. വടക്കേ ഇന്ത്യയില്‍ ഇന്നും കനത്ത മഴപെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി.
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.ഇതേ തുടർന്ന് വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഇന്ന് ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.ആന്ധ്ര – ഒഡിഷ തീരത്തെ ന്യൂനമര്‍ദ്ദം കാരണം അറബിക്കടലില്‍ കാലവര്‍ഷ കാറ്റ് ശക്തമാണ്. ഇതിനാല്‍ കേരള തീരത്ത് ആകെ കടലാക്രമണ മുന്നറിയിപ്പുമുണ്ട്. മല്‍സ്യബന്ധനത്തിനും വിലക്കേർപ്പെടുത്തി. ഈ മാസം 15 വരെയാണ് മഴ മുന്നറിയിപ്പുകള്‍. ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഇന്ന് ശക്തമായതോ അതിശക്തമായതോ ആയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണം. എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെയും ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മറ്റന്നാളും എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കകോട് ജില്ലകളില്‍ ജൂലൈ 15 നും യെല്ലോ അലര്‍ട്ടാണുള്ളത്.24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെയുള്ള മഴയാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍ നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
ആറ് കിലോ കഞ്ചാവുമായി കണ്ണൂരിൽ മൂന്നംഗസംഘം പിടിയില്‍
കണ്ണൂർ:ആറ് കിലോ കഞ്ചാവുമായി കണ്ണൂരിൽ മൂന്നംഗസംഘം പിടിയില്‍.കോഴിക്കോട് തിരുവണ്ണൂര്‍ അമേട്ടില്‍ വീട്ടില്‍ ബാലന്‍ മകന്‍ പി. സനൂപ് (31) , ഒഡീഷ സംസ്ഥാനത്ത് നായഗ്ര വില്ലേജില്‍ ഗംഗാധര്‍ മകന്‍ മുന്ന ആചാരി (23), ഒഡീഷ സംസ്ഥാനത്ത് നായഗ്ര വില്ലേജില്‍ ശങ്കര്‍ നിവാസില്‍ ശങ്കര്‍ നാരായണ ആചാരി (27) എന്നിവരാണ് എക്സൈസിന്റെ വലയിലായത്. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലേക്ക് വന്‍തോതില്‍ കഞ്ചാവ് എത്തിക്കുന്ന അന്തര്‍ സംസ്ഥാന മയക്കുമരുന്ന് സംഘത്തിലെ അംഗങ്ങളാണ് അറസ്റ്റിലായതെന്ന് എക്സൈസ് വ്യക്തമാക്കി. എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്. കണ്ണൂര്‍ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ സി. ആനന്ദകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ പി. ടി. യേശുദാസ്, പ്രിവന്റീവ് ഓഫീസര്‍മാരായ ജോര്‍ജ് ഫെര്‍ണാണ്ടസ്, എം. കെ. സന്തോഷ്, എക്സൈസ് കമ്മീഷണര്‍ സ്ക്വാഡ് അംഗങ്ങളായ പി. ജലീഷ്, കെ. രജിരാഗ്, കെ. ബിനീഷ് സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ. വി. ഹരിദാസന്‍, എഫ്. പി. പ്രദീപ് എന്നിവരാണ് എക്‌സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.പ്രതികളെ ചോദ്യം ചെയ്തതില്‍ എക്സൈസിന് അന്തര്‍-സംസ്ഥാന മയക്കുമരുന്നു കടത്തു സംഘത്തെക്കുറിച്ച് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പിടികൂടിയ മൂന്നു പേരെയും ഇന്ന് കണ്ണൂര്‍ ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കും. തുടര്‍നടപടികള്‍ വടകര എന്‍. സി. പി. എസ്. കോടതിയില്‍ നടക്കും.
സംസ്ഥാനത്ത് ഇന്ന് 14,087 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.7; 11,867 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 14,087 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. മലപ്പുറം 1883, തൃശൂര്‍ 1705, കോഴിക്കോട് 1540, എറണാകുളം 1465, കൊല്ലം 1347, പാലക്കാട് 1207, തിരുവനന്തപുരം 949, ആലപ്പുഴ 853, കണ്ണൂര്‍ 765, കാസര്‍ഗോഡ് 691, കോട്ടയം 682, പത്തനംതിട്ട 357, വയനാട് 330, ഇടുക്കി 313 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,682 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.7 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 109 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,489 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 13,240 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 696 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1829, തൃശൂര്‍ 1694, കോഴിക്കോട് 1518, എറണാകുളം 1432, കൊല്ലം 1342, പാലക്കാട് 761, തിരുവനന്തപുരം 875, ആലപ്പുഴ 834, കണ്ണൂര്‍ 680, കാസര്‍ഗോഡ് 667, കോട്ടയം 650, പത്തനംതിട്ട 349, വയനാട് 319, ഇടുക്കി 290 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.53 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 17, കാസര്‍ഗോഡ് 11, പാലക്കാട് 5, പത്തനംതിട്ട, എറണാകുളം 4, തൃശൂര്‍ 3, കൊല്ലം, ഇടുക്കി 2 വീതം, തിരുവനന്തപുരം, കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,867 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1012, കൊല്ലം 1015, പത്തനംതിട്ട 443, ആലപ്പുഴ 717, കോട്ടയം 680, ഇടുക്കി 222, എറണാകുളം 1381, തൃശൂര്‍ 1254, പാലക്കാട് 1064, മലപ്പുറം 1307, കോഴിക്കോട് 1192, വയനാട് 249, കണ്ണൂര്‍ 685, കാസര്‍ഗോഡ് 646 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ടി.പി.ആര്‍. 5ന് താഴെയുള്ള 86, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 382, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 370, ടി.പി.ആര്‍. 15ന് മുകളിലുള്ള 196 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.