എൻ.സി.പി നേതാവിനെതിരായ പീഡന പരാതി; യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

keralanews harassment complaint against ncp leader womans statement will recorded today

കൊല്ലം: കുണ്ടറയിൽ എൻ.സി.പി നേതാവിനെതിരെ പീഡന പരാതി നൽകിയ യുവതിയുടെ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും. എൻ.സി.പി സംസ്ഥാന നിർവ്വാഹക സമിതി അംഗം പത്മാകരൻ തന്റെ കൈയ്യിൽ കയറിപിടിച്ചെന്നും സമൂഹമാദ്ധ്യമങ്ങളിലൂടെ തനിക്കെതിരെ അപവാദ പ്രചാരണം നടത്തിയെന്നുമാണ് യുവതി നൽകിയ പരാതി. എൻ.സി.പി പ്രാദേശിക നേതാവിന്റെ മകളായ യുവതിയുടെ പരാതി പിൻവലിക്കാൻ നിർബന്ധിക്കുന്ന മന്ത്രി എ.കെ.ശശീന്ദ്രന്റെ ഫോൺ സംഭാഷണം പുറത്തുവന്നതോടെയാണ് സംഭവം പുറത്തറിയാൻ ഇടയായത്.അതേസമയം പീഡന കേസില്‍ പരാതിയില്‍ ഉറച്ചു നില്‍ക്കുന്നതായി യുവതി വ്യക്തമാക്കി.സര്‍ക്കാരില്‍ നിന്ന് നീതി ലഭിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നു.പത്മാകരന് എതിരായ പരാതിയില്‍ ഉറച്ചു നില്‍ക്കുന്നു. സമൂഹ മാധ്യമത്തില്‍ കൂടി അപമാനിക്കാന്‍ തുനിഞ്ഞതോടെയാണ് നേരത്തെ നേരിട്ട പീഡന ശ്രമത്തിലും പരാതി കൊടുക്കാന്‍ തയ്യാറായത്. മന്ത്രി എ കെ ശശീന്ദ്രന്റെ ഭാഗത്തുനിന്നുണ്ടായ നടപടി തെറ്റാണ്. ഉചിതമായ നടപടി മുഖ്യമന്ത്രിയില്‍ നിന്ന് ഉണ്ടാകുമെന്ന് കരുതുന്നതായും പെണ്‍കുട്ടി പറഞ്ഞു.

പക്ഷിപ്പനി ബാധിച്ചുള്ള രാജ്യത്തെ ആദ്യ മരണം ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്‌തു;മരിച്ചത് 11 വയസുകാരന്‍

keralanews first death due to bird flu reported in india 11 year old died

ന്യൂഡൽഹി: പക്ഷിപ്പനി ബാധിച്ചുള്ള രാജ്യത്തെ ആദ്യ മരണം ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഹരിയാനയില്‍ നിന്നുള്ള പതിനൊന്നുകാരനാണ് ഡല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കെ മരിച്ചത്. കുട്ടിയെ ചികിത്സിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷണത്തിലാണ്.രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് എയിംസ് അധികൃതര്‍ അറിയിച്ചു.മറ്റ് വൈറസുകളെ അപേക്ഷിച്ച്‌ ശക്തമാണ് എച്ച്‌ 5 എന്‍ 1 വൈറസ് എങ്കിലും  മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത് അപൂര്‍വമാണ്. പക്ഷിപ്പനി മരണത്തെ തുടര്‍ന്ന് കേന്ദ്രം കര്‍ശന ജാഗ്രത നിര്‍ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. പക്ഷികളില്‍ കടുത്ത ശ്വാസകോശ സംബന്ധമായ രോഗത്തിന് ഇടയാക്കുന്ന പകര്‍ച്ചവ്യാധിയാണ് ഏവിയന്‍ ഇന്‍ഫ്ലുവന്‍സ (പക്ഷിപ്പനി) എന്നറിയപ്പെടുന്ന എച്ച്‌ 5 എന്‍ 1. പക്ഷികളില്‍ നിന്ന് പക്ഷികളിലേക്ക് വൈറസ് പകരുന്നത് അവയുടെ സ്രവങ്ങള്‍ വഴിയാണ്. ചത്ത പക്ഷികള്‍, രോഗം ബാധിച്ച പക്ഷികളുടെ ഇറച്ചി, മുട്ട, കാഷ്‌ഠം എന്നിവ വഴിയാണ് രോഗാണുക്കള്‍ മനുഷ്യരിലേക്കെത്തുന്നത്.

സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി ബാധിച്ച്‌ ചികിത്സാസഹായം തേടിയ ആറു മാസം പ്രായമുള്ള ഇമ്രാൻ മരണത്തിനു കീഴടങ്ങി

keralanews six month old imran succumbs to death seeking treatment for spinal muscular atrophy

കോഴിക്കോട്: സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി ബാധിച്ച്‌ ചികിത്സാസഹായം തേടിയ ആറു മാസം പ്രായമുള്ള ഇമ്രാൻ മരണത്തിനു കീഴടങ്ങി. 18 കോടിയുടെ മരുന്നിന് കാത്തുനില്‍ക്കാതെയാണ് മടക്കം.ചൊവ്വാഴ്ച രാത്രി 11.30-ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ചാണ് മരണം സംഭവിച്ചത്.ഇമ്രാന്റെ ചികിത്സയ്ക്കായി ലോകംമുഴുവന്‍ കൈകോര്‍ത്ത് പതിനാറരകോടിരൂപ സമാഹരിച്ചിരുന്നു. ഇതിനിടെയാണ് ദുഃഖവാര്‍ത്ത എത്തിയത്. അണുബാധയാണ് പെട്ടെന്നുള്ള മരണകാരണമായി പറയുന്നത്. സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി ബാധിച്ച്‌ മൂന്നരമാസമായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വെന്റിലേറ്ററിലായിരുന്നു ഇമ്രാന്‍. വലമ്പൂർ കുളങ്ങരത്തൊടി ആരിഫിന്റെയും റമീസ തസ്‌നിയുടേയും മകനാണ് ആറ്മാസം പ്രായമുള്ള ഇമ്രാന്‍.പ്രസവിച്ച്‌ 17 ദിവസമായപ്പോഴാണ് ഇമ്രാന് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്.പെരിന്തല്‍മണ്ണ മൗലാന ആശുപത്രി, കോഴിക്കോട് മിംസ് ആശുപത്രി എന്നിവിടങ്ങളിലെ ചികിത്സയ്ക്കുശേഷമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിയത്. ഇതിനിടെയാണ് സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫിയാണ് രോഗമെന്ന് തിരിച്ചറിഞ്ഞത്.18 കോടി വിലപിടിപ്പുള്ള ഒറ്റ ഡോസ് മരുന്ന് വിദേശത്തുനിന്ന് ഇറക്കുമതിചെയ്യണം. ഇതിനായി മങ്കട നിയോജകമണ്ഡലം എംഎ‍ല്‍എ. മഞ്ഞളാംകുഴി അലി ചെയര്‍മാനായി ഇമ്രാന്‍ ചികിത്സാസഹായസമിതി രൂപവ്തകരിച്ചിരുന്നു. 16 കോടി കിട്ടുകയും ചെയ്തു. ഇതിനിടെയാണ് ഇമ്രാന്റെ മടക്കം.

സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗണ്‍ തുടരും; നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകളില്ല

keralanews weekend lockdown will continue in the state there will be no concession in the restrictions

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കേണ്ടതില്ലെന്ന് ഉന്നതതലയോഗത്തില്‍ തീരുമാനം. വാരാന്ത്യ ലോക്ഡൗണ്‍ തുടരും. ബക്രിദ് ബന്ധപ്പെട്ട് നല്‍കിയ ഇളവുകള്‍ ഇന്ന് അവസാനിക്കും.ഒരാഴ്ച കൂടി നിലവിലുള്ള വിഭാഗീകരണത്തിലുള്ള നിയന്ത്രണം തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊറോണ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.വാര്‍ഡുതല ഇടപെടല്‍ ശക്തിപ്പെടുത്തണം. മൈക്രോ കണ്ടൈന്‍മെന്‍റ് ഫലപ്രദമായി നടപ്പാക്കണം. ഇടുക്കിയിലെ തോട്ടം തൊഴിലാളികള്‍ ജോലിക്കായി ദിവസവും അതിര്‍ത്തി കടന്നുവരുന്നത് ഒഴിവാക്കേണ്ടതുണ്ട്. അതത് സ്ഥലങ്ങളില്‍ താമസിച്ച് ജോലിചെയ്യാനുള്ള സംവിധാനം ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 16,848 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു;104 മരണം;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.91; 12,052 പേര്‍ക്ക് രോഗമുക്തി

keralanews 16848 corona cases confirmed in the state today 104 deaths 12052 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 16,848 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 2752, തൃശൂര്‍ 1929, എറണാകുളം 1901, കോഴിക്കോട് 1689, കൊല്ലം 1556, പാലക്കാട് 1237, കോട്ടയം 1101, തിരുവനന്തപുരം 1055, ആലപ്പുഴ 905, കണ്ണൂര്‍ 873, കാസര്‍ഗോഡ് 643, പത്തനംതിട്ട 517, വയനാട് 450, ഇടുക്കി 240 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,431 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.91 ആണ്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 104 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,512 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 101 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 15,855 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 783 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2673, തൃശൂര്‍ 1908, എറണാകുളം 1837, കോഴിക്കോട് 1671, കൊല്ലം 1549, പാലക്കാട് 747, കോട്ടയം 1037, തിരുവനന്തപുരം 976, ആലപ്പുഴ 895, കണ്ണൂര്‍ 780, കാസര്‍ഗോഡ് 616, പത്തനംതിട്ട 495, വയനാട് 437, ഇടുക്കി 234 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.109 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 23, കാസര്‍ഗോഡ് 20, പത്തനംതിട്ട 14, തൃശൂര്‍, പാലക്കാട് 10 വീതം, എറണാകുളം 7, മലപ്പുറം 6, വയനാട് 5, തിരുവനന്തപുരം 4, കൊല്ലം, കോട്ടയം 3 വീതം, ആലപ്പുഴ, കോഴിക്കോട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12,052 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 451, കൊല്ലം 726, പത്തനംതിട്ട 343, ആലപ്പുഴ 604, കോട്ടയം 525, ഇടുക്കി 278, എറണാകുളം 1091, തൃശൂര്‍ 1479, പാലക്കാട് 1046, മലപ്പുറം 2453, കോഴിക്കോട് 1493, വയനാട് 299, കണ്ണൂര്‍ 761, കാസര്‍ഗോഡ് 503 എന്നിങ്ങനേയാണ് രോഗമുക്തിയായത്.

അശ്ലീല ചിത്ര നിർമ്മാണം; ബോളിവുഡ് താരം ശിൽപ്പ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്ര അറസ്റ്റിൽ

keralanews porn film making bollywood actor shilpa shettys husband and businessman raj kundra arrested

മുംബൈ: അശ്ലീല ചിത്രങ്ങൾ നിർമ്മിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്ത സംഭവത്തിൽ ബോളിവുഡ് താരം ശിൽപ്പ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്ര അറസ്റ്റിൽ.മുംബൈ പോലീസ് ക്രൈംബ്രാഞ്ചിന്റേതാണ് നടപടി.അശ്ലീല ചിത്രങ്ങൾ നിർമ്മിച്ച് കുന്ദ്ര ആപ്പുകൾ വഴി വിതരണം ചെയ്തിരുന്നു. ഇതിനെതിരെ ലഭിച്ച പരാതിയിലാണ് അറസ്റ്റ്. സംഭവത്തിൽ കുന്ദ്രയ്‌ക്കെതിരെ മതിയായ തെളിവുകൾ ലഭിച്ചതായി മുംബൈ പോലീസ് കമ്മീഷണർ അറിയിച്ചു.കഴിഞ്ഞ ഫെബ്രുവരിയിലാണ് കുന്ദ്രയ്‌ക്കെതിരെ മുംബൈ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ കുന്ദ്രയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.രാജ് കുന്ദ്രയ്‌ക്ക് പുറമേ 11 പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 420, 34, 292, 293 എന്നീ വകുപ്പുകൾ പ്രകാരവും ഐടി നിയമപ്രകാരവുമാണ് കുന്ദ്രയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

സംസ്ഥാനത്ത് വാരാന്ത്യ ലോക്​ഡൗണ്‍ പിന്‍വലിച്ചേക്കുമെന്ന് സൂചന; ​മൈക്രോകണ്ടെയ്​ന്‍മെന്‍റിന്​ സാധ്യത

keralanews weekend lockdown may be withdrawn in the state chance for micro containment zone

തിരുവനന്തപുരം:കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് ശനി, ഞായര്‍ ദിവസങ്ങളില്‍ ഏർപ്പെടുത്തിയിരിക്കുന്ന സമ്പൂർണ്ണ വാരാന്ത്യ ലോക്ഡൗണ്‍ പിൻവലിച്ചേക്കുമെന്ന് സൂചന.പൂര്‍ണമായല്ലെങ്കിലും കൂടുതല്‍ ഇളവുകള്‍ക്കും സാധ്യതയുണ്ട്. ഇന്ന് നടക്കുന്ന അവലോകന യോഗത്തിലാണ് അന്തിമ തീരുമാനമെടുക്കുക. സംസ്ഥാനത്ത് പൊതുവായ നിയന്ത്രണത്തിന് പകരം മൈക്രോകണ്ടെയ്ന്‍മെന്‍റ്  മേഖലകള്‍ തിരിച്ച്‌ ആവശ്യമായ നിയന്ത്രണങ്ങള്‍ നടപ്പാക്കുമെന്നും സൂചനയുണ്ട്. ബലിപെരുന്നാള്‍ പ്രമാണിച്ച്‌ സംസ്ഥാനത്ത് മൂന്നു ദിവസത്തേക്ക് ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു നല്‍കിയിരുന്നു. ഇന്നുകൂടി അതിന്‍റെ ഭാഗമായ ഇളവ് നിലനില്‍ക്കും. എ.ബി.സി വിഭാഗങ്ങളിലെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് പുറമെ തുണിക്കട, ചെരിപ്പുകട, ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍ക്കായുള്ള കട, ഫാന്‍സി കട, സ്വര്‍ണക്കട എന്നിവക്കും രാത്രി എട്ടുവരെ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്.ഡി വിഭാഗങ്ങളില്‍ തിങ്കളാഴ്ച എല്ലാ കടകളും തുറക്കാന്‍ ഇളവ് അനുവദിച്ചിരുന്നു.

ബക്രീദ് ഇളവുകളില്‍ കേരളത്തിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം;ഇളവുകള്‍ രോഗവ്യാപനത്തിനു കാരണമായാല്‍ നടപടി നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ്

keralanews supreme court raps kerala govt for allowing relaxations in lockdown for bakrid

ന്യൂഡല്‍ഹി: ബക്രീദിന് മുന്നോടിയായി ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മൂന്ന് ദിവസം ഇളവുകള്‍ നല്‍കിയ കേരളത്തിന്റെ നടപടിക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. കോവിഡ് വ്യാപനം കൂടിയ ഡി വിഭാഗം പ്രദേശങ്ങളിലും ഇളവു നല്‍കിയ നടപടിയെ ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വിമര്‍ശിച്ചു. ഡി വിഭാഗത്തില്‍ ഒരു ദിവസം ഇളവു നല്‍കിയ നടപടി തീര്‍ത്തും അനാവശ്യമാണെന്ന് കോടതി പറഞ്ഞു. ഇളവുകള്‍ രോഗവ്യാപനത്തിനു കാരണമായാല്‍ നടപടി നേരിടേണ്ടിവരുമെന്ന് കോടതി മുന്നറിയിപ്പുനല്‍കി. കേരളം ഭരണഘടന അനുസരിക്കണം. കന്‍വാര്‍ കേസില്‍ കോടതി നേരത്തെ പറഞ്ഞതൊക്കെ കേരളത്തിനും ബാധകമാണ്.ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന് മേല്‍ ഒരു സമ്മര്‍ദ ശക്തിക്കും ഇടപെടാനാകില്ല. ഇളവുകള്‍ മൂലം കോവിഡ് വ്യാപനം ഉണ്ടായാല്‍ ഏതു പൗരനും അതു കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാം. കോടതി അതില്‍ നടപടിയെടുക്കുമെന്ന് ബെഞ്ച് വ്യക്തമാക്കി. മഹാമാരിയുടെ ഈ കാലത്ത് സമ്മര്‍ദത്തിനു വഴങ്ങുന്നത് ദയനീയമായ അവസ്ഥയാണെന്നും കോടതി പറഞ്ഞു. ഇളവുകള്‍ നല്‍കിയത് വിദഗ്ധരുമായി കൂടിയാലോചന നടത്തിയ ശേഷമാണെന്ന് കേരളം കോടതിയില്‍ അറിയിച്ചിരുന്നു.ചില മേഖലകളില്‍ മാത്രമാണ് കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയത്. കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുമെന്നും ടി പി ആര്‍ കുറച്ചുകൊണ്ടുവരാന്‍ ശ്രമം തുടരുകയാണെന്നും സംസ്ഥാനം അറിയിച്ചിരുന്നു.  മൂന്ന് ദിവസം മാത്രം നല്‍കിയ ഇളവ് ഇന്ന് അവസാനിക്കുന്നത് ആയതിനാല്‍ സര്‍ക്കാറിന്റെ ഉത്തരവ് റദ്ദാക്കുല്ലെന്നും ഹരജി തീര്‍പ്പാക്കിക്കൊണ്ട് കോടതി അറിയിച്ചു. ഹരജിക്കാരന്‍ നേരത്തെ എത്തിയിരുന്നെങ്കില്‍ കേരളത്തിന്റെ ഉത്തരവ് റദ്ദാക്കുമായിരുന്നുവെന്നും ജസ്റ്റിസ് റോഹിന്‍ടണ്‍ നരിമാര്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

സര്‍ക്കാരിന് അധികബാധ്യത; ഓണക്കിറ്റില്‍ നിന്നും ക്രീം ബിസ്‌കറ്റ് ഒഴിവാക്കും

keralanews additional burden on government cream biscuits excluded from the onamkit

തിരുവനന്തപുരം: ഓണം സ്‌പെഷ്യല്‍ ഭക്ഷ്യക്കിറ്റില്‍ ക്രീം ബിസ്‌കറ്റ് ഉള്‍പ്പെടുത്തേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 90 ലക്ഷം കിറ്റുകളില്‍ ബിസ്‌കറ്റ് ഉള്‍പ്പെടുത്തുന്നത് സംസ്ഥാന സര്‍ക്കാരിന് 22 കോടിയുടെ അധികബാധ്യതയാകുമെന്ന് പറഞ്ഞാണ് ഭക്ഷ്യവകുപ്പിന്റെ നിര്‍ദേശം മുഖ്യമന്ത്രി തള്ളിയത്.രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ ഓണമായതിനാല്‍ സ്‌പെഷ്യല്‍ ഭക്ഷ്യക്കിറ്റില്‍ കുട്ടികള്‍ക്കായി ഒരു വിഭവം എന്ന നിലയിലാണ് ചോക്ലേറ്റ് ക്രീം ബിസ്‌കറ്റ് എന്ന നിര്‍ദേശം ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ മുന്നോട്ട് വെച്ചത്. മുന്‍നിര കമ്പനികയുടെ പാക്കറ്റിന് 30 രൂപ വിലവരുന്ന ബിസ്‌കറ്റ് തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. പാക്കറ്റ് ഒന്നിന് 22 രൂപയ്ക്ക് സര്‍ക്കാരിന് നല്‍കാമെന്നായിരുന്നു കമ്പനി പറഞ്ഞത്.ഇത്രയും കിറ്റുകള്‍ക്ക് 592 കോടിയാണ് മൊത്തം ചെലവ് വരിക. ബിസ്‌കറ്റ് ഒഴിവാക്കിയതിലൂടെ ഇത് 570 കോടിയായി കുറയും. ക്രീം ബിസ്‌കറ്റ് എന്ന നിര്‍ദേശം മുഖ്യമന്ത്രി തള്ളിയതോടെ ഈ വര്‍ഷം ഓണത്തിന് 16 ഇനങ്ങള്‍ ഉള്‍പ്പെടുന്ന കിറ്റാണ് സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുക.

ടി.പി ചന്ദ്രശേഖരന്റെ മകന് ഭീഷണിക്കത്ത്;കത്ത് എത്തിയത് കെ.കെ രമയുടെ ഓഫീസിലേക്ക്

keralanews death threat to t p chandrasekharans son letter reached k k ramas office

കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്റെയും എംഎൽഎയായ കെ.കെ രമ എം.എല്‍.എയുടെയും മകന് നേരെ വധഭീഷണി.കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള കത്ത് കെ.കെ രമയുടെ ഓഫീസ് വിലാസത്തിലാണ് എത്തിയത്. ആര്‍.എം.പി നേതാവ് എന്‍.വേണുവിനെയും വധിക്കുമെന്ന് ഭീഷണിക്കത്തില്‍ പറയുന്നു.മകന്‍ അഭിനന്ദിനെ വളര്‍ത്തില്ലെന്നാണ് ഭീഷണിക്കത്തില്‍ പറഞ്ഞിരിക്കുന്നത്.സിപിഎം നേതാവ് എ.എൻ ഷംസീറിനെതിരെ ചാനൽ ചർച്ചകളിൽ പരാമർശം നടത്തരുതെന്നും കത്തിൽ വിലക്കിയിട്ടുണ്ട്. തുടർച്ചയായി നൽകിയ മുന്നറിയിപ്പ് അവഗണിച്ചതിനെ തുടർന്നാണ് ടിപിയെ കൊലപ്പെടുത്തിയതെന്നും കത്തിലുണ്ട്. സംഭവത്തില്‍ എന്‍.വേണു വടകര എസ്.പിക്ക് പരാതി നല്‍കിയിട്ടുണ്ട്. പി.ജെ ആര്‍മിയുടെ പേരിലാണ് കത്ത്. അതേസമയം, പി ജെ ആര്‍മി എന്ന ഫേസ്ബുക്ക് ഗ്രൂപ്പുമായി ബന്ധമില്ലെന്ന് പി ജയരാജന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.സിപിഎമ്മിനെതിരെ മാധ്യമങ്ങളില്‍ വന്ന് ചര്‍ച്ച ചെയ്ത ടി.പിയെ 51 വെട്ട് വെട്ടിയാണ് തീര്‍ത്തതെന്നും എം.എല്‍.എ രമയുടെ മകനെ അധികം വളരാന്‍ വിടില്ലെന്നും അവന്റെ മുഖം 100 വെട്ട് വെട്ടി പൂക്കൂല പോലെ നടുറോഡില്‍ ചിതറുമെന്നും കത്തില്‍ പറയുന്നു. ടി.പി.യുടെ മകനെതിരെ ക്വട്ടേഷന്‍ എടുത്തുകഴിഞ്ഞതാണെന്നും കത്തില്‍ പറയുന്നു. ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റിനെ മുന്‍പ് വെട്ടിയത് കണ്ണൂര്‍ സംഘം അല്ലെന്നും മറിച്ചായിരുന്നുവെങ്കില്‍ അന്ന് തന്നെ തീര്‍ക്കുമായിരുന്നുവെന്നും ഭീഷണിക്കത്തില്‍ പറയുന്നു.കോഴിക്കോട് എസ്.എം സ്ട്രീറ്റ് പോസ്റ്റ് ഓഫിസ് പരിധിയിൽ നിന്നാണ് കത്ത് വന്നിട്ടുള്ളത്. വധഭീഷണിയെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.