മൈസൂരൂ കൂട്ടബലാൽസംഗ കേസ്;തിരുപ്പൂർ സ്വദേശികളായ അഞ്ചു പ്രതികൾ അറസ്റ്റിൽ ; പിടിയിലായവരിൽ പ്രായപൂർത്തിയാകാത്തവരും

keralanews mysure gang rape case five accused arrested

മൈസൂരൂ: ചാമുണ്ഡിഹിൽസിന് സമീപത്ത് വെച്ച്  എം.ബി.എ വിദ്യാർത്ഥിനിയെ കൂട്ടബലാത്സഗം ചെയ്ത കേസിൽ അഞ്ച് പ്രതികൾ അറസ്റ്റിലായി. തമിഴ്നാട് തിരുപ്പൂര്‍ സ്വദേശികളാണ് പിടിയിലായത്. ഇവരിലൊരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.കര്‍ണാടക ഡി.ജി. പ്രവീണ്‍ സൂദ് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അഞ്ച് പ്രതികളും അറസ്റ്റിലായെന്ന വിവരം സ്ഥിരീകരിച്ചത്. മൈസൂരിൽ കെട്ടിട നിർമ്മാണ ജോലിക്കെത്തിയവരാണിവർ. കൃത്യത്തിനുശേഷം നാടുവിട്ട പ്രതികളെ തിരുപ്പൂരിൽ നിന്നും ഇന്ന് പുലർച്ചെയാണ് പിടികൂടിയതെന്ന് ഡി. ജി. പി പറഞ്ഞു. അതേസമയം പ്രതികളുടെ പേരോ മറ്റ് വിവരങ്ങളോ പോലീസ് പുറത്തുവിട്ടിട്ടില്ല. കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന സംശയിക്കുന്നതിനാലാണ് പിടിയിലായവരുടെ വിവരങ്ങൾ പുറത്ത് വിടാത്തത്. ചൊവ്വാഴ്ച രാത്രിയാണ് മൈസൂരു ചാമുണ്ഡിഹില്‍സിന് സമീപത്തെ വിജനമായസ്ഥലത്തുവെച്ച്‌ എം.ബി.എ. വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ആക്രമിച്ചശേഷമാണ് പ്രതികള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. അതിനിടെ, കേസിലെ പ്രതികളെ തേടി കേരളത്തിലേക്കടക്കം അന്വേഷണം വ്യാപിപ്പിച്ചതായി ചില പോലീസ് ഉദ്യോഗസ്ഥര്‍ നേരത്തെ സൂചന നല്‍കിയിരുന്നു. പ്രതികളുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേന്ദ്രങ്ങള്‍ ഇത്തരം സൂചനകള്‍ നല്‍കിയത്. പ്രതികള്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികളാണെന്ന സൂചനകളും പുറത്തുവന്നിരുന്നു. എന്നാല്‍ ഇതിനുപിന്നാലെയാണ് അഞ്ച് പ്രതികളെയും തമിഴ്നാട്ടില്‍നിന്ന് പിടികൂടിയതായി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചത്.

മൂന്നാം നിലയില്‍ നിന്നും താഴേക്ക് ചാടിയ ഗര്‍ഭിണി പൂച്ചയെ രക്ഷിച്ച രണ്ട് മലയാളികളടക്കം നാലുപേർക്ക് പത്ത് ലക്ഷം രൂപ വീതം സമ്മാനം നൽകി ആദരിച്ച് ദുബായ് ഭരണാധികാരി

keralanews dubai ruler pays 10 lakh rupees each to four people including two malayalees for rescuing a pregnant cat trapped in third floor

ദുബായ്: മൂന്നാം നിലയില്‍ നിന്നും താഴേക്ക് ചാടിയ ഗര്‍ഭിണി പൂച്ചയെ രക്ഷിച്ച രണ്ട് മലയാളികളടക്കം നാലു പേരെ ആദരിച്ച്‌ ദുബായ് ഭരണാധികാരി. പത്ത് ലക്ഷം രൂപ വീതമാണ് ഇവര്‍ക്ക് സമ്മാനമായി നല്‍കിയത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് ഇവരെ ആദരിച്ചത്. ആളൊഴിഞ്ഞ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ ബാല്‍ക്കണിയില്‍ കുടുങ്ങിയ ഗള്‍ഭിണിപ്പൂച്ചയെ താഴേക്ക് ചാടിച്ചാണ് ഇവര്‍ രക്ഷകരായത്.ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റിയുടെ ബസ് ഡ്രൈവറായ കോതമംഗലം സ്വദേശി നസീര്‍ മുഹമ്മദ്, പൂച്ചയെ രക്ഷിക്കുന്നത് വിഡിയോയില്‍ പകര്‍ത്തിയ കോഴിക്കോട് വടകര സ്വദേശിയും ഗ്രോസറി കട ഉടമയുമായ അബ്ദുല്‍ റാഷിദ് (റാഷിദ് ബിന്‍ മുഹമ്മദ്), മൊറോക്കോ സ്വദേശി അഷറഫ്, പാക്കിസ്ഥാന്‍ സ്വദേശി ആതിഫ് മഹമ്മൂദ് എന്നിവര്‍ക്കാണു പാരിതോഷികം. ഭരണാധികാരിയുടെ ഓഫിസില്‍ നിന്നെത്തിയ ഉദ്യോഗസ്ഥന്‍ നേരിട്ട് തുക സമ്മാനിച്ചു.

കഴിഞ്ഞ ദിവസമാണ് സംഭവം. ദുബായിലെ ദേരയില്‍ കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ പൂച്ച കുടുങ്ങുകയായിരുന്നു.ഇതു ശ്രദ്ധയില്‍പ്പെട്ട ഒരു സുഹൃത്ത് തൊട്ടടുത്ത് താമസിക്കുന്ന നാസറിനെ അറിയിക്കുകയായിരുന്നു. നാസര്‍ എത്തി തോര്‍ത്ത് ഇരു കൈകളിലും നിവര്‍ത്തിപ്പിടിച്ച്‌ പൂച്ചയ്ക്ക് ചാടാന്‍ വഴിയൊരുക്കിയെങ്കിലും അത് ചാടിയില്ല. വഴിയാത്രക്കാരായ മൊറോക്കന്‍ സ്വദേശിയും പാക്കിസ്ഥാന്‍കാരനും ഒപ്പം കൂടി.വലിയൊരു പുതപ്പ് കൊണ്ടുവന്ന് മൂന്നുപേരും നിവര്‍ത്തിപ്പിടിച്ചതോടെ പൂച്ച അതിലേക്ക് ചാടുകയായിരുന്നു.വടകര സ്വദേശി മുഹമ്മദ് റാഷിദ് ദൃശ്യം പകര്‍ത്തി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെയാണ് ഭരണാധികാരിയുടെ ശ്രദ്ധയില്‍പ്പെട്ടത്.ഇവരെ തിരിച്ചറിയാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് വീഡിയോ സഹിതം അദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. തുടര്‍ന്ന് ദുബായ് പൊലീസ് വ്യാപകമായി തെരച്ചില്‍ നടത്തിയാണ് ഇവരെ കണ്ടെത്തിയത്. ഞങ്ങളുടെ മനോഹര നഗരത്തിലെ അനുകമ്പയുള്ള പ്രവൃത്തി, ഇവരെ തിരിച്ചറിയുന്നവര്‍ അഭിനന്ദനങ്ങള്‍ അറിയിക്കാനായി ഞങ്ങളെ സഹായിക്കുക’ എന്ന് ഷെയ്ഖ് മുഹമ്മദ് പൂച്ചയെ രക്ഷപ്പെടുത്തുന്ന ദൃശ്യം പങ്കുവെച്ച്‌ ട്വിറ്ററില്‍ കുറിച്ചിരുന്നു.

മൈസൂർ കൂട്ടബലാത്സംഗ കേസ്;മലയാളി വിദ്യാർത്ഥികൾ പ്രതികളെന്ന് സൂചന; അന്വേഷണം കേരളത്തിലേക്കും

keralanews mysore gang rape case malayalee students accused probe extended to kerala

ബെഗളൂരു:മൈസൂർ കൂട്ടബലാൽസംഗ കേസിൽ മലയാളി വിദ്യാർത്ഥികൾക്കും പങ്കെന്ന് സൂചന.സംഭവ ശേഷം കാണാതായ മൂന്ന് മലയാളി വിദ്യാർത്ഥികൾക്കായി പോലീസ് തിരച്ചിൽ തുടങ്ങി. ഇവർ പിറ്റേദിവസത്തെ പരീക്ഷയെഴുതിട്ടില്ലെന്നാണ് വിവരം. ഒരു തമിഴ്‌നാട് സ്വദേശിയും കേസിൽ ഉൾപ്പെട്ടതായി പോലീസിന് സംശയമുണ്ട്. ഇവര്‍ നാല് പേരും പെണ്‍കുട്ടി പഠിക്കുന്ന അതേ കോളജിലെ വിദ്യാര്‍ത്ഥികളാണ്.കർണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്രക്കൊപ്പം മാധ്യമങ്ങളെ കാണുന്നതിനിടെയാണ് കേസന്വേഷണത്തിൽ നിർണായകമായ വെളിപ്പെടുത്തൽ ഐജി നടത്തിയത്.  പ്രതികൾ നാട്ടുകാരായിരിക്കാമെന്നാണ് ആദ്യം കരുതിയത്. എന്നാൽ പ്രദേശവാസികളെ ചോദ്യം ചെയ്തതിൽ നിന്നും ഇവർക്ക് പങ്കില്ലെന്ന സൂചനകൾ പോലീസിന് ലഭിച്ചു. പിന്നീട് സ്ഥലത്തെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കേസിൽ വഴിത്തിരിവുണ്ടാക്കിയത്. പ്രദേശത്ത് സംഭവസമയത്ത് ആക്ടീവായിരുന്ന സിം കാർഡുകൾ കേന്ദ്രീകരിച്ച അന്വേഷണം പ്രതികളെന്ന് സംശയിക്കുന്ന ആറ് പേരിലേക്ക് നയിച്ചു. ഇതിൽ നിന്നാണ് മൂന്ന് മലയാളി വിദ്യാർത്ഥികളിലേക്കും തമിഴ്‌നാട് സ്വദേശിയിലേക്കും പോലീസെത്തിയത്. ഇവർ മൈസൂർ സർവകലാശാലയിലെ വിദ്യാർത്ഥികളാണ്. കോളജിലെത്തി നടത്തിയ പരിശോധനയിലാണ് സംഭവശേഷം ഇവരെ കാണാനില്ലെന്ന വിവരം പോലീസിന് ലഭിച്ചത്. ഇവരുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച്‌ ഓഫായതും സംശയത്തിനിടയാക്കി.ഇവര്‍ കേരളത്തില്‍ ഒളിവില്‍ കഴിയുന്നുവെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ കര്‍ണാടക പൊലീസ് രണ്ട് സംഘങ്ങളായി തിരിഞ്ഞ് കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും തിരിച്ചിരുന്നു.ചൊവ്വാഴ്ച രാത്രി 7.30 ഓടെയാണ് കൂട്ടുകാരനെ ആക്രമിച്ചശേഷം ഇതര സംസ്ഥാനത്തുനിന്നുള്ള എം ബി എ വിദ്യാര്‍ഥിനിയായ 22 വയസ്സുകാരിയെ സംഘം ക്രൂര ബലാത്സംഗത്തിനിരയാക്കിയത്‌. സ്ഥിരമായി ജോഗിങ്ങിന് പോകുന്ന സ്ഥലത്താണ് സംഭവം നടന്നതെന്നും 25 വയസ്സിനും 30വയസ്സിനും ഇടയിലുള്ളവരാണ് പ്രതികളെന്നുമാണ് പെണ്‍കുട്ടിയുടെ സുഹൃത്തായ യുവാവിന്റെ മൊഴി. ക്ലാസ് കഴിഞ്ഞശേഷം രാത്രി 7.30 ഓടെയാണ് പെൺകുട്ടിയും സുഹൃത്തും ബൈക്കില്‍ പോയത്. തുടര്‍ന്ന് ബൈക്കില്‍നിന്നിറങ്ങി നടക്കുന്നതിനിടെയാണ് ആറംഗസംഘം ആക്രമിച്ചത്.

വിദ്യാർത്ഥികളുടെ ആവശ്യംതള്ളി നാഷണല്‍ ടെസ്​റ്റിങ്​ ഏജന്‍സി; നീറ്റ് പരീക്ഷകള്‍ നിശ്ചയിച്ച തീയതിയില്‍ തന്നെ നടത്തും

keralanews national testing agency rejects demand of students neet exams will be held on the scheduled date

ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥികളുടെ ആവശ്യം തള്ളി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയായ നീറ്റ് നേരത്തെ നിശ്ചയിച്ച തീയതിയില്‍ തന്നെ നടക്കുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. സെപ്റ്റംബര്‍ 12നാണ് നിലവിലെ പരീക്ഷാ തീയതി. ദീര്‍ഘനാളായിട്ടുള്ള വിദ്യാര്‍ത്ഥികളുടെ ആവശ്യമാണ്‌ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ഇതോടെ തള്ളിക്കളഞ്ഞത്.നീറ്റ് പരീക്ഷ നടക്കുന്ന അതേ ആഴ്ചയില്‍ തന്നെയാണ് സി.ബി.എസ്.ഇയുടെ ഇംപ്രൂവ്മെന്‍റ് പരീക്ഷകളും നടക്കുന്നത്. അതുകൊണ്ട് തന്നെ നീറ്റ് മാറ്റണമെന്നായിരുന്നു വിദ്യാര്‍ഥികളുടെ ആവശ്യം. സെപ്റ്റംബര്‍ ആറാം തീയതി സി.ബി.എസ്.ഇ ബയോളജി, ഒന്‍പതാം തീയതി ഫിസിക്സ് എന്നീ വിഷയങ്ങളുടെ ഇംപ്രൂവ്മെന്‍റ് പരീക്ഷകളാണ് നടക്കുന്നത്.എന്നാല്‍ സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷകള്‍ക്ക് നീറ്റ് പരീക്ഷ തടസമാവില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് എന്‍.ടി.എ ഡയറക്ടര്‍ ജനറല്‍ വിനീത് ജോഷി പരീക്ഷ മാറ്റില്ലെന്ന് അറിയിച്ചത്. നീറ്റ് പരീക്ഷാ ശ്രമങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ നിലവില്‍ പദ്ധതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നീറ്റ് തീയതി ഇപ്പോള്‍ മാറ്റിയാല്‍ അത് പരീക്ഷ രണ്ട് മാസത്തോളം വൈകുന്നതിന് ഇടയാക്കുമെന്ന് നേരത്തെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.

മരം മോഷണം പോലീസിനെ അറിയിച്ചുവെന്ന സംശയത്തിൽ യുവാവിനെ കൊന്നു കനാലില്‍ തള്ളിയ കേസ്; പ്രധാന പ്രതി കീഴടങ്ങി

keralanews killing young man and throwing him into canal on suspicion of reporting timber theft to the police main defendant surrendered

കണ്ണൂർ: മരം മോഷണം പോലീസിനെ അറിയിച്ചുവെന്ന സംശയത്തിൽ യുവാവിനെ കൊന്നു കനാലില്‍ തള്ളിയ കേസിലെ പ്രധാന പ്രതി കീഴടങ്ങി.ചക്കരക്കല്‍ മിടാവിലോട് സ്വദേശി അബ്ദുല്‍ ഷുക്കൂര്‍ ആണ് പൊലീസ് സ്റ്റേഷനില്‍ ഇന്നു പുലര്‍ച്ചെ നാലരയോടെ കീഴടങ്ങിയത്.ചക്കരക്കല്‍ സ്വദേശി പ്രജീഷാണ് കൊല്ലപ്പെട്ടത്.ഓഗസ്റ്റ് 19ന് വൈകിട്ടു കാണാതായ പ്രജീഷിന്റെ മൃതദേഹം 22ന് ആണു കനാലില്‍ കണ്ടെത്തിയത്.മൗവഞ്ചേരി സ്വദേശി റഫീഖ് വീടു നിര്‍മാണത്തിനു വേണ്ടി സൂക്ഷിച്ച 4 ലക്ഷം രൂപ വില വരുന്ന മരം ഉരുപ്പടികള്‍ മോഷ്ടിച്ച കേസില്‍ പ്രതികളെ കുറിച്ചുള്ള വിവരം പൊലീസിനെ അറിയിച്ചു എന്ന സംശയത്തിലാണ് മോഷണ സംഘത്തിലെ പ്രതി അബ്ദുല്‍ ഷുക്കൂറും സുഹൃത്ത് പനയത്താംപറമ്ബ് സ്വദേശി പ്രശാന്തനും ചേര്‍ന്നു പ്രജീഷിനെ കൊലപ്പെടുത്തിയത്. പ്രശാന്തന്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.

സംസ്ഥാനത്ത് ഇന്ന് 32,801 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.22 ശതമാനം;18,573 പേർ രോഗമുക്തി നേടി

keralanews 32801 corona cases confirmed in the state today 18573 cured

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 32,801 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 4032, തൃശൂർ 3953, എറണാകുളം 3627, കോഴിക്കോട് 3362, കൊല്ലം 2828, പാലക്കാട് 2727, തിരുവനന്തപുരം 2255, ആലപ്പുഴ 2188, കണ്ണൂർ 1984, കോട്ടയം 1877, പത്തനംതിട്ട 1288, ഇടുക്കി 1125, വയനാട് 961, കാസർഗോഡ് 594 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,70,703 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.22 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 179 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,313 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 144 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 31,281 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1260 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3926, തൃശൂർ 3935, എറണാകുളം 3539, കോഴിക്കോട് 3327, കൊല്ലം 2822, പാലക്കാട് 1848, തിരുവനന്തപുരം 2150, ആലപ്പുഴ 2151, കണ്ണൂർ 1905, കോട്ടയം 1797, പത്തനംതിട്ട 1255, ഇടുക്കി 1105, വയനാട് 944, കാസർഗോഡ് 577 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.116 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 25, പത്തനംതിട്ട 18, പാലക്കാട്, കാസർഗോഡ് 13 വീതം, വയനാട് 11, എറണാകുളം 7, തിരുവനന്തപുരം, തൃശൂർ 6 വീതം, കൊല്ലം, ആലപ്പുഴ 5 വീതം, കോട്ടയം, ഇടുക്കി, കോഴിക്കോട് 2 വീതം, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 18,573 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1258, കൊല്ലം 2325, പത്തനംതിട്ട 545, ആലപ്പുഴ 1230, കോട്ടയം 745, ഇടുക്കി 616, എറണാകുളം 1843, തൃശൂർ 2490, പാലക്കാട് 2190, മലപ്പുറം 1948, കോഴിക്കോട് 1524, വയനാട് 220, കണ്ണൂർ 1191, കാസർഗോഡ് 448 എന്നിങ്ങനേയാണ് രോഗമുക്തിയായത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 70 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 353 വാർഡുകളാണ് ഡബ്ല്യു.ഐ.പി.ആർ. എട്ടിന് മുകളിലുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചക്രവാതച്ചുഴി ന്യൂനമർദ്ദമായേക്കും; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കനത്ത മഴക്ക്​ സാധ്യത; എട്ട്​​ ജില്ലകളില്‍ ഓറഞ്ച്​ അലര്‍ട്ട്

keralanews cyclone that formed in the bay of bengal may become low pressure heavy rains expected in the state in the coming days orange alert in eight districts

തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറാൻ സാദ്ധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശനിയാഴ്ചയോടെ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറിയേക്കാമെന്നാണ് പ്രവചനം. ഇതിന്റെ ഫലമായി സംസ്ഥാനത്ത് വരുംദിവസങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയുള്ള പശ്ചാത്തലത്തിൽ വെള്ളിയാഴ്ച എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലാ, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു.ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കാസർഗോഡ് ജില്ലകളിലും ഞായറാഴ്ച കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും തിങ്കളാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ശനിയാഴ്ച  ഇടുക്കി,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നിങ്ങനെയുമാണ് യെല്ലോ അലർട്ട് ഏർപ്പെടുത്തിയിരിക്കുന്നത്.

24 മണിക്കൂറില്‍ 115.5 എം.എം മുതല്‍ 204.4 എം.എം വരെയുള്ള മഴയാണ് അതിശക്തമായ മഴ കൊണ്ട് അര്‍ത്ഥമാക്കുന്നത്.കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം. കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ ആഗസ്റ്റ് 27 മുതല്‍ 30 വരെ തീയതികളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മേല്‍പറഞ്ഞ തീയതികളില്‍ മത്സ്യത്തൊഴിലാളികള്‍ യാതൊരു കാരണവശാലും കടലില്‍ പോകാന്‍ പാടില്ല. കൂടാതെ 27 മുതല്‍ 31 വരെ തെക്ക് പടിഞ്ഞാറന്‍, മധ്യ പടിഞ്ഞാറന്‍ അറബിക്കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെയും ചില അവസരങ്ങളില്‍ 60 കി.മീ വരെയും വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ട്. പ്രസ്തുത പ്രദേശങ്ങളിലുള്ളവരും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല.

കൊറോണ വ്യാപനം രൂക്ഷം;സംസ്ഥാനത്ത് ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തി സർക്കാർ

keralanews corona spread complete lockdown in the state on sundays

തിരുവനന്തപുരം:സംസ്ഥാനത്ത് കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തി സർക്കാർ.ട്രിപ്പിൾ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാകും ഞായറാഴ്ച സംസ്ഥാനത്ത് ഉണ്ടാകുക.അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമാകും ഞായറാഴ്ച തുറക്കുക. അവശ്യസേവനങ്ങളും അനുവദിക്കും. അത്യാവശ്യ യാത്രകൾക്കും അനുമതിയുണ്ട്. കൊറോണ വ്യാപനം കണക്കിലെടുത്ത് വരുന്ന ഞായറാഴ്ചകളിലും ഇത് തുടരാനാണ് സാദ്ധ്യത.സ്വാതന്ത്ര്യദിനത്തിന്റെയും ഓണത്തിന്റെയും പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ഞായറാഴ്ചകളിലും ലോക്ഡൗൺ ഉണ്ടായിരുന്നില്ല. ഇതിന് ശേഷം ഞായറാഴ്ചകളിൽ ലോക്ഡൗൺ തുടരണമോയെന്ന ആലോചനയിലായിരുന്നു സർക്കാർ. എന്നാൽ കൊറോണ പ്രതിദിന രോഗികളുടെ എണ്ണം 30,000 പിന്നിട്ടതോടെയാണ് ഞായറാഴ്ച ലോക്ഡൗൺ ഏർപ്പെടുത്താൻ തീരുമാനിച്ചത്. സംസ്ഥാനത്തെ കൊവിഡ് സാഹചര്യത്തില്‍ ആശങ്ക വേണ്ട അതീവജാഗ്രതയാണ് വേണ്ടതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

നിയന്ത്രണം വിട്ട പോലീസ് ജീപ്പ് കാറിലിടിച്ച് നിയമ വിദ്യാര്‍ത്ഥിനി മരിച്ചു

keralanews law student died when police jeep lost control and hit car

തിരുവനന്തപുരം:നിയന്ത്രണം വിട്ട പോലീസ് ജീപ്പ് കാറിലിടിച്ച് നിയമ വിദ്യാര്‍ത്ഥിനി മരിച്ചു. കൊല്ലം ആശ്രാമം സ്വദേശിനി അനൈന (21) യാണു മരിച്ചത്.ദേശീയപാതയില്‍ കോരാണി കാരിക്കുഴി വളവിലാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട പോലീസ് ജീപ്പ് കാറില്‍ ഇടിച്ചുകയറുകയായിരുന്നു. തിരുവനന്തപുരം ശ്രീകാര്യം മൈത്രി നഗര്‍ വന്ദനം ഹൗസില്‍ വാടകയ്‌ക്കു താമസിച്ചുവരികയായിരുന്നു അനൈനയുടെ കുടുംബം. ലോ കോളജ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് അനൈന .കാര്‍ ഓടിച്ചിരുന്ന സഹോദരന്‍ അംജിത്തിനെയും മാതാപിതാക്കളായ സജീദിനെയും റജിയെയും പരുക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അംജിത്തിന്റെ പെണ്ണുകാണല്‍ ചടങ്ങിന് തിരുവനന്തപുരത്തു നിന്നു കൊല്ലത്തേക്കു പോകുകയായിരുന്നു കുടുംബം‍. കാറിന്റെ പിന്‍സീറ്റില്‍ വലതു ഭാഗത്തായിരുന്നു അനൈന.എതിര്‍ ദിശയില്‍ അമിതവേഗത്തില്‍ വന്ന ചിറയിന്‍കീഴ് സ്റ്റേഷനിലെ പോലീസ് ജീപ്പ് ദേശീയപാതയിലെ കുഴിയില്‍ വീണു നിയന്ത്രണം വിട്ട് കാറിന്റെ വശത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. തലയ്‌ക്കു ഗുരുതരമായി പരുക്കേറ്റ അനൈന സംഭവസ്ഥലത്തു തന്നെ മരിച്ചു.ഇടിയുടെ ആഘാതത്തില്‍ മൂന്നു വട്ടം കരണം മറിഞ്ഞാണു ജീപ്പ് നിന്നത്.

കേരളത്തിൽ കൊറോണ വ്യാപനം രൂക്ഷമായ പ്രദേശങ്ങളിൽ രാത്രി കാല കർഫ്യു ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ നിർദ്ദേശം

keralanews central government proposes night curfew in kerala where corona spread is severe

ന്യൂഡൽഹി: കേരളത്തിൽ കൊറോണ വ്യാപനം രൂക്ഷമായ പ്രദേശങ്ങളിൽ രാത്രി കാല കർഫ്യു ഏർപ്പെടുത്തണമെന്ന് കേന്ദ്രസർക്കാറിന്റെ കർശന നിർദ്ദേശം. രോഗവ്യാപനത്തിൽ സമാന സ്ഥിതിയിലുള്ള മഹാരാഷ്‌ട്രയ്ക്കും ഇതേ നിർദ്ദേശം നൽകിയിട്ടുണ്ട്. രണ്ട് സംസ്ഥാനങ്ങളിലേയും കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ പ്രത്യേകമായി വിളിച്ചുചേർത്ത യോഗത്തിലാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ബല്ലാ ഇക്കാര്യം ഉന്നയിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് ഇപ്പോൾ കേരളത്തിലാണ്. പ്രതിദിന മരണനിരക്കും സംസ്ഥാനത്താണ് കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്.പ്രതിരോധ സംവിധാനങ്ങൾ മെച്ചപ്പെടുത്തിയില്ലെങ്കിൽ സ്ഥിതി അതീവ ഗുരുതരമാകുമെന്നും കേന്ദ്രം യോഗത്തിൽ മുന്നറിയിപ്പ് നൽകി. രണ്ട് സംസ്ഥാനങ്ങളും വാക്‌സിനേഷൻ ശക്തമായി തുടരണം. കൂടുതൽ ഡോസ് ആവശ്യമെങ്കിൽ അനുവദിക്കും.സമ്പർക്കത്തിലൂടെയുള്ള വ്യാപനം തടയുന്നതിന് ആഘോഷങ്ങൾക്കായുള്ള കൂടിച്ചേരലുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്നും ആഭ്യന്തര സെക്രട്ടറി യോഗത്തിൽ ആവശ്യപ്പെട്ടു. ഓൺലൈനായി നടന്ന യോഗത്തിൽ ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർ പങ്കെടുത്തു.