സംസ്ഥാനത്തെ കോളജുകള്‍ ഓക്ടോബര്‍ നാലിന് തുറക്കും; വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിനേഷന് സൗകര്യമൊരുക്കുമെന്ന് ആരോഗ്യ മന്ത്രി

keralanews colleges in the state open in october health minister says provide vaccination facilities to students

തിരുവനന്തപുരം:സംസ്ഥാനത്തെ അവസാന വര്‍ഷ ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് കോളേജുകള്‍ ഓക്ടോബര്‍ നാലിന് തുറക്കും.ഈ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് കൊവിഡ് വാക്‌സിനേഷന് സൗകര്യമൊരുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കേളേജുകളിലെത്തുന്നതിന് മുൻപ് എല്ലാ വിദ്യാര്‍ത്ഥികളും ആദ്യ ഡോസ് കൊവിഡ് വാക്‌സിന്‍ എടുത്തിരിക്കണം. രണ്ടാമത്തെ ഡോസ് സ്വീകരിക്കാന്‍ കാലാവധി ആയവര്‍ രണ്ടാമത്തെ ഡോസ് വാക്‌സിനും സ്വീകരിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിന്‍ ലഭിക്കുന്നതിന് തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരുമായോ ആശ പ്രവര്‍ത്തകരുമായോ ബന്ധപ്പെടണമെന്ന് മന്ത്രി അറിയിച്ചു.സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്ന് വാക്‌സിന്‍ സൗജന്യമായി ലഭിക്കും. തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളില്‍ നിന്ന് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിരക്കില്‍ കൊവിഡ് വാക്‌സിന്‍ ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.

ചന്ദ്രിക കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കെ.ടി ജലീൽ ഇന്ന് ഇഡിയ്‌ക്ക് മുന്നിൽ ഹാജരാകും

keralanews kt jaleel will appear before the ed today in the chandrika money laundering case

മലപ്പുറം:ചന്ദ്രിക കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കെ.ടി ജലീൽ ഇന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റിന് മുന്നിൽ ഹാജരാകും.വൈകിട്ട് നാല് മണിക്ക് കൊച്ചി ഓഫീസിൽ ഹാജരാകണമെന്നാണ് ഇ ഡി നിർദ്ദേശം നിർദേശം നൽകിയിരിക്കുന്നത്.തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകളും, രേഖകളും ജലീൽ ഹാജരാക്കും.ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടിൽ 10 കോടി രൂപ എത്തിയതിൽ ദുരൂഹതയുണ്ടെന്ന് ഇഡി കണ്ടെത്തിയിരുന്നു. പത്രത്തിന്റെ നടത്തിപ്പ് ആവശ്യങ്ങൾക്കല്ല പണമെന്നായിരുന്നു ഇഡിയുടെ കണ്ടെത്തൽ.ചന്ദ്രിക തട്ടിപ്പ് കേസിൽ ജലീൽ നേരത്തേയും ഇഡിയ്‌ക്ക് മൊഴി നൽകിയിരുന്നു.  സ്വന്തം ഇഷ്ടപ്രകാരമാണ് മൊഴി നൽകിയതെന്നും ഇഡി ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. ചന്ദ്രിക ദിനപ്പത്രത്തെയും ലീഗ് സ്ഥാപനങ്ങളെയും മറയാക്കി പി കെ കുഞ്ഞാലിക്കുട്ടി കള്ളപ്പണം വെളുപ്പിച്ചെന്നായിരുന്നു മുൻ മന്ത്രിയും എംഎൽഎയുമായ കെ ടി ജലീലിന്റെ ആരോപണം. ഇത് സംബന്ധിച്ച തെളിവുകൾ ജലീൽ ഇ.ഡിക്ക് കൈമാറുകയും ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകളാണ് ഇന്ന് ജലീൽ ഇഡിയ്‌ക്ക് മുന്നിൽ ഹാജരാക്കുക.

നിപ; സമ്പർക്കപ്പട്ടികയിലുള്ള 15 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

keralanews nipah test result of 15 in the contact list is negative

കോഴിക്കോട്:നിപ ഭീതിയിൽ സംസ്ഥാനത്തിന് ആശ്വാസം.സമ്പർക്കപ്പട്ടികയിലുള്ള 15 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ എടുത്ത സാംപിളുകളുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ ലാബിൽ നടത്തിയ പരിശോധനാ ഫലമാണ് പുറത്ത് വന്നത്. സമ്പർക്കപ്പട്ടികയിലുള്ള കൂടുതൽ പേരുടെ സാമ്പിളുകൾ ഇന്ന് പരിശോധനയ്‌ക്ക് വിധേയമാക്കും. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ 64 പേരാണ് നിരീക്ഷണത്തിലുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ഇന്ന് 30,196 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.63 ശതമാനം;27,579 പേർക്ക് രോഗമുക്തി

keralanews 30196 corona cases confirmed in the state today 2759 cured

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 30,196 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തൃശൂർ 3832, എറണാകുളം 3611, കോഴിക്കോട് 3058, തിരുവനന്തപുരം 2900, കൊല്ലം 2717, മലപ്പുറം 2580, പാലക്കാട് 2288, കോട്ടയം 2214, ആലപ്പുഴ 1645, കണ്ണൂർ 1433, ഇടുക്കി 1333, പത്തനംതിട്ട 1181, വയനാട് 894, കാസർഗോഡ് 510 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,71,295 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.63 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 190 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 28,617 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1259 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 130 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 27,579 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1646, കൊല്ലം 2077, പത്തനംതിട്ട 1191, ആലപ്പുഴ 1966, കോട്ടയം 2198, ഇടുക്കി 907, എറണാകുളം 2648, തൃശൂർ 2698, പാലക്കാട് 2267, മലപ്പുറം 3019, കോഴിക്കോട് 3265, വയനാട് 1222, കണ്ണൂർ 2003, കാസർഗോഡ് 472 എന്നിങ്ങനേയാണ് രോഗമുക്തിയായത്.

മാനസ കൊലക്കേസ്;പ്രതി രഖിലിന്റെ സുഹൃത്തിനെ അറസ്റ്റ് ചെയ്തു

keralanews manasa murder case friend of accused rakhil arrested

കൊച്ചി:കോതമംഗലത്തെ ഡെന്റൽ വിദ്യാർത്ഥിനിയായ കണ്ണൂർ സ്വദേശിനി മാനസയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിലായി.മാനസയെ വെടിവച്ചുകൊന്ന രഖിലിന്റെ ഉറ്റസുഹൃത്ത് ആദിത്യനാണ് അറസ്റ്റിലായത്. ഇയാളെ തെളിവെടുപ്പിനായി ബീഹാറിലേക്ക് കൊണ്ടുപോയി.കൊലപാകം നടത്താന്‍ രഖില്‍ തോക്കുവാങ്ങിയത് ബീഹാറില്‍ നിന്നാണ്.ഇതരസംസ്ഥാനത്തൊഴിലാളികളെ ജോലിക്ക് വേണ്ടി കൊണ്ടുവരാനെന്ന പേരിലാണ്  രഖിലും ആദിത്യനും തോക്ക് വാങ്ങാനായി ബീഹാറിലേക്ക് പോയത്.ആദിത്യന്‍ രഖിലിന്റെ ഉറ്റസുഹൃത്തും ഒപ്പം ബിസിനസ് പങ്കാളിയുമാണ്. രഖിലിന് തോക്ക് വിറ്റ ബീഹാര്‍ സ്വദേശികളായ സോനു കുമാര്‍ മോദി, മനേഷ് കുമാര്‍ വര്‍മ എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ബീഹാറില്‍ നിന്നാണ് ഇവരെ കേരള പൊലീസ് അറസ്റ്റുചെയ്തത്. സോനു കുമാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് തോക്ക് കച്ചവടത്തിന്‍റെ ഇടനിലക്കാരനും ടാക്സി ഡ്രൈവറുമായ ബസ്സര്‍ സ്വദേശി മനേഷ് കുമാറിനെ പൊലീസ് പിടികൂടിയത്. 35000 രൂപയ്ക്കാണ് ഇവരില്‍ നിന്ന് തോക്ക് വാങ്ങിയത്. തന്റെ കീഴില്‍ ജോലിചെയ്തിരുന്ന അന്യസംസ്ഥാന തൊഴിലാളികളില്‍ നിന്നാണ് ബീഹാറില്‍ തോക്ക് എളുപ്പത്തില്‍ വാങ്ങാന്‍ കിട്ടുമെന്ന് രഖില്‍ മനസിലാക്കിയത്.

രണ്ടു കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പാനൂരിൽ പിടിയില്‍

keralanes bengal native caught in panoor with 2kg ganja

തലശ്ശേരി: രണ്ടു കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പാനൂരിൽ പിടിയില്‍.പശ്ചിമ ബംഗാള്‍ ഹിയാത്ത് നഗറിലെ എസ്.കെ.മിനറുല്‍ (22) ആണ് അറസ്റ്റിലായത്. കൂത്തുപറമ്പ് എക്‌സൈസ് റെയ്ഞ്ച് ഇന്‍സെപക്ടര്‍ കെ.ഷാജിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.എക്‌സൈസ് കമ്മിഷണറുടെ ഉത്തര മേഖലാ സ്‌ക്വാഡ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കൂത്തുപറമ്പിൽ കഞ്ചാവ് വില്‍പനക്കായി ഇയാൾ എത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് സംഘം നിരീക്ഷണം ശക്തമാക്കിയിരുന്നു. പാനൂരിനടുത്ത് വാടകക്ക് താമസിച്ച്‌ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവ് വില്‍പന നടത്തുകയാണ് ഇയാളുടെ രീതിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.പ്രിവന്റീവ് ഓഫീസര്‍ പി.സി ഷാജി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സി.പി. ശ്രീധരന്‍, പ്രജീഷ് കോട്ടായി, കെ.ബി.ജീമോന്‍, പി.ജലീഷ്, പ്രനില്‍ കുമാര്‍, എം.സുബിന്‍, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എന്‍. ലിജിന, എം.രമ്യ എക്‌സൈസ് ഡ്രൈവര്‍ ലതീഷ് ചന്ദ്രന്‍ എന്നിവരാണ് എക്‌സൈസ് സംഘത്തിലുണ്ടായിരുന്നത്

കണ്ണൂര്‍ വാരത്ത് ഭര്‍ത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവതി ലോറിയിടിച്ചു മരിച്ചു

keralanews woman traveling with husband on bike hit by lorry and died in kannur varam

കണ്ണൂര്‍: വാരത്ത് ഭര്‍ത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവതി ലോറിയിടിച്ചു മരിച്ചു.ചൊവ്വാഴ്‌ച്ച രാത്രി ഏഴരയോടെയാണ് അപകടമുണ്ടായത്.ചക്കരക്കല്‍തല മുണ്ട പി ജി ബേക്കറിക്ക് സമീപം രയരോത്ത് പടുവിലാട്ട് ഹൗസില്‍ ആര്‍.പി ഭാസ്‌കരന്റെയും ലീലയുടെയും മകള്‍ ആര്‍.പി ലിപിന (34) യാണ് മരിച്ചത്.കണ്ണൂരില്‍ നിന്നും ചക്കരക്കല്‍ ഭാഗത്തേക്ക് വരികയായിരുന്നു ലിപിനയും ഭർത്താവ് രാജീവനും.ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ കണ്ണുര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയിടിക്കുകയായിരുന്നു. നാട്ടുകാര്‍ ഇരുവരെയും കണ്ണുരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും യുവതിയുടെ ജീവന്‍ രക്ഷിക്കാനായില്ല. അപകടമുണ്ടാക്കിയ ലോറി ചക്കരക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നന്ദുവാണ് ലിപിനയുടെ മകന്‍.

കോഴിക്കോട് ചക്കിട്ടപ്പാറയിൽ വീണ്ടും കമ്യൂണിസ്റ്റ് ഭീകരരുടെ സാന്നിദ്ധ്യം കണ്ടെത്തി;സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘത്തിനായി തെരച്ചിൽ തുടരുന്നു

keralanews presence of communist terrorists found in chakkitapara kozhikode search continues

കോഴിക്കോട്: കോഴിക്കോട് ചക്കിട്ടപ്പാറയിൽ വീണ്ടും കമ്യൂണിസ്റ്റ് ഭീകരരുടെ സാന്നിദ്ധ്യം കണ്ടെത്തി. ആയുധധാരികളായ സ്ത്രീകളടങ്ങുന്ന അഞ്ചംഗ സംഘം ഇന്നലെ ഇവിടെ എത്തിയതായി പ്രദേശവാസികൾ പറഞ്ഞു. ഈ സാഹചര്യത്തിൽ ചക്കിട്ടപ്പാറയിൽ ഇന്നും പോലീസ് തിരച്ചിൽ നടത്തും. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് മേഖലയിൽ മാവോയിസ്റ്റുകളെ കാണുന്നത്.പ്ലാന്റേഷൻ കോർപ്പറേഷൻ മുതുകാട്ടെ പേരാമ്പ്ര എസ്റ്റേറ്റിലാണ് ഇന്നലെ വൈകിട്ട് ആറരയോടെ ആയുധധാരികളായ കമ്യൂണിസ്റ്റ് ഭീകരർ എത്തിയത്. മാനേജരുടെ ഓഫീസിലും ക്വാട്ടേഴ്‌സ് പരിസരത്തുമെത്തിയ സംഘം ക്വാട്ടേഴ്‌സിന്റെ ഭിത്തിയിൽ പോസ്റ്ററുകൾ പതിച്ചു. ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിലിന്റെ പേര് പ്രത്യേകം പരാമർശിക്കുകയും ചെയ്തു. അതിനാൽ ഇദ്ദേഹത്തിന് പ്രത്യേകം സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.റീപ്ലാന്റേഷന്റ മറവിൽ തോട്ടത്തെ ഖനനത്തിനും ടൂറിസത്തിനും വിട്ടുകൊടുക്കരുത്, പ്ലാന്റേഷൻ ഭൂമി തൊഴിലാളികൾക്ക്, തൊഴിലാളികളെ തെരുവിലെറിയാൻ കോടികൾ കോഴവാങ്ങിയ കരിങ്കാലികളെ തിരിച്ചറിയുക തുടങ്ങിയവയാണ് പോസ്റ്ററിലെ വാചകങ്ങൾ.

നിപ്പ ഭീതി ഒഴിയുന്നു;പരിശോധിച്ച 30 പേരുടെ ഫലവും നെഗറ്റീവ്

keralanews nipah fear reduces result of 30 persons negative

കോഴിക്കോട്:സംസ്ഥാനത്ത് നിപ്പ ഭീതി ഒഴിയുന്നു.പരിശോധനയ്ക്ക് അയച്ച 20 പേരുടെയും ഫലം നെഗറ്റീവായി. പുണെയില്‍ പരിശോധിച്ച 15 പേരുടേയും കോഴിക്കോട് പരിശോധിച്ച 5 പേരുടെയും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ ഇതുവരെ പരിശോധിച്ച 30 സാംപിളുകളും നെഗറ്റീവായി.രോഗലക്ഷണമുള്ള 17 പേരിൽ 16 പേർക്കും നിപ്പ ഇല്ലെന്ന് സ്ഥിരീകരിച്ചു. നിലവിൽ നിരീക്ഷണത്തിലുള്ള എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കി. മരിച്ച കുട്ടിയുമായി ഏറ്റവും അടുത്ത സമ്പർക്കം പുലര്‍ത്തിയവരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. നിലവില്‍ 68 പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഐസൊലേഷനില്‍ കഴിയുന്നത്.42 ദിവസം നിരീക്ഷണം തുടരും.ചെറിയ പനി, തലവേദന എന്നിവയടക്കമുള്ള രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരുടെ ആരോഗ്യസ്ഥിതിയെപ്പറ്റി നിലവില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു.പൂനെയിലേക്ക് അയച്ച 21 സാമ്പിൾ ഫലം കൂടി വരാനുണ്ട്. അതേസമയം പ്രദേശത്ത് പരിശോധന നടത്താനായി എൻഐവി സംഘം രണ്ട് ദിവസത്തിനകം കോഴിക്കോട് എത്തും. സംഘം ഭോപ്പാലിൽ നിന്നും ഇന്ന് പുറപ്പെടും. ഇന്നലെ പുതുതായി 10 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഹൗസ് ടു ഹൗസ് സർവ്വേ വിജയകരമായി പുരോഗമിക്കുകായാണെന്നും നിപയുടെ പ്രോട്ടോക്കോള്‍ അനുസരിച്ച്‌ അവസാന കേസ് റിപ്പോര്‍ട്ട് ചെയ്ത് 42 ദിവസത്തിന് ശേഷം മാത്രമേ പൂര്‍ണമായും ഈ കേസില്‍ നിന്ന് മറ്റ് കേസുകളില്ല, നിപ മുക്തമായി എന്ന് പറയാന്‍ കഴിയുകയുള്ളൂ എന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ഇന്ന് 25,772 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.87 ശതമാനം; 27,320 പേർ രോഗമുക്തി നേടി

keralanews 25772 covid cases confirmed in the state today 27320 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 25,772 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 3194, മലപ്പുറം 2952, കോഴിക്കോട് 2669, തൃശൂർ 2557, കൊല്ലം 2548, പാലക്കാട് 2332, കോട്ടയം 1814, തിരുവനന്തപുരം 1686, കണ്ണൂർ 1649, ആലപ്പുഴ 1435, പത്തനംതിട്ട 1016, ഇടുക്കി 925, വയനാട് 607, കാസർഗോഡ് 388 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,62,428 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.87 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 189 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 21,820 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 133 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 24,253 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1261 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 125 ആരോഗ്യ പ്രവർത്തകർക്ക് രോഗം ബാധിച്ചു.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 27,320 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 2085, കൊല്ലം 3490, പത്തനംതിട്ട 1243, ആലപ്പുഴ 1909, കോട്ടയം 1457, ഇടുക്കി 422, എറണാകുളം 2319, തൃശൂർ 2776, പാലക്കാട് 1996, മലപ്പുറം 3964, കോഴിക്കോട് 3319, വയനാട് 914, കണ്ണൂർ 914, കാസർഗോഡ് 512 എന്നിങ്ങനേയാണ് രോഗമുക്തിയായത്.പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (ണകജഞ) ഏഴിന് മുകളിലുള്ള 296 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. അതിൽ 81 എണ്ണം നഗര പ്രദേശങ്ങളിലും 215 എണ്ണം ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്.