തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 25,010 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3226, എറണാകുളം 3034, മലപ്പുറം 2606, കോഴിക്കോട് 2514, കൊല്ലം 2099, പാലക്കാട് 2020, തിരുവനന്തപുരം 1877, ആലപ്പുഴ 1645, കണ്ണൂര്‍ 1583, കോട്ടയം 1565, പത്തനംതിട്ട 849, ഇടുക്കി 826, വയനാട് 802, കാസര്‍ഗോഡ് 364 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,51,317 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.53 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 177 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,303 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 102 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 23,791 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1012 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 105 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 23,535 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 2385, കൊല്ലം 2284, പത്തനംതിട്ട 650, ആലപ്പുഴ 2035, കോട്ടയം 1451, ഇടുക്കി 544, എറണാകുളം 2722, തൃശൂർ 2833, പാലക്കാട് 1815, മലപ്പുറം 2537, കോഴിക്കോട് 1909, വയനാട് 393, കണ്ണൂർ 1520, കാസർഗോഡ് 457 എന്നിങ്ങനേയാണ് രോഗമുക്തിയായത്. പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ ഏഴിന് മുകളിലുള്ള 794 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ വാര്‍ഡുകളാണുള്ളത്. അതില്‍ 692 വാര്‍ഡുകള്‍ നഗര പ്രദേശങ്ങളിലും 3416 വാര്‍ഡുകള്‍ ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്.
ഹരിതയുടെ പരാതിയിൽ എംഎസ്എഫ് പ്രസിഡന്റ് പി കെ നവാസ് അറസ്റ്റിൽ
കോഴിക്കോട്: എം എസ് എഫിന്റെ വനിതാ വിഭാഗമായ ഹരിതയുടെ ലൈംഗിക അധിക്ഷേപ പരാതിയില്‍ സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് അറസ്റ്റില്‍. ഉച്ചയ്ക്ക് ഒന്നരയോടെയാണ് കോഴിക്കോട് ചെമ്മങ്ങാട് സ്റ്റേഷനില്‍ പോലീസ് ആവശ്യപ്പെട്ട പ്രകാരം നവാസ് എത്തിയത്.മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെ നവാസിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സ്റ്റേഷനില്‍നിന്ന് ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് നവാസിനുമേല്‍ ചുമത്തിയിരിക്കുന്നത്.നേരത്തെ ഹരിതയിലെ പത്ത് അംഗങ്ങള്‍ ലൈംഗിക അധിക്ഷേപ പരാതി സംസ്ഥാന വനിതാ കമ്മീഷന് നല്‍കിയിരുന്നു. ഈ പരാതി പിന്നീട് പോലീസിന് കൈമാറുകയും നിയമനടപടികളിലേക്ക് കടക്കുകയുമായിരുന്നു. ഈ പരാതിക്കാരായ പെണ്‍കുട്ടികളെ ചെമ്മങ്ങാട് സ്റ്റേഷനില്‍ വിളിക്കുകയും അവരില്‍നിന്ന് മൊഴിയെടുക്കുകയും ചെയ്തിരുന്നു. നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ പെണ്‍കുട്ടികള്‍ തീരുമാനിച്ചതിന് പിന്നാലെയാണ് നവാസിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നത്.സ്ത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റമാണ് നവാസിന് മേല്‍ ചുമത്തിയിരിക്കുന്നത്. ജൂൺ 22 ന് കോഴിക്കോട്ട് എംഎസ്എഫ് സംസ്ഥാന സമിതി യോഗത്തിനിടെ പി കെ നവാസും മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി വി അബ്ദുൾ വഹാബും നടത്തിയ ലൈംഗീക അധിക്ഷേപം ചൂണ്ടിക്കാട്ടിയാണ് വനിതാ വിഭാഗമായ ഹരിതയുടെ 10 നേതാക്കൾ വനിതാ കമ്മീഷന് പരാതി നൽകിയത്. ഹരിതയിലെ സംഘടനാ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന ഘട്ടത്തിൽ ഹരിത നേതാക്കളുടെ അഭിപ്രായം തേടിയ നവാസ് പറഞ്ഞത് വേശ്യയ്ക്കും വേശ്യയുടെ അഭിപ്രായം കാണും എന്നാണ്. അബ്ദുൾ വഹാബും സമാനമായ രീതിയിൽ പരിഹസിച്ചതായി ഹരിത നേതാക്കളുടെ പരാതിയിൽ പറയുന്നു.വനിത കമ്മീഷന് നൽകിയ പരാതി പിൻവലിക്കണമെന്ന് ലീഗ് നേതൃത്വം ആവശ്യപ്പെട്ടെങ്കിലും ഇതിന് തയ്യാറാകാതിരുന്നതോടെ ഹരിത സംസ്ഥാനകമ്മിറ്റി പിരിച്ച് വിട്ടതായി ലീഗ് നേതൃത്വം പ്രഖ്യാപിച്ചിരുന്നു. എന്തുവന്നാലും പരാതിയുമായി മുന്നോട്ട് പോകുമെന്നാണ് ഹരിത വ്യക്തമാക്കിയത്. പിരിച്ചുവിട്ടതിന് എതിരെ കോടതിയെ സമീപിക്കുമെന്നും ഹരിത നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.ഇതിനിടെ, ഹരിതയ്ക്ക് പിന്തുണയുമായി എം എസ് എഫിലെ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.ഹരിതയ്ക്കെതിരായ നടപടി പുനഃപരിശോധിക്കണമെന്നാണ് ലത്തീഫ് തുറയൂര്‍ ഉള്‍പ്പെടെയുള്ളവരുടെ ആവശ്യം. ആവശ്യമുന്നയിച്ച് ഇവര്‍ മുസ്ലിം ലീഗ് ദേശീയ നേതൃത്വത്തിന് കത്തയച്ചു.
വിസ്മയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു;വിസ്മയുടേത് സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യ;കേസിൽ 102 സാക്ഷിമൊഴികൾ
കൊല്ലം: സ്ത്രീധനപീഡനത്തെ തുടർന്ന് കൈതാേട് സ്വദേശിനി വിസ്മയ മരണപ്പെട്ട കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു.അന്വേഷണ ഉദ്യോഗസ്ഥനായ ശാസ്താംകോട്ട ഡിവൈഎസ്പി പി രാജ് കുമാർ ആണ് ശാസ്താംകോട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.വിസ്മയയുടേത് ആത്മഹത്യയെന്നാണ് കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.വിസ്മയയുടെ ഭർത്താവും മോട്ടോർ വാഹന വകുപ്പ് മുൻ ജീവനക്കാരനുമായ കിരൺകുമാർ മാത്രമാണ്.കേസിലെ പ്രതിക്കെതിരെ ഗാർഹിക പീഡനം, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങൾ ചുമത്തി.കേസിൽ 102 സാക്ഷിമൊഴികൾ,56 തൊണ്ടിമുതൽ, 20ലധികം ഡിജിറ്റൽ തെളിവുകൾ മുതലായവ സമർപ്പിച്ചു.കുറ്റമറ്റ കുറ്റപത്രമാണ് തയ്യാറാക്കിയതെന്ന് വിശ്വസിക്കുന്നു.ആത്മഹത്യാ വിരുദ്ധ ദിനത്തില്‍ തന്നെ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും കൊല്ലം റൂറല്‍ എസ് പി കെ ബി രവി പറഞ്ഞു.പ്രതിയെജുഡിഷ്യൽ കസ്റ്റഡിയിൽത്തന്നെ വിചാരണയ്ക്ക് വിധേയനാക്കണമെന്ന അപേക്ഷയും കുറ്റപത്രത്തോടൊപ്പം കോടതിയിൽ സമർപ്പിച്ചു. മുൻപ് മൂന്ന് തവണ കിരണിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആയിരുന്ന കിരൺ കുമാറിനെ ഗതാതഗതവകുപ്പ് പിരിച്ച് വിട്ടിരുന്നു.
ഒറ്റപ്പാലത്ത് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വയോധികയുടെ മരണം കൊലപാതകം;കൃത്യം നടത്തിയത് ഖദീജയുടെ സഹോദരി പുത്രി ഷീജ, മകന് യാസിര്‍ എന്നിവർ ചേർന്ന്
പാലക്കാട്: ഒറ്റപ്പാലത്ത് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വയോധികയുടെ മരണം കൊലപാതകം.മരിച്ച ഖദീജയുടെ കൈഞരമ്പുകൾ മുറിഞ്ഞ നിലയിലായിരുന്നതിനാല്‍ ആത്മഹത്യയാണെന്നാണ് ആദ്യം സംശയിച്ചിരുന്നത്. പിന്നീട് മരണം കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു.മരിച്ച ഖദീജയുടെ സഹോദരി പുത്രി ഷീജ, മകന് യാസിര്‍ എന്നിവരാണ് കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ കുറ്റം സമ്മതിച്ചു.കഴിഞ്ഞ ദിവസം വൈകിട്ടാണ് ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷന് റോഡില്‍ താമച്ചിരുന്ന ഖദീജയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നാലെ ഖദീജയ്ക്കൊപ്പം താമസിച്ചിരുന്ന ഷീജയെയും കുടുംബത്തേയും കാണാതായി.തുടര്‍ന്ന് പൊലീസ് നടത്തിയ തെരച്ചിലിനൊടുവില്‍ വൈകിട്ടോടെ യാസിറിനെയും ഒറ്റപ്പാലത്തെ ലോഡ്ജില്‍ നിന്ന് രാത്രി വൈകി ഷീജയെയും പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.സ്വര്‍ണ്ണം കൈക്കലാക്കാനാണ് ഇവര്‍ ഖദീജയെ കൊലപ്പെടുത്തിയത്. ശ്വാസം മുട്ടിച്ചാണ് കൃത്യം നടത്തിയ ശേഷം ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാനാണ് ഖദീജയുടെ കൈ ഞരമ്പുകൾ മുറിച്ചത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ഒറ്റപ്പാലത്ത് വീട്ടമ്മയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം;സഹോദരിയുടെ മക്കള്‍ കസ്റ്റഡിയില്‍
പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് വീട്ടമ്മയെ വീടിനുള്ളിൽ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആര് എസ് റോഡ് തെക്കേത്തൊടിയില്‍ കദീജ മന്‍സിലില്‍ കദീജ (63)ആണ് മരിച്ചത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു.വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ മൃതദേഹം കണ്ടെത്തിയത്.കൈയ്യില്‍ ഗുരുതരമായ മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം . സംഭവത്തിന് പിന്നാലെ നടന്ന അന്വേഷണത്തില്‍ കദീജയുടെ സഹോദരിയുടെ മകള്‍ ഷീജ, ഇവരുടെ മകന് യാസിര്‍ എന്നിവരെ കസ്റ്റഡിയിലെടുത്തു.അവിവാഹിതയായ കദീജയും ഷീജയും ഒന്നിച്ചായിരുന്നു താമസമെന്നും കദീജയുടെ സ്വര്‍ണാഭണങ്ങള്‍ മോഷ്ടിച്ചെന്ന പേരില്‍ വ്യാഴാഴ്ച രാവിലെ ഇരുവരും തമ്മില്‍ തര്‍ക്കം നടന്നിരുന്നതായും പൊലീസ് അറിയിച്ചു. ഈ പ്രശ്നം പരിഹരിക്കാനായി ഇവര്‍ പൊലീസ് സ്റ്റേഷനിലും എത്തിയിരുന്നു. ഇതെ തുടര്‍ന്ന് കദീജയ്ക്ക് പരാതി ഇല്ലെന്ന് അറിയിച്ചതോടെ പൊലീസ് പ്രശ്നം ഒത്തുതീര്‍പാക്കി വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാത്രി കദീജയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് അറിയിച്ചു.
കണ്ണൂര്‍ യൂനിവേഴ്സിറ്റി പി ജി സിലബസ് വിവാദം; വി സിയെ കെ എസ് യു പ്രവര്‍ത്തകര്‍ ഉപരോധിച്ചു
കണ്ണൂർ: കണ്ണൂര്‍ യൂനിവേഴ്സിറ്റി പി ജി സിലബസ് വിവാദവുമായി ബന്ധപ്പെട്ട് വി സിയെ കെ എസ് യു പ്രവര്‍ത്തകര്‍ ഉപരോധിച്ചു.രാവിലെ പത്തോടെ വാഹനത്തിലെത്തിയ വി സിയെ പ്രവര്‍ത്തകര്‍ തടയുകയായിരുന്നു.ഉപരോധത്തെ തുടര്‍ന്ന് കാറില്‍ കുടുങ്ങിയ വി സിയെ സെക്യൂരിറ്റി ജീവനക്കാര്‍ എത്തി സുരക്ഷ തീര്‍ത്ത് ഓഫീസിലേക്ക് കൊണ്ടുപോവുകയായിരുന്നു. കണ്ണൂര്‍ സര്‍വ്വകലാശാല പിജി ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്സ് പാഠ്യപദ്ധതിയില്‍ സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും കൃതികള്‍ ഉള്‍പ്പെടുത്തിയതിനെതിരെയായിരുന്നു പ്രതിഷേധം. വിദഗ്ധ സമതി എടുത്ത തീരുമാനമാണ് ഇതെന്നും സിലബസ് പിന്‍വലിക്കില്ലെന്നും വി സി വ്യക്തമാക്കിയിരുന്നു.എക്സ്പേര്‍ട്ട് കമ്മറ്റി തന്ന ഗവേര്‍ണന്‍സ് ആന്‍ഡ് പൊളിറ്റിക്സ് സിലബസ് താന്‍ മുഴുവനായും വായിച്ചു. കേരളത്തിലെ മറ്റ് സര്‍വ്വകലാശാലകളും ഈ പുസ്തകങ്ങള്‍ പഠിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിലബസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എഐഎസ്എഫ് ഇന്ന് യൂനിവേഴ്സിറ്റിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
നിപ വൈറസ്; അഞ്ചുപേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; ഉറവിടം കണ്ടെത്താനുള്ള ശ്രമം തുടരുന്നു
കോഴിക്കോട്: നിപ ബാധിച്ച് മരിച്ച പന്ത്രണ്ടുകാരന്റെ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന അഞ്ചുപേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായി. കഴിഞ്ഞ ദിവസങ്ങളിലെടുത്ത സാംപിളുകളുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതില്‍ നാല് എണ്ണം എന്‍ഐവി പൂനയിലും ഒരെണ്ണം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രത്യേകമായി സജ്ജമാക്കിയ ലാബിലുമാണ് പരിശോധിച്ചത്. ഇതോടെ 73 പേരുടെ സാംപിളുകളാണ് നെഗറ്റീവാണെന്ന് കണ്ടെത്തിയതെന്നും ആരോഗ്യമന്ത്രി വീണ ജോർജ് മന്ത്രി പറഞ്ഞു.സമ്പർക്കപ്പട്ടികയില്‍ നിലവില്‍ 274 പേരുണ്ട്. ഇവരില്‍ ഏഴുപേര്‍ കൂടി രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതുവരെ പരിശോധിച്ച 68 പേര്‍ക്ക് രോഗബാധയില്ലെന്ന് വ്യക്തമായി.തുടര്‍ച്ചയായ നാലാം ദിവസവും പരിശോധന ഫലം നെഗറ്റീവായതോടെ നിപ ഭീതി അകലുകയാണെങ്കിലും ജില്ലയില്‍ ജാഗ്രത തുടരുകയാണ്. അതേസമയം ചാത്തമംഗലത്ത് റിപോര്‍ട്ട് ചെയ്ത നിപയുടെ ഉറവിടം കണ്ടെത്താനുളള പരിശോധന ഊര്‍ജിതമാക്കി. മൃഗസംരക്ഷണ വകുപ്പിനൊപ്പം പൂനെ എന്‍ഐവിയില്‍നിന്നുളള വിദഗ്ധസംഘവും പരിശോധന നടത്തുന്നുണ്ട്. മുന്നൂരിന് പരിസരത്തെ വവ്വാലുകളെയാണ് വലവിരിച്ച് പിടിച്ച് നിരീക്ഷിക്കുക. തിരുവനന്തപുരം മൃഗരോഗ നിര്‍ണയ കേന്ദ്രത്തിലെ വിദഗ്ധസംഘം ചാത്തമംഗലത്തും സമീപപ്രദേശങ്ങളിലും പരിശോധന നടത്തി. ഇവിടുത്തെ പക്ഷികളില്‍നിന്നും മൃഗങ്ങളില്‍നിന്നും ശേഖരിച്ച സാംപിളുകള്‍ വിമാനമാര്‍ഗം ഭോപാലിലെ വൈറോളജി ലാബിലേക്കയച്ചു. കാര്‍ഗോ കമ്പനികളുടെ എതിർപ്പിനെ തുടർന്ന് സാമ്പിളുകൾ അയക്കാൻ വൈകിയിരുന്നു.നിപ ഭീതിയെത്തുടര്‍ന്ന് സാംപിളുകള്‍ അയക്കാനാവില്ലെന്നായിരുന്നു ഇന്‍ഡിഗോ എയര്‍ലൈന്‍സ് കാര്‍ഗോ കമ്പനിയുടെ നിലപാട്. പിന്നീട് സര്‍ക്കാര്‍ ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നുവെന്ന് മൃസംരക്ഷണ വകുപ്പ് അധികൃതര്‍ പറഞ്ഞു.
ഒന്നരവയസുകാരന് പ്രതിരോധകുത്തിവെയ്പ്പ് എടുത്തതിൽ വൻ വീഴ്ച; കാൽമുട്ടിൽ കുത്തിവെയ്പ്പ് എടുത്ത കുഞ്ഞ് ആശുപത്രിയിൽ; പ്രാഥമികാരോഗ്യ കേന്ദ്രത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഡിഎംഒ
കൊല്ലം:ഒന്നരവയസുകാരന് പ്രതിരോധകുത്തിവെയ്പ്പെടുത്തതിൽ വൻ വീഴ്ച സംഭവിച്ചതായി പരാതി. തുടയിൽ എടുക്കേണ്ടിയിരുന്ന കുത്തിവെയ്പ്പ് കാൽമുട്ടിൽ എടുത്തു എന്നാണ് പരാതി ഉയർന്നിരിക്കുന്നത്.ഈ മാസം ഒന്നാം തീയതി തൃക്കോവിൽവട്ടം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്നാണ് മുഖത്തല സ്വദേശിയാണ് മുഹമ്മദ് ഹംദാൻ എന്ന ഒന്നരവയസ്സുകാരന് കുത്തിവെയ്പ്പെടുത്തത്.കുത്തിവെയ്പ്പെടുത്ത സ്ഥാനം മാറിയെന്ന് സംശയം തോന്നിയ കുട്ടിയുടെ മാതാവ് നഴ്സിനോട് സംശയം പ്രകടിപ്പിച്ചിരുന്നു.എന്നാൽ മാതാവിന്റെ സംശയം ഇവർ മുഖവിലയ്ക്കെടുത്തില്ല.വീട്ടിൽ തിരിച്ചെത്തിയ കുട്ടിക്ക് അസഹ്യമായ വേദന ഉണ്ടാവുകയും നടക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്തു. തുടർന്ന് കുട്ടിയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മാതാപിതാക്കളുടെ പരാതിയിൽ ഡി.എം.ഒ അന്വേഷണത്തിന് ഉത്തരവിട്ടു. കുത്തിവെയ്പ്പെടുത്തതിൽ വീഴ്ച സംഭവിച്ചിട്ടുണ്ട് എന്നാണ് പ്രാഥമിക വിലയിരുത്തൽ. എന്നാൽ കുത്തിവെയ്പ്പെടുത്ത സമയത്ത് കുട്ടി കാൽ വലിച്ചതാണ് സ്ഥാനം തെറ്റാൻ കാരണമെന്നാണ് പ്രഥമിക ആരോഗ്യ കേന്ദ്രം അധികൃതർ നൽകുന്ന വിശദീകരണം.
കണ്ണൂര്‍ സര്‍വകലാശാലയുടെ പിജി സിലബസ്സില്‍ സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറിന്റെയും പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയതിനെതിരെ വ്യാപക പ്രതിഷേധം
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയുടെ പിജി സിലബസ്സില്‍ സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറിന്റെയും പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയതിനെതിരെ വ്യാപക പ്രതിഷേധം. പബ്ലിക്ക് അഡ്മിനിസ്ട്രേഷന് പിജി മൂന്നാം സെമസ്റ്ററിലാണ് വിവാദ പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആര്‍എസ്എസ് സൈദ്ധാന്തികരുടെ രചനകള്‍ അക്കാദമിക പുസ്തകങ്ങളായി പരിഗണിക്കാത്തവയാണെന്നും ഇവയില്‍ വര്‍ഗീയ പരാമര്‍ശമുണ്ടെന്നുമാണ് പരാതി.ബോര്‍ഡ് ഓഫ് സ്റ്റഡീസ് രൂപീകരിക്കാതെയാണ് സിലബസ് തയ്യാറാക്കിയതെന്നും ആക്ഷേപമുണ്ട്. നീക്കത്തിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധമുയര്‍ത്തുമെന്നാണ് പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ ഉയര്‍ത്തുന്ന നിലപാട്.കണ്ണൂര്‍ സര്‍വകലാശാല വിസി ഗോപിനാഥ് രവീന്ദ്രന് വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
എം.എസ് ഗോള്‍വാള്‍ക്കറുടെ ‘നാം അഥവാ നമ്മുടെ ദേശീയത്വം നിര്‍വ്വചിക്കപ്പെടുന്നു’ (വീ ഔര്‍ നാഷന്‍ഹുഡ് ഡിഫൈന്‍സ്), വിചാരധര (ബഞ്ച് ഓഫ് തോട്ട്സ്), വി.ഡി. സവര്‍ക്കറുടെ ‘ആരാണ് ഹിന്ദു’ എന്നീ പുസ്തകങ്ങളാണ് സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അക്കാദമിക പുസ്തകങ്ങളായി പരിഗണിക്കാത്ത വര്‍ഗീയ പരാമര്‍ശങ്ങളുള്ള കൃതികളാണ് ഇവയെന്ന ആക്ഷേപം ശക്തമായിരിക്കെയാണ് പി.ജി സിലബസ്സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.എം.എ ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സ് പി.ജി മൂന്നാം സെമസ്റ്ററിലാണ് വിവാദ പഠഭാഗങ്ങള്‍ ഉള്ളത്. ഗവേണന്‍സ് മുഖ്യഘടകമായ കോഴ്സില്‍ സിലബസ് നിര്‍മിച്ച അധ്യാപകരുടെ താല്പര്യം മാത്രം പരിഗണിച്ചാണ് പേപ്പറുകള്‍ തീരുമാനിച്ചത്. സിലബസ് രൂപവത്കരണത്തില്‍ വേണ്ട ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ല. മറ്റ് അധ്യാപകര്‍ നിര്‍ദ്ദേശിച്ച പേപ്പറുകളെല്ലാം തള്ളി കളഞ്ഞ് സ്വന്തം ഇഷ്ടപ്രകാരമാണ് കമ്മിറ്റി പാഠ്യ പദ്ധതി തീരുമാനിച്ചത്.എം.എ പൊളിറ്റിക്കല്‍ സയന്‍സ് ആയിരുന്ന പി.ജി കോഴ്സ് ഈ വര്‍ഷം മുതലാണ് എം.എ ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സ് ആയി മാറിയത്. ഇന്ത്യയില്‍ തന്നെ ഈ കോഴ്സ് കണ്ണൂര്‍ സര്‍വകലാശാലക്ക് കീഴിലെ ബ്രണ്ണന്‍ കോളജില്‍ മാത്രമേ ഉള്ളൂ.
തൃശൂർ പുത്തൂരില്‍ മിന്നൽ ചുഴലിക്കാറ്റ്; മൂന്ന് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു;വൈദ്യുതി തൂണുകൾ പൊട്ടിവീണു;വ്യാപക നാശനഷ്ടം
തൃശൂർ: പുത്തൂരില്‍ മിന്നൽ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. പുത്തൂര്‍ പഞ്ചായത്തിലെ വെട്ടുകാട് തമ്പുരാട്ടിമൂലയിലും, സുവോളജിക്കല്‍ പാര്‍ക്കിനടുത്ത് മാഞ്ചേരിയിലുമാണ് കാറ്റ് വീശിയത്. അരമണിക്കൂറിനിടെ വ്യത്യസ്ത സമയങ്ങളില്‍ വീശിയ മിന്നല്‍ ചുഴലിക്കാറ്റ് മലയോരത്ത് രണ്ടിടങ്ങളില്‍ നാശനഷ്ടമുണ്ടാക്കി. മൂന്നു മിനിറ്റ് വീതമാണ് കാറ്റ് വീശിയത്.മൂന്ന് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 27 വീടുകള്‍ക്ക് ഭാഗികമായി നാശനഷ്ടങ്ങളുണ്ടായി. വിവിധ സ്ഥലങ്ങളിലായി എട്ട് ഏക്കറിലെ റബ്ബര്‍ മരങ്ങള്‍ ഒടിഞ്ഞു വീണു. കുലച്ച 3,000 നേന്ത്രവാഴകള്‍ നശിച്ചു. തെങ്ങുകള്‍ വട്ടംമുറിഞ്ഞ് ദൂരേക്കു വീണു. വൈദ്യുതിത്തൂണുകള്‍ ഒടിഞ്ഞ് കമ്പികൾ പൊട്ടിവീണതോടെ പ്രദേശം മുഴുവന്‍ ഇരുട്ടിലായി. വഴിയില്‍ പലയിടത്തും മരങ്ങള്‍ വീണുകിടന്നത് നാട്ടുകാര്‍ മുറിച്ചുനീക്കി. മരങ്ങള്‍ മറിഞ്ഞു വീണും കാറ്റില്‍ മേല്കൂരകള് പറന്നുപോയതുമായ വീടുകള്‍ മിക്കതും താമസിക്കാനാവാത്ത നിലയിലാണ്.മഴയും മേഘവും ഒരു സ്ഥലത്തുണ്ടാവുമ്പോൾ അടുത്ത പ്രദേശത്ത് മേഘങ്ങളുടെ തള്ളല്‍മൂലമുണ്ടാവുന്ന പ്രതിഭാസമാണിതെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് റവന്യൂമന്ത്രി കെ രാജന് ഓണ്‍ലൈനില്‍ അടിയന്തരയോഗം വിളിക്കുകയും നാശനഷ്ടം നേരിട്ടവര്‍ക്ക് പഞ്ചായത്ത് കേന്ദ്രീകരിച്ച് രണ്ടുദിവസത്തിനുള്ളില്‍ പരാതി നല്‍കാനുള്ള സൗകര്യമൊരുക്കുകയും ചെയ്തു. പ്രശ്നപരിഹാരത്തിന് വൈകാതെ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.