കൊല്ലം: ആലപ്പാട് അഴീക്കൽ ബീച്ചിൽ കൂറ്റൻ തിമിംഗലത്തിന്റെ ജഡം കരക്കടിഞ്ഞു.ഞായറാഴ്ച വൈകിട്ട് 5 മണിയോടെയാണ് ജഡം കരക്കടിഞ്ഞത്. ബീച്ചിലെ പാറക്കെട്ടിൽ കുടുങ്ങിയ ജഡം അഴുകിയ നിലയിലാണ്. ഓച്ചിറ പോലീസ് ഫോറസ്റ്റ് അധികൃതരെ വിവരമറിയിച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം സംസ്‌കരിക്കുമെന്ന് ഫോറസ്റ്റ് അധികൃതർ അറിയിച്ചു.
ന്യൂനമര്‍ദം ശക്തി പ്രാപിച്ചു; സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത;10 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡീഷ തീരത്തിനടുത്തായി രൂപപ്പെട്ട ന്യൂനമര്‍ദം ശക്തിപ്രാപിച്ചതോടെ സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും അതിശക്തമായ മഴ പെയ്യുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഒഴികെയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ്, ജില്ലകളിൽ നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച വരെ അറബിക്കടലിന്റെ തെക്കു പടിഞ്ഞാറ്, മദ്ധ്യ പടിഞ്ഞാറ് ഭാഗങ്ങളിൽ കാറ്റിന്റെ വേഗത കൂടാൻ സാധ്യതയുണ്ട്. 40-50 കിലോമീറ്റർ വേഗത്തിലും ചില അവസരങ്ങളിൽ 60 കലോമീറ്റർ വേഗത്തിലും കാറ്റ് വീശിയടിക്കാൻ സാധ്യതയുണ്ട്. മത്സ്യബന്ധനത്തിനായി തൊഴിലാളികൾ ഈ ഭാഗത്തേക്ക് പോകരുത് എന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടലാക്രമണത്തിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യത ഉള്ളതിനാല്‍ തീരവാസികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ബീച്ചുകളില്‍ പോകുന്നതും, കടലില്‍ ഇറങ്ങുന്നതും ഒഴിവാക്കണം.
എലിക്ക് വെച്ച വിഷം അബദ്ധത്തിൽ കഴിച്ച പിഞ്ചുകുഞ്ഞ് മരിച്ചു
വേങ്ങര: വീട്ടില്‍ എലികളെ നശിപ്പിക്കാന്‍ വെച്ചിരുന്ന വിഷം അറിയാതെ എടുത്തു കഴിച്ച പിഞ്ചുകുഞ്ഞ് മരിച്ചു. കണ്ണമംഗലം കിളിനക്കോട് ഉത്തന്‍ നല്ലേങ്ങര മൂസക്കുട്ടിയുടെ രണ്ടര വയസ്സ് പ്രായമുള്ള മകന്‍ ഷയ്യാഹ് ആണ് മരിച്ചത്.വീട്ടിൽ എലി ശല്യം രൂക്ഷമായതിൽ ഇവയെ നശിപ്പിക്കാൻ വെച്ചിരുന്ന വിഷം കുഞ്ഞ് ഒരാഴ്ച മുൻപ് അബദ്ധത്തിൽ കഴിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുട്ടി.ഇന്നലെ പുലര്‍ച്ചെയാണ് മരിച്ചത്.മാതാവ്: ഹസീന. സഹോദരങ്ങള്‍ : മുഹമ്മദ് അഷ്‌റഫ്, അമീന്‍, ഷിബിന്‍ ഷാ.
സംസ്ഥാനത്ത് ഇന്ന് 20,487 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.19; 26,155 പേർക്ക് രോഗമുക്തി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 20,487 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തൃശൂർ 2812, എറണാകുളം 2490, തിരുവനന്തപുരം 2217, കോഴിക്കോട് 2057, കൊല്ലം 1660, പാലക്കാട് 1600, മലപ്പുറം 1554, ആലപ്പുഴ 1380, കോട്ടയം 1176, വയനാട് 849, കണ്ണൂർ 810, ഇടുക്കി 799, പത്തനംതിട്ട 799, കാസർഗോഡ് 284 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,861 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.19 ആണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 102 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 19,497 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 793 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 95 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 26,155 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1779, കൊല്ലം 2063, പത്തനംതിട്ട 1344, ആലപ്പുഴ 1738, കോട്ടയം 1463, ഇടുക്കി 863, എറണാകുളം 3229, തൃശൂർ 2878, പാലക്കാട് 1931, മലപ്പുറം 2641, കോഴിക്കോട് 3070, വയനാട് 986, കണ്ണൂർ 1550, കാസർഗോഡ് 620 എന്നിങ്ങനേയാണ് രോഗമുക്തിയായത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 181 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,484 ആയി.
സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി
തിരുവനന്തപുരം:സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. സർക്കാർ പ്രഖ്യാപനം വന്നാൽ ഉടൻ സ്‌കൂളുകൾ തുറക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു.സ്‌കൂൾ തുറക്കാനുള്ള മുന്നൊരുക്കങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.സ്‌കൂൾ തുറക്കണമെങ്കിൽ വിദ്യാഭ്യാസ വകുപ്പ് മാത്രം വിചാരിച്ചാൽ പോരെന്നും വിദ്യാഭ്യാസ മന്ത്രി വൃക്തമാക്കി.അതേസമയം അദ്ധ്യാപകരും അനദ്ധ്യാപകരും സ്‌കൂൾ വാഹനങ്ങളിലെ ഡ്രൈവർമാരും ഉൾപ്പടെയുള്ളവർ ഒരു ഡോസ് വാക്‌സിൻ എങ്കിലും സ്വീകരിക്കണെമന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.എന്നാൽ സീറോ പ്രിവിലൻസ് പഠനത്തിന്റെ ഫലം വന്ന ശേഷം സ്‌കൂളുകൾ തുറക്കാമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം.സർവെയിൽ എഴുപത് ശതമാനം പേരിൽ ആന്റിബോഡി കണ്ടെത്തിയാൽ സ്‌കൂളുകൾ തുറക്കാമെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിർദേശം.5 മുതൽ 17 വയസ്സ് ഉള്ളവരിലെ ആന്റിബോഡി സാന്നിദ്ധ്യവും പഠനത്തിൽ പരിശോധിക്കുന്നുണ്ട്
കണ്ണൂർ ഇരിക്കൂറിൽ ‘ദൃശ്യം’ മോഡൽ കൊലപാതകം; അന്യസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം പണി നടക്കുന്ന കെട്ടിടത്തില്‍ കുഴിച്ചിട്ടു കോണ്‍ക്രീറ്റ് ചെയ്തു
കണ്ണൂർ: ഇരിക്കൂറിൽ ‘ദൃശ്യം’ മോഡൽ കൊലപാതകം..മറുനാടന്‍ തൊഴിലാളിയായെ അഷിക്കുല്‍ ഇസ്ലാമിനെയാണ് സുഹൃത്തുക്കള്‍ കൊലപ്പെടുത്തി പണി നടക്കുന്ന കെട്ടിടത്തിന്റെ ശൗചാലത്തില്‍ കുഴിച്ചിട്ടത്.മൃതദേഹം പണി നടക്കുന്ന ശൗചാലയത്തില്‍ ചാക്കില്‍ കെട്ടി കുഴിച്ചിട്ട് മുകളില്‍ കോണ്‍ക്രീറ്റ് ചെയ്ത നിലയിലായിരുന്നു.ഇരിക്കൂര്‍ പെരുവളത്ത്പറമ്പിൽ താമസിച്ച് തേപ്പുപണി ചെയ്തുവരികയായിരുന്നു കൊല്ലപ്പെട്ട അഷിക്കുല്‍ ഇസ്ലാമും സംഘവും.ജൂണ്‍ 28നാണ് ചുറ്റികകൊണ്ട് തലയ്ക്കടിച്ചും ശ്വാസംമുട്ടിച്ചും പരേഷ് നാഥും ഗണേഷ് എന്നയാളും കൂടി അഷിക്കുലിനെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് ചാക്കിലാക്കി പണി നടന്നുകൊണ്ടിരിക്കുന്ന ശൗചാലയത്തില്‍ ഒരു മീറ്ററോളം ആഴത്തില്‍ കുഴിച്ചിട്ടു. അപ്പോള്‍ തന്നെ നിലം കോണ്‍ക്രീറ്റ് ഇടുകയും ചെയ്തു.ആശിഖുല്‍ ഇസ്‌ലാമിന്റെ മൃതദേഹം. കൊലപാതകം നടന്ന് രണ്ട് മാസം കഴിഞ്ഞാണ് സുഹൃത്തായ പരേഷ് നാഥ് മണ്ഡല്‍ പിടിയിലാകുന്നത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ജൂണ്‍ 28 മുതലാണ് ആശിഖുല്‍ ഇസ്‌ലാമിനെ കാണാതായത്. അന്ന് തന്നെ അയാള്‍ക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളായ പരേഷ് നാഥ് മണ്ഡലും, ഗണേഷും നാടുവിട്ടു. അതിന് മുന്‍പ് ഫോണ്‍ നന്നാക്കാന്‍ പോയ ശേഷം ആശിഖുല്‍ ഇസ്‌ലാമിനെ കാണാനില്ലെന്ന് ഇയാളുടെ സഹോദരന്‍ മോമിനെ വിളിച്ച് പരേഷ് നാഥ് അറിയിച്ചു. കണ്ണൂര്‍ മട്ടന്നൂരിൽ നിര്‍മാണ തൊഴിലാളിയായ സഹോദരന്‍ പിന്നീട് ഇരിക്കൂര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഒപ്പം താമസിച്ചവരെ ബന്ധപ്പെടാന്‍ ശ്രമിക്കവെയാണ് അവര്‍ മുങ്ങിയതായി പൊലീസ് മനസിലാക്കുന്നത്. ഇവരുടെ ഫോണും സ്വിച് ഓഫായിരുന്നു. ഇതായിരുന്നു കേസില്‍ വഴിത്തിരിവായത്.എന്നാല്‍ കുറച്ച് കാലം കഴിഞ്ഞ് മണ്ഡലിന്‍റെ ഫോണ്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. ഇതിനെ തുടര്‍ന്ന് ടവര്‍ ലോകേഷന്‍ പരിശോധനയില്‍ ഇയാള്‍ മഹാരാഷ്ട്രയില്‍ ഉണ്ടെന്ന് അറിഞ്ഞു. ഇതോടെ കണ്ണൂരില്‍ നിന്നും പ്രത്യേക അന്വേഷണ സംഘം ഇസ്‌ലാമിന്റെ സഹോദരന്‍ മോമിനെയും ഒപ്പംചേര്‍ത്ത് മഹാരാഷ്ട്രയിലേക്ക് ശനിയാഴ്ച പുറപ്പെട്ടു. മുംബൈയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെ പാല്‍ഗരില്‍ നിന്നുമാണ് പരേഷ് നാഥ് മണ്ഡലിനെ പൊലീസ് പിടികൂടിയത്.ഗണേഷിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
ടിക് ടോക്ക് വഴി പരിചയപ്പെട്ട കൊല്ലം സ്വദേശിനിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രതികളായ നാല് പേർ അറസ്റ്റില്‍
കോഴിക്കോട്: ടിക് ടോക്ക് വഴി പരിചയപ്പെട്ട കൊല്ലം സ്വദേശിനിയായ യുവതിയെ കോഴിക്കോട് ചേവായൂരില്‍ എത്തിച്ച് കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രതികളായ നാല് പേരും അറസ്റ്റില്‍. രണ്ട് പേരെ പോലീസ് ഇന്നലെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഒളിവിലായിരുന്ന മറ്റ് രണ്ട് പേരെയാണ് പോലീസ് ഇന്ന് വെളുപ്പിനെ അറസ്റ്റ് ചെയ്തത്. തലയാട് ഭാഗത്തെ കാടിനോടടുത്തുള്ള ഒളിസങ്കേതത്തിലായിരുന്നു പ്രതികള്‍ കഴിഞ്ഞിരുന്നത്. അത്തോളി സ്വദേശികളായ അജ്നാസ്, ഫഹദ് എന്നിവരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. നജാസ്, ഷുഹൈബ് എന്നിവരെയാണ് പോലീസ് ഇന്ന് അറസ്റ്റ് ചെയ്തത്.ഓയില്‍ പുരട്ടിയ സിഗരറ്റ് കൊടുത്ത് മയക്കിയ ശേഷമാണ് യുവതി കൂട്ടബലാത്സംഗം നടന്നത്. ക്രൂര പീഡനമാണ് നടന്നതെന്ന് എസിപി കെ സുദര്‍ശന്‍ വ്യക്തമാക്കി. അബോധാവസ്ഥയിലായ യുവതിയെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.അജ്‌നാസ് യുവതിയെ ടിക്ടോക്ക് വഴിയാണ് പരിചയപ്പെടുത്തിയത്. ടിക്ടോക് വഴിയുള്ള സൗഹൃദം പ്രണമായെന്നാണ് 32കാരിയായ യുവതിയുടെ മൊഴി. പിന്നീട് കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തി. ഇവരെ കാറിലാണ് ഫ്‌ളാറ്റിലെത്തിച്ചത്. പിന്നീട് നാല് പേരും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേല്‍ക്കുകയും, ശ്വാസ തടസ്സം ഉണ്ടാവുകയും ബോധക്ഷയം സംഭവിക്കുകയും ചെയ്ത യുവതിയെ നഗരത്തിലെ സ്വകാര്യശുപത്രിയില്‍ എത്തിച്ച ശേഷം പ്രതികള്‍ കടന്നുകളഞ്ഞു. ആശുപത്രി അധികൃതര്‍ പീഡന വിവരം പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് എ. സി. പി യുടെ നേതൃത്വത്തില്‍ നടത്തിയ സംഭവത്തില്‍ ആദ്യം അജ്നാസിനെയും, ഫഹദിനെയും പിടികൂടിയത്. ഇവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് രണ്ട് പ്രതികളെ പിടികൂടിയത്.
ആലക്കോട് സ്വദേശിനിയായ നഴ്സിനെ സൗദിയിലെ ആശുപത്രിയില്‍ ബാത്‌റൂമിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി;മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ
കണ്ണൂർ:ആലക്കോട് സ്വദേശിനിയായ നഴ്സിനെ സൗദിയിലെ ആശുപത്രിയില്‍ ബാത്‌റൂമിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.വെള്ളാട്, ആലക്കോട്, മുക്കിടിക്കാട്ടില്‍ ജോണ്‍ – സെലിന്‍ ദമ്പതികളുടെ മകള്‍ ജോമി ജോണ്‍ സെലിനെ(28) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അല്‍ഖോബാറിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ജോമി രണ്ട് മാസം മുൻപാണ് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. അവിവാഹിതയാണ്. ബുധനാഴ്ച രാവിലെ ജോമിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവില്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്ററിന് സമീപമുള്ള ബാത്‌റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രോഗികളെ മയക്കാന്‍ ഉപയോഗിക്കുന്ന മരുന്ന് ഓപ്പറേഷന്‍ തിയറ്ററില്‍ നിന്നെടുത്ത് കൂടിയ അളവില്‍ കുത്തിവെച്ചതാണ് മരണകാരണമായതെന്നാണ് കരുതുന്നത്. പ്രാഥമിക പരിശോധനയില്‍ ശരീരത്തില്‍ മറ്റ് അടയാളങ്ങളൊന്നുമില്ലെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.അതേസമയം ജോമിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്.ആത്മഹത്യ ചെയ്യാന്‍ മാത്രമുള്ള കാര്യമായ പ്രശ്‌നങ്ങളൊന്നും ജോമിക്ക് ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മരണം സംബന്ധിച്ച ദുരൂഹതകള്‍ നീക്കാന്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ദമ്മാം മെഡിക്കല്‍ കോംപ്ലക്‌സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് കുടുംബം ഉത്തരവാദപ്പെടുത്തിയ സാമൂഹിക പ്രവര്‍ത്തകന്‍ നാസ് വക്കം പറഞ്ഞു.
സിനിമാ സീരിയൽ താരം രമേശ് വലിയശാലയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: പ്രശസ്ത സിനിമാ സീരിയൽ താരം രമേശ് വലിയശാല അന്തരിച്ചു.ഇന്ന് പുലർച്ചെയോടെ അദ്ദേഹത്തെ തിരുവനന്തപുരത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 22 വര്‍ഷത്തോളമായി സീരിയല്‍ രംഗത്ത് ഉള്ള നടനാണ് രമേശ് വലിയശാല. രണ്ട് ദിവസം മുൻപാണ് ഷൂട്ടിങ് സൈറ്റില്‍ നിന്ന് വീട്ടിലെത്തിയത്.നാടകരംഗത്ത് നിന്നാണ് സീരിയലിലേക്ക് എത്തിയത്. ഡോ. ജനാർദനൻ അടക്കമുള്ളവരുടെ ഒപ്പമായിരുന്നു നാടകപ്രവർത്തനം. കോളേജ് പഠനത്തിന് ശേഷം മിനിസ്‌ക്രീനിന്റെയും ഭാഗമായി.വലിയശാല രമേശിന്റെ ആദ്യ ഭാര്യ മരിച്ചിരുന്നു. ഇതിലെ മകന്‍ കാനഡയിലാണുള്ളത്. പുനര്‍ വിവാഹം ചെയ്യുകയും ചെയ്തിരുന്നു.
എറണാകുളത്ത് പ്രഭാതസവാരിക്കിറങ്ങിയ സ്ത്രീകള്‍ കാറിടിച്ചു മരിച്ചു
എറണാകുളം: എറണാകുളം കിഴക്കമ്പലത്ത് പ്രഭാതസവാരിക്കിറങ്ങിയ രണ്ട് സ്ത്രീകള്‍ കാറിടിച്ചു മരിച്ചു.രോഗിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോയ കാറാണ് അപകടമുണ്ടാക്കിയത്. അമിതവേഗതയില്‍ വന്ന കാര്‍ സ്ത്രീകളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പഴങ്ങനാട് സ്വദേശികളായ നസീമ,സബൈദ എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സ്ത്രീകളെ പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചു.ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു അപകടത്തിന്റെ ആഘാതത്തില്‍ കാറിലുണ്ടായിരുന്ന ഡോക്ടറും മരിച്ചു. ഡോ. സ്വപ്‌നയാണ് മരിച്ചത്. ഹൃദയാഘാതമാണ് ഇവരുടെ മരണകാരണമെന്നാണ് പ്രാഥമിക വിവരം. ഇവരെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെ ആയിരുന്നു അപകടം.