തിരുവനന്തപുരം:പെരുമാതുറയിൽ ഉണ്ടായ തീ പിടിത്തത്തിൽ കനത്ത നാശ നഷ്ടം സംഭവിച്ചു. നാല് കുടിലുകൾ കത്തി നശിച്ചു.
പാചക വാതക സിലിണ്ടറിൽ നിന്നും തീ പടർന്നതാണ് തീ പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. സംഭവ സ്ഥലത്ത് ഫയർ ഫോഴ്സ് എത്തി തീ അണക്കുകയായിരുന്നു. ആളപായം ഒന്നും സംഭവിച്ചിട്ടില്ല.
നടന്‍ കമല്‍ഹാസനുമായുള്ള വേര്‍പിരിയലിനു ശേഷം വീണ്ടും സിനിമയില്‍ സജീവമാവാനുള്ള ഒരുക്കത്തിലാണ് നടി ഗൗതമി. നീണ്ട ഇടവേളയ്ക്കു ശേഷം നടി ഗൗതമി മലയാളത്തിലേക്കു തിരിച്ചുവരവിനൊരുങ്ങുകയാണ്.
2003ല്‍ ‘വരും വരുന്നു വന്നു’ എന്ന ചിത്രത്തിലാണ് ഗൗതമി അവസാനമായി മലയാളത്തിൽ അഭിനയിച്ചത്. വിശ്വരൂപം മന്‍സൂര്‍ എന്ന ചിത്രത്തില്‍ വളരെ ശക്തമായ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. പിറ്റി കുഞ്ഞു മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രയാഗ മാര്‍ട്ടിനും റോഷന്‍ മാത്യുവുമാണ് താരങ്ങള്‍.
ഫാത്തിമ ബീവി എന്ന കഥാപാത്രത്തെയാണ് ഗൗതമി അവതരിപ്പിക്കുന്നത്. റോഷന്‍ മാത്യൂ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അമ്മയാണ്. അമ്മയുടെയും മകന്റെയും ജീവിതത്തിലേയ്ക്ക് മറ്റൊരു കുടുംബം എത്തുമ്പോഴുള്ള മാറ്റങ്ങളാണ് ചിത്രം പറയുന്നത്.
ഫെബ്രുവരിയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. തലശ്ശേരിയും മുംബൈയുമാണ് ചിത്രത്തിന്റെ ലൊക്കേഷന്‍. ശ്വേത മേനോന്‍, രഞ്ജി പണിക്കര്‍, ലിയോണ ഷേണായി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രമേഷ് നാരായണ്‍ ആണ് ചിത്രത്തിനായി ഗാനങ്ങള്‍ ഒരുക്കുന്നത്.
മോഹന്‍ലാലിനൊപ്പം തെലുങ്ക് ചിത്രമായ വിസ്മയത്തിലാണ് ഗൗതമി ഒടുവില്‍ അഭിനയിച്ചത്. കമല്‍ ഹാസനുമായുള്ള വേര്‍പിരിയലിന് ശേഷം സിനിമയില്‍ സജീവമാകുകയാണ് താരം.
തിരുവനന്തപുരം: ഇന്ന് അർദ്ധ രാത്രി മുതൽ പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ സമരം പിൻവലിച്ചു. ജീവനക്കാരുടെ ക്ഷാമബത്ത വിതരണ തീരുമാനം പിൻവലിച്ചത് കാരണമായിരുന്നു സിഐടിയു ഒഴികെയുള്ള സംഘടനകൾ ഇന്ന് അർദ്ധ രാത്രി മുതൽ സമരം പ്രഖ്യാപിച്ചത്.
ജീവനക്കാരുടെ പ്രതിനിധികളുമായി ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ ചർച്ച നടത്തിയതിലൂടെ സമരം പിൻ വലിക്കുകയായിരുന്നു.ഡിസംബറിലേ ശമ്പളത്തിനൊപ്പം കുടിശ്ശിക നൽകാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇപ്പോൾ വേണ്ടെന്നു തീരുമാനിച്ചതാണ് ജീവനക്കാരെ ചൊടിപ്പിച്ചത്.മന്ത്രി ചർച്ച നടത്തി ഒത്തു തീർപ്പിലെത്തുകയായിരുന്നു.
ന്യൂഡൽഹി:ഇന്ത്യൻ ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂർ ഇന്ന് വിരമിക്കും. ബിസിസിഐ അധ്യക്ഷനെയും സെക്രട്ടറിയേയും മാറ്റി പുതിയ ഭരണ സമിതിക്ക് വഴി ഒരുക്കിയത് ഠാക്കൂറായിരുന്നു.
മതത്തിന്റെയും ജാതിയുടെയും പേരില്‍ വോട്ടുപിടിക്കരുതെന്നും, മതം, വര്‍ഗം, ജാതി, സമുദായം, ഭാഷ എന്നിവയുടെ പേരില്‍ വോട്ടുപിടിക്കുന്നത് അഴിമതിയാണെന്നും വിധി പറഞ്ഞത് ഠാക്കൂറിന്റെ ബഞ്ചായിരുന്നു.
സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ജഗദീഷ് സിങ് ഖെഹാര്‍ നിയമിതനാകും. ചീഫ് ജസ്റ്റിസ് ഠാക്കൂര്‍ കഴിഞ്ഞാല്‍ മുതിര്‍ന്ന ജഡ്ജി ഖെഹാറാണ്. താന്‍ വിരമിക്കുമ്പോള്‍ ജസ്റ്റിസ് ഖെഹാറിനെ ചീഫ് ജസ്റ്റിസായി നിയമിക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് ഠാക്കൂര്‍ സര്‍ക്കാരിന് ഔദ്യോഗികമായി കത്തെഴുതിയിരുന്നു.
ജനുവരി നാലിനാണ് പുതിയ ചീഫ് ജസ്റ്റിസ് ചുമതലയേല്‍ക്കുക. നാല്‍പ്പത്തിനാലാമത്തെ ചീഫ് ജസ്റ്റിസായിരിക്കും അദ്ദേഹം. സിഖ് സമുദായത്തില്‍നിന്ന് ഇതാദ്യമായിട്ടാണ് ഒരു ജഡ്ജി സുപ്രീംകോടതിയില്‍ അത്യുന്നത പദവിയിലെത്തുന്നത്. അറുപത്തിനാലുകാരനായ ജസ്റ്റിസ് ഖെഹാറിന് ഓഗസ്റ്റ് 27 വരെ ഏഴുമാസമേ ആ പദവിയിലിരിക്കാന്‍പറ്റൂ.
കാസർഗോഡ്:ബിജെപി ചീമേനിയില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യ സംരക്ഷണ പദയാത്ര കഴിഞ്ഞ് പോകുകയായിരുന്ന നേതാക്കള്‍ക്ക് നേരെ ലക്ഷ്യമിട്ട് സിപിഎം അക്രമം നടത്തിയതില്‍ പ്രതിഷേധിച്ച് കാസർഗോഡ് ജില്ലയില്‍ നാളെ ഹര്‍ത്താലിന് ബിജെപി ജില്ലാ കമ്മറ്റി ആഹ്വാനം ചെയ്തു. സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്താനും തീരുമാനിച്ചിട്ടുണ്ട്.
രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ് ഹര്‍ത്താല്‍. ശബരിമല തീർത്ഥാടകരെയും, പാല്‍, പത്രം, ആംബുലന്‍സ് തുടങ്ങിയ അവശ്യസര്‍വ്വീസുകളെ ഒഴിവാക്കിയതായി ബിജെപി ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്ത് അറിയിച്ചു.
സിപിഎം അക്രമങ്ങളിൽ പ്രതിഷേധിച്ച് കാസർഗോഡ് ചെറുവത്തൂരിൽ ദേശീയപാത നിരോധിച്ചവരെ പോലീസ് ഇന്ന് അറസ്റ്റ് ചെയ്തു നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നാളെ ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നത്.
ന്യൂദല്‍ഹി: ഇന്ത്യയുടെ 4000 കിലോമീറ്റര്‍ ആണവവാഹക മിസൈലായ അഗ്‌നി 4 ബാലിസ്റ്റിക് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ബാലസോറിലായിരുന്നു വിക്ഷേപണം. 4000 കിലോമീറ്റര്‍ ദൂരപരിധി ലക്ഷ്യമാക്കാന്‍ കഴിയുന്നതാണ് അഗ്‌നി 4. കോമ്പൊസിറ്റ് റോക്കറ്റ് മോട്ടോര്‍ സാങ്കേതികവിദ്യ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന മിസൈലിന് 20 മീറ്റര്‍ നീളവും 17 ടണ്‍ ഭാരവുമുണ്ട്.കഴിഞ്ഞദിവസം അഗ്‌നി 5 വിജയകരമായി വിക്ഷേപിച്ചിരുന്നു.
ഡി.ആര്‍ഡിഓ ആണ് അഗ്നി-4 നിര്‍മിച്ചത്.ഡിസംബര്‍ 26-ന് ഡിആര്‍ഡിഓ അഗ്നി -5 വിജയകരമായി വിക്ഷേപിച്ചിരുന്നു. ഭൂഖണ്ഡാന്തര മിസൈലായ അഗ്നി-5ന് 5,000 കിലോമീറ്ററിനുമേല്‍ ദൂരപരിധിയുണ്ട്. അഗ്നി-5 വിജയത്തോടെ ഏഷ്യ മുഴുവന്‍ ഇന്ത്യയുടെ പ്രഹരപരിധിയിലായി.
ന്യുഡല്‍ഹി: വിമര്‍ശകരുടെ വായടപ്പിച്ച് ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രം വീണ്ടും പോസ്റ്റ് ചെയ്ത് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. കുറച്ച് ദിവസം മുൻപാണ് ഫേസ്ബുക്കിൽ പോസ്‌റ്റ് ചെയ്‌ത ജഹാന്റെ ചിത്രത്തിനെതിരെ ഒരു കൂട്ടം ആളുകൾ വിമർശനവുമായി എത്തിയത്. ഭാര്യയുടെ ഹിജാബ് ധരിക്കാത്ത ചിത്രമാണ് ഷമി പോസ്‌റ്റ് ചെയ്‌തത്. അതായിരുന്നു വിമർശകർ ചൂണ്ടികാട്ടിയ തെറ്റും.
ആരാധകര്‍ക്ക് നവവത്സരാശംസകള്‍ നേർന്നുകൊണ്ടുള്ള ഞായറാഴ്ചത്തെ പോസ്റ്റിലാണ് ഭാര്യ ഹസിന്‍ ജഹാനൊപ്പമുള്ള പ്രണയാര്‍ദ്രമായ ചിത്രം ഷമി വീണ്ടും പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്റെ ഭാര്യയോടുള്ള സ്‌നേഹവും സൗഹൃദവും പ്രകടിപ്പിച്ചുകൊണ്ടുള്ള വരികളും ചിത്രത്തിനൊപ്പം ഷമി പോസ്റ്റ് ചെയ്തിട്ടുണ്ട്.
എനിക്ക് മറ്റൊരു പങ്കാളിയില്ല, എനിക്കാരുമില്ല, ഞാനും ആരുടേയുമല്ല. എന്നാൽ നിന്നെ കാണുമ്പോൾ സുന്ദരിയായൊരു പങ്കാളി എനിക്കൊപ്പമുണ്ടെന്ന് എനിക്ക് പറയാം. പുതുവത്സരാശംസകൾ എന്നാണ് താരത്തിന്റെ ട്വീറ്റ്.
തനിക്കെതിരെ വിമര്‍ശനമുന്നയിച്ചവര്‍ക്ക് ഷമി മറുപടിയും നല്‍കിയിരുന്നു. മറ്റുള്ളവര്‍ ആഗ്രഹിക്കുന്നതുതന്നെ ലഭിക്കമെന്നില്ല. ഭാര്യയുടെയും മകളുടെയും ചിത്രമാണ് താന്‍ പോസ്റ്റ് ചെയ്തത്. ശരിയും തെറ്റും എന്താണെന്ന് എനിക്കറിയാം, തന്റെ പോസ്റ്റില്‍ ഷമി പറഞ്ഞു.
ന്യൂഡൽഹി: പെട്രോൾ ഡീസൽ പാചകവാതക വില വീണ്ടും കൂട്ടി പുതുവർഷം ആഘാതം ആക്കി. പെട്രോളിന് 1.29 രൂപയും ഡീസലിന് 97 പൈസയും എണ്ണക്കമ്പനികള്‍ വിലവര്‍ധിപ്പിച്ചു. പുതുക്കിയ വില ഞായറാഴ്ച അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തിൽ വന്നു.
ഡിസംബറിലും പെട്രോള്‍ ലിറ്ററിന് 2 രൂപ 21 പൈസയും ഡീസലിന് 1 രൂപ 79 പൈസയും വര്‍ധിപ്പിച്ചിരുന്നു. പുതിയ വര്‍ധനവോടെ പെട്രോള്‍ ലിറ്ററിന് 74.45 രൂപയായി തിരുവനന്തപുരം ജില്ലയിലെ വില. നോട്ട് പിന്‍വലിക്കല്‍ നടപടി മൂലം വ്യാപരമാന്ദ്യം അനുഭവിക്കുന്ന ചെറുകിട-മൊത്തവ്യാപാര കച്ചവടക്കാര്‍ക്ക് ഇന്ധനവില വര്‍ധനവ് വന്‍ തിരിച്ചടിയാണ്. സ്വകാര്യബസ് നിരക്ക് വര്‍ധനവ് അടക്കമുള്ള ആവശ്യങ്ങളിലേക്ക് ഇന്ധനവിലയില്‍ ഉണ്ടായ മാറ്റം നയിച്ചേക്കുമെന്നാണ് സൂചന.
ന്യൂയോർക്: പുതുവത്സരത്തിൽ സമാധാനത്തിനായി കൈകോര്‍ക്കാമെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്സ്. ബാന്‍കി മൂണിന്റെ പിന്‍ഗാമിയായി ചുമതലയേറ്റ ശേഷം ലോകരാഷ്ട്രങ്ങള്‍ക്ക് പുതുവത്സരാശംസകൾ നേർന്ന് സംസാരിക്കുകയായിരുന്നു അന്റോണിയോ ഗുട്ടെറസ്സ്.
“ലോകത്ത് വിവിധ ഇടങ്ങളില്‍ ആഭ്യന്തര കലാപങ്ങളിലും യുദ്ധങ്ങളിലും സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരാണ് മരിക്കുന്നത്. നിരവധിപേര്‍ക്ക് അംഗവൈകല്യം സംഭവിക്കുന്നു. യുദ്ധത്തെത്തുടര്‍ന്ന് നിരവധി ലക്ഷം കോടികളുടെ നഷ്ടമാണ് ഉണ്ടാകുന്നത്. ഈ യുദ്ധങ്ങളില്‍ ആരും ജയിക്കുന്നില്ലെന്ന്” ഗുട്ടെറസ്സ് പറഞ്ഞു.
“കലാപങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കും ചര്‍ച്ചകളിലൂടെയും സംവാദങ്ങളിലൂടെയും രാഷ്ട്രീയ പരിഹാരമാണ് ലോകത്തിന് ആവശ്യം. അതിനായി ലോകരാജ്യങ്ങളും നേതാക്കളും ജനങ്ങളും ഒറ്റക്കെട്ടായി രംഗത്തെത്തുവരണം. ആഗോളഭീകരവാദമാണ് ലോകം നേരിടുന്ന മറ്റൊരു ഭീഷണി. സമാധാനം പുലര്‍ന്നാല്‍ മാത്രമേ ലോകത്ത് ഐശ്വര്യവും പുരോഗതിയും ഉണ്ടാകൂ. ഈ സാഹചര്യത്തില്‍ പുതുവര്‍ഷത്തില്‍ സമാധാനത്തിനായി കൈകോര്‍ക്കാമെന്ന്” യു എന്‍ സെക്രട്ടറി ജനറല്‍ പറഞ്ഞു.
എന്നാൽ 2017 ജനുവരി 20-ന് അമേരിക്കൻ പ്രെസിഡന്റായി അധികാരമേൽക്കുന്ന ട്രംപ് യു.എന്നിന് ഒരു ഭീഷണിയായേക്കുമോ എന്നും ആശങ്കയുണ്ട്. യു.എൻ നല്ലൊരു സംഘടനായാണെങ്കിലും നിലവിൽ ക്ലബ്ബ് പോലെ ചർച്ച ചെയ്ത് പിരിഞ്ഞു പോകുന്ന അവസ്ഥായാണുള്ളത് എന്ന് ട്രംപ് അഭിപ്രായപ്പെട്ടിരുന്നു.
റിയാദ്: 2016ല്‍ സൗദി അറേബ്യ 153 പേരുടെ വധശിക്ഷ നടപ്പിലാക്കി. എ എഫ് പി പുറത്തുവിട്ട റിപോർട്ടിലാണ് കണക്ക് വെളിപ്പെടുത്തിയത്. 2015ല്‍ 158 പേരെ വധശിക്ഷയ്ക്ക് ഇരയാക്കിയെന്നാണ് ഇന്റര്‍നാഷണല്‍ ആംനെസ്റ്റി നല്‍കുന്ന വിവരം. എന്നാൽ സൗദിയെ കവച്ചു വെക്കുന്ന രണ്ട് രാജ്യങ്ങളാണ് ഇറാനും പാക്കിസ്ഥാനും. സൗദിക്ക് മൂന്നാം സ്ഥാനമാണുള്ളത്. കൊലപാതകം, മയക്കുമരുന്ന് കടത്ത്, ആയുധങ്ങള്‍ ഉപയോഗിച്ചുള്ള മോഷണം, ലൈംഗീക പീഡനങ്ങള്‍ എന്നീ തെറ്റുകൾക്കാണ് സൗദിയില്‍ വധശിക്ഷ നൽകുന്നത്. അതേസമയം ഏറ്റവും കൂടുതല്‍ പേരെ വധശിക്ഷയ്ക്ക് ഇരയാക്കുന്ന രാജ്യം ചൈനയാണെന്നാണ് അനൗദ്യോഗീക കണക്ക്. എന്നാല്‍ വധശിക്ഷയുടെ കണക്കുകള്‍ ചൈന അതീവ രഹസ്യമായി സൂക്ഷിക്കുന്നതുകൊണ്ട് വിവരങ്ങള്‍ ലഭ്യമല്ല. 2016ല്‍ 47 പേരുടെ വധശിക്ഷ ഒരുമിച്ച് നടപ്പിലാക്കി സൗദി അറേബ്യ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഭീകരവാദത്തിന്റെ പേരിൽ അറസ്റ്റ് ചെയ്തവരെയായിരുന്നു അന്ന് വധിച്ചത്.ഷിയ പുരോഹിതനായ നിമിര്‍ അല്‍ നിമിറിനെയും മറ്റ് 46 പേരേയുമാണ് അന്ന് സൗദി വധിച്ചത്.ഇവരില്‍ ഭൂരിഭാഗവും അല്‍ ഖ്വയ്ദയുമായി ബന്ധമുള്ളവരായിരുന്നു.