സംസ്ഥാനത്ത് ഇന്ന് 17,681 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;25,588 പേര്‍ രോഗമുക്തി നേടി

keralanews 17681 covid cases confirmed in the state today 25588 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 17,681 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.തിരുവനന്തപുരം 2143, കോട്ടയം 1702, കോഴിക്കോട് 1680, എറണാകുളം 1645, തൃശൂര്‍ 1567, പാലക്കാട് 1558, മലപ്പുറം 1372, കൊല്ലം 1348, ആലപ്പുഴ 969, കണ്ണൂര്‍ 967, വയനാട് 869, പത്തനംതിട്ട 821, ഇടുക്കി 654, കാസര്‍ഗോഡ് 386 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 16,656 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 881 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 97 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 25,588 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1888, കൊല്ലം 1175, പത്തനംതിട്ട 1161, ആലപ്പുഴ 1520, കോട്ടയം 1485, ഇടുക്കി 1019, എറണാകുളം 3377, തൃശൂര്‍ 2807, പാലക്കാട് 1855, മലപ്പുറം 2864, കോഴിക്കോട് 3368, വയനാട് 956, കണ്ണൂര്‍ 1767, കാസര്‍ഗോഡ് 346 എന്നിങ്ങനേയാണ് രോഗമുക്തിയായത്.പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

കണ്ണൂര്‍ ജില്ലയിലെ വിവിധ എടിഎം കൗണ്ടറുകളില്‍ നിന്നായി വ്യാജ എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ച്‌ പണം തട്ടല്‍; പ്രതികളെ സൈബര്‍ ക്രൈം പൊലീസ് ചോദ്യം ചെയ്തു

keralanews money laundering using fake atm cards at various atm counters in kannur district accused questioned by cyber crime police

കണ്ണൂര്‍: ജില്ലയിലെ വിവിധ എടിഎം കൗണ്ടറുകളില്‍ നിന്നായി വ്യാജ എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ച്‌ പണം തട്ടിയെടുത്ത കേസിലെ പ്രതികളെ സൈബര്‍ ക്രൈം പൊലീസ് ചോദ്യം ചെയ്തു.കാസര്‍കോട് തളങ്കരയിലെ മിസ്സുയ ഹൗസില്‍ അബ്ദുള്‍ സമദാനി (32) കാസര്‍കോട് പാറക്കട്ടയിലെ നൗഫീറ മന്‍സിലില്‍ മുഹമ്മെദ് നജീബ് ( 28) പാറക്കട്ട, ക്രോസ്സ് റോഡ്, പാറക്കട്ടയിലെ രാംദാസ് നഗറിലെ നൗഫീറ മന്‍സിലില്‍ മുഹമ്മെദ് നുമാന്‍, (37) എന്നിവരെയാണ് കോടതിയില്‍ നിന്നും പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്.കേരള ബാങ്കിന്റെ മാങ്ങാട്ടുപറമ്പിലേയും പിലാത്തറയിലെയും എടിഎം കൗണ്ടറുകളില്‍ നിന്നും 40,000 ത്തോളം രൂപയാണ് പ്രതികള്‍ വ്യാജ എടിഎം കാര്‍ഡ് ഉപയോഗിച്ച്‌ പിന്‍വലിച്ചത്. സ്‌കിമ്മര്‍ പോലുള്ള ഉപകരണങ്ങള്‍ എടിഎം കൗണ്ടറുകളില്‍ സ്ഥാപിച്ച്‌ ഉടമകളുടെ കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് വ്യാജ എടിഎം കാര്‍ഡുകള്‍ നിര്‍മ്മിച്ച്‌ പണം തട്ടിയെടുക്കുന്നതാണ് ഇവരുടെ രീതി. കണ്ണൂര്‍ ജില്ലയില്‍ നാല് എ ടി എം കൗണ്ടറുകളില്‍ നിന്നുമാണ് പ്രതികള്‍ പണം പിന്‍വലിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.പ്രതികള്‍ക്കെതിരെ സമാനമായ കേസുകൾ  കേരളത്തില്‍ മറ്റ് ജില്ലകളിലും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി കെ മണി , സബ്ബ് ഇന്‍സ്‌പെക്ടര്‍ ഹരിദാസന്‍, എ എസ് ഐ പ്രദീപന്‍ എന്നിവരാണ് കണ്ണൂര്‍ ജില്ലയില്‍ നടന്ന എ ടി എം തട്ടിപ്പുകളുടെ അന്വേഷണം നടത്തുന്നത്.

നഗരമദ്ധ്യത്തില്‍ ആയുര്‍വേദ കടയുടെ മറവില്‍ സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച്;സിം ബോക്സും അഡ്രസ് രേഖകളും പിടിച്ചെടുത്തു

keralanews parallel telephone exchange under the cover of ayurvedic shop sim box and address documents seized

പാലക്കാട്: പാലക്കാട് നഗരമദ്ധ്യത്തില്‍ ആയുര്‍വേദ കടയുടെ മറവില്‍ സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിച്ചതായി കണ്ടെത്തി. പൊലീസിന്റെ രഹസ്യന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയപ്പോഴായിരുന്നു സമാന്തര എക്‌സ്ചേഞ്ച് കണ്ടെത്തിയത്. മേട്ടുപ്പാളയം സ്ട്രീറ്റിൽ പ്രവർത്തിച്ചിരുന്ന കീര്‍ത്തി ആയൂര്‍വേദിക് എന്ന പേരില്‍ നടത്തിവരുന്ന സ്ഥാപനത്തിലായിരുന്നു സമാന്തര എക്‌സ്ചേഞ്ച് പ്രവര്‍ത്തിച്ചിരുന്നത്.കടയില്‍ നിന്നും സിമ്മുകളും കേബിളുകളും പൊലീസ് പിടിച്ചെടുത്തു.16 സിം കാര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്ന സിംബോക്‌സും, കുറച്ച്‌ സിമ്മുകളും കേബിളുകളും അഡ്രസ്സ് രേഖകളും പിടിച്ചെടുത്തു. ഈ സ്ഥാപനത്തിലെ ജീവനക്കാരനായ കണ്ണംപറമ്പ് സ്വദേശി സുലൈമാനെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.കോഴിക്കോട് സ്വദേശിയായ മൊയ്തീന്‍ കോയയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. സംഭവത്തില്‍ വിശദമായി അന്വേഷണം നടത്തിവരികയാണെന്ന് ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥ് പറഞ്ഞു.

നിപ സംശയം;മംഗലൂരുവിൽ ചികിത്സയിലുള്ള കർണാടക സ്വദേശിക്ക് വൈറസ് ബാധയില്ല

Blood sample for Nipah virus test

മംഗളൂരു: നിപ സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലിരുന്ന മംഗളൂരു കാര്‍വാര്‍ സ്വദേശിയായ 25 കാരന്റെ ഫലം നെഗറ്റീവ്. പുണെ നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനാ ഫലമാണ് ലഭിച്ചത്.കഴിഞ്ഞ ദിവസമാണ് നിപ്പ രോഗ ലക്ഷണങ്ങളോടെ ഇയാളെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കേരളത്തിൽ നിന്നും മടങ്ങിയെത്തിയ ഒരാളുമായി ഇയാൾ സമ്പർക്കം പുലർത്തിയതായും റിപ്പോർട്ട് ഉണ്ടായിരുന്നു.ഇതോടെ, മംഗളൂരുവില്‍ നിപ ഭീതി പരക്കുകയും കേരളത്തില്‍നിന്നുള്ളവര്‍ക്ക് കര്‍ണാടകയില്‍ പ്രവേശിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കുകയും ചെയ്തിരുന്നു. ദിവസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് ഇയാൾ യാത്ര നടത്തി.

തളിപ്പറമ്പ് പഞ്ചാബ് നാഷനല്‍ ബാങ്കില്‍ മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍

keralanews two arrested in mortgaging fake gold in thaliparamba punjab national bank

കണ്ണൂർ:തളിപ്പറമ്പ് പഞ്ചാബ് നാഷനല്‍ ബാങ്കില്‍ മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍.തളിപ്പറമ്പ് സ്വദേശികളായ രാജേന്ദ്രന്‍, വത്സരാജ് എന്നിവരാണ് അറസ്റ്റിലായത്. ബാങ്കില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ 31 അക്കൗണ്ടുകളില്‍ നിന്നായി 50 ലക്ഷം രൂപയുടെ മുക്കുപണ്ട തട്ടിപ്പ് നടന്നതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കേസില്‍ അന്വേഷണം ആരംഭിച്ചതോടെ ആരോപണ വിധേയനായ ബാങ്കിലെ അപ്രൈസര്‍ രമേശന്‍ ആത്മഹത്യ ചെയ്തു. തുടര്‍ന്നാണ് ബാങ്ക് മാനേജരുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. തളിപ്പറമ്പ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ബാങ്കിലെ ഉദ്യോഗസ്ഥരെയും വ്യാജസ്വര്‍ണം പണയം വച്ചവരെയും അടക്കം ചോദ്യംചെയ്ത് വരികയായിരുന്നു. അതിനിടെയാണ് ചോദ്യംചെയ്യലില്‍ വ്യാജ സ്വര്‍ണം പണയം വെച്ചതില്‍ രണ്ടുപേരെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് പ്രതികളും മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയെന്നാണ് പരാതി. കേസിലാകെ 17 പ്രതികളാണുള്ളത്.

പത്തുലക്ഷം രൂപ വിലമതിക്കുന്ന അതിമാരകമായ മയക്കുമരുന്നുമായി തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ഐടി ജീവനക്കാരായ യുവതിയും യുവാക്കളും പിടിയില്‍

keralanews technopark it employees arrested with drugs worth 10lakh

കല്പറ്റ: പത്തുലക്ഷം രൂപ വിലമതിക്കുന്ന അതിമാരകമായ മയക്കുമരുന്നുമായി തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ഐടി ജീവനക്കാരായ യുവതിയും യുവാക്കളും പിടിയില്‍. തിരുവനന്തപുരം സ്വദേശികളായ അമൃതം വീട്ടില്‍ യദുകൃഷ്ണന്‍ എം(25), പൂന്തുറ പടിഞ്ഞാറ്റില്‍ വീട്ടില്‍ ശ്രുതി എസ് എന്‍(25), കോഴിക്കോട് സ്വദേശിയായ മേരിക്കുന്ന് കുനിയിടത്ത് താഴം ഭാഗത്ത് നൗഷാദ് പിടി(40) എന്നിവരാണ് അറസ്റ്റിലായത്.യദുകൃഷ്ണനും ശ്രുതിയും തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ഐടി ജീവനക്കാരാണ്. കേരള – കര്‍ണാടക അതിര്‍ത്തിയിൽ കാട്ടിക്കുളം- ബാവലി റോഡില്‍ വെച്ച്‌ നടത്തിയ വാഹന പരിശോധനക്കിടെയാണ് മാരുതി സ്വിഫ്റ്റ് ഡിസയര്‍ കാറില്‍ കടത്തിക്കാണ്ടു വന്ന നൂറ് ഗ്രാം അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവതിയെയും രണ്ടു യുവാക്കളും പിടിയിലായത്. ബംഗളൂരുവില്‍ നിന്നാണ് മയക്കുമരുന്ന് കൊണ്ടുവന്നത്. കണ്ടെടുത്ത ലഹരിമരുന്നിന് വിപണിയില്‍ പത്ത് ലക്ഷം രൂപ വരെ വിലമതിക്കുന്നതാണെന്നും അതിനൂതന ലഹരി മരുന്നായ ഇവ പാര്‍ട്ടി ഡ്രഗ്‌സ് എന്ന പേരിലുംഅറിയപ്പെടുന്നുവെന്നും എക്‌സെസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.മാനന്തവാടി എക്‌സൈസ് റെയിഞ്ച് പാര്‍ട്ടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.ജി രാധാകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്.

കൊറോണ അവലോകന യോഗം ഇന്ന്;സംസ്ഥാനത്തെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുണ്ടായേക്കും

keralanews corona review meeting today there may be more relaxation in restrictions

തിരുവനന്തപുരം : സംസ്ഥാനത്തെ നിലവിലെ കൊറോണ സാഹചര്യം വിലയിരുത്തുന്നതിനും, ഇളവുകൾ സംബന്ധിച്ച ചർച്ചകൾക്കുമായി മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് കൊറോണ അവലോകന യോഗം ചേരും. അവലോകന യോഗത്തിന് ശേഷം തീരുമാനങ്ങൾ മുഖ്യമന്ത്രി പ്രഖ്യാപിക്കും.കൊറോണ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാനാണ് സാധ്യത.കൊറോണ പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിലാണ് കൂടുതൽ ഇളവുകൾ നൽകാൻ സർക്കാർ ആലോചിക്കുന്നത്. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് അനുമതി നൽകുന്നത് അടക്കമുള്ള കാര്യങ്ങൾ സർക്കാരിന്റെ പരിഗണനയിൽ ഉണ്ട്. ബാറുകൾ തുറക്കുന്ന കാര്യത്തിലും ഇന്ന് ചേരുന്ന യോഗത്തിൽ തീരുമാനമുണ്ടായേക്കുമെന്നാണ് വിവരം. അതേസമയം ടിപിആർ 12 ശതമാനത്തിന് താഴെ എത്തിയ ശേഷം ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകാൻ ആണ് സാധ്യത. ഹോട്ടലുകളിൽ അനുമതി നൽകിയാൽ കൂടുതൽ ആളുകൾ പുറത്തേക്ക് ഇറങ്ങുന്ന സാഹചര്യം ഉണ്ടാകും. ഇത് വീണ്ടും രോഗ വ്യാപനത്തിന് വഴി വെക്കും എന്ന ആശങ്കയും സർക്കാരിന് ഉണ്ട്. ശനിയാഴ്ചകളിൽ സർക്കാർ ഓഫീസുകൾ തുറക്കാൻ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.സംസ്ഥാന മന്ത്രിസഭാ യോഗവും ഇന്ന് ചേരും. കൊറോണ സാഹചര്യങ്ങൾ ചർച്ച ചെയ്യും. ഭക്ഷ്യ കിറ്റ് നൽകുന്നത് തുടരണോ എന്നതിലും തീരുമാനമെടുത്തേക്കും എന്നാണ് വിവരം.

സംസ്ഥാനത്ത് ഇന്ന് 15,876 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.12, മരണം 129;25,654 പേര്‍ രോഗമുക്തി നേടി

keralanews 15876 covid cases confirmed in the state today 129 deaths 25654 cured

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 15,876 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1936, എറണാകുളം 1893, തിരുവനന്തപുരം 1627, പാലക്കാട് 1591, മലപ്പുറം 1523, കൊല്ലം 1373, ആലപ്പുഴ 1118, കോഴിക്കോട് 1117, കണ്ണൂര്‍ 1099, കോട്ടയം 1043, പത്തനംതിട്ട 632, ഇടുക്കി 367, വയനാട് 296, കാസര്‍ഗോഡ് 261 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,005 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.12 ആണ്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 129 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,779 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 44 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 14,959 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 778 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 95 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 25,654 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1421, കൊല്ലം 2098, പത്തനംതിട്ട 1304, ആലപ്പുഴ 1998, കോട്ടയം 1558, ഇടുക്കി 953, എറണാകുളം 3401, തൃശൂര്‍ 2843, പാലക്കാട് 1768, മലപ്പുറം 2713, കോഴിക്കോട് 3342, വയനാട് 960, കണ്ണൂര്‍ 864, കാസര്‍ഗോഡ് 431 എന്നിങ്ങനേയാണ് രോഗമുക്തിയായത്.

സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾ ശനിയാഴ്ചകളിൽ വീണ്ടും പ്രവൃത്തി ദിവസമാക്കി സര്‍ക്കാര്‍ ഉത്തരവ്

keralanews government orders to make government offices in the state again working on saturdays

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾ ശനിയാഴ്ചകളിൽ വീണ്ടും പ്രവൃത്തി ദിവസമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി.കൊവിഡ് വ്യാപനം രൂക്ഷമായ സമയത്താണ് സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പൊതുമേഖല സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച അവധി പ്രഖ്യാപിച്ചത്. ഇപ്പോള്‍ വൈറസ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് ശനിയാഴ്ച വീണ്ടും പ്രവൃത്തി ദിവസമാക്കാന്‍ തീരുമാനിച്ചത്.വരുന്ന ശനിയാഴ്ച മുതല്‍ ഉത്തരവ് ബാധകമായിരിക്കും. മുഴുവന്‍ ഉദ്യോഗസ്ഥരും ശനിയാഴ്ചകളില്‍ ജോലിക്ക് ഹാജരാകണമെന്ന് ചീഫ് സെക്രട്ടറി നിര്‍ദ്ദേശിച്ചു.

കെ.പി അനില്‍കുമാര്‍ കോണ്‍ഗ്രസ് വിട്ടു;’പിന്നിൽ നിന്ന് കുത്തേറ്റ് മരിക്കാനില്ല, ഇനിയുള്ള രാഷ്ട്രീയ പ്രവർത്തനം സി.പി.ഐ.എം നോടൊപ്പമെന്നും’ പ്രഖ്യാപനം

keralanews k p anil kumar quits congrss and says he will continue his political activities with cpm

തിരുവനന്തപുരം : കോൺഗ്രസ് നേതാവ് കെ.പി അനിൽ കുമാർ പാർട്ടിവിട്ടു. കോൺഗ്രസ് ദേശീയ അദ്ധ്യക്ഷ സോണിയാ ഗാന്ധിയ്‌ക്കും, കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരനും രാജിക്കത്ത് കൈമാറിയതായി അനിൽ കുമാർ പറഞ്ഞു. വാർത്തസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഇനിയുള്ള രാഷ്ട്രിയ പ്രവർത്തനം സി പി ഐ എം നോടൊപ്പം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 43 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്നും പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ലെന്നും അനില്‍ കുമാര്‍ വിശദീകരിച്ചു.ഗ്രൂപ്പില്ലാതെ യൂത്ത് കോൺഗ്രസിനെ നയിച്ചയാളാണ് താന്‍. അഞ്ചുവർഷം യൂത്ത് കോൺഗ്രസ് അധ്യക്ഷനായ തനിക്ക് ഒരു സ്ഥാനവും നല്‍കിയില്ല. കെ പി സി സി നിർവ്വാഹ സമിതിയിൽ ഉൾപ്പെടുത്തിയില്ലെങ്കിലും പരാതി പറഞ്ഞില്ല. പിന്നീട് 4 പ്രസിഡൻ്റുമാർക്കൊപ്പം ജന.സെക്രട്ടറിയായി. 2016 ല്‍ കൊയിലാണ്ടിയില്‍ സീറ്റ് നിഷേധിച്ചപ്പോള്‍ ബഹളം ഉണ്ടാക്കിയില്ല. 2021ല്‍ സീറ്റ് തരുമെന്ന് നേതാക്കളെല്ലാം പറഞ്ഞു. പക്ഷേ അവിടെയും തന്നെ ചതിച്ചു.പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ല.പുതിയ കെപിസിസി നേതൃത്വം ആളെ നോക്കിയാണ് നീതി നടപ്പാക്കുന്നത്. ഓരോരുത്തര്‍ക്കും ഓരോ നീതിയാണ് ഈ പാര്‍ട്ടിയില്‍. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പറഞ്ഞത്. ഇവര്‍ക്കെതിരെ നടപടി എടുത്തോ. കോണ്‍ഗ്രസിലുള്ള ജനങ്ങളുടെ പ്രതീക്ഷ നഷ്ടമായി. ജനാധിപത്യം വെല്ലുവിളി നേരിടുമ്പോൾ കോണ്‍ഗ്രസ് കാഴ്ച്ചക്കാരന്റെ റോളിലാണ്.പാര്‍ട്ടിയ്ക്ക് അകത്ത് ജനാധിപത്യം നിലനില്‍ക്കുന്നുണ്ടോ. പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ ഞാന്‍ തയ്യാറല്ല. എന്റെ വിയര്‍പ്പും രക്തവും സംഭാവന ചെയ്ത പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിപ്പിച്ചു.  സോണിയ ഗാന്ധിക്കും കെ സുധാകരനും രാജിക്കത്ത് നല്‍കി.മാദ്ധ്യമ ചർച്ചയിൽ നടത്തിയ പ്രതികരണത്തിൽ കാരണം കാണിക്കൽ നോട്ടീസ് ലഭിച്ച ഉടൻ മറുപടി നൽകി. എന്നാൽ 11 ദിവസം കഴിഞ്ഞിട്ടും ഒരു പ്രതികരണവും നേതൃത്വത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ലെന്നും അനിൽ കുമാർ വിമർശിച്ചു.കെ.സുധാകരനെ രൂക്ഷമായ ഭാഷയിലാണ് അനിൽ കുമാർ വിമർശിച്ചത്. സുധാകരൻ കെപിസിസി അദ്ധ്യക്ഷനായത് താലിബാൻ അഫ്ഗാൻ പിടിച്ചെടുത്ത പോലെയാണെന്നായിരുന്നു അനിൽ കുമാറിന്റെ പ്രതികരണം.അതേസമയം  അനിൽ കുമാറിനെ പുറത്താക്കിയതായി സുധാകരൻ അറിയിച്ചു. കടുത്ത അച്ചടക്ക ലംഘനമാണ് അനിൽ കുമാറിന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്നും അദ്ദേഹം പ്രതികരിച്ചു.