ന്യൂഡൽഹി: പ്ലസ് വണ്‍ പരീക്ഷ നേരിട്ട് നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള സര്‍ക്കാർ സമർപ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കമ്പ്യൂട്ടറും ഇന്‍റര്‍നെറ്റ് സംവിധാനങ്ങളുമില്ലാത്ത നിരവധി കുട്ടികളുള്ളതിനാൽ പരീക്ഷ ഓൺലൈനിൽ നടത്താൻ കഴിയില്ലെത്ത് സർക്കാർ സത്യവാങ്മൂലം നൽകിയിരുന്നു. വീട്ടിലിരുന്ന് കുട്ടികൾ എഴുതിയ മോഡല്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ മൂല്യനിര്‍ണയം നടത്താനാകില്ല. ഒക്ടോബറില്‍ കൊറോണ മൂന്നാംതരംഗം ഉണ്ടാകുന്നതിന് മുന്‍പ് പരീക്ഷ പൂര്‍ത്തിയാക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.കേരളത്തിലെ കൊറോണ വ്യാപനം ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി പരീക്ഷ നടത്തുന്നത് തടഞ്ഞത്.രോഗവ്യാപനം രൂക്ഷമായ തുടരുമ്പോൾ നേരിട്ടുള്ള പരീക്ഷ നടത്തിപ്പ് അംഗീകരിക്കാകില്ലെന്നായിരുന്നു സംസ്ഥാന സർക്കാരിനെ അന്ന് വിമർശിച്ചുകൊണ്ട് സുപ്രീംകോടതിയുടെ ഉത്തരവ്.
സംസ്ഥാനത്തെ കൊറോണ ഇളവുകൾ; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം നാളെ; ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്ന കാര്യം പരിഗണനയിൽ
തിരുവനന്തപുരം: സംസ്ഥാനത്തെ കൊറോണ ഇളവുകൾ സംബന്ധിച്ച കാര്യങ്ങൾ ചർച്ചചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം നാളെ ചേരും.ഹോട്ടലുകളിൽ ഇരുന്ന് കഴിക്കുന്നതുമായി ബന്ധപ്പെട്ട കാര്യം പ്രധാനമായും ചർച്ച ചെയ്യും.ആദ്യഘട്ടത്തിൽ പകുതി സീറ്റുകളിൽ മാത്രം സൗകര്യമൊരുക്കാനാണ് സാധ്യത. പ്രതിദിന രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്നതിനിടെയാണ് നാളെ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷയിൽ അവലോകനയോഗം ചേരുന്നത്. ചൊവ്വ, ശനി ദിവസങ്ങളിലായിരുന്നു യോഗങ്ങൾ ചേർന്നിരുന്നതെങ്കിൽ കഴിഞ്ഞ ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ തിരക്കുകൾ കാരണം യോഗം ചേർന്നിരുന്നില്ല. അതിനാൽ കഴിഞ്ഞ ഒരാഴ്ചത്തെ കണക്കുകൾ വിലയിരുത്തിയാവും ഇളവുകൾ പ്രഖ്യാപിക്കുക.സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ച ചെയ്യും. കൊവിഡ് മരണവുമായി ബന്ധപ്പെട്ട കണക്കെടുപ്പ്, വാക്‌സിന്‍ വിതരണം എന്നീ വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. രോഗം ബാധിക്കുന്നവര്‍ വൈകി മാത്രം ചികിത്സ തേടുന്ന പ്രവണത കണ്ട് വരികയാണ്. ഇത് മരണത്തിന് പോലും കാരണമാകുന്നതിനാല്‍ വാര്‍ഡ് കമ്മിറ്റികള്‍ ഗൃഹസന്ദര്‍ശനം വര്‍ദ്ധിപ്പിക്കുന്ന കാര്യവും തീരുമാനിക്കും. പരിശോധനകൾ വർദ്ധിപ്പിക്കുമെന്ന് പറയുമ്പോഴും അത് കൃത്യമായി നടക്കുന്നില്ല. ഈ കാര്യങ്ങളും ചർച്ചയായേക്കും
സംസ്ഥാനത്ത് ഇന്ന് 22,182 പേർക്ക് കൊറോണ സ്ഥിരീകരിച്ചു; 178 മരണം; 26,563 പേർക്ക് രോഗമുക്തി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 22,182 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തൃശൂർ 3252, എറണാകുളം 2901, തിരുവനന്തപുരം 2135, മലപ്പുറം 2061, കോഴിക്കോട് 1792, പാലക്കാട് 1613, കൊല്ലം 1520, ആലപ്പുഴ 1442, കണ്ണൂർ 1246, കോട്ടയം 1212, പത്തനംതിട്ട 1015, ഇടുക്കി 973, വയനാട് 740, കാസർകോട് 280 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,486 സാമ്പിളുകളാണ് പരിശോധിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 89 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 21,122 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 866 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 105 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. ചികിത്സയിലായിരുന്ന 26,563 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 2446, കൊല്ലം 2159, പത്തനംതിട്ട 981, ആലപ്പുഴ 1425, കോട്ടയം 1831, ഇടുക്കി 987, എറണാകുളം 3362, തൃശൂർ 2992, പാലക്കാട് 1913, മലപ്പുറം 2878, കോഴിക്കോട് 2930, വയനാട് 835, കണ്ണൂർ 1506, കാസർഗോഡ് 318 എന്നിങ്ങനേയാണ് രോഗമുക്തിയായത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 178 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 23,165 ആയി.പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.
കണ്ണൂര്‍ സര്‍വകലാശാല വിവാദ പി ജി സിലബസ് ഒഴിവാക്കി
കണ്ണൂർ : ആർ.എസ്.എസ് സൈദ്ധാന്തികരായ ഗോൾവർക്കറുടെയും സവർക്കറുടെയും പുസ്തകങ്ങൾ പഠിപ്പിക്കാനുള്ള തീരുമാനത്തിൽനിന്ന് കണ്ണൂർ സർവകലാശാല പിന്മാറി. പുസ്തകങ്ങൾ പി.ജി സിലബസിൽ നിന്ന് ഒഴിവാക്കുമെന്ന് വൈസ്ചാൻസിലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ അറിയിച്ചു.ഏറെ വിമര്‍ശനങ്ങള്‍ക്കൊടുവിലാണ് തീരുമാനം.എത്ര പ്രതിഷേധം ഉണ്ടായാലും പിജി സിലബസ് പിൻവലിക്കില്ലെന്ന നിലപാടാണ് വൈസ് ചാൻസിലർ ഇപ്പോൾ മാറ്റിയത്. അതേസമയം സിലബസില്‍ മാറ്റം വരുത്തി നാലാം സെമസ്റ്ററില്‍ പഠിപ്പിക്കുമെന്ന് വി.സി കൂട്ടിചേര്‍ത്തു. സിലബസില്‍ പോരായ്മയുണ്ടെന്ന് വിദഗ്ധ സമിതി കണ്ടെത്തിയെന്നും വി.സി അറിയിച്ചു.കൂടാതെ നിര്‍ദേശങ്ങള്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസിന് കൈമാറിയെന്നും അന്തിമ തീരുമാനം അക്കാദമിക് കൗണ്‍സിലെടുക്കുമെന്നും പറഞ്ഞ അദ്ദേഹം ഈ മാസം 29 ന് അക്കാദമിക് കൗണ്‍സിലര്‍ യോഗം ചേരുമെന്ന് അറിയിച്ചു.എം.എസ് ഗോൾവാർക്കറുടെ ‘നാം അഥവാ നമ്മുടെ ദേശീയത്വം നിര്‍വ്വചിക്കപ്പെടുന്നു’ (വീ ഔർ നാഷൻഹുഡ് ഡിഫൈൻസ്), വിചാരധാര (ബഞ്ച് ഓഫ് തോട്ട്സ്), വി.ഡി. സവർക്കറുടെ ‘ആരാണ് ഹിന്ദു’ എന്നീ പുസ്തകങ്ങളാണ് പിജി മൂന്നാം സെമസ്റ്ററിൽ ഉൾപ്പെടുത്തിയത്.
പനി ബാധിച്ച് 5 വയസുള്ള കുട്ടി മരിച്ചു;നിപ്പ സംശയത്തെ തുടർന്ന് സ്രവം പരിശോധനക്ക് അയച്ചു
കാസർകോട്: പനി ബാധിച്ച് മരിച്ച അഞ്ചു വയസ്സുകാരിക്ക് നിപബാധ ഉണ്ടെന്ന സംശയത്തെ തുടർന്ന് സ്രവം പരിശോധനയ്‌ക്ക് അയച്ചു. കാസർകോട് ചെങ്കള പഞ്ചായത്ത് പരിധിയിൽ പനി ബാധിച്ച് മരിച്ച കുട്ടിയുടെ സ്രവമാണ് പരിശോധനക്കായി അയച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്.കുട്ടിയുടെ കൊറോണ പരിശോധന ഫലം നെഗറ്റീവാണ്. നിപ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് ബദിയടുക്ക, കുംബഡാജെ, ചെങ്കള പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിൽ ആരോഗ്യ പ്രവർത്തകർ നിരീക്ഷണം ശക്തമാക്കി. പരിശോധനാഫലം ലഭ്യമാകുന്നത് വരെ ആളുകൾ കൂടിയുള്ള എല്ലാ പരിപാടികളും നിർത്തി വെയ്ക്കുന്നതായി ആരോഗ്യവിഭാഗം അറിയിച്ചു.മേഖലയിലെ കൊറോണ വാക്‌സിനേഷൻ ക്യാമ്പുകൾ മാറ്റിവച്ചു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്.ഇന്നലെ വൈകിട്ടാണ് പനിയും ഛർദ്ദിയും ഉണ്ടായതിനെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെയോടെയാണ് കുട്ടി മരിച്ചത്.
സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള കോവിഡ് മാര്‍ഗനിര്‍ദേശങ്ങൾ പുതുക്കി;ഏഴുദിവസം കഴിഞ്ഞാല്‍ പരിശോധന;നെഗറ്റീവായാല്‍ ഉടന്‍ ജോലിയില്‍ പ്രവേശിക്കണം
തിരുവനന്തപുരം:സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള കോവിഡ് മാര്‍ഗനിര്‍ദേശങ്ങൾ പുതുക്കി.കോവിഡ് ബാധിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ ഏഴ് ദിവസം കഴിഞ്ഞ് പരിശോധന നടത്തണം. ടെസ്റ്റില്‍ നെഗറ്റീവായാല്‍ ഉടന്‍ ജോലിയില്‍ പ്രവേശിക്കണമെന്ന് പുതിയ ഉത്തരവില്‍ പറയുന്നു.നിലവില്‍ കോവിഡ് ബാധിച്ചവരെ പത്താം ദിവസമാണ് നെഗറ്റീവ് ആയി എന്ന് കണക്കാക്കുന്നത്. നെഗറ്റീവായോ എന്നറിയാന്‍ പരിശോധനയും ഒഴിവാക്കിയിരുന്നു. മാത്രവുമല്ല നെഗറ്റീവായശേഷം ഏഴ് ദിവസം കൂടി നിരീക്ഷണത്തില്‍ കഴിയണമെന്ന നിബന്ധനയും ഉണ്ട്.ഇതിലാണ് മാറ്റം വരുത്തിയത്. സര്‍ക്കാര്‍ ജീവനക്കാര്‍ മൂന്ന് മാസത്തിനുള്ളില്‍ കോവിഡ് ഭേദമായവരാണെങ്കില്‍ രോഗികളുമായി സമ്പർക്കത്തിൽ വന്നാലും ക്വാറന്റൈനില്‍ പോകേണ്ടതില്ലെന്നും ഉത്തരവില്‍ പറയുന്നു.ഇവര്‍ കോവിഡ് നിര്‍ദ്ദേശങ്ങള്‍ പാലിച്ചും രോഗലക്ഷണങ്ങള്‍ക്ക് സ്വയം നിരീക്ഷണത്തില്‍ ഏര്‍പ്പെട്ടും ഓഫീസില്‍ ഹാജരാകുകയും രോഗലക്ഷണം കണ്ടാല്‍ ഉടന്‍ ചികിത്സ തേടുകയും വേണമെന്നും ഉത്തരവില്‍ പറയുന്നു.കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ചികിത്സാ കാലയളവ് കാഷ്വല്‍ ലീവ് ആയി കണക്കാക്കും. തദ്ദേശ വകുപ്പിന്റെയോ ആരോഗ്യ വകുപ്പിന്റെയോ സാക്ഷ്യപത്രം ഹാജരാക്കണമെന്നും ഉത്തരവില്‍ പറയുന്നു.ഈ സംവിധാനം ദുരുപയോഗം ചെയ്യുന്ന ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു.
‘ഇന്ത്യയില്‍ ഒരു സംവിധാനമുണ്ട്, അത് അനുസരിച്ചേ പറ്റൂ,രാഷ്ട്രീയ വേര്‍തിരിവ് അംഗീകരിക്കാനാവില്ല, അല്ലെങ്കില്‍ ആരെയും സല്യൂട്ട് ചെയ്യേണ്ട’;സല്യൂട്ട് വിവാദത്തിൽ വിശദീകരണവുമായി സുരേഷ്ഗോപി എം പി
കോട്ടയം:സല്യൂട്ട് വിവാദത്തിൽ വിശദീകരണവുമായി സുരേഷ്ഗോപി എം പി.ല്യൂട്ട് എന്ന് പറയുന്ന പരിപാടിയേ അവസാനിപ്പിക്കണമെന്നും ആരെയും സല്യൂട്ട് ചെയ്യണ്ടെന്നും അദ്ദേഹം പറഞ്ഞു. അതില്‍ രാഷ്ട്രീയ വേര്‍തിരിവ് വരുന്നത് അഗീകരിക്കില്ല. ഇന്ത്യയില്‍ ഒരു സംവിധാനമുണ്ട്, അത് അനുസരിച്ചേ പറ്റൂവെന്നും അദ്ദേഹം പാലയില്‍ മാധ്യമങ്ങളോട് പറഞ്ഞു. പാല ബിഷപ്പ് ഹൗസിലെത്തി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.സല്യൂട്ട് വിവാദമാക്കിയതാരാണ്? ആ പൊലീസ് ഓഫീസര്‍ക്ക് പരാതിയുണ്ടോ? എന്നും അദ്ദേഹം ചോദിച്ചു.സല്യൂട്ട് നല്‍കാന്‍ പാടില്ലെന്ന് ആരാണ് പറഞ്ഞത് ? അങ്ങനെ പറയാന്‍ പറ്റില്ല. പൊലീസ് കേരളത്തിലാണ്. ഇന്ത്യയില്‍ ഒരു സംവിധാനമുണ്ട്. അത് അനുസരിച്ചേ പറ്റൂ. നാട്ടുനടപ്പ് എന്ന് പറയുന്നത് രാജ്യത്തെ നിയമത്തെ അടിസ്ഥാനമാക്കിയാണ്. ഡിജിപി അല്ലേ നിര്‍ദ്ദേശം കൊടുക്കേണ്ടത്. അദ്ദേഹം പറയട്ടെ. സല്യൂട്ട് നല്‍കണ്ട എന്നവര്‍ വിശ്വസിക്കുന്നുവെങ്കില്‍ പാര്‍ലമെന്റിലെത്തി ചെയര്‍മാന് പരാതി നല്‍കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബുധനാഴ്ച ഉച്ചയോടെ തോണിപ്പാറയിലാണ് വിവാദത്തിനാസ്പദമായ സംഭവം. കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ വീശിയ മിന്നല്‍ച്ചുഴലിയില്‍ നാശനഷ്ടം സംഭവിച്ച മാഞ്ചിറ, തമ്പുരാട്ടിമൂല എന്നീ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയതായിരുന്നു സുരേഷ് ഗോപി. എംപി വന്ന വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി.ഇതിനിടെയാണ് ഒല്ലൂര്‍ എസ്‌ഐയെ വിളിച്ചിറക്കി സല്യൂട്ട് അടിപ്പിച്ചത്. ‘ഞാന്‍ എംപിയാ കേട്ടോ, മേയറല്ല. ഒരു സല്യൂട്ടാവാം. ശീലങ്ങളൊന്നും മറക്കരുത്’ എന്നാണ് സുരേഷ് ഗോപി എസ്‌ഐയോട് പറഞ്ഞത്.
സമാന്തര ടെലിഫോൺ എക്സ്ചേഞ്ച്;പിടിയിലായ മിസ്ഹബിന്റെ ബാങ്ക് അക്കൗണ്ടിലെത്തിയത് ലക്ഷങ്ങള്‍
മലപ്പുറം: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തിയതിനു പിടിയിലായ മിസ്ഹബിന്റെ ബാങ്ക് അക്കൗണ്ടിലെത്തിയത് ലക്ഷങ്ങളെന്ന് കണ്ടെത്തൽ.രണ്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് വിദേശത്തു നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും പണം എത്തി. പൊലീസ് ചോദ്യം ചെയ്യുന്നതിനിടയിലും ബാങ്ക് അക്കൗണ്ടിലേക്ക് പണം വന്നു.28000 രൂപയാണ് അവസാനമായി അക്കൗണ്ടിലെത്തിയത്.സമാന്തര എക്സ്ചേഞ്ചില്‍ മിസ്ഹബിന് വിദേശത്തും വിവിധ സംസ്ഥാനങ്ങളിലുമായി നൂറുകണക്കിന് ഇടപാടുകാര്‍ ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്.രാജ്യ വിരുദ്ധ പ്രവര്‍ത്തനം,ഹവാല പണമിടപാടുകള്‍, ലഹരിക്കടത്ത് എന്നിവക്ക് ഈ ടെലിഫോൺ എക്സ്ചേഞ്ചുകൾ ഉപയോഗിച്ചോയെന്ന സംശയത്തിലാണ് പൊലീസ്.പാലക്കാട് സമാന്തര എക്സ്ചേഞ്ചിലേക്കാവശ്യമായ സിം കാര്‍ഡ് എത്തിച്ചത് ബെംഗളൂരുവില്‍ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്.8 സിമ്മുകളാണ് പാലക്കാടു നിന്നും കണ്ടെത്തിയത്. വിദേശ രാജ്യങ്ങളില്‍ നിന്ന് ഫോണ്‍ കോളുകള്‍ വന്നതായും കണ്ടെത്തി. കോളുകളുടെ വിശദാംശങ്ങള്‍ പൊലീസ് ശേഖരിക്കുകയാണ്.കിഴിശ്ശേരി സ്വദേശിയായ മിസ്ഹബ് തന്‍റെ വീട്ടിലും സഹോദരിയുടെ വീട്ടിലും എക്സ്ചേഞ്ചുകള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നു. പ്രതി ഉപയോഗിച്ചിരുന്ന സിം കാര്‍ഡുകളും, മോഡം, റൂട്ടര്‍, ലാപ്പ്ടോപ്പ് സെര്‍വര്‍ അടക്കമുള്ള ഉപകരണങ്ങളും പോലീസ് കണ്ടെത്തിയിട്ടുണ്ട്
കേസില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ വധിക്കും; വിസ്മയയുടെ കുടുംബത്തിന് ഭീഷണിക്കത്ത്
കൊല്ലം: കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ കുടുംബത്തിന് ഭീഷണിക്കത്ത്. കേസില്‍ നിന്ന് പിന്മാറണമെന്നും പിന്മാറിയില്ലെങ്കില്‍ സഹോദരനെ വധിക്കുമെന്നും കത്തില്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് വിസ്മയയുടെ നിലമേലിലെ വീട്ടില്‍ കത്ത് ലഭിച്ചത്. പത്തനംതിട്ടയില്‍ നിന്നാണ് കത്ത് വന്നതെന്നാണ് നിഗമനം. കേസില്‍ നിന്ന് പിന്മാറാന്‍ എത്ര പണം വേണമെങ്കിലും തരാമെന്ന് കത്തില്‍ പറയുന്നു. പിന്മാറിയില്ലെങ്കില്‍ വിസ്മയയുടെ വിധി തന്നെയാകും സഹോദരന്‍ വിജിത്തിനുമെന്നും കത്തില്‍ പറയുന്നു.കത്തുമായി ബന്ധപ്പെട്ട് വിസ്മയയുടെ കുടുബം പ്രതികരിച്ചിട്ടില്ല. കത്ത് പൊലീസിന് കൈമാറി. ചടയമംഗലം പൊലീസ് മൊഴിയെടുത്തു. അതേസമയം കത്ത് എഴുതിയത് പ്രതി കിരണ്‍ കുമാറാകാന്‍ സാധ്യതയില്ലെന്നും കേസില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാന്‍ ആരെങ്കിലും എഴുതിയതാകാം കത്തെന്നുമാണ് പൊലീസിന്റെ അനുമാനം. കഴിഞ്ഞ ദിവസമാണ് കേസില്‍ 507 പേജുകളുള്ള കുറ്റപത്രം പൊലീസ് ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്.
കണ്ണൂരില്‍ ലോറിയും കെഎസ്‌ആര്‍ടിസി ബസുകളും കൂട്ടിയിടിച്ച് എട്ടു പേര്‍ക്ക് പരിക്ക്
കണ്ണൂർ: കണ്ണൂരില്‍ ലോറിയും കെഎസ്‌ആര്‍ടിസി ബസുകളും കൂട്ടിയിടിച്ച് കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ ഉള്‍പ്പടെ എട്ടു പേര്‍ക്ക് പരിക്കേറ്റു.വ്യാഴാഴ്ച പുലര്‍ച്ചെ ആറോടെ തളിപ്പറമ്പ് കുറ്റിക്കോല്‍ ദേശീയപാതയിലാണ് അപകടം നടന്നത്.കാസര്‍ഗോഡിലേക്ക് പോകുകയായിരുന്ന ബസിന് പുറകില്‍ മംഗലാപുരത്തേക്ക് പോകുകയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറി ഇടിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ട ലോറിക്ക് പിന്നില്‍ മറ്റൊരു കെഎസ്‌ആര്‍ടിസി ബസ് കൂടി ഇടിച്ചുകയറുകയായിരുന്നു.ലോറിക്ക് പുറകില്‍ ഇടിച്ചുകയറിയ ബസിലെ ഡ്രൈവര്‍ പി.കെ. ശ്രീജിത്തിന്(35) ആണ് പരിക്കേറ്റത്. സ്റ്റിയറിംഗിനിടയില്‍ കുടുങ്ങിക്കിടന്ന ശ്രീജിത്തിനെ അഗ്നിശമന സേന എത്തിയാണ് പുറത്തെടുത്തത്. പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ നില ഗുരുതരമല്ലെന്നാണ് വിവരം.