ഫിലാഡൽഫിയ:ഒരമ്മയുടെ ഏറ്റവും വലിയ ദുഃഖം സ്വന്തം മക്കൾ നഷ്ടപ്പെടുന്നതാണ്. ഒരിക്കലും മറക്കാൻ കഴിയാത്ത മുറിവാണ് മക്കളുടെ മരണം അമ്മമാർക്ക് നൽകുന്നത്. അത്തരത്തിലുള്ള ഒരമ്മയുടെ നിസ്സഹായതയാണ് ഫിലാഡൽഫിയയിൽ നിന്നും കേട്ട് കൊണ്ടിരിക്കുന്നത്. സ്വന്തം മകൻ നായയെ നടത്തിക്കാൻ വേണ്ടി പോയതാണെന്ന് മാത്രം ഈ അമ്മക്കോർമ്മയുണ്ട്. പിന്നെ കേൾക്കുന്നത് മകൻ വെടിയേറ്റ് മരിച്ചെന്നാണ്. മകന്റെ ഘാതകരെ കണ്ടെത്താൻ പോലീസ് പരാജയപ്പെട്ടപ്പോൾ വിവരം നൽകുന്നവർക്ക് പ്രതിഫലവും ഈ അമ്മ വാഗ്ദാനം ചെയ്തു.
കാർമൻ കാഡറിക്ക് എന്ന അമ്മയാണ് ഹക്കീം കാഡറിക് സബൂർ എന്ന മകനെ കൊന്നവരെ പിടികൂടാൻ ജനങ്ങളുടെ സഹായം തേടിയത്
2015 ഡിസംബർ 21 നാണ് സംഭവം നടക്കുന്നത്. നായയെ നടത്തിക്കാൻ കൊണ്ട് പോയ മകൻ ഹക്കീം കാഡറിക് സബൂർ പിന്നെ തിരിച്ചു വന്നിട്ടില്ല. ആ ദിവസം രാത്രി 7 .30 നാണ് കാഡറിക്കിന് പോലീസിൽ നിന്ന് ഒരു ഫോൺ വരുന്നത്. പടിഞ്ഞാറേ ഫിലാഡൽഫിയയിൽ റോഡരികിലായി 22 വയസ്സ് തോന്നിക്കുന്ന ഒരു യുവാവ് നെറ്റിയിൽ വെടി കൊണ്ട് മരിച്ചിരിക്കുന്നു എന്നായിരുന്നു ആ ഫോൺ സന്ദേശം. ആ വാർത്ത കേട്ടതേ കാഡറിക്കിന് ഓർമ്മയുള്ളൂ പിന്നെ തളർന്നു പോയി. എന്നാൽ വർഷം ഒന്ന് കഴിഞ്ഞിട്ടും അതിന്റെ സത്യാവസ്ഥ പൊലീസിന് കണ്ടു പിടിക്കാൻ കഴിഞ്ഞിട്ടില്ല എന്നത് ആ അമ്മയെ കൂടുതൽ തളർത്തുന്നു.
‘എന്റെ മകൻ പാവമായിരുന്നു, ഒരുപാട് സ്നേഹമുള്ളവനായിരുന്നു, കുടുംബമെന്ന് വെച്ചാൽ അവന് ജീവനായിരുന്നു’ കാഡറിക്ക് മകന്റെ ഓർമ്മകൾക്ക് മുമ്പിൽ കണ്ണീരൊപ്പി, നിർമ്മാണ തൊഴിൽ മേഖലയിൽ പ്രവർത്തിച്ചിരുന്ന സബൂർ തുണി മില്ല് തുടങ്ങാനും തീരുമാനിച്ചിരുന്നതായി കാഡറിക്ക് പറയുന്നു .
പൊലീസിന് കുറ്റവാളികളെ പിടികൂടാൻ കഴിയാത്തത് കൊണ്ടാണ് മകന്റെ കൊലയാളികളെ കണ്ടെത്താൻ സഹായിക്കണമെന്ന് അമ്മ പറയുന്നത്. വിവരം കിട്ടുന്നവർക്ക് വിളിച്ച് പറയാൻ ഒരു നമ്പറും ഉണ്ട് 215 546. പക്ഷെ ഒന്നും വെറുതെ വേണ്ട വിവരം നൽകുന്നവർക്ക് 20000 ഡോളർ (13 ലക്ഷം രൂപ). പാരിതോഷികം നൽകാനും ഈ ‘അമ്മ തയ്യാറാണ്.