ചെന്നൈ : ശശികല ശിക്ഷിക്കപ്പെട്ട വിധിക്കു പിന്നാലെ പനീർസെൽവം എംഎൽഎമാരുടെ പിന്തുണ തേടി കൂവത്തൂരിലേക്ക് . വിദ്യാഭ്യാസ മന്ത്രി പാണ്ഡ്യരാജനും പിന്തുണ പ്രഖ്യാപിച്ചിരിക്കുന്ന എംഎൽഎമാരും എംപിമാരും മറ്റു നേതാക്കളും പനീർസെൽവത്തെ അനുഗമിക്കുമെന്നാണ് സൂചന . റിസോർട്ടിൽ വൻ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. റിസോർട്ടിൽ നിന്ന് ചില ഗൂണ്ടകളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, കൂവത്തൂരിലേക്ക് പുറപ്പെട്ട പനീർസെൽവം അനുയായികളെ വഴിക്ക് പൊലീസ് തടഞ്ഞു. കാഞ്ചീപുരത്തെ കൂവത്തൂരില്‍ സെക്ഷന്‍ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. എഐഡിഎംകെ എംഎല്‍എമാരെ താമസിപ്പിച്ചിരിക്കുന്ന ഗോള്‍ഡന്‍ ബേ റിസോര്‍ട്ടിലാണ് ശശികല.
പനീർസെൽവത്തെ പിന്തുണച്ച എംഎൽഎമാരെ പാർട്ടിയിൽനിന്നു പുറത്താക്കാൻ കൂവത്തൂരിലെ റിസോർട്ടിൽ ചേർന്ന ശശികല വിഭാഗത്തിന്റെ യോഗം തീരുമാനിച്ചിരുന്നു. ശശികല ശിക്ഷിക്കപ്പെട്ടതോടെ തമിഴ്നാട് രക്ഷപെട്ടു. താൽക്കാലികമായുള്ള പ്രശ്നങ്ങൾ മറന്നുകളയണമെന്നും എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും ആഹ്വാനം ചെയ്ത് പനീർസെൽവം എംഎൽഎമാർക്ക് കത്തെഴുതി.
പിന്തുണ നൽകിയ പ്രവർത്തകർക്കെല്ലാം നന്ദി. അമ്മയുടെ ആത്മാവ് നമ്മളെ വഴിനടത്തും. അമ്മയുടെ കാലടികളെ പിന്തുടരുമെന്നും പനീർസെൽവം പറഞ്ഞു. സഭയിൽ ഭൂരിപക്ഷം ലഭിക്കുമെന്ന പ്രതീക്ഷയുണ്ട്. മറ്റൊരു പാർട്ടിയുടെയും പിന്തുണയില്ലാതെ സർക്കാർ രൂപീകരിക്കും. അതേസമയം, സംസ്ഥാനത്തെ ക്രമസമാധാനനില തകർക്കരുതെന്ന് പ്രവർത്തകരോട് അദ്ദേഹം അഭ്യർഥിച്ചു