തമിഴങ്കം ജയിച്ച് ഇ പി: പളനിസ്വാമി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
ചെന്നൈ : തമിഴ്നാട്ടിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് വിരാമം. തമിഴ്നാടിന്റെ പുതിയ മുഖ്യമന്തിയായി എടപ്പാടി പളനി സ്വാമി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ ഗവർണറുമായി നടന്ന കൂടിക്കാഴ്ചയിൽ സർക്കാർ രൂപീകരിക്കാൻ സി വിദ്യാസാഗർ റാവു പളനിസ്വാമിയെ ക്ഷണിച്ചു.
പതിനഞ്ചു ദിവസത്തിനകം വിശ്വാസവോട്ട് തേടണമെന്നും ഗവർണർ പളനിസ്വാമിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് വൈകിട് 4 30 ഓടെ പളനിസ്വാമി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന.
കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി നിലനിൽക്കുന്ന രാഷ്ട്രീയ ഭരണ പ്രതിസന്ധികൾക്കാണ് ഇതോടെ വിരാമമാവുന്നത്. വാര്‍ത്ത പുറത്തുവന്നതോടെ കൂവത്തൂരിലെ റിസോര്‍ട്ടില്‍ ശശികല അനുകൂലികള്‍ ആഹ്ലാദ പ്രകടനം തുടങ്ങി. സേലം ജില്ലയിലെ എടപ്പാടിയില്‍നിന്നുള്ള ജനപ്രതിനിധിയാണ് പളനിസാമി.
എടപ്പാടി പളനിസാമിയെ ഗവര്‍ണര്‍ രാജ്ഭവനിലേക്ക് ക്ഷണിച്ചു
ചെന്നൈ: തമിഴ്‌നാട്ടില്‍ രാഷ്ട്രീയ പ്രതിസന്ധികള്‍ തുടരുന്നതിനിടെ അണ്ണാ ഡിഎംകെ നിയമസഭാകക്ഷി നേതാവ് എടപ്പാടി പളനിസാമിയെ ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു രാജ്ഭവനിലേക്ക് ക്ഷണിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് മുന്‍പ് എടപ്പാടി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തും. നീക്കത്തെ ഏറെ പ്രതീക്ഷയോടെയാണ് അണ്ണാ ഡിഎംകെ കാണുന്നത്. അമ്മയുടെ വിജയം എന്നാണ് നടപടിയെ പാര്‍ട്ടി വിശേഷിപ്പിച്ചത്.
തമിഴ്‌നാട്ടില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവുവിനുമേല്‍ സമ്മര്‍ദമേറുന്നതിനിടെയാണ് പുതിയ നീക്കം. ദിവസങ്ങളായി തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വവും ഭരണസ്തംഭനവും പുതിയ തലത്തിലേക്ക് നീങ്ങുന്നതിനിടെയാണ് എടപ്പാടി വീണ്ടും ഗവര്‍ണറെ കാണുന്നത്. ആരെ ആദ്യം വിശ്വാസവോട്ട് തേടാന്‍ സഭയിലേക്ക് അയയ്ക്കും എന്നതാണ് ചോദ്യം. സര്‍ക്കാരിന്റെ ഭൂരിപക്ഷം തെളിയിക്കേണ്ടത് സഭാതലത്തില്‍ തന്നെവേണമെന്നാണ് ഗവര്‍ണര്‍ക്ക് കിട്ടിയ നിയമോപദേശങ്ങളെല്ലാം.
എടപ്പാടി പളനിസാമിയും കാവല്‍ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വവും കഴിഞ്ഞദിവസം രാജ്ഭവനിലെത്തി അവകാശവാദം ഉന്നയിച്ചിരുന്നു. 124 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നായിരുന്നു എടപ്പാടിയുടെ അവകാശവാദം. പനീര്‍സെല്‍വത്തിന് എട്ട് അംഗങ്ങളുടെ പിന്തുണയാണുള്ളത്. പളനി സാമിയെ പിന്തുണയ്ക്കുന്ന എം എല്‍ എമാരെല്ലാം കൂവത്തൂരിലെ റിസോര്‍ട്ടില്‍ കഴിയുകയാണ്. ഇതിനു പിന്നാലെയാണ് അദ്ദേഹത്തെ ഗവര്‍ണര്‍ ക്ഷണിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയാകുന്നതിന് എടപ്പാടിയെ ക്ഷണിക്കുമെന്നാണ് സൂചന.
അതേസമയം പളനിസാമിയെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിച്ചാല്‍ സഭയില്‍ സമഗ്ര വോട്ടെടുപ്പ് ഇല്ലാതാവും. നിലവിലെ സാഹചര്യത്തില്‍ പളനിസാമിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നാണ് രാജ്ഭവന്‍ വൃത്തങ്ങള്‍ പറയുന്നത്. എല്ലാവശവും പരിഗണിച്ച ശേഷമായിരിക്കും ഗവര്‍ണര്‍ ഒരു തീരുമാനത്തിലെത്തുന്നത്. പളനിസാമിയെ ക്ഷണിക്കുന്നതിന് മുമ്പ് എം.എല്‍.എമാരെ തട്ടിക്കൊണ്ടുപോയി റിസോര്‍ട്ടില്‍ താമസിപ്പിച്ചിരിക്കുന്ന കാര്യവും ഗവര്‍ണര്‍ പരിഗണിക്കും എന്നും വിലയിരുത്തുന്നുണ്ട്.
കുട്ടികള്‍ കുറവായ അംഗന്‍വാടികള്‍ പൂട്ടുന്നു
തിരുവനന്തപുരം : സംസ്ഥാനത്ത് കുട്ടികള്‍ കുറഞ്ഞ ആംഗന്‍വാടികള്‍ പൂട്ടിയിടാനും കുറഞ്ഞ കുട്ടികള്‍ ഉള്ളവരെ സമീപത്തെ ആംഗന്‍വാടികളിലേക്ക് മാററാനും നിര്‍ദേശം. ഇതു സംബന്ധിച്ച് ആംഗന്‍വാടി സൂപ്പര്‍വൈസര്‍മാരോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കയാണ് സര്‍ക്കാര്‍. കഴിഞ്ഞ ആഴ്ചയാണ് ഇതു സംബന്ധിച്ച് സര്‍ക്കുലര്‍ ബ്ലോക്ക് ഐ.സി.ഡി.എസ്. ഓഫീസുകളില്‍ എത്തിയത്.
വിവിധ ബ്ലോക്കുകളായി നിരവധി ആംഗന്‍വാടികള്‍ ഉണ്ട്. കുട്ടികള്‍ കുറഞ്ഞ കാരണം പറഞ്ഞ് അംഗന്‍വാടികള്‍ പൂട്ടാനുളള സര്‍ക്കാര്‍ തീരുമാനം പ്രതിഷേധത്തോടെയാണ് പലരും സ്വീകരിച്ചത്. സര്‍ക്കാറിന്റെ ഈ തീരുമാനം സര്‍വെ നടത്തി നടുവൊടിഞ്ഞു നില്‍ക്കുന്ന ആംഗന്‍വാടി ജീവനക്കാരില്‍ നിന്നും കടുത്ത എതിര്‍പ്പാണ് ഉണ്ടാകുന്നത്.
ശശികലയ്ക്ക് ലഭിച്ചത് സാധാരണ ജയിൽ
ബംഗളൂരു : അനധികൃത സ്വത്തു സന്പാദന കേസിൽ കീഴടങ്ങിയ അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി വി.കെ. ശശികലയ്ക്ക് ബംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ ലഭിച്ചത് സാധാരണ സെൽ. വനിതകൾക്കുള്ള ബ്ലോക്കിലെ സെല്ലണ് ശശികലയ്ക്ക് നൽകിയത്. നേരത്തെ സെല്ലിൽ ഉണ്ടായിരുന്ന രണ്ടു തടവുകാർക്കൊപ്പമാണ് ചിന്നമ്മയേയും പാർപ്പിച്ചിരിക്കുന്നത്. ബുധനാഴ്ച വൈകുന്നേരമാണ് ശശികല കോടതിയിലെത്തി കീഴടങ്ങിയത്. ജയിലിൽ പ്രത്യേക സൗകര്യം ഒരുക്കണമെന്ന് കീഴടങ്ങുന്പോൾ ശശികല കോടതിയോട് ആവശ്യപ്പെട്ടു.
എക്ലാസ് സെൽ ജയിലിൽ അനുവദിക്കണമെന്നായിരുന്നു പ്രധാന ആവശ്യം. പ്രമേഹമുള്ളതിനാല്‍ വീട്ടിലുണ്ടാക്കുന്ന ഭക്ഷണവും മിനറല്‍ വാട്ടറും ഒപ്പം സഹായിയും ജയിലില്‍ വേണമെന്നും ആവശ്യപ്പെട്ടു. കൂടാതെ യൂറോപ്യന്‍ ക്ലോസറ്റുള്ള ശൗചാലയ സൗകര്യവും അവര്‍ ആവശ്യപ്പെട്ടു. ധ്യാനിക്കാൻ സെല്ലിൽ സൗകര്യം ഏർപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു. 24 മണിക്കൂറും ചൂടുവെള്ള സൗകര്യം വേണം.പ്രത്യേക കിടക്കയും ടിവിയും ഉള്ള സൗകര്യങ്ങളോടു കൂടിയ മുറിയാണ് ജയിലില്‍ ശശികലയെ കാത്തിരിക്കുന്നതെന്നാണ് ജയില്‍ അധികൃതര്‍ അറിയിച്ചിരുന്നത്. ശശികലയുടെ ആവശ്യങ്ങൾ കോടതി ജയിൽ അധികൃതർക്ക് കൈമാറി.
നോർക്ക റിക്രൂട്ട്മെന്റിലെ വീഴ്ചകൾ
ന്യൂഡല്‍ഹി: ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള നഴ്സിംഗ് നിയമനം നടത്തുന്ന കേരള സര്‍ക്കാരിന്റെ ഔദ്യോഗിക ഏജന്‍സിയായ നോര്‍ക്കയുടെ വീഴ്ച കാരണം കഴിഞ്ഞ 9 മാസമായി ഒരു നഴ്സിംഗ് തൊഴിലവസരവും കേരളത്തിനു ലഭിച്ചില്ല.
കേന്ദ്രം ഏര്‍പ്പെടുത്തിയ ഇ-മൈഗ്രേറ്റ് സംവിധാനത്തില്‍ പുതിയ തൊഴിലവസരങ്ങളുണ്ടാക്കാന്‍ നോര്‍ക്ക വീഴ്ചവരുത്തിയതിനാലാണ് നഴ്സിംഗ് നിയമന കാര്യത്തില്‍ കേരളത്തിലെ നഴ്സുമാരുടെ വഴിയടഞ്ഞത്.
തൊഴില്‍ തട്ടിപ്പ് വ്യാപകമായ പശ്ചാത്തലത്തിലാണ് ഇ.സി.ആര്‍. രാജ്യങ്ങളിലേക്കുള്ള നിയമനങ്ങള്‍ ഔദ്യോഗിക ഏജന്‍സികളിലൂടെയേ നടത്താവൂവെന്ന് 2015-ല്‍ ല്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചത്.
നോര്‍ക്ക തുടര്‍നടപടിയെടുക്കാത്തതിനാല്‍ കുവൈത്ത് സര്‍ക്കാര്‍ വാഗ്ദാനംചെയ്ത ആയിരം തൊഴിലവസരങ്ങളില്‍ നിയമനം നടന്നിട്ടില്ല. മലയാളി നഴ്സുമാരുടെ അവസരമാണ് നോര്‍ക്ക കാരണം ഇല്ലാതായത്.
അല്‍ഷിമേഴ്സ് ബാധിച്ച അമ്മയെ എന്തുചെയ്യണം : ജയിൽ IG
തിരുവനന്തപുരം: ജയിൽ ഐ ജി തനിക്കെതിരെ അപവാദപ്രചരണം നടത്തുന്നവർക്കെതിരെ പൊട്ടിത്തെറിക്കുന്നു. ക്വാര്‍ട്ടേഴ്സ് ആര്‍ക്കും വാടകയ്ക്ക് നല്‍കിയിട്ടില്ല. എന്റെ ജയില്‍ ക്വാര്‍ട്ടേഴ്സില്‍ ഉള്ളത് അല്‍ഷിമേഴ്സ് ബാധിച്ച എന്റെ അമ്മയാണ്. ജയില്‍ ചട്ടം ഞാന്‍ ലംഘിച്ചിട്ടില്ല.ജയില്‍ ഐജി ഗോപകുമാര്‍ പ്രതികരിച്ചു.
ജയില്‍ ഐജി സ്വന്തം ക്വാര്‍ട്ടെഴ്സ് ദുരുപയോഗം ചെയ്യുന്നു എന്ന് ആരോപണമുയരുകയും ജയില്‍ എഡിജിപി ശ്രീലേഖ ക്വാര്‍ട്ടെഴ്സില്‍ റെയിഡ് നടത്തുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജയില്‍ ഐജി ഗോപകുമാര്‍ അന്വേഷണത്തോട് പ്രതികരിച്ചത്. സ്വന്തം അനുഭവം ചൂണ്ടിക്കാട്ടി ജയില്‍ ഐജി പറയുന്നു.അല്‍ഷിമേഴ്സ് പിടിയില്‍ ഉള്ള അമ്മയെ ഞാന്‍ എന്ത് ചെയ്യണം. അമ്മയെ ശുശ്രുഷിക്കുക മകന്റെ ധര്‍മ്മം തന്നെയല്ലേ.
പൂര്‍ണ്ണമായും അല്‍ഷിമേഴ്സിന്റെ പിടിയില്‍ ആണ് അമ്മ. അവര്‍ ആരെയും തിരിച്ചറിയുന്നില്ല. പ്രാഥമിക കര്‍മ്മങ്ങളും കിടക്കയില്‍ തന്നെയാണ്. കൊച്ചു കുഞ്ഞിനെക്കാളും വലിയ സംരക്ഷണം അമ്മയ്ക്ക് വേണ്ട ഘട്ടമാണിത്. കഴിഞ്ഞ 15 വര്‍ഷമായി അമ്മ എനിക്കൊപ്പമാണ്. അച്ഛന്റെ മരണശേഷം അമ്മയെ പരിച്ചരിക്കേണ്ട ചുമതല എനിക്കാണ്.
തമിഴ്നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് ഇന്ന് ഒരു തീരുമാനം ഉണ്ടായേക്കും
ചെന്നൈ: തമിഴ്നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ഗവര്‍ണര്‍ സി വിദ്യാസാഗര്‍റാവു ഇന്ന് നിര്‍ണായക തീരുമാനം എടുത്തേക്കും. എ.ഐ.എ.ഡി.എം.കെ നിയമസഭാകക്ഷി നേതാവായി ശശികല നിയോഗിച്ച പളനിസാമിയും കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വവും കഴിഞ്ഞ ദിവസം ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ഇ പളനിസാമിയെ ഗവര്‍ണര്‍ ക്ഷണിക്കുമെന്നതിനാണ് സാധ്യത കൂടുതൽ.
സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ പളനിസാമിയെ ക്ഷണിക്കാതെ കൂത്തൂരിലെ റിസോര്‍ട്ടില്‍നിന്ന് പുറത്തിറങ്ങില്ലെന്ന നിലപാടിലാണ് ശശികല. 234 അംഗ തമിഴ്‌നാട് നിയമസഭയില്‍ 134 എം.എല്‍.എമാരാണ് എ.ഐ.എ.ഡി.എം.കെയ്ക്കുള്ളത്. ഇവരിൽ മിക്കവാറും ആളുകൾ ശശികലയുടെ പക്ഷത്താണ്.
അപേക്ഷിച്ച ഉടന്‍ പാന്‍ കാര്‍ഡ്
ന്യൂഡല്‍ഹി: അപേക്ഷിച്ച ഉടന്‍ പാന്‍ കാര്‍ഡ് ലഭിക്കാനുള്ള സംവിധാനം കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കുന്നു. ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഇ കെ വൈസി സംവിധാനമുപയോഗിച്ചാവും അഞ്ചു മിനുട്ടിനുള്ളില്‍ പാന്‍കാര്‍ഡ് ലഭ്യമാവുക. വിരലടയാളം ഉള്‍പ്പടെയുള്ളവ സ്വീകരിച്ചാവും ഇത്തരത്തില്‍ അതിവേഗത്തില്‍ പാന്‍കാര്‍ഡ് വിതരണം ചെയ്യുക.
പുതിയ സംവിധാനം പ്രകാരം പാന്‍കാര്‍ഡ് ലഭിക്കുന്നതിനുള്ള രേഖകളും വിരലടയാളവും നല്‍കിയാല്‍ അഞ്ച് മിനുട്ടിനുള്ളില്‍ പാന്‍കാര്‍ഡ് നമ്പര്‍ ലഭിക്കും. പാന്‍കാര്‍ഡും വൈകാതെ തന്നെ ലഭ്യമാക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. നിലവില്‍ പാന്‍കാര്‍ഡ് ലഭിക്കണമെങ്കില്‍ മൂന്നാഴ്ചയെങ്കിലും കാത്തിരിക്കണം.
അതേസമയം മൊബൈല്‍ ഫോണ്‍ വഴി ആദായനികുതി അടക്കാനും പാന്‍കാര്‍ഡിന് അപേക്ഷിക്കാനും പുതിയ ആപ്പും നികുതി വകുപ്പ് പുറത്തിറക്കുന്നുണ്ട്. പാന്‍ കാര്‍ഡിന് അപേക്ഷിക്കാനും റിട്ടേണ്‍ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാനും ഈ ആപ്പിലൂടെ കഴിയും.
കുപ്രസിദ്ധ കുറ്റവാളി കാലിയ റഫീഖ് വെട്ടേറ്റു മരിച്ചു
കാസർകോട്: കൊലപാതകം അടക്കം അനേകം കേസുകളില്‍ പ്രതിയായ ഉപ്പള മണിമുണ്ട സ്വദേശി കാലിയ റഫീഖ് (38) മംഗളൂരുവില്‍ കൊല്ലപ്പെട്ടു. മംഗളൂരു കെ സി റോഡിന് സമീപം കെട്ടേക്കാറില്‍ വെച്ചാണ് ടിപ്പര്‍ ലോറിയിലെത്തിയ സംഘം റഫീഖിനെ വെട്ടിക്കൊന്നത്. ചൊവ്വാഴ്ച രാത്രി 11.45 മണിയോടെയായിരുന്നു സംഭവം.
കൊലപാതകം, പിടിച്ചുപറി, മോഷണം, ഗുണ്ടാ പിരിവ് തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട റഫീഖ്. ഉപ്പളയിലെ ഗുണ്ടാ നേതാവായിരുന്ന മുത്തലിബിനെ വീടിന് സമീപത്ത് വെച്ച് കാര്‍ തടഞ്ഞ് വെടിവെച്ചും വെട്ടിയും കൊന്ന കേസിലും റഫീഖ് പ്രതിയാണ്.
റഫീഖ് സഞ്ചരിച്ച റിറ്റ്‌സ് കാറിനെ ടിപ്പർ ലോറിയിൽ പിന്തുടര്‍ന്ന അക്രമി സംഘം കെട്ടേക്കാറില്‍ വെച്ച് കാറില്‍ ഇടിക്കുകയും, റഫീഖിനെ വളഞ്ഞിട്ട് കൊല്ലുകയുമായിരുന്നു. സംഭവ സമയം ഫീഖിന്റെ സുഹൃത്തുക്കളും കാറിലുണ്ടായിരുന്നതായും വെടിവെപ്പുണ്ടായതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് ഉള്ളാള്‍ പൊലീസ് ഇൻസ്പെക്ടർ ഗോപീകൃഷ്ണയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. മൃതദേഹം ദേര്‍ളക്കട്ട കെ എസ് ഹെഡ്‌ഗെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.