
മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അല്‍തമാസ് കബീര്‍ അന്തരിച്ചു

തലശ്ശേരി: അക്രമത്തിന്റെയും അസഹിഷ്ണുതയുടെയും രാഷ്ട്രീയം അവസാനിപ്പിക്കാൻ സി പി എം നേതൃത്വം തയ്യാറാകണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ എം പി. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോലും അക്രമ രാഷ്ട്രീയമാണ് സി പി എം അനുവർത്തിക്കുന്നത്. മടപ്പള്ളി ഗവ. കോളേജിൽ കെ സ് യു സംഘടനാ പ്രവർത്തനം ആരംഭിച്ചതിനെ തുടർന്ന് എസ് എഫ് ഐ ആക്രമണത്തിൽ പരിക്കേറ്റ് തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കോൺഗ്രസ് നേതാക്കളെ സന്ദര്ശിക്കാനെത്തിയതായിരുന്നു അദ്ദേഹം.
മലപ്പുറം: പാര്‍ട്ടി പറഞ്ഞാല്‍ മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കാന്‍ തയാറെന്ന് ആവര്‍ത്തിച്ച് മുസ്ലീം ലീഗ് അഖിലേന്ത്യ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി. മികവുറ്റ നിരവധി നേതാക്കള്‍ ലീഗിലുണ്ട്. അവസരം ലഭിക്കുമ്പോഴെ എല്ലാവര്‍ക്കും മികവ് തെളിയിക്കാന്‍ സാധിക്കൂ, കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ഇതിനുമുമ്പും ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കുന്നതിനിടെ മലപ്പുറത്ത് ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കാന്‍ തയാറെന്ന് കുഞ്ഞാലിക്കുട്ടി വെളിപ്പെടുത്തിയിരുന്നു.
അതിനിടെ ചെന്നൈയില്‍ ചേരുന്ന മുസ് ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗം ദേശീയ ജനറല്‍ സെക്രട്ടറിയായി കുഞ്ഞാലിക്കുട്ടിയെ തിരഞ്ഞെടുക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് വര്‍ക്കിങ് പ്രസിഡന്റായി തമിഴ്‌നാട്ടില്‍ നിന്നുള്ള ഖാദര്‍ മൊയ്തീനെ തെരഞ്ഞെടുത്തിട്ടുണ്ട്.അതേസമയം താന്‍ ദേശീയ നേതൃത്വത്തിലേക്ക് മാറിയാലും സംസ്ഥാന നേതൃത്വത്തിന് ക്ഷീണം സംഭവിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ന്യൂഡൽഹി : ലോക മഹാത്ഭുതങ്ങളിൽ ഒന്നായ താജ്മഹലിന്റെ നിറം മാറുന്നു. ഇതിനെ തുടർന്ന് ദേശീയ ഹരിത ട്രൈബ്യുണൽ ഉത്തർപ്രദേശ് സർക്കാരിന് 20 ലക്ഷം രൂപ പിഴ ചുമത്തി. കാർബൺ പുകപടലവുമായി ചേർന്ന് ടാജ്മഹലിൽ പതിക്കുന്നതിനെ തുടർന്നാണ് നിറം മാറുന്നതെന്നാണ് കണ്ടെത്തൽ.
ആഗ്ര നദീ തീരത്ത് മുനിസിപ്പാലിറ്റി ഖര മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നെന്ന ആരോപണം എൻ ജി ഓ സംഘടനകളാണ് ഉയർത്തിയത്. ഇതിനു മറുപടി നൽകാത്ത സാഹചര്യത്തിലാണ് കോടതി യു പി സർക്കാരിന് പിഴ ചുമത്തിയത്. ജസ്റ്റിസ് സ്വതന്ത്രർ കുമാർ അധ്യക്ഷനായ ഹരിത ട്രൈബ്യുണൽ ബെഞ്ചാണ് ഉത്തരവിട്ടത്.
മറുപടി നൽകാത്ത ഓരോ ഉദ്യോഗസ്ഥർക്കും 20000 രൂപ പിഴ ചുമത്താനും കോടതി ഉത്തരവിട്ടു. താജ്മഹലിന് സമീപം പ്രവർത്തിക്കുന്ന കമ്പനികൾ അടയ്ക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. ഇത്രയധികം മാലിന്യങ്ങൾ കത്തിക്കുന്നത് മനുഷ്യജീവനും ആപത്താണ്, ട്രൈബ്യുണൽ വ്യക്തമാക്കി.
ചെന്നൈ: തമിഴ്നാട് നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പുമായി സംബന്ധിച്ചുണ്ടായ സംഘർഷങ്ങളുടെ പേരിൽ മറീന ബീച്ചിൽ നിരാഹാരമിരുന്ന തമിഴ്നാട് പ്രതിപക്ഷ നേതാവും ഡി.എം.കെ നേതാവുമായ എം.കെ സ്റ്റാലിനെതിരെ പോലീസ് കേസെടുത്തു. നഗരത്തില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചു എന്നതാണ് സ്റ്റാലിനെതിരായ കേസ്. സ്റ്റാലിനെതിരെ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
നിരാഹാരം തുടങ്ങി ഉടൻ തന്നെ സ്റ്റാലിനെയും സംഘത്തെയും പോലീസ് അറസ്റ് ചെയ്തു നീക്കിയിരുന്നു. അധികം വൈകാതെ വിട്ടയക്കുകയും ചെയ്തു. അതിനിടെ, ഫെബ്രുവരി 22 നു വ്യാപകമായി നിരാഹാര സമരം നടത്താൻ ഡി എം കെ തീരുമാനിച്ചു.
തിരുവനന്തപുരം: കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പോലീസ് അവസാനിപ്പിക്കുന്നുവെന്നു റിപ്പോർട്ട്. അന്വേഷണം ആരംഭിച്ച ഒരുവര്ഷമായിട്ടും കൂടുതൽ ശാസ്ത്രീയമായ തെളിവുകൾ ലഭിക്കാത്തതിനാലാണ് അന്വേഷണം അവസാനിപ്പിക്കുന്നത് എന്ന് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പ്രാഥമിക പരിശോധനയില്‍ ലഭിച്ചതില്‍ കൂടുതല്‍ തെളിവുകളൊന്നും പോലീസിന് ലഭിച്ചിരുന്നില്ല. ഈ തെളിവുകൾ മരണത്തിൽ അസ്വാഭാവികത ഉണ്ടെന്നു തെളിയിക്കാൻ അപര്യാപ്തവുമാണ്. ഈ സാഹചര്യത്തില്‍ കേസുമായി ബന്ധപ്പെട്ട ഇതുവരെ കണ്ടെത്തിയ രേഖകള്‍ പരിശോധിച്ച ശേഷം പോലീസ് കേസ് അവസാനിപ്പിക്കും. കേസ്ഏതെങ്കിലും ദേശീയ ഏജൻസി അന്വേഷിക്കട്ടെ എന്ന നിലപാടിലാണ് പോലീസ് എന്നാണ് സൂചന.എന്നാല്‍ കൊലപാതകമാണെന്ന പരാതിയില്‍ ഉറച്ച് നില്‍ക്കുകയാണ് മണിയുടെ കുടുംബം.തെളിവില്ലെന്ന് പറയുന്നത് ശരിയല്ല. നുണ പരിശോധനയില്‍ വിശ്വാസമില്ല. പോലീസിന്റെ നിലപാട് കാത്തിരിക്കുകയായിരുന്നെന്നും കോടതി വഴി നീതി തേടുമെന്നും മണിയുടെ സഹോദരൻ പ്രതികരിച്ചു.
തിരുവല്ല: കെ സ് ടി പി യുടെ റോഡ് നിർമാണ പ്രവർത്തനങ്ങൾക്കിടയിൽ കുടിവെള്ള പൈപ്പുപൊട്ടി സമീപത്തെ പെട്രോൾ പമ്പിൽ വെള്ളം കയറി. ഇതേ തുടർന്ന് ചങ്ങനാശ്ശേരിയിലും സമീപത്തെ വില്ലേജുകളിലും രണ്ടു ദിവസത്തേക്ക് കുടിവെള്ളം മുടങ്ങും.
റോഡ് താഴ്ത്തുന്നതിന്റെ ഭാഗമായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പണികൾ നടത്തവേ വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെ ആയിരുന്നു 450 എം എം ഡക്ട് അയൺ കുടിവെള്ള പൈപ്പ് പൊട്ടിയത് . പെട്രോൾ പമ്പിന് 50 മീറ്റർ മാറിയാണ് പൈപ്പിൽ പൊട്ടലുണ്ടായത്. പമ്പിലെ പെട്രോൾ – ഡീസൽ ടാങ്കുകളിൽ വെള്ളം കയറിയതിനെ തുടർന്ന് പമ്പ് അടച്ചിട്ടു.
പൊട്ടിയ പൈപ്പിന്റെ അറ്റകുറ്റ പണികൾ തീർക്കാൻ രണ്ടു ദിവസമെങ്കിലും വേണ്ടി വരുമെന്നാണ് അധികാരികൾ പറയുന്നത്. ചങ്ങനാശ്ശേരി നഗരസഭാ, പായിപ്പാട്, തൃക്കൊടിത്താനം, കുറിച്ചി, വാഴപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലാണ് കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നത്.