പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ദേശീയപാതയോരത്ത് സ്ഥാപിക്കുന്ന താത്കാലിക വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.നാരായണന്‍ നിര്‍വഹിച്ചു. പാപ്പിനിശ്ശേരി ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് എതിര്‍വശം ദേശീയപാതയോരത്തെ 150 മീറ്റര്‍ ഭാഗമാണ് ശുചീകരിച്ച് വിശ്രമകേന്ദ്രമാക്കുന്നത്. ഇരിപ്പിടസൗകര്യത്തോടെ പ്രകൃതിയോടിണങ്ങുന്നരീതിയില്‍ നിര്‍മിക്കുന്ന വിശ്രമകേന്ദ്രത്തിനുസമീപം പൊതു ടോയ്‌ലറ്റും സ്ഥാപിക്കും. ചടങ്ങില്‍ കോട്ടൂര്‍ ഉത്തമന്‍ അധ്യക്ഷനായിരുന്നു. ഉപ്പേരി വത്സന്‍, പി.വി.രാജീവന്‍, കെ.പ്രമീള, പോള രാജന്‍, ടി.വി.രാജീവന്‍, പഞ്ചായത്ത് സെക്രട്ടറി ജെയ്‌സണ്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു.
ഡി.വൈ.എഫ്.ഐ. ബൈക്ക്‌റാലി നടത്തി
കൂത്തുപറമ്പ്: ഭഗത് സിങ് രക്തസാക്ഷിദിനാചരണത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ. കൂത്തുപറമ്പ് ബ്ലോക്ക് കമ്മിറ്റി ബൈക്ക്‌റാലി നടത്തി. പാട്യം ഗോപാലന്‍ മെമ്മോറിയല്‍ മിനി സ്റ്റേഡിയത്തില്‍ രക്തസാക്ഷി കെ.വി.റോഷന്റെ പിതാവ് കെ.വി.വാസു ഫ്‌ളാഗ് ഓഫ് ചെയ്തു. കെ.വിനോദ് അധ്യക്ഷനായിരുന്നു. അഭിലാഷ് പനോളി സംസാരിച്ചു. റാലി മെരുവമ്പായിയില്‍ സമാപിച്ചു.
കോര്‍പ്പറേഷന്‍ പരിധിയിലെ 30 സ്‌കൂളുകളിലെ കുട്ടികള്‍ക്ക് യോഗ-നീന്തല്‍ പരിശീലനം നല്‍കി
കണ്ണൂര്‍: കോര്‍പ്പറേഷന്‍ പരിധിയിലെ 30 സ്‌കൂളുകളിലെ കുട്ടികള്‍ക്ക് യോഗ-നീന്തല്‍ പരിശീലനം നല്‍കി. 500 കുട്ടികൾക്ക് യോഗ പരിശീലനവും 300 കുട്ടികൾക്ക് നീന്തൽ പരിശീലനവും നൽകി. പഠിച്ചകാര്യങ്ങള്‍ പൊതുജനങ്ങളുടെമുന്നില്‍ പ്രദര്‍ശിപ്പിച്ചാണ് കുട്ടികൾക്ക് സർട്ടിഫിക്കറ്റ് നൽകിയത്. യോഗപ്രദര്‍ശനം നടന്നത് കണ്ണൂര്‍ ജൂബിലി ഹാളിലും നീന്തല്‍പ്രദര്‍ശനം നടന്നത് കണ്ണൂര്‍ സിറ്റിസെന്ററിലെ നീന്തൽ കുളത്തിലുമായിരുന്നു. പ്രദര്‍ശനത്തിന്റെയും സര്‍ട്ടിഫിക്കറ്റ് വിതരണത്തിന്റെയും ഉദ്ഘാടനം മേയര്‍ ഇ.പി.ലത നിര്‍വഹിച്ചു. ഡെപ്യൂട്ടി മേയര്‍ പി.കെ.രാഗേഷ് അധ്യക്ഷതവഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ ഷാഹിനാമൊയ്തീന്‍, ടി.ഒ.മോഹനന്‍, കെ.ജെമിനി, വെള്ളോറ രാജന്‍, പി.ഇന്ദിര തുടങി ഒട്ടേറെ പ്രമുഖർ ചടങ്ങിൽ സംസാരിച്ചു
നാടക കലാകാരന്മാരുടെ കൂട്ടായ്മ നാളെ
കണ്ണൂർ : ലോക നാടക ദിനത്തോടനുബന്ധിച്ച് നന്മ കണ്ണൂർ ജില്ലാ കമ്മിറ്റുയുടെ ആഭിമുഖ്യത്തിൽ നാളെ വൈകുന്നേരം നാല് മണിക്ക് പഴയ ബസ് സ്റ്റാൻഡ് പരിസരത്തു നാടക കലാകാരന്മാരുടെ കൂട്ടായ്മ സംഘടിപ്പിക്കുന്നു. ഡോ ജെ എസ് പോൾ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പഴയകാല മുതിർന്ന നാടക കലാകാരന്മാരെ ആദരിക്കുന്നു.
അശ്ലീല സംഭാഷണം പുറത്തുവന്നതിനെ തുടര്‍ന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ രാജിവെച്ചു
കോഴിക്കോട്: ഫോണിലൂടെയുള്ള അശ്ലീല സംഭാഷണം പുറത്തുവന്നതിനെ തുടര്‍ന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ രാജിവെച്ചു. പിണറായി മന്ത്രിസഭയിലെ എന്‍സിപി പ്രതിനിധിയും കോഴിക്കോട് എലത്തൂര്‍ നിന്നുള്ള എം എൽ എ യുമാണ് അദ്ദേഹം. ഒരു സ്വകാര്യ ചാനലാണ് മന്ത്രി സ്ത്രീയെ ഫോണില്‍ വിളിച്ച് അശ്ലീല സംഭാഷണം നടത്തിയെന്ന വാര്‍ത്ത ശബ്ദരേഖ ഉള്‍പ്പെടെ പുറത്തുവിട്ടത്. തുടർന്ന് ശശീന്ദ്രന്‍ മുഖ്യമന്ത്രിയെ വിളിച്ച് രാജിസന്നദ്ധത അറിയിക്കുകയായിരുന്നു. രാജി ഏതെങ്കിലും തരത്തിലുള്ള കുറ്റസമ്മതമല്ലെന്നും ശരിതെറ്റുകളേക്കാള്‍ ധാര്‍മികതയ്ക്ക് പ്രാധാന്യം നൽകുന്നുവെന്നും അദ്ദേഹം വാർത്താസമ്മേളനത്തിലൂടെ അറിയിച്ചു.
സമ്പൂർണ്ണ പാർപ്പിട പദ്ധതിയ്ക്ക് 3 കോടി
പരിയാരം: പരിയാരം ഗ്രാമ പഞ്ചായത് ബജറ്റ് പഞ്ചായത് വൈസ് പ്രസിഡന്റ് കെ വി രമ അവതരിപ്പിച്ചു. സമ്പൂർണ്ണ പാർപ്പിട പദ്ധതിയ്ക്ക് മുന്ന് കോടി രൂപയും രോഗി സൗഹൃദ ആശുപത്രിയ്ക്ക് 35 ലക്ഷം രൂപയും വകയിരുത്തിയാണ് ബജറ്റവതരിപ്പിച്ചത്. കൂടാതെ ജല സുഭിക്ഷ കുടിവെള്ള പദ്ധതിക്ക് 30 ലക്ഷം രൂപയും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് 60 ലക്ഷം രൂപയും മാറ്റിവെച്ചിട്ടുണ്ട്. കൂടാതെ സംരംഭകത്വ പ്രോത്സാഹനം, ശുചിത്വ ഗ്രാമം തുടങ്ങിയ പദ്ധതികൾക്കും തുക നീക്കിവെച്ചിട്ടുണ്ട്. പ്രസിഡന്റ് എ രാജേഷ് അധ്യക്ഷത വഹിച്ചു.
മൂന്നാറില്‍ അനധികൃത നിർമ്മാണം തടയൽ മാത്രം
തിരുവനന്തപുരം: മൂന്നാറില്‍ അനധികൃത നിർമ്മാണവും മണ്ണ്, പാറഖനനവും തടഞ്ഞാൽ മതിയെന്ന നിലപാടിലേക്ക് സി.പി.ഐ. എത്തുന്നു. സര്‍ക്കാര്‍ നടപ്പാക്കിയ അനധികൃത റിസോര്‍ട്ടുകളുടെ പൊളിച്ചടുക്കല്‍ ആവര്‍ത്തിക്കില്ല. മൂന്നാറില്‍ നിര്‍മാണങ്ങള്‍ക്ക് നിലവില്‍ റവന്യൂവകുപ്പിന്റെ അനുമതിവേണം. കോടതിവിധിയുടെ അടിസ്ഥാനത്തിലായിരുന്നു ഈ തീരുമാനം. വീടുവെയ്ക്കുന്നതിനും ചെറിയ കടമുറികൾക്കും മാത്രമേ അനുമതി നൽകുന്നുള്ളൂ.
അനധികൃത നിര്‍മാണങ്ങള്‍ക്കെതിരേ ശക്തമായ നടപടിയായിരിക്കും റവന്യൂ അധികൃതര്‍ സ്വീകരിക്കുക. പാറ, മണ്ണ് ഖനനത്തിനും അനുമതി നല്‍കില്ല. നിലവില്‍ വിരമിച്ച സൈനികോദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി കളക്ടറുടെ അധികാരപരിധിയില്‍ അവിടെ ദിവസ വേതന അടിസ്ഥാനത്തിൽ ഭൂസംരക്ഷണസേനയുണ്ട്.
എം എം ഹസൻ കെ പി സി സിയുടെ താൽക്കാലിക പ്രസിഡന്റ്
തിരുവനന്തപുരം: കെ പി സി സിയുടെ താൽക്കാലിക പ്രസിഡന്റായി എം എം ഹസൻ ചുമതലയേറ്റു. ഡൽഹിയിൽ വെച്ച് സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ ചേർന്ന ഹൈക്കമാന്റിന്റേതാണ് തീരുമാനം. വി എം സുധീരൻ രാജി വെച്ചതിന് പിന്നാലെ ഏത് സ്ഥാനം നൽകിയാലും സ്വീകരിക്കാൻ തയാറാണെന്ന് ഹസൻ വ്യക്തമാക്കിയിരുന്നു. എത്ര കാലത്തേക്കാണ് ഈ നിയമനമെന്ന് പാർട്ടി വ്യക്തമാക്കിയിട്ടില്ല.
എസ് എസ് എൽ സി കണക്കു പരീക്ഷ റദ്ദാക്കി; പുതിയ പരീക്ഷ മാർച്ച് 30 ന്
തിരുവനന്തപുരം : ഉത്തരക്കടലാസ് ചോർന്നു എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ഇക്കൊല്ലത്തെ എസ് എസ് എൽ സി കണക്കു പരീക്ഷ റദ്ദാക്കി. മാർച്ച് 30 ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് പുതിയ തീയതി. സംഭവത്തെക്കുറിച്ചു വകുപ്പുതല അന്വേഷണത്തിനു തീരുമാനമായി. ഉഷ ടൈറ്റസ് ഐ എ എസ് കേസ് അന്വേഷിക്കും.
അമ്മയ്ക്കും ഫെഫ്ക്കയ്ക്കും എതിരെ ആഞ്ഞടിച്ച് സംവിധായകൻ വിനയൻ
കൊച്ചി : താര സംഘടനയായ അമ്മയ്ക്കും സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്ക്കയ്ക്കുമെതിരെ ആഞ്ഞടിച്ച് സംവിധായകൻ വിനയൻ. ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ, അമ്മ പ്രസിഡന്റ ഇന്നസെന്റ് എന്നിവർ രാജി വെക്കണമെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ പ്രവർത്തിച്ചവരിൽ മോഹൻലാലുമുണ്ട്. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് വിനയൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. താൻ പൊരുതി നേടിയ ഈ വിജയം നടൻ തിലകന് സമർപ്പിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരെ വിലക്കുണ്ടായപ്പോൾ തനിക്കു വേണ്ടി സംസാരിച്ച സുകുമാർ അഴീക്കോടിനെ അധിക്ഷേപിച്ചതായും വിനയൻ പറഞ്ഞു. തനിക്കു നഷ്ട്ടപ്പെട്ട എട്ടര വർഷം തിരിച്ചു തരാൻ ആർക്കും കഴിയില്ല. സംവിധായകരായ ബി ഉണ്ണികൃഷ്ണൻ, സിബി മലയിൽ, സിദ്ധിഖ്,കമൽ എന്നിവർക്കെതിരെ രൂക്ഷമായ ആരോപണങ്ങളാണ് വിനയൻ ഉന്നയിച്ചിരിക്കുന്നത്.