എടക്കാട്: മുഴപ്പിലങ്ങാട് പാച്ചാക്കര അങ്കണവാടിക്ക് സമീപം കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് 15 പേര്‍ക്കെതിരേ എടക്കാട് പോലിസ് കേസെടുത്തു. പ്രതികളെല്ലാം സമീപവാസികളാണ്. മുഖംമൂടി ധരിച്ച് ആയുധങ്ങളുമായെത്തിയ സംഘം ആറു ബൈക്കുകളും വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബിഎംഡബ്ല്യു കാറും തകര്‍ത്തു.ബോംബേറിലും അക്രമത്തിലും പ്രദേശത്ത് പ്രതിഷേധം വ്യാപകമായി. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പോലിസ് നിലയുറപ്പിച്ചിട്ടുണ്ട്. രണ്ടുദിവസം മുമ്പ് എടക്കാട് റെയില്‍വേ സ്റ്റേഷനടുത്തുനിന്ന് കഞ്ചാവ് വില്‍പനയുമായി ബന്ധപ്പെട്ട് മൂന്നുപേരെ എടക്കാട് പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. കഞ്ചാവ് സംഘത്തെക്കുറിച്ച് പോലിസിന് വിവരം നല്‍കിയത് പാച്ചാക്കരയിലെ എസ്ഡിപിഐ പ്രവര്‍ത്തകരായ യുവാക്കളാണെന്ന സംശയത്തെ തുടര്‍ന്നാണ് സംഘം ആക്രമണം നടത്തിയത്.അക്രമത്തില്‍ പരിക്കേറ്റ എസ്ഡിപിഐ പ്രവര്‍ത്തകരായ പാച്ചക്കരയിലെ മുഹമ്മദ് അശ്‌റഫ്(21), മുഹമ്മദ് സഹല്‍(20) എന്നിവര്‍ തലശ്ശേരി— സഹകരണ ആശുപത്രിയില്‍ ചികില്‍സയിലാണ്
ഇനി ബി എസ് 4 വാഹനങ്ങൾ മാത്രം
ന്യൂഡല്‍ഹി: ഭാരത് സ്‌റ്റേജ്-3 (ബി.എസ്-3) വാഹനങ്ങള്‍ ഏപ്രില്‍ ഒന്നുമുതല്‍ വില്‍ക്കാനാകില്ല. ബി.എസ്.-4നെക്കാള്‍ 80 ശതമാനം കൂടുതല്‍ മലിനീകരണമുണ്ടാക്കുന്ന ബി.എസ്.-3 വാഹനങ്ങള്‍ ഏപ്രില്‍ ഒന്നുമുതല്‍ വില്‍ക്കാന്‍ അനുവദിക്കരുതെന്ന് സുപ്രിം കോടതിവിധിപ്രസ്താവം നടത്തി. കേസില്‍ ജഡ്ജിമാരായ മദന്‍ ബി. ലോകൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്.
ഏപ്രില്‍ ഒന്നുമുതല്‍ ബി.എസ്.-4 മാനദണ്ഡം നിലവില്‍വരുന്നതോടെ നേരത്തെ നിര്‍മിച്ച ബി.എസ്.-3 വാഹനങ്ങളുടെ സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ബി.എസ്-4 വാഹനങ്ങള്‍ മാത്രമെ ഇനി വില്‍ക്കാന്‍ സാധിക്കു.
കെ.എസ്.യു. മാര്‍ച്ചില്‍ സംഘര്‍ഷം
കണ്ണൂര്‍: എസ്.എസ്.എല്‍.സി., പ്ലസ്ടു ചോദ്യക്കടലാസ് ചോര്‍ന്നതില്‍ പ്രതിഷേധിച്ച് കെ.എസ്.യു. പ്രവര്‍ത്തകര്‍ നടത്തിയ ഡി.ഡി.ഇ. ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസും പ്രവര്‍ത്തകരും തമ്മിലുണ്ടായ ബലപ്രയോഗത്തിനിടെ കെ.എസ്.യു. പ്രവര്‍ത്തകന്‍ അശ്വിന്‍ മതുക്കോത്ത് ബോധരഹിതനായി വീണു. അശ്വിനെയും ജില്ലാപ്രസിഡന്റുള്‍പ്പടെയുള്ള മറ്റുപ്രവര്‍ത്തകരെയും പോലീസ് വാഹനത്തില്‍ അറസ്റ്റുചെയ്തു നീക്കി. ഗതാഗതം തടസ്സപ്പെടുത്തിയതിന് ടൗണ്‍പോലീസ് കേസെടുത്തു. അറസ്റ്റുചെയ്ത 16 പേരെ പിന്നീട് വിട്ടയച്ചു. ഡി.സി.സി. പ്രസിഡന്റ് സതീശന്‍ പാച്ചേനി ഉദ്ഘാടനം ചെയ്തു. പി.മുഹമ്മദ് ഷമ്മാസ് അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി വി.കെ.അതുല്‍, റിജില്‍ മാക്കുറ്റി, എം.കെ.അരുണ്‍ തുടങ്ങിയവർ സംസാരിച്ചു.
ഫോൺവിളി വിവാദം: പി.എസ്. ആന്റണി കമ്മിഷൻ അന്വേഷിക്കും
തിരുവനന്തപുരം∙ എ.കെ. ശശീന്ദ്രന്‍ മന്ത്രിപദവി രാജിവച്ചൊഴിയാൻ കാരണമായ ഫോൺവിളി വിവാദം ജസ്റ്റിസ് പി.എസ്. ആന്റണി അധ്യക്ഷനായ ജുഡീഷ്യൽ കമ്മിഷൻ അന്വേഷിക്കും. ഇന്നു ചേർന്ന മന്ത്രിസഭായോഗത്തിലാണു തീരുമാനം. ഞായറാഴ്ചയാണ് എ.കെ.ശശീന്ദ്രന്റേതെന്നു കരുതുന്ന അശ്ലീല ശബ്ദരേഖ പുറത്തുവന്നത്. ഒരു സ്വകാര്യ ടെലിവിഷൻ ചാനലാണ് ഇതു പുറത്തുവിട്ടത്. ആരോപണമുയർന്നതിനെ തുടർന്ന് ശശീന്ദ്രൻ രാജിവച്ചിരുന്നു. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിരുന്നു.
പ്ലാസ്റ്റിക് ബദൽ ഉൽപ്പന്ന പ്രദർശന വിപണനമേള ഇന്ന്
ഇരിട്ടി : ഇരിട്ടി നഗരസഭയിൽ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കിയതിനാൽ പ്ലാസ്റ്റിക് ബദൽ ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കുന്നതിനായി ഇന്ന് രാവിലെ ഇരിട്ടി പഴയ ബസ് സ്റ്റാൻഡ് പരിസരത്തു തുണി സഞ്ചികളുടെയും മറ്റു ബദൽ ഉൽപ്പന്നങ്ങളുടെയും പ്രദർശന വിൽപ്പന മേള നടത്തും. നഗരസഭാ, വ്യാപാരി സംഘടനകൾ, ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിലാണ് മേള നടത്തുന്നത്.
സിനിമ നിർമാതാവിനെതിരെ കൊച്ചിയിൽ ഗുണ്ടാ ആക്രമണം
കൊച്ചി: സിനിമ നിർമ്മാതാവിനും പ്രൊഡക്ഷൻ കൺട്രോളർക്കുമെതിരെ കൊച്ചിയിൽ ഗുണ്ടാ ആക്രമണം. പത്തോളം പേർ ചേർന്നാണ് ആക്രമണം നടത്തിയത്. ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ജയറാം നായകനാകുന്ന ആകാശമിട്ടായി എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന ഇടശ്ശേരി മെൻഷൻ എന്ന ഹോട്ടലിൽ വെച്ചാണ് അക്രമം ഉണ്ടായത്. നിർമാതാവ് മഹാ സുബൈർ, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ മാസം കൊച്ചിയിൽ നടിക്ക് നേരെ ഗുണ്ടാ ആക്രമണം ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് നിർമാതാവിന് നേരെ ഉള്ള ആക്രമണം. ഇത് കൊച്ചിയിലെ ഗുണ്ടാ വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.
യു ഡി എഫ് ജില്ലാ കമ്മിറ്റി യോഗം
കണ്ണൂർ : യു ഡി എഫ് ജില്ലാ കമ്മിറ്റി അംഗങ്ങളുടെയും നിയോജക മണ്ഡലം ചെയർമാൻമാർ, കൺവീനർമാർ എന്നിവരുടെ സംയുക്ത യോഗം 30നു രാവിലെ 10നു ഡി സി സി ഓഫീസിൽ ചേരുമെന്ന് ജില്ലാ ചെയർമാൻ പ്രൊഫ: എ ഡി മുസ്തഫ അറിയിച്ചു.
നഴ്സിങ് റിക്രൂട്ട്മെന്റ് കേസ്: പ്രധാന പ്രതി ഉതുപ്പ് വർഗീസ് നെടുമ്പാശേരിയിൽ അറസ്റ്റിൽ
കൊച്ചി: നഴ്സിങ് റിക്രൂട്ട്മെന്റ് കേസിലെ പ്രധാന പ്രതി ഉതുപ്പ് വർഗീസ് നെടുമ്പാശേരി വിമാനത്താവളത്തിൽ വെച്ച് അറസ്റ്റിലായി. അബുദാബിയിൽനിന്നാണ് നെടുമ്പാശേരിയിൽ എത്തിയത്. ഇയാൾക്കെതിരെ സിബിഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എമിഗ്രേഷൻ വിഭാഗം ഉതുപ്പ് വർഗീസിനെ സിബിഐക്കു കൈമാറി. ഇയാളെ ഇന്നു കോടതിയിൽ ഹാജരാക്കും. റിക്രൂട്ട്‌മെന്റ് ഫീസായി 19,500 രൂപ വാങ്ങാന്‍ അനുമതിയുണ്ടായിരുന്നപ്പോള്‍ ഉതുപ്പിന്റെ കൊച്ചിയിലെ റിക്രൂട്ട്മന്റ് സ്ഥാപനമായ അല്‍-സറാഫ് ഏജന്‍സി ഓരോരുത്തരില്‍ നിന്നും 19,50,000 രൂപ വീതം വാങ്ങിയാണ് വന്‍ തട്ടിപ്പ് നടത്തിയത്. ഉതുപ്പ് വര്‍ഗീസിന്റെ ഭാര്യ സൂസന്‍ വർഗീസും കേസിലെ മറ്റൊരു പ്രതിയാണ്.
രാമന്തളിയിൽ ജനാരോഗ്യ സമിതിയുടെ പ്രകടനത്തിനു നേരെ നാവികൻ കാർ ഓടിച്ചു കയറ്റി : ഒരാൾക്ക് പരിക്ക്
എ.കെ.ശശീന്ദ്രൻ നിരപരാധിയെങ്കിൽ തിരികെ കൊണ്ടുവരണം: ശരത് പവാർ
തിരുവനന്തപുരം∙ സ്ത്രീയോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്ന ആരോപണത്തെ തുടർന്ന് മന്ത്രിസ്ഥാനം രാജിവച്ച എ.കെ ശശീന്ദ്രൻ നിരപരാധിയെങ്കിൽ തിരികെ കൊണ്ടുവരണമെന്ന് പാർട്ടി അധ്യക്ഷൻ ശരദ് പവാർ ആവശ്യപ്പെട്ടു. അന്വേഷണം മൂന്നു മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും ശരദ് പവാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഒരു സ്വകാര്യ ചാനലാണ് ശശീന്ദ്രന്‍ സ്ത്രീയോട് അശ്ലീല സംഭാഷണം നടത്തിയെന്ന പേരില്‍ ശബ്ദരേഖ പുറത്തുവിട്ടത്. ഫോണ്‍ ചോര്‍ത്തല്‍ നിയമവിരുദ്ധമാണെന്നും ഇക്കാര്യവും അന്വേഷിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ശശീന്ദ്രന് പകരം പുതിയ മന്ത്രിയെ നിയമിക്കുന്നത് സംബന്ധിച്ച എന്‍സിപി ദേശീയ നേതൃത്വത്തിന്റെ തീരുമാനം വൈകുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.