ആലപ്പുഴ: മലപ്പുറം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥി പികെ കുഞ്ഞാലിക്കുട്ടി ജയിക്കുമെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. താന്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ്. ഇനി സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിനില്ല. ഇനിയുള്ള കാലം എസ്എന്‍ഡിപിയും എസ്എന്‍ ട്രസ്റ്റുമായി മുന്നോട്ട് പോകുമെന്നും വെള്ളാപ്പള്ളി നടേശന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
തോമസ് ചാണ്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: പിണറായി വിജയന്‍ മന്ത്രിസഭയിലെ പുതിയ മന്ത്രിയായി കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗതാഗതം, ജലഗതാഗതം എന്നീ വകുപ്പുകളുടെ ചുമതലയാണ് തോമസ് ചാണ്ടിക്കുള്ളത്. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം സത്യവാചകം ചൊല്ലികൊടുത്തു. ഫോണ്‍വിളി വിവാദത്തില്‍പെട്ട് എകെ ശശീന്ദ്രന്‍ രാജിവച്ച ഒഴിവിലേക്കാണ് തോമസ് ചാണ്ടിയെ തിരഞ്ഞെടുത്തത്.
വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമത്വം; പരാതിയുമായി പ്രതിപക്ഷം
ഭോപ്പാൽ∙ രാജ്യവ്യാപകമായി വോട്ടിങ് യന്ത്രത്തിൽ വ്യാപക തിരിമറി നടക്കുന്നുവെന്ന പ്രതിപക്ഷ പാർട്ടികളുടെ പരാതിക്കിടയിൽ വോട്ടിങ് യന്ത്രങ്ങളിൽ ബിജെപി ചായ്‌വ്. ഉപതിരഞ്ഞെടുപ്പു നടക്കുന്ന മധ്യപ്രദേശിൽ, മാധ്യമങ്ങൾക്കു മുന്നിൽ അവതരിപ്പിച്ച വോട്ടിങ് യന്ത്രത്തിലാണ് ആർക്കു വോട്ടു ചെയ്താലും അത് ബിജെപി സ്ഥാനാർഥിക്കു രേഖപ്പെടുത്തുന്നതായി ആരോപണമുയർന്നത്.
അടുത്തിടെ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ഉത്തർപ്രദേശിൽ, വോട്ടിങ് യന്ത്രത്തിൽ വ്യാപക തിരിമറി നടന്നതായി ബിഎസ്പി നേതാവ് മായാവതി ആരോപിച്ചിരുന്നു. അതേസമയം, വോട്ടിങ് യന്ത്രം പൂർണമായും പ്രവർത്തന സജ്ജമായിരുന്നില്ലെന്നും വിവാദം സൃഷ്ടിക്കുന്നതിനായി മാധ്യമപ്രവർത്തകർ കാര്യങ്ങൾ വളച്ചൊടിക്കുകയാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷണർ വ്യക്തമാക്കി.
ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കും
തിരുവനന്തപുരം: എസ്.എസ്.എല്‍.എസി കണക്കു പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കും. പൊതുവിദ്യാഭ്യാസ സെക്രട്ടറി നടത്തിയ അന്വേഷണത്തില്‍ യഥാർത്ഥ വിവരം പുറത്തു വരാത്തതിനാലാണ് വിജിലൻസിനെ അന്വേഷണം ഏൽപ്പിക്കുന്നത്. പൊതു വിദ്യാഭ്യാസ സെക്രട്ടറി ഉഷാ ടൈറ്റസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. കൂടുതല്‍ അന്വേഷണം വേണമെന്നും ഡിപ്പാര്‍ട്ട്‌മെന്റ് തല അന്വേഷണത്തിന് പരിധിയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് പൊതു വിദ്യാഭ്യാസ സെക്രട്ടറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
കള്ളപ്പണവും നികുതിവെട്ടിപ്പും തടയാനുറച്ച് മോദി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക നിർദേശപ്രകാരം കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള ഉപാധിയെന്ന നിലയ്ക്കുമാത്രം പ്രവർത്തിക്കുന്ന ‘കടലാസു കമ്പനി’കൾക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മിന്നൽ പരിശോധന നടത്തി. ഡൽഹി, ചെന്നൈ, കൊൽക്കത്ത, ചണ്ഡിഗഡ്, പാട്ന, റാഞ്ചി, അഹമ്മദാബാദ്, ഭുവനേശ്വർ, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു പരിശോധന. മൂന്നൂറിലധികം കമ്പനികളുടെ ഓഫിസുകളിൽ പരിശോധന നടത്തിയതായാണ് വിവരം.
കള്ളപ്പണത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന പോരാട്ടത്തിന്റെ ഭാഗമായാണ് ഇത്തരം കമ്പനികളെ കണ്ടെത്തി നിയമത്തിനു കീഴിൽ കൊണ്ടുവരാനുള്ള ശ്രമം. കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഏകദേശം 1150ൽ അധികം കടസാലു കമ്പനികൾ നികുതി വെട്ടിക്കുന്നതിനും കള്ളപ്പണം വെളുപ്പിക്കുന്നതിനുമായി ഉപയോഗിച്ചിട്ടുണ്ടെന്നാണ് കണക്ക്. 500, 1000 രൂപാ നോട്ടുകൾ അസാധുവാക്കിയ 2016 നവംബർ എട്ടിനുശേഷം മാത്രം ഇത്തരം കമ്പനികളുടെ സഹായത്തോടെ സഹായത്തോടെ അഞ്ഞൂറിലധികം പേർ 3,900 കോടി രൂപ വെളുപ്പിച്ചതായും റിപ്പോർട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്തരം കമ്പനികളെ ലക്ഷ്യമിട്ടുള്ള കേന്ദ്രസർക്കാർ നീക്കം.
തൃശൂര്‍ മെഡി.കോളജ് മോര്‍ച്ചറിയില്‍ അഞ്ചുമാസം, വിദേശ വനിതയുടെ മൃതദേഹം സംസ്‌കരിച്ചു .
തൃശൂര്‍: അഞ്ചുമാസത്തെ കാത്തിരിപ്പിന് ശേഷം തൃശൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന റുമാനിയന്‍ യുവതി റോബര്‍ട്ടിന(40)യുടെ മൃതദേഹം സംസ്‌കരിച്ചു.ഗുരുവായൂരിലെ ഫഌറ്റില്‍ നിന്ന് ഒമ്പതാം നിലയില്‍ നിന്ന് ചാടി മരിച്ച നിലയിലാണ് യുവതിയുടെ മൃതദേഹം കഴിഞ്ഞ നവംബര്‍ ഒന്നിന്് കണ്ടെത്തിയത്. റുമാനിയന്‍ എംബസിയില്‍ വിവരം അറിയിച്ചിരുന്നെങ്കിലും നടപടിക്രമങ്ങള്‍ വൈകിയത് മൂലം മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.
ഗുരുവായൂര്‍ സ്വദേശിയായ ഹരിഹരനെ വിവാഹം കഴിച്ചതിന് ശേഷമാണ് റുമാനിയന്‍ സ്വദേശി ഗുരുവായൂരിലെത്തിയത്. യുവതിയുടെ അമ്മയുടെ കാൻസർ രോഗം ഇവരെ ദുഖത്തിലാഴ്ത്തിയിരുന്നതായി പറയപ്പെടുന്നു.ഇവരുടെ ആത്മഹ്യകുറിപ്പും പോലീസിന് ലഭിച്ചിരുന്നു.ഗുരുവായൂര്‍, മെഡിക്കല്‍ കോളജ് പോലിസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടപടിക്രമങ്ങള്‍ക്ക് ശേഷം ഇവരുടെ ഭര്‍ത്താവ് ഹരിഹരന്‍ മൃതദേഹം ഏറ്റുവാങ്ങി. പിന്നീട് ഗുരുവായൂര്‍ ശ്മശാനത്തിലെത്തി സംസ്്കരിച്ചു.
ജിന്നാ ഹൗസ് വിട്ടുകിട്ടണമെന്ന് പാകിസ്താന്‍
മുംബൈ: ദക്ഷിണ മുംബൈയിലെ ജിന്നാ ഹൗസ് വിട്ടുകിട്ടണമെന്ന് പാകിസ്താന്‍ വീണ്ടും ആവശ്യപ്പെട്ടു. ”പാകിസ്താന്റെ രാഷ്ട്രപിതാവായ മുഹമ്മദലി ജിന്നയുടെ വസതി പാകിസ്താന് അവകാശപ്പെട്ടതാണ്. ജിന്നാ ഹൗസ് വിട്ടുതരാമെന്ന് ഇന്ത്യ മുമ്പ് പലതവണ പറഞ്ഞിരുന്നെങ്കിലും ഇതുവരെ അത് പ്രാവര്‍ത്തികമായിട്ടില്ല. ഇനിയെങ്കിലും അതിന്റെ ഉടമസ്ഥാവകാശം അനുവദിച്ചുതരണം” -പാക് വിദേശകാര്യവക്താവ് നഫീസ് സക്കരിയ ഇസ്ലാമാബാദില്‍ പറഞ്ഞു.
മുംബൈ നഗരത്തിലെ മലബാര്‍ ഹില്ലില്‍ രണ്ടരയേക്കര്‍ സ്ഥലത്ത് സ്ഥിതിചെയ്യുന്ന ജിന്നാ ഹൗസ് ഏറെക്കാലമായി ഒഴിഞ്ഞുകിടക്കുകയാണ്. വിഭജനത്തിനു ശേഷം ശത്രുരാജ്യസ്വത്ത് ‘നിയമം ഇന്ത്യ പാസ് ആക്കിയെങ്കിലും ജിന്നയോടുള്ള സൗമനസ്യത്തിന്റെ സൂചനയായി ജിന്നാ ഹൗസിനെ അതില്‍നിന്നൊഴിവാക്കാന്‍ നെഹ്രു നിര്‍ദേശിച്ചു. ഇതാണ് വിട്ടുകിട്ടണമെന്ന് പാകിസ്ഥാൻ ഇപ്പോൾ ആവശ്യപ്പെടുന്നത്
ആധാർ വിവരങ്ങൾ ചോരുമെന്നു കേന്ദ്ര സർക്കാർ
ചെന്നൈ: ആധാർ വിവരങ്ങൾ ചോർന്നേക്കാമെന്നു സർക്കാർ. ആധാർ കാർഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചാൽ അക്കൗണ്ട് വിവരങ്ങൾ അടക്കം ചോർന്നുപോയേക്കാം എന്ന് കേന്ദ്ര സർക്കാർ. ഐ ടി ഇലക്ട്രോണിക്സ് മന്ത്രാലയങ്ങളിൽ നിന്നും എക്സ്പ്രസ് ന്യൂസ് സർവീസിന് ലഭിച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ആധാർ വിവരങ്ങൾ ചോർത്തിയാൽ നിയമപ്രകാരം മുന്ന് വർഷം തടവ് ശിക്ഷ ശുപാർശ ചെയ്യുന്ന നിയമം നിലവിലുണ്ട്. ഇത് നിലവിലിരിക്കെയാണ് ആധാർ വിവരങ്ങൾ ഓൺലൈനിൽ ലഭ്യമാകുമെന്ന് സർക്കാർ തന്നെ വ്യക്തമാക്കിയത്
ജേക്കബ് തോമസിനെ വിജിലന്‍സ് ഡയരക്ടര്‍ സ്ഥാനത്തു നിന്നു മാറ്റി
അടിമാലി എല്‍ഐസി ഓഫീസിനു സുരക്ഷാ ജീവനക്കാരന്‍ തീയിട്ടു
അടിമാലി: അടിമാലി എല്‍ഐസി ഓഫീസിനു സുരക്ഷാ ജീവനക്കാരന്‍ തീയിട്ടു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. എല്‍ഐസി ഓഫീസിലെ താല്‍ക്കാലിക സുരക്ഷാജീവനക്കാരനാണ് ഓഫീസിനു തീയിട്ടത്. ഇയാളെ ജോലിയില്‍ നിന്നും പിരിച്ചുവിടാൻ തീരുമാനിച്ചിരിക്കുകയായിരുന്നു. ഈ തീരുമാനത്തില്‍ പ്രകോപിതനായ ഇയാള്‍ ഇന്നുച്ചയോടെ ഓഫീസില്‍ പെട്രോളുമായെത്തി തീയിടുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അടിമാലി, മൂന്നാര്‍ എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം വിലയിരുത്തുന്നു.