ദുബൈ: ദുബൈയില്‍ ബുര്‍ജ് ഖലീഫക്ക് സമീപമുള്ള കെട്ടിടത്തില്‍ വന്‍ തീപിടിത്തം. പുലര്‍ച്ചെ അഞ്ചരയോടെയാണ് തീപിടിത്തമുണ്ടായത്. അപകടത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബുര്‍ജ് ഖലീഫക്ക് സമീപമുള്ള എമ്മാര്‍ കെട്ടിടത്തിനാണ് തീപിടിച്ചത്. മൂന്നു മണിക്കൂറിനുള്ളില്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞതെന്ന് ദുബൈ സിവില്‍ ഡിഫന്‍സ് വിഭാഗം അറിയിച്ചു.തീ പൂര്‍ണമായി അണക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്
ബാഡ്ജ് ഓഫ് ഓണര്‍ വിതരണം നാളെ
തിരുവനന്തപുരം: കുറ്റാന്വേഷണം, ഇന്റലിജന്‍സ് വിവരശേഖരണം എന്നിവയുമായി ബന്ധപ്പെട്ട് 2015ല്‍ മികവു കാട്ടിയ പോലിസ് ഉദ്യോഗസ്ഥര്‍ക്കായുള്ള ബാഡ്ജ് ഓഫ് ഓണര്‍ വിതരണച്ചടങ്ങ് 3ന് തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ ഒളിംപിയ ചേംബറില്‍ നടക്കും. വൈകീട്ട് 4നു നടക്കുന്ന ചടങ്ങില്‍ സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ബഹുമതികള്‍ വിതരണം ചെയ്യും
പള്‍സ് പോളിയോ രണ്ടാംഘട്ടം ഇന്ന്
തിരുവനന്തപുരം: പള്‍സ് പോളിയോ വിതരണത്തിന്റെ രണ്ടാംഘട്ടം ഇന്ന്. അഞ്ചു വയസ്സിന് താഴെയുള്ള എല്ലാ കുട്ടികള്‍ക്കും ഒരേസമയം തുള്ളിമരുന്ന് നല്‍കുകയാണ് പരിപാടിയുടെ ലക്ഷ്യം. പ്രത്യേകം സജ്ജീകരിച്ച ഇമ്മ്യൂണൈസേഷന്‍ ബൂത്തുകളിലും നാളെയും മറ്റന്നാളും ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഭവനസന്ദര്‍ശനം നടത്തിയും പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്യും.
പരിഷ്‌കരിച്ച ഡ്രൈവിങ് പരീക്ഷയില്‍ കുട്ടത്തോൽവി
ആലപ്പുഴ: ശനിയാഴ്ച മോട്ടോര്‍വാഹനവകുപ്പ് നടപ്പാക്കിയ പരിഷ്‌കരിച്ച ഡ്രൈവിങ് പരീക്ഷയില്‍ കുട്ടത്തോൽവി. പലയിടത്തും ഡ്രൈവിങ് സ്‌കൂളുകള്‍ പരീക്ഷ ബഹിഷ്‌കരിച്ചു. തോറ്റുപോയവര്‍ക്ക് ഇനി 300 രൂപ അടച്ച് 14 ദിവസത്തിനുശേഷമേ അടുത്ത പരീക്ഷയില്‍ പങ്കെടുക്കാനാവൂ. പുതിയ പരിഷ്‌കാരത്തോട് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ക്കും ഡ്രൈവിങ് സ്‌കൂളുകള്‍ക്കും വലിയ എതിര്‍പ്പാണ്.
പരിഷ്‌കരിച്ച ഡ്രൈവിങ് പരീക്ഷാസംവിധാനത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എസ്. അനന്തകൃഷ്ണന്‍ പറഞ്ഞു. അപകടങ്ങള്‍ പൂര്‍ണമായി കുറയ്ക്കുക എന്നതാണ് ലക്ഷ്യം. ഒരാഴ്ച പരിശീലിച്ചാല്‍ ഏതൊരാള്‍ക്കും ലളിതമായി ചെയ്യാവുന്നതാണിവയെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം പള്ളിപ്പുറം സിആര്‍പിഎഫ് ക്യാമ്പില്‍ വന്‍ഭക്ഷ്യവിഷബാധ
തിരുവനന്തപുരം: തിരുവനന്തപുരം പള്ളിപ്പുറം സിആര്‍പിഎഫ് ക്യാമ്പില്‍ നാനൂറോളം ജവാന്മാര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു. ഇരുന്നൂറോളം പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ തിരുവനന്തപുരത്തെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളേജ് ഹോട്ട്ലൈന്‍ നമ്പറും ആരംഭിച്ചിട്ടുണ്ട്. നമ്പര്‍: 0475-2528647.
ആരോഗ്യമന്ത്രി കെ.കെ.ശൈലജ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തി ഭക്ഷ്യവിഷബാധയേറ്റവരെ സന്ദര്‍ശിച്ചു. വിഷബാധ ഉണ്ടായത് എങ്ങനെയെന്നറിയാന്‍ സിആര്‍പിഎഫ് ക്യാമ്പിലെ ഭക്ഷണത്തിന്റെ സാമ്പിളുകള്‍ ശേഖരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും ആരോഗ്യമന്ത്രി അറിയിച്ചു.
പശുവിനെ കൊല്ലുന്നവരെ തൂക്കിലേറ്റും ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി
ബസ്തര്‍: പശുവിനെ കൊല്ലുന്നവരെ തൂക്കിലേറ്റുമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍സിങ്. ഗോവധം നടത്തുന്നവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോടുള്ള രാമൻസിങിന്റെ പ്രതികരണമായിരുന്നു ഇത്. ഗുജറാത്തിലെ മൃഗസംരക്ഷണ നിയമം കഴിഞ്ഞ ദിവസമാണ് ഭേദഗതി ചെയ്തത്. ഗോവധത്തിന് ജീവപര്യന്തം തടവുശിക്ഷയും പശുവിനെ കടത്തുന്നവര്‍ക്ക് പത്തുവര്‍ഷം തടവും വ്യവസ്ഥചെയ്യും വിധമാണ് നിയമഭേദഗതി കൊണ്ടുവന്നത്
കടത്തുംകടവ് പുഴയില്‍ മുങ്ങിമരിച്ച സൗരവിന് നാടിന്റെ അന്ത്യാഞ്ജലി
ഇരിട്ടി: ഇരിട്ടിക്കടുത്ത കടത്തുംകടവ് പുഴയില്‍ മുങ്ങിമരിച്ച കടത്തുംകടവ് സെന്റ് ജോണ്‍സ് ബാപ്റ്റിസ്റ്റ് ഇംഗ്ലീഷ് സ്‌കൂളിലെ പത്താംതരം വിദ്യാര്‍ഥി സൗരവി(16)ന് നാടിന്റെ അന്ത്യാജ്ഞലി. കല്ലുമുട്ടി മൗണ്ട് ഫ്‌ളവറിലെ കൊല്ലനാണ്ടി രമേശന്റെയും പ്രസന്നയുടെയും മകനാണ്. എസ്.എസ്.എല്‍.സി. പരിക്ഷ കഴിഞ്ഞ് സ്‌കൂള്‍ അടയ്ക്കുന്ന സന്തോഷത്തില്‍ കുട്ടുകാരോടൊത്ത് അഹ്ലാദംപങ്കിട്ട സൗരവ് ഷര്‍ട്ടിലുള്ള ചായം കഴുകിക്കളയാന്‍ സ്‌കുളിന് സമീപത്തുള്ള ഇരിട്ടി കടത്തുകടവ് പുഴയിലിറങ്ങിയപ്പോഴായിരുന്നു അപകടം. പ്രിയ കുട്ടുകാരന്റെ അകസ്മിക വേര്‍പ്പാട് സഹപാഠികളെയും ഒപ്പം അധ്യാപകരെയും നാട്ടുകാരെയും കണ്ണിരിലാഴ്ത്തി.
കാട്ടുപന്നിയുടെ കുത്തേറ്റ് നാലുപേര്‍ക്ക് ഗുരുതര പരിക്ക്
ഇരിട്ടി: തില്ലങ്കേരി മേഖലയില്‍ കാട്ടുപന്നിയുടെ കുത്തേറ്റ് നാലുപേര്‍ക്ക് ഗുരുതര പരിക്ക്. വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. പരിക്കേറ്റ മുടക്കോഴിയിലെ മുകുന്ദന്‍ (82), കരുവള്ളിയിലെ മാലോടന്‍ മമ്മൂട്ടി (70) എന്നിവരെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കരുവള്ളി മുണ്ടോല്‍വയലിലെ ഷാനീഫി(14)നെ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലും കരുവള്ളിയിലെ പുതിയേടത്ത് ഗോവിന്ദ(65)നെ കോഴിക്കോട് സ്വകാര്യ ആസ്പത്രിയിലും പ്രവേശിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി.സുഭാക്ഷ് ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തി വനംവകുപ്പ് ഉദ്യേഗസ്ഥരുമായി ബന്ധപ്പെട്ടു. ഉദ്യേഗസ്ഥര്‍ സ്ഥലത്തെത്തി. അക്രമം കാട്ടിയ കാട്ടുപന്നിയെ പിന്നിട് മുണ്ടോല്‍വയലില്‍ ചത്തനിലയില്‍ കണ്ടെത്തി. തില്ലങ്കേരി-മുഴക്കുന്ന് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ അടുത്തിടെയായി കാട്ടുപന്നി ശല്യം ഏറെ രൂക്ഷമാണ്.
ഹോമിയോപ്പതിക് മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന സമ്മേളനം
പയ്യന്നൂര്‍: ഇന്ത്യന്‍ ഹോമിയോപ്പതിക് മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എച്ച്.എം.എ.) സംസ്ഥാന സമ്മേളനവും ദേശീയ സെമിനാറും ഏപ്രില്‍ രണ്ടിന് പയ്യന്നൂര്‍ കെ.കെ.റസിഡന്‍സിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 11-ന് മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്യും.
സയിന്റിഫിക് സെമിനാറില്‍ ഡോ.സുനിര്‍മല്‍ സര്‍ക്കാര്‍ വിഷയം അവതരിപ്പിക്കും. സംസ്ഥാന പ്രസിഡന്റ് ഡോ.കെ.എം.ഉവൈസ് അധ്യക്ഷത വഹിക്കും. വിവിധ ജില്ലകളിൽ നിന്നായി അഞ്ഞുറോളം ഡോക്ടർമാർ സമ്മേളനത്തിൽ പങ്കെടുക്കും.
രാമന്തളി മാലിന്യപ്രശ്‌നം: പി.കെ.നാരായണനെ അറസ്റ്റുചെയ്തു നീക്കി
പയ്യന്നൂര്‍: രാമന്തളിയിലെ ജനവാസകേന്ദ്രത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന നാവികഅക്കാദമിയുടെ മാലിന്യപ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ജനആരോഗ്യ സംരക്ഷണസമിതി അക്കാദമിഗേറ്റിനു മുന്നില്‍ നടത്തിവരുന്ന അനിശ്ചിതകാല സമരം 33 ദിവസം പിന്നിട്ടു.
കഴിഞ്ഞ എട്ടുദിവസമായി നിരാഹാരസമരം നടത്തിയ സമരസമിതി വൈസ് ചെയര്‍മാന്‍ പി.കെ.നാരായണന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് അറസ്റ്റുചെയ്ത് പയ്യന്നൂര്‍ താലൂക്കാസ്പത്രിയിലേക്ക് മാറ്റി. പകരം സമരസമിതി നിര്‍വാഹകസമിതിയംഗം കെ.എം.അനില്‍കുമാര്‍ നിരാഹാര സമരം തുടങ്ങി. അനില്‍കുമാറിന് അഭിവാദ്യമര്‍പ്പിച്ച് രാമന്തളി സെന്‍ട്രലിലേക്ക് പ്രകടനം നടത്തി. എന്‍.കെ.ഭാസ്‌കരന്‍, കെ.പി.രാജേന്ദ്രന്‍, വിനോദ്കുമാര്‍ രാമന്തളി എന്നിവര്‍ സംസാരിച്ചു.