ന്യൂഡൽഹി: ദേശീയപാതയോരത്തെ ബാറുകൾ പൂട്ടാനുള്ള സുപ്രീം കോടതിയുടെ വിധിയെ തുടർന്ന് വിവിധ സംസ്ഥാനങ്ങൾ ദേശീയപാതകൾ ‘റദ്ദാക്കാൻ’ നടപടി തുടങ്ങി. കോടതിയുടെ വിധിക്ക് ഒരു ബദൽ മാർഗം എന്ന നിലയിലാണ് ഈ നടപടി. തുടക്കത്തിൽ പ്രധാന നഗരങ്ങളിലെ സംസ്ഥാനപാതകളാണു റദ്ദാക്കാൻ ഉദ്ദേശിക്കുന്നത്. കേരളത്തിൽ 72 സംസ്ഥാനപാതകളുണ്ട്. സംസ്ഥാനപാതകൾ റദ്ദാക്കിയാൽ റോഡുകൾ അനാഥമാകും. അവയെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കു കീഴിലാക്കുകയാണ് ഒരു പരിഹാരം. ഒട്ടനവധി ആളുകൾക്ക് തൊഴിലും നഷ്ടമാവും. ഈ സാഹചര്യത്തിൽ സർക്കാരുമായി ഒരു പുനരാലോചന ഉണ്ടായേക്കും.
ഇന്ത്യന്‍ ഓപ്പണ്‍ കിരീടം സിന്ധുവിന്
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം പി.വി. സിന്ധു നേടി. ഒളിമ്പിക് ഫൈനലില്‍ മരിനോട് തോറ്റ സിന്ധുവിന്റെ മധുരപ്രതികാരം കൂടിയായി ഇന്ത്യന്‍ ഓപ്പണ്‍ കിരീടം. 47 മിനിറ്റ് നീണ്ട പോരാട്ടത്തിലാണ് സിന്ധു ഒന്നാം നമ്പര്‍ താരത്തെ നിഷ്പ്രഭയാക്കിയത്. സിന്ധുവിന്റെ ആദ്യ ഇന്ത്യന്‍ ഓപ്പണ്‍ കിരീടമാണിത്. രണ്ടാമത്തെ സൂപ്പര്‍ സീരീസ് കിരീടവും.
കലാഭവന്‍ മണിയുടെ മരണം സിബിഐ അന്വേഷിക്കണം
ആലുവ: നടന്‍ കലാഭവന്‍ മണിയുടെ മരണത്തിൽ സി ബി ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന് നിവേദനം നല്‍കി. ആലുവ പാലസില്‍ എത്തിയാണ് രാമകൃഷ്ണന്‍ രാജ്‌നാഥ് സിങിനെ കണ്ടത്. കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സിബിഐ അന്വേഷിക്കണമെന്നും കുടുംബം നേരത്തേ ആവശ്യമുന്നയിച്ചിരുന്നെങ്കിലും കേസ് ഏറ്റെടുക്കാനാവില്ലെന്ന നിലപാടാണ് സിബിഐ സ്വീകരിച്ചിരുന്നത്.
വിവരാവകാശ നിയമങ്ങളില്‍ കേന്ദ്രം മാറ്റങ്ങള്‍ വരുത്താനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്
ന്യൂഡൽഹി: വിവരാവകാശ നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്താനൊരുങ്ങുന്നതായി കേന്ദ്ര റിപ്പോര്‍ട്ട്. അപേക്ഷ 500 വാക്കുകളിലൊതുക്കണം എന്നതാണ് ഉണ്ടാവുന്ന പ്രധാന മാറ്റം. കൂടാതെ അപേക്ഷ അയയ്ക്കുന്നയാള്‍ തന്നെ മറുപടി ലഭിക്കുന്നതിനുള്ള തപാല്‍ ഫീസ് അടച്ചിരിക്കണം. ഇതിന് പുറമെ അപേക്ഷകള്‍ ഓണ്‍ലൈനാക്കാനും സര്‍ക്കാരിന് ഉദ്ദേശമുണ്ട്. അതേസമയം സര്‍ക്കാര്‍ നീക്കത്തിനെതിരെ വിവരാവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തി.
ആളും ആരവവും ഒഴിഞ്ഞ് മാഹി ടൗൺ
മാഹി: ദേശീയ-സംസ്ഥാന പാതയോരത്തു നിന്നും 500 മീറ്റർ ചുറ്റളവിലെ മദ്യശാലകൾ പൂട്ടണമെന്ന സുപ്രീം കോടതി വിധി നടപ്പിൽ വന്നതോടെ മാഹി ടൗണിൽ മാത്രം 32 മദ്യശാലകൾക്കാണ് പുട്ടു വീണത്. 19 മൊത്തവ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെടെ ആണ് ഇന്നലെ അടച്ചു പൂട്ടിയത്.അറുനൂറോളം തൊഴിലാളികൾക്ക് ജോലി നഷ്ടമാവുകയും ചെയ്തു.
അതേസമയം ടൗണിലെ മദ്യശാലകൾ അടക്കുന്നതോടെ ഉൾപ്രദേശത്തെ മദ്യ ശാലകളിൽ തിരക്ക് വർധിക്കും. നാട്ടിൻപുറങ്ങളിൽ മദ്യപന്മാരുടെ ശല്യം വർധിക്കുമെന്ന് ആശങ്കയും ഉയർന്നു അന്നിട്ടുണ്ട്. മദ്യശാലകൾക്ക് താഴുവീണതോടെ മാഹിയിൽ ഹർത്താൽ പ്രതീതിയെന്നാണ് നാട്ടുകാർ പറഞ്ഞത്.
ഡാം പൊട്ടുമെന്ന പ്രചാരണം; കമ്പനിയുമായി ധാരണയായ ശേഷം
കോഴിക്കോട്: മന്ത്രി പി.ജെ. ജോസഫിനെതിരെ പി.സി. ജോർജ് എംഎൽഎ. മുല്ലപ്പെരിയാറിൽ 1000 കോടിയുടെ പുതിയ ഡാം പണിയാൻ സ്വിസ് കമ്പനിയുമായി ധാരണയാക്കിയിട്ടാണ് ഡാം പൊട്ടുമെന്ന് അന്നത്തെ മന്ത്രി പി.ജെ. ജോസഫ് പ്രചരിപ്പിച്ചതെന്നു പി.സി. ജോർജ് എംഎൽഎ. പദ്ധതിയിലൂടെ പണം തട്ടാനുള്ള ശ്രമമായിരുന്നു. പുതിയ ഡാമിന്റെ പേരിൽ തമിഴ്നാട്ടിലെയും കേരളത്തിലെയും ജനങ്ങളുടെ ഇടയിൽ ശത്രുതയുണ്ടാക്കി. എന്നാൽ ഡാം ഇതുവരെ പൊട്ടിയതുമില്ല. സ്വതന്ത്ര ബസ് തൊഴിലാളി യൂണിയൻ കൺവൻഷനും സമരപ്രഖ്യാപനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുള്ളിപ്പുലി റോഡരികില്‍ ചത്തനിലയില്‍
പേരാവൂര്‍: നിടുമ്പൊയിലിനു സമീപം 29-ാം മൈല്‍ റോഡരികില്‍ ശനിയാഴ്ച വൈകുന്നേരം പുള്ളിപ്പുലിയെ ചത്തനിലയില്‍ കണ്ടെത്തി. കാലില്‍ മുറിവേറ്റിട്ടുണ്ട് ജഡത്തിന് രണ്ടുദിവസം പഴക്കമുണ്ടെന്ന് വനപാലകര്‍ പറഞ്ഞു. കൊട്ടിയൂര്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ വി.രതീശന്‍, ഫ്‌ളയിങ് സ്‌ക്വാഡ് റേഞ്ചര്‍ രാമചന്ദ്രന്‍ മുട്ടില്‍, തോലമ്പ്ര സെക്ഷന്‍ ഫോറസ്റ്റര്‍ കെ.വി.ആനന്ദന്‍എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി.
മോദിക്കു ജയ് വിളിച്ചാൽ വിശപ്പു മാറുമോ?
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കേജ്‍രിവാൾ പങ്കെടുത്ത റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനുകൂലമായി മുദ്രാവാക്യം വിളി. പ്രസംഗത്തിനിടെ ‘മോദി, മോദി’ എന്നുള്ള ആളുകളുടെ ആർപ്പുവിളി കേട്ട് ഒരുനിമിഷം നിശബ്ദനായി കെജ്‌രിവാൾ പെട്ടെന്ന് തന്നെ തിരിച്ചടിച്ചു. മോദിക്കു ജയ് വിളിച്ചാൽ അദ്ദേഹം വൈദ്യുതി നിരക്ക് കുറയ്ക്കുമോ? വീട്ടു നികുതി ഇല്ലാതാക്കുമോ? അങ്ങനെയെങ്കിൽ അദ്ദേഹത്തിനു മുദ്രാവാക്യം വിളിക്കാൻ ഞാനും കൂടാം – കേജ്‍രിവാൾ പറഞ്ഞു.
ഏപ്രിൽ 23നാണ് ഡൽഹി മുനിസിപ്പൽ തിരഞ്ഞെടുപ്പ്. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയ എഎപിയെ സംബന്ധിച്ചിടത്തോളെ ഏറെ നിർണായകമായ തിരഞ്ഞെടുപ്പാണിത്.
മുള്ളന്‍പന്നിയുടെ ഇറച്ചി ഉണക്കിസൂക്ഷിക്കുന്നതിനിടയില്‍ അറസ്റ്റിലായി
ഇരിട്ടി: മുള്ളന്‍പന്നിയെ വെട്ടയാടിക്കൊന്ന് ഇറച്ചിയാക്കി ഉണക്കി സൂക്ഷിക്കുന്നതിനിടയില്‍ അയ്യന്‍കുന്ന് പഞ്ചായത്തിലെ രണ്ടാംകടവ് കളിതട്ടുംപറായിലെ വലിയവീട്ടില്‍ ജെയിംസി(50)നെ പോലീസ് അറസ്റ്റു ചെയ്തു. കൊട്ടിയൂര്‍ റേഞ്ച് ഓഫീസര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ഇയാളുടെ പക്കല്‍നിന്ന് ആറുകിലോ മുള്ളന്‍പന്നിയുടെ ഉണക്കിയ ഇറച്ചി ലഭിച്ചു.പ്രതിയെ മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മുള്ളന്‍പന്നിയെ വേട്ടയാടിക്കൊല്ലുന്നത് മൂന്നുവര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
തുരങ്കപാത ഇന്ന് തുറക്കും
ന്യൂഡല്‍ഹി: ഹിമാലയം തുളച്ച് നിര്‍മിച്ച ഇന്ത്യയുടെ അഭിമാന തുരങ്കപാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. ഉധംപുര്‍ ജില്ലയിലെ ചെനാനിയില്‍ആരംഭിച്ച്, റംബാന്‍ ജില്ലയിലെ നശ്രിയില്‍ അവസാനിക്കുന്ന ഈ തുരങ്കം ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തുരങ്കപാതയാണ്. അഞ്ചര വർഷം കൊണ്ട് പണി പൂർത്തിയാക്കിയ ഈ തുരങ്കത്തിൻറെ നിർമ്മാണച്ചിലവ് 3,720 കോടി രൂപയാണ് .
ഈ പാതയിലൂടെ ജമ്മുവില്‍നിന്ന് ശ്രീനഗറിലേയ്ക്കുള്ള യാത്രയില്‍ 30 കിലോമീറ്റര്‍ ലാഭിക്കാനാവും. പരമാവധി സുരക്ഷ ഉറപ്പുവരുത്തിയാണ് തുരങ്കം നിർമ്മിച്ചിരിക്കുന്നത്. ഈ തുരങ്കപാത സമുദ്രനിരപ്പില്‍നിന്ന് 1,200 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്.