ന്യൂയോര്‍ക്ക്: വാതിലില്‍ തലകുടുങ്ങി നിസ്സഹായകയായി നില്‍ക്കുന്ന മധ്യവയസ്‌കയെ കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച് നടന്നു നീങ്ങുന്ന ജനങ്ങള്‍. ന്യൂയോര്‍ക്ക് മെട്രോ സ്‌റ്റേഷന്‍ സബ്‌വേയിലാണ് സംഭവം. തലകുടുങ്ങി മണിക്കൂറോളമാണ് മധ്യവയസ്‌ക സഹായമപേക്ഷിച്ച് നിന്നത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്ത വീഡിയോ കുറഞ്ഞ സമയംകൊണ്ട് കണ്ടത് പന്ത്രണ്ട്‌ലക്ഷത്തിലധികം പേരാണ്. തന്നെ രക്ഷിക്കണമെന്ന് ഇവര്‍ വിളിച്ചു പറയുന്നുണ്ടെങ്കിലും ആരും അത് കേട്ടതായി പോലും ഭാവിക്കുന്നില്ല. സ്റ്റേഷന്‍ അധികൃതര്‍ ഉള്‍പ്പെടെ ഇവര്‍ക്ക് സമീപം നടന്നു പോകുന്നത് വീഡിയോയില്‍ കാണാം.
കമലഹാസന്റെ ചെന്നൈയിലെ വസതിയില്‍ തീപിടുത്തം
ചെന്നൈ : ഉലകനായകന്‍ കമലഹാസന്റെ ചെന്നൈയിലെ വസതിയില്‍ തീപിടുത്തം. പുലര്‍ച്ചെ ആല്‍വാര്‍പ്പേട്ടയിലെ വസതിയിലായിരുന്നു തീപിടുത്തം ഉണ്ടായത്. പുക ശ്വസിച്ചതിനെ തുടര്‍ന്ന് താരത്തിന് അസ്വസ്ഥത അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം ആര്‍ക്കും അപകടമില്ലെന്ന് കമല്‍ഹാസന്‍ ട്വിറ്ററില്‍ അറിയിച്ചു. തന്നെ രക്ഷിച്ചത് ജോലിക്കാരാണെന്നും കമലഹാസന്‍ അറിയിച്ചു.
പത്രപ്പരസ്യം അതീവ വേദനാജനകമെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ
തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ പത്രപ്പരസ്യം വസ്തുതാ വിരുദ്ധമാണെന്നും തന്നോട് ഒരുവാക്കുപോലും ചോദിക്കാതെയാണ് പരസ്യം നല്‍കിയതെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരാഹാരം കിടക്കുന്ന മഹിജ വ്യക്തമാക്കി. മകന്റെ കാര്യത്തില്‍ സര്‍ക്കാരിനെതിരെ സംസാരിക്കേണ്ടി വന്നതില്‍ ദു:ഖമുണ്ട്. സര്‍ക്കാര്‍ തങ്ങള്‍ക്ക് എതിരാണെന്ന് ജിഷ്ണുവിന്റെ അച്ഛന്‍ പ്രതികരിച്ചു.
ജിഷ്ണുവിന്റെ അമ്മയെ പോലീസ് വലിച്ചിഴച്ചിട്ടില്ല, ജിഷ്ണുവിന്റെ ബന്ധുക്കളെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല, കുടുംബത്തിന്റെ വേദന മുതലെടുത്ത് സമൂഹത്തില്‍ പ്രശ്നങ്ങള്‍ സൃഷ് ടിക്കാനുള്ള ബോധപൂര്‍വ്വമായ നീക്കമാണ് ചിലര്‍ നടത്തുന്നത്, ഡിജിപി ഓഫീസിന്റെ മുന്നിൽ നടന്ന സംഭവങ്ങൾ സർക്കാരിനെതിരെയുള്ള നീക്കങ്ങളാണ് , ഇതൊക്കെയാണ് പരസ്യത്തിൽ പ്രസ്താവിച്ചിട്ടുള്ളത്.
ആലപ്പുഴയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ കൊലപാതകത്തില്‍ മുഴുവന്‍ പ്രതികളും പിടിയില്‍
ആലപ്പുഴ: ചേര്‍ത്തലയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി അനന്തുവിനെ കൊലപ്പെടുത്തിയ മുഴുവന്‍ പ്രതികളും പൊലീസ് പിടിയില്‍. പതിനാറ് പ്രതികളാണ് കേസിലുള്ളത്. ഇതില്‍ ഏഴു പേര്‍ പ്രായ പൂര്‍ത്തിയാകാത്തവരാണ്. ഇവരെ ജുവനൈല്‍ ബോര്‍ഡില്‍ ഹാജരാക്കുകയും മറ്റ് പ്രതികളെ റിമാന്‍ഡ് ചെയ്യുകയും ചെയ്തു.
പ്രതികളെല്ലാവരും ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. ചേര്‍ത്തലയില്‍ ഉത്സവപ്പറമ്പില്‍ നടന്ന സംഘര്‍ഷത്തിനിടെ കഴിഞ്ഞ ദിവസമാണ് അനന്തു കൊല്ലപ്പെട്ടത്. നെഞ്ചിലും വയറിനും മാരകമായ മര്‍ദ്ദനമേറ്റ അനന്തു സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയായിരുന്നു. അനന്തുവും ആര്‍എസ്എസ് പ്രവര്‍ത്തകനാണ്. വയലാര്‍ രാമവര്‍മ്മ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയായിരുന്നു അനന്തു. ക്ഷേത്രത്തില്‍ ഉത്സവത്തിനായി എത്തിയ അനന്തുവിനെ ഓടിച്ചിട്ട് തല്ലിവീഴ്ത്തിയ ശേഷം നിലത്തിട്ട് ചവിട്ടുകയായിരുന്നു.
”മക്കള്‍ക്ക് മാതാപിതാക്കള്‍ കരുത്ത് പകര്‍ന്നുനല്‍കണം”: ആര്‍ ശ്രീലേഖ ഐപിഎസ്
പത്തനാപുരം : മക്കള്‍ക്ക് മാതാപിതാക്കള്‍ ജീവിതത്തില്‍ കരുത്ത് പകര്‍ന്നു നല്‍കണമെന്ന് സംസ്ഥാന ജയില്‍ ഡി.ജി.പി. ആര്‍. ശ്രീലേഖ ഐ.പി.എസ്. സ്‌നേഹം, ദയ, നല്ല ശീലം എന്നവയ്‌ക്കെല്ലാം കരുത്ത് പ്രധാനമാണ്. ദുഷ്ട ശക്തികള്‍ക്കെതിരെയും തിന്മകള്‍ക്കും, കുറ്റകൃത്യങ്ങള്‍ക്കെതിരെയുമുള്ള നീതിയുടെ പാതയില്‍ എനിക്ക് കരുത്താണ് എന്തിനും പ്രചോദനമായത്. പത്തനാപുരം ഗാന്ധിഭവനില്‍ ജില്ലാ ഷെല്‍ട്ടര്‍ ഹോമിന്റെ രണ്ടാമത് വാര്‍ഷികാഘോഷം തിരിതെളിച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആര്‍. ശ്രീലേഖ ഐ.പി.എസ്.
സ്ത്രീപീഡനത്തിനെതിരെ പ്രതിഷേധ സ്വരമുയര്‍ത്തിക്കൊണ്ട് മജീഷ്യന്‍ പ്രമോദ് കേരളയുടെ മാജിക് പ്രകടനവും നടന്നു. അക്യുപ്രഷര്‍ മോട്ടീവേറ്റഡ് കൗണ്‍സിലര്‍ അജിത അനില്‍, വിശ്വകുമാര്‍ കൃഷ്ണജീവനം, സുജയ് പി. വ്യാസന്‍ എന്നിവരാണ് മാജിക് പ്രകടനത്തില്‍ പങ്കെടുത്തത്. ഷാഹിദാ കമാല്‍ അധ്യക്ഷത വഹിച്ചു.
ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ പരിഹസിച്ച് മന്ത്രി എം എം മണി
മലപ്പുറം: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ പരിഹസിച്ച് മന്ത്രി എം എം മണി. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് എല്ലാ പ്രതികളേയും പിടിച്ച ശേഷം മുഖ്യമന്ത്രി തന്നെ കാണാന്‍ വന്നാല്‍ മതിയെ മഹിജയുടെ പ്രതികരണത്തോടായിരുന്നു മണിയുടെ പരിഹാസം. മുഖ്യമന്ത്രി കാണാന്‍ എത്തുമ്പോള്‍ അവര്‍ കതകടച്ചിട്ടാല്‍ അത് വേറെ പണിയാകുമായിരുന്നുവെന്ന് മണി പറഞ്ഞു.
മഹിജയ്‌ക്കെതിരെ വിമര്‍ശനമുന്നയിച്ച് മണി നേരത്തേയും രംഗത്തെത്തിയിരുന്നു. പൊലീസ് ആസ്ഥാനത്ത് മനപൂര്‍വം നുഴഞ്ഞുകയറി പ്രശ്‌നമുണ്ടാക്കാനായിരുന്നു മഹിജയുടെ ശ്രമമെന്നും അവര്‍ യുഡിഎഫിന്റെയും ആര്‍എസ്എസിന്റെയും കയ്യിലാണെന്നുമായിരുന്നു മണിയുടെ വിമര്‍ശനം.സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് എന്തൊക്കെ ചെയ്യാമോ അതൊക്കെ ചെയ്തിട്ടുണ്ടെന്നും മണി പറഞ്ഞിരുന്നു.
ഇന്‍ഡോര്‍ സ്റ്റേഡിയം തകർന്നു രണ്ടുപേർക്ക് പരിക്ക്
പെരിങ്ങോം: വയക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ നിര്‍മാണം നടക്കുന്ന ഹാന്‍ഡ്‌ബോള്‍ ഇന്‍ഡോര്‍ സ്റ്റേഡിയം തകർന്നു രണ്ടു പേർക്ക് പരിക്ക്. മലയോരമേഖലയിലെ ആദ്യത്തെ ഹാന്‍ഡ്‌ബോള്‍ ഇന്‍ഡോര്‍ സ്റ്റേഡിയമാണിത്. മേല്‍ക്കൂരയുടെ കമ്പികള്‍ തകർന്നു വീണാണ് അപകടം. ഹര്‍ത്താലും സ്‌കൂള്‍ അവധിയും ആയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ചെറുപുഴ പോലീസും പെരിങ്ങോം അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി.
ഷംസീര്‍ ജിഷ്ണുവിന്റെ അമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി
വടകര: ജിഷ്ണു പ്രണോയിയുടെ അമ്മയ്‌ക്കെതിരെ വധഭീഷണി മുഴക്കിയെന്നാരോപിച്ച് തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വ്യാജപ്രചരണത്തിനെതിരെ എഎന്‍ ഷംസീര്‍ എംഎല്‍എ ഡിജിപിക്ക് പരാതി നല്‍കി. കോഴിക്കോടുള്ള വിദ്യ ബാലകൃഷ്ണന്റെ ഫെയ്‌സ്ബുക്ക് ഐഡിയില്‍ നിന്നാണ് തന്നെ തേജോവധം ചെയ്യുന്ന തരതത്തിലുള്ള പോസ്റ്റുകള്‍ ഇട്ടിരിക്കുന്നതെന്ന് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ഷംസീര്‍ പറയുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ചിലകേന്ദ്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ തനിക്കെതിരെ അപവാദപ്രചരണം നടത്തുകയാണെന്നും ഇതിനെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഒളിവില്‍കഴിയുന്ന പ്രതികളെ ഉടന്‍ പിടികൂടണം എന്നുതന്നെയാണ് ഞങ്ങളുടെയെല്ലാം അഭിപ്രായം. ജിഷ്ണു ഞങ്ങളുടെ സഹോദരനാണ്. ജിഷ്ണുവിന്റെ കുടുംബത്തിന് നീതി ലഭിക്കും. ഷംസീര്‍ അഭിപ്രായപ്പെട്ടു.
ആളെക്കൊല്ലി ആനയെ മയക്കുവെടിവെച്ച് പിടിച്ച് കാട്ടിലേക്ക് വിടാൻ ഉത്തരവ്
ഇരിട്ടി: ആറളം ഫാമിലെ ആളെക്കൊല്ലിയായ കാട്ടാനയെ മയക്കുവെടിവെച്ചുപിടിച്ച് വനത്തിലേക്കുവിടാന്‍ വനംമന്ത്രി നിര്‍ദേശം നല്‍കി. സണ്ണി ജോസഫ് എം.എല്‍.എ. ആണ് ഈ കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം ഫാമില്‍ കാട്ടാനയുടെ കുത്തേറ്റുമരിച്ച റെജിയുടെ എടപ്പുഴയിലുള്ള വീട് എം.എല്‍.എ. സന്ദര്‍ശിച്ചു. ആറളം ഫാമില്‍ ജനവാസമേഖലയില്‍ കാട്ടാന ഇറങ്ങുന്നത് തടയുന്നതില്‍ അധികൃതര്‍ കാണിക്കുന്ന അനാസ്ഥയില്‍ പ്രതിഷേധം ശക്തമാകുകയാണ്.
മരിച്ചവരുടെ ആശ്രിതര്‍ക്ക് ന്യായമായ നഷ്ടപരിഹാരവും ബന്ധപ്പെട്ടവര്‍ക്ക് തൊഴിലും നൽകുക, വന്യമൃഗശല്യം തടയാന്‍ നടപടികള്‍ സ്വീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എം.എല്‍.എ.യുടെ നേതൃത്വത്തില്‍ 10-ന് ഇരിട്ടിയിലുള്ള ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. ആറളം വനത്തില്‍നിന്ന് പുനരധിവാസമേഖലയിലേക്ക് കടന്ന ആനക്കൂട്ടത്തില്‍ മൂന്നെണ്ണം ഇപ്പോഴും മേഖലയില്‍ തമ്പടിച്ചിരിക്കുകയാണ്. ആറളം ഫാമില്‍ ഒരുവര്‍ഷത്തിനിടയില്‍ മേഖലയില്‍ നാലുപേരാണ് ആനയുടെ കുത്തേറ്റ് മരിച്ചത്. ഒട്ടേറെപ്പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു.
ജിഷ്ണു കോപ്പിയടിച്ചില്ലെന്നതിന് തെളിവ് എവിടെയെന്ന് കോടതി
കൊച്ചി: ജിഷ്ണു കോപ്പിയടിച്ചിട്ടില്ല എന്നതിന് എന്ത് തെളിവാണുള്ളതെന്നും ആത്മഹത്യാ പ്രേരണയ്ക്ക് വ്യക്തമായ കാരണം വേണമെന്നും ഹൈ കോടതി. അതേസമയം പ്രിന്‍സിപ്പലിന്റേയും സഹപാഠിയുടേയും മൊഴിയുടെ അടിസ്ഥാനത്തിൽ ജിഷ്ണു കോപ്പിയടിച്ചെന്ന ആരോപണം വ്യാജമാണെന്ന് സര്‍ക്കാര്‍ പറയുന്നു. ഒളിവിലുള്ള പ്രതികള്‍ അറസ്റ്റ് ഉണ്ടാവില്ല എന്ന് ഉറപ്പു തരണമെന്ന് വാദിച്ചെങ്കിലും ഈ ഉറപ്പ് നല്‍കാനാവില്ലെന്ന നിലാപാടാണ് സര്‍ക്കാരിന്. ഇവരെ കണ്ടാലുടന്‍ അറസ്റ്റ് ചെയ്യുമെന്നും സര്‍ക്കാര്‍ അറിയിച്ചു.