കണ്ണൂർ : കണ്ണൂർ എസ് എൻ കോളേജ് ഇഗ്നോ സ്റ്റഡി സെന്ററിൽ 2017 ജനുവരി ബാച്ചിൽ രജിസ്റ്റർ ചെയ്ത ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്കുള്ള ഇംഗ്ലീഷ് കൗൺസിലിങ് ക്ലാസ് 16 നു രാവിലെ 9 30നു എസ് എൻ കോളജിൽ നടക്കും.2016 ജൂലായ് ബാച്ചിൽ രജിസ്റ്റർ ചെയ്ത ഒന്നാം വര്ഷ ബി എ ഹിസ്റ്ററി, സോഷ്യോളജി, ഒന്നാം വർഷ എം എ ഇംഗ്ലീഷ് വിഷയങ്ങളുടെ കൗൺസിലിങ് ക്ലാസും 16നു നടക്കും. ഫോൺ: 0497-2732405.
കൂത്തുപറമ്പിൽ യുനാനി ഗവേഷണ കേന്ദ്രം
കുത്തുപറമ്പ്: കൂത്തുപറമ്പിൽ യുനാനി ഗവേഷണ കേന്ദ്രം തുടങ്ങുന്നു. കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നയിക്കുമായി മന്ത്രി കെ കെ ശൈലജ ന്യൂ ഡൽഹിയിൽ നടത്തിയ ചർച്ചയിലാണ് യുനാനി ഗവേഷണ കേന്ദ്രം സ്ഥാപിക്കാൻ തീരുമാനമുണ്ടായത്, ഇതോടനുബന്ധിച്ചുള്ള താൽക്കാലിക ഇൻസ്റ്റിറ്റ്യൂട്ട് രണ്ടു മാസത്തിനകം നിര്മലഗിരിയിൽ പ്രവർത്തനം തുടങ്ങും. അന്തർദേശീയ നിലവാരമുള്ള യുനാനി ഇന്സ്ടിട്യൂട്ടാണ് കൂത്തുപറമ്പിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്.
ആദ്യ മണിക്കൂറുകളില്‍ മലപ്പുറത്ത് ഭേദപ്പെട്ട പോളിങ്
മലപ്പുറം: മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ ആദ്യ രണ്ടരമണിക്കൂര്‍ പിന്നിടുമ്പോള്‍ 14.5 ശതമാനം പേര്‍ വോട്ട് ചെയ്തു. പെരിന്തല്‍മണ്ണ, മലപ്പുറം നിയമസഭാ മണ്ഡലങ്ങളിലാണ് കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. തകരാറിനെത്തുടര്‍ന്ന് 12 പോളിംഗ് ബൂത്തുകളിലെ വോട്ടിംഗ് യന്ത്രങ്ങള്‍ മാറ്റി സ്ഥാപിച്ചു. 13.12 ലക്ഷം വോട്ടര്‍മാരാണ് ഇന്ന് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. 1175 ബൂത്തുകളാണുള്ളത്.
ആത്മാവിന്റെ കഥയുമായി കേഡല്‍
തിരുവനന്തപുരം: പരസ്പരവിരുദ്ധവും അവിശ്വസനീയവുമായ കാര്യങ്ങള്‍ പറഞ്ഞ് പോലീസിനെ കുഴക്കുകയായിരുന്ന നന്തന്‍കോട് കൂട്ടക്കൊലക്കേസിലെ പ്രതി കേഡല്‍ ജിൻസനെ ചോദ്യം ചെയ്യാൻ പോലീസിന് മനോരോഗവിദഗ്ദ്ധന്റെ സഹായവും തേടേണ്ടിവന്നു. ഒട്ടും കൂസലില്ലാതെയാണ് ഇയാള്‍ താന്‍ ചെയ്ത കാര്യങ്ങള്‍ പോലീസിനോടു വിവരിച്ചത്. ശരീരത്തില്‍നിന്ന് ആത്മാവിനെ വേര്‍പെടുത്തുന്ന ‘ആസ്ട്രല്‍ പ്രൊജക്ഷന്‍’ പദ്ധതി താന്‍ പരീക്ഷിക്കുകയായിരുന്നെന്നാണ് ഇയാള്‍ പോലീസിനോടു പറഞ്ഞത്. കേരളത്തില്‍ കൊലപാതകത്തിനുള്ള കാരണമായി ഇതുവരെ കേട്ടുകേള്‍വിയില്ലാത്ത ഇക്കാര്യങ്ങള്‍ കേട്ട് കുഴയുകയാണ് പോലീസ്. കുടുംബാംഗങ്ങളെ കൊലപ്പെടുത്തുമ്പോള്‍ താന്‍ മറ്റൊരു ലോകത്തായിരുന്നുവെന്ന് ഇയാള്‍ പറഞ്ഞതായും അന്വേഷണസംഘം പറയുന്നു. മഴു ഉപയോഗിച്ച് വെട്ടിയത് തനിക്ക് ഓര്‍മയില്ലെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍, മഴു വലിച്ചെടുത്തത് ബോധത്തോടെയായിരുന്നുവെന്നും ഇയാള്‍ പോലീസിനോടു വെളിപ്പെടുത്തിയിട്ടുണ്ട്.
സൗന്ദര്യമില്ലെന്നാരോപിച്ച് നവവധു ഭര്‍ത്താവിനെ തലയ്ക്കടിച്ചു കൊന്നു
ചെന്നൈ: സൗന്ദര്യമില്ലെന്നാരോപിച്ച് നവവധു ഭര്‍ത്താവിനെ അമ്മിക്കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊന്നു. തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലാണ് സംഭവം. ഒരാഴ്ച മുൻമ്പാണ് ഇവരുടെ വിവാഹം നടന്നത്. കൊല നടത്തിയശേഷം പോലീസ് സ്റ്റേഷനിലെത്തിയ യുവതി തന്റെ ഭര്‍ത്താവിനെ ആരോ കൊന്നുവെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, അന്വേഷണത്തില്‍ ഭാര്യതന്നെയാണ് കൊല നടത്തിയതെന്ന് വ്യക്തമാവുകയും യുവതിയെ അറസ്റുചെയുകയും ചെയ്തു. ഭര്‍ത്താവ് കാണാന്‍ സുന്ദരനല്ലെന്നും തനിക്കുയോജിച്ചതല്ലെന്നും ബന്ധുക്കളും സുഹൃത്തുക്കളും പരിഹസിച്ചതിനെത്തുടര്‍ന്നാണ് യുവതി കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
മലപ്പുറം വോട്ടെടുപ്പ് തുടങ്ങി
മലപ്പുറം: ലോക്സഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് രാവിലെ ഏഴു മണിക്ക് ആരംഭിച്ചു. യുഡിഎഫിന് മികച്ച ഭൂരിപക്ഷമുണ്ടാകുമെന്ന് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു. പോളിംഗ് ശതമാനം വര്‍ധിക്കുമെന്നും നല്ല ഭൂരിപക്ഷമുണ്ടാകുമെന്നും പികെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. തകരാറിനെത്തുടര്‍ന്ന് 12 പോളിംഗ് ബൂത്തുകളിലെ വോട്ടിംഗ് യന്ത്രങ്ങള്‍ മാറ്റി വെക്കേണ്ടി വന്നിട്ടുണ്ട്. 1175 ബൂത്തുകളിൽ 13.12 ലക്ഷം വോട്ടര്‍മാരാണ് ഇന്ന് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്.
കുല്‍ഭൂഷണ്‍ യാദവിന്റെ വധശിക്ഷ; പാക് നടപടിക്കെതിരെ രാജ്യം ഒന്നിക്കുന്നു
ദില്ലി: ചാരനെന്ന് ആരോപിച്ച് ഇന്ത്യന്‍ നാവികസേന മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ യാദവിന് വധശിക്ഷ വിധിച്ച പാകിസ്താന്‍ നടപടിക്കെതിരെ പ്രസ്താവന തയ്യാറാക്കുന്നതിന് കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ സഹായം തേടി വിദേശകാര്യ മന്ത്രി സുഷ്മ സ്വരാജ്. ഇന്ത്യയിലെ മുഴുവന്‍ പേരെയും ബാധിക്കുന്ന വിഷയമാണിതെന്ന് ശശി തരൂര്‍ പ്രതികരിച്ചു.
ഇന്ത്യയിലെ എല്ലാ പാര്‍ട്ടികളും ഒന്നിച്ചുനില്‍ക്കണമെന്നും വിഷയം ഐക്യരാഷ്ട്രസഭയില്‍ ഉന്നയിക്കണമെന്നും ബിജെഡി എം പി ജെ പാണ്ഡെ ആവശ്യപ്പെട്ടു. കുല്‍ഭൂഷണ്‍ യാദവിനെ രക്ഷിക്കേണ്ടത് നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണെന്നാണ് ഹൈദരാബാദില്‍ നിന്നുള്ള എം പിയായ അസദുദ്ദീന്‍ ഒവൈസി പറഞ്ഞു. പാകിസ്താന്‍ നടപടിയില്‍ എംപിമാര്‍ ഒന്നടങ്കം പാര്‍ലമെന്റില്‍ പ്രതിഷേധമറിയിച്ചു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് 46 കാരനായ മുന്‍ നാവികസേന ഉദ്യോഗസ്ഥാന്‍ കുല്‍ഭൂഷണ്‍ യാദവ് ചാരപ്രവര്‍ത്തി ആരോപിക്കപ്പെട്ട് പാകിസ്താനില്‍ പിടിയിലായത്. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ ഉദ്യോഗസ്ഥനാണ് കുല്‍ഭൂഷണ്‍ എന്നാണ് പാകിസ്താന്‍ ആരോപണം
മാലിന്യം കത്തിക്കൽ: വാർത്ത തെറ്റാണെന്നു കന്റോൺമെന്റ് ബോർഡ്
കണ്ണൂർ: മാലിന്യം തള്ളുന്ന ട്രഞ്ചിങ് ഗ്രൗണ്ടിൽ മാലിന്യത്തിനു തീയിട്ടു കന്റോൺമെന്റ് ബോർഡ് ജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന തരത്തിലുള്ള പ്രചാരണം ശരിയല്ല. ആക്രിസാധനങ്ങൾ പെറുക്കാനെത്തുന്നവരാണു പലപ്പോഴും മാലിന്യങ്ങൾക്കു തീയിടുന്നത്. ഇതു സമീപത്തുള്ള കന്റോൺമെന്റ് ജീവനക്കാരുടെ ക്വാർട്ടേഴ്സിലുള്ളവർ കയ്യോടെ പിടികൂടിയിട്ടുള്ളതാണ്. കന്റോൺമെന്റ് മേഖലയെ മാലിന്യമുക്തമാക്കുന്നതിനു വീടുകളിൽ നിന്നു നേരിട്ടു മാലിന്യം സംഭരിച്ചു സംസ്കരിക്കുകയാണ്. ശുചിത്വം ഉറപ്പാക്കാൻ ഒട്ടേറെ പരിപാടികൾ കന്റോൺമെന്റ് ബോർഡ് മുൻകൈയെടുത്തു സംഘടിപ്പിക്കുന്നുണ്ട്.
വിഷു അടുത്തതോടെ നഗരത്തില്‍ വൻ തിരക്ക്
തലശ്ശേരി: വിഷു അടുത്തതോടെ തലശ്ശേരി നഗരത്തില്‍ വൻ തിരക്ക്. രാവിലെയും വൈകുന്നേരവുമാണ് തിരക്കേറുന്നത്. പാര്‍ക്കിങ് സംവിധാനം ക്രമീകരിച്ചില്ലെങ്കില്‍ നഗരത്തിൽ വാഹന കുരുക്കേറും. നഗരസഭയുടെ അഖിലേന്ത്യാ പ്രദര്‍ശനം, പുഷ്‌പോത്സവം എന്നിവ നടക്കുന്നതിനാല്‍ ജനത്തിരക്ക് കൂടുകയാണ്. വാഹനങ്ങളുമായി സാധനങ്ങള്‍ വാങ്ങാനെത്തുന്നതാണ് നഗരത്തിലെ ഗതാഗതക്കുരുക്കിന് കാരണമാകുന്നത്. കഴിഞ്ഞവര്‍ഷം പോലീസ് പാര്‍ക്കിങ് ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു. ഇത്തരത്തില്‍ പാര്‍ക്കിങ് ക്രമീകരണം നടപ്പാക്കണമെന്ന ആവശ്യം ജനങ്ങളില്‍നിന്ന് ഉയര്‍ന്നുകഴിഞ്ഞു.
ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്ക് മുഖ്യമന്ത്രിയെ കാണാന്‍ അനുമതി
തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്ക് ഈ മാസം 15ന് മുഖ്യമന്ത്രിയെ കാണാന്‍ അനുമതി. മുഖ്യമന്ത്രിയെ കാണുന്നതിന് ജിഷ്ണുവിന്റെ അമ്മ പലതവണ ആവശ്യമുന്നയിച്ചിരുന്നെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. ജിഷ്ണുവിന്റെ ബന്ധുക്കളുമായുണ്ടാക്കിയ ഒത്തുതീര്‍പ്പ് കരാറിന്റെ പകര്‍പ്പ് മഹിജയ്ക്ക് കൈമാറിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.