ഭുവനേശ്വർ: അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിന് അനുകൂലമായ നിരവധി രേഖകൾ ഉണ്ടെന്നു കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ്. ഇത് സംബന്ധിച്ച സുപ്രീം കോടതിയുടെ വിധി കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. രാമ ജന്മ ഭൂമിയിൽ ക്ഷേത്രം പണിയുന്നതിന് നിയമപരമായ നിരവധി തെളിവുകൾ ഉണ്ട്.. നിയമ വിദഗ്ധൻ എന്ന നിലയിൽ തനിക്ക് ഈ കാര്യം വ്യക്തമായി പറയാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബി ജെ പി യുടെ ദീർഘ കാലമായുള്ള അജണ്ടയാണ് അയോധ്യയിൽ രാമ ക്ഷേത്രം നിർമിക്കുക എന്നുള്ളത്.
എസ് എൻ ഡി പി വനംവകുപ്പ് ഓഫീസ് ഉപരോധിച്ചു
ഇരിട്ടി: വന്യ ജീവികളുടെ ആക്രമണത്തിൽ നാലുപേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടും മേഖലയിൽ വന്യ മൃഗ ശല്യം തടയാൻ ശാശ്വത നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ഇരിട്ടി എസ് എൻ ഡി പി യൂണിയൻ ഇരിട്ടിയിലെ ആറളം വൈൽഡ് ലൈഫ് വാർഡൻ ഓഫീസിലേക്ക് മാർച്ച് നടത്തി. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പതിനഞ്ചു ലക്ഷം രൂപ വീതം നഷ്ട്ട പരിഹാരം നൽകുക, ആശ്രിതർക്ക് സർക്കാർ സർവീസിൽ നിയമനം നൽകുക, വനത്തിനു ചുറ്റും ആനമതിൽ നിർമിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ഉപരോധം. സണ്ണി ജോസഫ് എം എൽ എ ഉപരോധം ഉത്ഘാടനം ചെയ്തു.
ശശികലയുടെ സഹോദര പുത്രൻ കുഴഞ്ഞു വീണു മരിച്ചു
ചെന്നൈ : അണ്ണാ ഡി എം കെ ‘അമ്മ ജെനെറൽ സെക്രട്ടറി ശശികല നടരാജന്റെ അടുത്ത ബന്ധു ടി വി മഹാദേവൻ (47) കുഭകോണത്ത് ക്ഷേത്ര ദര്ശനത്തിനിടെ കുഴഞ്ഞു വീണു മരിച്ചു. ക്ഷേത്ര ദര്ശനത്തിനിടെ നെഞ്ച് വേദന അനുഭവപ്പെട്ടു കുഴഞ്ഞു വീഴുകയായിരുന്നു ഹൃദയാഘാതമാണ് മരണ കാരണം.ശശികലയുടെ മൂത്ത സഹോദരൻ പരേതനായ ഡോ. വിനോദകന്റെ മകനാണ്. ഇന്ന് നടക്കുന്ന സംസ്കാര ചടങ്ങുകൾക്ക് ജയിലിൽ കഴിയുന്ന ശശികല പരോളിന് ശ്രമിക്കുന്നതായുള്ള സ്ഥിരീകരിക്കാത്ത വാർത്ത ഉണ്ട്. എന്നാൽ ശശികല പരോളിന് ശ്രെമിക്കുന്നില്ലെന്നു പാർട്ടി കർണാടക അധ്യക്ഷൻ പുകഴേന്തി അറിയിച്ചു.
അപകടത്തിൽ പെട്ടത് തന്റെ കാരവൻ അല്ലെന്നു ദിലീപ്
മൂലമറ്റം: അപകടത്തിൽ പെട്ടത് തന്റെ കാരവൻ അല്ലെന്നു ദിലീപ് . മൂലമറ്റത്തിനടുത് നടൻ ദിലീപിന്റെ കാരവൻ അപകടത്തിൽ പെട്ടതായി വാർത്ത ഉണ്ടായിരുന്നു. എന്നാൽ തനിക്ക് കാരവൻ ഇല്ലെന്നും മറിഞ്ഞ കാരവന്റെ ഉടമ ജാവേദ് ചെമ്പ് എന്ന പ്രൊഡക്ഷൻ കൺട്രോളറാണെന്നും ദിലീപ് പറഞ്ഞു. സിനിമകളുടെ സെറ്റിൽ വാടകയ്ക്ക് നല്കുന്നതാണിത്. കമ്മാര സംഭവം എന്ന ചിത്രത്തിന്റെ സെറ്റിൽ ഈ കാരവൻ ഉപയോഗിച്ചിരുന്നു എന്നും ദിലീപ് വ്യക്തമാക്കി.
ഉത്തരകൊറിയയും അമേരിക്കയും നേർക്കുനേർ
പ്യോങ്യാങ് : അമേരിക്കയുടെ ഭീഷണികൾ തള്ളി ഉത്തര കൊറിയ രണ്ടും കൽപ്പിച്ച് സൈനിക നീക്കം ശക്തമാക്കിയതോടെ ലോകം മറ്റൊരു യുദ്ധത്തിന്റെ നിഴലിൽ. അമേരിക്കയുടെ സൈനിക ഭ്രാന്ത് അവസാനിപ്പിക്കണം എന്ന പ്രഖ്യാപനത്തോടെ ഉത്തര കൊറിയ അവരുടെ സൈനിക ശേഷി മുഴുവൻ ലോകത്തിനു മുന്നിൽ തുറന്നുകാട്ടി സൈനിക പരേഡ് നടത്തി. അമേരിക്ക വരെ ആക്രമണ പരിധിയുണ്ടെന്നു അവകാശപ്പെടുന്ന ഭൂഖണ്ഡാന്തര മിസൈൽ പരേഡിൽ പ്രദർശിപ്പിച്ചത് ശക്തമായ മുന്നറിയിപ്പാണ്.
ഉത്തര കൊറിയൻ ഭരണാധികാരി കിം ജോംഗ് ഉൻ ആദ്യാവസാനം പരേഡിൽ പങ്കെടുത്തു. ആണവായുധം പരീക്ഷിക്കാനുള്ള ഉത്തര കൊറിയൻ നീക്കത്തിന് തിരിച്ചടി നൽകുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പോടെയാണ് മേഖല യുദ്ധഭീഷണിയിലായത്.
ഉയിർത്തെഴുന്നേൽപ്പിന്റെ സ്മരണയിൽ ഇന്ന് ഈസ്റ്റർ
ഉയിർത്തെഴുന്നേൽപ്പിന്റെ സ്മരണയിൽ ഇന്ന് ലോകമെമ്പാടുമുള്ള വിശ്വാസികൾ ഈസ്റ്റർ ആഘോഷിക്കുന്നു. പീഡാനുഭവത്തിനും കുരിശുമരണത്തിനും ശേഷം ദൈവ പുത്രനായ യേശു ഉയിർത്തെഴുന്നേറ്റുവെന്ന ക്രിസ്തവ വിശ്വാസത്തിന്റെ അനുസ്മരണമാണ് ഈസ്റ്റർ ആഘോഷം. അതിനാൽ ഈസ്റ്ററിനെ തിരുനാളുകളുടെ തിരുനാൾ എന്നാണ് ക്രിസ്തവർ വിശേഷിപ്പിക്കുന്നത്.
ബസ് യാത്രക്കാർക്ക് സമ്മാനം നൽകി
ചെമ്പേരി: മലയോര മേഖലയിലെ പ്രധാന ജനവാസ കേന്ദ്രങ്ങൾ ബന്ധപ്പെടുത്തി കാഞ്ഞങ്ങാട് നിന്നും ബെംഗളുരുവിലേക്ക് പുതുതായി രാത്രി സർവീസ് ആരംഭിച്ച കെ എസ് ആർ ടി സി ബസിൽ യാത്ര ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഏർപ്പെടുത്തിയിരുന്ന സമ്മാന പദ്ധതിയിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു . സർവീസ് തുടങ്ങി ഒരു മാസക്കാലം ഈ ബസിൽ യാത്ര ചെയ്തവരുടെ മൊബൈൽ നമ്പർ നറുക്കിട്ടെടുത്താണ് വിജയികളെ കണ്ടെത്തിയത്.
മഹിജയുടെ സമരത്തെ വിമർശിച്ച് എളമരം കരീം
കോഴിക്കോട് : ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ടു അമ്മ മഹിജയും കുടുംബവും ഡി ജെ പി ഓഫീസിനു മുന്നിൽ സമരം ചെയ്യാൻ ഏപ്രിൽ 5 തന്നെ തിരഞ്ഞെടുത്തത് ആദ്യ മന്ത്രിസഭ വാർഷികം അലങ്കോലപ്പെടുത്താനാണെന്നു സി പി ഐ എം നേതാവ് എളമരം കരീം. പാർട്ടി കുടുംബമാണെന്നു പറയുന്നവർ എന്തുകൊണ്ട് സമരത്തെ പറ്റി പാർട്ടിയോട് ആലോചിച്ചില്ല. അതേസമയം എസ് യു സി ഐ നേതാവ് ഷാജർ ഖാനുമായും മിനിയുമായും ആലോചിച്ചു, കരീം പറഞ്ഞു.
കോളിക്കടവിൽ പുലിയെ കണ്ടതായി അഭ്യൂഹം
ഇരിട്ടി: കോളിക്കടവ് ചെന്നലോട് പുലിയെ കണ്ടതായി അഭ്യഹം.വെള്ളിയാഴ്ച രാത്രി പത്തുമണിയോടെ ബൈക്ക് യാത്രക്കാരനാണ് പുലിയെ കണ്ടതായി നാട്ടുകാരോട് പറഞ്ഞത്. ഇതേ തുടർന്ന് നാട്ടുകാർ പരിശോധന നടത്തിയെങ്കിലും വന്യ ജീവികളെ ഒന്നും കണ്ടെത്താനായില്ല. എന്നാൽ ഏതോ ഒരു ജീവിയുടേതെന്നു തോന്നിപ്പിക്കുന്ന കാല്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. ഇതിനു ശേഷം മറ്റൊരു ബൈക്ക് യാത്രികനും പുലിയെ കണ്ടതായി പറഞ്ഞു. വിവരമറിഞ്ഞു പോലീസും വനപാലകരും സ്ഥലത്തെത്തിയിരുന്നു. കാൽപ്പാടുകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ വന്യജീവി കാട്ടുപൂച്ചയാണെന്നാണ് പ്രാഥമിക വിവരം.
തെളിവെടുപ്പിലും ത്രില്ലോടെ കേഡൽ, കൂട്ടക്കുരുതിയിൽ കുറ്റബോധവുമില്ല
തിരുവനന്തപുരം: നന്ദൻകോട്ട് കൂട്ടക്കുരുതി കേസിൽ അറസ്റ്റിലായ കേഡൽ ജിൻസൺ രാജ പോലീസ് കസ്റ്റഡിയിൽ തുടർച്ചയായി ചോദ്യം ചെയ്യപ്പെടുമ്പോഴും തെളിവെടുപ്പിനായി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോകുമ്പോഴുമെല്ലാം ത്രില്ലിൽ പെരുമാറുന്നത് പോലീസിനെ അമ്പരപ്പിക്കുന്നു. പറഞ്ഞ കഥകളെല്ലാം മാറ്റിപ്പറഞ്ഞു പോലീസിനെ വട്ടം കറക്കുന്നു. കൊലപാതകങ്ങളിൽ വിഷമം കാണിക്കാത്ത കേഡൽ ഒരു ഘട്ടത്തിലും കരയുകയോ കുറ്റബോധം പ്രകടിപ്പിക്കുകയോ ചെയ്തില്ല. ബാല്യം മുതൽ വീട്ടുകാരുടെ പെരുമാറ്റത്തിലുണ്ടായ വൈരാഗ്യമാവാം കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പോലീസ് കരുതുന്നത്. ആ നിലയ്ക്കാണ് അന്വേഷണം തുടരുന്നത്.